· 6 മിനിറ്റ് വായന

കുഞ്ഞിക്ക് മഞ്ഞ

Pediatricsശിശുപരിപാലനം

പുതിയതായി NICU-വിൽ അഡ്മിഷൻ വന്ന പൊടിക്കുഞ്ഞിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ജനിച്ചിട്ട്‌ അധികം ദിവസങ്ങള്‍ ആയിട്ടില്ല. മഞ്ഞളിൽ കുളിപ്പിച്ചതാണെന്നാണ് ആദ്യം കരുതിയത്. കുഞ്ഞിന്‍റെ നിറമാണ് അതെന്ന് മനസ്സിലായപ്പോൾ മുതൽ അതൊരു എമര്‍ജന്‍സി സിറ്റുവേഷനായി മാറി. ഉടനെ രക്തം പരിശോധനക്ക് വിട്ടു. അതേ സമയം തന്നെ കുഞ്ഞിന്‍റെ രക്തം മാറ്റി, വേറെ രക്തം കയറ്റുവാനുള്ള നടപടികളും ആരംഭിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ തലയുടെ പുറകിലായി പഞ്ഞിക്കെട്ട് പോലെ ഒരു മുഴ ശ്രദ്ധയിൽ പെട്ടു. വീട്ടുകാരോട് സംസാരിച്ചു.

“സുഖപ്രസവായിരുന്നു. രണ്ടാമത്തെ ദൂസം ഡിസ്ചാര്‍ജായി. മഞ്ഞപ്പിത്തം തോന്നിയാ ഒന്നൂടി ചെല്ലാൻ പറഞ്ഞിണ്ടായിരുന്നു. പക്ഷേ ഞാൻ മഞ്ഞപ്പിത്തത്തിന് കുത്തി വെപ്പ് എടുത്തട്ടൊള്ളതോണ്ട് പിന്നെ കൊച്ചിന് അങ്ങനെ മഞ്ഞപ്പിത്തം വരാൻ വഴിയില്ലല്ലോന്ന്‌ വിചാരിച്ചു. പിന്നെ പണ്ടെല്ലാ കുട്ട്യോൾക്കും മഞ്ഞപ്പിത്തം വന്നാ വെയില് കാണിക്കുമ്പോ മാറുംന്ന്‌ അമ്മാമ്മ പറഞ്ഞു. നല്ലോണം പാല് കൊടുത്താ മതീന്നും പറഞ്ഞു. അത് കാരണം രണ്ട് ദൂസം അങ്ങനെ നോക്കി. കൊറയാണ്ടായപ്പോ അങ്ങട് തിരിച്ച് ചെന്നു. അപ്പോ അവരു പറഞ്ഞു, ഇനി ലൈറ്റടിച്ചാ പോരാ ചെലപ്പോ രക്തം മാറ്റണ്ടി വരുംന്ന്. അങ്ങനെയാ ഇങ്ങട് വന്നേ.”
____________________________________
ശരിക്കും മഞ്ഞപ്പിത്തം എന്നൊരു രോഗം നവജാതശിശുക്കളിൽ കാണാറുണ്ടോ? അതോ പ്രൈവറ്റ് ആശുപത്രിക്കാർ കാശ് പിടുങ്ങാൻ പറയുന്നതാണോ? (ഈയിടെ ഒരു ഹോമിയോ ഡോക്ടറുടെ ലേഖനത്തിൽ ഇത്തരം ഒരാരോപണം ഉണ്ടായിരുന്നത്രെ) ഇനി പാലു കൊടുക്കുക, എണ്ണ തേപ്പിക്കുക ഒക്കെ ആകാമോ? ലിവറിന് തകരാറുണ്ടാകുമോ? ഡിസ്ചാർജ് ആയാൽ “ഉതുപ്പ്” (ഇളവെയിൽ) കൊള്ളിക്കണോ? ഇങ്ങനെ നൂറു കൂട്ടം സംശയങ്ങളിലൂടെ കടന്നുപോകാത്തവർ വിരളമായിരിക്കും.

