നോമ്പ് നോൽക്കാം തോൽക്കാതെ
എനിക്ക് നോമ്പ് എടുക്കാമോ ഡോക്ടര്‍ ? പ്രമേഹം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ റമളാന്‍ മാസത്തില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യം ആണിത്. അതോടൊപ്പം തന്നെ പ്രമേഹ രോഗവുമായും മറ്റു രോഗവുമായും ബന്ധപ്പെട്ടുള്ള നിരവധി സംശയങ്ങളും നോമ്പിനോട് അനുബന്ധിച്ച് സര്‍വ്വ സാധാരണമാണ്. ഒറ്റവാക്കില്‍ ഒരു ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യമാണ് പ്രമേഹ രോഗിക്ക് നോമ്പ് എടുക്കാമോ ഇല്ലയോ എന്നത്. അക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനു മുന്നേ ഓരോ രോഗിയേയും അവരുടെ അസുഖത്തിന്റെ നിലവിലെ സ്ഥിതിയും അസുഖം മൂലം നിലവില്‍ ഉള്ള പ്രശ്നങ്ങളും എല്ലാം പരിഗണിച്ചു കൊണ്ട് മാത്രമേ അതിനു ഒരു ഉത്തരം നല്‍കാന്‍ കഴിയൂ.
സാധാരണയായി രോഗികള്‍ ഉന്നയിക്കാറുള്ള ചില ചോദ്യങ്ങള്‍ ഇവയെല്ലാം ആണ്
- നോമ്പ് എടുക്കുന്നതില്‍ കുഴപ്പം ഉണ്ടോ ?
- മരുന്നുകള്‍ നിര്‍ത്താന്‍ കഴിയുമോ?
- ഡോസില്‍ വ്യത്യാസം വരുത്തേണ്ടതുണ്ടോ?
- മരുന്നിന്റെ സമയ ക്രമം എങ്ങനെയാണ്?
- ബിപി, കൊളസ്റ്ററോൾ തുടങ്ങിയ അസുഖങ്ങളുടെ മരുന്ന് തുടരാമോ?
- ഷുഗര്‍ കുറഞ്ഞു പോവാന്‍ സാധ്യത ഉണ്ടോ?
- ഭക്ഷണത്തിന് മുന്നേ കഴിക്കേണ്ട മരുന്നുകള്‍ എങ്ങനെ കഴിക്കും?
- രക്തം പരിശോധിക്കാന്‍ സൂചി കൊണ്ട് കുത്തിയാല്‍ നോമ്പ് മുറിയില്ലേ?
മേല്‍ പറഞ്ഞ ചോദ്യങ്ങളിലേക്കു വരാം.
എനിക്ക് നോമ്പ് എടുക്കാമോ ?
നോമ്പ് എടുക്കുമ്പോള്‍ ഉള്ള പ്രധാന പ്രശ്നം ഷുഗര്‍ കുറഞ്ഞു പോവാന്‍ ഉള്ള സാധ്യത തന്നെയാണ്. പിന്നെ നിര്‍ജലീകരണം മൂലമുള്ള പ്രശ്നങ്ങളും. സാധാരണ പ്രമേഹ രോഗികള്‍ രാവിലെയോ രാവിലെയും വൈകീട്ടുമോ ചിലപ്പോള്‍ മൂന്നു നേരമോ മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. എല്ലാ ദിവസവും പ്രാതലിനു മുന്നെയോ ശേഷമോ മരുന്നുകള്‍ കഴിക്കുന്ന ആള്‍ ഉച്ചക്ക് കാര്യമായി തന്നെ ഭക്ഷണം കഴിക്കുന്നു. ചിലപ്പോള്‍ അതിനിടയില്‍ ഒരു ചെറു ഭക്ഷണവും ഉണ്ടാവാം. രാവിലെ കഴിച്ച മരുന്നിന്റെ പ്രവര്‍ത്തനം മൂലം ഷുഗര്‍ നില ഉച്ച ആവുമ്പോഴേക്കും വളരെ താഴ്ന്നു തുടങ്ങും. ഈ സമയത്താണ് ഉച്ച ഭക്ഷണം കഴിച്ചു വീണ്ടും നമ്മള്‍ ഷുഗര്‍ നില താഴാതെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ നോമ്പ് സമയത്ത് ഈ ഉച്ച ഭക്ഷണം ഇല്ലാത്തതിനാല്‍ ഉച്ച മുതല്‍ ഷുഗര്‍ താഴാനുള്ള പ്രവണത ഉണ്ടാവും. വൈകുന്നേരം വരെ ഒരു ഭക്ഷണവും ഇല്ലാതിരിക്കുന്ന കാരണം ആ സമയത്ത് ഷുഗര്‍ അപകടകരമാം വിധം താഴ്ന്നു പോവാന്‍ സാധ്യത വളരെ കൂടുതലാണ് . ഇതാണ് നോമ്പ് സമയത്ത് പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. താരതമ്യേന ദീര്‍ഘ കാലമായി രോഗികള്‍ അല്ലാത്ത, ശക്തി കുറഞ്ഞ മരുന്നുകള്‍ കൊണ്ട് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുന്ന, മറ്റു കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത ആളുകള്‍ക്ക് നോമ്പ് എടുക്കുന്നതില്‍ ഒരു തടസ്സവും ഇല്ല. Metformin, Pioglitazone, Sitagliptin, Vildagliptin, Acarbose, Voglibose തുടങ്ങിയ മരുന്നുകള്‍ മാത്രം കഴിക്കുന്ന ആളുകള്‍ക്ക് ആ മരുന്നുകള്‍ എല്ലാം അതെ പടി തുടര്‍ന്നു കൊണ്ട് തന്നെ നോമ്പ് എടുക്കാം. ഇവയൊന്നും ഷുഗര്‍ നില അപകടകരമാം വിധം താഴ്തുകയില്ല. ഉച്ചക്ക് Acarbose/ Voglibose വല്ലതും പതിവായി കഴിക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണം ഇല്ലാത്തതു കൊണ്ട് അതിന്റെ ആവശ്യം ഇല്ല. രാവിലെ കഴിക്കേണ്ട മരുന്നുകള്‍ അത്താഴ സമയത്തും വൈകീട്ടത്തെ മരുന്നുകള്‍ നോമ്പ് തുറന്നും കഴിക്കാം.
മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടതുണ്ടോ?
കൂടുതല്‍ ശക്തിയേറിയ Sulfonylurea വിഭാഗത്തിലെ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് നോമ്പിനു പ്രശ്നങ്ങള്‍ വരുന്നത് . ഷുഗര്‍ ക്രമാതീതമായി താഴ്ന്നു പോവാന്‍ സാധ്യത ഇത്തരക്കാരില്‍ വളരെ കൂടുതല്‍ ആണ്. ഇവ പൂര്‍ണ്ണമായും ഒഴിവാക്കി മേല്‍ പറഞ്ഞ സുരക്ഷിതമായ മരുന്നുകളിലേക്ക് മാറിയാല്‍ ഷുഗര്‍ നിയന്ത്രണം നഷ്ടപ്പെട്ടു അതുമൂലമുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ഇത്തരം മരുന്നുകള്‍ എടുക്കുന്നവര്‍ നോമ്പ് നോല്‍ക്കുന്നത് പൊതുവേ റിസ്ക് ആയാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഭൂരിഭാഗം രോഗികളും ചുരുങ്ങിയ പക്ഷം Sulfonylurea വിഭാഗത്തിലെ ഏതെങ്കിലുമൊരു മരുന്ന് കഴിക്കുന്നവരായിരിക്കും. അതാണ് മിക്കവരും തന്നെ ‘നോമ്പ് ഒഴിവാക്കുക’ എന്ന നിര്‍ദേശത്തിൽ പെട്ട് പോകുന്നതും. ഇത്തരക്കാരില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി നോമ്പ് എടുക്കാം എന്നതിന് പ്രത്യേകിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല. എന്നാല്‍ സാധാരണ ഡോക്ടര്‍മാര്‍ ചെയ്യാറുള്ള ചില കാര്യങ്ങള്‍ ഉണ്ട്. മരുന്നിന്റെ അളവിലും സമയക്രമത്തിലും ചില മാറ്റങ്ങള്‍ ഒക്കെ വരുത്തിയാല്‍ ഇത്തരം ആളുകള്‍ക്കും താരതമ്യേന വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ നോമ്പ് എടുക്കാം. സ്വന്തം അനുഭവങ്ങളില്‍ നിന്നും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.
