· 6 മിനിറ്റ് വായന

കൊതുകു കുത്തും മുൻപ് വാക്സിൻ കുത്താം

Uncategorized
മലേറിയ ഇന്നും വിട്ടുപോകാതെ പിടിമുറുക്കിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള മലേറിയ കേസുകളുടെ 2 ശതമാനവും ആഗോള മലേറിയ മരണങ്ങളുടെ 2 ശതമാനവും ഇന്ത്യയിലാണ്. സബ് -സഹാറൻ ആഫ്രിക്കയ്ക്ക് പുറത്തുള്ള എല്ലാ മലേറിയ മരണങ്ങളുടെയും 52% ഇന്ത്യൻ ഉപഭൂഘണ്ടത്തിലാണ് . ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞയാഴ്ച ലോകത്തിലെ ആദ്യ മലേറിയാ വാക്സിനു അംഗീകാരം നൽകിയ വാർത്ത പ്രാധാന്യം അർഹിക്കുന്നത്. കൂടാതെ, പാരസൈറ്റ് വിഭാഗത്തിൽ പെടുന്ന രോഗാകാരികൾക്കെതിരെ ഫലപ്രദമായ ആദ്യ വാക്സിൻ കൂടിയാണിത്.
ആർടിഎസ്, S/AS01, അല്ലെങ്കിൽ മോസ്ക്വിരിക്സ്(Mosquirix) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും (നാല് വർഷത്തെക്ക് ഏകദേശം 36% സംരക്ഷണം) ഓരോ വർഷവും 5 വയസ്സിന് താഴെയുള്ള 14,000 മുതൽ 38,000 വരെ കുട്ടികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ഇതിനു സാധിച്ചേക്കും എന്നാണു മോഡലിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
“ഇതൊരു ചരിത്ര നിമിഷമാണ്. ദീർഘനാളായി നാം കാത്തിരുന്ന കുട്ടികളിൽ ഫലപ്രദമായ മലേറിയ പ്രതിരോധ കുത്തിവയ്പ്പ്, ശാസ്ത്രത്തിന്റെയും ശിശു ആരോഗ്യത്തിന്റെയും മലേറിയ ചികിത്സയുടെയും നാൾവഴിയിലുള്ള ഒരു പ്രധാന മുന്നേറ്റമാണ് “ WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ നേട്ടത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
അനോഫിലസ് കൊതുകുകൾ പരത്തുന്ന ഗുരുതരവും മാരകവുമായ രോഗമാണ് മലേറിയ. മലമ്പനി തടയുന്നതിനും കുറയ്ക്കുന്നതിനും ആന്റിമലേറിയൽ മരുന്നുകൾ, കീടനാശിനി തളിച്ച കൊതുക് വലകൾ, മുറികൾക്കുള്ളിൽ തളിക്കുന്ന കൊതുക് നശീകരണ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുവരുന്നു. വാക്സിൻ, ആന്റിമലേറിയൽ മരുന്നുകളുടെ വിതരണവുമായി സംയോജിപ്പിക്കുമ്പോൾ, ക്ലിനിക്കൽ മലേറിയ കേസുകളും മരണങ്ങളും 70% കുറയ്ക്കാനാകുമെന്ന് ഈ വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ക്ലൈൻ അവകാശപ്പെടുന്നു.
?മലേറിയ വാക്സിന്റെ പ്രാധാന്യമെന്ത്?
?സബ് -സഹാറൻ ആഫ്രിക്കയിലെ കുട്ടിക്കാലത്തെ അസുഖത്തിനും മരണത്തിനുമുള്ള ഒരു പ്രധാന കാരണം മലേറിയയാണ്. 2019 ൽ ലോകമെമ്പാടുമുള്ള മലേറിയ മരണങ്ങളിൽ 67 ശതമാനവും 5 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു. ഇന്ത്യയിൽ കാണപ്പെടുന്നതിനേക്കാളേറെ ആഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ മലേറിയയുടെ വിനാശകരമായ പ്രഭാവം നിലനിൽക്കുന്നു. ഗ്രാമീണ മേഖലകളിൽ ഉയർന്ന മരണനിരക്കിന് ഇത് കാരണമാകുന്നു. കൂടാതെ ജീവിതശൈലിയിലും ഉൽപാദനക്ഷമതയിലും കടുത്ത സ്വാധീനം ചെലുത്തുന്നു. ആഫ്രിക്കൻ ഗ്രാമങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രധാന പ്രതിബന്ധങ്ങളിൽ ഒന്ന് മലമ്പനിയാണ്.
ഘാന, കെനിയ, മലാവി എന്നീ മൂന്ന് രാജ്യങ്ങളിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മോസ്ക്വിരിക്സ് വാക്സിൻ വിതരണ പൈലറ്റ് പ്രോഗ്രാമിൽ ഇതുവരെ 2.3 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. തുടർ ഉപയോഗത്തിന് അനുകൂലമായ സുരക്ഷാ പ്രൊഫൈൽ ഈ വാക്സിന് ഉണ്ടെന്നാണ് ഇതുവരെയുള്ള പൈലറ്റ് പഠനം കണ്ടെത്തിയത്.
മരുന്നു കണ്ടെത്തിയതിനെത്തുടർന്ന്, ഈ രോഗം തുടച്ചുനീക്കാം എന്ന പ്രതീക്ഷ ഉണ്ടാകുകയും അതിനായുള്ള വ്യാപകമായ ശ്രമങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ നടക്കുകയും ചെയ്തു എങ്കിലും രോഗാണു പല മരുന്നുകൾക്കെതിരെയും പ്രതിരോധശേഷി നേടിയതിനെത്തുടർന്ന് മലേറിയ നിർമാർജന യജ്ഞത്തിന് ഇതുവരെ വിജയം നേടാനായിട്ടില്ല. ദേശീയ മലേറിയ നിയന്ത്രണ തന്ത്രങ്ങളുടെ ഭാഗമായി മരുന്നുകൾക്കൊപ്പം ഒരു വാക്സിൻ ഉണ്ടായിരിക്കുന്നത് കൂടുതൽ ഫലപ്രദമായി ഈ രോഗത്തെ നേരിടാൻ നമ്മെ സഹായിക്കും. 2030 ആകുമ്പോഴേക്കും മലേറിയ കേസുകളും മരണനിരക്കും കുറഞ്ഞത് 90%കുറയ്ക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ലക്‌ഷ്യം നേടാനും ഇത് സഹായിക്കും.
?എന്താണ് ഈ രോഗത്തിന് ഒരു വാക്സിൻ വികസിപ്പിക്കാൻ ഇത്രയും സമയം എടുത്തത് ?
?1987ലാണ് ശാസ്ത്രജ്ഞർ മോസ്ക്വിരിക്സ് ആദ്യമായി വികസിപ്പിച്ചെടുത്തത്. ഏകദേശം 30 വർഷത്തിലധികം നീണ്ടുനിൽക്കുന്ന സമഗ്രമായ ഗവേഷണം വേണ്ടിവന്നു അംഗീകാരത്തിന്റെ ഘട്ടത്തിലേക്കെത്താൻ. ഇതിനോട് താരതമ്യപ്പെടുത്തിയാൽ കേവലം ഒരു വർഷം മാത്രമാണ് കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനെടുത്തത്. എന്നാൽ കോവിഡ് വാക്സിനിൽ നിന്ന് വ്യത്യസ്തമായി, വളരെ സങ്കീർണമായ ഒരു പാരാസൈറ്റിനെയാണ് മലേറിയ വാക്സിനു നേരിടേണ്ടി വന്നത്. കോവിഡ് -19 വൈറസിന് കേവലം 25 ജീനുകളുള്ളപ്പോൾ മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിന് 5,000 ജീനുകൾ ഉണ്ട് എന്ന കാര്യം പരിഗണിച്ചാൽ അവ തമ്മിലുള്ള വ്യത്യാസത്തിന്റെ വലിപ്പം മനസ്സിലാകും. പ്രതിരോധശേഷി ഉത്തേജിപ്പിക്കുന്നതിന് പര്യാപ്തമായ മികച്ച ആന്റിജൻ ശകലങ്ങൾ കണ്ടെത്തുന്നത് ഇതുകൊണ്ടുതന്നെ കൂടുതൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് 30 വർഷത്തിലേറെ സമയമെടുത്ത് വികസിപ്പിച്ച മോസ്ക്വിരിക്സിനുപോലും ഇപ്പോഴും മിക്ക അംഗീകൃത വാക്സിനുകളുമായി തട്ടിച്ചുനോക്കുമ്പോൾ താരത്തമ്യേന കുറഞ്ഞ സംരക്ഷണനിരക്ക് ഉള്ളത്.
