· 6 മിനിറ്റ് വായന

മൊബൈൽ റേഡിയേഷനും ആരോഗ്യ പ്രശ്നങ്ങളും: സത്യമെന്ത്

Uncategorized
മൊബൈൽ ഫോണുകളിൽ നിന്നും മറ്റും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് കിരണങ്ങൾ (Electromagnetic Radiation-EMR) ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒരു ന്യൂറോ സർജൻ എഴുതിയ ലേഖനത്തിന് വളരെയധികം പ്രചരണം ലഭിച്ചു. വനിത ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങളിൽ വരെ വന്നു. ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ലാതെ മൊബൈൽ റേഡിയേഷൻ കുട്ടികളിൽ ADHD, ഓട്ടിസം, ആസ്ത്മ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു എന്നൊക്കെയാണ് ഉള്ളടക്കം.
വർഷങ്ങളായി സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ നിറഞ്ഞതായിരുന്നു ഈ ലേഖനം. ഒരു ഡോക്ടർ ഇത്തരം ഒരു വിഷയത്തിൽ പറയുന്ന അഭിപ്രായം പൊതു സമൂഹത്തെ ശക്തമായി സ്വാധീനിക്കും. മൊബൈൽ ടവറിനെതിരെ സമരങ്ങൾ നടന്ന ഒരു നാട്ടിലാണ് നമ്മൾ ഇത്തരം കാര്യങ്ങൾ പറയുന്നത് എന്നുകൂടി ഓർക്കണം.
തലകറക്കം, ശ്രദ്ധക്കുറവ്, തലവേദന തുടങ്ങി ADHD, ഓട്ടിസം, ആസ്തമ വരെയുള്ള രോഗങ്ങൾ ഈ റേഡിയേഷൻ കാരണം ഉണ്ടാകാം എന്നാണ് ലേഖനത്തിൽ സമർത്ഥിക്കുന്നത്. എന്താണ് ഇതിൻ്റെ ശാസ്ത്രീയ അടിത്തറ എന്ന് പരിശോധിക്കാം.
തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന അവസ്ഥകളാണ് ഓട്ടിസവും ADHD-യും. ചിലരിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാൻ സാധ്യതയുള്ള അവസ്ഥകൾ. ജനിതകപരമായ പ്രത്യേകതകൾ കൊണ്ട് ഉണ്ടാകുന്ന തലച്ചോറിന്റെ വളർച്ചയിലെ മാറ്റങ്ങളാണ് ഇവയ്ക്ക് പ്രധാന കാരണം. ഗർഭകാലത്ത് ഉണ്ടാകുന്ന ചില അണുബാധകൾ, ചില പോഷകങ്ങളുടെ കുറവ്, ചില മരുന്നുകൾ കഴിക്കുന്നത് ഒക്കെ ഇതിനു കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. പക്ഷേ, മൊബൈൽ ഫോൺ ഉപയോഗം മൂലം ഈ അവസ്ഥകൾ ഉണ്ടാകാമെന്ന് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പലവിധ തെറ്റിദ്ധാരണകൾ മൂലം ഈ കുട്ടികളുടെ മാതാപിതാക്കൾ പലപ്പോഴും ജീവിതകാലം മുഴുവൻ സ്വയം കുറ്റപ്പെടുത്തി ജീവിക്കുന്നവരാണ്. കുറച്ചൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ തങ്ങളുടെ മക്കൾക്ക് ഇങ്ങനെ ഒരവസ്ഥ വരില്ലായിരുന്നു, അല്ലെങ്കിൽ തങ്ങളാണ് കുട്ടികളുടെ ഈ അവസ്ഥക്ക് കാരണം എന്ന് കരുതി സ്വയം ശപിച്ചു ജീവിക്കുന്നവരുമുണ്ട്. നിങ്ങൾ ഗർഭിണി ആയിരുന്നപ്പോൾ കൂടുതൽ സമയം ഫോൺ ഉപയോഗിച്ചതുകൊണ്ടാണ്, അല്ലെങ്കിൽ നിങ്ങൾ ചെറുപ്പത്തിൽ കുട്ടിക്ക് ഫോൺ കൊടുത്തതുകൊണ്ടാണ് ഇങ്ങന ഒരു അവസ്ഥയുണ്ടായത് എന്ന് പറയുന്നത് അവരെ എങ്ങനെ ബാധിക്കും എന്ന് ഓർത്തിട്ടുണ്ടോ ? സ്വയം കുറ്റപ്പെടുത്താനും പഴി കേൾക്കാനും, അവരുടെ വേദനയും ദുരിതവും കൂട്ടാനും ഒരു കാരണംകൂടി നമ്മളായി സൃഷ്ടിക്കണോ?
