· 5 മിനിറ്റ് വായന

മിരേന കയ്യിലൊതുക്കിയ ശിശു: ശാസ്ത്രം തോറ്റോ?

GynecologyHoaxPreventive Medicineആരോഗ്യ അവബോധംകിംവദന്തികൾസ്ത്രീകളുടെ ആരോഗ്യം

ഗർഭനിരോധനം മനുഷ്യരുടെ ഉറക്കം കളയുന്ന വിഷയമാണ്‌. കുറച്ച്‌ അതിശയോക്‌തി തോന്നിയോ?! സംശയമുണ്ടെങ്കിൽ മെഡിക്കൽ ഷോപ്പുകാരോട്‌ ചോദിച്ചാലും മതി. ഡോക്‌ടറെ കാണാൻ മടിച്ചും പേടിച്ചും ഓടിയും അണച്ചും എത്തുന്ന കസ്‌റ്റമേഴ്‌സിന്റെ വിശേഷം അവർ പറഞ്ഞ്‌ തരും. ഫലപ്രദമായ ഗർഭനിരോധനത്തെക്കുറിച്ച്‌ ആകുലരായിരിക്കുന്നവരുടെ നെഞ്ചിലേക്ക്‌ തീക്കനൽ വാരിയിട്ടു കൊണ്ടാണ്‌ ആ വാർത്ത വന്നിരിക്കുന്നത്‌ –

❝മിരേന കൈപ്പിടിയിലൊതുക്കി പിറന്നു വീണ നവജാതശിശു.❞

ഗർഭനിരോധനത്തിന്‌ ഗർഭപാത്രത്തിൽ നിക്ഷേപിച്ച ഉപകരണത്തിന്റെ കുറ്റിയും പറിച്ച്‌ വന്ന ആ നവജാതശിശുവിന്റെ ഫോട്ടോ വൈറലാണിപ്പോൾ.

ഇനിയിപ്പോൾ ആ സമാധാനവും പോയിക്കിട്ടി എന്നോർത്ത്‌ നെടുവീർപ്പിടുന്നവരുടെ സമക്ഷത്തിലേക്ക്‌, ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച്‌ ഇൻഫോക്ലിനിക്ക്‌ വ്യക്‌തമാക്കുന്നു.

? അപ്പോൾ ആ ഫോട്ടോ?

വാർത്തകൾ യഥാതഥമല്ലാതെ അതിശയോക്തിപരവും നിറം പിടിപ്പിച്ചതുമാക്കി അവതരിപ്പിക്കുന്ന ശൈലിക്ക് ഉത്തമ ഉദാഹരണമാണ് ഈ വാര്ത്ത റിപ്പോര്ട്ട്‌ ‌ ചെയ്ത രീതി. ഒരു മാദ്ധ്യമം ആവട്ടെ ഒരു പടി കൂടി കടന്നു ‘ശാസ്ത്രം തോറ്റോ?’ എന്നൊരു ചോദ്യവും ഉന്നയിച്ചു കളഞ്ഞു!!

? എന്താണ് വസ്തുതകള്?

1, സിസേറിയന് ശസ്ത്രക്രിയയിലൂടെ ആണ് ഈ കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ്‌ ജനിച്ചു വീണത്‌ ഈ ഉപകരണം കയ്യില് പിടിച്ചു കൊണ്ട് ആയിരുന്നില്ല. മറുപിള്ള നീക്കം ചെയ്യവേ ഡോക്ടര്മാര് ഗര്ഭപാത്രത്തിനുള്ളില്കണ്ടെത്തിയതാണ് ഈ ഗര്ഭനിരോധന ഉപാധി.

2, കൗതുകകരമായ ഒരു ഫോട്ടോയ്ക്ക് വേണ്ടി കുഞ്ഞിന്റെ കയ്യില് ഇത് പിടിപ്പിച്ചതിനു ശേഷം ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്.

