· 5 മിനിറ്റ് വായന

ചികിത്സ ലഭിക്കാതെ പൊലിയുന്ന കുരുന്നുകൾ

Infectious DiseasesPreventive Medicineപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംശിശുപരിപാലനം

കടുത്ത പനിയുണ്ടായിട്ടും ശാസ്ത്രീയ ചികിൽസകൾ സ്വീകരിക്കാതെ പ്രകൃതിചികിൽസാലയത്തിൽ പരീക്ഷണം നടത്തി ഒടുവിൽ കുഞ്ഞ്‌ മരിച്ച ദുരന്തവാർത്ത പത്രങ്ങളിലൂടെ നാമറിഞ്ഞുകഴിഞ്ഞു. മരണങ്ങൾ പെരുകുമ്പോഴും യാതൊരു തടസങ്ങളുമില്ലാതെ, സർക്കാരിനെയും നിയമങ്ങളെയും ശാസ്ത്രത്തെയും വെല്ലുവിളിച്ച്‌ നീങ്ങുകയാണിത്തരക്കാർ. . .

എവിടെയും ചികിത്സ തേടാം. ഇതൊക്കെ അവനവന്റെ ഇഷ്ടമല്ലേ ? അപ്പോൾ കുട്ടികളായാലോ ? കുട്ടികൾ നമ്മുടെ പൊതു സ്വത്താണോ, അച്ഛനമ്മമാരുടെ മാത്രം ആണോ ? “ആ – ഞാനല്ല തീരുമാനിക്കുന്നത്. നമ്മൾ തീരുമാനിക്കണം. ചില കാര്യങ്ങളിൽ ഉത്തരവാദിത്തം വേണം.”

ഇന്നലെ ഞാൻ എന്റെ ഒരു സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. സുഹൃത്തിന് കഴുത്തിലെ കശേരുക്കളിൽ ക്ഷയരോഗ ബാധയുണ്ടായതായി അറിഞ്ഞാണു പോയത്. ഇപ്പോൾ വേദന മാറി ജോലിക്കും പോയിത്തുടങ്ങി. ഒരു മാസമായി മരുന്നു കഴിക്കുന്നുണ്ട്. ഇനിയും മാസങ്ങൾ കഴിക്കണം

ചരിത്രത്തിൽ അറിയപ്പെടുന്ന എത്രയോ ആളുകൾ ക്ഷയരോഗം വന്നു മരിച്ചു. ഒരു കാലത്ത് ഹൃദ്രോഗത്തേക്കാൾ സാധാരണയും മരണകാരിയുമായിരുന്നു ക്ഷയരോഗം. കമലാ നെഹ്‌റു ക്ഷയം വന്നാണ് മരിച്ചത്. പതിനഞ്ച് വയസ്സുള്ള ഇന്ദിരക്ക് ക്ഷയരോഗം ഉണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നും, അപ്പോഴേക്കും അതിനെതിരായ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിച്ചതിനാൽ രക്ഷപ്പെട്ടതാണെന്നും പ്രസിദ്ധചരിത്രകാരൻ രാമചന്ദ്രഗുഹ കാര്യകാരണസഹിതം പറയുന്നു.

എന്റെ അമ്മൂമ്മയുടെ ചേച്ചിയുടെ ഭർത്താവ് ചെറുപ്പത്തിലേ ക്ഷയരോഗം വന്നു മരിച്ചതാണ്. അമ്മൂമ്മക്ക് അറുപത് വയസ്സായപ്പോൾ തലച്ചോറിൽ ക്ഷയബാധയുണ്ടായി. ഒൻപതുമാസം മരുന്നു കഴിച്ചു. ഇപ്പോൾ എൺപത്തിയഞ്ച് കഴിഞ്ഞു. നല്ല ഉഷാറായി നടക്കുന്നുണ്ട്.

വരുന്ന വഴി ഫേസ്ബുക്ക് നോക്കിയപ്പോൾ അതാ വെല്ലുവിളി കിടക്കുന്നു. പരസ്യമാണ്:

“രോഗാണുക്കൾ രോഗകാരണമാണെന്ന് തെളിയിക്കുന്നവർക്ക് പത്തുലക്ഷം രൂപ സമ്മാനം”

വെല്ലുവിളിയാണ്. ഒരു പ്രമുഖ ‘ചികിത്സകന്റെ’ ആരോഗ്യകമ്പനിയുടെ പരസ്യമാണ്. ആരോടാണ് വെല്ലുവിളി എന്നറിയില്ല. ആധുനിക വൈദ്യശാസ്ത്രത്തോടും ആരോഗ്യവകുപ്പിനോടുമായിരിക്കും എന്നൂഹിക്കാം.

