മെൻസ്റ്ററൽ കപ്പ്
ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നില നിന്നു പോവുന്ന പ്രക്രിയയുടെ കണ്ണിയിലെ ഒരു പ്രധാന ജൈവീക പ്രക്രിയയാണ്. ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ സൂചന കൂടിയാണ് അത്, ആര്‍ത്തവം ഇല്ലാതിരിക്കുകയോ, ക്രമക്കേട് ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോ മാത്രമാണ് അത് അസ്വാഭാവികം ആവുന്നത്. എന്നാല്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടു ഒട്ടേറെ അബദ്ധജടിലമായ ധാരണകളും സമൂഹത്തില്‍ നിലവിലുണ്ട്.
ആര്‍ത്തവം ആരോഗ്യപരമായി കൈകാര്യം ചെയ്താല്‍ മതിയാവും എന്നും അതൊരു അശുദ്ധി പേറുന്ന പ്രതിഭാസം അല്ലെന്നും ഏവരും തിരിച്ചറിയേണ്ടതുണ്ട്.
ആര്‍ത്തവം കൈകാര്യം ചെയ്യുന്നതില്‍ ആധുനിക ലോകത്ത് പ്രചുര പ്രചാരം ഉള്ള സാനിറ്ററി പാഡുകൾക്കും, റ്റാമ്പോണുകൾക്കും (ആര്‍ത്തവരക്തം ഒപ്പി എടുക്കാനായി യോനിക്കുള്ളില്‍ കടത്തി വെക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഉപാധി) ബദലായി അടുത്തകാലത്തു പ്രചാരത്തിലായി വരുന്ന ഒരു ഉപാധിയാണ് ആർത്തവ കപ്പുകൾ.
എന്താണ് മെൻസ്റ്ററൽ കപ്പ് (ആർത്തവ കപ്പ്)?
ചെറിയ കപ്പ് രൂപത്തിൽ ഉള്ള വളയ്ക്കാൻ കഴിയുന്ന സിലിക്കോൺ, തെര്‍മോ പ്ലാസ്റ്റിക് ഇലാസ്റ്റൊമര്‍ അല്ലെങ്കിൽ ലാറ്റക്സ് നിർമ്മിത ഉപകരണമാണിത്. ആർത്തവ രക്തം ആഗിരണം ചെയ്യുന്നതിന് പകരം ഈ കപ്പിൽ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് ഇതില്‍ ഉപയുക്തമാക്കുന്നത്. Inverted Cup അഥവാ തിരിച്ചു പിടിച്ചിരിക്കുന്ന ഒരു മണിയുടെ ആകൃതി ആണ് ഇവയ്ക്കുള്ളത്.
1930 കളിൽ ഉപയോഗയുക്തമാക്കി തുടങ്ങിയ ഈ സംവിധാനം അമേരിക്കയിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് തുടങ്ങിയത് 1987 മുതൽക്കു ആണ്.1932 ല്‍ മിഡ് വൈഫുമാരുടെ ഒരു ഗ്രൂപ്പാണ് ആദ്യമായി ഇതിനു പേറ്റന്റ് നേടിയത്.
ക്യാനഡയിലും, യു എസിലും ഇവയുടെ നിലവിലെ കണക്കുകൾ നോക്കിയാൽ പാഡ്, റ്റാമ്പോണുകള്‍ എന്നിവയെക്കാള്‍ ഇരുപതു മടങ്ങു വർദ്ധനവാണ് ഇവയുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. അതായത് ഇവയ്ക്ക് ആവശ്യക്കാർ ഏറി വരുന്നു എന്ന് ചുരുക്കം.
എങ്ങനെ ആണ് മെൻസ്റ്ററൽ കപ്പ് ഉപയോഗിക്കുന്നത്?
ആർത്തവത്തിന് തൊട്ടു മുന്നേ ഈ കപ്പ് നിർദ്ദിഷ്ട രീതിയിൽ മടക്കി ഉള്ളിലേക്ക് വയ്ക്കുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിൽ നിക്ഷേപിച്ചാൽ ഇത് ഉള്ളിലിരിക്കുന്നതു അറിയുക പോലുമില്ലത്രേ!