• എന്താണ് മഞ്ഞപ്പിത്തം?
രക്തത്തിൽ ബിലിറൂബിൻ (Bilirubin) എന്ന മഞ്ഞ നിറത്തിലുള്ള സംയുക്തത്തിന്‍റെ അളവ് കൂടുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം (Jaundice). ഇതൊരു രോഗമല്ലാ, രോഗലക്ഷണം മാത്രമാണ്.

• എന്താണീ ബിലിറൂബിൻ? ഇതെവിടെ നിന്ന് വരുന്നു?
ചുവന്ന രക്താണുക്കൾ നശിക്കുമ്പോൾ (ഓരോ ദിവസവും ആകെയുള്ളതിന്‍റെ ഒരു ശതമാനം ചുവന്ന രക്താണുക്കൾ നശിക്കുകയും അത്രയും തന്നെ പുതുതായി ഉണ്ടാവുകയും ചെയ്യുന്നു) അതിലുള്ള ഹീമോഗ്ലോബിൻ വിഘടിച്ചാണ് ബിലിറൂബിൻ ഉണ്ടാകുന്നത്. ഈ ബിലിറൂബിൻ പിന്നീട് കരളിൽ വെച്ച് മറ്റ് സംയുക്തങ്ങളുമായി ചേർന്ന് “കോൺജുഗേറ്റഡ്” ആകുന്നു. ഈ കോൺജുഗേറ്റഡ് അവസ്ഥയിൽ മാത്രമേ ബിലിറൂബിൻ വെള്ളത്തിൽ അലിയുകയും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നുള്ളൂ. കരളിൽ നിന്നും പിത്തരസം കുടലിലേക്കെത്തുന്ന ബൈൽ ഡക്ടിലൂടെ (പിത്തനാളി) ആണ് ബിലിറൂബിനും കുടലിലെത്തുന്നത്. ഈ കുടലിലെത്തുന്ന ബിലിറൂബിനാണ് മലത്തിന് മഞ്ഞനിറം നൽകുന്നത്. കോൻജുഗേറ്റ് ചെയ്യപ്പെടാത്ത ബിലിറൂബിൻ മൂത്രത്തിലൂടെയോ മലത്തിലൂടെയോ പുറത്ത് പോകില്ല.

• നവജാത ശിശുക്കളിൽ പ്രത്യേകതയെന്ത്?
നവജാത ശിശുക്കളിൽ ചുവന്ന രക്താണുക്കൾ കുറച്ചു കൂടുതൽ ആണെന്ന് മാത്രമല്ല അവ കൂടിയ അളവിൽ നശിക്കുകയും ചെയ്യുന്നു. അങ്ങനെ അധികമായുണ്ടാകുന്ന ബിലിറൂബിനെ കോൺജുഗേറ്റ് ചെയ്യാൻ മാത്രമുള്ള വൈദഗ്ധ്യം പാവം കുഞ്ഞാവയുടെ കരളിന് കൈവന്നിട്ടുണ്ടാകില്ല. അതിനാൽ ഭൂരിപക്ഷം കുഞ്ഞാവകൾക്കും ചെറിയ മഞ്ഞപ്പിത്തം ഉണ്ടാകും ( മാസം തികഞ്ഞവരിൽ 60% നും, തികയാത്തവരിൽ 80% നും). സാധാരണ ജനിച്ച് രണ്ടോ മൂന്നോ ദിവസമാകുമ്പോളാണ് ഇത് കണ്ടു തുടങ്ങുക. 4-5 ദിവസമാകുമ്പോൾ അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നു. 7-10 ദിവസങ്ങൾ ആകുമ്പോൾ കുഞ്ഞു കരൾ അതിന്‍റെ ജോലിയിൽ വൈദഗ്ധ്യം ആർജ്ജിക്കുന്നതോടെ ഈ മഞ്ഞ നിറം മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു.