3, കോപ്പര്-ടി യ്ക്ക് സമാനമായ ഈ ഉപകരണത്തിന്റെ പേര് Mirena എന്നാണ്‌

4, ഇത്തരമൊരു ഗര്ഭനിരോധന ഉപാധി ഉപയോഗിക്കവേ അത് പരാജയപ്പെടാനും, അത് ഉള്ളില് ഇരിക്കവേ ഗര്ഭം ധരിക്കാനും ഉള്ള സാധ്യത 1% ത്തിലും താഴെ ആയതിനാല് തന്നെ അത്യപൂര്വ്വ സംഭവമാണ്. അതിനാല് ഇതിനു അക്കാദമിക വലയങ്ങളിലും പൊതു സമൂഹത്തിലും വാര്ത്താ പ്രാധാന്യം വളരെയധികം ഉണ്ടായിരുന്നു.

5, ശാസ്ത്രം തോറ്റോ എന്നൊക്കെ തലക്കെട്ട്‌ കൊടുക്കുന്നതിനു പിന്നില് ശാസ്ത്ര വിരുദ്ധത സംശയിക്കാവുന്നതാണ്. ഒരു ഗര്ഭനിരോധന ഉപാധിയും 100% ഫലപ്രാപ്തി ഉള്ളതാണ് എന്ന് ശാസ്ത്രം അവകാശപ്പെട്ടിട്ടില്ല, ഓരോന്നിന്റെയും ഫെയിലിയര് റേറ്റ് എത്ര ആണെന്ന് വിപുല പഠനങ്ങളിലൂടെ കണ്ടെത്തി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

?നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള് പരിഗണിക്കുമ്പോള് ഇപ്പോഴും ഇക്കാര്യങ്ങളില് പലര്ക്കും ശരിയായ ധാരണകള് ഇല്ല.. ഇതിന്റെയൊക്കെ പരിണിതഫലങ്ങളായി അനവസരത്തില് ഉള്ള ഗര്ഭാവസ്ഥയും പൊല്ലാപ്പുകളും ആയി ഓടി നടക്കേണ്ടി വരുന്നവരും കുറവല്ല. പഠിപ്പും വിവരവും ഉണ്ടെന്നാലും ഇക്കാര്യങ്ങള് ഒന്നും നമ്മുടെ പഠനക്കാല സിലബസില് വേണ്ട രീതിയില്പ്രതിപാദ്യമാവത്തതും കാര്യമായ ഒരു പോരായ്മയാണ്.

?അബോര്ഷന് എന്ന ശിശുഹത്യ ആവശ്യപ്പെട്ടു വരുന്ന ദമ്പതികളില്ഭൂരിഭാഗത്തിനോടും ചോദിക്കേണ്ടി വരുന്ന ചോദ്യമാണ് “എന്തേ ഏതെങ്കിലും ഗര്ഭനിരോധന ഉപാധി ഉപയോഗിക്കാഞ്ഞത്?” എന്ന്.

ഇക്കാര്യത്തില് പൊതുജനങ്ങള്ക്കു സാധാരണയായി ഉണ്ടാവാറുള്ള ചില സംശയങ്ങള്ക്ക് ഉത്തരം അവതരിപ്പിക്കാന് ശ്രമിക്കുകയാണ് ഇന്ഫോ ക്ലിനിക്.

1, ഏതു ഗര്ഭനിരോധന ഉപാധിയാണ് ഞങ്ങള് സ്വീകരിക്കേണ്ടത്?ഏതാണ് ഉചിതം?

ഇത് തികച്ചും ഒരു വ്യക്ത്യാധിഷ്‌ഠിതമായ തിരഞ്ഞെടുപ്പാണ്, ഭാര്യാഭര്ത്താ ക്കന്മാര് തമ്മില് ചര്ച്ച ചെയ്തു എടുക്കേണ്ട തീരുമാനം. അതില് ഇഷ്ടാനിഷ്ടങ്ങള്/സൗകര്യങ്ങള് എന്നീ ഘടകങ്ങള് നോക്കുന്നതിനോട് ഒപ്പം പരിഗണിക്കേണ്ട ഒരു പ്രധാന മാനദണ്ഡം നിങ്ങള് തിരഞ്ഞെടുക്കുന്ന മാര്ഗ്ഗത്തിന്റെ ഫലപ്രാപ്തി അഥവാ സുരക്ഷിതത്വമാണ്. ഒരു മാർഗ്ഗത്തിനും നൂറു ശതമാനം ഫലപ്രാപ്തിയില്ല എന്നാല്രണ്ടു മാര്ഗ്ഗങ്ങള് ഒന്നിച്ചു ചേര്ത്തു ഉപയോഗിച്ചാല് (ഉദാ:സേഫ് പീരിയഡ്+കോണ്ടം പോലുള്ള ബാരിയര് മെത്തേഡ്) പരാജയപ്പെടാന്സാധ്യതകള് വളരെയധികം കുറയും.

