· 9 മിനിറ്റ് വായന

കുറഞ്ഞ ശിശുമരണ നിരക്കിൽ കേരളം നമ്പർ വൺ

Current Affairsആരോഗ്യ അവബോധംപൊതുജനാരോഗ്യംശിശുപരിപാലനം

ഒരൽപം ഫ്‌ളാഷ് ബാക്ക് കഥയിലൂടെ തുടങ്ങി കാര്യത്തിലേക്കു വരാം… 1990 കളിൽ തിരുവനന്തപുരം മെഡി.കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്ന കാലം.

✳വയറിളക്കവുമായി കാഷ്വാലിറ്റിയിൽ കൊണ്ടുവന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞ്. നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ നോക്കാൻ പതപ്പിൽ കൈ വച്ചപ്പോൾ അവിടെ അരിമാവ് പോലെ എന്തോ ഒന്ന് ഒട്ടിച്ചു വച്ചിരിക്കുന്നു. പതപ്പ് കുഴിഞ്ഞിരിക്കുകയാണോ എന്നറിയാൻ നിർവാഹമില്ല. (ഒരു പക്ഷേ പതപ്പ് കുഴിയുന്നത് തകരാറാണെന്ന് മനസ്സിലാക്കി അത് നേരെയാക്കാൻ എടുത്ത ശ്രമമാകാം).

✳വയറിളക്കം തുടങ്ങിയതിന് ശേഷം കുഞ്ഞിന് കുടിക്കാൻ ഒന്നും കൊടുത്തിട്ടില്ല. വെളളം കൊടുത്താൽ വയറിളക്കം കൂടും എന്നാണ് അവരുടെ ധാരണ. കുഞ്ഞിന് ഗുരുതരമായ നിർജലീകരണം ഉണ്ടായിരുന്നു. ഞരമ്പിലൂടെ (vein)ഡ്രിപ്പ് കൊടുക്കണം. എന്നാൽ എത്ര ശ്രമിച്ചിട്ടും നിർജലീകരണം കാരണം ഒരു vein കിട്ടുന്നില്ല.

✳വായിലൂടെ ORS കൊടുത്തത് ചർദ്ദിച്ചു പോകുന്നു. പീഡിയാട്രിക് സർജൻ വന്ന് ചെറിയ ഒരു ഓപ്പറേഷനിലൂടെ (venous cut down ) ഡ്രിപ്പ് കൊടുക്കാനുള്ള മാർഗ്ഗം ശരിപ്പെടുത്തി. അപ്പോളേക്കും വളരെ വൈകിപ്പോയിരുന്നു.

✳അന്ന് കുഞ്ഞുങ്ങളുടെ മരണത്തിനുള്ള പ്രധാന കാരണം വയറിളക്ക രോഗങ്ങളായിരുന്നു. എന്നാലിന്ന് കുഞ്ഞിന് എന്ത് ഭക്ഷണം എങ്ങനെ നൽകണം എന്ന് അമ്മമാർക്ക് നല്ല ധാരണയുണ്ട്, വയറിളക്കം ഉണ്ടാകുന്നത് കുറവ്, ഉണ്ടായാൽ പോലും വീട്ടിൽ വെച്ച് തന്നെ എന്തൊക്കെ ചെയ്യണമെന്ന് (എന്തൊക്കെ ചെയ്തുകൂടാ എന്നും ) ഒരു വിധം എല്ലാവർക്കും അറിയാം.

✳ഇനി അഥവാ ഗുരുതരമായ നിർജ്ജലീകരണം വന്ന് venous access ലഭിക്കാത്ത സാഹചര്യം വന്നാലും എല്ലിനകത്തേക്കോ (intra osseous) central vein വഴിയോ ഡ്രിപ് കൊടുക്കാനുള്ള വൈദഗ്ധ്യം ഇന്ന് ഡോക്ടർമാർക്കുണ്ട്. മുകളിൽ പറഞ്ഞ കാരണത്താൽ ഒരു കുഞ്ഞ് മരണപ്പെടാനുള്ള സാധ്യത വളരെ കുറവാണ് ഇന്ന് കേരളത്തിൽ.