മൊബൈൽ ഫോണും റേഡിയോയും ടെലിവിഷനും പോലുള്ള ഉപകരണങ്ങൾ വൈദ്യുതകാന്തിക തരംഗങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. വൈദ്യുത കാന്തിക തരംഗങ്ങൾ അഥവാ ഇലക്ട്രോമാഗ്നെറ്റിക് വേവ്സ് അല്ലെങ്കിൽ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ (EMR) എന്ന് കേട്ട് ഞെട്ടണ്ട. സൂര്യപ്രകാശം പോലും ഒരു തരത്തിലുള്ള വൈദ്യുതകാന്തിക തരംഗം ആണ്. ഇവയെ രണ്ടായി തിരിക്കാം. പതിക്കുന്ന പ്രതലത്തിലെ ആറ്റങ്ങളിൽ അല്ലായെങ്കിൽ തന്മാത്രകളിൽ നിന്നും ഇലക്ട്രോണുകളെ വേർപെടുത്താൻ തക്ക ഊർജ്ജമുള്ള അയണൈസിങ് റേഡിയേഷനും (ഉദാ: X-rays) അത്രമാത്രം ഊർജ്ജം ഇല്ലാത്ത നോൺഅയണൈസിങ് റേഡിയേഷനും.. ഫോണുകളിൽ ഉപയോഗിക്കുന്നത് രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന റേഡിയോ ഫ്രീക്വൻസി ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനാണ്.
മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണ്ടുപിടിത്തം നടന്ന കാലം മുതൽ ഈ കിരണങ്ങൾ മനുഷ്യനെ എങ്ങനെ ബാധിക്കും എന്ന സംശയവും ഉണ്ടായിരുന്നു. ഈ വിഷയം പഠിക്കാൻ ദേശീയ – അന്തർദേശീയ തലങ്ങളിലുള്ള നിരവധി ശാസ്ത്ര സമതികളുണ്ട്. EMR മൂലം മനുഷ്യനുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ നൽകുകയും, ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ഇത്തരം ഏജൻസികളുടെ ചുമതലയാണ്. ഇവരുടെ വിലയിരുത്തലുകളും നിർദ്ദേശങ്ങളുമാണ് നമ്മൾ പാലിക്കേണ്ടത്.
1. WHO – The International Electromagnetic Fields (EMF) Project:(1)
റേഡിയോഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങൾ മൂലം മനുഷ്യന് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാമോ എന്ന സംശയം പലരും പ്രകടിപ്പിച്ച സാഹചര്യത്തിൽ 1996-ലാണ് ലോകാരോഗ്യ സംഘടനാ ഈ സമിതിക്ക് രൂപം കൊടുത്തത്. ഈ സമതി ഫോൺ റേഡിയേഷനുകളുടെ ശാരീരിക പ്രശ്നങ്ങളെ കുറിച്ച് നടക്കുന്ന ശാസ്ത്രീയ പഠനങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കും. പുറത്തിറങ്ങിയതിൽ അവസാനത്തെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്:
“In the area of biological effects and medical applications of non-ionizing radiation, approximately 25,000 articles have been published over the past 30 years. Despite the feeling of some people that more research needs to be done, scientific knowledge in this area is now more extensive than for most chemicals. Based on a recent in-depth review of the scientific literature, the WHO concluded that current evidence does not confirm the existence of any health consequences from exposure to low-level electromagnetic fields.”
