· 7 മിനിറ്റ് വായന

ലോക മാനസികാരോഗ്യ ദിനം – Mental health in unequal world

Psychiatry
World mental Health day post
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ലോകാരോഗ്യ സംഘടനയും, വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്തും(WFMH) ആചരിക്കുന്ന ദിവസമാണ്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, മാനസികാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ, മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇവയെ കുറിച്ച് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയും, മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ തുടങ്ങാൻ അവരെ പ്രേരിപ്പിക്കുകയുമാണ് ഇത്തരം ഒരു ദിനാചരണം കൊണ്ട് ലക്ഷ്യംവെക്കുന്നത്.
ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ പ്രവർത്തന വിഷയമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത് “എല്ലാവർക്കും മാനസികാരോഗ്യ സേവനങ്ങൾ എന്നത് യാഥാർഥ്യമാക്കാം” എന്നതാണ്. വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് പക്ഷെ കുറച്ചുംകൂടി സ്പെസിഫിക് ആയ ഒരു വിഷയമാണ് തിരഞ്ഞെടുത്തത്. “അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം” mental health in an unequal world എന്നതാണ് ആ വിഷയം.
വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങി എല്ലാ സേവന മേഖലയിലും പലതരത്തിലുള്ള വേർതിരിവുകൾ നിലനിൽക്കുന്നതായി നമ്മൾക്ക് അറിയാമല്ലോ. ആരോഗ്യ മേഖലയിലെ സേവനങ്ങളിലും ഈ വേർതിരിവുകൾ കാണാൻ സാധിക്കും. കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ നേരിടുന്ന കോവിഡ് പാൻഡെമിക് ഈ വേർതിരിവുകൾ എത്ര ശക്തമാണ് എന്ന് മറനീക്കി പുറത്തു വരാൻ കാരണമായിട്ടുണ്ട്. രോഗ പ്രതിരോധം, ചികിത്സ, വാക്സിൻ വിതരണം തുടങ്ങി വിവിധ മേഖലകളിൽ അസമത്വങ്ങളും, വേർതിരിവുകളും ലോകമെങ്ങും പ്രകടമായിരുന്നു.
ആരോഗ്യ മേഖലയിൽ തന്നെ സേവനങ്ങൾ സ്വീകരിക്കുന്നതിലും നൽകുന്നതിലും ഏറ്റവുമധികം അന്തരം നിലനിൽക്കുന്നത് മാനസികാരോഗ്യ മേഖലയിലാണ് എന്ന് പറയാം. മാനസികാരോഗ്യത്തിനു നൽകുന്ന പ്രാധാന്യം, മാനസിക രോഗങ്ങളോടും, രോഗികളോടുമുള്ള വേർതിരിവുകൾ, മാനസികാരോഗ്യ സേവനങ്ങളുടെ കുറവ്, സാമൂഹിക രാഷ്ട്രീയ വെല്ലുവിളികൾ ഇവയൊക്കെ ഈ അസമത്വത്തിനു കാരണമാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് ഉടൻ തന്നെ പരിഹാരം തേടുക എന്ന രീതി വികസിത രാജ്യങ്ങളിൽ പോലും കുറവാണ്. അവികസിത രാജ്യങ്ങളിലാകട്ടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ 75% ത്തിലധികം ആളുകൾക്കും ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നില്ല എന്നാണ് പഠനങ്ങൾ പറയുക. സേവനങ്ങൾ ലഭിക്കുന്നവർക്ക് തന്നെ ചിലപ്പോൾ രോഗാവസ്ഥയിൽ നീണ്ട വർഷങ്ങൾ പിന്നിട്ടതിനു ശേഷം മാത്രമാണ് ചികിത്സയും മറ്റും ലഭിക്കുക. ചികിത്സ ലഭിക്കുന്നവരിൽ തന്നെ ലഭിക്കുന്ന സേവനങ്ങളിൽ വലിയ അന്തരമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ, ജാതിയുടെയും, നിറത്തിന്റെയും, വർഗ്ഗത്തിന്റെയും പേരിലുള്ള വേർതിരിവുകൾ നേരിടുന്നവർ, LGBTQIA സമൂഹം, പ്രായമായവർ, മറ്റ് ശാരീരിക- ബൗദ്ധിക വൈകല്യങ്ങൾ ഉള്ള വ്യക്തികൾ ഇവർക്കൊക്കെ പലപ്പോഴും പൊതുസമൂഹത്തെ അപേക്ഷിച്ച് വേണ്ട പരിഗണന മാനസികാരോഗ്യ സേവനങ്ങളിൽ ലഭിക്കാറില്ല, ഇവരിൽ പലർക്കും മാനസികാരോഗ്യ സേവനങ്ങൾക്ക് എത്തുമ്പോൾ വേർതിരിവുകൾ നേരിടേണ്ടി വരുന്നുണ്ട് എന്നുമാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഈ തിരിച്ചറിവിൽ നിന്നാണ് ഈ വർഷത്തെ പ്രവർത്തന വിഷയം രൂപംകൊണ്ടത്. മാനസികാരോഗ്യ സേവനങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന വേർതിരിവുകളും, അസമത്വവും നമ്മൾ പരിഹരിക്കേണ്ടതുണ്ട്. ഈ അസമത്വങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ കണ്ടെത്തുകയും അവക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. വേർതിരിവുകൾ കൂടുതലായി അനുഭവിക്കുന്ന സമൂഹങ്ങളെയും വ്യക്തികളെയും കണ്ടെത്തുകയും അവർക്ക് ആവശ്യമായ സേവനങ്ങൾ എങ്ങനെ നൽകാൻ സാധിക്കും എന്നത് ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ വർഷത്തെ വിഷയത്തിന് വളരെ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്.
