· 4 മിനിറ്റ് വായന
മുന്നോട്ടു നടക്കാം പിന്നോട്ട് വീഴാതെ!
വളരെ ലളിതമായ ചില സംശയങ്ങൾ ചോദിക്കട്ടെ?
ചോ: കോവിഡ് ഒരു സാധാരണ വൈറൽ പനി അല്ലേ, അപ്പോൾ വേറെ കുറേ വൈറസുകൾ കാണുമല്ലോ, ഏതൊക്കെ ആണ് ആ വൈറസുകൾ?
ഉ: എല്ലാ കൊല്ലവും ചില സീസണിൽ എല്ലാവർക്കും ഒന്നിച്ചു പനി വരാറില്ലേ, ആ വൈറസ്.
ചോ: ഏതു വൈറസ് ആണ് ആ പനി ഉണ്ടാക്കിയത്?
ഉ: Influenza, rhino, adeno corona ഒക്കെ ആയിരിക്കണം.
ചോ: എങ്ങനെ പറയുന്നു?
ഉ: പണ്ട് ടെക്സ്റ്റ് ബുക്കിൽ പഠിച്ച അറിവു വെച്ച് , പിന്നെ രോഗിയുടെ ലക്ഷണങ്ങൾ വെച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ.
ചോ: ഈ വെറസുകൾ കാരണം വേറെ കോംപ്ലിക്കേഷനുകൾ വല്ലതും? മരണം ഉണ്ടാകുമോ? എത്ര പേര് മരിക്കും?
ഉ: വൈറസ് ഏതാണെന്നറിഞ്ഞാലല്ലേ അതൊക്കെ പറയാൻ പറ്റൂ.
ചോ: അതെന്തേ?
ഉ: ഞങ്ങൾ എല്ലാത്തിനെയും വൈറൽ പനി എന്ന് വിളിക്കും.
ചോ: അപ്പോൾ ഡെങ്കി വൈറസ് അല്ലേ?
അതിന് ടെസ്റ്റുണ്ട്, അപ്പോൾ അതു മാത്രം വേറെ പറയും.
ചോ: ഇനി തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്ക് കടക്കാം. എന്സഫലൈറ്റിസ്.
എങ്ങനെ കണ്ടു പിടിക്കും?
ഉ: രോഗിയുടെ ടിപ്പിക്കൽ ലക്ഷണങ്ങൾ. ഈസി ജോബ്
ചോ: നിങ്ങളുടെ നാട്ടിൽ അതുണ്ടാക്കുന്നത് ആരൊക്കെയാ?
ഉ: നിപ്പ വന്നതിന് ശേഷം ഉള്ളത് മതിയോ? കുറച്ചൊക്കെ തരം തിരിച്ചു പറയാം. നിപ്പ വരുന്ന വരെ വൈറസ്, അത്ര തന്നെ.
ചോ: ഹൃദയത്തെ ബാധിച്ചു പെട്ടെന്ന് മരണത്തിൽ വരെ കലാശിക്കുന്ന മയോകാർഡിറ്റിസോ?
ഉ: ലക്ഷണങ്ങൾ വെച്ച് മനസിലാക്കാൻ പറ്റും. ഉണ്ടാക്കുന്നത് മറ്റുതരം വൈറസ് !!
ചോ: അപ്പോൾ ഇതൊക്കെ എന്ത് തരം വൈറസ് ആണെന്നൊന്നും അറിയണ്ടേ?
ഉ: ഓ ചുമ്മാ സമയം മെനക്കെടുത്താൻ, ചികിത്സ എല്ലാം ഒന്നല്ലേ.
ചോ: അപ്പോൾ പകരുന്ന രീതിയൊക്കെ വ്യത്യാസമുണ്ടാകില്ലേ? ആർക്കൊക്കെ, എങ്ങനെ? എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ?
ഉ: അതൊക്കെ ഓരോരുത്തരുടെ രോഗ പ്രതിരോധ ശക്തിക്കനുസരിച്ചിരിക്കും. (നിങ്ങളുടെ ഭാഷയിൽ അതിനെ യോഗമെന്നും വിളിക്കാം)
ഇതാണ് കുറച്ചു വർഷം മുൻപ് വരെ, നമ്മുടെ സർക്കാർ ആശുപത്രികളിൽ അണുബാധകളിലെ രീതി. രോഗകാരണം ഒരു വൈറസ്, ബാക്ടീരിയ എന്നൊക്കെ ഊഹിക്കുന്നതിനപ്പുറം കൃത്യം ഏതുതരം എന്ന് പറയാൻ സാധിക്കാതെ പോകുന്ന നിരവധി അവസരങ്ങൾ. പെട്ടെന്ന് മരണത്തിൽ കലാശിച്ച ഉത്തരമില്ലാത്ത എത്രയോ അണുബാധകൾ. ആരും ഇതിന് പിറകെ അന്വേഷണവുമായി പോകാറില്ല. പോകാത്തതിന് കാരണം പരമ്പരാഗതമായി കൈമാറിയ വിശ്വാസങ്ങൾ, പരിശീലന രീതി. പ്രയോജനമില്ലെന്ന തോന്നൽ. എല്ലാത്തിനുമപ്പുറം സാമ്പത്തിക പരാധീനത. ലോകത്ത് എല്ലായിടത്തും ഇതിനൊക്കെ ഉത്തരം ഉണ്ടെന്നൊന്നുമല്ല, പക്ഷേ അങ്ങനെയും ചിന്തിക്കണം, അതിനു വേണ്ടിയും ശ്രമിക്കണം എന്നൊരു വികാരം ഉണ്ടാവില്ലേ, അതു നേരത്തേ പറഞ്ഞ പരമ്പരാഗത ആരോഗ്യ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗം ആയിരുന്നില്ല.
