എം.ആർ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് ഗുരുതര രോഗം: വസ്തുത എന്ത്?
ഏതെല്ലാം വഴിക്ക് മീസിൽസ്-റുബല്ല വാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാം എന്ന ഗവേഷണത്തിലാണ് വാക്‌സിൻ വിരുദ്ധർ.
45 ലക്ഷത്തിനു മേല്‍ കുട്ടികള്‍ക്ക് ഈ വാക്സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി കുത്തിവെപ്പ് എടുത്തിട്ടും പ്രസക്തമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
വസ്തുത ഇതാെണന്നിരിക്കെ ഇതുവരെ നടത്തി പോന്ന കുപ്രചരണങ്ങള്‍ക്ക് സാധുത ഉണ്ടാക്കാന്‍ വ്യഗ്രത വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉണ്ടാവുന്നതില്‍ അത്ഭുതം ഇല്ല.പാലയില്‍ ഒരു സ്കൂളിലെ വാക്സിന്‍ എടുത്ത ഏഴു കുട്ടികള്‍ കുഴഞ്ഞു വീണു എന്ന് തികച്ചും നുണ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ വാക്സിന്‍ വിരുദ്ധ പേജിനും ആ സംഘടനയ്ക്കും എതിരെ സ്കൂള്‍ അധികാരികള്‍ കേസ് കൊടുക്കുകയും തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയും ചെയ്ത സംഭവം ഈ യജ്ഞത്തിന്റെ തുടക്കത്തില്‍ നാം കണ്ടു.
ഇങ്ങനെയിരിക്കെ ഇത്തരം തെറ്റിധാരണകള്‍ പടര്‍ത്താന്‍ ചുരുക്കം ചില മുഖ്യധാര മാധ്യമങ്ങള്‍ തുനിയുന്നത് അപകടകരമാണ്. വസ്‌തുതകൾ അന്വേഷിക്കാൻ ആര്‍ജ്ജവം കാണിക്കാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്.
കഴിഞ്ഞ ദിവസം MR വാക്‌സിൻ എടുത്ത രണ്ട് ദിവസത്തിന് ശേഷം ഒരു പെൺകുട്ടിയുടെ ശരീരം പാതി തളർന്നു പോയി, സംസാരശേഷി പാടേ നഷ്‌ടപ്പെട്ടു എന്നെല്ലാം മീഡിയാ വൺ റിപ്പോർട്ട് ചെയ്തു. അതിന്റെ പിന്നിലെ വസ്തുതകള്‍ ശരിയായി അപഗ്രഥിക്കാനോ ശാസ്‌ത്രീയവശം എഴുതാനോ ശ്രമിച്ചോ എന്ന കാര്യം സംശയമാണ്.
എന്താണ് വസ്തുത : വാർത്തയിൽ പറയുന്ന കുട്ടിയെ അത്തരത്തിലുള്ള ലക്ഷണങ്ങളുമായി കോഴിക്കോട് ഐ എം സി എച്ചിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. Auto Immune Encephalitis എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്നാണ് ശിശുരോഗ വിദഗ്ധരുടെയും ന്യൂറോളജിസ്റ്റുമാരുടെയും നിഗമനം. ഈ രോഗത്തിന് എം.ആർ. വാക്സിനുമായി യാതൊരു ബന്ധവുമില്ല.
സ്വന്തം ശരീരത്തിലെ കോശങ്ങൾക്കെതിരെ ശരീരം തന്നെ ആന്റിബോഡികൾ നിർമ്മിച്ച് രോഗം വരുത്തുന്ന വിചിത്രമായ അവസ്‌ഥകളാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ. ടൈപ്പ് 1 ഡയബറ്റിസ് ഇത്തരത്തിൽ ഒരു രോഗമാണ്, അതിൽ ശരീരം നിർമ്മിക്കുന്ന ആന്റിബോഡികൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് എതിരെ പ്രവർത്തിച്ച് അവ നശിക്കുന്ന അവസ്‌ഥയാണ്. ഓട്ടോ ഇമ്യൂൺ എൻകെഫലൈറ്റിസിൽ ശരീരം ഉൽപാദിപ്പിക്കുന്ന ചില ആന്റിബോഡികൾ മസ്‌തിഷ്‌കത്തിലെ പ്രൊട്ടീനുകൾക്ക് എതിരെ പ്രവർത്തിക്കുകയും മസ്‌തിഷ്‌കത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയുമാണ് ചെയ്യുക.
