· 5 മിനിറ്റ് വായന

പ്രതിരോധമാകുന്ന ആധുനിക വൈദ്യശാസ്ത്രം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
ഒരു നഗരത്തിൽ ഗുരുതര വയറിളക്ക രോഗം മൂലം ഏതാനും ആളുകൾ ആശുപത്രിയിൽ എത്തിച്ചേർന്നു. തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടി കൂടി വരികയും, ആളുകൾ ധാരാളം മരണപ്പെടുവാനും തുടങ്ങി. പതുക്കെ നഗരത്തിൽ ജനസംഖ്യയുടെ നല്ലൊരു ഭാഗവും അസുഖത്തിന് കീഴ്പ്പെടാൻ തുടങ്ങി. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു.
ആരോഗ്യപ്രവർത്തകർ കൈയ്യും മെയ്യും മറന്ന് പുതുതായി എത്തിച്ചേരുന്ന രോഗികളെ ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു ഡോക്ടർ മാത്രം ചികിത്സയിൽ മുൻ നിരയിൽ നിൽക്കാതെ, പകർച്ചവ്യാധി കൃത്യമായി എവിടെ, എങ്ങനെ ഉണ്ടാവുന്നു എന്ന് അന്വേഷിച്ചിറങ്ങി.
ആശുപത്രി രേഖകളും, രോഗികൾ താമസിച്ചിരുന്ന പ്രദേശങ്ങളുടെയും, നഗരസഭയുടെ ജലവിതരണത്തിന്റെയും രൂപരേഖകൾ ദിവസങ്ങളോളം വിശകലനം ചെയ്ത്, അദ്ദേഹം രോഗത്തിന്റെ ഉറവിടം കണ്ടെത്തി. നഗരത്തിലെ, ഒരു പ്രധാനനിരത്തിലെ കുടിവെള്ള പൈപ്പ് മലിനജലവുമായി ഇടകലരുന്നതാണെന്ന് കണ്ടെത്തി. അധികൃതർ ആ പൈപ്പ് അടച്ചതോടെ, പുതിയരോഗികളുടെ എണ്ണം നിലച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിൽ, ലണ്ടൻ നഗരത്തെ ഗ്രസിച്ച കോളറ രോഗത്തിന്റെ ചരിത്രമാണിത്. കോളറ മലിനവായുവിലൂടെ പകരുന്ന രോഗമാണെന്ന, ശക്തമായ പൊതുബോധത്തെ, ഏറെ പണിപ്പെട്ട് തിരുത്തിയ ഭിഷഗ്വരന്റെ ചരിത്രം.
‘എപിഡെമിയോളജി’ എന്ന രോഗ പ്രതിരോധശാസ്ത്രശാഖയുടെ പിതാവ് ജോൺ സ്നോയുടെ ചരിത്രം.
ആധുനിക വൈദ്യശാസ്ത്രത്തെ പൊതുവിൽ രണ്ടായി തിരിക്കാം.
രോഗചികിത്സാ ശാസ്ത്രം (Curative medicine)
രോഗപ്രതിരോധ ശാസ്ത്രം (Preventive medicine).
മോഡേൺ മെഡിസിൻ എന്നാൽ “മരുന്നു കഴിപ്പിക്കലും മാഫിയാ വർക്കും” ആണെന്നും, ശസ്ത്രക്രിയകൾ നടത്തലാണെന്നുമൊക്കെ ചിന്തിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും.
ആധുനിക വൈദ്യ ശാസ്ത്രത്തിന് രോഗം വരാതിരിക്കുന്നതിലല്ല വന്നിട്ട് ചികിത്സിക്കുന്നതിനാണ് താൽപ്പര്യം എന്നുള്ള പറഞ്ഞു പഴകിയ ഡയലോഗിൽ അഭിരമിക്കുന്നവരാണിവർ.
എന്നാൽ പ്രൈമറി പ്രിവൻഷൻ അഥവാ രോഗം വരാതിരിക്കാൻ സാമൂഹിക തലത്തിൽ എടുക്കേണ്ട നടപടികളെക്കുറിച്ച് ശാസ്ത്രീയമായി ആഴത്തിൽ പഠനം നടത്തി, ആരോഗ്യ മേഖലയിലൂടെ നടപ്പാക്കുന്നതിനാലാണ് നാം പല രോഗങ്ങളെയും പ്രത്യേകിച്ച് പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നത്.
