· 4 മിനിറ്റ് വായന

ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

?ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ, കൊവിട്-19 പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ അവർ നേരിടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ഈ അടുത്ത ദിവസങ്ങളിൽ പങ്കുവെക്കുകയുണ്ടായി. നിരന്തരമായ ജോലിയും, പടർന്ന് പിടിക്കുന്ന രോഗവും ചിലരുടെയെങ്കിലും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഇനി എന്താകും ? എനിക്കും രോഗം വരുമോ? എന്റെ കുടുംബം എന്താകും? തുടങ്ങി നിരവധി ആധികൾ അവരും പങ്കുവെക്കുന്നുണ്ട്. വളരെ പ്രാധാന്യത്തോടെ ഭരണസംവധാനം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം.

?ഏത് പകർച്ചവ്യാധി കാലത്തും അതും ഏറ്റവും കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നതും, പകർച്ചവ്യാധികളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നതും ആരോഗ്യ പ്രവർത്തകരാണ്. പലപ്പോഴും ഇത്തരം പകർച്ചവ്യാധികളെ നമുൻനിരയിൽ നിന്ന് നേരിടുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. മുൻകാലങ്ങളിൽ സാർസ്, എബോള രോഗങ്ങൾ പടർന്നുപിടിച്ച സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

?നിലവിൽ ആദ്യമായി കൊറോണ ബാധ ഉണ്ടായ ചൈനയിലെ വുഹാൻ നഗരത്തിലും, അതിനു ചുറ്റുമുള്ള ഉള്ള ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിന്റെ ഫലങ്ങൾ കാണിക്കുന്നതും ആരോഗ്യപ്രവർത്തകർ കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നു എന്നതാണ്. 1257 ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ നടത്തിയ ഈ പഠനത്തിൽ ഏകദേശം 71% ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഏകദേശം 50% ആളുകളിൽ വിഷാദലക്ഷണവും, 44 % ആളുകളിൽ ഉത്കണ്ഠയും, 34 % ആളുകളിൽ ഉറക്കകുറവും കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൽ പങ്കെടുത്തതിൽ 40% ആളുകൾ ഡോക്ടർമാരും ബാക്കി നഴ്സുമാരും ആയിരുന്നു.

?ഈ പഠനത്തിന്റെ ഫലങ്ങൾ കാണിക്കുന്നത്, ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലുള്ള ആരോഗ്യ പ്രവത്തകരുടെ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ കൂടുതൽ കരുതൽ നൽകേണ്ടതുണ്ട് എന്നാണ്. കാരണം കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക്‌ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടിവന്നത് രണ്ട് പ്രളയവും, നിപ്പയും, കൊറോണയുമാണ്. കടുത്ത ജോലിഭാരവും മറ്റും പലരുടെയും മാനസിക ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർക്ക് മാനസിക സമ്മർദ്ദവും മറ്റും കൂടുന്നത് ?

?രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നത് ഇവരാണ്. രോഗികളുടെ കഷ്ടതയും മറ്റും സ്ഥിരമായി കാണുന്നത് മനസ്സിനെ തളർത്തും.

?വളരെ വേഗത്തിൽ വർദ്ധിക്കുന്ന രോഗികളുടെ എണ്ണവും, അത് തടയാനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്തതും സംഘർഷങ്ങൾ വർദ്ധിപ്പിക്കും.

?ജോലി ഭാരം കൂടുന്നതും, ജോലിക്ക് ആവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തതും, ആശങ്കകൾ ഉണ്ടാക്കും .

?രോഗത്തിന് അതിന് കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതും, വലിയ മരണനിരക്കും മാനസിക ബുദ്ധിമുട്ടുകൾ കൂട്ടും.

?തങ്ങൾ മൂലം മറ്റുള്ളവർക്ക്, പ്രത്യേകിച്ചും ബന്ധുക്കൾക്ക് രോഗം വരാമെന്ന പേടി പലരിലും ഉണ്ട്.

?ഞാൻ രോഗംബാധിച്ച് മരണപ്പെട്ടാൽ എന്റെ കുടുംബത്തിന്റെ അവസ്ഥ എന്താകും എന്നോർത്ത് വിഷമിക്കുന്നവരാണ് അധികവും.