?എങ്ങനെയാണ് ഈ വാക്സിൻ പ്രവർത്തിക്കുന്നത് ?
?മോസ്ക്വിരിക്സ് ഒരു റീകോംബിനൻ്റ് പ്രോട്ടീൻ വാക്സിനാണ്. അതായത് അതിൽ മലേറിയാ അണുക്കളുടെ ഒരു പ്രത്യേക ഭാഗം-പ്രോടീൻ- അടങ്ങിയിരിക്കുന്നു.
മറ്റു പല നൂതന പ്രതിരോധ കുത്തിവയ്പ്പുകളെയും പോലെ, രോഗപ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു പറ്റിയ രോഗാണുവിൻ്റെ ഒരു ഭാഗം എടുക്കുക, അത് വലിയ അളവിൽ ഉണ്ടാക്കുക, പ്രതിരോധ പ്രതിരോധം ഉത്തേജിപ്പിക്കുന്നതിന് ആളുകളിലേക്ക് കുത്തിവയ്കുക എന്നതാണ് ഈ വാക്സിന്റെ കാര്യത്തിലും പിൻതുടരുന്ന രീതി.
സമാനമായ രീതി അനുവർത്തിക്കുന്ന ഒരു വാക്സിനാണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ. ഗവേഷകർ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വികസിപ്പിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മലേറിയ പ്രോട്ടീന്റെ കാരിയർ ആയി ഹെപ്പറ്റൈറ്റിസ് ബി വൈറസിൽ നിന്നുള്ള സർഫേസ് ആന്റിജൻ ഉപയോഗിക്കുന്നതിൽ വിജയിച്ചു. ഈ തന്ത്രം മലേറിയയ്‌ക്കെതിരെയുള്ള ആന്റിബോഡികളും ടി-സെല്ലുകളും വികസിപ്പിക്കുന്നതിന് ശരീരത്തെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു.
മലേറിയ രോഗാണുവിന്റെ ജീവചക്രം പക്വത പ്രാപിക്കുക, പെരുകുക, ചുവന്ന രക്താണുക്കളെ ബാധിക്കുക, കരളിൽ കടന്നുകയറി ഒളിച്ചിരിക്കുകയും ഗുരുതരമായ രോഗം ഉണ്ടാക്കുകയും ചെയ്യുക എന്നിങ്ങനെയാണ്. ഇതിൽ കരൾ കോശത്തിലേക്ക് മലേറിയ പ്രവേശിക്കുന്നത് തടയുകയാണ് വാക്സിൻ ചെയ്യുന്നത്. മലേറിയ പരാന്നഭോജികൾക്ക് നിരവധി ദുർബലമായ ഘട്ടങ്ങളുള്ള ഒരു സങ്കീർണ്ണ ജീവിത ചക്രമുണ്ട്. ഈ ദുർബലഘട്ടങ്ങളിലൊന്നിൽ വച്ച് രോഗാണുവിനെ തടസ്സപ്പെടുത്താൻ കഴിയുക എന്നതാണ് രോഗനിയന്ത്രണത്തിൽ പ്രധാനം.
?ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ ഈ വാക്സിൻ പ്രായോഗികം ആകുമോ ?
