· 8 മിനിറ്റ് വായന
നിയന്ത്രണരേഖ
കുറച്ചു മാസങ്ങൾ മുൻപാണ്, കെനിയയിൽ കോവിഡ് പടർന്നു തുടങ്ങുന്നു. സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും പോലീസിനാണ്. അന്നവിടെ കർഫ്യു ലംഘിച്ചു എന്ന പേരിൽ പോലീസ് വെടിവെച്ച് കൊന്നതിൽ സ്വന്തം ബാൽക്കണിയിൽ നിന്ന ഒരു പതിമൂന്നുകാരനും ഉണ്ടായിരുന്നു. ആ സമയത്തവിടെ ഒഫിഷ്യൽ കണക്ക് അനുസരിച്ചു കോവിഡ് മരണം 6 ആണ്. എന്നാൽ പോലീസിന്റെ ഇടപെടലിൽ മരിച്ചവർ 13 പേരായിരുന്നു. (നിലവിൽ 18).
ഏപ്രിലിൽ UN ന്റെ മനുഷ്യാവകാശ ഹൈ കമ്മീഷ്ണർ പ്രസ്താവനയിൽ പറഞ്ഞിരുന്നു, അടിയന്തിര സാഹചര്യത്തിന്റെ മറവിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടപ്പാവുന്ന സാഹചര്യങ്ങൾ രാജ്യങ്ങൾ നിയന്ത്രിക്കണം എന്ന്.
മിനിഞ്ഞാന്ന് ജർമ്മനിയിൽ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങി, നിയന്ത്രണങ്ങൾ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട്. (മാസ്ക് വെക്കണം എന്നൊക്കെ ഉള്ളത് ആണ് നിലവിലവിടത്തെ നിയന്ത്രണങ്ങൾ !!!)
ഇറ്റലിയിലും, അമേരിക്കയിലും, സെർബിയയിയിലും മറ്റു കുറേ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ നീക്കാനാവശ്യപ്പെട്ട് പലപ്പോഴും ജനങ്ങൾ ഇക്കാലയളവിൽ തെരുവിൽ ഇറങ്ങിയിട്ടുണ്ട്.
കേരളത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പോലീസിനെ ഏൽപ്പിച്ചെന്ന വാർത്തയാണിതൊക്കെ ഓർമ്മിപ്പിച്ചത്.
മഹാമാരി ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വിദഗ്ധരും ഭരണനേതൃത്വവും ചേർന്നാണ്. ഇത് കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പലവിധ സമ്പർക്ക നിയന്ത്രണ സ്ട്രാറ്റജികൾ ലോകത്ത് എല്ലാ രാജ്യങ്ങളിലും ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്, അത് ലോക്ക് ഡൗൺ, കർഫ്യു, സ്റ്റേ അറ്റ് ഹോം എന്നിങ്ങനെ പല രീതികൾ ആയിരുന്നു.
ഒരു വ്യക്തിക്ക് വരുമ്പോൾ, രോഗം എന്ന നിലയ്ക്ക് പല കാരണങ്ങൾ കൊണ്ടും കോവിഡ് മറ്റു പല പകർച്ചാവ്യാധികളെയും അപേക്ഷിച്ച് ലഘുവാണ്. എന്നാൽ പടർന്നു പിടിക്കുന്നതിന്റെ തോത്, വേഗത, ഓരോ ദിവസവും ഉണ്ടാകുന്ന മരണങ്ങൾ, ഇതുമൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ ഇതെല്ലാം കൂടി അതിനെ വലിയ വ്യാപ്തിയുള്ള പൊതുജനാരോഗ്യ പ്രശ്നമാക്കി മാറ്റുന്നു. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ വയ്യാത്ത ലോഡിലേക്ക് വരുമ്പോൾ പ്രശ്നം ഗുരുതരമാവുന്നു, മരണ നിരക്കും പ്രത്യക്ഷ-പരോക്ഷ ആരോഗ്യ-സാമൂഹിക പ്രശ്നങ്ങളും ഏറുന്നു.
അതിനാൽ തന്നെ രോഗവ്യാപന തോത് കുറയ്ക്കാനായാണ് സമ്പർക്ക നിയന്ത്രണ പരിപാടികൾ നടപ്പിലാക്കേണ്ടി വരുത്തുന്നത്. എന്നാൽ ഇത് ഇരുതല മൂർച്ചയുള്ള വാളാണ്, താൽക്കാലികമായും സൂക്ഷ്മതയോടെയും മാത്രം നടപ്പാക്കാൻ പറ്റുന്ന ഒന്ന്. ജനങ്ങളുടെ ജീവിതം സ്തംഭിക്കുമ്പോൾ മാനസികവും ശാരീരികവും സാമ്പത്തികവുമായ മറ്റു പ്രശ്നങ്ങളിലേക്ക് അവർ പോവും.
