· 7 മിനിറ്റ് വായന
?ഭൂഗോളത്തിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്?
മലമ്പനി ബാധിച്ച വ്യക്തിയെ ധാരാളം കൊതുകുകളുള്ള മുറിയിൽ താമസിപ്പിപ്പിക്കുക. എന്നിട്ട് അവരെ കടിക്കുന്ന കൊതുകുകളെ മുറിയിൽ വെച്ച ഒരു കുപ്പിയിൽ മുട്ടയിട്ട് പെരുകാൻ സെറ്റപ്പുണ്ടാക്കുക. ആ വെള്ളം കുടിക്കാൻ മൂന്നു പേരെ പണം കൊടുത്ത് ഏർപ്പാടാക്കുക. അവർക്ക് മലമ്പനി വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുക. ഏതോ കൂടിയ സൈക്കോയുടെ കാര്യമാണ് പറയുന്നത് എന്ന് ധരിക്കരുത് .1800 കളുടെ അന്ത്യവർഷങ്ങളിൽ റൊണാൾഡ് റോസ് നടത്തിയ പരീക്ഷങ്ങളിൽ ഒന്നായിരുന്നു ഇത്. മലമ്പനിയും കൊതുകുമായുള്ള ബന്ധം കണ്ടുപിടിക്കാൻ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു റോസ് . സ്വാഭാവികമായും അദ്ദേഹത്തിന് നിരാശനാവേണ്ടി വന്നു. കുടിക്കുന്ന വെള്ളവുമായും ശ്വസിക്കുന്ന വായുവുമായി മലമ്പനി പകരുന്നതിന് ബന്ധമില്ല, കൊതുക് കടിക്കുന്നതിലൂടെയാണ് മലമ്പനി പകരുന്നത് എന്ന് റോസ് പിന്നീട് തെളിയിക്കുക തന്നെ ചെയ്തു. മെഡിസിനിലെ രണ്ടാമത്തെ നോബൽ സമ്മാനം ഇതിനു നേടി റൊണാൾഡ് റോസ് .
തീർത്തും വിചിത്രവും ഇന്നത്തെ രീതികൾ വെച്ച് അനൈതികവും മനുഷ്യവിരുദ്ധവുമായ രീതികൾ ഉപയോഗിച്ചുവെങ്കിലും റോസിൻ്റെ അപഗ്രഥന രീതി ആധുനിക മോഡലുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കൊതുകുകളെ നിയന്ത്രിച്ചാൽ മലമ്പനി നിയന്ത്രിക്കാം എന്ന ലളിതമായ സമവാക്യം ഇന്ത്യയിലും യൂറോപ്പിലും പനാമ കനാൽ പദ്ധതി പ്രദേശത്തും സിയറാ ലിയ്യോണിലും എല്ലാം നടപ്പിലാക്കാൻ ശ്രമിച്ചു. ഫലം കണ്ടുവെങ്കിലും, ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം – അദ്ദേഹം പരക്കെ പരിഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു.
കൊതുകുകളെ പൂർണമായും നശിപ്പിക്കാൻ നമുക്കൊരിക്കലും കഴിയില്ലെന്നും കൊതുക് നിയന്ത്രണം ഒരു പാഴ് വേല ആണെന്നും പരിഹാസം ഉണ്ടായി. എന്നാൽ മലമ്പനി വ്യാപിക്കുന്നത് തടയാൻ കൊതുകുകളെ തുടച്ച് നീക്കേണ്ട ആവശ്യം ഇല്ലെന്ന് ഗണിത മോഡൽ ഉപയോഗിച്ച് റോസ് കണക്കുകൾ നിരത്തി.
രോഗസാംക്രമികശാസ്ത്ര (epidemiology) ത്തിന്റെ രീതികൾ പ്രധാനമായും ഗണിതശാസ്ത്രത്തിന്റെതാണ് എന്ന് റോസ് വിശ്വസിച്ചു. രോഗവ്യാപനത്തെ ഓരോ ഘട്ടങ്ങളായി അപനിർമിച്ചു വിശകലനം ചെയുന്ന mechanistic രീതിയായിരുന്നു പുളളിയുടേത്.