തന്റെ മുന്നിലൂടെ നടന്നു പോവുന്ന ഒരു വ്യക്തിയെ കാണുമ്പോൾ, ഹൃദയസ്തംഭനത്തിൽ നിന്നോ, അർബുദത്തിൽ നിന്നോ ഇയാളെ താൻ ചികിത്സിച്ചു രക്ഷപ്പെടുത്തിയതാണെന്ന് ഒരു ചികിത്സകന് അഭിമാനത്തോടെ തന്നെ പറയാം. എന്നാൽ, ആരോഗ്യമുള്ള വ്യക്തികളെ കാണുമ്പോൾ, ഇവർക്ക് ഹെപ്പറ്റൈറ്റിസ് രോഗം വരാതെ തങ്ങൾ തടഞ്ഞു എന്നോ, വിളർച്ചാരോഗം വരാതെ നോക്കിയതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അനേകം അമ്മമാരാണ് മുന്നിൽ എന്നോ അവകാശപ്പെടുവാൻ രോഗപ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസരമുണ്ടാവാറില്ല.
രോഗം വന്നവരെ ചികിത്സിച്ച് ഭേദമാക്കുന്നവരാണ് പലപ്പോഴും “സൂപ്പർ സ്റ്റാറുകൾ”.
എന്നാൽ പകർച്ചവ്യാധികൾ തടയാൻ ബുദ്ധിയും ഊർജ്ജവും ചിലവഴിച്ച് അനേകരുടെ ജീവൻ പൊലിയാതിരിക്കാൻ കാരണമാവുന്ന ഒരു കൂട്ടം ഡോക്ടർമാരുണ്ട്. കമ്മ്യൂണിറ്റി മെഡിസിൻ അഥവാ സോഷ്യൽ & പ്രിവന്റീവ് മെഡിസിൻ എന്ന വിഭാഗത്തിൽ പെടുന്ന ഇവരുടെ പ്രവർത്തികൾ പ്രാധാന്യമർഹിക്കുന്നതും, എന്നാൽ നേരിട്ട് അളക്കാൻ സാധിക്കാത്തതും, ദൃശ്യപരതയില്ലാത്തതുമാണ്. MBBS പഠനത്തിൽ ഒരു വർഷമെടുത്ത് പഠിക്കുന്ന, പ്രത്യേക പേപ്പർ പരീക്ഷയിലുള്ള സബ്ജെക്റ്റാണിത്.
ഇത്തരം ഒരു ഡോക്ടറെ “വൈറസ് ” സിനിമയിൽ കണ്ട ഓർമ്മ കാണും പലർക്കും, പാർവ്വതി അവതരിപ്പിച്ച കഥാപാത്രം !
അവരുടെ പ്രവർത്തി ഫലപ്രാപ്തിയിലെത്തിയാൽ വാർത്താപ്രാധാന്യം കുറവാണ്, സംഭവങ്ങൾ ഇല്ലാതിരിക്കുന്നത് വാർത്തയാവുന്നത് കുറവല്ലേ !
എപ്പിഡിമിയോളജി അഥവാ രോഗപ്രതിരോധ ശാസ്ത്രം !
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഒരു പ്രധാനശാഖയാണ് എപിഡിമിയോളജി. രോഗത്തിന്റെ കാരണം, സ്രോതസ്സ്, അതിന്റെ വ്യാപ്തി, ഇൻകുബേഷൻ കാലയളവ്, പകർച്ചാശേഷി, രോഗം ബാധിക്കുന്ന ജനവിഭാഗങ്ങൾ എന്നിവ പഠിക്കുന്നതിനോടൊപ്പം, രോഗവ്യാപന-മരണ നിരക്കുകൾ, പ്രതിരോധശേഷി, പകർച്ചവ്യാധികളുടെ സാധ്യതാപ്രവചനങ്ങൾ എന്നിവ കൂടി എപിഡിമയോളജിയിൽ വിശകലനം ചെയ്യുന്നു.
