· 5 മിനിറ്റ് വായന
കുഷ്ഠവും കോവിഡും
ജനുവരി 30 – ദേശിയ കുഷ്ഠരോഗനിർമാർജ്ജന ദിനം!
ലോകാരോഗ്യസംഘടന ഉഷ്ണമേഖലാപ്രദേശങ്ങളിലെ അവഗണിക്കപ്പെട്ട രോഗങ്ങൾ (Neglected Tropical Diseases) എന്ന് കണക്കാക്കുന്ന രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം…
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി ഈ രോഗങ്ങളെ കൂടുതൽ അവഗണനയിലേക്ക് തള്ളി വിട്ടു എന്നു പറയാതെ വയ്യ..
ലോകത്തെ ആകെ പുതിയ രോഗികളിൽ പകുതിയിൽ കൂടുതൽ സംഭാവന ചെയ്യുന്ന നമ്മുടെ രാജ്യത്തെ സ്ഥിതിയും മറ്റൊന്നല്ല.
കോവിഡ് വരും മുൻപും ശേഷവും ഉള്ള കുഷ്ഠ രോഗത്തിന്റെ കണക്കുകൾ അതിനു തെളിവാണ്.
കേരളത്തിലെ കണക്കുകൾ ഒന്ന് പരിശോധിക്കാം…
2018-19 കാലയളവിൽ 530 പുതിയ കുഷ്ഠരോഗികളാണ് കേരളത്തിലുണ്ടായിരുന്നത് . 2019-20ൽ ഇതു 499 ആയി കുറഞ്ഞു.
കണക്കിലെ ഈ കുറവുകൾ കണ്ടു സന്തോഷിക്കാൻ വരട്ടെ….
ഈ കുറവ് നമുക്കിടയിൽ രോഗികൾ കുറഞ്ഞത് കൊണ്ടാകില്ല , രോഗനിർണ്ണയം കുറഞ്ഞത് കൊണ്ടാകണം .
കഴിഞ്ഞ സാമ്പത്തിക വർഷം പുതിയതായി കുഷ്ഠരോഗം സ്ഥിരീകരിച്ചവരിൽ 41പേർക്ക് അംഗവൈകല്യങ്ങൾ വന്നു കഴിഞ്ഞവരും 40 പേർ കുട്ടികളും ആയിരുന്നു .
ഈ വർഷം 52 പേർക്ക് അംഗവൈകല്യങ്ങൾ വന്നു കഴിഞ്ഞിരുന്നതായും , 52 പേർ കുട്ടികളാണെന്നും കണക്കുകൾ പറയുന്നു. സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന രോഗവാഹകരിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
കോവിഡ് 19 മൂലം കുഷ്ഠരോഗ നിർണ്ണയത്തിലും പ്രതിരോധപ്രവർത്തനങ്ങളിലും വന്ന പ്രധാന പ്രശ്നങ്ങൾ നമുക്കൊന്ന് നോക്കാം :

ഉദാഹരണത്തിന് സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ ആവിഷ്കരിച്ച കുഷ്ഠ രോഗ നിർണ്ണയ പ്രചരണപരിപാടി (Leprosy case detection campaign)യാണ് അശ്വമേധം. ആരോഗ്യപ്രവർത്തകർ വീട് വീടാന്തരം കയറിയിറങ്ങി രോഗനിർണ്ണയം നടത്തി വന്ന ഈ പരിപാടി അതെ പടി തുടരാൻ കോവിഡ് തടസ്സമായി.
എങ്കിലും, തോറ്റു കൊടുക്കാൻ നമ്മളില്ല.
വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ എൽസ (Eradication of Leprosy through Self reporting and Awareness) യിലൂടെ കടിഞ്ഞാൺ തിരിച്ചു പിടിക്കുക തന്നെയാണ് നമ്മുടെ ലക്ഷ്യം.
ഈ പദ്ധതിയിലൂടെ പൊതുജനങ്ങളെ കുഷ്ഠരോഗത്തെക്കുറിച്ചു ബോധവാന്മാരാക്കി അവരെ സ്വയം ദേഹപരിശോധനക്കു പ്രോത്സാഹിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി, രോഗനിർണയവും തുടർന്ന് സൗജന്യ ചികിത്സയും ലഭ്യമാക്കും.


ഇത് പരിഹരിച്ചതിൽ നമ്മുടെ ആരോഗ്യ മേഖലയുടെ പങ്ക് വളരെ പ്രസക്തമാണ്. ലോക്ക് ഡൌൺ കാലഘട്ടത്തിലും വേണ്ടി വന്നാൽ ഇപ്പോഴും മരുന്നുകൾ കൃത്യമായി വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളുണ്ട് .





കുഷ്ഠരോഗത്തെ കുറിച്ച് സമൂഹത്തിൽ അറിവ് പകർന്നു നല്കുകയും കുഷ്ഠരോഗികളോടുള്ള അവഗണന അവസാനിപ്പിക്കുകയും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സ്പർശ് ലെപ്രസി അവൈർനെസ്സ് ക്യാമ്പയിൻ (SLAC) വൻവിജയമായിരുന്നു.
സപ്ന എന്ന കൊച്ചു മിടുക്കിയിലൂടെയാണ് ജനങ്ങൾ കുഷ്ഠരോഗത്തെ അറിഞ്ഞത്. വെറുമൊരു കൽപനാസൃഷ്‌ടിയാണെങ്കിലും
കുഷ്ഠരോഗമുക്ത ഭാരതമാണ് സപ്നയുടെ സ്വപ്നം!
സപ്ന ഇക്കുറി നമ്മുടെ അരികിൽ എത്തുന്നത് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ എൽസ (Eradication of Leprosy through Self reporting and Awareness) യിലൂടെയാണ്.
എൽസയിലൂടെ സപ്ന പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ ഇവിടെ ചുരുക്കി പറയാം…













സ്വയം ദേഹപരിശോധനയിലൂടെ ലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തൂ..
അംഗവൈകല്യങ്ങൾ ഉണ്ടാകും മുൻപ് തന്നെ ശരിയായ ചികിത്സയിലൂടെ രോഗമുക്തി നേടൂ …





എന്നാൽ,ലെപ്ര റിയാക്ഷന് വേണ്ടി സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ ജാഗ്രത പുലർത്തുക.

കുഷ്ഠരോഗമെന്നാൽ മറ്റേതൊരു സാംക്രമിക രോഗവും പോലെ തന്നെയാണ്.ആർക്കും വരാം , ഒരു പനി വരും പോലെ. ഒരു പനി പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കുകയും നിസ്സാരം, പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തണം എന്നു മാത്രം…
രോഗത്തെ അകറ്റാം, രോഗിയെ ചേർത്ത് നിർത്താം, സ്നേഹത്തോടെ..
എഴുതിയത് – ഡോ. അശ്വിനി. ആർ
ഇൻഫോ ക്ലിനിക്
ലെപ്രസിയെ കുറിച്ച് കൂടുതൽ വായിക്കാനായി ഇൻഫോ ക്ലിനിക് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലേഖനം: