ജീവിതം തന്നെയാകട്ടെ ലഹരി
നാടൊട്ടുക്കും ഉത്രാടപ്പാച്ചിലിൽ അമരുമ്പോൾ നടുവേ ഓടേണ്ടവർ വടി നാട്ടിയ പോലെ വരി നിൽക്കുന്ന മദ്യശാലകൾ ഇന്ന് സ്ഥിരം ഓണക്കാഴ്ചയാണ്. മദ്യാസക്തി ഒരു രോഗമായ് ബാധിച്ച സമൂഹമായി മാവേലിയുടെ പ്രജകൾ മാറിയോ ?
കമ്പേൽ കുത്തി വാനോളം പൊങ്ങി മറഞ്ഞ് വീഴുന്ന പോൾ വാൾട്ടിൽ സെർജി ബൂബ്ക എന്ന അത്ലറ്റ് ഓരോ ചാട്ടത്തിലും സ്വന്തം റെക്കോർഡ് തകർക്കുന്ന മട്ടാണ് മലയാളിയുടെ വിഖ്യാതമായ ഓണക്കുടി. ഓരോ ഓണത്തിനും കുടിയിൽ പുതിയ ലോക റെക്കോർഡിടുകയാണ്.. ലോകം അന്തിച്ചു നിൽക്കുന്നു നമ്മുടെ അന്തമില്ലാത്ത കുടി കണ്ട് …!
കേരളം നിലനിന്നു പോകുന്നത് പുറത്ത് പോയ് പണിയെടുക്കുന്നവന്റെയും മദ്യം വിറ്റ് കിട്ടുന്ന കാശിന്റെയും ബലത്തിലാണ് എന്നാണ് കേൾവി. അങ്ങനെ പുറത്തു പോയവരുടെയും അകത്തേക്ക് പോവുന്നതിന്റെയും ബലത്തിൽ നിലനിൽക്കുന്ന ഒരു Of the bottle, for the bottle, by the bottle ജലാധിപത്യ വ്യവസ്ഥിതിയിൽ നിരോധനം പോലുള്ള ശ്രമങ്ങളും രാഷ്ട്രീയ വിലപേശലുകളും നമ്മൾ കണ്ടു കഴിഞ്ഞു. അതങ്ങനെ നിൽക്കട്ടെ.
നമ്മുടെ വിഷയമല്ല
കുടിച്ച് ഒരു വഴിക്കായ ഒരു സമൂഹമായിരിക്കുന്നു നമ്മുടേത് എന്നതിൽ തർക്കത്തിന് വഴിയില്ല . മദ്യപിക്കുന്നവർ യഥേഷ്ടമുള്ള, മദ്യം കേരളത്തേക്കാൾ സുലഭമായ മിക്കയിടങ്ങളിലും ഇത്തരം നശിച്ച കുടി വ്യാപകമാണെന്ന് തോന്നുന്നില്ല.
നല്ല മദ്യപാന സംസ്കാരം
മുന്നറിയിപ്പ്: നല്ലൊരു ഓണമായിട്ട് നല്ലോണം കുടിക്കുന്നത് എങ്ങനെയെന്ന് പഠിച്ച് കളഞ്ഞ് കുടി തുടങ്ങാമെന്ന് വിചാരിക്കരുത്. ആ ഗ്രൂപ്പ് മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുക. നല്ല മദ്യപാനം എന്നൊന്നില്ല .
എങ്കിലും അടിച്ചു പൂസായി വഴിയിൽ കിടന്നും വഴക്കടിച്ചും വീട്ടുകാരിയെ ചവിട്ടിയും വീട്ടാനാവാത്ത കടം വരുത്തി വെച്ചും വിനാശകരമായ രീതിയിൽ കുടിക്കുന്നതിനേക്കാൾ ഭേദപ്പെട്ടത് ഉത്തരവാദിത്വമുള്ള മദ്യപാനം എന്ന ആശയം തന്നെ. മലയാളി മദ്യപാനികൾക്ക് മിക്കവർക്കും താൽപര്യമില്ലാത്ത ഈ ആശയത്തെ ക്കുറിച്ച് ചില ചിന്തകൾ പങ്കു വെക്കുന്നു.
അറിഞ്ഞ് കുടിക്കുക, കുടിച്ചാലും അറിയുക.
വിട്ട് നിൽക്കുന്നവർ, വട്ടം കൂടുമ്പോൾ കഴിക്കുന്നവർ ( social drinking) വല്ലപ്പോഴും അൽപം കഴിക്കുന്നവർ, വല്ലാതെ കഴിക്കുന്നവർ (Binge drinkerട), വിധേയനാകുന്നവർ (dependent) എന്നിങ്ങനെ പല തട്ടിലാണ് മദ്യപാന രീതികൾ.
ഇതിൽ Binge drinking ആണ് കേരളത്തിൽ താരം. അതിന് താഴെയുള്ളവരും പതിയേ അതിലേക്ക് തിരിയുന്നത് നടപ്പ് രീതിയും.
എത്ര കഴിക്കുന്നു എന്നതും എത്ര കൂടെക്കൂടെ കഴിക്കുന്നു എന്നതും പ്രധാനമാണ്.
