പാല്‍പല്ലുകളും സംരക്ഷണവും
ഒരു ഡെന്റിസ്റ്റ് എന്ന നിലയ്ക്ക് പലപ്പോഴും അമ്മമാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേരിട്ട സംശയം കുഞ്ഞുങ്ങളുടെ പാല്‍ പല്ലുകളില്‍ കാണുന്ന ദന്തക്ഷയത്തെ കുറിച്ചാണ്. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ പ്രത്യേകമായി കാണുന്ന ഒന്നാണ് നേഴ്‌സിങ് ബോട്ടില്‍ ദന്തക്ഷയം (Nursing Bottle Caries). പല്ലുകളിലെ അണുബാധ, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പല്ലില്‍ പറ്റിപിടിക്കുന്നത്, പല്ല് വൃത്തിയാക്കുന്നതിലെ സമയകുറവ് എന്നീ കാര്യങ്ങളാണ് സാധാരണ ഇത്തരം ദന്തക്ഷയത്തിലേക്ക് നയിക്കുന്നത്. പാലിൽ അവയില്‍ അടങ്ങിയ ലാക്ടോസ് ആണ് ഇവിടെ വില്ലനാകുന്നത്. പഴച്ചാറുകളിലെയും തേനില്‍ മുക്കിയ പസിഫയേര്‍സ്സിലെയും (Pacifiers) മധുരവും അപകടകാരിയാണ്.
കുഞ്ഞ് അമ്മിഞ്ഞയോ കുപ്പിയോ വായില്‍ വെച്ച് ഉറങ്ങുമ്പോള്‍ ഉമിനീരിന്റെ വൃത്തിയാക്കല്‍ പ്രകിയ (Cleansing Action) പല്ലുകളില്‍ സാധ്യമാവാതെ വരികയും മുളച്ച് വരുമ്പോള്‍ തന്നെ മുന്‍ പല്ലുകള്‍ കേടായി വരികയും ചെയ്യുന്നു. മാത്രമല്ല, ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദനം കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞു കുടിക്കുന്ന പാല്‍, പഴച്ചാറുകള്‍, മറ്റു മധുരപാനീയങ്ങള്‍ തുടങ്ങിയവ പാല്‍പ്പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. ഇതെല്ലാം പല്ലുകള്‍ ദ്രവിക്കാന്‍ കാരണമാകുന്നു. മേല്‍ താടിയിലെ മുന്‍ പല്ലുകളില്‍ ബ്രൗണ്‍ നിറത്തിലുള്ള പാടുകളായാണ് ഇവ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പതുക്കെ വശങ്ങളിലെ ഉളിപ്പല്ലുകളിലേക്കും (കോമ്പല്ലുകള്‍) അണപ്പല്ലുകളിലേക്കും പടരുന്നു. അവസാനം കീഴ്ത്താടിയിലെ അണപല്ലിലേക്കും വ്യാപിക്കുന്നു. നാക്കിനു കീഴില്‍ ഭദ്രമായി ഉമിനീരില്‍ കുളിച്ചിരിക്കുന്ന കീഴ്ത്താടിയിലെ മുന്‍ പല്ലുകള്‍ മാത്രം രക്ഷപ്പെടുന്നു. രണ്ട്-രണ്ടര വയസ്സാകുമ്പോഴേക്കും കുഞ്ഞിന്റെ പല്ലുകള്‍ ഇത്തരത്തില്‍ ദ്രവിച്ച് പഴുപ്പും വേദനയും വരുന്നു. പിന്നീട് പുതിയ പല്ലുകള്‍ മുളച്ച് വരുന്നത് വരെ (ഏകദേശം 5 വര്‍ഷക്കാലം) അമ്മയ്ക്കും കുഞ്ഞിനും ശാരീരികവും മാനസികവുമായ വേദന തന്നെ.
