· 6 മിനിറ്റ് വായന
അമ്മേ ദേ നമ്മുടെ കാർഡ് …
നമ്മൾ സ്കൂൾ ക്ലാസ്സുകളിൽ സൂര്യനു കീഴേയുള്ള ഒരു വിധം എല്ലാ വിഷയങ്ങളും പഠിക്കുന്നുണ്ട്. എന്നാൽ തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയമാണ് ” parenting “. മറ്റു പല വിഷയങ്ങളും ജീവിതത്തിൽ നമുക്ക് ഒരിക്കലും പ്രായോഗിക തലത്തിൽ ആവശ്യം വരുന്നില്ല എന്നിരിക്കേ എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയമാണിത്.
ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പുളള planning, ഗർഭധാരണം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രസവ സമയത്ത് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ, അവ പരിഹരിക്കാൻ ചെയ്യണ്ടുന്ന കാര്യങ്ങൾ, കുഞ്ഞ് ജനിച്ച ശേഷം എന്തൊക്കെ ശ്രദ്ധിക്കണം , കുഞ്ഞിന്റെ ഭക്ഷണ രീതി, തീർത്തും നിസ്സഹായനായ അവസ്ഥയിൽ നിന്നും കുഞ്ഞ് വിവിധങ്ങളായ കഴിവുകൾ നേടിയെടുക്കുന്നതിന്റെ സമയക്രമം, കുഞ്ഞിന്റെ ബുദ്ധിവികാസത്തിനായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, അപകട സൂചനകൾ, പ്രതിരോധ ചികിൽസാ ക്രമം, കുടുംബാസൂത്രണ മാർഗ്ഗങ്ങൾ എന്നിവ ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ അതൊന്നും എവിടെയും പഠിപ്പിക്കുന്നില്ല.
കേരളം വിവിധങ്ങളായ ആരോഗ്യ സൂചികകളിൽ മുന്നിട്ടു നിൽക്കുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ ഉയർന്ന സാക്ഷരതയാണ്, പ്രത്യേകിച്ചും സ്ത്രീ സാക്ഷരത .ഈ സാക്ഷരതയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമുക്ക് ഇനിയും ഏറെ മുന്നോട്ട് പോകാൻ കഴിയും.
ഈ രംഗത്തുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് MCP Card (Mother and Child Protection Card) അഥവാ മാതൃ ശിശു സംരക്ഷണ കാർഡ്.
ഇത് രൂപം കൊണ്ടത് ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശുവികസനവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയോജിതമായ പ്രവർത്തനങ്ങളിലൂടെയാണ്.ഓരോ സംസ്ഥാനത്തിലും അവിടുത്തെ ഭാഷയിലാണ് ഈ ബഹുവർണ്ണ പുസ്തകം ഇറക്കിയിരിക്കുന്നത്. ഓരോ പ്രദേശത്തെയും JPHN മാർ അവരുടെ ഫീൽഡ് തല പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ പ്രദേശത്തുള്ള ഒരു സ്ത്രീ ഗർഭിണിയാണെന്നറിയുന്ന സമയത്ത് തന്നെ അവർക്ക് ഈ പുസ്തകം കൈമാറുന്നു. അതോടൊപ്പം അവരുടെ വിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും ഒരു Unique Identity Number ൽ പ്രസ്തുത ഗർഭം register ചെയ്യുകയും ചെയ്യുന്നു. ഈ നമ്പർ ഉപയോഗിച്ച് ഈ അമ്മയെയും അവർക്കു ജനിക്കുന്ന കുഞ്ഞിനെയും അവർ ഇന്ത്യയിൽ എവിടെയാണെങ്കിലും നിരീക്ഷിക്കാൻ സാധിക്കുന്നു. അവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഏർപ്പെടുത്താനും സാധിക്കുന്നു.
അതായത്, ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ ഈ പുസ്തകം അമ്മയാകാൻ പോകുന്ന സ്ത്രീയുടെ കയ്യിൽ വന്നുചേരുന്നു.
നിരവധി അമൂല്യമായ അറിവുകളും, അമ്മയെയും കുഞ്ഞിനെയും സംബന്ധിക്കുന്ന നിർണ്ണായകമായ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലവും ഈ പുസ്തകത്തിൽ ഉണ്ട് . എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഇത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നവർ വളരെ കുറവാണ്.
എന്തൊക്കെയാണ് ഇതിന്റെ ഉള്ളടക്കം ?
