രോഗീപരിചരണത്തിൽ N95 മാസ്കിന്റെ ഉപയോഗം
പ്രതിരോധ കവചമാവുന്ന N95 മാസ്ക്കുകൾ
” N95 മാസ്ക് ”
രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്തിനും മുൻപേ രോഗപ്രതിരോധത്തിനായി മാസ്ക് ഉപയോഗിച്ചിരുന്നു. ചില മണങ്ങൾ രോഗം ഉണ്ടാക്കും എന്ന വിശ്വാസത്തിലായിരുന്നു അത്. 19 ആം നൂറ്റാണ്ട് മുതൽ തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാനായി മാസ്ക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു.
1910 ലെ പ്ലേഗ് കാലത്താണ് തെക്കൻ ചൈനയിൽ ആദ്യമായി ലിയാൻ തെ വൂ എന്ന ഡോക്ടർ ഒരു respirator മാസ്‌ക് നിർമിച്ചത്. കോട്ടൺ പാഡുകളും ഗോസുകളും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചായിരുന്നു നിർമ്മാണം. തുടർന്ന് 1918-ലെ സ്പാനിഷ് ഫ്‌ളൂ പാൻഡെമിക് കാലത്ത് വിവിധ കമ്പനികൾ ഇത്തരം respirator മാസ്കുകളുമായി രംഗത്തിറങ്ങി.
*N95 മാസ്‌ക്*
ലിയാൻ തെ വൂ ന്റെ മാതൃക പിന്തുടർന്ന് നിർമ്മിക്കപ്പെട്ട മാസ്ക് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. തുടർന്ന് ഖനി തൊഴിലാളികളും മറ്റും ഇത്തരം മാസ്കുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നു. ഇവ 1970കളിൽ രൂപമാറ്റം വരുത്തിയാണ് N95 മാസ്‌ക് പുറത്തിറക്കിയത്.
ഇത് ഒരിനം റെസ്പിറേറ്റർ മാസ്‌ക് ആണ്. അതായത് ചെറിയ കണികകളെയും ബാക്ടീരിയ& വൈറസ് എന്നിവയെയുമൊക്കെ ശ്വസിക്കുന്നത് വലിയ അളവിൽ തടയുന്ന മുഖാവരണം.
1990 ൽ എച്ച്ഐവിയുടെ ആഗമനത്തോട് കൂടി മരുന്നിനോട് പ്രതികരിക്കാത്ത ഇനം ക്ഷയരോഗം ഉള്ളവരുടെഎണ്ണം കൂടിയപ്പോഴാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.
എന്നിരുന്നാലും സാധാരണ ആശുപത്രികളിൽ N95 മാസ്കുകൾ ഉപയോഗിക്കാറില്ല. വായുവിലൂടെ പകരുന്ന പകർച്ച വ്യാധി കാലങ്ങളിൽ (സാർസ്,എബോള ) ആണ് ഇത് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.
*N95 മാസ്കിന്റെ പ്രത്യേകതകൾ*
0.3 മൈക്രോണ് നു മുകളിൽ വലിപ്പമുള്ള കണികകളിൽ 95% നേയും തടയാൻ സാധിക്കും എന്നതിനാലാണ് N95 എന്ന പേര് വന്നത്.
അരിക് ഭാഗങ്ങൾ മുഖത്തെ ത്വക്കിനോട് വളരെ ചേർത്തു അമർത്തി വെച്ച് എയർ ലീക്ക് ഒഴിവാക്കി ധരിക്കേണ്ട തരത്തിലുള്ള മാസ്കാണിത്.
റെസ്പിറേറ്റർ ധരിക്കുന്ന ഒരാളുടെ മുഖത്തിന് ശരിയായി യോജിക്കുന്നുണ്ടോ എന്നറിയാൻ ഫിറ്റ് ടെസ്റ്റ് നടത്താറുണ്ട്. മാസ്കിലൂടെ ഫിൽറ്റർ ചെയ്തല്ലാതെ വായു ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയാൻ ഇത്തരം ടെസ്റ്റുകൾ സഹായിക്കുന്നു.