മറ്റൊരു മാനദണ്ഡം വ്യക്തിയുടെ ശാരീരികാവസ്ഥയാണ് ഉദാ:ഗര്ഭനിരോധന ഗുളികകള് കഴിക്കുമ്പോള് ചില രോഗാവസ്ഥകള് ഇല്ല എന്ന് ഒരു ഡോക്ടറുടെ വിലയിരുത്തലിനു ശേഷമാവണം കഴിക്കേണ്ടത്‌.

2, ഓരോ മാര്ഗ്ഗത്തെക്കുറിച്ചും ലളിതമായി വിവരിക്കാമോ?

പ്രധാനമായും രണ്ടായി തരം തിരിക്കാം, താൽക്കാലികം & സ്‌ഥിരം.

?(i) താൽക്കാലികം-

  • ബാരിയർ മെത്തേഡ്‌ (കോണ്ടം, ഡയഫ്രം,cervical cap),
  • ഗർഭനിരോധനഗുളികകൾ,
  • കോപ്പർ-ടി ഉൾപ്പെടുന്ന ഗര്ഭപാത്രത്തിനുള്ളില് നിക്ഷേപിക്കുന്ന Intrauterine Contraceptive Devices,
  • ഇമ്പ്ലാന്റ്കള്-ത്വക്കിനടിയില് നിക്ഷേപിക്കുന്ന ചെറിയ ഒരു ഉപകരണം
  • Patches – ചര്മ്മത്തില് ഒട്ടിക്കുന്ന പാച്ച് വഴി ഹോര്മോണ്മരുന്നുകള്ശരീരത്തിന് ലഭ്യമാക്കുന്നു.
  • ഗർഭനിരോധന കുത്തിവെപ്പ്‌

?(ii) സ്‌ഥിരമാർഗങ്ങൾ അഥവാ വന്ധ്യംകരണം – ട്യൂബെക്‌ടമി(സ്‌ത്രീകൾ), വാസക്‌ടമി (പുരുഷൻമാർ)

3, എന്താണീ എമെര്ജെന്സി contraception ?

സുരക്ഷിതമല്ലാത്ത ഒരു ലൈംഗിക ബന്ധത്തിന് ശേഷം അനുവര്ത്തിക്കാവുന്ന അടിയന്തിര ഗര്ഭനിരോധന മാര്ഗ്ഗം ആണിത്. ഗര്ഭനിരോധന മാര്ഗ്ഗങ്ങള് ഉപയോഗിക്കാതെ ബന്ധപ്പെടുകയോ, ഉപാധി പരാജയപ്പെടുകയോ (ഉദാ:ഉറ പൊട്ടി പോവുക), റേപ് പോലുള്ളവയ്ക്ക് ഇരയാവുക ഒക്കെ ചെയ്യുന്ന സാഹചര്യങ്ങളില് ആണ് സാധാരണയായി ഈ മാര്ഗ്ഗം സ്വീകരിക്കുന്നത്.

?Morning after Pill എന്നറിയപ്പെടുന്ന ഗുളിക ഒരെണ്ണം കഴിക്കുന്നത്‌ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ബന്ധപ്പെട്ടതിനു ശേഷം എത്രയും പെട്ടന്ന് മരുന്ന് കഴിക്കുക എന്നത് വളരെ പ്രധാനമാണ്. 3 ദിവസത്തിനുള്ളില് കഴിച്ചാല്പ്രയോജനം കിട്ടുമെങ്കിലും,24മണിക്കൂറിനുള്ളില് കഴിക്കുന്നതാണു ഫലപ്രാപ്തി ഉറപ്പു വരുത്താന് ഉചിതം.

അപൂര്വ്വമായി കൂടിയ തോതില് രക്തസ്രാവം,വയറുവേദന പോലുള്ള ബുദ്ധിമുട്ടുകള്അനുഭവപ്പെട്ടേക്കാം എന്നതിനാല് ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം/മേല്നോട്ടത്തില് കഴിക്കുന്നതാണ് ആശാസ്യകരം.

