· 6 മിനിറ്റ് വായന

ലോക്ക് ഡൌൺ കാലത്തെ കാരുണ്യവും കരുതലും….

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം


ലോക്ക് ഡൌൺ കാലത്തു പ്രത്യേക പരിഗണനയും പരിരക്ഷയും വേണ്ട ഒരു വിഭാഗമാണ് സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന രോഗികൾ. അവരിൽ തന്നെ അല്പം കൂടുതൽ കരുതൽ വേണ്ടി വരുന്ന വിഭാഗങ്ങൾ ഉണ്ട്.

ഉദാ: പലതരം മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, എച്ച് ഐ വി ക്കു മരുന്ന് കഴിക്കുന്നവർ, ക്ഷയരോഗത്തിനു മരുന്ന് കഴിക്കുന്നവർ etc.

എന്നാൽ ഇതിനു വിപരീതമായി, സങ്കടകരമായ ചില സംഭവങ്ങൾ അടുത്തയിടെ കേട്ടു,

ഓ. പി യിൽ മനോരോഗ വിദഗ്ധനെ കാണാൻ പോകാൻ വരുത്തിയ ഓട്ടോ പോലീസ് തടഞ്ഞു നിർത്തി തിരിച്ച് വിടുന്നു. പകരം
ആംബുലൻസിലേ ആശുപത്രിയിലേക്ക് വിടാൻ കഴിയൂ എന്നും, ആംബുലൻസ് വന്നപ്പോൾ കൂടെ ബൈ സ്റ്റാൻഡർ വേണം എന്ന് വാശി പിടിക്കുകയും മറ്റും ചെയ്തു എന്ന് കേട്ടു.

മറ്റൊരിടത്തു കുറിപ്പും ആയി മരുന്ന് വാങ്ങാൻ ഇറങ്ങിയ രോഗിയെ കളിയാക്കിയെന്നും, ഇതിനൊക്കെ എന്തിനു മരുന്ന് കഴിക്കുന്നു എന്നുമൊക്കെ ചോദിച്ചു അത്രേ!! ഇതൊക്കെ ശരിയാണെങ്കിൽ സങ്കടകരമാണ്.

എന്താണ് മേൽപ്പറഞ്ഞ രോഗികളുടെ പ്രത്യേക അവസ്ഥ?

സാമൂഹികമായ വിവേചനം –

നിർഭാഗ്യകരമെന്ന് പറയട്ടെ പ്രബുദ്ധരെന്നു ഉദ്‌ഘോഷിക്കുന്ന കേരളം സമൂഹത്തിൽ പോലും വളരെയധികം വിവേചനം ഈ രോഗികളോട്‌ നിലവിലുമുണ്ട്. അത് കൊണ്ട് തന്നെ രോഗ വിവരങ്ങൾ പുറത്തായാൽ ഉള്ള വിവേചനം ഭയന്ന്, മരുന്ന് മുടങ്ങിയാലും വിവരം വെളിപ്പെടുത്താതെ തുടരാൻ പലരും പ്രേരിതരാവും.

മരുന്ന് മുടക്കുന്നത് അപകടം :

ഇത്തരം രോഗികൾ മുടക്കം ഇല്ലാതെ മരുന്ന് കഴിക്കേണ്ടത് അവരുടെയും രോഗം കടുക്കാതിരിക്കാനും, സൗഖ്യത്തിനും, ആവശ്യമാണ്, മരുന്ന് മുടക്കുന്നത് സങ്കീർണ്ണതകൾ സൃഷ്ടിക്കും.

അവർ കൃത്യമായി മരുന്ന് കഴിക്കേണ്ടത് ചുറ്റിനുള്ളവരുടെയും സമൂഹത്തിന്റെയും തന്നെ ആവശ്യമാണ്, അതല്ലെങ്കിൽ അത് സാമൂഹിക ആരോഗ്യം തന്നെ അപകടത്തിലാക്കും.

നിലവിലെ അവസ്ഥകൾ ?

എച് ഐ വി , ക്ഷയരോഗ മരുന്നുകൾ സർക്കാർ ആരോഗ്യ സംവിധാനം വഴിയാണ് ഒട്ടുമിക്ക രോഗികൾക്കും കിട്ടുന്നത്.

മാസാമാസം പോയി മരുന്ന് വാങ്ങി കഴിച്ചു വർഷങ്ങളായി നോർമൽ ജീവിതം നയിക്കുന്ന പല എച് ഐ വി രോഗികളും ഉണ്ട്. ചിലരുടെ കുടുംബത്തിൽ ഉള്ളവർക്ക് പോലും ഇവരുടെ രോഗവിവരങ്ങൾ അറിയില്ല.
മരുന്നുകൾ മുടങ്ങിയാൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്, കൊറോണ ഉൾപ്പെടെ ഉള്ള രോഗ ബാധയ്ക്കു അവരിൽ സാധ്യത ഏറും.