ആദ്യത്തെ നിര്‍ദേശം ‘അത്താഴം’ എന്ന് വിളിക്കപ്പെടുന്ന പുലർച്ചെയുള്ള ഭക്ഷണം പരമാവധി താമസിച്ചു കഴിക്കുക എന്നതാണ്. അത്താഴം കഴിക്കല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണെങ്കിലും മതപരമായി നിര്‍ബന്ധമില്ല, എന്നാല്‍ പ്രമേഹ രോഗികള്‍ ഒരു കാരണവശാലും അത്താഴം കഴിക്കാതെ നോമ്പ് എടുക്കരുത്. അത്താഴം നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിന്റെ സമയത്തിന് തൊട്ടു മുന്നേ ആക്കിയാല്‍ അത്രയും നല്ലത്. സാധാരണ കഴിക്കുന്ന മരുന്നുകള്‍ വച്ച് പ്രമേഹം കാര്യമായി നിയന്ത്രണത്തില്‍ അല്ലാത്ത ആളുകള്‍ അവരുടെ പതിവ് മരുന്നുകള്‍ അതെ പടി കഴിച്ചാലും വലിയ പ്രശ്നങ്ങള്‍ കാണാറില്ല. പക്ഷെ നോമ്പ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ 2 – 3 തവണ ഷുഗര്‍ നോക്കല്‍ നിര്‍ബന്ധമാണ്.
സ്വന്തമായി ഗ്ലൂക്കോമീറ്റര്‍ ഉള്ളവര്‍ അത്താഴം കഴിച്ചു 2 മണിക്കൂര്‍ കഴിഞ്ഞു ഷുഗര്‍ നോക്കണം. അല്ലാത്തവര്‍ ലാബില്‍ പോയി കഴിയുന്നത്ര നേരത്തെ നോക്കാന്‍ ശ്രമിക്കണം. പിന്നെ ഉച്ച സമയത്തും നോമ്പ് തുറക്കുന്നത്തിനു കുറച്ചു മുൻപായും ഒരു തവണ കൂടി ടെസ്റ്റ് ചെയ്തു ആ റിപ്പോര്‍ട്ടുകള്‍ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കേണ്ടതാണ്. അത് വച്ച് നിങ്ങളുടെ ഡോക്ടര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും.
ഉച്ച സമയത്ത് ഷുഗര്‍ നില താഴ്ന്ന അവസ്ഥയില്‍ ആണെങ്കില്‍ മരുന്നുകളുടെ അളവ് കുറച്ചില്ലെങ്കില്‍ വൈകുന്നേരമാവുമ്പോഴേക്കും അപകടകരമാം വിധം ഷുഗര്‍ താഴാന്‍ സാധ്യതയുണ്ട്. ഉച്ച സമയത്തും വൈകുന്നേരവും സുരക്ഷിതമായ നിലയില്‍ ആണ് ഷുഗര്‍ എങ്കില്‍ അതെ ഡോസ് തുടരാം. പക്ഷെ എല്ലാ ദിവസവും ഏതാണ്ട് ഒരേ പോലെയുള്ള, ഒരേ അളവില്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല കഴിയുന്നത്ര ദിവസങ്ങളില്‍ എല്ലാം ഷുഗര്‍ നോക്കി കുഴപ്പമില്ല എന്നുറപ്പ് വരുത്തേണ്ടതുണ്ട്.