അതായത് ഫോണുകളിൽ ഒക്കെ ഉപയോഗിക്കപ്പെടുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മനുഷ്യരിൽ സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന്.
തലവേദന, ക്ഷീണം, തുടങ്ങിയ ലക്ഷണങ്ങളെ കുറിച്ചും ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.
“Some members of the public have attributed a diffuse collection of symptoms to low levels of exposure to electromagnetic fields at home. Reported symptoms include headaches, anxiety, suicide and depression, nausea, fatigue, and loss of libido. To date, scientific evidence does not support a link between these symptoms and exposure to electromagnetic fields.”
പലരും ആരോപിക്കുന്ന തലവേദന, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, വിഷാദം, മനംപിരട്ടൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ (RF-EMR) മൂലമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
“Some individuals report “hypersensitivity” to electric or magnetic fields. They ask whether aches and pains, headaches, depression, lethargy, sleeping disorders, and even convulsions and epileptic seizures could be associated with electromagnetic field exposure. There is little scientific evidence to support the idea of electromagnetic hypersensitivity.”
കാന്തിക വലയങ്ങളോടുള്ള അലർജി (ഇലക്ട്രോ മാഗ്നെറ്റിക് ഹൈപ്പർ സെൻസിറ്റിവിറ്റി) ഉണ്ടെന്നതിനും ശാസ്ത്രീയമായ തെളിവില്ല.
“The overall weight of evidence shows that exposure to fields at typical environmental levels does not increase the risk of any adverse outcome such as spontaneous abortions, malformations, low birth weight, and congenital diseases.”
ഗർഭഛിദ്രം, ജന്മവൈകല്യങ്ങൾ, കുഞ്ഞിന് തൂക്കക്കുറവ് തുടങ്ങി ഗർഭകാലത്തെ വിഷയങ്ങളുയും ഇതിന് ബന്ധമില്ല.
ഈ വിഷയത്തിൽ US FDA-യുടെ റിപ്പോർട്ടുകളും വ്യത്യസ്തമല്ല.
“The FDA’s physicians, scientists, and engineers regularly analyze scientific studies and publications for evidence of the health effects of exposure to radiofrequency energy from cell phones. The weight of nearly 30 years of scientific evidence has not linked exposure to radiofrequency energy from the use of cell phones to health problems, such as cancer.”
നോൺ അയണൈസിങ് റേഡിയേഷൻ എത്ര അളവിൽ മനുഷ്യ ശരീരത്തിൽ പതിക്കാം, ജോലി സ്ഥലത്തും പിതുവിടങ്ങളിലും എത്ര അളവിൽ റേഡിയേഷൻ ആവാം തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത് ഇറക്കുന്നത് ICNIRP (International Commission on Non-Ionizing Radiation Protection) ആണ്.
“Acute and long-term effects of RF- EMF exposure from the use of mobile phones have been studied extensively without showing any conclusive evidence of adverse health effects. A considerable amount of research has also been conducted on the relationship between RF EMF fields and other outcomes such as headaches, concentration difficulty, sleep quality, cognitive function, cardiovascular effects, etc. To date, this research has not shown any such health effects. The only consistently observed finding is a small effect on brain activity measured by electroencephalography (EEG). The biological implication of these small changes is, however, unclear. For example, they have not been shown to affect sleep quality or be associated with any other adverse effects.”
പല അന്താരാഷ്ട്ര ഏജൻസികളുടെയും റിപ്പോർട്ടുകൾ സമാനമാണ്. നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന റേഡിയോ തരംഗങ്ങൾ മൂലം മനുഷ്യരിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ തെളിയിക്കാൻ പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
മൊബൈൽ ഫോൺ ചേർത്ത് പിടിക്കുന്നത് നമ്മുടെ ശരീരം ചൂടാകാൻ കാരണമാകും എന്നതാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ ഈ ചൂട് നമ്മുടെ ശരീരത്തിന് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്.