മാനസികാരോഗ്യ സേവനങ്ങളുടെ കാര്യത്തിൽ വിവിധ സമൂഹങ്ങൾ നേരിടുന്ന അസമത്വങ്ങളും വേർതിരിവുകളും എന്തൊക്കെയാണെന്ന് നമ്മൾക്ക് ഒന്ന് പരിശോധിക്കാം
?ജാതി- വർഗ്ഗ ന്യൂനപക്ഷങ്ങൾ – racial and ethnic minorities
?ഈ സമൂഹങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് പഠനങ്ങൾ നമ്മുടെ നാട്ടിൽ നന്നേ കുറവാണ്. എന്നാൽ മറ്റു വികസിത രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ഇവയാണ്.
?പൊതു സമൂഹത്തെ അപേക്ഷിച്ച് മാനസിക രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇവർക്ക് കൂടുതൽ അല്ലെങ്കിലും, രോഗാവസ്ഥ ഉണ്ടായാൽ സമയോചിതമായ പരിചരണം ഇവർക്ക് ലഭിക്കുന്നില്ല.
?അമേരിക്കയിൽ നടന്ന പഠനങ്ങളിൽ മാനസികരോഗം ഉണ്ടായാൽ 48% വെളുത്ത വർഗ്ഗക്കാർക്ക് മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുമ്പോൾ, കറുത്ത വർഗ്ഗക്കാരിൽ 32%ത്തിനും, ഏഷ്യാക്കാരിൽ 22% ത്തിനും മാത്രമേ ഈ സേവനങ്ങൾ ലഭിക്കുന്നുള്ളൂ.
?മാനസികാരോഗ്യത്തെയും, മാനസിക രോഗങ്ങളെയും കുറിച്ചുള്ള അറിവ് ഈ സമൂഹങ്ങളിൽ കുറവാണ്. ഇത് കൃത്യ സമയത്ത് സഹായം തേടുന്നതിൽ തടസമായി മാറാറുണ്ട്.
?കിടത്തിയുള്ള ചികിത്സ, കൂടുതൽ കാലം നീണ്ടു നിൽക്കുന്ന ചികിത്സ ഇവയൊക്കെ കൂടുതലും ലഭിക്കുന്നതും, രോഗം മൂർച്ഛിച്ചു അത്യാഹിത വിഭാഗത്തിൽ ചികിത്സക്ക് എത്തുന്നവരിൽ കൂടുതലും ഈ സമൂഹത്തിൽ നിന്നുള്ളവരാണ്. സമയോചിതമായി പരിചരണം ലഭിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകുന്നത്.
?ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും, ചികിത്സകരിൽ നിന്നുമുള്ള വേർതിരിവിന് ഇവർ ഇരയാകുന്നതും കൂടുതലാണ്.
?ഇവരുടെ പ്രത്യേക ആവശ്യങ്ങൾ മനസിലാക്കാൻ സാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറവാണ്. ഈ സമൂഹങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും കുറവാണ്.
?ഇൻഷുറൻസ് പരിരക്ഷ, സാമൂഹിക ആരോഗ്യ പദ്ധതികളിലുള്ള പ്രാതിനിത്യം ഇവയൊക്കെ ഈ സമൂഹത്തിൽ പെട്ടവർക്ക് ലഭിക്കുന്നത് നന്നേ കുറവാണ്.