ഇതു കണ്ടപ്പോൾ എന്തുകൊണ്ടോ ഞാൻ ‘ടൈഫോയ്ഡ് മേരി’യെ ഓർത്തുപോയി. ആദ്യമായി സൂക്ഷ്മജീവികളെപ്പറ്റി വിശദമായി പഠിച്ച ലൂയിപാസ്ചറിനേയോ, രോഗികളെ ചികിത്സിക്കുന്നതിനു മുന്നെ കൈ കഴുകണമെന്ന് ആദ്യമായി പറഞ്ഞ സിമ്മൽ വെയിസിനെയോ, രോഗാണു മുക്ത ശസ്ത്രക്രിയ സാദ്ധ്യമാക്കിയ ജോസഫ് ലിസ്റ്ററിനേയോ, പെനിസിലിൻ എന്ന കണ്ടുപിടിത്തത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ച അലക്സാണ്ടർ ഫ്ലെമിങ്ങിനേയോ എന്തുകൊണ്ട് ഓർത്തില്ല ?

അതറിഞ്ഞുകൂടാ. ടൈഫോയിഡ് മേരിയേയാണു പെട്ടെന്ന് ഓർമ്മ വന്നത്. നമ്മുടെ ചാളമേരി എന്നൊക്കെ പറയുന്നപോലെ ചരിത്രപ്രസിദ്ധമായ ഒരു വനിതയാണു ടൈഫോയ്ഡ് മേരി.

കഥ തുടങ്ങുന്നത് ഒരു നൂറിൽ ചില്ല്വാനം കൊല്ലങ്ങൾക്ക് മുമ്പാണു. ആയിരത്തിത്തൊള്ളായിരത്തി ഏഴില്. ഒരു ബാങ്ക് മുതലാളിയും കുടുംബവും സ്വന്തം റിസോർട്ടിൽ ഒരു മാസം താമസത്തിനു പോയി. അമേരിക്കയിലാണു. ഭക്ഷണം പാകം ചെയ്യാൻ പാചകക്കാരിയും മറ്റു വേലക്കാരികളുമുണ്ട്.

ആദ്യം മകൾക്കാണു അസുഖം പിടിപെട്ടത്. ടൈഫോയിഡാണെന്ന് സ്ഥിരീകരിച്ചു. പിന്നെ കുടുംബത്തിൽ ഓരോരുത്തർക്കായി ടൈഫോയ്ഡ് പകരുന്നത് എന്നതിനാലും അന്നത് വളരെ ഗുരുതരരോഗം ആയതിനാലും ആരോഗ്യവകുപ്പ് റിസോർട്ട് പൂട്ടിച്ചു. രോഗം എവിടെ നിന്ന് വന്നു? അതുകണ്ടുപിടിക്കേണ്ടത് മുതലാളിയുടെ ഒരാവശ്യമായി മാറി. ജോർജ്ജ് സോപ്പർ എന്ന പകർച്ചവ്യാധി അന്വേഷകനെ അയാൾ കേസേൽപ്പിച്ചു.

ഇതിനിടെ മേരി മെലൺ എന്നുപേരായ പാചകക്കാരി അപ്രത്യക്ഷയായി. ജോർജ്ജ് സോപ്പർ അവരെ തിരയാനാരംഭിച്ചു. അന്വേഷണത്തിലാണു മനസ്സിലായത്. മേരിച്ചേച്ചി ഇതിനു മുമ്പ് ഏഴുസ്ഥലങ്ങളിൽ പാചകക്കാരിയായി ജോലി ചെയ്തട്ടുണ്ട്. ബാങ്ക്മുതലാളിയുടെ അടുത്ത് ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നിന്നിടത്തൊക്കെ മനുഷ്യർ ടൈഫോയ്ഡ് വന്നു കിടപ്പിലാവുകയായിരുന്നു. പലരും മരിച്ചുപോയി. ഓരോ രോഗബാധ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാൽ മേരിച്ചേച്ചി സ്ഥലം കാലിയാക്കും. പിന്നെ അടുത്ത സ്ഥലത്ത് ജോലി.