നേരിയ എയർ ലീക്ക് പോലും മാസ്ക് നൽകുന്ന സുരക്ഷ കുറയ്ക്കും. ഒരു ദിവസം ഷേവ് ചെയ്യാതിരിക്കുന്നത് കൊണ്ട് ഉള്ള താടി രോമങ്ങൾ വരെ ഇത്തരം മാസ്കുകളുടെ ഫിറ്റ് ടെസ്റ്റ് പരാജയപ്പെടാൻ കാരണം ആവാറുണ്ട്.
ഫിറ്റ് ശരിയായിട്ടാണ് എങ്കിൽ മൂക്കിലൂടെയും വായിലൂടെയും കണികകൾ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള സാധ്യത തീരെ ഇല്ലാതാവും.
N 95 മാസ്കിലെ ചുണ്ടിനോട് ചേർന്ന ഭാഗം ശ്വാസമെടുക്കുമ്പോൾ മുഖത്തേക്ക് വലിഞ്ഞൊട്ടുന്നില്ല, അതിനാൽ തന്നെ ശ്വാസോച്ഛ്വാസം സുഗമം ആയി നടക്കും.
എങ്കിലും കൂടുതൽ സമയം N95 മാസ്ക് ഉപയോഗിക്കുമ്പോൾ ശ്വാസോച്ഛ്വാസം കൂടുതൽ ബുദ്ധിമുട്ടാകാം.
സാധാരണക്കാർ N95 മാസ്ക് വാങ്ങി ഉപയോഗിക്കരുത് എന്നാണ് നിർദ്ദേശം.
N 95 മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടെ കാര്യങ്ങൾ !
സാധാരണ ഗതിയിൽ 6 മണിക്കൂറിൽ കൂടുതൽ N95 മാസ്ക് ഉപയോഗിക്കരുത്.
N95 മാസ്ക് കളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതുണ്ട്.
ഇത്തരത്തിലുള്ള മാസ്ക്കുകളുടെ മദ്ധ്യ ഭാഗം മുഖത്തേക്ക് ഒട്ടി നിൽക്കാൻ പാടില്ല.
ഫിൽട്രേഷൻ ചെയ്യാൻ ഉള്ള കഴിവുണ്ടാകണം.
വാട്ടർപ്രൂഫ് ആയിരിക്കണം.
ശ്വാസോച്ഛ്വാസം സുഖമായി നടത്താൻ കഴിയണം.
വ്യക്തി സുരക്ഷാ ഉപാധിയായ face shield ധരിക്കുമ്പോൾ മാസ്‌കിന്റെ ബാഹ്യഭാഗം അതിൽ ഒട്ടി നിൽക്കാൻ സാധിക്കണം .
*N95 മാസ്‌ക്ആരൊക്കെ ഉപയോഗിക്കണം?*
കോവിഡ് 19 രോഗിയിൽ നിന്നും കണികകളും മറ്റു സ്രവങ്ങളും ശരീരത്തിൽ പതിക്കാൻ സാധ്യതയുള്ള തരം പരിശോധന അഥവാ ചികിത്സ നടത്തുന്നവർ.
കോവിഡ്19 രോഗികളുടെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ,നഴ്‌സിങ് ജീവനക്കാർ, ക്ളീനിംഗ് ജീവനക്കാർ.
ഒപി യിലെ ട്രയെജിലും പരിശോധന മുറിയിലും സ്ക്രീനിങ്ങിലും ലാബിലും രജിസ്ട്രേഷനിലുമുള്ള ആരോഗ്യ പ്രവർത്തകർ.
ഐസൊലേഷനിൽ ഉള്ള രോഗി.
അത്യാഹിത വിഭാഗത്തിലെ എല്ലാ തരം ജീവനക്കാരും.
ആംബുലൻസിൽ കോവിഡ് രോഗികളോടൊപ്പം യാത്ര ചെയ്യുന്നവർ.