കോവിഡ്19 എന്ന പകർച്ചവ്യാധി വന്നതിന് ശേഷം, സ്വീഡൻ അടക്കമുളള പല രാജ്യങ്ങളും, ഈ പ്രതിസന്ധിഘട്ടത്തിൽ മുൻനിരയിൽ നിർത്തിയിരിക്കുന്നത്, അവരുടെ പ്രധാന എപിഡിമിയോളജിസ്റ്റിനെയാണ്. രോഗനിയന്ത്രണ തന്ത്രങ്ങൾ മെനയുന്നതും, ജനങ്ങളോട് സംവദിക്കുന്നതും ഇവിടെ രാജ്യത്തലവന്മാരല്ല, മറിച്ച് പ്രഗല്ഭരും, പരിചയസമ്പന്നരുമായ എപിഡിമിയോളജിസ്റ്റുകളുമാണ്.
രോഗചികിത്സയുടെ ഭാഗമല്ലാത്ത, എന്നാൽ രോഗപ്രതിരോധത്തിന്റെ മറ്റൊരു പ്രധാനഭാഗമാണ് കോണ്ടാക്റ്റ് ട്രേസിങ്.
കോവിഡ് ബാധിതനായ ഒരു രോഗിയുടെ ലക്ഷണങ്ങൾ തുടങ്ങുന്ന സമയം വെച്ച്, ഏത് കാലയളവിൽ രോഗം ലഭിച്ചിരിക്കാം എന്നും, ആ കാലയളവിലെ അയാളുടെ, എല്ലാ സമ്പർക്കങ്ങളും കണക്കിലെടുത്ത്, അവയിൽ നിന്ന് രോഗസ്രോതസ്സിനെ കണ്ടെത്തുന്നതും കോണ്ടാക്ട് ട്രേസിങിന്റെ ഭാഗമാണ്.
അത് പോലെ, രോഗികളിൽ രോഗപകർച്ചാ കാലയളവ് കണക്കു കൂട്ടി, ആ സമയത്ത് ഈ രോഗികളിൽ നിന്ന് രോഗം പകർന്നിരിക്കാൻ ഇടയുള്ളവരെ കണ്ടെത്തുന്നതും, അങ്ങനെയുള്ളവരെ അവർക്കുണ്ടായ എക്‌സ്‌പോഷർ നിർണ്ണയിച്ച്, ഉയർന്ന റിസ്ക് ഗ്രൂപ്പ് എന്നും കുറഞ്ഞ റിസ്ക് ഗ്രൂപ്പ് എന്നും വേർതിരിക്കുകയും ചെയ്യും.
ഇവരിൽ ആരൊക്കെ, ഏത് രീതിയിൽ ക്വറന്റൈനിൽ പോകണമെന്നുമൊക്കെ ഇത് പ്രകാരം തീരുമാനിക്കുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ തുടങ്ങുന്നുണ്ടോ എന്നും, പരിശോധനയ്ക്ക് വിധേയമാക്കണോ എന്നൊക്കെ തീരുമാനിക്കുന്ന, വളരെ വിപുലമായ ഒരു പ്രക്രിയയാണ് കോണ്ടാക്റ്റ് ട്രേസിംഗും തുടർനടപടികളും.
ആരോഗ്യത്തെ, രോഗമില്ലാത്ത അവസ്‌ഥ എന്ന് മാത്രമായി കാണാതെ, സമഗ്രമായി വീക്ഷിക്കുന്ന വൈദ്യശാസ്ത്ര മേഖലയാണ് രോഗപ്രതിരോധശാസ്ത്രം.
ആരോഗ്യത്തെ സ്വാധീനിക്കുന്ന സാമൂഹികഘടകങ്ങൾ ഏറെ ആഴത്തിൽ തന്നെ ഇതിൽ കണക്കിലെടുക്കുന്നുണ്ട്.