ജോർജ്ജേട്ടന് അവസാനം മേരിയെ പിടിച്ചു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. “മലം ടെസ്റ്റ് ചെയ്യാൻ തരണം” എന്നും പറഞ്ഞു. “ഓ ആയിക്കോട്ടെ” എന്ന് മേരിച്ചേച്ചി പറഞ്ഞില്ല. വലിയ കറിക്കത്തിയെടുത്ത് ജോർജ്ജേട്ടനെ വീട്ടിനു ചുറ്റും ഓടിച്ചു.

ജോർജ്ജേട്ടന് പിന്നെ വന്നത് ആരോഗ്യവകുപ്പിലെ ഡോക്ടറും കുറെ പോലീസുകാരുമായാണു. മേരി മെലൺ എന്ന മേരിച്ചേച്ചിയെ ബലമായി പിടികൂടി ആസ്പത്രിയിലാക്കി. മലം പരിശോധിച്ചപ്പോൾ അതാ “സാൽമൊണല്ല” എന്ന ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്റ്റീരിയ ധാരാളമായി പുളക്കുന്നു.

എന്നാൽ മേരി മെലൺ ആരോഗ്യവതിയായിരുന്നു. ‘ഹെൽത്തി കാരിയർ’ എന്നറിയപ്പെടുന്ന രോഗമില്ലാത്ത രോഗാണുവാഹകയായിരുന്നു ആ സ്ത്രീ.

കോടതി പക്ഷെ മേരിയെ പിന്നീട് മോചിപ്പിച്ചു. പാചകക്കാരിയായി ജോലി ചെയ്യില്ല എന്ന ഉറപ്പിന്മേൽ മേരി സ്വതന്ത്രയായി.

എന്നാൽ മേരി മെലൺ, മേരി ബ്രൗൺ എന്ന കള്ളപ്പേരിൽ ജോലി തുടർന്നു. അഞ്ചു വർഷത്തിനു ശേഷം ഇരുപത്തിയേഴുപേർക്ക് ഒറ്റയടിക്ക് ടൈഫോയ്ഡ് വന്ന കേസിൽ അവർ അകത്തായി.

പിന്നെ വയസ്സായി മരിക്കുന്നത് വരെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു മേരിച്ചേച്ചി. പോസ്റ്റുമോർട്ടം ചെയ്ത് പരിശോധിച്ചപ്പോൾ പിത്തസഞ്ചിയിൽ നിറയെ സാൽമൊണല്ലയാണ്. ഇടക്കിടെ ഇവ കുഴലിലൂടെ, മലത്തിലൂടെ പുറത്തെത്തും. അമ്പതുപേരുടെ വരെ മരണത്തിനു അവർ കാരണക്കാരിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ചില കാര്യങ്ങൾ പ്രസ്താവയോഗ്യമാണ്:

അന്ന് തൊട്ട് തന്നെ ഇതിനെപ്പറ്റിയൊക്കെ നല്ല ധാരണ ഉണ്ടായിരുന്നു.

ബോധപൂർവ്വമല്ലെങ്കിൽ കൂടി, രോഗം പരത്തുന്നത് വളരെ ഗൗരവമായികണ്ടിരുന്ന അധികാരികൾ ഉണ്ടായിരുന്നു.

ഇന്നാണെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മരണകാരണമാകുന്നത് കേരളത്തിൽ ആരും മൈൻഡ് ചെയ്യാറില്ല.

ഇവിടെയായിരുന്നെങ്കിൽ മേരിച്ചേച്ചി ‘മേരി തെക്കുപുരക്കൽ’ എന്നു പേരുമാറ്റി ഒരു പ്രസിദ്ധ ചികിത്സാകേന്ദ്രം തുടങ്ങിയേനെ. മരണം വരെ സ്വന്തം പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ആ യോഗ്യത തന്നെ ധാരാളം. പിന്നെ ഒരു പരസ്യവും കൊടുത്തേനെ:

“ടൈഫോയ്ഡ് പകരുന്നത് രോഗാണുക്കൾ കാരണമാണെന്ന് തെളിയിക്കുന്നവർക്ക് പത്തുലക്ഷം രൂപ സമ്മാനം”

