· 4 മിനിറ്റ് വായന

എലിപ്പനി പ്രതിരോധം

Current AffairsInfectious Diseasesപകര്‍ച്ചവ്യാധികള്‍സുരക്ഷ
പ്രളയം ഒന്നൊതുങ്ങി എന്ന് തോന്നുന്നു. പ്രളയവും ഉരുൾപൊട്ടലും മൂലം താങ്ങാനാവാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ അമ്പതിലധികം പേരുടെ ജീവൻ നഷ്ടമായി. ഉറ്റവരും ഉടയവരും സ്വത്തും ജീവിതവും നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയോ കൂടുതൽ. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭിക്കാനുമുണ്ട്. പ്രളയശേഷം ആണ് എലിപ്പനി കേസുകൾ കൂടാൻ സാധ്യത. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇടപെടുമ്പോൾ രോഗവ്യാപന സാധ്യത കൂടുന്നു.
തുടർച്ചയായ മൂന്നാം വർഷമാണ് കേരളത്തിൽ പ്രളയം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വളരെ നാളുകൾക്കു ശേഷം പ്രളയം റിപ്പോർട്ട് ചെയ്യപ്പെട്ട 2018-ൽ എലിപ്പനി കേസുകളും മരണങ്ങളും കൂടുതലായിരുന്നു.
2018-ൽ കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതിൽ 1100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രളയകാലത്ത് ആണ്, അതായത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ.
ആകെ ഉണ്ടായ എലിപ്പനി മരണങ്ങൾ-99, അതായത് ഏതാണ്ട് 5% മരണനിരക്ക്. ഈ 99 മരണങ്ങളിൽ 55 മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ, അതായത് പകുതിയിലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നതും പ്രളയ കാലത്ത്.
എലിപ്പനി പ്രതിരോധ അറിയിപ്പുകൾ ശക്തമായ രീതിയിൽ തന്നെ നടത്തിയിരുന്നു. പക്ഷേ, എലിപ്പനി പ്രതിരോധ ഗുളികകൾ എല്ലാവരിലും എത്തിയില്ല. പലരും ഡോക്സിസൈക്ലിൻ ഗുളിക കയ്യിൽ വച്ച് ഉപയോഗിക്കാതിരുന്നു. ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചാൽ അപകടം ഉണ്ടാകുമെന്ന് ഒരു വ്യാജന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത് ഒരു കാരണമായിരുന്നു. ചിലരൊക്കെ ആദ്യ ഡോസ് കഴിച്ച ശേഷം വയറെരിച്ചിൽ മൂലം ഉപേക്ഷിച്ചു.
ഫലമോ ? കുറെയേറെ മനുഷ്യരുടെ വിലയേറിയ ജീവൻ നമുക്ക് നഷ്ടമായി. അതിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ വരെ ഉൾപ്പെടും എന്നത് എത്രയോ സങ്കടകരമാണ്.
2019-ൽ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 1211, പ്രളയകാലത്ത് അതായത് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 300 മാത്രം. (ഓഗസ്റ്റിൽ 156, സെപ്റ്റംബറിൽ 144) അതായത് ആകെ കേസുകളുടെ 25 ശതമാനം മാത്രം. പ്രളയം ഇല്ലാതിരുന്ന നവംബർ മാസത്തിൽ 188 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആണിത് എന്ന് ഓർക്കണം.
2019-ൽ കേരളത്തിലാകെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 57, ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിൽ മരിച്ചവരുടെ എണ്ണം 14. (ഓഗസ്റ്റിൽ 8, സെപ്റ്റംബറിൽ 6). നവംബർ മാസത്തെ മരണസംഖ്യ 11.
അതായത് കഴിഞ്ഞ വർഷം പ്രളയകാലത്ത് എലിപ്പനി കേസുകളും മരണങ്ങളും കുറവായിരുന്നു എന്ന് ചുരുക്കം. 2018-ൽ ഉണ്ടായത്ര ഭീകരമായ പ്രളയം 2019-ൽ ഉണ്ടായിട്ടില്ല. എങ്കിലും പ്രളയം ഇല്ലാതിരുന്ന നവംബർ മാസത്തെക്കാൾ കേസുകൾ കുറവായിരുന്നു.
കഴിഞ്ഞ വർഷം എലിപ്പനി പ്രതിരോധ മാർഗ്ഗങ്ങളും ഗുളികയും സ്വീകരിക്കാൻ ജനങ്ങൾക്ക് മടിയില്ലായിരുന്നു എന്നത് ഒരു കാരണമാണ് എന്നുതന്നെ കരുതാം. ഡോക്സിസൈക്ലിൻ പ്രതിരോധ രീതിക്കെതിരെ അശാസ്ത്രീയ പ്രചരണം നടത്തിയ വ്യക്തിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചത് ജനങ്ങളെ സ്വാധീനിച്ചിരിക്കണം. സോഷ്യൽമീഡിയയിലും അല്ലാതെയും നടന്ന ശക്തമായ പ്രചരണങ്ങളും ഒരു കാരണമായിരിക്കണം.
എലിപ്പനി എന്നാൽ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകാൻ സാധ്യതയുണ്ട്. എലിപ്പനി ബാധിക്കാത്ത അവയവങ്ങൾ ശരീരത്തിൽ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലർക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാൾ ഗുരുതരമാണ് തലച്ചോർ, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോൾ. ശ്വാസകോശത്തെ ബാധിച്ചാൽ എലിപ്പനിയിൽ മരണസാദ്ധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളിൽ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100-ൽ 10 പേർ വരെ മരണപ്പെടാൻ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.