ക്ഷയരോഗം ടുബർക്കിൾ ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണെന്ന സമവാക്യം മാത്രമെടുക്കാതെ, അതുണ്ടാക്കുന്ന സാമൂഹികസാഹചര്യങ്ങളെ കൂടി തടയുന്നതിന് രോഗപ്രതിരോധശാസ്ത്രം അതീവ പ്രാധാന്യം കൊടുക്കുന്നു.
വയറിളക്കത്തിനുള്ള പാനീയ ചികിത്സ, രോഗവ്യാപനങ്ങൾ തടയാനുള്ള കൈകളുടെ ശുചിത്വം, സാമൂഹിക അകലപാലനം പോലുള്ള ചിലവൊന്നുമില്ലാത്ത ശാസ്ത്രീയ അടിത്തറയുള്ള പ്രതിരോധ നടപടികൾ ആവിഷ്കരിച്ചിരിക്കുന്നത് ആധുനിക ശാസ്ത്രമാണ്. എന്നാലും മരുന്നു മാഫിയ എന്ന സാമാന്യവൽക്കരണമാണ് ബാക്കി. ശാസ്ത്രത്തെ വ്യവസായവൽക്കരിക്കുന്നത് ഒരു രാഷ്ട്രീയ സാമൂഹിക പ്രശ്നമാണ്, വ്യക്തികളുടെ മുതലെടുപ്പിന് ശാസ്ത്രത്തെ പഴി പറയുന്നത് ഉചിതമല്ല.
പകർച്ചവ്യാധികൾ തീരെ കുറവുള്ള വികസിത രാജ്യങ്ങളിൽ, ഈ കാലഘട്ടത്തിൽ രോഗപ്രതിരോധശാസ്ത്രത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുന്നു. പ്രതിരോധ വാക്സിനുകളുടെ പഠനം, ജീവിതശൈലീരോഗങ്ങൾ, അപകടങ്ങൾ, എന്നിവ പ്രതിരോധിക്കുക, എന്ന് മുതൽ അർബുദപ്രതിരോധം (preventive oncology) എന്നിങ്ങനെ അനന്തമാണ് ഈ വൈദ്യശാസ്ത്രമേഖലയുടെ സാധ്യതകൾ.
പ്രളയം, നിപ, കോറോണ, മഴക്കാലരോഗങ്ങൾ എന്നിങ്ങനെ ഓരോ വർഷവും കേരളത്തിന് നേരിടേണ്ടി വരുന്നത് പുതിയ ആരോഗ്യഭീഷണികളെയാണ്. പ്രതിശീർഷവരുമാനം കുറഞ്ഞ ഒരു സംസ്ഥാനമായിട്ടും, ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളത് കൂടി കൊണ്ടാണ്, ഏതൊരു വികസിത രാജ്യത്തെപ്പോലെയും ഈ ഓരോ ആരോഗ്യഭീഷണികളെയും വിജയകരമായി നേരിടാൻ നമ്മുക്കാവുന്നത്.
കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനം ഇനിയും ശക്തിപ്പെടുത്താൻ, പ്രത്യേക പൊതുജനാരോഗ്യവിഭാഗം തന്നെ ആരോഗ്യസംവിധാനത്തിൽ വരണം. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും ഉള്ളത് പോലെ,ഡാറ്റ അനാലിസിസ്, പൊതുജനാരോഗ്യഗവേഷണം, രോഗപ്രവചന മോഡലുകൾ എന്നിവ ഉൾപ്പെടുത്തുന്ന, ‘ഹെല്ത്ത് ഇന്റലിജൻസ്’ വിഭാഗം തന്നെ കേരളത്തിൽ തുടങ്ങേണ്ടതാണ്.
ഓർക്കുക,
ആശാവർക്കർ തുടങ്ങി, അംഗൻവാടി വർക്കർമാർ, ഫീൽഡ് സ്റ്റാഫ്, മെഡിക്കൽ ഓഫീസർമാർ എന്നിങ്ങനെ ഒരു വലിയ ശ്രംഘല പ്രാഥമികാരോഗ്യ കേന്ദ്രൾ മുഖേന തദ്ദേശീയമായി ഉയർത്തുന്ന പ്രതിരോധ കവചമാണ് പല രോഗങ്ങളെയും തടഞ്ഞ് നിർത്തുന്നത്.

 

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