അടിസ്ഥാന ജ്ഞാനമില്ലാത്ത അനൗദ്യോഗികചികിത്സകർക്ക് പക്ഷേ ഇവിടെ:

“കാശൊണ്ട്, പത്രാസൊണ്ട്, മൈക്കൊണ്ട്, ആളൊണ്ട്, പേരൊണ്ട്, പത്രക്കാരൊണ്ട്” (മറ്റേ നടന്റെ പോലെ ഈണത്തില് വായിക്കണം)

മുൻപറഞ്ഞ പരസ്യത്തിലോ?

“ഗ്യാസൊണ്ട്, സൾഫൈഡോണ്ട്, കാർബണ്ഡയോക്സൈഡൊണ്ട്, മീതൈനൊണ്ട്, നാറ്റമൊണ്ട്”

ചുരുക്കിപ്പറഞ്ഞാൽ നല്ല ഒരു കീഴ്ശ്വാസത്തിലുള്ള എല്ലാമുണ്ട്.

‘ചളി’ക്ക് വിളികേൾക്കലല്ല എല്ലാവർക്കും പണി.

അപ്പൊ എന്തൊക്കെയാണു പണി ?

“ക്ഷയമൊണ്ട്, കുഷ്ഠമൊണ്ട്, ഡെങ്കിയൊണ്ട്, ടൈഫോയിഡൊണ്ട്” പിന്നേയോ?

ഇതൊക്കെ ചികിത്സിക്കാന് മരുന്നുമൊണ്ട്.

മറ്റേ കീഴ്ശ്വാസത്തിനു മരുന്നില്ല

Dr. Jimmy Mathew

@infoclinic

#84

24 മെയ്‌ 2017

ചികിത്സ വൈകിയത് കൊണ്ട് മാത്രം ഒരു കുരുന്നു ജീവൻ നഷ്ട്ടപെട്ട അവസ്ഥയിൽ എഴുതിയ കുറിപ്പ് ഒരു പാട് പേരിലെത്തി .ചർച്ചയിൽ യോജിച്ചും വിയോജിച്ചും അഭിപ്രയങ്ങൾ ഉണ്ടായി .പലരും ചോദിച്ച ചോദ്യം ഇതായിരുന്നു

“ ഈ കുഞ്ഞു മരിച്ചത് ഡിഫ്ത്തീരിയ കൊണ്ടാണെന്നു എന്ത് തെളിവാണുള്ളത് ? കാര്യമില്ലാതെ ഭീതി പരത്തി വാക്സിൻ എടുപ്പിക്കാനുള്ള തന്ത്രം അല്ലെ എന്ന്

ഇന്നലെ വരെ അതിനുത്തരം “ലക്ഷണം വെച്ച് ഡിഫ്ത്തീരിയ ആവാനുള്ള സാധ്യത തന്നെ ആണ് കൂടുതൽ ,ചിലപ്പോ ന്യുമോണിയയോ അതുമല്ലെങ്കിൽ തൊണ്ടയിലെ പഴുപ്പോ ആവാം .എന്ത് തന്നെ ആയാലും അത് ചികില്സിക്കാവുന്ന രോഗമായിരുന്നു “ എന്ന് മാത്രം

കാരണം രോഗനിർണയ സാധ്യതകൾ ആയ ത്രോട്ട് സ്വാബ് അയക്കാൻ പറ്റിയിരുന്നില്ല .

ഒപ്പമുള്ള കുട്ടികളുടെ പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു

ഇന്നും ഇന്നലെയും ആയി പരിശോധന ഫലം അറിഞ്ഞു

അഞ്ചു പേരും ഡിഫ്ത്തീരിയ അണുബാധ ഉള്ളവർ എന്ന്

അതിൽ രണ്ടു പേർക്ക് അസുഖം വന്നു കഴിഞ്ഞു എന്നും

കോഴിക്കോട് വെച്ച് ആണ് ആ കുഞ്ഞിന്റെ മരണം നടന്നത് എങ്കിലും കുടുംബവും കുഞ്ഞുങ്ങളും എറണാകുളം ജില്ലയിൽ .

ഇനി പറയുന്നത് ഭീതി പടർത്താൻ അല്ല .നമ്മൾ ജാഗരൂകർ ആയിരിക്കാൻ

ഡിഫ്ത്തീരിയ രോഗിയിൽ നിന്നോ അനുവാഹകരിൽ നിന്നോ വായുവിലൂടെ പകർന്നു കിട്ടുന്ന അണു കിട്ടുന്ന ആളുടെ പ്രതിരോധ ശേഷി അനുസരിച്ചു ആണ് രോഗം ഉണ്ടാവുകയോ ഇല്ലാതെ ഇരിക്കുകയോ ചെയ്യുന്നത് . പലപ്പോഴും രോഗം ഇല്ലാതെ രോഗാണു വാഹകൻ ആയിരിക്കാൻ ഒരു പാട് സാധ്യത ഉണ്ട് .രോഗിയിൽ നിന്നും രോഗാണു വാഹകരിൽ നിന്നും രോഗം പകർന്നു കിട്ടാം

അസുഖം ബാധിച്ചു മരിച്ച കുഞ്ഞു എത്രയോ ദിവസം ആയി സമൂഹത്തിൽ ഒരു പാട് പേരുടെ ഇടയിൽ ആയിരുന്നു

അത് കൊണ്ട് തന്നെ ഒരു പാട് പേർക്ക് പകർന്നു കിട്ടാൻ സാധ്യത ഉണ്ടായി . രോഗം ചികിൽസിക്കാൻ വൈകുന്നതിന്റെ ദോഷം ആ കുഞ്ഞു മാത്രം അനുഭവിക്കുകയല്ല .സമൂഹത്തിലേക്ക് രോഗാണുക്കൾ പകർന്നു പകർന്നു പോകാനുള്ള സാധ്യത സൃഷ്ടിക്കുകയും കൂടി ആണ്

നമ്മൾ ചെയ്യേണ്ടത്

കുഞ്ഞുങ്ങളുടെ വാക്സിനേഷൻ കാർഡ് ഒന്ന് നോക്കുക .

അഞ്ചു വയസ്സ് വരെ എല്ലാ കുത്തിവെപ്പുകളും എടുത്ത കുഞ്ഞുങ്ങൾ സുരക്ഷിതർ ആണ് .ഒരു വേവലാതിക്കും പ്രസക്തി ഇല്ല

ഏഴു വയസ്സിനു താഴെ ഉള്ള കുഞ്ഞുങ്ങൾ കുത്തിവെപ്പുകൾ എടുത്തില്ല എങ്കിൽ മൂന്നു ഡോസ് ട്രിപ്പിൾ വാക്സിൻ (DPT ) എടുക്കണം

ഏഴു വയസ്സിനു മേലെ ,പത്തു വയസ്സിനു താഴെ ഉള്ള കുട്ടികൾ കുത്തിവെപ്പ് മുഴുവൻ എടുത്തവർ ആണെങ്കിൽ ഒരു ഡോസ് റ്റിഡി (Td ) വാക്സിൻ .

ഒരു കുത്തിവെപ്പും എടുക്കാത്തവർ മൂന്നു ഡോസ് ഇതേ വാക്സിൻ എടുക്കണം .

പത്തു വയസ്സിനു ശേഷം കോൺടാക്ട് ഉള്ളവർ മൂന്നു ഡോസ് തന്നെ ഈ വാക്സിൻ എടുക്കണം

ആരോഗ്യ പ്രവർത്തകർ മൂന്നു ഡോസ് റ്റിഡി വാക്സിൻ എടുക്കണം

മൂന്നു ഡോസ് എന്നത് 0 1 6 മാസം ഇടവിട്ട്

വാക്സിൻ എടുക്കുന്നത് മാത്രമല്ല ഈ അസുഖം വന്ന കുഞ്ഞുങ്ങളുമായി സംസർഗ്ഗം ഉണ്ടായ കുഞ്ഞുങ്ങൾക്ക് മരുന്നുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം

അറിയുക

ഇത്തിരി സൂക്ഷിച്ചാൽ വലിയ വിപത്തുകൾ വരാതെ നോക്കാം

നമ്മൾ ഇവിടെ നിന്നും തുരത്തി ഓടിച്ച പകർച്ച വ്യാധികൾ ഇനിയും നമ്മെ കീഴ്പ്പെടുത്താൻ അനുവദിക്കരുത് .

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