എന്നാല്‍ Sulfonylureas, Insulin തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ച് ഷുഗര്‍ കൃത്യമായ നിയന്ത്രണത്തില്‍ പോവുന്ന ആളുകള്‍ അതെ അളവില്‍ മരുന്ന് തുടര്‍ന്നാല്‍ ഉച്ചക്കോ വൈകുന്നേരമോ ഷുഗര്‍ താഴ്ന്നു പോവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ മരുന്നിന്റെ അളവ് കുറക്കേണ്ടതുണ്ട്. സ്വന്തം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് ഡോസ് കുറച്ച ശേഷം നേരത്തെ പറഞ്ഞ അതേ സമയങ്ങളില്‍ ഷുഗര്‍ ചെക്ക് ചെയ്തു ഡോക്ടറെ കാണുക. രാവിലത്തെ ഡോസ് കുറയ്ക്കുന്നത് കാരണം ഭക്ഷണം കഴിഞ്ഞു 2 മണിക്കൂര്‍ കഴിഞ്ഞു ചെയ്യുന്ന ഷുഗര്‍ അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. ചില മരുന്നുകള്‍ പുതുതായി ചേര്‍ത്ത് അത് പരിഹരിക്കാം. എങ്കില്‍ പോലും പൊതുവേ നോമ്പ് കാലത്തെ ഷുഗര്‍ നിയന്ത്രണം നോമ്പില്ലാത്ത കാലത്തേ പോലെ അത്ര സ്മൂത്ത് ആയിരിക്കില്ല,
ഇന്‍സുലിന്‍ എടുക്കുന്ന രോഗികളില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. മാര്‍ക്കറ്റില്‍ ലഭ്യമായ ഇന്സുലിനുകളില്‍ വില കുറവായ 30/70 കോമ്പിനേഷൻ ഇന്‍സുലിന്‍ എടുക്കുന്നവരില്‍ ഷുഗര്‍ താഴ്ന്നു പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. താരതമ്യേന കുറച്ചു കൂടി സുരക്ഷിതമായ ഷോര്‍ട്ട് ആക്ടിംഗ് ഇന്സുലിനുകള്‍ കൂടിയ വില കാരണം പൊതുവേ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവയാണ്.
എന്നാലും നോമ്പുള്ള 30 ദിവസങ്ങളിലേക്കെങ്കിലും അത്തരം ഇന്സുലിനിലേക്ക് മാറുന്നതാണ് കൂടുതല്‍ നല്ലത്. ഏതു തന്നെ ആയാലും ഡോസ് കുറച്ചെടുത്ത് അടിക്കടി ചെക്ക് ചെയ്തു വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും.
നോമ്പ് എടുക്കുന്നവര്‍ ഷുഗര്‍ കുറയുമ്പോള്‍ ഉള്ള ലക്ഷണങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. പതിവിലേറെ വിശപ്പും ക്ഷീണവും തോന്നുക, കൈ വിറയ്ക്കുക, ശരീരം വല്ലാതെ വിയര്‍ക്കുക തുടങ്ങിയവ കണ്ടാല്‍ നോമ്പ് ഉടനെ അവസാനിപ്പിക്കേണ്ടതാണ്. കൂടുതല്‍ സമയം കാത്തിരുന്നാല്‍ ചിലപ്പോള്‍ ബോധക്കേട് സംഭവിക്കാം.
പൊതുവേ പ്രശ്നങ്ങളില്ലാതെ സുരക്ഷിതമായി നോമ്പ് എടുക്കാവുന്നത് ആര്‍ക്കെല്ലാം എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ.
ഇനി നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആളുകള്‍ ആരൊക്കെയെന്നു നോക്കാം
- സ്ഥിരമായി ഷുഗര്‍ ലെവല്‍ 150 – 300 നു ഇടയിലോ HbA1C 8-10 നിലയില്‍ നില്‍ക്കുന്നവര്‍
- ഷുഗര്‍ മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവര്‍ത്തന തകരാര്‍ ഉള്ളവര്‍
- കൂടുതല്‍ സമയങ്ങളിലും തനിച്ചാവാന്‍ സാധ്യത ഉള്ളവര്‍
- 75 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍
- മറ്റു ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവര്‍
നിര്‍ബന്ധമായും നോമ്പ് ഒഴിവാക്കേണ്ട ആളുകള്‍ :-
- വെറും വയറ്റില്‍ തന്നെ ഷുഗര്‍ 300 കളിലോ HbA1c 10 നു മുകളിലോ ഉള്ള ആളുകള്‍
- കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ എപ്പോഴെങ്കിലും ഷുഗര്‍ അപകടകരമാം വിധം താഴ്ന്നിട്ടുള്ളവര്‍
- ഇടയ്ക്കിടെ ഷുഗര്‍ താഴ്ന്നു പോവുന്നവര്‍
- ഷുഗര്‍ നാഡി ഞരമ്പുകളെ ബാധിച്ചു ഷുഗര്‍ കുറയുമ്പോള്‍ സാധാരണ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഷുഗര്‍ കുറഞ്ഞു പോവുന്ന ആള്‍ക്കാര്‍
- Diabetic ketoacidosis / Hyperosmolar coma ഉണ്ടായവര്‍
- വളരെ കടുത്ത ശാരീരിക അധ്വാനം ഉള്ള ജോലി ചെയ്യുന്നവര്‍
- Type 1 പ്രമേഹം ഉള്ളവര്‍
- ഗര്‍ഭിണികള്‍
- ഡയാലിസിസ് ചെയ്യുന്നവര്‍
- കാര്യമായ ഓര്‍മ പിശകുള്ളവര്‍
ഇത്തരം ആളുകള്‍ക്ക് നോമ്പ് എടുക്കാതിരിക്കാന്‍ മതപരമായ വിലക്കുകളില്ലലോ.