• എന്താണ് ഫിസിയോളജിക്കൽ ജോണ്ടിസ് (physiological jaundice)?
നവജാതശിശുക്കളിൽ, മുൻപ് പറഞ്ഞ കാരണങ്ങൾ കൊണ്ട്, സ്വാഭാവികമായുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനെ പറയുന്ന പേരാണിത്. ഈ അവസ്ഥയിൽ രക്തത്തിൽ കോൺജുഗേറ്റഡ് അല്ലാത്ത ബിലിറൂബിനാണ് കൂടുന്നത്. ഇത് ഒരു രോഗമല്ല. ഒരു ചികിൽസയും ആവശ്യമില്ല.

• എന്താണ് പാത്തോളജിക്കൽ ജോണ്ടിസ് (Pathological jaundice)?
നവജാതശിശുക്കൾ സാധാരണ കാണുന്ന ബിലിറൂബിൻ, പ്രതീക്ഷിക്കുന്നതിലും അധികം കൂടുന്ന സാഹചര്യങ്ങളിൽ പറയുന്ന പേരാണിത്.
1. മുലപ്പാലിന്‍റെ ലഭ്യത കുറവ് (breast feeding jaundice)
2. രക്തഗ്രൂപ്പ് സംബന്ധമായ പ്രശ്നങ്ങൾ (അമ്മ നെഗറ്റീവ് ഗ്രൂപ്പും, കുഞ്ഞ് പോസിറ്റീവ് ഗ്രൂപ്പും ആണെങ്കിൽ – Rh incompatibility, പ്രത്യേകിച്ചും ആദ്യത്തേത് കഴിഞ്ഞുള്ള പ്രസവങ്ങളിൽ; അമ്മ O ഗ്രൂപ്പും, കുഞ്ഞ് A അഥവാ B ഗ്രൂപ്പും ആണെങ്കിൽ – ABO incompatibility)
3. ചുവന്ന രക്താണുക്കൾ വേഗത്തിൽ നശിക്കുന്ന ചില രോഗങ്ങൾ (spherocytosis, elliptocytosis)
4. തൈറോയിഡ് ഹോർമോണിന്‍റെ കുറവ് (congenital hypothyroidism)
5. പ്രസവ സമയത്ത് ഉണ്ടാകുന്ന ചെറിയ പരിക്കിലൂടെ തലയോട്ടിക്ക് വെളിയിലായി രക്തം കല്ലിച്ചു കിടക്കുമ്പോൾ (cephalhematoma)
ഇങ്ങനെ പല അവസരങ്ങളിലും സാധാരണ കാണുന്ന അളവിലും വിട്ട് വളരെ കൂടുവാനുള്ള സാധ്യതയുണ്ട്.

• മഞ്ഞപ്പിത്തം കൂടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
കോൺജുഗേറ്റഡ് അല്ലാത്ത ബിലിറൂബിൻ തലച്ചോറിൽ പ്രവേശിക്കാതിരിക്കാൻ ഒരു അദൃശ്യമതിലുണ്ട്. അതിനെ blood brain barrier എന്നു പറയും. ജനിച്ചയുടനെ ഈ മതിലിനു ബലം തീരെ കുറവായിരിക്കും. പ്രത്യേകിച്ച് മാസം തികയാതെയുള്ള പ്രസവം കൂടിയാണെങ്കിൽ.

ബിലിറൂബിൻ ഒരു പ്രത്യേക അളവിൽ കൂടുതലായാൽ, അത് ഈ കവചം എളുപ്പം ഭേദിച്ച് തലച്ചോറിൽ പ്രവേശിക്കുകയും അതിന്‍റെ ചില ഭാഗങ്ങൾക്ക് സ്ഥായിയായ തകരാറുണ്ടാക്കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ചില കുഞ്ഞുങ്ങൾ മരണപ്പെടാം. രക്ഷപ്പെടുന്നവർക്ക് സെറിബ്രൽ പാൾസി എന്ന ഒരു അവസ്ഥ ഉണ്ടാകാം. ചിലർക്ക് കേൾവിക്കുറവ് ഉണ്ടാകാം. ഒരാഴ്ച കഴിയുന്നതോടെ ഈ മതിൽ അൽപം കൂടി ബലമുള്ളതാവുകയും മുൻപ് അപകടം ഉണ്ടാക്കിയേക്കാവുന്ന അളവിലുള്ള മഞ്ഞപ്പിത്തം പോലും വളരെ ആയാസരഹിതമായി തടയുകയും ചെയ്യും.