മലേറിയ വ്യാപനത്തിൻ്റെ ലളിതമായ ഒരു മാതൃക അദ്ദേഹം വികസിപ്പിച്ചു. ഒരു നിശ്ചിത ഭൂപ്രദേശത്ത് ഓരോ മാസവും ശരാശരി എത്ര പുതിയ മലേറിയ അണുബാധകൾ ഉണ്ടാകാമെന്ന് കണക്ക് കൂട്ടി. ആ ബാധിച്ച പ്രദേശത്ത് മലേറിയ ബാധിച്ച ഒരു മനുഷ്യനെങ്കിലും ഉണ്ടായിരിക്കണം. മറ്റൊരു മനുഷ്യനിലേക്കുള്ള രോഗം പകരാൻ ഒരു അനോഫെലിസ് കൊതുക് ഈ മനുഷ്യനെ കടിക്കേണ്ടി വരും. രോഗബാധിതനായ ഒരാളുള്ള, ആയിരം പേരുടെ ഒരു ഗ്രാമം മാതൃകയായി അടിസ്ഥാനപ്പെടുത്തി കണക്കുകൾ നിരത്തി. 4 കൊതുകുകളിൽ ഒന്ന് മാത്രമേ ആരെയെങ്കിലും കടിക്കുന്നുള്ളൂ എന്ന് ഏകദേശം റോസ് കണക്കാക്കി. അതിനാൽ, ഒരു പ്രദേശത്ത് 48,000 കൊതുകുകൾ ഉണ്ടെങ്കിൽ, ഒരു വ്യക്തിയെ കടിക്കുന്നത് ഏതാണ്ട് 12,000 മാത്രമാണെന്ന് അദ്ദേഹം ഗണിത രീതികളിൽ വിലയിരുത്തി . ഇങ്ങനെ ഗണിതപരമായ സമീപനത്തിലൂടെ ഒരു പ്രദേശത്ത് 4,000 കൊതുകുകൾ ഉണ്ടെങ്കിലേ ശരാശരി ഒരു പുതിയ കേസ് സൃഷ്ടിക്കുകപ്പെടുയുള്ളൂ എന്ന് റോസ് വിലയിരുത്തി.
അതേ സമയം ഈ ഫലത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രക്രിയയുണ്ട്: മലേറിയ ബാധിച്ച മനുഷ്യരിൽ 20 ശതമാനം പേർ ഓരോ മാസവും സുഖം പ്രാപിക്കുമെന്ന് റോസ് കണക്കാക്കി. മലേറിയ ജനസംഖ്യയിൽ നിലനിൽക്കാൻ, ഈ രണ്ട് പ്രക്രിയകളും – രോഗബാധയും സുഖപ്പെടലും – തമ്മിലുള്ള സന്തുലനം പ്രധാനമാണ്. ഭേദപ്പെടുന്ന തോത് പുതിയ അണുബാധകളുടെ തോതിനെ മറികടന്നാൽ, രോഗത്തിന്റെ തോത് ഒടുവിൽ പൂജ്യമായി കുറയും. അപ്പോൾ മലേറിയയെ നിയന്ത്രിക്കാൻ എല്ലാ കൊതുകുകളെയും ഒഴിവാക്കേണ്ടത് ആവശ്യമില്ല : നിർണ്ണായകമായ കൊതുക് സാന്ദ്രതയെക്കാൾ താഴുകയാണെങ്കിൽ, രോഗം നിയന്ത്രിക്കപ്പെടും.