ഗർഭ നിരോധനോപാധി ആയ ഡയഫ്രമൊക്കെ ഉള്ളിൽ വയ്ക്കുന്ന രീതിക്കു സമാനമാണിത്. ഉള്ളിൽ ഈ കപ്പ് തുറന്നു വരുകയും ആര്‍ത്തവരക്തം ലീക്ക് തടയും വിധം യോനീ ഭിത്തികൾക്കിടയിൽ നില കൊള്ളുകയും തുടര്‍ന്ന് ആർത്തവ രക്തം ഈ കപ്പിൽ ശേഖരിക്കപ്പെടുകയും ചെയ്യും.
ഉപയോഗിച്ചതിന് ശേഷം നശിപ്പിക്കാവുന്ന തരത്തിൽ ഉള്ള ഡിസ്പോസിബിൾ കപ്പുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ടൈപ്പുകള്‍ പുനർ ഉപയോഗം സാധ്യമായവയാണ്.
നീക്കം ചെയ്യുന്നത് എങ്ങനെ?
കപ്പിന്റെ താഴത്തെ തണ്ട് പോലുള്ള അഗ്രത്തിൽ വലിച്ചതിനു ശേഷം അമർത്തി ഇത് പുറത്തു എടുക്കാവുന്നതാണ്.സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയതിനു ശേഷം വീണ്ടും ഉപയോഗിക്കാം, ചൂട് വെള്ളത്തില്‍ തിളപ്പിച്ച് അണ്‌വിമുക്തി ഉറപ്പു വരുത്തുകയും ആവാം. ഓരോ ആർത്തവ ചക്രത്തിനു ശേഷവും നിര്‍ബന്ധമായും തിളപ്പിച്ച വെള്ളത്തിലിട്ടു അണുവിമുക്തമാക്കി വീണ്ടും ഉപയോഗത്തിനായി സൂക്ഷിച്ചു വെക്കേണ്ടതാണ്.
അനുകൂല ഘടകങ്ങള്‍
- പരിസ്ഥിതി സൗഹൃദ ഉപാധിയാണ് ഇവ – ഓരോ ബ്രാന്‍ഡ് അനുസരിച്ച് ഉപയോഗയോഗ്യമായ കാലാവധി മാറും എങ്കിലും സാധാരണഗതിയില്‍ 4 തൊട്ടു 10 വര്‍ഷം വരെ തുടർച്ചയായി ഉപയോഗിക്കാവുന്ന ആർത്തവ കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. പാഡ് പോലുള്ളവയും ആയി താരതമ്യം ചെയ്യുമ്പോൾ പരിസര മാലിന്യത്തിന്റെ അളവ് ഇവ ഗണ്യമായി കുറയ്ക്കുന്നു. പാഡ് പോലുള്ളവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇത് ഉപയോഗിക്കുമ്പോള്‍ ഇല്ലതാനും.
- 12 മണിക്കൂറോളം ഒറ്റയടിക്ക് ഉപയോഗിക്കാം. പാഡ് റ്റാംപോണ് എന്നിവ രക്തസ്രാവം അനുസരിച്ചു 4 തൊട്ടു 8 മണിക്കൂർ വരെ മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്.
രാത്രി മുഴുവൻ ഉപയോഗിക്കുന്നതിനും കൂടുതൽ ഉചിതം ആണ്. ഉപയോഗിച്ച് ശീലമായാൽ പാഡ് പോലുള്ള സംവിധാനങ്ങൾ പകരമായി കരുതുന്ന സാഹചര്യവും ഒഴിവാക്കാം.വിമാനത്തിലോ ട്രെയിനിലോ ഒക്കെ ദീര്‍ഘയാത്ര പോലുള്ള അവസരങ്ങളില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്നു.