അണുബാധയിലെ ഒന്നാം ഘടകമായ ഏജൻ്റിൻ്റെ കാര്യം അവിടെ നിൽക്കട്ടെ, ഹോസ്റ്റിലേക്ക് വരാം. എന്തുകൊണ്ട് ചില ആളുകളിൽ മാത്രം അണുബാധകൾ ഗുരുതരമാകുന്നു? അല്ലെങ്കിൽ ചിലരിൽ വീണ്ടും വീണ്ടും അണുബാധകൾ പ്രത്യക്ഷപ്പെടുന്നു?
ഉത്തരം വളരെ ബുദ്ധിമുട്ടു തന്നെ. അവരുടെ രോഗ പ്രതിരോധ അവസ്ഥയെ കുറിച്ച് വിശദമായ പഠനം വേണ്ടിവരും. ജനിതകപഠനങ്ങൾ അടക്കം. ലാബില്ല, പണമില്ല. നടക്കില്ല.
മൂന്നാം ഘടകം എൻവയോൺമെൻറ്, അല്ലെങ്കിൽ പരിസ്ഥിതി. അണുബാധകൾ ഉണ്ടാവാനും പകരാനുമുള്ള സാഹചര്യങ്ങൾ എത്രത്തോളമുണ്ടിവിടെ?
സമൂഹം അവിടെ നിൽക്കട്ടെ, തുടങ്ങേണ്ടത് ആശുപത്രികളിൽ നിന്നല്ലേ?
തേങ്ങ അടുക്കിയിട്ടപോലെ രോഗികളെ കിടത്തുമ്പോൾ അതിൽ പകരാൻ സാദ്ധ്യതയുള്ള അണുബാധക്കാരുടെ സ്ഥാനം എവിടെയായിരുന്നു. കണ്ടാലറിയുന്ന ചിക്കൻപോക്സും അഞ്ചാം പനിയും മാറ്റിക്കിടത്തുമായിരിക്കും, നേരത്തേ പറഞ്ഞ കൂട്ടർ? വൈറൽ പനികൾ? എൻസഫലൈറ്റിസ്? മയോകാർഡൈറ്റിസ്?
എത്ര വർഷങ്ങളായി ഈ ആശുപത്രികൾ തുടങ്ങിയിട്ട്. ഇതു വരെ ഇത്തരം രോഗികളെ ഐസൊലേറ്റ് ചെയ്യണമെന്ന തോന്നൽ ഉണ്ടായിരുന്നോ? അനേകം കെട്ടിടങ്ങൾക്ക് വേണ്ടി അപേക്ഷിച്ചപ്പോൾ അണുബാധകൾ കൈകാര്യം ചെയ്യാനുള്ള സ്ഥലം, സൗകര്യത്തിന് വേണ്ടി ശ്രമിച്ചോ?
കൈ കഴുകുന്നതിൻ്റെ പ്രാധാന്യം എന്തായിരുന്നു? ഓപ്പറേഷൻ തിയറ്ററിൽ കയറുമ്പോൾ ചെയ്യേണ്ട ആചാരം ആയിട്ടല്ലാതെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ? MRSA ഉണ്ടാവാൻ സാദ്ധ്യതയുള്ള ആളെ തൊട്ട് തലോടിയ ശേഷം അതേ കൈ കൊണ്ട് വൃക്കരോഗിയുടെ മിടിപ്പ് പരിശോധിച്ച കാലം മറന്നോ? പ്രെവെൻഷൻ ഈസ് ബെറ്റർ എന്നും പറഞ്ഞു നടന്ന പാവം കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർമാർ ഹാസ്യകഥാപാത്രങ്ങളും ഒരു നോട്ടം കൊണ്ട് രോഗം കരിച്ചു കളയുന്ന പ്രൊഫസർമാർ പൂജാ ബിംബങ്ങളും ആയി മാറിയപ്പോൾ വാർഡുകളിൽ വെച്ച് അണുബാധ പടരുന്നത് തടയാൻ എന്തൊക്കെ മാതൃകകൾ നമ്മൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്?