ഇതിനു മുമ്പും ഇത്തരം രോഗങ്ങൾ ഉള്ള കുട്ടികളെ ഇവിടെ അഡ്മിറ്റു ചെയ്തിട്ടുണ്ട്. ഈ കുട്ടിക്ക് വാക്‌സിൻ കൊടുത്ത സമയവും രോഗം തുടങ്ങിയ സമയവും അടുത്ത് വന്നു എന്നത് കൊണ്ട് മാത്രമാണ് വാർത്തയിലെ ചേർത്തു വായിക്കൽ സംഭവിച്ചത്.
കുട്ടിക്ക് ഈ രോഗത്തിനുള്ള ചികിൽസയായ മീതൈൽ പ്രെഡ്നിസോലോൺ, IV ഇമ്യൂണോഗ്ലോബുലിൻ എന്നിവ കൊടുക്കുന്നുണ്ട്. മരുന്നിനോട് കുട്ടി നല്ല രീതിയിൽ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 ശതമാനത്തോളം കുട്ടികൾ കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. അതായത് അൻപത് ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക്. ഏതു രോഗമായിട്ട് അഡ്‌മിറ്റ് ആകുന്ന കുട്ടികളിലും കുത്തിവെപ്പ് എടുത്തിരിക്കാനുള്ള സാധ്യത ഏറെയാണെന്നർത്ഥം. അതു കൊണ്ടു തന്നെ ഇത്തരം തെറ്റിദ്ധാരണകൾ സ്വാഭാവികമാണ്. സാധാരണ കാണുന്ന മറ്റു പല രോഗങ്ങളും ഈ കാലയളവിൽ കാണുമ്പോൾ കുത്തിവെപ്പ് കൊണ്ടാണോ എന്ന ആശങ്ക സ്വാഭാവികമാണ്.
എം ആര്‍ ക്യാമ്പയിന്‍ നാളിതുവരെ ഇല്ലാത്ത സൂക്ഷ്മ നിരീക്ഷണത്തിലാണ് നടക്കുന്നത്,ദോഷൈക ദൃക്കുകളും, സംശയാലുക്കളും, കപട പ്രചാരണങ്ങള്‍ മൂലം ആശങ്കാകുലര്‍ ആയവരും എല്ലാം സസൂക്ഷ്മം ഈ പരിപാടിയെ വീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ഏതെങ്കിലും പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിനാൽ മീഡിയാവൺ ചാനലിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. എം ആർ വാക്സിൻ സുരക്ഷിതമാണ്. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഇതോർത്ത് ആശങ്കപ്പെടേണ്ടതില്ല.
MR ക്യാംപെയ്‌ൻ കഴിയാറായിട്ടും തുടരുന്നൊരു സംശയത്തിന് മറുപടി എഴുതിക്കൊണ്ട് അവസാനിപ്പിക്കുകയാണ്. മീസിൽസ് വാക്‌സിൻ/MMR വാക്‌സിൻ എന്നിവ ലഭിച്ച കുട്ടികൾക്ക് എന്തിനാണ് MR വാക്‌സിനെന്നാണ് ചോദ്യം. കാരണങ്ങൾ ഇവയാണ്.
* സ്‌ഥിരമായി നൽകുന്ന വാക്‌സിനേഷൻ വഴി 90 മുതൽ 98 % പേർക്ക് മാത്രമേ വാക്‌സിൻ ഫലപ്രദമായിട്ടുണ്ടാകൂ. അതും രണ്ട് ഡോസ് വാക്സിൻ ലഭിച്ച കുട്ടികൾക്ക് മാത്രമേ 98 % പ്രതിരോധശേഷി കൈവരൂ. ബാക്കിയുള്ളവരെ രക്‌തപരിശോധന വഴി കണ്ടെത്തൽ വളരെ ചിലവേറിയതാണ്. ഒരു തവണ കൂടി കുത്തിവെക്കുന്നത് വഴി കുഞ്ഞുങ്ങൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുന്നു.
