ലോക വൃക്കദിനത്തില്‍ വൃക്കളെയും, വൃക്കരോഗങ്ങളെയും, പ്രതിരോധ മാര്‍ഗ്ഗങ്ങളെയും പരിചയപ്പെടുത്തുന്നു
മാര്‍ച്ച് 9 ലോക വൃക്കദിനമാണ് . ലോകത്താകമാനം 10% ആളുകള്‍ ഇന്ന് വൃക്കരോഗികളാണ്.ഇന്ത്യയില്‍ ഇത് 17 ശതമാനമാണ് . 20ദശലക്ഷം ആളുകളാണ് ഡയാലിസിസ് ചികിത്സയിലൂടെ ജീവന്‍ നിലനിര്‍ത്തുന്നതും വൃക്കമാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുന്നതും. ഈ കണക്കു കൂടിക്കൊണ്ടിരിക്കുകയാണ് . ചികിത്സ ലഭിക്കുന്നതില്‍ ഭൂരിഭാഗം ആളുകളും വികസിത രാജ്യങ്ങളില്‍നിന്നുള്ളവരാണ് . അവികിസിത രാജ്യങ്ങളില്‍ ശരിയായ ചികിത്സ പലര്‍ക്കും ഇന്നും ലഭ്യമല്ല . വൃക്ക രോഗങ്ങളെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും , രോഗ ചികിത്സക്കും മറ്റും പൊതു നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാനുമാണ് ഇത്തരം ഒരുദിനം .
“അമിതവണ്ണവും വൃക്കരോഗങ്ങളും” എന്ന വിഷയമാണ് ഈ വര്‍ഷം ലോകവൃക്കദിനത്തില്‍ മുന്നോട്ടു വെക്കുന്നത് . “ആരോഗ്യമുള്ള ഒരു വൃക്കക്കായി ആരോഗ്യകരമായ ഒരു ജീവിതശൈലി” സ്വീകരിക്കാന്‍ നമ്മളെ ഉദ്ബോധിപ്പിക്കുകയാണ് ഈ വര്‍ഷം .
നമ്മുടെ വൃക്കകളെ കുറിച്ച് നമുക്ക് എന്തറിയാം ?
എന്താണ് വൃക്കകള്‍ ?
മനുഷ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് വൃക്കകള്‍ . പയറിന്‍റെ ആകൃതിയില്‍ വയറിന്‍റെ കീഴ്ഭാഗത്ത് നട്ടെല്ലിനോട് ചേര്‍ന്നാണ് രണ്ടു വൃക്കകളുടെ സ്ഥാനം .130-150 ഗ്രാം ഭാരമാണ് ഓരോ വൃക്കകള്‍ക്കും ഉള്ളത് .
എന്താണ് വൃക്കകളുടെ കര്‍ത്തവ്യം ?
ആറു പ്രധാന കര്‍ത്തവ്യങ്ങള്‍ ആണ് വൃക്കകള്‍ക്ക് ഉള്ളത്
- രക്തത്തിലൂടെ എത്തുന്ന മാലിന്യങ്ങളെ വേര്‍തിരിച്ചു ശുദ്ധരക്തം തിരിച്ചു ഹൃദയത്തിലേക്കും , മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറത്തേക്കും വിടുക .അതായത് ശരീരത്തിന്‍റെ അരിപ്പകളാണ് വൃക്കകള്‍ .
- രക്ത സമ്മര്‍ദം കൂടാതെയും കുറയാതെയും നിയന്ത്രിക്കുന്നതും വൃക്കളാണ് .
- ശരീരത്തിലെ ലവണങ്ങളായ സോഡിയം പൊട്ടാസ്യം തുടങ്ങിയവയുടെ ബാലന്‍സ് നിയന്ത്രിക്കുന്നതും വൃക്കകള്‍ വഴിയാണ് .
- വിറ്റാമിന്‍ ഡി-3 ഉണ്ടാകുന്നതു വൃക്കയിലെ കോശങ്ങളില്‍ ആണ്. അസ്ഥികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ് ഈ വിറ്റാമിന്‍ .
- ഹീമോഗ്ലോബിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ എരിത്രോപോയറ്റിന്‍ എന്നാ enzyme ഉണ്ടാകുന്നതും നമ്മുടെ വൃക്കകള്‍ തന്നെയാണ് .
- ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതും വൃക്കകളാണ് . ഒപ്പം ആസിടുകളുടെ അളവ് നിയന്ത്രിക്കുന്നതും
എങ്ങനെയൊക്കെ വൃക്കകള്‍ തകരാറിലാകും ?
- ലോകത്തെ വൃക്കരോഗങ്ങളുടെ പ്രധാന കാരണം നിയന്ത്രിതമല്ലാത്ത പ്രമേഹമാണ് . അനിയന്ത്രിതമായി രക്തത്തില്‍ ഗ്ലുകോസ് കൂടുമ്പോള്‍ അത് രക്തത്തിലെ പ്രോട്ടീനുകളില്‍ പിടിച്ചിരിക്കും . ഇത്തരം പ്രോട്ടീനുകള്‍ക്ക് വൃക്കയിലെ സൂഷ്മ സുഷിരങ്ങളിലൂടെ അരിച്ചു പുറത്തുപോകാന്‍ കഴിയില്ല . ഇത്തരം വസ്തുക്കള്‍ വൃക്കകളില്‍ അടിഞ്ഞുകൂടുമ്പോള്‍ പതിയെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകും .
- രണ്ടാമത്തെ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് . ഉയര്‍ന്ന ബ്ലഡ് പ്രഷര്‍ വൃക്കകളിലേക്കുള്ള രക്തയോട്ടം തകരാറിലാക്കും .ഒപ്പം വൃക്കകളിലെ കോശങ്ങള്‍ നശിക്കുന്നതിനും കാരണമാകും .
- ജന്മന ഉള്ള വൃക്കരോഗങ്ങള്‍ – പോളി സിസ്ടിക് കിഡ്ണി(poly cystic kidney) ,നെഫ്രോടിക് സിണ്ട്രോം തുടങ്ങിയവയാണ് കാരണങ്ങള്‍
- വൃക്കകളിലോ മൂത്ര നാളിയിലോ തുടര്‍ച്ചയായി ഉണ്ടാകുന്ന തടസങ്ങള്‍ – മൂത്രത്തില്‍ കല്ല് നീണ്ടകാലം തടസം ഉണ്ടാക്കിയാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും .അതുപോലെ ആണുങ്ങളില്‍ പ്രോസ്ട്രേറ്റു ഗ്രന്ധിയില്‍ ഉണ്ടാകുന്ന വീക്കം മൂത്ര തടസം ഉണ്ടാക്കാം .
- മൂത്രനാളിയിലോ വൃക്കകളിലോ ഉള്ള അണുബാധ – മൂത്രത്തില്‍ പഴുപ്പ് തുടര്‍ച്ചയായി ഉണ്ടാകുന്നതു ശ്രദ്ധിക്കണം . പ്രത്യേകിച്ചും പ്രമേഹമുള്ളവരില്‍ .
- വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മരുന്നുകളുടെ ദുരുപയോഗം . വേദന സമാഹാരികളും മറ്റും സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും .
വൃക്കരോഗങ്ങളുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?
- പ്രത്യേക കാരണമില്ലാതെ ക്ഷീണവും മടുപ്പും തോന്നുക
- മൂത്രം ഒഴിക്കുമ്പോള്‍ വേദനയോ , രക്തത്തിന്‍റെ അംശമോ കാണുക
- മൂത്രം സ്ഥിരമായി പതഞ്ഞു പോകുക
- എപ്പോളും മൂത്രമൊഴിക്കണം എന്ന് തോന്നുക
- മുഖത്തോ കാലുകളിലോ സ്ഥിരമായി നീര് വരിക
- അസ്ഥികള്‍ക്ക് ബലക്ഷയമോ ഒടിവോ ഉണ്ടാകുക
- വിളര്‍ച്ച
എങ്ങനെ നമ്മുടെ വൃക്കളുടെ പ്രവര്‍ത്തനം അറിയാം ?
പ്രധാനമായും മൂന്നു കാര്യങ്ങള്‍ ആണ് നോക്കേണ്ടത്
- രക്ത സമ്മര്‍ദം
- ക്രിയാറ്റിന്‍ / പ്രോട്ടീന്‍ – ക്രിയാറ്റിന്‍ റേഷ്യോ
- GFR
വിധക്തനായ ഒരു ഡോക്ടറുടെ ഉപദേശവും നിര്‍ദേശങ്ങളും കൊണ്ട് വൃക്കകളുടെ പ്രവര്‍ത്തനം നമുക്ക് മനസിലാക്കാം .