• മഞ്ഞപ്പിത്തം ഗൗരവമായിട്ടുള്ളതാണോ എന്ന് എങ്ങനെ കണ്ടു പിടിക്കാം?
കുഞ്ഞിന്‍റെ ചർമ്മം സാധാരണ ചുവപ്പ് നിറമായിരിക്കുമല്ലോ. കൈവിരൽ കൊണ്ട് ഒന്ന് അമർത്തി വിട്ടാൽ കുറച്ചു നേരത്തേക്ക് അവിടം വെള്ള നിറമായിരിക്കും. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഇങ്ങനെ പരിശോധിച്ചാൽ ഡോക്ടർമാർക്ക് ബിലിറൂബിൻ എത്രയുണ്ട് എന്ന് ഒരു ഏകദേശ ധാരണ കൈവരും. കാൽപാദത്തിന്‍റെ അടിയിൽ മഞ്ഞ കാണുന്നുണ്ടെങ്കിൽ അത്യാവശ്യം കൂടുതലുണ്ട് എന്ന് അനുമാനിക്കാം. രക്ത പരിശോധന ആവശ്യമുണ്ടോ എന്ന് ഇത് വഴി തീരുമാനിക്കാം. രക്ത പരിശോധനയിലൂടെയാണ് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത്. ബിലിറൂബിൻ എത്രയാണ്, കോൺജുഗേറ്റഡ് ആണോ, ലെവൽ കൂടാൻ കാരണമെന്ത് എന്നൊക്കെ.

• പ്രശ്നമുണ്ടായേക്കാവുന്ന അളവ് എത്രയാണ്?
ആ അളവ് ഏത് എന്നത് Jaundice വരുന്നത് എത്രാമത്തെ ദിവസം, കുഞ്ഞ് മാസം തികഞ്ഞതാണോ അല്ലയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്നിങ്ങനെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. പരിശോധനയിൽ ഒരു അളവ് ലഭിച്ചാൽ അത് ഒരു ചാർട്ടിൽ രേഖപ്പെടുത്തി അപകട സാധ്യത എത്രത്തോളം ഉണ്ടെന്ന് കണക്കാക്കിയാണ് സാധാരണ ചികിത്സ നിർണ്ണയിക്കുന്നത്.

• ഇതിനുള്ള ചികിൽസ എന്താണ്?
സുരക്ഷിതമായ അളവിലേ ഉള്ളൂ എങ്കിൽ ഒരു ചികിൽസയും ആവശ്യമില്ല. അമ്മ നന്നായി ഭക്ഷണം കഴിക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും കുഞ്ഞാവയെ നന്നായി മുലയൂട്ടുകയും വേണം, പ്രസവിച്ച് ആദ്യനാളുകളിൽ തന്നെ.

മഞ്ഞപ്പിശാശ് പരിധി വിടുന്നു എന്നു കണ്ടാൽ സാധാരണ നൽകുന്നത് ഫോട്ടോതെറാപ്പി (പ്രകാശചികിൽസ) ആണ്. പ്രത്യേക വേവ് ലെങ്ങ്തിലുള്ള നീലവെളിച്ചം വമിക്കുന്ന LED ബൾബിനു കീഴെ കുഞ്ഞിനെ കണ്ണും ഗുഹ്യഭാഗവും മാത്രം മറച്ചു കൊണ്ട് കിടത്തും. ശരീരത്തിൽ ബാക്കി മുഴുവൻ ഭാഗങ്ങളിലും ഈ പ്രകാശം പതിക്കണം. ലെവൽ കൂടുതലാണെങ്കിൽ പ്രകാശം വാവയുടെ ശരീരത്തിന്‍റെ മുകളിലും അടിയിലും ലഭിക്കുന്ന രീതിയിലായിരിക്കും ചികിൽസ. മുലയൂട്ടാൻ മാത്രമേ വാവയെ കിടത്തിയ സ്ഥലത്തു നിന്നും എടുക്കാവൂ.