ഉദാഹരണത്തിന് നാലിൽ കുറവ് ഡ്രിങ്കുകൾ ഒരു ദിവസവും പതിന്നാലിൽ കുറവ് ഒരാഴ്ചയിലും കഴിച്ചാൽ ലഘു മദ്യപാനമാണ് എന്നാണ് വിദേശപഠനങ്ങൾ പറയുന്നത്. 65 ന് താഴെ പ്രായമുള്ളവരുടെ കാര്യമാണിത്.കരാറെടുത്തത് പോലെ ഇങ്ങനെ എല്ലാ ആഴ്ചയിലും കഴിക്കാതെ ഇടയ്ക്ക് വിട്ടു നിൽക്കുക
പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറയുന്നത് കണക്ക് ഒരു ഗ്ലാസ് ബ്രാൻഡി എന്ന കണക്കല്ല ഇവിടുത്തെ ഒരു ഡ്രിങ്ക്. 14 ഗ്രാം ആൽക്കഹോളിന് തുല്യമായ അളവ് ആണ് ഇവിടുത്തെ ഒരു ഡ്രിങ്ക്. പിന്നെ, കാൽക്കുലേറ്റർ കൊണ്ടു പോയല്ലേ കുടിക്കുന്നത് .. വേണ്ട, ഏകദേശം 350 ml ബിയർ, 150 ml വൈൻ ( വീട്ടിൽ അമ്മയിട്ട വൈനല്ല 12% വീര്യമുള്ളത് ,44 ml (ഒന്നര അമേരിക്കൻ ഔൺസ് .. വാറ്റി കളഞ്ഞാലും അളന്നിട്ട് കളയണം!) മറ്റു സ്പിരിറ്റുകൾ ( 40% വീര്യമുള്ളവ) ഇത്യാദിയാണ് ഒരു ഡ്രിങ്ക്.
പറയാൻ വിട്ടു… സ്ത്രീകൾക്ക് ഇത് ദിവസത്തിൽ മൂന്നും ആഴ്ചയിൽ ഏഴുമെന്ന് പറയപ്പെടുന്നു. സ്ത്രീ സമത്വവാദികൾ പിണങ്ങരുത്, സ്ത്രീ ശരീരത്തിന് ശരാശരി കണക്കിൽ തൂക്കം കുറവും പുരുഷനുമായി താരതമ്യം ചെയ്യുമ്പോൾ തൂക്കത്തിനുസരിച്ച് ജലാംശം കുറവുമാകയാൽ ആണ് ഈ വിവേചനം.!
മദ്യത്തിന്റെ വീര്യത്തേക്കാൾ അളവിനനുസരിച്ചാണ് നമ്മൾ കഴിക്കുന്നത്. ഇത്ര പെഗ്ഗോ മില്ലിയോ കഴിച്ചു എന്ന് നമുക്കറിയാം… എത്ര മദ്യം കഴിച്ചു എന്ന് പലപ്പോഴുമറിയില്ല എന്നതാണ് സത്യം.
ഇങ്ങനെ അളവറിഞ്ഞ് മദ്യപിക്കുന്ന ലഘു മദ്യപാനികൾക്ക് റിസ്ക് ഇല്ലെന്നല്ല. റിസ്ക് കുറവാണ് എന്ന് ആണ് പറയുന്നത്. ഇതിൽ കൂടുതൽ കഴിക്കുന്നവർ ഘട്ടം ഘട്ടമായി മദ്യത്തിന് അടിമയായി മദ്യപാനരോഗിയാവാനുള്ള സാധ്യതകൾ കൂടുതലാണ്.
അപ്പോൾ എത്ര കഴിക്കുന്നു എന്നറിഞ്ഞ് അകത്താക്കുക . ഓരോ തവണ കഴിച്ചതും സ്വയം വിലയിരുത്തുക. ഈ സ്ട്രാറ്റജി പോലും നിർബന്ധമായി ഉപേക്ഷിക്കേണ്ടവരുണ്ട്.
മദ്യത്തിനൊപ്പം കഴിച്ചാൽ അപകടമുണ്ടാവുന്ന മരുന്നുകൾ കഴിക്കുന്നവർ, മദ്യം കഴിച്ചാൽ മോശമാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ, പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ, ഗർഭം പ്ലാൻ ചെയ്യുന്നവർ എന്നിവർ പൂർണമായും വിട്ടു നിൽക്കുക തന്നെ വേണം. കുടുംബത്തിൽ മദ്യപാനരോഗമുള്ളവരും ഒരു സ്വഭാവത്തിന് അടിമയാകാൻ സാധ്യതയുള്ളയാളാണ് എന്ന് സ്വയം ധാരണയുള്ളവരും ഒരു നിൽപ്പന് പോലും നിൽക്കാതെ സ്റ്റാന്റ് വിടുന്നത് ബുദ്ധി.
വാഹനമോടിക്കുമ്പോളുള്ളത് എടുത്ത് പറയേണ്ടതില്ലല്ലോ.!