ക്ഷയരോഗ ചികിത്സ-

മുടങ്ങാതെ കഴിച്ചില്ലയെങ്കിൽ രോഗം മൂർച്ഛിക്കാം ആരോഗ്യ സ്ഥിതി അപകടത്തിലാവാം, രോഗപ്പകർച്ചാ സാധ്യത കൂടാം.
പിന്നീട് ചികിൽസിച്ചാൽ ഭേദമാവാൻ പ്രയാസമുള്ള (മരുന്നുകൾക്കെതിരെ പ്രതിരോധമുള്ള തരം കൂടിയ) ടി ബി ആയി മാറാം. ഇത് മറ്റുള്ളവർക്കും അപകട സാധ്യത ഉയർത്തും.

മനോ വൈഷമ്യങ്ങൾക്കുള്ള മരുന്നുകൾ –

ആധുനിക സമൂഹങ്ങളിൽ മനസ്സിന്റെ രോഗങ്ങളെ തലച്ചോറിലെ രാസഘടകങ്ങളുടെ വ്യതിയാനമാണ് എന്നത് മനസ്സിലാക്കിയിട്ടുണ്ട്. ആധുനിക വൈദ്യ ശാസ്ത്രം നിശ്ചയിക്കുന്ന ചികിത്സ കൃത്യമായി കഴിച്ചു മികച്ച രീതിയിൽ ജീവിതം നയിക്കുന്ന അനേകം പേര് നമ്മുടെ ഇടയിലുണ്ട്.

വിഷാദം പോലുള്ളവ വളരെ സാധാരണമാണ്. എന്നാൽ ഇപ്പോഴും രോഗാവസ്ഥ മറ്റുളളവരുടെ മുന്നിൽ വെളിപ്പെടുത്താൻ ഇവർക്ക് പോലും സ്വാ ഭാവികമായും വിമുഖതയുണ്ട്, സമൂഹത്തിന്റെ കാഴ്ചപ്പാടാണ് പ്രശ്നം.

ഡോക്ടർ നിർദ്ദേശിക്കും വിധം കൃത്യമായി മുടങ്ങാതെ കഴിക്കേണ്ടതാണ്.

മരുന്നുകളുടെ ഡോസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് നിർദ്ദിഷ്ട ഇടവേളകളിൽ രോഗിയെ ഡോക്ടർ നേരിട്ട് കണ്ടു പുനരവലോകനം ചെയ്തതിനു ശേഷം ആവേണ്ടതാണ്.

ഈ ഗണത്തിൽ പെടുന്ന മരുന്നുകൾ ഒട്ടുമിക്കതും കർശനമായും സൈക്ക്യാട്രിസ്റ്റ് ന്റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ കിട്ടൂ.

ഈ ഗണത്തിൽ പെടുന്ന രോഗികൾ ഒക്കെ ലോക്ക് ഡൌൺ കാലയളവിലും മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ഡോക്ടർമാരെ/ ആരോഗ്യ സംവിധാനങ്ങളെ/ മരുന്നുകടകളെ ഒക്കെ ആശ്രയിക്കേണ്ടതായി വരും.

ലോക്ക് ഡൌൺ കാലഘട്ടത്തിലെ പ്രതിസന്ധികൾ എന്തൊക്കെ?

ഇത്തരം രോഗികൾ ലോക്ക് ഡൌൺ കാലയളവിൽ കൂടുതൽ കരുതലാണ് കിട്ടേണ്ടത്, എന്നാൽ ഇവർ കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നു.

ഡോക്ടറെ കണ്ടു തുടർ ചികിത്സ / മരുന്ന് കുറിപ്പടിക്കായി പോവുന്ന രോഗികളെ പോലീസ് ഉദ്യോഗസ്ഥർ അനാവശ്യമായി പ്രയാസത്തിലാക്കുന്ന പ്രവണത കാണുന്നു എന്ന് പലരും പറയുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ഒഴിവാക്കാനുള്ള കർശന നടപടികൾ അധികാരികൾ എടുക്കണം എന്ന് അപേക്ഷയുണ്ട്.

രോഗത്തിന്റെ വിശദ വിവരങ്ങൾ വെളിപ്പെടുത്തണം എന്ന് നിർബന്ധിക്കുന്നു.ഉദാ: ആത്മഹത്യാ ചിന്ത ഒക്കെ കടുത്ത അവസ്ഥയിൽ ഡോക്ടറെ കാണാൻ പോവാൻ ഇറങ്ങുന്ന ഒരാളെ വഴിയിൽ വെച്ച് മാനസികമായി ഭേദ്യം ചെയ്‌താൽ എന്താവും അവസ്ഥ?

പരിഹാരങ്ങൾ എങ്ങനെ ഒക്കെ ആവാം?