വിദേശ രാജ്യങ്ങളിൽ ചെറിയ നിയന്ത്രണങ്ങൾ ആയിരുന്നിടത്തു പോലും ജനം തെരുവിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ അസ്വാഭാവികത ഒന്നുമില്ല, മനുഷ്യർ സാമൂഹിക ജീവികൾ കൂടിയാണ്. സാമൂഹിക ഇടപഴകലുകൾ അനാദി കാലത്തേക്ക് തടുത്തു നിർത്താനാവില്ല. ജീവിതത്തിൽ വരുത്തേണ്ടി വരുന്ന മാറ്റങ്ങൾ, സഹനം ഒക്കെ നമ്മളുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പൊതു സമൂഹത്തിനു തന്നെ തോന്നണം, അതുറപ്പാക്കേണ്ടത് മഹാമാരിയെ തടയാൻ മുന്നിൽ നിൽക്കുന്നവരുടെ കടമയാണ്.
ജനങ്ങളുടെ ജീവിതം v/s ജീവനോപാധി ആണ് തുലനം ചെയ്യേണ്ടത്. ഇതിനെ എങ്ങനെ ബാലൻസ് ചെയ്യാം എന്നതാണ് ലോകജനത നേരിടുന്ന വെല്ലുവിളി. നമ്മുടെ കേവലയുക്തി കൊണ്ട് ഇതു എളുപ്പത്തിൽ പരിഹരിക്കാൻ കഴിയില്ല. അത്ര അപൂർവങ്ങളിൽ അപൂർവം ആണ് ഈ പ്രതിസന്ധി.
വിഭവശേഷിയും ചികിത്സാ സൗകര്യങ്ങളും നമ്മെക്കാൾ ഏറെയുള്ള രാജ്യങ്ങൾ സമ്പർക്ക നിയന്ത്രണങ്ങൾ പരിമിതമാക്കിയപ്പോൾ അല്ലെങ്കിൽ അതേർപ്പെടുത്താൻ വൈകിയപ്പോൾ രോഗത്തിരമാല ഉണ്ടായി മരണങ്ങൾക്കും മറ്റനവധി പ്രത്യാഘാതങ്ങൾക്കും കാരണമായി. ഏറ്റവും സുസ്ഥിര സാമ്പത്തികാവസ്ഥകളുള്ള ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ പോലും ദശകങ്ങളൊക്കെ ആയിട്ടറിഞ്ഞിട്ടില്ലാത്ത സാമ്പത്തിക തിരിച്ചടി നേരിടുകയാണ്.
എന്നാൽ സാമ്പത്തിക-മാനവവിഭവശേഷി കുറവുള്ള ചെറിയൊരു സംസ്ഥാനമായ കേരളം ഇതുവരെ പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച പ്രതിരോധമാണ് ഇതുവരെയും കാഴ്ച വെച്ചത്. രോഗികളുടെ എണ്ണം അതിവേഗതയിൽ കൂടുന്നതിന്റെ തോത് കുറയ്ക്കുക തന്നെയാവും നമുക്ക് ഇനിയും കരണീയം. എന്നാൽ അതിനെടുക്കുന്ന നടപടികൾ മൂലം അനുബന്ധ അപ്രതീക്ഷിത ഗുരുതര പ്രശ്നങ്ങൾ കൊളാറ്ററൽ ഡാമേജ് ഉണ്ടാവാനും പാടില്ല.
അതെ, ശരിക്കും വല്ലാത്ത ഒരു അവസ്ഥ തന്നെ!
ക്ലസ്റ്റർ നിയന്ത്രണ പരിപാടികളൊക്കെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്നത് ഈ അവസ്ഥയിലാണ്. ഒരു കൂട്ടം രോഗികളെ ആണ് ക്ലസ്റ്ററുകളെന്നു വിശേഷിപ്പിക്കുന്നത്. കൂടുതൽ രോഗികൾ ഒരു പ്രദേശത്തുണ്ടാവുമ്പോൾ രോഗവ്യാപന ഉറവിടങ്ങൾ, രോഗികളുടെ സമ്പർക്കപ്പട്ടിക, കൂടുതൽ രോഗികളെ നേരത്തെ കണ്ടെത്താനുള്ള ടെസ്റ്റുകൾ, കൂടുതൽ ട്രെയ്‌സിംഗ്, കണ്ടെത്തിയവരെ ഐസൊലേറ്റ് ചെയ്തു ചികിത്സ ഇതൊക്കെയാണ് അടിസ്ഥാനപരമായി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിന് ആരോഗ്യപ്രവർത്തകർ പരിശ്രമിക്കുന്ന ഇടവേളയിൽ ആളുകളുടെ കൂടുതൽ ഇടപഴകൽ കൂടുതലുണ്ടാവാതിരിക്കണം എന്ന നിലയ്ക്കാണ് താൽക്കാലിക നിയന്ത്രണങ്ങൾ.