?ഈ വർഷം ഓറൽ റീ ഹൈഡ്രേഷൻ ലായനി അഥവാ ORS ന്റെ സുവർണ്ണജൂബിലി വർഷമാണ്. മുകളിൽ പറഞ്ഞ സംഭവം നടന്നത് സിൽവർ ജൂബിലി വർഷത്തിലും. ORS നെപ്പറ്റി സാധാരണക്കാർക്ക് അവബോധം ഉണ്ടാക്കാനുള്ള ബൃഹത്തായ പരിപാടികൾ അന്ന് നടത്തിയിരുന്നു, ഇന്നും തുടർന്നു പോരുന്നു.

?നവജാത ശിശുക്കളുടെ മരണമാണ് ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൽ മൂന്നിൽ രണ്ടു ഭാഗവും. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് കേരളത്തിൽ ഇതിലുണ്ടായ മാറ്റം വിവരണാതീതമാണ്.

?ചില സ്ഥിതിവിവരക്കണക്കുകൾ പറഞ്ഞാൽ അത് എളുപ്പം മനസ്സിലാവും.

?ഇന്ന് ഇന്ത്യയിലെ ശിശുമരണ നിരക്ക് 30 ആണ്. 1950 ൽ അത് 190 ആയിരുന്നു.

?കേരളത്തിലേത് ഇന്ന് 7 ഉം. മൊണാക്കോ, ഐസ്‌ലാന്റ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഇത് 2 ആണ്.

?അമേരിക്കയിൽ ഇത് ഏകദേശം 6 ആണ്.

?അതായത് വികസികരാജ്യമായ അമേരിക്കയിലെ ശിശുമരണ നിരക്കിനോട് ചേർന്നു നിൽക്കുന്നു നമ്മുടെ കേരളം, അതും വളരെ ചുരുങ്ങിയ മുതൽ മുടക്കിൽ.

?ലോകത്തിലെ ഏറ്റവും ഉയർന്ന ശിശുമരണനിരക്ക് ഇന്ന് അഫ്ഗാനിസ്ഥാനിലാണ് -111. കാരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ, പറയാം

?എന്താണ് ശിശുമരണ നിരക്ക് ?

1000 കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ ഒരു വയസ്സ് തികയുന്നതിന് മുമ്പ് മരിച്ചു പോകുന്നവരുടെ എണ്ണം.

?നവജാത ശിശു മരണനിരക്ക് എന്നാലെന്ത് ?

?1000 കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ 28 ദിവസം പ്രായമാകുന്നതിന് മുമ്പ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം.

?ഒരു നൂറ് വർഷം മുമ്പ് ലോകത്തിലെ ഏത് രാജ്യം എടുത്താലും ശിശുമരണ നിരക്ക് 1000 ന് 250 ഒക്കെ വരുമായിരുന്നു. അതായത് നാലിലൊരാൾ ഒരു വയസ്സ് തികയുന്നതിന് മുമ്പ് മരിക്കും.

?എന്തായിരുന്നു അന്ന് അത്രയും മരണനിരക്കിനു കാരണമായിരുന്നത്?

❎പോഷകാഹാരക്കുറവ്,
❎വയറിളക്ക രോഗങ്ങൾ,
❎ന്യൂമോണിയ,
❎ഇന്ന് നമ്മൾ വാക്സിൻ മുഖേന പ്രതിരോധിക്കുന്ന നവജാത ശിശുക്കൾക്കുണ്ടാകുന്ന ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ, അഞ്ചാം പനി, പോളിയോ,
❎നവജാത ശിശുക്കളെ ബാധിക്കുന്ന പെരിനാറ്റൽ അസ്ഫിക്സിയ, അണുബാധ (sepsis)
❎മാസം തികയാതെ പ്രസവം നടന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ
ഇവയൊക്കെയായിരുന്നു പ്രധാന കാരണങ്ങൾ.

?നിലവിൽ ആഗോളവ്യാപകമായിത്തന്നെ ശിശു മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്, അതെങ്ങനെ സാധ്യമായി?

ഒരു നൂറ്റാണ്ട് കൊണ്ട് ലോകം അതെങ്ങനെ സാധ്യമാക്കി,

✅നമ്മുടെ സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങൾ.
✅️ആധുനിക വൈദ്യശാസ്ത്രം നേടിയ പുരോഗതി.
✅ശാസ്ത്ര സത്യങ്ങൾ ജനങ്ങളിലേക്കെത്തിച്ച് അവരിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ സാധിച്ചതിലെ മികവ്.
✅ഭരണ രംഗത്തെ നേട്ടങ്ങൾ.
✅നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെട്ടപ്പോൾ യുദ്ധങ്ങളിലുണ്ടായ കുറവ്.
✅പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിലുളള മികവ്.
✅മെച്ചപ്പെട്ട സാമൂഹ്യ ബോധം