?ഏറ്റവും പ്രധാനമായി പകർച്ചവ്യാധികൾ കൈകാര്യംചെയ്യുന്ന ആരോഗ്യ പ്രവർത്തകരോട് സമൂഹം വെച്ച് പുലർത്തുന്ന വേർതിരിവ് അവരുടെ മനസ്സിനെ വലിയ രീതിയിൽ തളർത്തും. ചിലസ്ഥലങ്ങളിൽ എങ്കിലും അത്തരം പ്രവണത നമ്മുടെ നാട്ടിലും കണ്ടു .

ഏതു ആരോഗ്യ പ്രവർത്തകർക്കാണ് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ?

ℹ️ First responders- രോഗിയെ ആദ്യമായി കാണുകയും പരിചരിക്കുകയും ചെയ്യുന്നവർ.

ℹ️ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളുകൾ.

ℹ️ കൂടെ കൂടെ മരണങ്ങൾ കാണുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നവർ.

ℹ️ പോസ്റ്റ്മോർട്ടം പരിശോധന ചെയ്യുന്ന ആളുകൾ.

ℹ️ മുൻപ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആളുകൾ.

ℹ️ കുടുംബ-സാമൂഹിക പിന്തുണ കുറഞ്ഞവർ

ℹ️ അമിതമായ ജോലി ഭാരം ഉളളവർ.

എന്തൊക്കെ ലക്ഷണങ്ങൾ കാണാം ?

1. ഇനി ഒന്നും വയ്യ, എന്ന തുടർച്ചയായി ഉള്ള തോന്നൽ.
2. വിഷാദം
3. അമിതമായ ഉത്കണ്ഠ
4. ഉറക്ക കുറവ്
5. വിശപ്പ് ഇല്ലായ്മ
6. എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ
7. മരണത്തെ കുറിച്ചുള്ള ചിന്തകൾ.
8. അമിതമായ ലഹരി ഉപയോഗം

ഇവർക്കായി എന്ത് ചെയ്യാൻ പറ്റും ?

? ആരോഗ്യപ്രവർത്തകരുടെ
മാനസികാരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്, മികച്ച പ്രാവീണ്യം ലഭിച്ച ഡോക്ടർമാർ, കൗൺസിലേഴ്സ്, നഴ്സുമാർ എന്നിവരുടെ ഒരു കോർ ഗ്രൂപ്പ് ഉണ്ടാക്കുക എന്നതാണ് ആദ്യപടി.

? രോഗ ചികിത്സയിലും, പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന ആളുകൾക്ക് മാസിക ആരോഗ്യം ഉറപ്പ് വരുത്താൻ വേണ്ട വേണ്ട പരിശീലനവും മുൻകരുതലും ഉറപ്പാക്കണം.

? മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വേണ്ട അറിവ് മുൻനിര പോരാളികൾക്ക് നൽകേണ്ടതുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിയുവാനും എപ്പോൾ സഹായം തേടണം എന്ന് കണ്ടെത്തുവാനും അവരെ പഠിപ്പിക്കണം.

? രോഗത്തെ സംബന്ധിച്ച് കൃത്യമായ അറിവുകൾ സമയാസമയങ്ങളിൽ ഈ ആരോഗ്യ പ്രവർത്തകരിൽ എത്തിക്കണം. നേരിടുന്ന പ്രശ്നത്തിന്റെ യാഥാർത്ഥ്യം അവരുടെ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും.

? രോഗികളുമായി സമ്പർക്കം പുലർത്തുമ്പോൾ വേണ്ടിവരുന്ന സുരക്ഷാസംവിധാനങ്ങൾ എല്ലാവർക്കും ഉറപ്പാക്കണം. ആരോഗ്യ പ്രവർത്തകരുടെ ആത്മ വിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും.

? ജോലി ഭാരം കുറയ്ക്കുന്നതും,കൃത്യമായ ഇടവേളകളിൽ വിശ്രമം അനുവദിക്കുന്നതും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

? ആരോഗ്യ പ്രവർത്തകർക്ക് തങ്ങളുടെ ബന്ധുക്കളെ കാണുവാനും അവരോട് ആശയവിനിമയം നടത്താനും അവസരമുണ്ടാകണം.

? ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് കൃത്യമായ വിവരം അവരുടെ ബന്ധുക്കളെയും അറിയിക്കണം.

? വീട്ടിൽ പോവാൻ സാധിക്കാത്തവർക്ക് അവരുടെ ബന്ധുക്കളോട് സംസാരിക്കാനുള്ള ഉള്ള മീഡിയ സംവിധാനങ്ങൾ ആശുപത്രികളിൽ ഒരുക്കണം.

