· 6 മിനിറ്റ് വായന

ചികിത്സ വേണ്ടുന്ന മെഡിക്കൽ വിദ്യാഭ്യാസം

മറ്റുള്ളവ
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കാലാകാലങ്ങളായി വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന ചില മനുഷ്യാവകാശ ലംഘനങ്ങൾ !
പ്രായപൂർത്തിയായ പൗരന്മാർ എന്ന നിലയ്ക്ക് വ്യക്തിഗത സ്വതന്ത്ര തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായ / മൗലികാവശങ്ങൾ ഉള്ളവരാണ് മെഡിക്കൽ വിദ്യാർത്ഥികൾ. എന്നാൽ അധികാര കേന്ദ്രീകൃത വ്യവസ്ഥ ഉപയോഗിച്ച് ഇവരുടെ വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പ്രതികൂലമായ ഇടപെടലുകൾ നടത്തുകയും, അതിനുമപ്പുറം ബോഡി ഷേയ്മിങ്ങ്, ജാത്യാധിക്ഷേപം പോലുള്ള വ്യക്തി അധിക്ഷേപങ്ങൾക്കും വിദ്യാർത്ഥികൾ വിധേയമാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ആരോപണങ്ങൾ എക്കാലവും ഉയരാറുണ്ട്. ശാരീരികവും, മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ പല തോതിൽ ചില അദ്ധ്യാപകരിൽ നിന്നും ഉണ്ടാവുന്നു എന്നത് പരസ്യമായ രഹസ്യമായി നില നിന്നു പോരുന്നു. നിശബ്ദ സഹനമല്ലാതെ മറ്റൊരു പരിഹാരം ഇല്ലാ എന്ന നിലയിലാണ് കാര്യങ്ങൾ. ഇനിയും ഇത്തരം അനഭലഷണീയ പ്രവണതകൾ തുടർന്നു കൂട.
ഒറ്റപ്പെട്ടതല്ലാത്ത ഏതാനും ചില ഉദാഹരണങ്ങളിൽ നിന്ന് തുടങ്ങാം.
1. സദാചാര പോലീസിങ്ങ് – യു പി യിൽ ഒക്കെ ഉണ്ടെന്ന് പറയുന്ന “ആൻ്റി റോമിയോ സ്ക്വാഡ്”ന് സമാനമായ സദാചാര പോലീസിങ്ങ് സംവിധാനം കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഉണ്ട്, പക്ഷേ അത് പ്രത്യക്ഷത്തിൽ അല്ല, കുറച്ച് ഗോപ്യമായാണ് പ്രവർത്തിക്കുന്നതെന്ന് മാത്രം.
ഒന്നാം വർഷ എംബിബിഎസ് കാലത്താണ് അവർ പരിചയപ്പെടുന്നതും അടുത്ത സുഹൃത്തുക്കൾ ആവുന്നതും. ബാച്ച് ടൂറും ഒരേ ടേബിളിലെ പ്രാക്ടിക്കൽ ക്ലാസ്സുകളും അവരെ കൂടുതൽ അടുപ്പിച്ചു. വൈകാതെ രണ്ടുപേരുടെയും വീട്ടിലേക്ക് ഫോൺ കാൾ. അവർ തമ്മിൽ പ്രേമത്തിൽ ആണെന്നും രണ്ട് ജാതിയിലുള്ളവർ തമ്മിൽ പ്രേമിച്ചാൽ ശരിയാവില്ലെന്നും പറയുന്നു. വിളിച്ചത് ഒന്നാം വർഷ അധ്യാപകരിൽ ഒരാൾ. തുടർന്ന് ഇരു വീടുകളിലും അല്ലറ ചില്ലറ അസ്വാരസ്യങ്ങൾ ഒക്കെ ഉണ്ടായി. എന്തായാലും അതിനുശേഷം അവർ പ്രേമത്തിൽ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ഇപ്പോൾ സുഖമായി ജീവിക്കുകയും ചെയ്യുന്നു.
ഇത് രണ്ടു പേരുടെ മാത്രം അനുഭവമല്ല. പ്രത്യേകിച്ച് പല മതത്തിലും പല ജാതിയിലും ഉള്ളവർ അടുത്ത സുഹൃത്തുക്കളായാൽ, തമ്മിൽ പ്രേമമാണ് എന്നൊരു ശ്രുതി പടർന്നാൽ പലരുടെയും വീടുകളിൽ ഇങ്ങനെ ഫോൺകോളുകൾ എത്തുമായിരുന്നു. എത്തിക്കുന്നത് ചില അദ്ധ്യാപകർ തന്നെ, പെൺകുട്ടികളെ ഒക്കെ നേരിട്ട് വിളിച്ച് ഗുണദോഷിക്കാൻ ശ്രമിക്കുന്നതും ഒറ്റപ്പെട്ട അനുഭവമല്ല.