3, ഇവയൊന്നും ഇല്ലാതെ ഫലപ്രദമായ ഗർഭനിരോധനം സാധ്യമല്ലേ?

സേഫ്‌ പിരീഡ്‌ നോക്കി ബന്ധപ്പെടുക, withdrawal method തുടങ്ങിയവ വിശ്വസനീയമെന്ന്‌ ഉറപ്പിച്ചു കൂടാനാവാത്ത രീതികളാണ്‌.

കൃത്യമായ ആർത്തവചക്രമില്ലാത്തവർക്ക്‌ സേഫ്‌ പിരീഡ്‌ കണക്ക്‌ കൂട്ടുന്നത്‌ തെറ്റാവാം. Withdrawal method വഴി ബീജം അകത്തെത്തുന്നത്‌ തടയാമെങ്കിലും സ്‌ഖലനത്തിന്‌ മുൻപ്‌ വരുന്ന സ്രവത്തിലും ബീജങ്ങളുണ്ടാകാം. അത്‌ കൊണ്ട്‌ തന്നെ ഈ രീതിയും പൂർണ്ണ സുരക്ഷിതമല്ല.

4,സേഫ് പീരിയഡ് കണക്കാക്കുന്നത് എങ്ങനെ?

28 ദിവസമോ അതിലും അല്പം താഴെയോ നില്ക്കുന്ന ആര്ത്തവചക്രം ഉള്ള സ്ത്രീകളില് ആണ് ഇത് അനുവര്ത്തിക്കാവുന്നത്. ആര്ത്തവം ക്രമ രഹിതമായവരിലും, 28 ദിവസത്തിലേറെ നീണ്ടു നില്ക്കുന്ന ആര്ത്തവചക്രം ഉള്ളവര്ക്കും ഈ രീതി ആശാസ്യമല്ല.

ആര്ത്തവം തുടങ്ങുന്ന ദിനം തൊട്ടു അടുത്ത ആര്ത്തവത്തിന്റെ ആദ്യം വരെയുള്ള കലണ്ടര് ദിനങ്ങള് അടിസ്ഥാനമാക്കിയാണ് കണക്കു കൂട്ടുന്നത്‌.

? 1 മുതല് 7 വരെ ഉള്ള ദിനങ്ങളും 21 മുതല് ബാക്കി ഉള്ള ദിനങ്ങളും “സേഫ്” ആയി കണക്കാക്കപ്പെടുന്നു.

4, ഗർഭനിരോധനഗുളിക കഴിക്കുന്നത്‌ പിന്നീടുള്ള ഗർഭധാരണസാധ്യത കുറക്കുമോ?മറ്റ്‌ പാർശ്വഫലങ്ങളുണ്ടോ?

ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഗര്ഭനിരോധനമാർഗമാണ്‌ ഗുളികകള്.വിവിധ സ്ത്രീ ഹോര്മോണുകള് അടങ്ങിയ വിവിധ ഗുളികകള് ഇതിനായി ഉപയോഗിക്കപ്പെടുന്നു.

വ്യക്തിയുടെ ശാരീരിക അവസ്ഥകള് ഒക്കെ മനസ്സിലാക്കിയതിനു ശേഷം ഒരു ഡോക്ടര് ആയിരിക്കണം ഇത് കുറിച്ച് നല്കേണ്ടത്. മറ്റൊരാള്ക്ക് ‌ കൊടുത്ത കുറിപ്പടി ഉപയോഗപ്പെടുത്തിയും മറ്റും വാങ്ങി ഉപയോഗിക്കാന് പാടില്ല.

രക്‌തം കട്ട പിടിക്കുന്നതിലെ അപാകതകൾ, പക്ഷാഘാതം, ഹൃദയാഘാതം, സ്‌തനാർബുദം, കാരണം വ്യക്‌തമല്ലാത്ത യോനി വഴിയുള്ള രക്‌തസ്രാവം (AUB), ഗർഭുള്ളവർ/ ഗർഭമുണ്ടെന്ന്‌ സംശയിക്കുന്നവർ, അർബുദമോ അല്ലാത്തതോ ആയ കരളിലെ മുഴകൾ എന്നിവ ഉള്ളവരില് ആരോഗ്യപ്രശ്നങ്ങള് ഉണ്ടായേക്കാം എന്നതിനാല് ഈ മാര്ഗ്ഗം ഉചിതമല്ല.