? ഭക്ഷണ സൗകര്യവും, വിനോദത്തിനുള്ള ഉപാധികളും, ആരോഗ്യ പ്രവർത്തകർക്ക് പരസ്പരം സംസാരിക്കാനുള്ള സംവിധാനവും ആശുപത്രികളിൽ വേണം.

? ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിയിൽ സുരക്ഷിതമായി ഒരുമിച്ച് കൂടാനുള്ള കോമൺ ഏരിയ ഒരുക്കുന്നത് പരസ്പരംവിഷമങ്ങൾ പങ്കുവയ്ക്കുന്നതി ന്‌ സഹായകരമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു വേണം ഇത് നടപ്പാക്കാൻ. അങ്ങനെ സാധ്യമല്ല എങ്കിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്താം.

? ആരോഗ്യപ്രവർത്തകർ ഒരുമിച്ചുകൂടുന്ന ഇത്തരം സ്ഥലങ്ങളിൽ കൗൺസിലർമാർ അടക്കമുള്ളവരുടെ ആരുടെ സേവനം ഉറപ്പാക്കാം.

? കൃത്യമായ ഇടവേളകളിൽ മാനസികാരോഗ്യ വിദഗ്ധർ ആരോഗ്യ പ്രവർത്തകരോട് ആശയവിനിമയം നടത്തണം.

? സഹായം വേണ്ടി വരുന്നവർക്ക് വളരെ വേഗത്തിൽ അതു ഉറപ്പാക്കണം. ടെലിഫോൺ മുഖേനയോ, വീഡിയോ ഉപയോഗിച്ചോ ഇത്തരം സേവനങ്ങൾ ഉറപ്പാക്കാം.

? റിലാക്സേഷൻ പരിശീലനവും, മറ്റും പ്രയോഗിക്കുന്നത് വഴി മാനസിക പ്രശ്നങ്ങൾ കുറക്കാൻ കഴിയും.

? ചികിത്സ വേണ്ടി വരുന്നവർക്ക് വളരെ വേഗത്തിൽ അത് ലഭ്യമാക്കണം.

? തുടർ പരിശോധനയും സേവങ്ങളും അവർക്ക് ഉറപ്പാക്കണം.

? ഏറ്റവും പ്രധാനം സമൂഹത്തിന്റെ പിന്തുണയാണ്. നമ്മളുടെ ആരോഗ്യത്തിനായി കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തരെ നമ്മൾ പിന്തുണക്കണം. അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഗീകാരം അതാണ്.

ℹ️ ആരോഗ്യ പ്രവർത്തകരോട്

♥️ കേരളം ഒന്നടങ്കം നിങ്ങളുടെ കൂടെയുണ്ട്. സ്വന്തം ആരോഗ്യം പണയംവെച്ച് നിങ്ങൾ ചെയ്യുന്ന സേവനങ്ങളെ സമൂഹം എന്നും പിന്തുണക്കും. നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ എത്തിച്ചു നൽകാൻ സർക്കാരും കൂടെയുണ്ട്. എന്തെങ്കിലും വിഷമങ്ങൾ തോന്നിയാൽ തുറന്നു സംസാരിക്കുക. സഹായം തേടാൻ മടി കാണിക്കേണ്ട because we are not immune.

♥️ റിലാക്സേഷൻ പരിശീലനങ്ങളായ ബ്രീത്തിങ് എക്സർസൈസ്, പ്രോഗ്രസ്സീവ് മസിൽ
റിലാക്സേഷൻ, ഗൈഡഡ് ഇമേജറി തുടങ്ങിയവ പരിശീലിക്കാൻ സഹായിക്കുന്ന ചില മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. സ്റ്റെപ് ബൈ സ്റ്റെപ് ഇത്തരം കാര്യങ്ങൾ പഠിക്കാനും, ദിവസവും പരിശീലനം നടത്താൻ ഓർമിപ്പിക്കാനും ഇവ സഹായിക്കും.

➡️ Sanvello: https://apps.apple.com/…/sanvello-for-stress-an…/id922968861

➡️ Headspace: https://play.google.com/store/apps/details…

➡️ Mindfulness Coach: https://play.google.com/store/apps/details…

➡️ Woebot- AI based chatbot : https://play.google.com/store/apps/details?id=com.woebot

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