മരുന്നുകള്‍ നിര്‍ത്താന്‍ കഴിയുമോ ?
നോമ്പ് കാലത്ത് മരുന്നുകള്‍ നിര്‍ത്തുക എന്നത് പലപ്പോഴും രോഗികള്‍ ചെയ്യാറുള്ള അപകടകരമായ ഒരു പ്രവണതയാണ്. നോമ്പ് എടുക്കുന്ന കാരണം ഷുഗര്‍ ഒരിക്കലും കൂടില്ല എന്നത് മണ്ടന്‍ ചിന്താഗതിയാണ്.
ചികിത്സിക്കുന്ന ഡോക്ടര്‍ പറയാതെ ഒരു കാരണവശാലും മരുന്നുകള്‍ നിര്‍ത്താന്‍ പാടുള്ളതല്ല. ബിപി, കൊളസ്റ്ററോള്‍, തൈറോയ്ഡ് തുടങ്ങി സ്ഥിരമായി കഴിക്കുന്ന ഏതു മരുന്നും അത് പോലെ തുടരേണ്ടതാണ്. ഏതെങ്കിലും മരുന്നുകള്‍ ഉച്ച സമയത്ത് ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രാവിലെക്കോ വൈകുന്നേരത്തേക്കോ മാറ്റാവുന്നതാണ്. ചില മരുന്നുകള്‍ ഭക്ഷണത്തിന് കുറച്ചു മുന്നെയോ ശേഷമോ കഴിക്കേണ്ടവ അതെ സമയക്രമം പാലിക്കാന്‍ ഒരു പക്ഷെ നോമ്പ് കാലത്ത് കഴിഞ്ഞെന്നു വരില്ല. കഴിയുമെങ്കില്‍ അത് പോലെ തന്നെ കഴിക്കുക, അല്ലാത്തവര്‍ നോമ്പിനു മുടക്കം വരാത്ത രൂപത്തില്‍ നോമ്പ് തുടങ്ങുന്നതിനു തൊട്ടു മുന്നെയോ ശേഷമോ കഴിക്കുക .
രക്തം പരിശോധിക്കാന്‍ എടുത്താല്‍ നോമ്പ് മുറിയുമോ?
ഇത് പരക്കെയുള്ള ഒരു സംശയം ആണ്. രക്തം എടുക്കുന്നത് കൊണ്ട് ഒരു കാരണവശാലും നോമ്പിനു കുഴപ്പം സംഭവിക്കുന്നില്ല.
നോമ്പും വ്യായാമവും –
സാധാരണ ചെയ്യാറുള്ള നടത്തം പോലെയുള്ള ചെറുകിട വ്യായാമങ്ങള്‍ തുടരാവുന്നതാണ്. കഴിയുന്നതും രാവിലെ ആവുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഷുഗര്‍ കുറഞ്ഞു പോവാന്‍ സാധ്യത കൂടുതലാണ്. വ്യായാമം ചെയ്യുന്നത് കഴിയുന്നതും മറ്റുള്ളവരുടെ കൂടെ ആവുന്നതും ഒരു മുന്‍കരുതല്‍ എന്ന നിലക്ക് നല്ലതാണ്.