?ഈ അന്തരങ്ങൾ കൊണ്ട് ഈ സമൂഹത്തിനു ആരോഗ്യ മേഖലയെ കുറിച്ച് വിശ്വാസവും പ്രതീക്ഷയും കുറയുന്നതിനും, അതുമൂലം ചികിത്സ തേടുന്നതിൽ വിമുഖതയും ഉണ്ടായിട്ടുണ്ട്.
?ഇന്ത്യയിൽ ഈ മേഖലയിൽ പഠനങ്ങൾ വളരെ കുറവാണ്. ഇതുവരെ നടന്ന പഠനങ്ങളിൽ പട്ടികജാതി പട്ടിക വർഗ്ഗ സമൂഹങ്ങൾ, മത ന്യൂന പക്ഷങ്ങൾ ഇവരൊക്കെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും, സേവനങ്ങൾ തേടുന്നതിലും പിന്നിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമുണ്ട്.
?സ്ത്രീകൾ
?സ്ത്രീകളുടെ ശാരീരിക സവിശേഷതകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ കൊണ്ടും, അതിലുപരി അവർ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ മൂലവും, മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
?വിഷാദം, ഉത്കണ്ഠ രോഗം, ഇവയൊക്കെ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. ഒപ്പം ശാരീരികവും മാനസികവും, ലൈംഗികവുമായ പീഡനങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണ്. ഇതും മാനസികരോഗ സാധ്യത കൂട്ടുന്നുണ്ട്.
?സാഹചര്യം ഇതാണെങ്കിൽ കുടി ഇന്ത്യയിൽ മാനസികാരോഗ്യ സേവനങ്ങൾ തേടുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. മൂന്നു പുരുഷന് ഒരു സ്ത്രീ എന്ന കണക്കിലാണ് ഇന്ത്യയിലെ അവസ്ഥ.
?ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ പോലും ഈ വേർതിരിവ് ഉണ്ട്. മിക്ക മാനസികാരോഗ്യ ആശുപത്രികളിലും കൂടുതൽ കിടക്കകൾ പുരുഷന്മാർക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്.
?ഗർഭകാല മാനസികാരോഗ്യ പ്രശ്നങ്ങൾ, അതുപോലെ ആർത്തവത്തോടു അനുബന്ധിച്ച മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ ഇവ സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ആണെങ്കിൽ കുടി, 50% ത്തിൽ താഴെ ആളുകൾ മാത്രമേ ഇതിനായി ശരിയായ സഹായം തേടുന്നുള്ളു.
?ഈ മാനസികാരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക സേവനങ്ങളും, കൃത്യമായ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരും നമ്മുടെ ഇടയിൽ കുറവാണ്.
?ഇത്തരത്തിൽ സ്ത്രീകളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ വലിയ അസമത്വം ലോകം മുഴുവനും നിലനിക്കുന്നുണ്ട്.
?LGBTQIA സമൂഹം
?ഒരുപക്ഷെ പൊതുസമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ വേർതിരിവും, അതിക്രമങ്ങളും അനുഭവിക്കേണ്ടി വരുന്നവരാണ് ക്വീർ വ്യക്തികൾ.
?അതുകൊണ്ടു തന്നെ പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്. ഉദാഹരണത്തിന് വിഷാദരോഗം വാരാനുള്ള സാധ്യത പൊതു സമൂഹത്തെ അപേക്ഷിച്ചു ഇവരിൽ 2-3 മടങ്ങു കൂടുതലാണ്. അതുപോലെ ഉത്കണ്ഠ രോഗം, ലഹരി ഉപയോഗ രോഗം, PTSD, ആത്മഹത്യ പ്രവണത ഇവയും ഈ സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ കൂടിയ രോഗസാധ്യതയുടെ പ്രധാന കാരണം ഇവർ നേരിടുന്ന സാമൂഹിക വേർതിരിവുകളാണ്.
?നോൺ ബൈനറി ആയി ജീവിക്കുന്നതും, നോൺ ഹെറ്ററോ സെക്ഷ്വൽ ഓറിയന്റേഷൻ ഉള്ളതും മാനസിക രോഗമാണ് എന്ന് കരുതുകയും അതിന് ചികിത്സകൾ നൽകുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചിലരെങ്കിലും ഈ അശാസ്ത്രീയ മാർഗ്ഗങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
?മാനസികാരോഗ്യ സേവനത്തിനായി സമീപിക്കുമ്പോൾ തങ്ങളുടെ ജൻഡർ ഐഡൻറിറ്റി/ സെക്ഷ്വൽ ഓറിയന്റേഷൻ മൂലം ഇവർക്ക് പലതരത്തിലുള്ള വേർതിരിവുകൾ നേരിടേണ്ടി വരുന്നുണ്ട് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുളളത്. ഇതേ കാരണംകൊണ്ട് പലരും ആവശ്യമായ ചികിത്സ തേടാത്ത സാഹചര്യം ഉണ്ട്.