ഒരു ആധുനിക കാഴ്‌ചപ്പാടിൽ നിന്ന്, നോക്കുമ്പോൾ ഈ ആശയങ്ങളോട് വളരെയധികം എതിർപ്പ് ഉണ്ടായെന്നത് വിചിത്രമായി തോന്നാം. രോഗം വിശകലനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളെ ക്കുറിച്ചുള്ള താത്വികമായ ഏറ്റുമുട്ടലായിരുന്നു പ്രധാനമായും ഉണ്ടായത്. മിക്ക ഫിസിഷ്യൻമാരും മലേറിയയെ ഗണിതമോഡലുകളും കാൽക്കുലസിൻ്റെയും രീതികളിൽ അപഗ്രഥിച്ച് വിശകലനം ചെയുന്ന mechanistic രീതിയോടു മുഖം തിരിച്ചു. രോഗത്തിന്റെ വിവരങ്ങൾക്കു പ്രാധാന്യം നൽകുന്ന ഡിസ്ക്രിപ്റ്റീവ് analysis ആയിരുന്നു അന്ന് പരിചിതം .
രോഗത്തിന് പിന്നിലെ പ്രക്രിയകൾ ഉപയോഗിച്ച് അപഗ്രഥനം ചെയ്തുണ്ടാകുന്ന ഗണിത മോഡലുകൾ, രോഗവ്യാപനത്തെകുറിച്ച കൃത്യമായ പ്രവചനങ്ങൾ നൽകാനും ഇടപെടലുകൾ നടത്താനും ഉപകാരപ്പെടും എന്നതിൽ റോസ് ഉറച്ചുനിന്നു. 1911-ൽ അദ്ദേഹം എഴുതി: “എപ്പിഡെമിയോളജി ഏറെക്കുറെ ഒരു ഗണിതശാസ്ത്ര പഠനമാണ്,’ ഗണിതശാസ്ത്ര പഠനത്തിന് കൂടുതൽ ശ്രദ്ധ നൽകിയാൽ തെറ്റുകൾ സംഭവിക്കുന്നത് കുറയും”.
സിയറ ലിയോൺ പര്യവേഷണത്തിനു റോസിനോടൊപ്പം ഉണ്ടായിരുന്ന മക്കെൻഡ്രിക്ക് ബ്രിട്ടനിലേക്കുള്ള മടക്കയാത്രയിൽ കപ്പലിൽ, റോസുമായി രോഗവ്യാപനത്തിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് സുദീർഘമായ സംസാരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഇവർ ആശയങ്ങൾ കൈമാറ്റം ചെയ്യുന്നത് തുടർന്നു. പരമ്പരാഗത സമീപനങ്ങൾ വൈദ്യശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണെങ്കിലും രോഗവ്യാപനം എന്ന പ്രക്രിയ മനസ്സിലാക്കുവാൻ അതിനു പരിമിതികളുണ്ട് ; ‘ഒരു പുതിയ ശാസ്ത്രം സ്ഥാപിക്കുവാൻ ‘ തങ്ങൾക്കു കഴിയും എന്നവർ വിശ്വസിച്ചു.
ഈ സമയത്ത് എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ലബോറട്ടറിയിൽ ശരീരദ്രവങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്ന വില്യം കെർമാക് പരീക്ഷണശാലയിലുണ്ടായ അപകടത്തിൽ കണ്ണിൽ രൂക്ഷസ്വഭാവമുള്ള ദ്രാവകം തെറിച്ചു ആശുപത്രിയിലായി. പരിക്കുകളോടെ ആശുപത്രിയിൽ കഴിയുമ്പോൾ കെർമാക്ക് സുഹൃത്തുക്കളോടും നഴ്സുമാരോടും ഗണിതശാസ്ത്ര പാഠങ്ങൾ വായിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. തനിക്ക് മേലിൽ കാണാൻ കഴിയില്ലെന്ന് മനസിലാക്കിയ അദ്ദേഹം ഈ മേഖലയിൽ സ്വയം പരിശീലിപ്പിച്ചു. അസാധാരണമായ ഓർമശക്തിയും ബുദ്ധിയും ഉണ്ടായിരുന്ന അദ്ദേഹത്തിനു കടലാസിൽ ഒന്നും എഴുതാതെ, നോക്കാതെ എത്രമാത്രം കണക്കുകൂട്ടാനാകുമായിരുന്നു എന്നത് സുഹൃത്തുക്കൾക്ക് അവിശ്വസനീയമായിരുന്നു. തന്റെ രാസപരീക്ഷണങ്ങൾ ഉപേക്ഷിച്ച് പുതിയ പ്രോജക്ടുകൾ വികസിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം മക്കെൻഡ്രിക്കുമായി രോഗവ്യാപനത്തെക്കുറിച്ചുളള ഗണിതശാസ്ത്രപരമായ പഠനങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി.