❣ആദ്യം പറഞ്ഞ ഇരുപതു വർഷം മുന്നത്തെ നേർക്കാഴ്ചയിലേക്കു തിരിച്ചു വരാം,

?അന്ന് 30-32 ആഴ്ചയെങ്കിലും തികയാത്ത കുഞ്ഞുങ്ങൾ രക്ഷപ്പെടാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാലിന് 26 ആഴ്ച കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ രക്ഷപ്പെട്ടു കിട്ടാൻ സാധ്യതയുണ്ട്. അതിലും കുറവുള്ളവരും അപൂർവ്വമായി രക്ഷപ്പെടുന്നുണ്ട്. പ്രസവ ചികിൽസയിലും നവജാത ശിശു ചികിൽസയിലും ഉണ്ടായ പുരോഗതി മൂലമാണിത്.

?ജനനസമയത്ത് കുഞ്ഞിന് ശ്വാസം എടുക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് പെരിനാറ്റൽ അസ്ഫിക്സിയ; നവജാത ശിശുക്കളുടെ മരണത്തിന് മറ്റൊരു പ്രധാന കാരണം.

?ഒരു നവജാത ശിശുവിന്റെ കരച്ചിൽ ആണ് ഏതൊരു ശിശുരോഗ വിദഗ്ദ്ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആനന്ദദായകമായ നിമിഷം. കാരണം കുഞ്ഞിന്റെ ആദ്യത്തെ കരച്ചിലാണ് മിക്കവാറും ആദ്യത്തെ ശ്വാസവും.

?എന്നാൽ വിവിധ കാരണങ്ങളാൽ ജനിച്ചയുടൻ ശ്വാസമെടുക്കാനും കരയാനും താമസിക്കുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്. അവർക്ക് താമസവിനാ പുനരുജ്ജീവന ചികിത്സ (Neonatal resuscitation) നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യ മിനുട്ട് (ഗോൾഡൻ മിനുട്ട് )ഏറെ നിർണായകമാണ്. ബാഗ് & മാസ്ക് ഉപയോഗിച്ചുള്ള കൃത്രിമ ശ്വാസോച്ഛാസം നൽകൽ, ചെസ്റ്റ് കംപ്രഷൻ, എൻഡോ ട്രക്കിയൽ ഇൻടുബേഷൻ എന്നിവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്.
?1992 ലാണ് CSSM (child survival and safe motherhood) എന്ന പ്രോഗ്രാം ഇന്ത്യയിൽ നടപ്പാക്കി തുടങ്ങിയത്. മാതൃമരണങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളോടൊപ്പം കുട്ടികളിൽ ന്യൂമോണിയ മരണങ്ങൾ തടയാനുള്ള National ARI (Acute Respiratory Infection) Control Program, വയറിളക്ക മരണങ്ങൾ തടയുന്നതിനുള്ള National ADD (Acute Diarrhoeal Disease) control Program, പ്രതിരോധ കുത്തിവെപ്പ് പരിപാടിയിലുള്ള ഊന്നൽ എന്നിവയും അതിന്റെ ഭാഗമായിരുന്നു. വയറിളക്ക രോഗങ്ങൾക്ക് മരുന്നു നൽകുന്നതിനെക്കാൾ പ്രാധാന്യം നിർജ്ജലീകരണം തടയുകയും, അഥവാ വന്നാൽ ശരിപ്പെടുത്തുകയും ചെയ്യുന്ന ORS പാനീയ ചികിൽസയ്ക്ക് നൽകിയത് വയറിളക്ക രോഗം മൂലമുള്ള മരണങ്ങൾ വളരെയേറെ കുറച്ചു കൊണ്ടുവരുന്നതിന് സഹായിച്ചു.

?NSSK (നവ് ജാത് ശിശു സുരക്ഷാ കാര്യക്രം ) എന്ന പദ്ധതിയെപ്പറ്റി പ്രത്യേകം പരാമർശിക്കാതെ വയ്യ. ഓരോ പ്രസവത്തിന്റെ സമയത്തും കുഞ്ഞിനെ നോക്കാനായി പരിശീലനം സിദ്ധിച്ച ഒരു ബർത്ത് അറ്റന്റന്റ് ഉണ്ടായിരിക്കണം എന്ന് ഈ പ്രോഗ്രാം വിഭാവനം ചെയ്യുന്നു.