മോർച്ചറി ജീവനക്കാർ.
രോഗിയുടെ ബെഡ്ഷീറ്റും വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നവർ.
അണുനശീകരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ.
ഫീൽഡിൽ കോവിഡ് 19 ഉണ്ടാകാൻ സാധ്യത ഉള്ള രോഗിയെ പരിശോധിക്കേണ്ടിവരുന്ന ഡോക്ടർ.
N95 മാസ്ക്കുകളുടെ ദൗർലഭ്യമൊഴിവാക്കാൽ
നേരിട്ട് സ്രവങ്ങളും തുപ്പൽകണികകളും ആയി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവരുടെ എണ്ണം കുറയ്ക്കണം.
കൂടുതൽ അപകട സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് മുൻഗണനാക്രമത്തിൽ മാസ്ക് നൽകുക.
മാസ്‌ക് പാഴാക്കാതെ വിനിയോഗിക്കാൻ ശ്രദ്ധിക്കുക.
N95 റെസ്പിറേറ്റർനു പകരം മറ്റ് റെസ്പിറേറ്റർ മാസ്ക്കുകൾ കൂടി ഉപയോഗിക്കുക.
റിസപ്ഷനിൽ മറ്റും ഗ്ലാസ് കൊണ്ടുള്ള
മറ, രോഗികളുടെ എണ്ണം ലിമിറ്റ് ചെയ്യൽ എന്നീ നടപടികൾ കൊണ്ട് മാസ്‌ക് ഉപഭോഗം കുറയ്ക്കാൻ സാധിക്കും.
നിരവധി കൊറോണ ബാധിതരായ രോഗികളെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ (എക്സ്റ്റൻഡഡ് യൂസ്) നിരവധി നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രം ഉപയോഗിക്കാവുന്നതാണ്. (വിശദ വായനയ്ക്ക് CDC യുടെ നിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണ്.)
ഒരിക്കൽ ഉപയോഗിച്ച N95 മാസ്കുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ?
സാധാരണ നിലയിൽ ഒരേ മാസ്ക് തന്നെ പുനരുപയോഗം ചെയ്യുന്നത് ഉചിതമല്ല. നിലവിലും കൊറോണയുടെ കാര്യത്തിൽ പുനരുപയോഗം അപകട സാധ്യതകൾ കൂട്ടും.
എന്നാൽ ലോകമെമ്പാടും മാസ്ക്കുകളുടെ വലിയ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ. ഒരിക്കൽ ഉപയോഗിച്ച N95 മാസ്ക് അണുവിമുക്തമാക്കി എങ്ങനെ പുനരുപയോഗം ചെയ്യാം എന്നും ഏങ്ങനെ അൽപ്പം കൂടെ കൂടുതൽ നേരം എങ്ങനെ ഉപയോഗിക്കാമെന്നും പഠനങ്ങൾ നടക്കുന്നുണ്ട്.
കോവിഡ് 19 രോഗികളെ പരിചരിക്കുമ്പോൾ ഇത്തരം പുനരുപയോഗം പോലുള്ള നടപടിക്രമങ്ങൾ നടപ്പാക്കുന്നത് ശാസ്ത്ര ലോകത്ത് ആശങ്കയുണർത്തുന്ന ഒന്നാണ്.
ആൽക്കഹോൾ ലായനി, ബ്ലീച്ച് സൊലൂഷ്യൻ പോലുള്ള സാമ്പ്രദായിക മാർഗ്ഗങ്ങൾ മാസ്കിൻ്റെ പ്രവർത്തനശേഷിയെ തകരാറിലാക്കുമെന്നതിനാൽ അത് നിർദ്ദേശിക്കാൻ കഴിയില്ല.
എന്നാൽ ബാഷ്പീകരിച്ച ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള രീതികൾ പരീക്ഷിച്ചതിൽ ആശാവഹമായ റിസൾട്ടുകളാണ് ഉണ്ടായത്, എന്നാലിത് വിപുലമായ പ്രയോഗത്തിലെത്തിയിട്ടില്ല.