കൂട്ടം കൂടി കുടിക്കുമ്പോൾ താൽപര്യമില്ലാതെ നിർബന്ധത്തിന് വഴങ്ങി കുടിക്കുന്നത് ഒഴിവാക്കാൻ വേണ്ട, തിരിച്ചു പോകുമ്പോൾ ഞാൻ വണ്ടിയെടുക്കാം എന്ന് പറയുന്ന സൈക്കോളജിക്കൽ മൂവ് ശ്രമിക്കാം. ..
ജഗൻസ് ലോ ഓഫ് ഡ്രിങ്കിങ്ങ്…
മിതമായ, വിനോദത്തിന് വേണ്ടിയുള്ള മദ്യപാന സംസ്കാരം നിർഭാഗ്യവശാൽ നമുക്കില്ല. ഗ്ലാസിന് പുറകേ ഗ്ലാസായി ഔട്ടാകുന്നത് വരെ കുടിക്കുകയാണ് നമ്മുടെ രീതി.!
“തലയ്ക്ക് വെളിവും കാലിന് ബലവുമുള്ള ഒരാളും ഇന്നിവിടം വിട്ട് പോകരുത് .. കുടിക്കുമ്പോൾ ബോധം മറയുവോളം കുടിക്കണം. അല്ലെങ്കിൽ അതിന് മിനക്കെടരുത് ” എന്ന് ആറാം തമ്പുരാൻ ജഗൻസ് ലോ പറയുമ്പോൾ തീയ്യറ്റർ ഇളകി മറയുന്നത് Binge drinking ന് നമ്മൾ കൽപിക്കുന്ന ഗ്ലാമർ എത്രയുണ്ടെന്ന് കാട്ടുന്നു.
അഥവാ മദ്യപിച്ചാൽ തന്നെ മിതത്വം പാലിച്ച് സുഭഗമായി കഴിക്കുക. ‘അടിച്ച് ഓഫായി വഴക്കുണ്ടാക്കി വഴിയിൽ വാളു വെച്ച് ഓട പറ്റുന്ന രീതിയുടെ ഗ്ലാമർ പോകണം. എന്തും പറയാനും ചെയ്യുവാനുമുള്ള ലൈസൻസ് ലഭിക്കുവാൻ എന്ന നിലയ്ക്ക് മതി മറന്ന് കുടിയ്ക്കുക എന്നതാണ് ഈ രീതിയുടെ മറ്റൊരു ആകർഷണം. വീട്ടിലും മറ്റും ഇങ്ങനെ ചെയ്യുന്ന പിതാക്കൾ (മാതാക്കളുമുണ്ട്! ) കുട്ടികൾക്കും ഇതേ മാതൃക കാണിക്കുന്നു.
മദ്യപിച്ച് അപകടമുണ്ടാക്കുക, പൊതു പരിപാടികളിൽ അലമ്പുണ്ടാക്കുക തുടങ്ങിയ കേസുകളിൽ സർക്കാർ നിർദാക്ഷിണ്യം നടപടിയെടുക്കണം.
അത് പോലെ വളരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം മദ്യപാനം തുടങ്ങുന്ന പ്രായം കുറഞ്ഞു വരുന്നു എന്നതാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് മദ്യപാനം തുടങ്ങുന്ന പ്രായം കുറഞ്ഞ് പതിന്നാലിനടുത്ത് എത്തിയിട്ടുണ്ട്. ഇതിൽ മോശമല്ലാത്ത ശതമാനം വീട്ടിലാണ് അരങ്ങേറ്റം കുറിക്കുന്നത്. മദ്യപാനം കുറക്കാൻ കഠിനമദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും വീര്യം കുറഞ്ഞ ബിയർ പോലുള്ളവ യഥേഷ്ടം ലഭ്യമാക്കുകയും ചെയ്തത് ഇതിന് കാരണമായ ഒരു ഘടകമാണ് എന്ന് വാദിക്കുന്നവരുണ്ട്.
മദ്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മദ്യപാനരോഗത്തിൽ നിന്നും വിധേയത്വത്തിൽ നിന്നും എങ്ങനെ മുക്തി നേടാം എന്ന് പിന്നീടൊരിക്കലാകാം…
വരുമാനത്തിന്റെ നല്ലൊരു പങ്ക് സംസ്ഥാന ത്തിന് നേടിത്തരുന്ന ബിവറേജസ് കോർപറേഷൻ തന്നെ ലഹരി മുക്തിക്കായി ആശുപത്രിയും തുടങ്ങുന്ന വിചിത്ര ഹാസ്യങ്ങൾ അരങ്ങേറുന്ന നാട്ടിൽ നിരോധനം പോലെ പ്രായോഗികമല്ലാത്ത പ്രതിവിധികൾക്ക് പകരം വ്യക്തി എന്ന നിലയ്ക്ക് നിയന്ത്രണവും മിതത്വവും പുലർത്തുന്ന ഉത്തരവാദിത്വമുളള മദ്യപാന രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതാവും ഉചിതം.
ജീവിതം തന്നെയാകട്ടെ ലഹരി .
എല്ലാവർക്കും ഓണാശംസകൾ…!