രായ്ക്കുരാമാനം പൊതു ജനത്തെ തെറി വിളിക്കുന്നുണ്ടല്ലോ, മാസ്ക് വെക്കാത്തതിന്, സാമൂഹിക അകലം പാലിക്കാത്തതിന്, ചുമക്കുമ്പോൾ ശ്രദ്ധിക്കാത്തതിന്. ഒരു സാംക്രമിക രോഗം നിയന്ത്രിക്കാൻ എന്ത് രീതിയാണ് അവർക്ക് പറഞ്ഞു കൊടുത്തിരുന്നത്? പനിയും കൊണ്ട് ഒരാളെ കാണിക്കാൻ ഒരു കുടുംബം മുഴുവൻ ഓ പി യിൽ കയറി വന്നാൽ, പുറത്തെ ജനാവലിക്കിടയിൽ പോയി നിന്നാൽ? അവർക്ക് ശരിയായ സന്ദേശം കൊടുത്തിരുന്നോ?
അണുബാധയ്ക്ക് ഇത്രയും അനുകൂലമായ വളക്കൂറുള്ള മണ്ണ് ആശുപത്രിയിൽ കൊടുക്കുമ്പോൾ പിന്നെ സമൂഹത്തിൻ്റെ കാര്യം ചോദിക്കേണ്ടല്ലോ.
ഇങ്ങനെ പരമ്പരാഗതമായി നമ്മൾ അനുഷ്ഠിച്ച് പോന്ന പല കർമ്മങ്ങൾ ഉണ്ട്. നമ്മുടെ പുതു തലമുറ നമ്മെ കണ്ടു പഠിച്ചവ. ഒരിക്കലും മാറ്റാൻ ശ്രമിക്കാത്തവ. മാറ്റാൻ ശ്രമിക്കുന്നവരെ പുച്ഛിക്കുന്നവ. സ്വന്തം അറിവുകളും കഴിവുകളും ഏത് സാങ്കേതിക വിദ്യയെക്കാളും വലുതെന്ന ഒരു വിശ്വാസം. ഇതിന് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ വര്ഷങ്ങളോളം പിറകോട്ടു കൊണ്ടു പോയതിലുള്ള സ്ഥാനം ചെറുതല്ല.
സാംക്രമികമല്ലാത്ത രോഗങ്ങളിലേക്ക് വരാം. ഹൃദയാഘാതം വന്നാൽ ക്ലോട്ട് അലിയാൻ മരുന്നും കൊടുത്ത് ഒരു മണിക്കൂറിനുള്ളിൽ വാർഡിലെ വരാന്തയിൽ കിടത്തുന്ന ആശുപത്രി. ശ്വാസനാളത്തിലൂടെ ട്യൂബുമിട്ട് ആംബു ബാഗ് പീച്ചി വാർഡിൽ കിടക്കുന്ന ആശുപത്രി. വിദേശ രാജ്യങ്ങളിൽ ഐസിയുവിൽ കിടത്തി ചികിത്സിക്കുന്നവരെ ഞങ്ങളുടെ ആശുപത്രിയിൽ നിലത്തു കിടത്തി ചികിത്സിക്കും. ഇത് ഒരു അഭിമാനിക്കേണ്ടുന്ന കാര്യമാണോ? വെൻറിലേറ്റർ ഞങ്ങൾക്കിഷ്ടമില്ല. ഐ സി യു ഒക്കെ ആഡംബരം. പണം ഇല്ലാത്തതിന്റെ കാര്യം അറിയാം, അതല്ല വിഷയം. നമ്മുടെ മനസ്ഥിതി, അത് നമ്മുടെ ആരോഗ്യ വ്യവസ്ഥയുടെ പുരോഗതിക്ക് എത്ര തടസ്സം ആയി എന്നതാണ് വിഷയം. ഞങ്ങൾക്ക് ഞങ്ങളുടെ കഴിവിൽ അത്ര വിശ്വാസമാണ്. ക്ലിനിക്കൽ സ്കിൽ, ഡയഗണോസ്റ്റിക് സ്കിൽ…. ടെക്നോളജിക്ക് ഇവിടെ വലിയ റോൾ ഇല്ല. നമ്മൾ തട്ടിയും മുട്ടിയും ന്യൂമോണിയ കണ്ടുപിടിച്ചാൽ അത് ന്യൂമോണിയ തന്നെ, എക്സ് റേ യിൽ അതേ ന്യൂമോണിയ കണ്ടില്ലെങ്കിൽ അത് എക്സ് റേ മെഷീൻ്റെ കുഴപ്പം, അല്ലെങ്കിൽ എക്സ് റേ ടെക്നീഷ്യൻ്റെ.