അമ്മമാർക്ക് ധനസഹായവും ചികിത്സയും ഉറപ്പു വരുത്തുന്ന പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ, ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആദ്യത്തെ ഉൾപ്പേജിൽ നൽകിയിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങളും , കോണ്ടാക്ട് നമ്പറും, വിലാസവും, ബാങ്ക് അക്കൗണ്ട് നമ്പറും, ആ പ്രദേശത്തെ ജെ.പി.എച്ച്.എൻ, അംഗൻവാടി വർക്കർ, ആശാ വർക്കർ എന്നിവരുടെ പേരും ഫോൺ നമ്പറുമെല്ലാം അടുത്ത പേജിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ,ഗർഭാവസ്ഥയിലെ ആരോഗ്യപ്രശ്നങ്ങൾ, ഗർഭകാല പരിശോധന നടത്തിയതിന്റെ വിവരങ്ങൾ, സ്കാൻ ചെയ്തതിന്റെ വിവരങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, മറ്റു മരുന്നുകൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേകം പേജുകളുണ്ട് ഇതിൽ.
ഇത്തരത്തിൽ സങ്കീർണതകൾ കാലേക്കൂട്ടി കണ്ടെത്താനും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു.
ഒരു ഗർഭിണിക്ക് എന്തൊക്കെ അപകട സാധ്യതകൾ ഉണ്ട് എന്ന് വ്യക്തമായി രേഖപ്പെടുത്തുന്നത് വഴി ആ ഗർഭിണിയെ കാണുന്ന JPHN, ഡോക്ടർ എന്നിവർക്ക് അവരുടെ പ്രസവം സാധാരണ ആശുപത്രിയിൽ മതിയോ അതോ കൂടുതൽ സൗകര്യമുള്ള ആശുപത്രി വേണ്ടി വരുമോ എന്നൊക്കെ തീരുമാനിച്ച് രേഖപ്പെടുത്താൻ പറ്റും. തുടർന്ന് ഈ വ്യക്തി ചികിൽസ തേടുന്നത് വേറേതെങ്കിലും സ്ഥലത്താണെങ്കിലും, ഈ രേഖപ്പെടുത്തിയ കാര്യങ്ങൾ വായിച്ച് തീരുമാനങ്ങളെടുക്കാൻ പുതിയ സ്ഥലത്തെ ഡോക്ടർക്ക് എളുപ്പമായിരിക്കും.
പ്രസവത്തിന്റെ വിശദ വിവരങ്ങൾ : തിയ്യതി, സമയം, ജനന സമയത്തെ കുഞ്ഞിന്റെ തൂക്കം, തലയുടെ ചുറ്റളവ്, ആ സമയത്ത് ഉണ്ടായ പ്രശ്നങ്ങൾ, സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തിയതിന്റെ വിശദ വിവരങ്ങൾ (കേൾവി പരിശോധന, ഹൃദയവൈകല്യ പരിശോധന, പുറമെകാണാവുന്ന ജൻമ വൈകല്യങ്ങളുടെ പരിശോധന, ചില രോഗങ്ങൾ കണ്ടെത്താനുള്ള രക്തപരിശോധന(മെറ്റബോളിക് സ്ക്രീനിംഗ് ) തുടങ്ങിയവ)
ഗർഭനിരോധന മാർഗ്ഗങ്ങൾ, കുടുംബാസൂത്രണത്തിന്റെ ആവശ്യകത
മുലയൂട്ടലിന്റെ വിവരങ്ങൾ
വിവിധ പ്രായത്തിൽ കുഞ്ഞിന്റെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള വിശദീകരണങ്ങൾ, സമീകൃതാഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ,ചിത്രസഹിതം
കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്റെ നാഴികക്കല്ലുകൾ ഏതൊക്കെ, അത് ഏത് പ്രായത്തിലാണ് പ്രതീക്ഷിക്കേണ്ടത് , എപ്പോളാണ് നമ്മൾ ശ്രദ്ധാലുവാകേണ്ടത് , കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു വേണ്ടി മാതാപിതാക്കൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നിവയൊക്കെ ചിത്രസഹിതം വിശദീകരിച്ചിരിക്കുന്നു. സാധാരണയായി പ്രായത്തിനനുസരിച്ച് സംഭവിക്കേണ്ട കാര്യങ്ങൾ പച്ചനിറത്തിലും അപകട സൂചനകൾ ചുവപ്പ് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നതിനാൽ കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പമാണ്.