ഗർഭനിരോധനഗുളിക പിന്നീടുള്ള ഗർഭസാധ്യതയെ ബാധിക്കില്ല. കൃത്യമായി ദിവസവും കഴിക്കുന്നു എന്നുറപ്പ്‌ വരുത്തണം. ഇടക്ക്‌ മറന്നു പോകുന്നത്‌ ഫലപ്രാപ്‌തിയെ ബാധിക്കാം.

അത്യാവശ്യഘട്ടങ്ങളിൽ മാത്രമുപയോഗിക്കാവുന്ന emergency contraceptive pills ആവശ്യമുള്ള സമയത്തെല്ലാം പോയി വാങ്ങി കഴിക്കുന്ന പ്രവണത ശരിയല്ല.

5, കോണ്ടം ഉപയോഗിക്കുന്നതിന്റെ പരാജയസാധ്യത എന്താണ്?

ചിലവ് കുറഞ്ഞതാണ് എന്നതും,ലൈംഗിക രോഗപ്പകർച്ചയില് പ്രതിരോധം തീര്ക്കുന്നു എന്നതും ഇതിന്റെ ഗുണമാണ്. സ്ത്രീകള്ക്കുള്ള ഉറകളും പുരുഷന്മാര്ക്കു വേണ്ടിയുള്ള ഉറകളും ലഭ്യമാണ്.

ഉറകള് ശരിയായി ഉപയോഗിച്ചില്ലെങ്കില് പരാജയപ്പെടാന് ഉള്ള സാധ്യതകള്കൂടും. എങ്ങനെ ഉപയോഗിക്കണം എന്നത് പാക്കറ്റിനൊപ്പം നിര്ദ്ദേശമായി ലഭ്യമാക്കിയിട്ടുണ്ടാവും ഇത് ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി അനുവര്ത്തിക്കേണ്ടത് പ്രധാനമാണ് അല്ലെങ്കില് ഉറ പൊട്ടിപ്പോവാനുള്ള സാദ്ധ്യതകള് കൂടും. ഈ നിര്ദ്ദേശങ്ങള് അടങ്ങിയ സി.ഡി.സി പേജിന്റെ ലിങ്ക്.

https://www.cdc.gov/condomeffectiveness/male-condom-use.html

https://www.cdc.gov/condomeffectiven…/Female-condom-use.html

6, കോപ്പർ ടി പോലുള്ള IUCD (Intrauterine Contraceptive Device ഗര്ഭ പാത്രത്തിനുള്ളില് നിക്ഷേപിക്കുന്ന ഉപാധി)ഉപയോഗിക്കുന്നത്‌ പൂർണ്ണസുരക്ഷിതമെന്നാണോ?

കോപ്പർ ടി തീർച്ചയായും നല്ലൊരു ഗർഭനിരോധനമാർഗമാണ്‌. അണുബാധക്കുള്ള സാധ്യത(pelvic inflammatory disease) ചെറിയ തോതിൽ ഉണ്ടെന്നത്‌ മാത്രമാണ്‌ പൊതുവായ ന്യൂനത. ആദ്യ മൂന്നു ആഴ്ചയില് ആണ് ഇതിനു സാധ്യത കൂടുതല് എന്നതിനാല് ഈ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്നേരിട്ടാല് ഡോക്ടറെ സമീപിക്കാന് മടിക്കരുത്.

കോപ്പര് ടി യെക്കാളും കൂടുതലും ആധുനികവും കൂടുതല് ഫലപ്രദവുമായ സമാന ഉപാധികള് ഇന്ന് ലഭ്യമാണ് അതിലൊന്നാണ് മിരേന.

തുടർച്ചയായി ചെറിയ അളവിൽ പ്രൊജസ്‌റ്ററോൺ സ്രവിപ്പിച്ച്‌ ഗർഭധാരണം തടയുന്ന മിരേന പോലെയുള്ള IUCDകൾ അത്യന്തം ഫലപ്രദമാണ്‌.

⚥ ഗര്ഭപാത്രത്തിനുള്ളില് നിക്ഷിപിച്ചാല് 5 വര്ഷത്തോളം അത് ഉപയോഗിക്കാം.