2. വിദ്യാർത്ഥികളെ പല ശ്രേണിയിലായി കാണുന്ന വിവേചന മനോഭാവം –
“മെൻസ് ഹോസ്റ്റലിൽ താമസിക്കാൻ പാടില്ല. നിലവിൽ അവിടെ റൂമെടുത്തവർ എത്രയും പെട്ടെന്ന് പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറണം. ഒരു രീതിയിലും പഠിക്കാൻ പറ്റുന്ന സാഹചര്യമല്ല മെൻസ് ഹോസ്റ്റലിൽ” എംബിബിഎസ് കാലത്ത് ഒന്നാം വർഷ അധ്യാപകരിൽ ചിലരുടെ നിർബന്ധമാണ്. ഇതുമൂലം പ്രൈവറ്റ് ഹോസ്റ്റലിൽ താമസിക്കേണ്ടി വന്ന നിരവധി പേരുണ്ട്. മാറാത്തവരെ നിർബന്ധിക്കുന്നതും അപൂർവ്വമല്ലായിരുന്നു. മെൻസ് ഹോസ്റ്റലിൽ ഒരു മാസം വാടക ഇനത്തിൽ ചെലവ് 100 രൂപയിൽ താഴെയും സ്വകാര്യ ഹോസ്റ്റലിൽ ആയിരങ്ങളും ആവുമായിരുന്നു അക്കാലത്ത്.
ഹോസ്റ്റൽ വിടണം എന്ന നിർബന്ധം പല തവണ ആവർത്തിച്ചപ്പോൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ പ്രയോജനം കണ്ടില്ല. ഒരു ദിവസം രാത്രി വാർഡന്റെ പുതിയ വീടിന്റെ മതിലിൽ ഈ വിഷയം ചൂണ്ടിക്കാട്ടി പോസ്റ്റർ പതിച്ചു. വൈകാതെ തീരുമാനമുണ്ടായി. കുറച്ചുകാലത്തേക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഇല്ലാതായി.
3. ബോഡി ഷെയിമിങ്ങ് & ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ:
സ്ലിറ്റുള്ള ചുരിദാർ ഇടാൻ പാടില്ലന്ന് നിഷ്കർഷിച്ചിരുന്നത്രേ ചിലർ. ചുരിദാർ ടോപ്പിന്റെ ഇരുവശങ്ങളിലും കാല് നേരെ ചൊവ്വേ വച്ച് നടക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സ്ലിറ്റ് എന്ന ഈ സംവിധാനം അശ്ലീലമാണെന്നും അത്തരക്കാർ പുരുഷന്മാരെ ‘ഇളക്കാൻ’ ഒരുങ്ങിയിറങ്ങിയവരാണെന്നും പറഞ്ഞ് ആക്ഷേപിക്കുന്ന ചില അധ്യാപകർ ഉണ്ടായിരുന്നു.
അരക്ഷിതാവസ്ഥയനുഭവിച്ച ചില വിദ്യാർത്ഥികൾ സ്ലിറ്റില്ലാത്ത ചുരിദാർ തയ്പ്പിച്ചു. സ്ലിറ്റിൽ നിരനിരയായി താഴേക്ക് ഇരുവശത്തും സേഫ്റ്റി പിന്നുകൾ കൊണ്ട് കുത്തി ഉറപ്പിച്ച് കോളേജിൽ പോയവരും ഉണ്ട്.
അന്നത്തെ ചുരിദാർ സെറ്റുകളുടെ പാൻ്റ് കോട്ടൺ തുണിയിൽ ആയിരിക്കും. ഈ പാന്റിൽ കൂടി വെളിച്ചം കടക്കുമ്പോൾ കാലിൻ്റെ നിഴൽ കാണും. ഇത് കണ്ടാൽ പിന്നെ ആണുങ്ങളെ ഇളക്കാൻ നടക്കുന്നവരാണ് എന്ന ആക്ഷേപം വരും. ഇതുകേട്ട് തല കുനിച്ച് നൽകേണ്ടിവന്ന വിദ്യാർഥികളുടെ എണ്ണം ഒട്ടും കുറവല്ല. ജീൻസ് ഇടാൻ അനുവദിക്കില്ല. ജീൻസിട്ടാൽ മോശം ആണത്രേ. അതുകൊണ്ട് ബഹുഭൂരിപക്ഷവും പാൻ്റിനടിയിൽ ഒരു പാൻ്റ് കൂടി ധരിച്ച് ക്ലാസിൽ പോയ അനുഭവവും ഉണ്ട്.