കുഞ്ഞിന്റെ പ്രതിരോധ ചികിൽസാ പട്ടിക
കുഞ്ഞിന് ഏതൊക്കെ പ്രായത്തിൽ ഏതൊക്കെ വാക്സിനുകളാണ് നൽകേണ്ടത് എന്ന് ലളിതമായും വ്യക്തമായും ഈ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുത്തിവെപ്പിനായി എത്തിച്ചേരേണ്ട തിയ്യതിയും വാക്സിനേഷൻ നൽകിയ തിയ്യതിയും രേഖപ്പെടുത്തുന്നതിന് കളങ്ങളുണ്ട്. ദേശീയ പ്രതിരോധ ചികിൽസാ പട്ടികയിലുള്ള സാജന്യമായി ലഭ്യമാകുന്ന വാക്സിനുകളും , അഭിലഷണീയമായ (അതേ സമയം പണം കൊടുത്ത് വാങ്ങേണ്ടുന്ന ) മറ്റു വാക്സിനുകളും വേറെ വേറെ കാണിച്ചിട്ടുണ്ട്.
Growth chart:
ഓരോ സമയത്തും കുഞ്ഞിന്റെ തൂക്കം, നീളം, തലയുടെ ചുറ്റളവ് എന്നിവ നോക്കുമ്പോൾ ഇതിൽ അടയാളപ്പെടുത്താവുന്നതാണ്. കുഞ്ഞിന്റെ വളർച്ച വേണ്ടുന്ന രീതിയിലാണോ എന്ന് എളുപ്പം മനസ്സിലാക്കാൻ പറ്റും ഇങ്ങനെ ചെയ്താൽ.ഇതിൽ വ്യതിയാനങ്ങൾ കണ്ടെത്തിയാൽ ഒരു ഡോക്ടറെ സമീപിച്ച് ഉപദേശം തേടാവുന്നതാണ്.
മാതൃശിശു സംരക്ഷണത്തെ സംബന്ധിച്ച അമൂല്യമായ അറിവുകളും നിർദ്ദേശങ്ങളും പങ്കു വെക്കുന്നുണ്ട് ഈ എം.സി.പി കാർഡ്.ഗർഭകാലത്തെ ആഹാരക്രമവും വ്യായാമവും അടക്കമുള്ള കാര്യങ്ങളും നവജാത ശിശുപരിചരണത്തിന്റെ അടിസ്ഥാന കാര്യങ്ങളും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഗർഭകാലം മുതൽ കുഞ്ഞിന് അഞ്ച് വയസ്സ് ആകുന്നത് വരെയുള്ള സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു രേഖയാണ് ഇത്.
ശിശുരോഗവിദഗ്ധർ എന്ന നിലയിൽ ഞങ്ങളെ കാണിക്കുന്ന കുട്ടികളുടെ (ശരിയായ രീതിയിൽ രേഖപ്പെടുത്തിയ)
മാതൃശിശു സംരക്ഷണ കാർഡ് അവരുടെ കയ്യിൽ ഉണ്ടെങ്കിൽ അത് ആ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ശരിയായ ഉപദേശം നൽകുന്നതിനും വളരെയേറെ സഹായിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.അതുപോലെ പ്രസവം കൈകാര്യം ചെയ്യുന്ന ഡോക്ടർമാർക്കും ഇത് വളരെയേറെ സഹായകമായിരിക്കും.
അനാവശ്യമായ പല ടെസ്റ്റുകളും ഒഴിവാക്കാൻ പോലും ഇത് വഴി സാധിക്കും.
എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഭൂരിഭാഗം രക്ഷിതാക്കളും ഈ പുസ്തകം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയിട്ടുണ്ടാകില്ല
അതിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല
കുഞ്ഞിനെ കാണിക്കാൻ വരുമ്പോൾ അത് കയ്യിൽ കരുതിയിട്ടുണ്ടാകില്ല
ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്.
മാതൃശിശു സംരക്ഷണ കാർഡ് നൽകുമ്പോൾ തന്നെ അതിലെ ആദ്യ പേജിലെ വ്യക്തിഗത വിവരങ്ങളും ആർ.സി.എച്ച് യുണീക്ക് ഐ.ഡി പോലുള്ളയും പൂർണമായും പൂരിപ്പിക്കുക.
ഇതിൽ അടങ്ങിയിട്ടുള്ള വിവരങ്ങളെപ്പറ്റി ഗർഭിണികൾക്ക് ചെറു വിവരണം നൽകുകയും തീർച്ചയായും അക്കാര്യങ്ങൾ മനസ്സിരുത്തി വായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക.