ദുരിതാശ്വാസക്യാമ്പുകളിൽ ഉള്ളവർ പല തരത്തിലുള്ള മാനസിക പിരിമുറുക്കത്തിലായിരിക്കാം, എന്നാലും ഇതിന്റെയൊക്കെ കൂടെ എലിപ്പനി പോലെ ഒരു രോഗം കൂടി താങ്ങാനുള്ള ശേഷി നമുക്കുണ്ടാവില്ല എന്ന് പലരും മറക്കുന്നു.
അതു കൊണ്ട് വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടി വരുന്ന എല്ലാവരും രണ്ട് ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുന്നുണ്ട്. അത് അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ വേണ്ടിയാണ്. അവരുടെ ജീവനും ആരോഗ്യവും നിലനിർത്താൻ അവർ കഴിക്കുന്നത് ഡോക്സിസൈക്ലിൻ ഗുളിക ആണെങ്കിൽ അത് കഴിക്കാൻ മറ്റുള്ളവർ മടിക്കുന്നതെന്തിന് ?
വയറെരിച്ചിൽ ഒരു പ്രശ്നമാക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഡോക്സിസൈക്ലിൻ വെറും വയറ്റിൽ കഴിക്കാതിരിക്കുക. ആഹാരത്തിനു ശേഷം മാത്രം കഴിക്കുക. കൂടെ ധാരാളം വെള്ളം കുടിക്കുക. ഗുളിക കഴിച്ച ഉടനെ കിടക്കാതിരിക്കുക. കൂടെ കഴിക്കാനായി ആരോഗ്യപ്രവർത്തകർ നൽകുന്ന ഗുളികകൾ നിർദ്ദേശിച്ച രീതിയിൽ കഴിക്കുക.
മുതിർന്നവർ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം ഗുളികയാണ് ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കിൽ 100 മില്ലിഗ്രാം 2 ഗുളിക.
എട്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 മില്ലിഗ്രാം ഒരു ഗുളിക ആഴ്ചയിലൊരിക്കൽ
രണ്ട് വയസ്സു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് 4mg/kg ആഴ്ചയിലൊരിക്കൽ
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് Azythromycin 10 mg/kg വെറും വയറ്റിൽ, ദിവസം ഒരുനേരം, മൂന്നു ദിവസം തുടർച്ചയായി
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും Amoxicillin 500 മില്ലിഗ്രാം ദിവസം മൂന്നുനേരം അഞ്ചു ദിവസത്തേക്ക്
ഒരു കാര്യം കൂടി, പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ തുടർന്നുള്ള ആഴ്ചകളിലും പ്രതിരോധമരുന്ന് കഴിക്കേണ്ടതാണ്.
ഓരോ ജീവനും വിലയേറിയതാണ്, പ്രളയബാധിതരുടെയും രക്ഷാപ്രവർത്തകരുടെയും. അതുകൊണ്ട് എലിപ്പനി മൂലം മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക തന്നെ വേണം.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്സിസൈക്ലിൻ ഗുളികകളല്ല കഴിക്കേണ്ടത് എന്നത് മറക്കരുത്.
ഈ പറഞ്ഞതൊക്കെ ഒഴിച്ചു കൂടാൻ വയ്യാത്ത സാഹചര്യങ്ങളിൽ മലിനജലവുമായി സമ്പർക്കം വേണ്ടി വരുന്നവരുടെ കാര്യം ആണ്. എന്നാൽ ചെറിയൊരു ശതമാനം കളിക്കു വേണ്ടിയും ഉല്ലാസത്തിനു വേണ്ടിയും ഈ റിസ്ക് എടുക്കാറുണ്ട്. മലിനജലത്തിൽ നീന്തൽ, മീൻ പിടുത്തം, കുട്ടികളുടെ കളി തുടങ്ങിയവ പലപ്പോഴും ഒഴിവാക്കാവുന്ന കാര്യങ്ങൾ ആണ്. ഒരു മലിനമായ വെള്ളക്കെട്ടിൽ പോയി കുളിച്ച നിരവധി പേർക്ക് ഒന്നിച്ചു എലിപ്പനി വന്ന ചരിത്രം ഉണ്ടായിട്ടുണ്ട്. ഇതു തീർച്ചയായും ഒഴിവാക്കാവുന്നതാണ്. അതേ പോലെ കുട്ടികൾ, വെള്ളം കെട്ടി നിന്നാൽ അതിൽ പോയി കളിക്കാൻ അവർ എപ്പോഴും ഇഷ്ടം കാണിക്കും. അവരെയും നിയന്ത്രിക്കണം. ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ (രക്ഷാപ്രവർത്തനം പോലെ) വെള്ളം കയറാത്ത രീതിയിൽ വലിയ കയ്യുറകളും കാലുറകളും കിട്ടുമെങ്കിൽ ഉപയോഗിച്ചാൽ നന്നായിരിക്കും.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. ഉരുൾപൊട്ടലിലും വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളുടെ വേദനയിലാണ് നമ്മൾ. ഇതിനൊപ്പം എലിപ്പനി മരണങ്ങൾ കൂടി ക്ഷണിച്ചു വരുത്തരുത്.
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