എങ്ങനെയാണ് ഒരു പകർച്ചവ്യാധി കെട്ടടങ്ങുന്നത്?
പകർച്ചവ്യാധിവ്യാപന ഗവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. പടർന്നു വ്യാപിക്കുന്ന പകർച്ചവ്യാധികൾ അവസാനിക്കാൻ കാരണമെന്ത്?
ആ സമയത്ത് രണ്ടു വിശദീകരണങ്ങൾ പ്രബലമായിരുന്നു . ഒന്നുകിൽ രോഗവ്യാപനത്തിന് വിധേയരാവാൻ ഇടയുള്ളവർ സമൂഹത്തിൽ ശേഷിക്കാത്തതു കൊണ്ട് രോഗവ്യാപനം നിലക്കുന്നു. അല്ലെങ്കിൽ പകർച്ചവ്യാധി പരന്നു കൊണ്ടിരിക്കുമ്പോൾ രോഗകാരിയുടെ സംക്രമണശേഷി കുറയുന്നു. മിക്ക സാഹചര്യങ്ങളിലും ഈ രണ്ടു വിശദീകരണങ്ങളും പൂർണമായി തൃപ്തികരം ആയില്ല. റോസിനെ പോലെ കെർമാക്, മക്കെൻഡ്രിക് എന്നിവർ രോഗ വ്യാപനത്തിന്റെ മാത്തമാറ്റിക്കൽ മോഡൽ വികസിപ്പിക്കുവാൻ ആരംഭിച്ചു.
രോഗാവസ്ഥയെ അടിസ്ഥാനമാക്കി ജനസംഖ്യയെ മൂന്ന് ഗ്രൂപ്പുകളിലൊന്നായി ഉൾപ്പെടുത്തി
രോഗവ്യാപനത്തിനു സാധ്യതയുള്ളവർ (S usceptible )
രോഗബാധിതർ ( I nfectious )
രോഗം ഭേദപെട്ടവർ (R ecovered )
ഭാഷയെ കുറച്ചു പരിക്കേല്പിച്ചാൽ സാധ്യതർ-ബാധിതർ -ഭേദിതർ എന്ന് വിളിക്കാം ! SIR മോഡലിന്റെ അടിസ്ഥാനത്തിൽ കെർമാക്, മക് ഡെൻറിക്ക് എന്നിവർ ബോംബെയിൽ 1906 പൊട്ടിപ്പുറപ്പെട്ട പ്ലേഗ് ബാധയുടെ ഉയർച്ചതാഴ്ചകൾ വരച്ചുകാട്ടി .
ഒരു പകർച്ചവ്യാധിയുടെ പ്രാരംഭദശയിൽ, രോഗസാധ്യതയുള്ളവർ (S ) ധാരാളമുണ്ട്. തത്ഫലമായി ഓരോ ദിവസവും രോഗബാധിതരായി മാറുന്നവരുടെ എണ്ണം, സുഖം പ്രാപിക്കുന്ന സംഖ്യയേക്കാൾ വലുതായിരിക്കും.അങ്ങനെ പകർച്ചവ്യാധി വളരുന്നു. കാലക്രമത്തിൽ, ‘സാധ്യതർ ‘ എന്ന പൂൾ ശുഷ്കമായി തുടങ്ങുന്നു. ഒരു ഘട്ടം കഴിയുമ്പോൾ ഓരോ ദിവസവും പുതിയ അണുബാധകളെക്കാൾ കൂടുതൽ രോഗം ഭേദപ്പെടുന്ന (റിക്കവറി) സ്ഥിതി വരുന്നു . അതോടെ പകർച്ചവ്യാധികൾ വളർച്ചാഘട്ടം പിന്നിട്ടു ദുർബലമാവാൻ തുടങ്ങുന്നു.