ചുരിദാറിന്റെ ഷോൾ കൃത്യമായി മടക്കി വി ഷേപ്പിൽ ഇട്ട് ഇരുവശവും പിൻ ചെയ്യണം. അതിനു മുകളിൽ വെള്ളക്കോട്ടിടണം. എല്ലാ ബട്ടനും ഇട്ട്, മുകളിൽ ഉള്ളിലെ ഷോൾ ത്രികോണാകൃതിയിൽ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ മനുഷ്യത്വവിരുദ്ധമായ പരാമർശങ്ങൾ കേൾക്കേണ്ടിവരും. തലമുടി കെട്ടി വെക്കണം എന്നാണ് അലിഖിത നിയമം. മുടിയുടെ നീളം കുറഞ്ഞവർ പാടുപെടും. ഇതൊക്കെ ചെയ്തില്ലെങ്കിൽ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കാൻ പോലും മടിക്കാത്ത ചില അധ്യാപകർ.
ഇത് ഏതാനും ചില പൊതുവായ ഉദാഹരണങ്ങൾ മാത്രമാണ്, അറിഞ്ഞതും അറിയപ്പെടാത്തതുമായ അനേകം കഥകളുണ്ട്. അതിൽ ആത്മാഭിമാനത്തെ, ആത്മവിശ്വാസത്തെ, മാനസിക-ശാരീരിക ആരോഗ്യത്തെ, വ്യക്തിത്വ വികാസത്തെ, പഠനത്തെ എന്നിവയെയൊക്കെ പ്രതികൂലമായി ബാധിച്ച അനേകം അനുഭവങ്ങളുമുണ്ട്. തരണം ചെയ്തു വന്നവരാവും ഏറെയും എന്നാൽ അങ്ങനെയല്ലാത്തവരും കണ്ടേക്കും, ദുരനുഭവങ്ങൾ മായ്ക്കാനാവാത്ത ഓർമ്മകളായി പേറുന്നവരും കാണും.
വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറുന്ന അധ്യാപകർ, അതിനെതിരെ പ്രതികരിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾ, സ്ത്രീവിരുദ്ധ മുഖമുദ്രയാക്കിയ ചില അധ്യാപകർ, പരാതിപ്പെടാനോ സങ്കടം പറയാനോ പോലും അധികാരികളിൽ ആരും ഇല്ലാത്ത അവസ്ഥ. എന്തെങ്കിലും പറഞ്ഞു പോയാൽ ഇന്റേണൽ പരീക്ഷയിൽ തോൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യക്ഷ പരോക്ഷ ഭീഷണികൾ. ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മനിന്ദയിൽ ജീവിക്കേണ്ടി വരുന്ന കാലമാണ് പലപ്പോഴും മെഡിക്കൽ വിദ്യാർത്ഥികളുടേത്.
*****
ഇന്നും ഇതൊക്കെ തുടരുന്നു എന്നാണ് നിലവിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. പുതിയ തലമുറ വളരെ സെൻസിറ്റീവ് ആയതു കൊണ്ട് ചെറിയ ചൂടിൽ വാടുന്നതാണ് എന്നും പണ്ടത്തെ വെച്ചു നോക്കുമ്പോൾ ഇപ്പോഴൊന്നും ഒന്നും ഇല്ല എന്നും ഒക്കെ മുതിർന്നവർ പറയുന്നത് കേൾക്കാം. പക്ഷെ പരിഷ്കൃത സമൂഹത്തിന് ഇതുമായി യോജിക്കാൻ കഴിയില്ല. Discipline (അച്ചടക്കം), Guidance (മാർഗോപദേശം), Supervision (മേൽനോട്ടം) തുടങ്ങി അധ്യാപനത്തിലെ, പ്രത്യേകിച്ച് പ്രൊഫഷണൽ കോഴ്സുകളിലെ അധ്യാപനത്തിലെ ഘടകങ്ങളെ ബുള്ളിയിങ്ങുമായി വേർതിരിക്കുന്നത് ഒരു നേർത്ത വരയൊന്നുമല്ല.