ഗർഭകാല പരിശോധനകൾ അടക്കമുള്ള എല്ലാ വിവരങ്ങളും താമസംവിനാ കൃത്യമായി പൂരിപ്പിക്കാൻ ജെ.പി.എച്ച്.എൻ ശ്രദ്ധിക്കണം. ഗർഭകാല പരിശോധനകളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡോക്ടർ ഒപ്പ് വെക്കുകയും വേണം.
കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പുപട്ടിക മാതാപിതാക്കൾക്ക് വിശദീകരിച്ച് നൽകുകയും ആ സേവനങ്ങൾ എവിടെ വെച്ച് ഏത് സമയം ലഭ്യമാകുന്നു എന്ന് അവരെ അറിയിക്കുകയും വേണം.
ആദ്യമായി ഗർഭിണിയെ രജിസ്റ്റർ ചെയ്ത് ഈ കൈപ്പുസ്തകം അവർക്ക് കൈമാറുന്ന സമയം തന്നെ കൗണ്ടർ ഫോയിൽ പൂരിപ്പിച്ച് ജെ.പി.എച്ച്.എൻ കയ്യിൽ സൂക്ഷിക്കണം. ഈ കൗണ്ടർ ഫോയിലുകൾ ട്രാക്കിംഗ് ബാഗിൽ ( പതിനഞ്ച് കള്ളികൾ അടങ്ങിയ ചാർട്ട് പോലെ തൂക്കിയാടാവുന്ന തുണിയിൽ തീർത്ത ഒന്നാണിത്. പന്ത്രണ്ട് കള്ളികൾ പന്ത്രണ്ട് മാസങ്ങൾക്കായി മാറ്റി വെച്ചിരിക്കുന്നവയാണ് ) സൂക്ഷിക്കേണ്ടതാണ്.
ഓരോ പ്രതിരോധ കുത്തിവെപ്പ് തീരുമ്പോഴും ആയത് കാർഡിൽ രേഖപ്പെടുത്തുന്നതോടൊപ്പം കൗണ്ടർഫോയിലും പുതുക്കണം.
കൃത്യമായി പുതുക്കപ്പെട്ട് ട്രാക്കിംഗ് ബാഗിൽ സൂക്ഷിക്കപ്പെടുന്ന കൗണ്ടർഫോയിലുകൾ പ്രതിരോധ കുത്തി വെപ്പുകൾക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാനും വാക്സിനേഷൻ എടുക്കാതെ മിസ് ആയിപ്പോയ ( ഡ്രോപ് ഔട്ട് ) കുഞ്ഞുങ്ങളെ ട്രാക്ക് ചെയ്യാനും ഏതെങ്കിലും കാരണവശാൽ കുത്തിവെപ്പ് കാർഡ് നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ആ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
മാതൃ ശിശു സംരക്ഷണ കാർഡ് റേഷൻ കാർഡ് പോലെ സൂക്ഷിക്കാനും ഡോക്ടറെ കാണാൻ ചെല്ലുമ്പോഴും പ്രതിരോധ കുത്തിവെപ്പുകൾക്കായി എത്തുമ്പോഴും മറക്കാതെ കയ്യിൽ കരുതാനും മാതാപിതാക്കളെ ഓർമ്മിപ്പിക്കണം.പ്രസവം നടക്കുന്ന ആശുപത്രികൾ പ്രത്യേകം പ്രത്യേകം “ബേബി കാർഡ് ” തയ്യാറാക്കുന്നതിനു പകരം വിവരങ്ങൾ ഈ പുസ്തകത്തിൽ തന്നെ രേഖപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.
മാതൃമരണങ്ങളും ശിശുമരണങ്ങളും തടയുന്നതിലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പു വരുത്തുന്നതിലും വളരെ സഹായകമായ ഈ പുസ്തകത്തിൽ ശരിയായ രീതിയിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും , അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലും ഇതുമായി ബന്ധപ്പെട്ടവരെല്ലാം (അമ്മ, ആശ വർക്കർ , അംഗണവാടി പ്രവർത്തക, പബ്ളിക്ക് ഹെൽത്ത് നർസ്, മെഡിക്കൽ ഓഫീസർമാർ , ഗൈനക്കോളജി, ശിശുരോഗ വിഭാഗം ഡോക്ടർമാർ തുടങ്ങി എല്ലാവരും ) സഹകരിക്കുകയാണെങ്കിൽ അത് വലിയ ഒരു മാറ്റത്തിന്റെ നാന്ദിയാകും.