വൃക്ക രോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
- പ്രമേഹം നിയന്ത്രണത്തില്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം . ഒരു ഡോക്ടറുടെ സഹായത്തോടുകൂടി നിങ്ങളുടെ പ്രമേഹം നിയന്ത്രണത്തില്‍ വരുത്തണം .
- രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കണം . വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദ്ദം 130/80ല്‍ താഴെ തന്നെ നിറുത്തണം . കൃത്യമായി രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കണം .
- ഓര്‍ക്കുക – പ്രമേഹത്തിനോ രക്തസമ്മര്‍ദ്ധത്തിനോ ഉള്ള മരുന്നുകള്‍ അല്ല , മറിച്ചു ഈ അസുഖങ്ങള്‍ നിയന്ത്രിതമാകാതെ നിക്കുന്നതാണ് നമ്മുടെ വൃക്കകളെ നശിപ്പിക്കുന്നത് .
- അമിത വണ്ണം കുറക്കണം . അതിനായി ഭക്ഷണ ക്രമീകരണവും ഒപ്പം സ്ഥിരമായ വ്യായാമവും ശീലമാക്കണം . അമിത വണ്ണം പ്രമേഹത്തിനും , രക്തസമ്മര്‍ദ്ദം കൂടാനും , ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും . അതുകൊണ്ട് തന്നെയാണ് ഈ വര്‍ഷം അമിത വണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യം ലോകവൃക്കദിനം മുന്നോട്ടു വക്കുന്നത് .
- പുകവലി പാടെ നിറുത്തണം . രക്ത സമ്മര്‍ദം ഉയരുന്നതിനും , ഒപ്പം രക്തകുഴലുകള്‍ അടഞ്ഞു വൃക്കകളിലേക്ക് രക്തയോട്ടം കുറയാനും ഇത് കാരണമാകും .
- ഉപ്പിന്‍റെ ഉപയോഗം കുറക്കണം . രക്ത സമ്മര്‍ദവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ അത് സഹായിക്കും .
- മരുന്നുകള്‍ ദുരുപയോഗം ചെയ്യരുത് . മരുന്ന് കടകളില്‍ നിന്ന് സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് നല്ലശീലമല്ല . ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒരു ഡോക്ടറുടെ ഉപദേശം തേടി അദ്ദേഹം നല്‍കുന്ന മരുന്നുകള്‍ കഴിക്കുക .
- ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെയും മാംസ്യത്തിന്‍റെയും അളവ് കുറക്കണം .
പ്രതിരോധം എങ്ങനെ ?
- കൃത്യമായ , തുടര്‍ച്ചയായ വ്യായാമം .
- അമിതവണ്ണം കുറക്കണം – പ്രായത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ഭാരം നിലനിര്‍ത്തുക .
- സമീകൃത ആഹാരം ശീലമാക്കുക , കൊഴുപ്പും മാംസ്യവും ഉപ്പും കുറയ്ക്കുക . പച്ചക്കറികളും പഴങ്ങളും ശീലമാക്കുക . ആവശ്യത്തിനു വെള്ളംകുടിക്കുക .
- പുകവലി നിറുത്തുക , മദ്യപാനവും .
- കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം ഉണ്ടെങ്കില്‍ ഡോക്ടരുമാരെ കാണണം .
- വൃക്കകളുടെ പ്രവര്‍ത്തനം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കുക .
- ചെറിയ അസുഖങ്ങള്‍ക്ക് പോലും ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ തേടുക.
- വേദന സംഹാരികളോ മറ്റു മരുന്നുകളോ ദുരുപയോഗം ചെയ്യരുത് .
കൃത്യായ ഇത്തരം പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ വൃക്കകളെ നമുക്ക് സംരക്ഷിക്കാം . വൃക്ക രോഗികളുടെ എണ്ണം ഇനി കൂടാതെ ഇരിക്കട്ടെ . പെരുകുന്ന ഡയാലിസിസ് രോഗികളുടെയും വൃക്ക മാറ്റിവക്കല്‍ ശാസ്ത്രക്രിയകളുടെയും എണ്ണം വികസനം അല്ല , മറിച്ചു നമ്മള്‍ ഈ പ്രതിരോധ മാര്‍ഗങ്ങള്‍ മറന്നു എന്നതിന്‍റെ ലക്ഷണമാണ് .
‘know your kideny, love her and save her’