എന്തൊക്കെയാണ് ബുള്ളിയിങ്ങ്?
1. നിരന്തരമായി ഇകഴ്ത്തുകയും, ചെയുന്ന ജോലിയുടെ വില കുറച്ചു കാണുകയും ചെയ്യുക.
2. നിരന്തരമായി വിമർശിക്കുക.
3. ആത്മാഭിമാനത്തിന് ക്ഷതം വരുന്ന രീതിയിൽ നിരന്തരം പെരുമാറുക.
4. സഹപാഠികൾക്ക് മുന്നിൽ അപമാനിക്കുക.
5. മാനസികമായി തളർത്തുന്ന രീതിയിൽ തുടർച്ചയായി അച്ചടക്ക നടപടികൾ സ്വീകരിക്കുക, കരിക്കുലത്തിൽ ഇല്ലാത്ത പരീക്ഷകൾ ഇടയ്ക്കിടെ മുന്നറിയിപ്പില്ലാതെ നടത്തുക.
6. വ്യക്തിപരമായ സത്യസന്ധതയെ നിരന്തരം ചോദ്യം ചെയ്യുക.
7. കുത്തുവാക്കുകളും അന്തസ്സിന് നിരക്കാത്ത ആക്ഷേപങ്ങളും ചൊരിയുക.
8. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക.
9. നേരിട്ടും അല്ലാതെയും ഭീഷണികൾ മുഴക്കുക.
10. ശാരീരികമായി ഉപദ്രവിക്കുക
11. നിരന്തരം അവഗണിക്കുക, പഠന പാഠ്യേതര കാര്യങ്ങൾക്കുള്ള ഗ്രൂപ്പുകളിൽ ഉൾപെടുത്താതിരിക്കുക, ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുക, അങ്ങനെ ഒരാളുണ്ട് എന്ന് ഗൗനിക്കുക പോലും ചെയ്യാതിരിക്കുക.
12. ഒരു വ്യക്തിക്ക് കോഴ്സിന്റെ പല ഘട്ടത്തിലും അവശ്യമായ വിവരങ്ങൾ മറച്ചു വെക്കുക.
13. അർഹതപ്പെട്ട ലീവ്, മറ്റ് ട്രെയിനിങ് / പോസ്റ്റിംഗ് മുതലായ അപേക്ഷകൾ അകാരണമായി തള്ളുക.
14. അപ്രാപ്യമായ രീതിയിൽ ജോലി തീർക്കുവാൻ അന്ത്യ ശാസനങ്ങൾ (deadlines) നൽകുകയും സമ്മർദം ചെലുത്തുകയും ചെയ്യുക.
15. നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയിലോ മൂല്യനിർണയ പ്രക്രിയയിലോ കൈ വരിക്കണം എന്ന് നിർദേശിക്കപെട്ടിരിക്കുന്ന ലക്ഷ്യങ്ങൾ അതിനിടെ തന്നെ കൂടെ കൂടെ മാറ്റുക.
16. ലിംഗ – വർഗ – ജാതി അടിസ്ഥാനത്തിലും മറ്റും വിവേചനം കാണിക്കുക
17. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക.
18. പ്രാക്ടിക്കൽ പരിശീലനം എന്ന വ്യാജേന വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ട് പഠിപ്പിക്കുക.
19. ലീവ്, പോസ്റ്റിംഗ് തുടങ്ങിയ അവകാശങ്ങൾ ലഭ്യമാക്കണമെങ്കിൽ താൻ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്ന് പറയുക.
20. അർഹതപ്പെട്ട സ്റ്റൈപ്പൻഡ് തടഞ്ഞു വയ്ക്കുക.
21. മറ്റു വിദ്യാർത്ഥികളുമായി താരതമ്യം ചെയ്ത് മറ്റുള്ളവരുടെ മുൻപിൽ ഇകഴ്ത്തി കാട്ടുക.
22. വിദ്യാർഥികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുക.
23. വിദ്യാർഥികളുടെ വ്യക്തിപരമായ കാര്യങ്ങൾ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുക.
ഇതെല്ലാം ബുള്ളിയിങ് ആണ് എന്ന് സാമാന്യ യുക്തി വെച്ച് മനസ്സിലാക്കാവുന്നത് തന്നെയാണെങ്കിലും അച്ചടക്കത്തോടെ ഉള്ള മേൽനോട്ടം അല്ലേ എന്ന് ചിലരെങ്കിലും സംശയിക്കുന്നതു കൊണ്ട് വിശദമാക്കി എന്ന് മാത്രം.