* സമൂഹത്തിലെ 95 % കുട്ടികളും വാക്സിൻ സ്വീകരിച്ചെങ്കിൽ വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്കും വാക്സിൻ സ്വീകരിച്ചിട്ടും പ്രതിരോധശേഷി ലഭിക്കാത്ത കുട്ടികൾക്കും അസുഖം വരാനുള്ള സാധ്യത ഇല്ലാതാവും. കാരണം, മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് മാത്രം പകരുന്ന അസുഖങ്ങളാണ് ഇവ രണ്ടും. അപകടകരമായ മീസിൽസ്-റൂബെല്ല എന്നീ രണ്ട് അസുഖങ്ങളെ ഇല്ലായ്മ ചെയ്യുവാനായി ശ്രമിക്കുമ്പോൾ ഈ സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കുക എന്നത് വളരെ അത്യാവശ്യമാണ്.
* ഇങ്ങനെ കുത്തിവെയ്‌ക്കുമ്പോൾ ഓവർഡോസ് ആകുമോ എന്നാണ് മിക്കവരുടേയും ആധി. രണ്ടു സാധ്യതകളാണുള്ളത്. മുൻപെടുത്ത കുത്തിവെപ്പ് ഫലിച്ച കൂട്ടത്തിലാണ് നിങ്ങളുടെ കുഞ്ഞെങ്കിൽ, ശരീരത്തിന്റെ പ്രതിരോധവ്യവസ്‌ഥ ഉടനടി വാക്‌സിനിലൂടെ കുത്തിവെച്ച ശക്‌തി ക്ഷയിച്ച വൈറസിനെ നശിപ്പിക്കും.
* മുൻപെടുത്ത കുത്തിവെപ്പ് ഫലപ്രദമാകാത്ത കൂട്ടത്തിലാണ് പേരിലാണ് കുഞ്ഞെങ്കിൽ, കുഞ്ഞിന് ഇതോടെ പ്രതിരോധശേഷി ലഭിക്കാൻ സാധ്യത കൂടുന്നു.
* വാക്സിൻ കുത്തിവെക്കുന്നതിന് മുൻപ് കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. സർക്കാർ മേഖലയിലെ കോൾഡ് ചെയിൻ ആണ് ഏറ്റവും സുരക്ഷിതം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വാക്ക് ഇൻ ചേംബറുകളും മറ്റിടങ്ങളിൽ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും ഉണ്ട്. വാക്സിൻ സൂക്ഷിക്കുന്ന റഫ്രിജറേറ്റർ ഇടയ്ക്കിടെ തുറക്കാൻ പാടില്ല. ഈ മുൻകരുതലുകൾ എല്ലാം സർക്കാർ ആശുപത്രികളിൽ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
അതിനാൽ മുൻപ് എം.എം.ആർ വാക്സിൻ സ്വീകരിച്ച കുട്ടികളും ഇന്ന് സർക്കാർ നൽകുന്ന എം.ആർ വാക്സിൻ സ്വീകരിക്കണം.
ചുരുക്കത്തിൽ, കേരളത്തിലെ അറുപത് ശതമാനത്തിന് മീതെയുള്ള കുട്ടികൾക്ക് ലഭിച്ചു കഴിഞ്ഞ ഈ വാക്‌സിൻ പൂർണ്ണ സുരക്ഷിതമാണ്. ഇനിയും നൽകിയിട്ടില്ലാത്തവർക്ക് യാതൊരു ആധിയുമില്ലാതെ തന്നെ നിങ്ങളുടെ കുഞ്ഞിന് കുത്തിവെപ്പ് നൽകാം.
ഇനി വരുന്ന ഒരു തലമുറയ്ക്ക് റുബെല്ല മീസില്‍സ് എന്നീ രോഗങ്ങള്‍ വിമുക്തമായ ലോകത്ത് ജീവിക്കാന്‍ ഒരു നല്ല നാളെക്കായി വഴി ഒരുക്കാം.
This article is shared under CC-BY-SA 4.0 license.