എത്ര ശ്രമിച്ചാലും വിഭവശേഷി ഇത്ര കുറഞ്ഞ രാജ്യത്ത് tertiary level കെയർ ചികിത്സാ സൗകര്യങ്ങൾ (ഐസിയു, വെന്റിലെറ്റർ പോലുള്ളവ) ജനസംഖ്യാനുപാതികമായി ഏറ്റവും മികച്ച നിലയിൽ ഒരുക്കാൻ കഴിയില്ല. നമ്മളെക്കാൾ നിരവധി മടങ്ങ് സൗകര്യങ്ങൾ ഉള്ള രാജ്യങ്ങളിൽ പോലും തീവ്രത സമയത്ത് ആരോഗ്യ സംവിധാനങ്ങൾ തകർന്നത് നമ്മൾ കണ്ടതാണ്.
ഇറ്റലിയും സ്പെയിനും ന്യൂയോർക്കും ടെക്സാസും UK യും മുതൽ ഏതാനും ആഴ്ച്ച മുന്നേ സൗത്ത് ആഫ്രിക്കയിൽ വരെ മെഡിക്കൽ സംവിധാനങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ രോഗികൾ എത്തിച്ചേർന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.
പ്രതിവിധി, ഇങ്ങനെ പെട്ടന്ന് വളരെയധികം രോഗികൾ ഉണ്ടാവാതിരിക്കുക മാത്രമാണ്. അതിനേറ്റവും നല്ല പോംവഴി നമ്മുടെ ‘ബ്രേക് ദി ചെയിൻ’ മാതൃക ഓരോ മനുഷ്യനും കൃത്യമായി പാലിക്കുക തന്നെയാണ്. അതിലെ ഏറ്റവും പ്രധാനസംഗതിയായ ‘ശാരീരിക അകലം’ പാലിക്കാൻ ജനങ്ങൾ വിമുഖത കാട്ടുമ്പോൾ അല്ലെങ്കിൽ അക്കാര്യങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിക്കുമ്പോൾ തീർച്ചയായും സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരും.
എന്നാൽ ഏതു തരം നിയന്ത്രണങ്ങളും ജനങ്ങളുടെ കൂടെ അറിവ്, സഹകരണം, പങ്കാളിത്തം എന്നിവയിലൂടെ നടക്കേണ്ടതാണ്, അടിച്ചമർത്തി നടപ്പാക്കാനാവുകയില്ല. പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്ത് കൊണ്ട്, മനസ്സിലാക്കിക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കണം. അത്തരത്തിലുള്ള നീക്കങ്ങളിലൂടെ അല്ലാതെ ഒരു പാൻഡെമിക്കിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കില്ല.
ദേശീയ ലോക്ക്ഡൗൺ സമയത്ത് നമ്മുക്ക് അത് കഴിഞ്ഞതാണ്. കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള സംവിധാനങ്ങൾ നാം ഫലപ്രദമായി നടപ്പാക്കിയതാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കി കൊണ്ട് പ്രവർത്തിക്കാൻ നമുക്ക് സാധിച്ചതാണ്. നിയന്ത്രണങ്ങൾ ഉണ്ടായിരിക്കേ തന്നെ സാമൂഹിക പരിരക്ഷയും ഉറപ്പ് വരുത്തി വലിയൊരു ടൈം ബോബ് നിർവ്വീര്യമാക്കിയ ധാരാവി കേരളത്തിലും സാധ്യമാവും, ആരോഗ്യ പ്രവർത്തകർ, പോലീസ്, അഗ്നിശമന സേനകൾ തുടങ്ങി മറ്റുവകുപ്പുകൾക്കുമൊപ്പം പൊതു സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ.
മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്ന ആരോഗ്യ വകുപ്പാണ് കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത്. ഇത്തരുണത്തിൽ വേണ്ടത് കൂടുതൽ സാമൂഹിക പങ്കാളിത്തവും സഹകരണവും ഉറപ്പു വരുത്തുകയും, ആരോഗ്യവകുപ്പിൻ്റെ വിഭവശേഷി ആവശ്യത്തിനുതകും വിധം ശാക്തീകരിക്കുകയും ചെയ്യുകയുമാണ്.