അടുത്തറിയാവുന്ന സുഹൃത്തുക്കൾ,
കുടുംബാംഗങ്ങൾ എന്നിവരുമായി ദുരനുഭവങ്ങൾ പങ്കു വെക്കുക എന്നതാണ് ഇതിൽ ഇതു അനുഭവിക്കുന്നവർക്ക് ചെയ്യാവുന്ന ആദ്യ കാര്യം. അവരോട് മനസ്സ് തുറന്നു സംസാരിക്കുന്നത് ഭാരം കുറക്കുവാൻ സഹായിക്കും. പക്ഷേ പീഡനങ്ങൾക്ക് അതുകൊണ്ട് മാത്രം അവസാനം ഉണ്ടാകില്ല.
അതാത് സ്ഥാപനങ്ങളിലെ അധികാരികളെ നിർഭയം സമീപിക്കാൻ ഉള്ള അവസരമാണ് വേണ്ടത്. അത്തരം പരാതികളിൽ ന്യായമായ നടപടി സ്വീകരിക്കാനുള്ള അവസ്ഥ സംജാതമാകേണ്ടതുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ പലപ്പോഴും ഇത്തരം പരാതികൾ അന്വേഷിക്കുന്നത് അധ്യാപകർ തന്നെയാണ് എന്നതിനാലും കുറ്റാരോപിതരായ അധ്യാപകരുടെ സ്വാധീനത്താലും പരാതികളിൽ അനുകൂല തീരുമാനം ഉണ്ടാവാറില്ല.
പീപ്പിൾ മാറ്റേഴ്സ്, എംപ്ലോയി അസിസ്റ്റ് പ്രോഗ്രാം, സ്റ്റുഡന്റ്സ് അസിസ്റ്റ് പ്രോഗ്രാം, സ്റ്റുഡന്റ്സ് റിഡ്രസൽ പ്രോഗ്രാം തുടങ്ങിയ പല പേരുകളിൽ പല നടപടിക്രമങ്ങൾ പല രാജ്യങ്ങളിലും നടന്നുവരുന്നുണ്ട്.
ഓസ്ട്രേലിയയിലെ മെൽബൺ ഹെൽത്തിൽ “We care” എന്നൊരു സംവിധാനം ഉണ്ട്. മൂന്ന് രീതിയിൽ ഇവിടെ പരാതി സമർപ്പിക്കാം. അനോണിമസ് ആയും അല്ലാതെയും. അനോണിമസ് അല്ലാതെ സമർപ്പിക്കുന്ന പരാതിയിൽ രണ്ട് ഓപ്ഷൻ ഉണ്ട്. പരാതി നൽകിയ ആളുടെ പേര് രഹസ്യമായി സൂക്ഷിക്കുന്ന ഓപ്ഷനും അല്ലാത്ത ഓപ്ഷനും. പേര് മറച്ചു വച്ചാലും ഇല്ലെങ്കിലും അന്വേഷണ നടപടികളുണ്ടാവും.
ആർക്കെതിരെ ആണോ പരാതി ആ അദ്ധ്യാപകന്റെ തുല്യമായ യോഗ്യതയുള്ള മറ്റൊരു ഓഫീസർ മറ്റൊരു സ്ഥാപനത്തിൽ നിന്നും അദ്ദേഹത്തെ കോൺടാക്ട് ചെയ്യും. “Coffee catch-up” എന്ന ഒരു സൗഹൃദ സംഭാഷണത്തിൽ പരാതിയെക്കുറിച്ച് അദ്ദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്തും. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ എല്ലാം കേൾക്കും. സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കും. ഇതാണ് ആദ്യഘട്ടം.
ഇതേ അധ്യാപകനെതിരെ വീണ്ടും പരാതി ഉണ്ടായാൽ പിന്നെ ഒഫീഷ്യൽ നടപടിക്രമങ്ങൾ ആരംഭിക്കുകയായി. വീണ്ടും അന്വേഷണം ഉണ്ടാവും. ആവർത്തിക്കരുത് എന്നുള്ള താക്കീത് ലഭിക്കും. വീണ്ടും ആവർത്തിച്ച പലർക്കും ഗൈഡ്ഷിപ്പ് വരെ നഷ്ടമായിട്ടുണ്ട്. ആവർത്തിച്ചവർക്ക് ആ പൊസിഷനിലെ ജോലി തന്നെ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. ഇങ്ങനെ മാറ്റി നിർത്തപ്പെട്ട അധ്യാപകർ ഉണ്ട്.