ലോക്ക് ഡൌൺ എന്ന പ്രതിഭാസം തന്നെ മനുഷ്യരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ചുറ്റിനും നടക്കുന്ന കാര്യങ്ങളിൽ ഉള്ള ആകാംഷ , വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരുന്നതിന്റെ പ്രശ്നങ്ങൾ, വ്യായാമം മുടങ്ങുക, വേണ്ടപ്പെട്ടവർ കൂടെ ഇല്ലാതിരിക്കേണ്ടി വരുക, മറ്റു തൊഴിൽ/ സാമ്പത്തിക/ സാമൂഹികകായ പ്രശ്നങ്ങൾ എന്നിങ്ങനെ അനേകം ഘടകങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുൻപേ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൊറോണക്കാലം വെപ്രാളം, ഉറക്കക്കുറവ്, വിഷാദം എന്നിവ കൂടുതലായി ഉണ്ടാക്കുന്നുണ്ട്.

ആയതിനാൽ ഇത്തരം രോഗികൾക്ക് അധികമായി കരുതലും സാമൂഹിക സുരക്ഷയും നൽകുകയാണ് സ്റ്റേറ്റ്ന്റെയും , രോഗപ്രതിരോധ കർമ്മങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെയും കടമ.

മാനസികാരോഗ്യ നിയമ പ്രകാരം തന്നെ രോഗിക്ക് അയാളുടെ ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടാൻ അവകാശമുണ്ട്. ഒ. പി യിൽ പോവുന്ന ഒരു രോഗിയുടെ കൂടെ ബൈ സ്റ്റാൻഡർ ഉണ്ടാവേണ്ടത് അവശ്യമല്ല. അങ്ങനെ നിർബന്ധിക്കാനും പാടില്ല.

ഇത്തരം രോഗികൾക്ക് ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുമായി സഞ്ചരിക്കാൻ പ്രത്യേക പരിഗണന കൊടുക്കണം എന്ന് പോലീസ് സേനയ്ക്ക് നിർദ്ദേശം കൊടുക്കുന്നത് ഉചിതമാവും.

പകർച്ചേതര രോഗികൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സംവിധാനങ്ങൾ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടക്കുന്നുണ്ട്. അതിൽ പെടാത്ത രോഗികൾക്ക് ഈ സംവിധാന ങ്ങളെ ആശ്രയിക്കാനും ആ സംവിധാനങ്ങൾ ഉപയോഗയുക്തമാക്കാനും നടപടികളെടുക്കണം.

തൊട്ടു മുൻപത്തെ കുറിപ്പടിയോ, ഡോക്ടറുടെ ഫോണിലൂടെയോ, വാട്ട്സ് ആപ്പ്, ഇമെയിൽ പോലുള്ളവയിലൂടെയുള്ള നിർദ്ദേശങ്ങളോ പരിശോധിച്ച് മരുന്ന് നൽകാൻ മെഡിക്കൽ ഷോപ്പുകളിൽ സംവിധാനം ഉണ്ടാക്കുന്നത് പ്രയോജനപ്രദമാവും.

കൂടുതൽ കാലയളവിലേക്ക് മരുന്ന് വാങ്ങി വെക്കാൻ അനുവാദം കൊടുക്കണം.

എച് ഐ വി യുടെ ആന്റി റിട്രോവൈറൽ മരുന്നുകൾ രോഗികൾക്ക് അവരുടെ സ്വകാര്യത ഭംഗം വരാതെ അവർ ആഗ്രഹിക്കുന്ന തരത്തിൽ എത്തിച്ചു കൊടുക്കാൻ ഉള്ള സംവിധാനം ഉണ്ടാവുന്നതും ഉചിതം ആവും.

രോഗിയെന്ന നിലയിലുള്ള അവരുടെ സ്വകാര്യത അപകടത്തിലാക്കുന്നത്, അവരോടുള്ള വിവേചനം വർദ്ധിക്കാൻ കാരണമാവും. മാനസികാരോഗ്യ നിയമത്തിലും, എച് ഐ വി രോഗികളുടെ ചികിത്സ സംബന്ധിച്ച ചട്ടങ്ങളിലുമൊക്കെ അത് പ്രത്യേകം നിഷ്കർഷിച്ചിട്ടും ഉള്ളതാണ്.

ഓരോ വ്യക്തിയെയെയും പരിഗണിക്കാനും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പോലും പ്രശ്നങ്ങൾ പരിഹരിക്കാൻ താൽപ്പര്യം കാണിക്കുകയും, ചെയ്യുന്ന സംവിധാനമാണ് കേരള മാതൃകയായി നാം ഉയർത്തിപ്പിടിക്കുന്നത്. ഇവരുടെ കാര്യത്തിലും ആ പരിഗണന വേണ്ടതല്ലേ?

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