ബിലിറൂബിൻ തലച്ചോറിൽ പ്രവേശിക്കാൻ സാധ്യതയുള്ള ലെവലിലേക്ക് അടുക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് കുഞ്ഞാവയുടെ രക്തം (അതിലൂടെ അതിലുള്ള ബിലിറൂബിൻ) പുറത്ത് കളയുകയും പകരം രക്തം നൽകുകയുമാണ് ചെയ്യുക. ഈ ചികിൽസയെ Exchange Transfusion എന്നു പറയുന്നു. പൊക്കിൾകൊടിയിലെ രക്തക്കുഴൽ (Umbilical vein) വഴിയാണ് ഇത് ചെയ്യാറ്.

• ചികിത്സയിൽ വെയിലിനുള്ള പ്രാധാന്യം എന്താണ്?
ഈ പ്രകാശചികിത്സ കണ്ടു പിടിച്ചത് തന്നെ ജനലിനടുത്ത് വെയിൽ തട്ടുന്ന രീതിയിൽ കിടത്തിയ കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തം കുറച്ചു കൂടി വേഗത്തിൽ കുറയുന്നു എന്ന ഒരു നഴ്സിന്‍റെ നിരീക്ഷണത്തിൽ നിന്നാണ്. എന്നാൽ വളരെ കുറച്ചു സമയമേ ഇളവെയിൽ ലഭ്യമാകൂ എന്നതും, തീക്ഷ്ണമായ വെയിൽ വാവക്ക് അപകടമുണ്ടാക്കും എന്നതും കൊണ്ട് ഇളവെയിലിനെ മാത്രം ആശ്രയിച്ചുള്ള ചികിൽസ കൊണ്ട് കാര്യമില്ല എന്നു വരുന്നു. പലപ്പോഴും ഈ പ്രശ്നം ജനിച്ച് ആദ്യത്തെ 7-10 ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്യും. അതിനാൽ വാവയെ ആദ്യ ദിവസങ്ങളിൽ വെയിൽ കൊള്ളിക്കാൻ ഡോക്ടർമാർ ഉപദേശിക്കാറില്ല.

• ഇതെങ്ങനെ തടയാം?
ആദ്യനാളുകളിൽ തന്നെ നന്നായി മുലപ്പാൽ കിട്ടിയാൽ മഞ്ഞപ്പിത്തത്തിന്‍റെ കാഠിന്യം ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും. തുടക്കത്തിൽ പറഞ്ഞ risk factors ഉള്ള കുട്ടികളെ കൂടുതലായി നിരീക്ഷിച്ച് കൃത്യ സമയത്ത് തന്നെ ആവശ്യമുള്ള ചികിത്സ ആരംഭിച്ചാൽ പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാകാതെ ഇത് അവസാനിക്കും.

ചില കുട്ടികളിൽ ഗർഭാവസ്ഥയിൽ തന്നെ മഞ്ഞപ്പിന്‍റെ അളവ് ക്രമാതീതായി വർദ്ധിക്കുകയും കുഞ്ഞിന്‍റെ ജീവന് തന്നെ അപകടമായേക്കാവുന്ന അവസ്ഥയിൽ എത്തുകയും ചെയ്യാറുണ്ട്. സാധാരണ, Rh incompatibility കേസുകളിൽ ആണ് ഇത് കാണാറ്. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് intra-uterine blood transfusion (ഗർഭാവസ്ഥയിലെ കുഞ്ഞിന് രക്തം കയറ്റൽ) നൽകുവാനുള്ള സൗകര്യങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും വന്ന് തുടങ്ങിയിരിക്കുന്നു.