സ്വന്തം ഐഡൻറിറ്റി റിവീൽ ചെയ്തുകൊണ്ടാണ് പരാതി നൽകുന്നത് എങ്കിൽ ആ വ്യക്തിക്ക് ആവശ്യമായ സപ്പോർട്ട് ലഭിക്കാനുള്ള നടപടികളും കൈക്കൊള്ളും. പരാതി നൽകുന്നവരോട് പ്രതികാര മനോഭാവം പുലർത്തുന്ന സാഹചര്യം ഉണ്ടാവില്ല. വിദ്യാർഥികൾക്കും രജിസ്ട്രാർ/ട്രെയ്നി/സ്റ്റാഫ് അങ്ങനെ ഏവർക്കും ഏതു തരത്തിലുള്ള വിവേചനവും പരാതിയും അഡ്രസ്സ് ചെയ്യാനുള്ള സാഹചര്യം ലഭിക്കുക എന്നതും സിസ്റ്റത്തിൽ എല്ലാവർക്കും വിശ്വാസം ഉണ്ടാവുക എന്നതും ആണ് വീ കെയർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് പരാതികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയം ആണ് സിസ്റ്റത്തിൽ ഉള്ളത്.
“വിദ്യ അഭ്യസിപ്പിക്കുക” എന്ന കടമ മാത്രമാണ് അധ്യാപകർ ചെയ്യേണ്ടത്. അതിൻറെ മറവിൽ പ്രത്യക്ഷ / പരോക്ഷ ശാരീരിക-മാനസിക പീഡനങ്ങൾ നടത്തുന്ന അധ്യാപകർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്ന ഒരു സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. പഴകിയ സദാചാര മൂല്യബോധത്തോടെ, പ്രായപൂർത്തിയായ വിദ്യാർത്ഥികളുടെ വ്യക്തിത്വത്തെ വിലയിരുത്തി വിധി കൽപ്പിക്കുകയോ ചോദ്യം ചെയ്യുകയോ അല്ല, അധ്യാപകരുടെ കടമ എന്ന തിരിച്ചറിവ് ഉണ്ടാകണം. നമ്മുടെ പ്രൊഫഷണൽ കോളേജുകൾ വിദ്യാർത്ഥി സൗഹൃദപരമായി മാറണം. അധ്യാപകരുടെ ആശയങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കാനുള്ള ഉപകരണങ്ങൾ അല്ല വിദ്യാർഥികൾ എന്ന തിരിച്ചറിവ് സമൂഹത്തിൽ ഉണ്ടാവണം.
കടുത്ത ശിക്ഷണ രീതികൾ പിന്തുടരുന്ന പലരും പറയുന്ന ഒരു ന്യായമാണ് അത് വിദ്യാർത്ഥികൾ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് നേടാൻ വേണ്ടി ആണെന്ന്. ഇതിൽ ഒരു സത്യവുമില്ല. കടുത്ത ശിക്ഷണ നടപടികൾ (വാക്കുകൾ, പ്രവർത്തികൾ, മാനസിക പീഡനങ്ങൾ) സത്യത്തിൽ വിദ്യാർഥികളുടെ ആത്മവിശ്വാസം കെടുത്തുകയും, വിഷയത്തോട് വെറുപ്പ് തോന്നാൻ കാരണമാവുകയും അതുപോലെ മാനസിക സംഘർഷങ്ങൾ കൂട്ടാൻ ഇടയാക്കുകയും ചെയ്യും.
എന്നാൽ പിന്തുണ നൽകികൊണ്ടുള്ള തിരുത്തൽ നടപടികൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. അതു കൊണ്ട് തന്നെ അനുതാപത്തോട് കൂടി, സമഭാവേന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന, സ്നേഹപൂർണ്ണമായി ശരിയായ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സംവിധാനമാണ് വരേണ്ടത്.
അത്തരം വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട പഠനത്തിനും വ്യക്തിത്വ വികാസത്തിനും കൂടുതൽ അനുഗുണമാകും തൽഫലമായി മെച്ചപ്പെട്ട ഡോക്ടർമാരെ സമൂഹത്തിന് ലഭിക്കുകയും ചെയ്യും.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