ഒരു കുഞ്ഞു ജനിച്ച് ആറാം മാസം മുതലാണ് സാധാരണ പല്ലുകൾ മുളച്ച് തുടങ്ങുന്നത്. മുളച്ചു തുടങ്ങുന്ന സമയം ചിലരിൽ ഒരു വയസ്സു വരെയോ അതിൽ കുടുതലോ വൈകാറുണ്ട്. രണ്ടര മുതൽ മൂന്നു വയസ്സാകുമ്പോഴേക്കും മുഴുവൻ പാൽ പല്ലുകളും മുളച്ച് വരും. ഇവയിൽ ഓരോ താടിയിലും നാല് ഉളിപ്പല്ലുകള്, രണ്ട് കൊമ്പല്ലുകള്, നാല് അണപ്പല്ലുകള്, അങ്ങനെ, പത്ത് പല്ലുകൾ വീതം, ആകെ ഇരുപത് പല്ലുകളാണ് ഉണ്ടാവുക. ഇവയെല്ലാം കൊഴിഞ്ഞു പോയി സ്ഥിര ദന്തങ്ങളായി മാറുന്നതാണ്. വെളുത്ത് പാൽ പോലെ ഇരിക്കുന്നത് കൊണ്ടാവാം ഇവയെ Milk teeth അഥവാ പാൽ പല്ലുകൾ എന്ന് വിളിക്കുന്നത്. Primary teeth എന്നും ഇവ അറിയപ്പെടുന്നു
പരിഹാരവും നിര്‍ദ്ദേശങ്ങളും
***************************************
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്, അതു വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതല്ലേ? മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയാണ് ആദ്യപടി. അമ്മമാര്‍, പ്രത്യേകിച്ചും ആദ്യമായി അമ്മയാവുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമ്മിഞ്ഞയോ പാല്‍ കുപ്പിയോ വായില്‍ വച്ച് ഉറങ്ങുന്നത് കുഞ്ഞിനെ ശീലിപ്പിക്കാതിരിക്കുക. ശീലിച്ചു പോയാല്‍ പിന്നെ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. നന്നായി പാല്‍ കൊടുത്ത ശേഷം തോളത്തിട്ടോ താരാട്ട് പാടിയോ ഉറങ്ങാന്‍ കുട്ടിയെ പരിശീലിപ്പിക്കുക. പാല്‍കുപ്പിയോട് അമിതമായ മാനസിക അടുപ്പമുള്ള കുഞ്ഞിന് അതില്‍ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക. ഓരോ മുലയൂട്ടലിനു ശേഷവും മോണയും മുളച്ച് വരുന്ന കുഞ്ഞരി പല്ലുകളും വ്യത്തിയുള്ള, നനഞ്ഞ തുണി കൊണ്ട് തുടച്ച് കളയുക. ആദ്യപല്ലുകള്‍ കണ്ടു തുടങ്ങിയ അന്നു മുതല്‍ കുഞ്ഞിനെ ബ്രഷിംഗ് ശീലിപ്പിക്കണം. വിരലുകളില്‍ ഇട്ട് ഉപയോഗിക്കുന്ന ബേബി ബ്രഷുകള്‍ വിപണിയില്‍ ലഭ്യമാണ്.
നിര്‍ഭാഗ്യവശാല്‍ കേടു വന്നു എന്നിരിക്കട്ടെ, ആദ്യ കാലത്തു തന്നെ ചികിത്സിച്ചാല്‍ ബുദ്ധിമുട്ടുകള്‍ താരതമ്യേന കുറയ്ക്കാന്‍ കഴിയും. പല്ലിന്റെ കേടുകള്‍ വ്യത്തിയാക്കി അടയ്ക്കാം. ഞരമ്പുകളിലേക്ക് കേട് പടരാതിരിക്കാന്‍ പ്രത്യേക രീതിയില്‍ അടയ്ക്കാവുന്നതാണ്. പഴുപ്പ് വന്നു തുടങ്ങിയെങ്കില്‍ റൂട്ട് കനാല്‍ ചികിത്സ ചെയ്ത് അവയെ കവര്‍ ചെയ്യാം. താഴെ, മുളക്കാനിരിക്കുന്ന സ്ഥിര ദന്തങ്ങളെ ബാധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ എക്‌സ്‌റെ എടുക്കുന്നത് നല്ലതാണ്.
ഇത്തരം ദന്തപ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങളെ 3 മുതല്‍ 6 മാസം കൂടുമ്പോള്‍ ഡെന്റിസ്റ്റിനെ കാണിച്ച് വേണ്ട ചികിത്സകള്‍ അപ്പപ്പോള്‍ എടുത്തിരിക്കണം. 3, 7, 11, 13 വയസ്സുകളില്‍ ഫ്‌ളൂറൈഡ് പുരട്ടല്‍ ചികിത്സ (Topical fluride application) ചെയ്യുന്നത് ദന്തക്ഷയത്തെ ചെറുക്കാന്‍ സഹായകമാണ്. ഇനാമലിന് റീ-മിനറലൈസേഷന്‍ നല്‍കാനും പല്ലുകള്‍ക്ക് ശക്തി പകരാനും സഹായിക്കുന്ന ഒരു ചികിത്സാരീതിയാണിത്.
നേഴ്‌സിങ് ബോട്ടില്‍ ദന്തക്ഷയത്തിനുള്ള ചികിത്സകള്‍ കുഞ്ഞിനെ നഴ്‌സറിയില്‍ വിടുന്നതിനു മുമ്പേ ചെയ്യേണ്ടതാണ്. അത് അവരുടെ ആത്മവിശ്വാസം വളര്‍ത്തുവാന്‍ സഹായിക്കും. പുഴുപല്ലുകള്‍ കാണിച്ച് ചിരിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്നുണ്ടാകുന്ന കളിയാക്കലുകള്‍ പല കുട്ടികളിലും മനോവിഷമത്തിനു കാരണമാകാറുണ്ട്. അഞ്ച് വയസ്സാകുമ്പോഴേക്കും ചുണ്ടു കടിച്ചു പിടിച്ചോ വായ പൊത്തി പിടിച്ചോ ചിരിക്കാന്‍ പോലും അവര്‍ ശീലിക്കും. ഇത്തരം കേസുകളില്‍, അച്ഛനമ്മമാരുടെ തക്കസമയത്തുള്ള ഇടപെടലുകള്‍ കുട്ടികളുടെ ആത്മവിശ്വാസം കെടുത്താതിരിക്കാനും മാനസിക വിഷമങ്ങളുണ്ടാകാതിരിക്കാനും സഹായിക്കും.