?NSSK മുഖാന്തിരം ആയിരക്കണക്കിന് ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകപ്പെട്ടിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിലും മറ്റും ആരോഗ്യ പ്രവർത്തകരുടെ അഭാവത്തിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കുന്നതിനും സഹായത്തിനും ബന്ധുക്കളേയാ കൂട്ടിരുപ്പുകാരെയോ വരെ പരിശീലിപ്പിക്കാൻ NSSK നിഷ്കർഷിക്കുന്നു. ഇത്തരം പദ്ധതികളുടെ (NSSK,NRP) വിജയകരമായ നടത്തിപ്പ് പെരിനാറ്റൽ അസ്ഫൈക്സിയ തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

?1990കളിൽ പോലും പ്രസവം നടക്കുന്ന മിക്ക ആശുപത്രികളിലും ശിശുക്കളെ മരണവക്ത്രത്തിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള കൂടിയ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മതിയായ പരിശീലനം ലഭിച്ചവരുടെ സാന്നിദ്ധ്യവും കുറവായിരുന്നു. എന്നാലിന്ന് ആ സാഹചര്യം പാടെ മാറി.

?കേരളത്തിലെ ഈ മാറ്റങ്ങളുടെ പിന്നിലെ ചാലക ശക്തിയായ കുറച്ചു ഉദാഹരണങ്ങൾ വിവരിക്കാം,

♥A. നവജാത ശിശു ശസ്ത്രക്രിയയിലുള്ള പുരോഗതി –

പ്രത്യേകിച്ചും ജൻമനാലുള്ള ഹൃദയവൈകല്യങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞ ഏതാനും വർഷങ്ങളായി നല്ല രീതിയിൽ നടന്നു വരുന്നു.
ഹൃദ്യം പദ്ധതിയുടെ ആവിർഭാവം – സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലാണെങ്കിൽ പോലും കേരളാ ഗവണ്മെന്റിന്റെ ഹൃദ്യം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തികച്ചും സൗജന്യമായി ഓപ്പറേഷൻ ചെയ്യാൻ ഉള്ള സാഹചര്യം ഇന്നുണ്ട്. നവജാത ശിശുക്കളുടെ മരണത്തിൽ കുറവ് വരാനുള്ള ഒരു കാരണം ഇത് കൂടെയാണ്.

♥B. കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതിയുടെ ഭാഗമായി ധാരാളം SNCU (Sick Newborn Care Units) രാജ്യം മുഴുവൻ നടപ്പിലാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നല്ല നിലവാരമുള്ള നവജാത ശിശു ചികിൽസ ലഭിക്കുന്നതിന് ഇത് കാരണമായി.

♥C. നവജാത ശിശുചികിൽസയിൽ വൈദഗ്ധ്യമുള്ള ശിശുരോഗവിദഗ്ധരുടെ എണ്ണത്തിൽ അടുത്ത കാലത്തുണ്ടായ വർദ്ധനവും എടുത്ത് പറയേണ്ടതാണ്.

♥D. ശ്വാസകോശത്തിലുള്ള അണുബാധ (ന്യൂമോണിയ ) ശിശു മരണത്തിന് ഒരു പ്രധാന കാരണമായിരുന്നു. ഇന്ന് അതും വളരെ കുറഞ്ഞു.

സഹായിച്ച ഘടകങ്ങൾ –

?മുതിർന്നവരുടെ പുകവലിയിൽ ഉണ്ടായ കുറവ്
?വിറകടുപ്പുകളുടെ കുറവ്
?ആസ്ത്മ പോലുള്ള രോഗങ്ങളുടെ ഫല പ്രദമായ ചികിൽസ (inhaler ചികിൽസ )
? ഹീമോഫിലസ് ഇൻഫ്ലുവൻസാ വാക്സിൻ (പത്ത് വർഷത്തിലേറെയായി നമ്മുടെ പ്രതിരോധ ചികിൽസാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു)
?ജന്മനാലുള്ള ഹൃദയവൈകല്യങ്ങളുടെ നേരത്തേയുള്ള ഓപ്പറേഷൻ
?കുഞ്ഞുങ്ങളുടെ ശ്വസന വേഗത (Respiratory rate) നോക്കി ന്യൂമോണിയ നിർണ്ണയിക്കുന്ന രീതി മൂലം വളരെ തുടക്കത്തിൽ തന്നെ രോഗ നിർണ്ണയം സാധ്യമാകുന്നതും,
?അനുയോജ്യമായ ആന്റിബയോട്ടിക്കുകൾ രോഗനില വഷളാകുന്നതിന് മുമ്പ് തന്നെ തുടങ്ങാൻ സാധിക്കുന്നതും ന്യൂമോണിയ മൂലമുള്ള മരണനിരക്ക് കുറക്കാൻ ഏറെ സഹായകമായി.