⚥ഈ ഉപകരണത്തിന്റെ അഗ്രത്തിനു സ്ഥാനഭ്രംശം ഉണ്ടോ എന്ന് ഇടയ്ക്ക് സ്വയമോ/ ആവശ്യം വന്നാല് ഡോക്ടറെക്കൊണ്ടോ പരിശോധിപ്പിക്കെണ്ടതാണ്.

⚥മെഡിക്കല് സഹായത്തോടെ ഏതു സമയത്തും ഇത് നീക്കം ചെയ്യാവുന്നത്, ഇതിനെ തുടര്ന്ന് സ്വാഭാവികമായ ഗര്ഭധാരണ ശേഷി വീണ്ടും കൈവരിക്കാവുന്നതും ആണ്.

7, സ്‌ഥിരമാർഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ എന്തെങ്കിലും ദൂഷ്യഫലങ്ങളുണ്ടോ?

നമ്മുടെ നാട്ടിൽ സ്‌ത്രീകളിലാണ്‌ പൊതുവേ സ്‌ഥിരമാർഗ്ഗങ്ങൾ ഉപയോഗിക്കപ്പെടുന്നത്‌.

സിസേറിയൻ ചെയ്യുന്നതിന്റെ കൂടെയോ അല്ലാതെയോ ഇത്‌ ചെയ്യാറുണ്ട്‌അണ്ഡ വാഹിനിക്കുഴലുകള് മുറിച്ചു വേര്പെടുത്തുന്ന ഈ പ്രക്രിയ പ്രസവത്തോട് അടുപ്പിച്ചാണ് എങ്കില് സുഗമമായി ചെയ്യാന് കഴിയും, എന്നാല് കുറച്ചു നാളുകള്ക്കു ശേഷം ഗര്ഭപാത്രം ചുരുങ്ങിയതിനു ശേഷം ആവുമ്പോള് അല്പം കൂടി സങ്കീര്ണ്ണമായ പ്രക്രിയ ആവുമിത്. ആയതിനാല് തുടര് ഗര്ഭധാരണം ഒഴിവാക്കാന് ആഗ്രഹിക്കുന്നുവെങ്കില് പ്രസവത്തിനായി ആശുപത്രിയില് അഡ്മിറ്റ്‌ ആവുന്ന സമയത്ത് തന്നെ ഇക്കാര്യത്തില് ദമ്പതികള് തീരുമാനത്തില് എത്തി ഡോക്ടറെ അറിയിക്കുന്നതാണ് ഉചിതം. പിന്നീടൊരിക്കൽ കുഞ്ഞ്‌ വേണമെന്ന്‌ തോന്നിയാൽ പോലും recanalization വഴി ട്യൂബ്‌ ഒന്നിച്ച്‌ ചേർത്ത്‌ നോക്കാം എന്നല്ലാതെ ഫലപ്രാപ്‌തി ഉറപ്പിക്കാൻ പറ്റില്ല.

?പുരുഷൻമാരിൽ ചെയ്യുന്ന വാസക്‌ടമി താരതമ്യേന വളരെ ലളിത ശസ്ത്രക്രിയ ആണ്. ഈ പ്രക്രിയ കൊണ്ട്‌ ലൈംഗികശേഷി നഷ്‌ടപ്പെട്ട്‌ പോകുമെന്ന ഭയം കൊണ്ടും പൊതുവേ തന്നെ സന്താനോൽപാദന വിഭാഗത്തിലെ സകല ശസ്‌ത്രക്രിയകളും സ്‌ത്രീകൾക്ക്‌ തീറെഴുതി കൊടുക്കുന്ന ഒരു രീതി നാട്ടിൽ നില നിൽക്കുന്നത്‌ കൊണ്ടുമാവാം, നമ്മുടെ നാട്ടിൽ വാസക്‌ടമിക്ക്‌ തയ്യാറാവുന്ന പുരുഷൻമാർ നന്നേ കുറവാണ്‌.

വാസക്‌ടമി കൊണ്ട്‌ ലൈംഗികശേഷി നഷ്‌ടപ്പെടില്ല. സ്‌ത്രീക്ക്‌ ചെയ്യുന്ന ശസ്‌ത്രക്രിയയിലും ലളിതമാണ്‌. സ്‌ഥിരമാർഗമാണ്‌ എന്നതാണ്‌ ഗുണവും ദോഷവും.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