നിയന്ത്രണങ്ങൾ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കണം.
ജനങ്ങൾ കഷ്ടപ്പാടിലാണ്, കോവിഡ് അല്ലാത്ത പല രോഗങ്ങളും ഉണ്ട്. ജോലിനഷ്ടവും വരുമാന നഷ്ടവും മൂലം ജനങ്ങളിൽ നല്ലൊരു ശതമാനം ആൾക്കാർ വിവിധ സമ്മർദ്ദങ്ങളെ നേരിടുന്ന സാഹചര്യമാണ്. കോവിഡ് രോഗത്തെക്കുറിച്ചുള്ള സ്റ്റിഗ്മയും (സാമൂഹികമായ വെറുപ്പ്) ഒരു പ്രധാനവിഷയം തന്നെയാണ്. രോഗികളോടും നിരീക്ഷണത്തിൽ കഴിയുന്നവരോടും മനുഷ്യത്വമില്ലാത്ത നിലപാടുകൾ ഇതുമൂലം പല സ്ഥലങ്ങളിലും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. രോഗി അല്ല ശത്രു എന്ന സന്ദേശം ശരിയായ രീതിയിൽ സമൂഹത്തിൽ എത്തിക്കാൻ സാധിക്കുന്നുമില്ല. ഇങ്ങനെയൊക്കെയാണ് നിലവിലെ സാഹചര്യം.
ഇങ്ങനെയൊരു സാഹചര്യത്തിൽ പൊലീസിനെ മുൻനിരയിൽ നിർത്തി അവർക്ക് പ്രത്യേകാധികാരങ്ങൾ കൊടുക്കുന്നത് ജനങ്ങളെ സ്റ്റേറ്റിൽ കൂടുതൽ നിന്ന് അകറ്റുകയേ ഉള്ളൂ. പോലീസ് ഉദ്യോഗസ്ഥരെ കാര്യങ്ങൾ ഏൽപ്പിച്ച് റോഡ് സീൽ ചെയ്ത് കാവൽ നിർത്തി വൈറസിനെ തടുത്തു നിർത്താൻ പറ്റില്ല.
ഓരോ വ്യക്തിയും നിയന്ത്രണങ്ങൾ പാലിക്കേണ്ടത് അവർക്കും അവർ സ്നേഹിക്കുന്നവർക്കും സമൂഹത്തിനും വേണ്ടിയാണ് എന്ന സന്ദേശമാണ് കൈമാറ്റം ചെയ്യപ്പെടേണ്ടത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയും ആവശ്യമാണ്.
പക്ഷേ, ഓരോ പ്രദേശത്തും നിയന്ത്രണങ്ങൾ ഏതൊക്കെ എങ്ങനെയൊക്കെ എന്ന് തീരുമാനിക്കേണ്ടത് മെഡിക്കൽ ഓഫീസറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണനേതൃത്വവും ചേർന്ന് ആവണം. ഇങ്ങനെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ധരും ചേർന്നെടുക്കുന്ന തീരുമാനങ്ങൾ ജനതയെ കരുതിയാണ് എന്ന് സമൂഹത്തെ ബോധിപ്പിക്കാൻ സാധിക്കണം. ആ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തീർച്ചയായും പോലീസ് സഹായം ആവശ്യമാണ്.
അവിടെ ചെറിയ പാളിച്ചകൾ ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ പോലും ജനാധിപത്യ സംവിധാനങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും വിശ്വാസത്തിലെടുത്ത് പെരുമാറുന്നവരാണ് കേരളീയർ എന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇതുവരെയുള്ള കേരളചരിത്രം അതിന് തെളിവാണ്.
മറ്റൊരു വിഷയം കോൺടാക്ട് ട്രേസിംഗ് ആണ്. നിലവിൽ ആരോഗ്യപ്രവർത്തകർ ചെയ്യുന്ന പ്രവർത്തിയാണിത്. അതിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്തണം. വളരെയധികം കമ്മ്യൂണിക്കേഷൻ സ്കിൽ വേണ്ട ഒരു നടപടിയാണിത്. വ്യക്തികളോട് സംവദിച്ചു കൊണ്ട് രോഗപ്പകർച്ചാ റിസ്ക് വിലയിരുത്തി കൃത്യമായ പ്രൈമറി സെക്കണ്ടറി സമ്പർക്ക പട്ടിക തയ്യാറാക്കുക എന്നത് ലളിതമായ ഒരു നടപടിക്രമം അല്ല. ശാസ്ത്രീയ സമീപനം വേണ്ട ഒന്നാണ്. ഇത്തരം പ്രവർത്തികൾ ചെയ്യാൻ ആരോഗ്യപ്രവർത്തകരെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. രോഗം പിടിപെട്ട വ്യക്തികളുടെ സ്വകാര്യത മാനിച്ചുകൊണ്ട്, നൈതിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ചെയ്യേണ്ട പ്രവൃത്തിയാണിത്.