മൊബൈൽ റേഡിയേഷനുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ ഉള്ളത് ADHD എന്ന അവസ്ഥയുമായുള്ള ബന്ധത്തെ കുറിച്ചാണ്. കൊറിയയിൽ നടന്ന ഒരു പഠനത്തിൽ കുട്ടികളെ രണ്ടു വർഷം നിരീക്ഷിച്ചു. രക്തത്തിൽ ലെഡിൻ്റെ അളവ് കൂടുതൽ ഉണ്ടാവുകയും, അതുപോലെ കൂടുതൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ADHD ലക്ഷണങ്ങൾ കൂടുതലാണ് എന്ന് അവർ നിരീക്ഷിച്ചു. എന്നാൽ ഈ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടാകാൻ കാരണം അമിത ഫോൺ ഉപയോഗമാണ് എന്ന് കൃത്യമായി പറയാൻ ഈ പഠനത്തിന് കഴിഞ്ഞില്ല. കൂടിയ അളവിൽ ലെഡ് ഉള്ളവർക്ക് മാത്രമാണ് കൂടുതൽ ADHD ലക്ഷണങ്ങൾ കണ്ടത്. അതുപോലെ കൂടുതൽ ഫോൺ ഉപയോഗം എന്നത് ADHD അവസ്ഥയുള്ള കുട്ടികളുടെ ഒരു ലക്ഷണം ആകാൻ സാധ്യതയുണ്ട് (reverse causation) എന്ന നിരീക്ഷണവും അവർ നടത്തിയിട്ടുണ്ട്.
മറ്റു നിരവധി പഠനങ്ങൾ ADHA – ഓട്ടിസം മേഖലയിൽ നടന്നെങ്കിലും, മൊബൈൽ ഫോൺ റേഡിയേഷൻ, ഈ അവസ്ഥകൾക്ക് കാരണമാകുന്നു എന്ന് തെളിയിക്കാൻ സാധിച്ചില്ല.
ഈ പഠനങ്ങളൊക്കെ പരിശോധിച്ച ശേഷമാണ് വിവിധ അന്താരാഷ്ട്ര സമതികൾ റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
അതായത് നിലവിൽ ലഭ്യമായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ പ്രസ്തുത ഡോക്ടർ വിവരിച്ച അവസ്ഥകൾക്ക് കാരണമാകും എന്ന് പറയാൻ സാധിക്കില്ല. എങ്കിലും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടക്കേണ്ടത് ആവശ്യമാണ്. ചിലപ്പോൾ ഇന്നത്തെ അറിവുകൾ നാളെ തെറ്റാണ് എന്ന് തെളിയിക്കപ്പെടാം. പക്ഷെ അതുവരെ തെളിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താൻ തിരിക്കാനുള്ള പക്വത പ്രൊഫഷണൽസ് കാണിക്കണം.
കൃത്യമായി പഠിക്കാതെ ഒരു വിഷയത്തെക്കുറിച്ചും എഴുതാതിരിക്കാൻ ശാസ്ത്ര പ്രചാരകർ ശ്രദ്ധിക്കണം. തെറ്റായ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്താൻ താൻ കാരണമാകരുത് ഓരോരുത്തരും ചിന്തിക്കണം. തെറ്റുപറ്റിയാൽ തിരുത്തണം.
മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് ഇവയുടെ അമിത ഉപയോഗവും, ഡിജിറ്റൽ മീഡിയ/ഗെയിം അഡിക്ഷൻ തുടങ്ങിയവ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും, കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങളെ കുറിച്ചും ഇപ്പോഴും നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. പലരും അതിനെ മൊബൈൽ ഫോൺ റേഡിയേഷനുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. രണ്ടും രണ്ട് വിഷയമാണ്. തികച്ചും വ്യത്യസ്തമായ ഈ വിഷയങ്ങളെ കുറിച്ച് പിന്നീട് ഒരിക്കൽ ചർച്ച ചെയ്യാം എന്ന് കരുതുന്നു.
ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