ഇതിലെ നിർണായക ഘടകം പകർച്ചവ്യാധിയുടെ ഒരു ഘട്ടത്തിൽ പ്രതിരോധശേഷി നേടിയവർ രോഗസാധ്യതയുള്ളവരേക്കാൾ എണ്ണത്തിൽ വളരെ ഏറെ ആവുക എന്നതാണ് .രോഗവ്യാപനം തടയാൻ പര്യാപ്തമായ സംഖ്യയിൽ രോഗപ്രതിരോധശേഷി ആളുകൾ ആർജ്ജിക്കുമ്പോൾ ആ ജനത സഞ്ചിത – രോഗപ്രതിരോധശക്തി ‘ (HERD IMMUNITY) നേടിയെന്ന് ഇന്ന് നാം പറയുന്നു.
ഹെർഡ് ഇമമ്യൂണിറ്റി
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്റ്റാറ്റിസ്റ്റീഷ്യൻ മേജർ ഗ്രീൻവുഡ് ആണ് ഈ പ്രയോഗം ആദ്യം ഉപയോഗിച്ചത് (മേജർ എന്നത് അദ്ദേഹത്തിന്റെ ആദ്യ നാമമായിരുന്നു , അദ്ദേഹത്തിന്റെ ആർമി റാങ്ക് യഥാർത്ഥത്തിൽ ക്യാപ്റ്റനായിരുന്നു!).
ഉദാഹരണത്തിന്, ഒരു ജനസംഖ്യയുടെ എൺപത് ശതമാനം വൈറസ് ബാധയ്ക്കു പ്രതിരോധം നേടിക്കഴിഞ്ഞാൽ , രോഗം ബാധിച്ച ഒരാൾ ഇടപഴകുന്ന ഓരോ അഞ്ച് പേരിൽ നാലുപേർക്കും അസുഖം വരില്ല . രോഗം പടരാത്ത അവസ്ഥ വന്നാൽ പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രണത്തിലാകും . ഒരു അണുബാധയുടെ സംക്രമണശേഷി ആശ്രയിച്ച്, സാധാരണ ഗതിയിൽ ജനസംഖ്യയുടെ 70% മുതൽ 90% വരെ പ്രതിരോധശേഷി നേടുന്നത് ഇതിന് ആവശ്യമാണ്.
എങ്ങനെയാണ് ഇത് ആർജിക്കുക?
ഏതൊരു രോഗവ്യാപനത്തിനും പോലെ ഇപ്രകാരം സഞ്ചിത പ്രതിരോധശേഷി കൈവരിക്കുന്നതിന് രണ്ട് വഴികളുണ്ട്: ജനസംഖ്യയുടെ വലിയൊരു വിഭാഗം രോഗബാധിതരാകുകയോ അവർക്കു സംരക്ഷിത വാക്സിൻ ലഭിക്കുകയോ ചെയ്യുക
ഒരു സമൂഹത്തിലെ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാതെ തന്നെ വാക്‌സിനേഷനിലൂടെ തടയാൻ ലക്ഷ്യമിടുന്ന അണുബാധയെ നിയന്ത്രിക്കാൻ കഴിയും എന്ന ആശയത്തിലാണ് ഹെഡ് ഇമ്മ്യൂണിറ്റി പ്രചാരം നേടിയത് . സ്വാഭാവികമായും ഒരു സമൂഹത്തിൽ വാക്സിൻ നൽകാൻ കഴിയാത്തവർ ഉണ്ട്- ഉദാ-നവജാത ശിശുക്കളോ , രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങൾ ഉള്ളവർ , പിന്നെ വാക്സിൻ വിരുദ്ധർ എന്നിങ്ങനെ .
അല്ല, ങ്ങളീ ഗ്രാഫ് വരച്ച് കണക്ക് കൂട്ടുന്നതൊക്കെ വൈറസിനറിയുമോ?