- കൂടുതൽ അളവ് ആർത്തവ രക്തം കൈകാര്യം ചെയ്യും, ഏകദേശം ഒരു ഔൺസ്. (ഏറ്റവും കൂടുതൽ ആഗിരണ ശേഷിയുള്ള പാഡിന്റെ ഏകദേശം ഇരട്ടി അളവ് വരുമിത്) കൂടുതൽ രക്തം ഒഴുക്കിനെ കൈകാര്യം ചെയ്യാൻ മെച്ചപ്പെട്ട സംവിധാനം ആണിത്.
- മൃദുവായ ഡിസ്പോസിബിൾ കപ്പു ഉപയോഗിക്കവെ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.
- അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോ ആർത്തവ രക്തത്തിനു ദുർഗന്ധം ഉടലെടുക്കാമെന്നാൽ കപ്പ് അതിനുള്ള സാധ്യതകൾ തടയുന്നു.
- റ്റാംമ്പോണ്‍ ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ടോക്സിക് ഷോക് സിൻഡ്രോം പോലുള്ള രോഗാണുബാധകൾ ഉണ്ടാവാൻ ഉള്ള സാദ്ധ്യതകൾ കുറയ്ക്കുന്നു. പാഡ് ഉപയോഗിക്കുമ്പോൾ തുടയിടുക്കുകളിൽ ഉണ്ടായേക്കാവുന്ന ത്വക് പ്രശ്‍നങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കുന്നു.
- ചില ആരോഗ്യപ്രശ്നങ്ങള്‍ ഒക്കെ നേരിടുന്ന സമയത്ത് ആര്‍ത്തവ രക്തത്തിന്റെ അളവ് കൃത്യമായി അറിയാന്‍ ഇത് ഉപയോഗയുക്തമാക്കാം. ചില തരം കപ്പുകളില്‍ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും.
- മെൻസ്റ്ററൽ കപ്പുകള്‍ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നതായിട്ടു ഇത് വരെ ആധികാരികമായി കണ്ടെത്തിയിട്ടില്ല.
- ടാമ്പോണുകൾ യോനിക്കുള്ളിലെ മറ്റു ശാരീരിക ദ്രവങ്ങളും ആഗിരണം ചെയ്യുന്നതിനാൽ യോനി കൂടുതൽ വരണ്ടത് ആവാനിടയുണ്ട്. എന്നാല്‍ കപ്പുകള്‍
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ലീക്കിങ്/ഓവർ ഫ്ലോ പോലുള്ളവയ്ക്കു സാധ്യത തീരെ കുറവാണ്.
പ്രതികൂല ഘടകങ്ങള്‍
- ഉപയോഗിക്കവേ ഉണ്ടാവുന്ന അസ്വസ്ഥകള്‍
ചിലരിൽ ഇത് ഉള്ളിൽ അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നായി ഭവിക്കാം.
കൈകാര്യം ചെയ്യുന്നതിന് മുന്നേ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ആർത്തവ രക്തം നീക്കം ചെയ്യാനായി വൃത്തിയാക്കുമ്പോഴും മൂന്നു ആവർത്തി എങ്കിലും നന്നായി കഴുകേണ്ടത് പ്രധാനമാണ്.
- ഉപയോഗിച്ചു തുടങ്ങുന്ന സമയത്തു ചെറിയ പരിശീലനം നേടേണ്ടതുണ്ട്.
ശരിയായ ഫിറ്റ് കണ്ടു പിടിക്കുന്നതിന് ചിലപ്പോൾ അല്പം പരിശ്രമം വേണ്ടി വന്നേക്കാം. പ്രായം, ആർത്തവ രക്തത്തിന്റെ ഒഴുക്ക്, പ്രസവ ശേഷമാണോ ഉപയോഗിക്കുന്നത് എന്നീ ഘടകങ്ങൾ ഒക്കെ കണക്കിൽ എടുത്തു പല വലിപ്പത്തിൽ ഉള്ള കപ്പുകൾ ലഭ്യമാണ്.
ഓരോരുത്തർക്കും യോജിച്ച അളവ് കണ്ടെത്തുന്നതിനായി തുടക്കത്തിൽ പല അളവ് മാറി പരീക്ഷിക്കേണ്ടതായി വന്നേക്കാം.