♥E . ഗർഭിണികൾക്ക് ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിലൂടെ ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന മാരകമായ വൈകല്യങ്ങൾ കണ്ടു പിടിക്കുന്നതിൽ ഉണ്ടായ പുരോഗതി

ഓപ്പറേഷൻ ചെയ്ത് ശരിയാക്കാൻ പറ്റാത്ത തരത്തിലുള്ള ഗുരുതരമായ വൈകല്യങ്ങൾ ഗർഭകാലത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും, അനുയോജ്യമായ കൗൺസിലിങ്ങിലൂടെ Abortion പോലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് മാതാപിതാക്കളെ സഹായിക്കുന്നതിനും ഇന്ന് സാധിക്കുന്നുണ്ട്.

♥F. മറ്റു ഘടകങ്ങൾ

☑കേരളത്തിലെ ജനങ്ങളുടെ ഉയർന്ന സാക്ഷരത, പ്രത്യേകിച്ചും സ്ത്രീസാക്ഷരത.
☑ഉചിതമായ സമയത്ത് ഉചിതമായ ചികിൽസ തേടുന്നതിലുള്ള മികവ്.
☑ശാസ്ത്രീയമായ ചിന്താഗതി
☑മികച്ച ഗതാഗത സൗകര്യം
☑ഉൾനാടുകളിൽ പോലുമുള്ള ചികിൽസാ സൗകര്യം
☑നമ്മുടെ നാട്ടിലെ ഉയർന്ന മുലയൂട്ടൽനിരക്ക് വളരെ പ്രധാനപ്പെട്ട ഒരു കാരണമാണ്.
☑കേരളം ഭരിച്ചിരുന്ന ഭരണാധികാരികൾ ആരോഗ്യ വിഷയത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നടത്തിയ മുതൽ മുടക്കും നാം ഇന്നു നേടിയ നേട്ടത്തിന് ഒരു പ്രധാന കാരണമാണ്.
കുറഞ്ഞ ശിശുമരണ നിരക്കിൽ ഒന്നാം സ്ഥാനത്താണ് കേരളം ഇന്ന്. ജനസംഖ്യ വളരെ കുറഞ്ഞ മിസോറം, നാഗാലാന്റ് എന്നിവ മാത്രമേ നമുക്ക് മുന്നിലുളളൂ. ഗോവയും സിക്കിമും ഒപ്പത്തിനൊപ്പം ഉണ്ട്.

⁉മുൻപോട്ട് ഇനിയെന്ത്?

?ശിശുമരണ നിരക്ക് പൂജ്യമാക്കാൻ ശ്രമിക്കും എന്നാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രഖ്യാപനം. അത് അസംഭവ്യമാണെങ്കിലും അവരുടെ ഇച്ഛാശക്തി വെളിവാക്കുന്നതാണ്. എങ്കിലും, തടയാവുന്ന ശിശുമരണങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നുണ്ട് എന്നുള്ളത് കൊണ്ടു തന്നെ ശിശുമരണ നിരക്ക് ഇനിയും കുറച്ച് കൊണ്ടുവരുവാൻ സാധിക്കും എന്നതിൽ ഒരു സംശയവുമില്ല.

?പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തത് കൊണ്ടും, അശാസ്ത്രീയ ചികിൽസാ രീതികൾ പിന്തുടരുന്നതുകൊണ്ടും, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ കാരണവും മറ്റും.

?അശാസ്ത്രീയത പ്രചരിപ്പിക്കുന്നവരെയും, വാക്സിനേഷൻ പോലുള്ള സാമൂഹിക ആരോഗ്യ പദ്ധതികൾക്ക് തുരങ്കം വെക്കുന്നവരെ നിയമപരമായി നേരിട്ടും , വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചു കൊണ്ടുള്ള രാഷ്ടീയ ഇച്ഛാശക്തിയും ജന പിന്തുണയും ആവശ്യമായ ഒരു പ്രയത്നത്തിലൂടെയേ അത് സാധ്യമാകൂ.

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