?ഈ വാക്സിൻ്റെ ആദ്യഘട്ട വിതരണം ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഉദ്ദേശിക്കുന്നത്. വാക്സിൻ ഫലപ്രദമായ ഫാൽസിപ്പാരം വിഭാഗത്തിൽപ്പെട്ട മലേറിയ പ്രധാനമായും കണ്ടുവരുന്നത് ഇവിടെയാണ് എന്നതാണ് കാരണം . ഇന്ത്യയിലെ 60% ത്തിലധികം അണുബാധകൾക്ക് പ്ലാസ്മോഡിയം വൈവാക്സ് ആണു കാരണം. വയറിളക്കം, ക്ഷീണം, ശരീര ബലഹീനത, പനി, വിറയൽ എന്നിവയാണ് വൈവാക്സിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ . മലേറിയയുമായി ബന്ധപ്പെട്ട മരണങ്ങൾക്കും സങ്കീർണതകൾക്കും കാരണമാകുന്ന മാരകമായ വിഭാഗമാണു പ്ലാസ്മോഡിയം ഫാൽസിപാരം. ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഈ രൂപം പ്രബലമാണ്. ഈ രോഗം ബാധിച്ച വ്യക്തികൾക്ക് വയറുവേദന, ക്ഷീണം, പേശീവേദന, തലകറക്കം, സന്ധി വേദന, നടുവേദന, ഓക്കാനം, ഛർദ്ദി, പനി, തലവേദന, വിളർച്ച, ചില ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം. പ്ലാസ്മോഡിയം ഫാൽസിപാരം ഏറ്റവും തീവ്രമായ തരം മലേറിയാരോഗാണു ആയതിനാൽ, അത് കൃത്യസമയത്ത് പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ അണുബാധ രോഗിയുടെ തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കാം. ഇന്ത്യയിലും ഫാൽസിപ്പാരം മലേറിയ കണ്ടുവരുന്നുണ്ട് എങ്കിലും മറ്റു മലേറിയ രോഗങ്ങളോട് ഇടകലർന്നുകാണുന്നതിനാൽ വാക്സിൻ കൊണ്ട് ആഫ്രിക്കയിൽ കിട്ടുന്നത്ര നേട്ടമുണ്ടാവാൻ സാധ്യത കുറവാണ്.
?എന്തൊക്കെയാകും വാക്സിനേഷൻ അത് വേണ്ടവർക്ക് എത്തിക്കുന്നതിനുള്ള വെല്ലുവിളികൾ ?
?ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഭാവിയിൽ മലേറിയ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ആഗോള സമൂഹം സാമ്പത്തികപ്രാധാന്യമുള്ള തീരുമാനങ്ങൾ എടുക്കേണ്ടിവരും. വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനുമുള്ള ചിലവ്, രോഗം തങ്ങളുടെ ജനങ്ങളിൽ ഉണ്ടാക്കുന്ന ആരോഗ്യപരവും സാമൂഹ്യവും സാമ്പത്തികവുമായ നഷ്ടത്തോട് താരതമ്യം ചെയ്തു ഓരോ രാജ്യവും ഈ തീരുമാനം എടുക്കേണ്ടി വരും.
ഏറ്റവും ഗുരുതരമായ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ പ്രാഥമിക കുത്തിവെപ്പും പിന്നാലെയുള്ള ബൂസ്റ്ററുകളും എത്തിക്കുകയും വിതരണം ചെയ്യുകയും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തൃപ്തികരമായ പ്രതിരോധം ലഭിക്കാൻ മൂന്നോ നാലോ ഡോസുകൾ ആവശ്യമാണ്, കൂടാതെ നിലവിലുള്ള മലേറിയ പ്രതിരോധ പദ്ധതികളുമായി ഈ വാക്സിൻ സംയോജിപ്പിക്കേണ്ടതുമുണ്ട്. അതിനായി വാക്സിൻ കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്ന രാജ്യങ്ങളിൽ തന്നെ വാക്സിന്റെ ഉല്പാദനവും വിതരണവും നടക്കേണ്ടത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള മാർക്കറ്റ് പഠനം പ്രകാരം മലേറിയ വാക്സിൻ രോഗപകർച്ച കൂടിയ പ്രദേശങ്ങളിൽ വിതരണം ചെയ്യുകയാണെങ്കിൽ പോലും 2030 ആകുമ്പോഴേക്കും പ്രതിവർഷം 5 മുതൽ 11 കോടി വരെ ഡോസുകൾ ആവശ്യമായി വന്നേക്കാം. എങ്കിലും ഈ ബൃഹത്തായ പദ്ധതി വിജയിച്ചാൽ നാലു ലക്ഷം ആളുകളെയെങ്കിലും ഒരുവർഷം കൊല്ലുന്ന ഈ മഹാമാരിയെ തുരത്താൻ ഒരുപക്ഷേ നമുക്ക് സാധിച്ചേക്കും .
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