• കുഞ്ഞുങ്ങളിൽ കാണുന്ന മഞ്ഞപ്പിത്തം വലിയ ആളുകളിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമാണോ?
നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം വളരെ സാധാരണമാണ്. ഇത് നാം സാധാരണ വലിയവരിൽ കാണുന്ന മഞ്ഞപ്പിത്തത്തിൽ നിന്നും (Viral Hepatitis) തികച്ചും വിഭിന്നമാണ്.

• മറ്റെന്തെങ്കിലും തരത്തിലുള്ള മഞ്ഞപ്പിത്തം കുഞ്ഞുങ്ങളിൽ കാണാറുണ്ടോ?
സാധാരണ കുഞ്ഞുങ്ങളിൽ കൂടുന്നത് unconjugated bilirubin ആണ്. അപൂർവമായി ചില കുഞ്ഞുങ്ങളിൽ conjugated bilirubin കൂടാറുണ്ട്. ഇത്തരം കുട്ടികളുടെ മലം കളിമൺ നിറത്തിലും (മഞ്ഞ നിറം കുറവായിരിക്കും) മൂത്രം കടും മഞ്ഞ നിറത്തിലും ആയിരിക്കും.

പിത്തനാളിക്ക് തടസ്സം ഉള്ളപ്പോഴും ചില കരൾ രോഗങ്ങളിലും ആണ് ഇത് കണ്ട് വരുന്നത്. Conjugated Jaundice എത്രയും പെട്ടന്ന് കൃത്യമായ പരിശോധനകളും ചികിൽസകളും ആവശ്യമുള്ള ഒരു അവസ്ഥയാണ്.
____________________________________
ആദ്യം പറഞ്ഞ സംഭവകഥയിലെ കുഞ്ഞിന് cephalhematoma (തലയോട്ടിക്ക് പുറത്ത് രക്തം കട്ട പിടിച്ച അവസ്ഥ) ആയിരുന്നു. മഞ്ഞപ്പ്‌ കൂടിയതായി സംശയം തോന്നിയപ്പോൾ തന്നെ ആശുപത്രിയിൽ പോയിരുന്നെങ്കിൽ phototherapy കൊണ്ട് തന്നെ ഒരു പക്ഷെ മാറുമായിരുന്ന അസുഖം. കുഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വളരെ ഉയർന്ന അളവിൽ മഞ്ഞപ്പിത്തം എത്തിയിരുന്നു. അൽപം risk കൂടുതലുള്ള procedure ആണെങ്കിലും അപകടങ്ങളൊന്നുമില്ലാതെ exchange transfusion ചെയ്യാന്‍ കഴിഞ്ഞു. 4-5 ദിവസങ്ങൾ കഴിഞ്ഞ്‌ കുഞ്ഞ്‌ വീട്ടിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞ് അവർ വീണ്ടും കാണിക്കുവാൻ വന്നു. കണ്ട മാത്രയിൽ അമ്മ ഓടി വന്ന് പറഞ്ഞു, “ഡോക്ടറെ… ചെവീടെ ടെസ്റ്റ്‌ പാസ്സായി ട്ടോ”.

 

എല്ലാ കുഞ്ഞുങ്ങളും അത്രയും ഭാഗ്യവാൻമാരോ/ ഭാഗ്യവതികളോ ആകണം എന്നില്ല. പൊതുവെ നിരുപദ്രവകരമായ ഒന്നാണെങ്കിലും ഇടക്ക് ജീവനെടുക്കുന്നതും ഇടക്ക് ജീവിതകാലം മുഴുവനും ദുരിതം സമ്മാനിക്കുന്നതുമായ ഒന്നാണ് നവജാതശിശുക്കളില്‍ കാണുന്ന മഞ്ഞപ്പിത്തം. അതുകൊണ്ട്, എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം എത്രയും പെട്ടന്ന് ആശുപത്രിയിൽ പോവുകയും അവർ നിർദ്ദേശിക്കുന്ന ചികിത്സ നടത്തുകയും ചെയ്യുക.

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