ഇത്തരം ഗണിതശാസ്ത്രപരമായ മോഡലുകളെക്കുറിച്ച് സത്യത്തിൽ
എനിക്ക് തന്നെ പലപ്പോഴും ഈ സംശയമുണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാവുന്നുണ്ട്! കാഴ്ചയ്ക്ക് ദുർഗ്രഹവും സങ്കീർണവുമാണെങ്കിലും രോഗവ്യാപനത്തിൻ്റെ ഡൈനാമിക്സ് പ്രതിഫലിപ്പിക്കാൻ അവയ്ക്ക് കഴിയുമോ?പരീക്ഷണങ്ങളിലൂടെ ഉത്തരം തേടാനാവാത്ത ചോദ്യങ്ങൾക്ക് തീർച്ചയായും അവയെ ആശ്രയിക്കേണ്ടി വരും. ഉദാഹരണത്തിന് ഭാവിയിൽ ഒരു പ്രത്യേക അണുബാധ മഹാമാരിയായാൽ അത് ഏത് രീതിയിൽ രൂപപ്പെടുമെന്ന് നിർണ്ണയിക്കുക . ഒരു രോഗനിയന്ത്രണ തന്ത്രം നിയന്ത്രണത്തിന് എത്ര മാത്രം സഹായിച്ചു എന്ന് നോക്കുക , പോലുള്ളവ..
ന്നാ ഇനി ങ്ങള് പറ, കൊറോണ എപ്പം തീരും ന്ന് …
ഏറ്റവും ഇഷ്ടം ആരെയാണ്..
എന്നെ തന്നെ..
അത് കഴിഞ്ഞാലോ
അത് കഴിയുന്നതേയില്ലല്ലോ …
പ്രശസ്തമായ ഈ വരികളാണ് ആളുകൾ കൊറോണ കഴിഞ്ഞുള്ള കാലത്തെക്കുറിച്ച് പറയുമ്പോൾ ഓർമ വരുന്നത്.കൊറോണ കഴിയുന്നതേയില്ലല്ലോ എന്ന് എല്ലാരും ആശ്ചര്യപ്പെടുന്നു . ‘ഈ നശിച്ച ‘ കൊറോണ എന്ന് തീരും?.
കത്തുന്ന വിറക് വെള്ളത്തിൽ കുത്തിക്കെടും പോലെ കൊറോണ തീരാൻ വഴിയില്ല .( വെറും വയറ്റിൽ പച്ച മണ്ണെണ്ണ കുടിച്ചാൽ കത്തുന്ന വിറക് വെള്ളത്തിലെന്ന പോലെ കൊറോണ കുത്തികെടുത്താമെന്ന് ഒരു ‘നാട്ട് വൈദ്യൻ’ ലൈവിട്ടിരുന്നു. !)
കൊറോണ നിയന്ത്രണ വിധേയമാകാൻ സാധ്യതകൾ മൂന്നാണ്.
1. വാക്സിൻ കണ്ടെത്തുക.
2. കാലാന്തരത്തിൽ നല്ലൊരു ശതമാനത്തിൽ മനുഷ്യർ പ്രതിരോധ ശക്തി നേടുക
3. വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനുള്ള സാധ്യത ജീവിതരീതികളിലൂടെ തീർത്തും കുറയ്ക്കുക.-
ശ്വസന ശുചിത്വം (Respiratory hygiene) ,ഹസ്ത ശുചിത്വം (Hand hygiene), പരിസര ശുചിത്വം ( environmental hygiene) എന്നിവ ഉറപ്പ് വരുത്തുന്ന ജീവിത ശൈലി കുറെ നാളത്തേക്ക് മുറുകെ പിടിക്കുക എന്നത് മാത്രമാണ് സാമാന്യജനത്തിന് ഇതിൽ ചെയ്യാനാവുന്നത്.
അതൊരു നിസ്സാര മുറയല്ല താനും.
( The rules of Contagion എന്ന പുസ്തകവുമായി ചില ഭാഗങ്ങൾക്ക് ആശയപരമായ കടപ്പാട് രേഖപ്പെടുത്തുന്നു.)