?ക്വീർ വ്യക്തികളുടെ പ്രത്യേകതകളെ കുറിച്ച് അറിവ് ഇല്ലാത്ത, ക്വീർ അഫർമേറ്റിവ് അല്ലാത്ത മാനസികാരോഗ്യ വിദഗ്‌ദ്ധരാണ് പലപ്പോഴും ഇവരുടെ ചികിത്സക്ക് എത്തുക. ഇതും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
?ഈ സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള മാനസികാരോഗ്യ സംവിധാനങ്ങൾ നമ്മൾക്കില്ല എന്നത് ഒരു സത്യമാണ്.
?പ്രായമായവർ
?പ്രായമായവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അത് വയസ്സായതുകൊണ്ട് സ്വാഭാവികമായി തോന്നുന്നതാണ് എന്ന് കരുതുകയും, അതുമൂലം അവർക്ക് ആവശ്യമായ പരിചരണം കൃത്യ സമയത്ത് കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ട്.
?വിഷാദം, ഉറക്ക പ്രശ്നങ്ങൾ, ഓർമ്മ കുറവ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രായമായവർ നേരിടുന്നുണ്ട്. ശാരീരിക രോഗങ്ങൾ, ഒറ്റപ്പെടൽ, ഇവയും മാനസിക രോഗ സാധ്യത കൂട്ടുന്നുണ്ട്.
?പ്രായമായവരിലെ വിഷാദം കൂടുതൽ തീവ്രവും, തിരിച്ചറിയാൻ ബുദ്ധിമുട്ടുളളതുമാണ്. മാനസിക ബുദ്ധിമുട്ടുകളുമായി സേവനങ്ങൾക്ക് സമീപിക്കുമ്പോൾ, ഇവരുടെ ബുദ്ധിമുട്ടുകളെ കുറച്ചു കാണാനും, തിരിച്ചറിയാതെ പോകാനും, കൃത്യമായ ചികിത്സ ലഭിക്കാതെ പോകാനുമുള്ള സാധ്യത കൂടുതലാണ്.
? മേധാക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്ന് ഓർമ്മക്കുറവാണ്. പക്ഷെ പലപ്പോഴും ഇത് പ്രായം കൂടിയതുകൊണ്ടു സ്വാഭാവികമായി ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞു തള്ളിക്കളയുന്ന രീതി ആരോഗ്യ രംഗത്തുമുണ്ട്. മേധാക്ഷയ രോഗത്തിന് ശരിയായ ചികിത്സ ആദ്യം മുതലേ കിട്ടുക വളരെ പ്രധനാമാണ്‌. ഇത് നിരസിക്കാൻ ഇത്തരത്തിലുള്ള മുൻധാരണകൾ കാരണമാകും.
❤️ഇങ്ങനെ വിവിധ തലങ്ങളിലുള്ള സമൂഹങ്ങൾക്ക് മാനസികാരോഗ്യ സേവങ്ങളുടെ കാര്യത്തിൽ അസമത്വവും, വേർതിരിവും ഇന്ന് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ സത്യം തിരിച്ചറിയുകയും അതിനു മാറ്റം വരുത്തുവാൻ മാനസികാരോഗ്യ മേഖലയിൽ കാര്യമായ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ചർച്ചകൾക്ക് തുടക്കമാകാൻ ഈ മാനസികാരോഗ്യ ദിനം കാരണമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
❤️ഇന്ത്യയിൽ ഈ പ്രശ്നങ്ങൾ കുറയെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന മാനസികാരോഗ്യ സേവന നിയമം (MHCA 2017) 2018 തൊട്ട് നടപ്പിൽ വന്നു എങ്കിലും ഇതിലെ പല അടിസ്ഥാന സേവനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. സർക്കാരുകൾ കൂടുതൽ തുക മാനസികാരോഗ്യ സേവനങ്ങൾക്ക് മാറ്റി വെച്ചാൽ മാത്രമേ ഈ നിയമം അതിൻ്റെ പൂർണ്ണമായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കൂ. അതിനായി ഉള്ള നടപടികളും തുടങ്ങേണ്ടതുണ്ട്.
ഇത്തരത്തിൽ കൂട്ടായുള്ള പരിശ്രമം വഴി എല്ലാവർക്കും പക്ഷപാതരഹിതമായ മാനസികാരോഗ്യ സേവനങ്ങൾ നമ്മൾക്ക് ഉറപ്പാക്കാൻ സാധിക്കും എന്ന് കരുതാം.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