ആരോഗ്യ പ്രവർത്തകർ തളർന്നു തുടങ്ങി എന്നത് സത്യമാണ്. പക്ഷേ അവർ ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങൾ പൂർണ്ണമായും മറ്റൊരു വിഭാഗത്തെ ഏൽപ്പിക്കുന്നത് ഗുണകരമാവില്ല. പകരം അവർക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് അഭികാമ്യം. പൊലീസ് സംവിധാനവും തളരും, അവരിലും രോഗം പടരുന്നുണ്ട്. വലിയ ആൾക്കൂട്ടം ഒക്കെ നിയന്ത്രണം ലംഘിച്ചിറങ്ങിയാൽ രോഗവ്യാപനം സമൂഹത്തിൻ്റെ നാനാ തലങ്ങളിലേക്ക് വ്യാപിക്കുകയേ ഉള്ളൂ. യോഗ്യതയുള്ള ആരോഗ്യപ്രവർത്തകരെ താൽക്കാലികമായി റിക്രൂട്ട് ചെയ്യാൻ പറ്റും, എന്നാൽ പോലീസിംഗ് ചെയ്യാൻ താല്ക്കാലികമായി ആളെ നിയോഗിക്കാൻ പറ്റില്ലല്ലോ.
ഇത് ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് തീരുന്ന പ്രശ്നമല്ല എന്നും, ചിലപ്പോൾ വർഷങ്ങൾ ഇങ്ങനെ ഒരു രീതിയിൽ മുന്നോട്ടു പോകാൻ സാധ്യതയുണ്ട് എന്നും നമ്മൾ മുന്നിൽ കാണണം. കോവിഡിനൊപ്പം സുരക്ഷിതരായി ജീവിക്കുക എന്ന സന്ദേശമാണ് കൈമാറ്റം ചെയ്യപ്പെടേണ്ടത്. അതിൽ വ്യക്തികൾ എങ്ങനെ ഭാഗഭാക്കാകും എന്ന് ഓരോരുത്തരും തിരിച്ചറിയുകയാണ് വേണ്ടത്. രോഗികളോടും നിരീക്ഷണത്തിൽ കഴിയുന്നവരോടും ഉള്ള അവജ്ഞ ഇല്ലാതാക്കി, വ്യക്തികളുടെ ഭീതി ഇല്ലാതാക്കിക്കൊണ്ട് മുന്നോട്ടുപോവുകയാണ് അഭികാമ്യം.
നിലവിലത്തെ കേരളത്തിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പോലീസിനെ ഏൽപ്പിക്കുന്നത് ഒട്ടുംതന്നെ ശാസ്ത്രീയമോ സമയോചിതമോ ആയ നടപടി അല്ല. ഭയം, ജാഗ്രത എന്നീ വാക്കുകൾക്ക് വ്യത്യസ്തമായ അർത്ഥമാണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഭീതിക്ക് പകരം ജാഗ്രതയോടെ പെരുമാറാനുള്ള ആത്മവിശ്വാസം ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന രീതിയിൽ ഭരണസംവിധാനങ്ങൾ ഇടപെടണം.
ലോക്ക്ഡൗൺ കാലയളവ് ഉൾപ്പെടെ മഹാമാരിക്കാലത്ത് പൊതുവിൽ മികച്ച സേവനമാണ് മുൻനിരയിൽ നിന്ന് പോലീസ് സംവിധാനങ്ങൾ നടപ്പാക്കിയത്. അവിടെയും ചിലപ്പോഴെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാവാറുള്ള അമിതാധികാര പ്രവണതയും രോഗികളുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടികളും ഉണ്ടായിട്ടുണ്ട്. അടിയന്തിരമായി ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയവരെയും, ഡോക്ടർമാരെ വരെയും തടഞ്ഞുനിർത്തി ബുദ്ധിമുട്ടിച്ച അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അതൊക്കെ വീണ്ടും ഉണ്ടായാൽ വന്നുചേരുന്ന കളങ്കം വളരെ വലുതായിരിക്കും.