കടുത്ത ശാരീരിക അധ്വാനം വരുന്ന വ്യായാമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. നോമ്പ് കാലത്തെ രാത്രി നമസ്കാരമായ തറാവീഹ് ഒരു വ്യായാമമായി കൂട്ടാവുന്നതാണ്. നമസ്കാരത്തിന്‍റെ ഭാഗമായി തുടര്‍ച്ചയായുള്ള കുനിയലും നിവരലും ഒരു വ്യായാമമായി പരിഗണിക്കാം. മറ്റു വ്യായാമങ്ങള്‍ അതിനനുസരിച്ച് കുറയ്ക്കാവുന്നതാണ്.
നോമ്പിന്റെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം ?
പകല്‍ സമയത്ത് നോമ്പ് എടുക്കുന്നത് വൈകുന്നേരം സ്വയം മറന്നു ഭക്ഷണം കഴിക്കാനുള്ള ലൈസന്‍സ് അല്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നോമ്പ് അല്ലാത്ത കാലത്തുള്ള എല്ലാ ഭക്ഷണ നിയന്ത്രണങ്ങളും നോമ്പ് കാലത്തും ബാധകമാണ്. മധുരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. രാവിലെ അത്താഴ സമയത്ത് സാവധാനം ദഹിക്കുന്ന ഭക്ഷങ്ങള്‍ ആയ ഗോതമ്പ്, ഓട്സ്, തവിട് കളയാത്ത ധാന്യ വർഗങ്ങള്‍, പച്ചക്കറികള്‍ , പയറു വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. അവ ദഹനം സാവധാനത്തില്‍ ആക്കുകയും പെട്ടന്ന് വിശപ്പ് തോന്നാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ധാരാളം വെള്ളം കുടിക്കല്‍ അത്യാവശ്യമാണ്. വെയിലത്ത് ജോലി ചെയ്യുന്ന നോമ്പുകാര്‍ക്ക് നിര്‍ജലീകരണം വരാന്‍ സാധ്യത കൂടുതലാണ്. പൊതുവേ മൂത്രത്തിലെ അണുബാധ, വൃക്കയിലെ കല്ല് രോഗങ്ങള്‍ തുടങ്ങിയവയും അസിഡിറ്റി സംബന്ധമായ രോഗങ്ങളും കൂടുതലായേക്കാം.
നോമ്പ് തുറക്കുന്ന സമയത്ത് ഭക്ഷണം പതിവില്‍ കവിഞ്ഞു കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞുവല്ലോ . വൈകുന്നേരം കഴിക്കാന്‍ ഉള്ള മരുന്നുകള്‍ നോമ്പ് തുറന്ന ഉടനെ കഴിക്കാം. കൂടുതല്‍ ഭക്ഷണം കഴിച്ചേ തീരു എന്ന് തോന്നുന്നവര്‍ ചുരുങ്ങിയ പക്ഷം ഏതാനും മണിക്കൂറുകളുടെ ഇടവേള ഇട്ടു കഴിക്കുന്നതാണ് അഭികാമ്യം. ഈത്തപ്പഴം നോമ്പ് കാലത്തെ ഒരു പ്രധാന പഴ വര്‍ഗമാണ്. അത് കഴിക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്. നൂറു ഗ്രാം വരെ ഈത്തപ്പഴം ഒരു ദിവസം കഴിക്കാം. അതുകൊണ്ട് ഷുഗര്‍ കാര്യമായി വര്‍ധിക്കുന്നില്ല എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. മറ്റു പഴ വര്‍ഗങ്ങളും നോമ്പ് തുറക്കുന്ന സമയത്തെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ്. ചെറിയ അളവില്‍ മാത്രം എല്ലാ പഴങ്ങളും ഒന്ന് രുചിച്ചു നോക്കി അവസാനിപ്പിക്കാം.
നോമ്പ് എടുക്കുന്നവര്‍ക്കുള്ള ചില പൊതുവായ നിര്‍ദേശങ്ങള്‍ മാത്രം ആണ് ഇവ. ഓരോ രോഗിയും വ്യത്യസ്തമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം മാനിക്കുക. എന്ത് കാര്യവും സ്വന്തം ഡോക്ടറോട് ചോദിച്ചു മാത്രം തീരുമാനിക്കുക. എല്ലാവര്‍ക്കും സുരക്ഷിതവും സുഖപ്രദവുമായ ഒരു നോമ്പ് കാലം ആശംസിക്കുന്നു.