പുതിയ കണ്ടുപിടുത്തങ്ങളോട് പുച്ഛം. രോഗനിർണ്ണയത്തിലും ചികിത്സയിലും ടെക്നോളജിയുടെ ഉപയോഗത്തോട് പുച്ഛം. ഒരു ദിവസം അത്യാഹിത വിഭാഗത്തിൽ മുന്നൂറ് രോഗികൾ ഗുരുതര രോഗങ്ങളുമായി വരുന്ന ആശുപത്രിയിൽ ഐസിയുവിൽ ബെഡ്ഡ് പത്തെണ്ണം. അതിലും കുറവ് വെൻ്റിലേറ്ററുകൾ! ഞങ്ങൾക്ക് അതു തന്നെ അധികം!!
ശരിയാണ്, ഒരു ഡോക്ടർ പ്രാഥമികമായി തൻ്റെ കണ്ണുകളും ചെവികളും കൈകളും കൊണ്ട് രോഗം തിരിച്ചറിയണം, ചികിത്സിക്കണം. പക്ഷേ ശാസ്ത്രം പുരോഗമിക്കുമ്പോൾ മുഖം തിരിച്ചു നിന്ന് തൻ്റെ സിദ്ധാന്തങ്ങളെ മാത്രം വിശ്വസിച്ചു നിന്നാൽ ചിലപ്പോൾ വർഷങ്ങൾ പിറകിലായിപ്പോകും. നമ്മൾ മാത്രമല്ല, നമ്മളെ പിന്തുടരുന്ന തലമുറകളും. ഒരു സിസ്റ്റം മുഴുവൻ.
കോവിഡ് ഒരു ആത്മപരിശോധനയ്ക്കുള്ള സമയം കൂടിയാണ്. ചൈനക്കു പകരം ഈ വൈറസ് ഇന്ത്യയിൽ തുടങ്ങിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
ഇനി ഒരു വൈറസ് ആണെന്ന് നമ്മൾ തിരിച്ചറിഞ്ഞു എന്ന് തന്നെ വിചാരിക്കുക. ഇപ്പോൾ നമ്മൾ വളരെ എളുപ്പത്തിൽ പറയുന്നല്ലോ, ‘ഡെക്സോണ കൊടുക്കണം’ ‘ഹെപ്പാരിൻ കൊടുക്കണം’ എന്നൊക്കെ. ഒരു അണുബാധ എന്ന നിലയിൽ നമ്മൾ സാധാരണ നിലക്ക് സ്റ്റിറോയ്ഡ് കൊടുക്കുമോ? ഏത് വൈറൽ പനിയിലാണ് ഹെപ്പാരിൻ കൊടുക്കാറുള്ളത്? ഇതെല്ലാം നമ്മൾ അബദ്ധം പറ്റിയെന്ന് കരുതുന്ന രാജ്യങ്ങളുടെ സംഭാവനയാണ്. നമ്മുടെ മുഖത്തുള്ള മാസ്കു പോലും. അവർ പറഞ്ഞു തന്ന പാഠങ്ങൾ പഠിച്ച്, അവർ ഉപയോഗിച്ച മാർഗങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോളും അവർക്ക് പറ്റിയത് തെറ്റാണെന്ന് നമ്മൾ പറയണം.
നാം ഇപ്പോൾ പാഠം പഠിക്കുകയാണ്. നമ്മൾ ചെയ്തു പോന്ന അബദ്ധങ്ങൾ തിരുത്തുകയാണ്. പുതുതലമുറയെ അങ്ങനെ തന്നെ വളർത്തണം. ശാസ്ത്ര സാങ്കേതിക വിദ്യകൾ പൂർണ്ണമായി ഉപയോഗിക്കുന്നവരാകണം. ലോകത്തെ ഏറ്റവും പുതിയ പരിശോധനാ, ചികിത്സാരീതികൾ നമ്മുടെ രോഗികൾക്കും ലഭിക്കണം. ഒരു ഡോക്ടറുടെ എല്ലാ അറിവിനോടും ക്ലിനിക്കൽ സ്കില്ലിനോടും കൂടെ ടെക്നോളജി കൂടി സമാന്വയിപ്പിച്ച ഒരു ചികിത്സാ രീതിയാണ് നമുക്ക് വേണ്ടത്. ഊഹങ്ങളും സ്വന്തം അഭിപ്രായങ്ങളും അടിച്ചേൽപ്പിച്ചു ഇനിയും അവരെ പിറകോട്ടു കൊണ്ടു പോവുകയല്ല. വ്യക്തികളുടെ അനുഭവങ്ങളും അഭിപ്രായപ്രകടനങ്ങളും evidence based medicine ന് വഴി മാറി കൊടുക്കേണ്ടി തന്നെ വരും.