അല്‍പം സ്ഥാനഭ്രംശമുള്ള ഗര്‍ഭപാത്രം,താഴ്ന്നിരിക്കുന്ന ഗർഭാശയ മുഖം എന്നിവ പോലുള്ള ശാരീരിക പ്രത്യേകതകൾ ഉള്ളവർക്ക് ഈ പ്രക്രിയ ചിലപ്പോൾ കൂടുതൽ പരിശ്രമകരമായേക്കാം.
- നീക്കം ചെയ്യൽ ചിലപ്പോൾ ശ്രമകരമായേക്കാം.
ഇരുന്നുകൊണ്ട് ഉള്ളിൽ നിന്നും അല്പം മർദ്ദം ചെലുത്തി കൂടി വേണം ഇത് തിരിച്ചു എടുക്കാൻ.
അടിഭാഗം വിരൽത്തുമ്പു കൊണ്ട് അമർത്തി പുറകിലേക്ക് അല്പം ചരിച്ചു വേണം എടുക്കാൻ.
പൊതു സ്ഥലങ്ങളിൽ ഉള്ള ശൗചാലയങ്ങൾ പോലുള്ള ഇടങ്ങളിൽ വെച്ച് ഇത് ചെയ്യാനും കഴുകി വൃത്തിയാക്കാനും പ്രായോഗിക പ്രയാസം നേരിയ രീതിയില്‍ നേരിടാനിടയുണ്ട്.
ഇവ നിർമ്മിക്കുന്നവരുടെ നിർദ്ദേശങ്ങളിൽ വിവരിക്കുന്നത് കുപ്പിയിൽ വെള്ളം എടുത്തു ഒഴിച്ച് കഴുകി ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം എന്നാണു.
- ഗർഭപാത്രത്തിനു ഉള്ളിൽ നിക്ഷേപിക്കുന്ന കോപ്പർ ടി പോലുള്ള ഗർഭ നിരോധനോപാധികളുടെ ഒപ്പം ഇത് ഉപയോഗിക്കുന്നത് ആശാസ്യകരം അല്ല. ഗർഭനിരോധന ഉപാധിയുടെ സ്ഥാനം മാറാനോ അറിയാതെ നീക്കം ചെയ്തു പോവാനോ ഒക്കെ നേരിയ സാധ്യതകൾ നില നിൽക്കുന്നു എന്നതിനാൽ ആണ് ഇത്.
അശുദ്ധിയും സങ്കോചം ഉണ്ടാക്കുന്ന സാഹചര്യവും ആണ് ആര്‍ത്തവം എന്ന ചിന്തയില്‍ നിന്നും മാറി, ആർത്തവത്തെ ഒരു അവജ്ഞയോടെ കാണുന്നത് ഒഴിവാക്കി ഇതൊരു സാധാരണ ജൈവീക പ്രകിയ ആണെന്ന ചിന്ത പ്രോത്സാഹിപ്പിക്കാൻ കപ്പുകൾക്കു സാധിക്കുന്നു എന്നൊരു കാഴ്ച്ചപ്പാട് ഉണ്ട്.
സാമ്പത്തിക ലാഭം ഉൾപ്പെടെയുള്ള പ്രായോഗിക പ്രയോജനങ്ങൾ ഏറെ ഉള്ള കപ്പ് കൂടുതൽ പ്രചാരം നേടാൻ പോന്നതാണ്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഇതിനു പ്രസക്തി ഏറെയുണ്ട്. ഇന്ത്യയില്‍ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത് കേവലം 12% സ്ത്രീകള്‍ മാത്രമാണ് എന്നാണു ചില പഠനങ്ങള്‍ പറയുന്നത്. പരമ്പരാഗത രീതികളെ ക്കാള്‍ ശുചിത്വം ഏറിയതും എന്നാല്‍ പാഡിനേക്കാള്‍ ചെലവ് വളരെ കുറഞ്ഞതുമായ ബദല്‍ ആയി മെൻസ്റ്ററൽ കപ്പ് സ്വീകാര്യത നേടാന്‍ ഉള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.