· 5 മിനിറ്റ് വായന

പുത്തൻ പകർച്ചവ്യാധികൾ: എങ്ങനെ, എന്തുകൊണ്ട്?

Infectious Diseasesപകര്‍ച്ചവ്യാധികള്‍

തക്കാളിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, പക്ഷി പനി, ഇപ്പം ഇതാ നിപ്പാപനി. എന്തൊക്കെ തരം പുതിയ പനികൾ!

ലോകമെമ്പാടും പൊടുന്നനെ ആവിർഭവിക്കുന്ന പകർച്ച പനി രോഗങ്ങൾ ഭീഷണിയാവുന്നുണ്ട്.

എന്തു പനി വന്നാലും കേരളത്തിലേക്കാണല്ലോ എന്ന ധാരണ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്, ഭൂമുഖത്ത് എല്ലാ വൻകരകളിലും ഇടയ്ക്കിടെ ഉണ്ട് പൊടുന്നന്നെ പൊട്ടി പുറപ്പെടുന്ന പുതിയ ഓരോ പനികൾ.

പുതിയ പുതിയ രോഗാണുക്കൾ എങ്ങനെ വരുന്നു, എന്ന് നമുക്ക് നോക്കാം

‌’പണ്ടൊക്കെ’ പുരാണം… റീവൈൻഡ്

രണ്ടു ലക്ഷം വർഷങ്ങൾക്ക് മേലെ ആയല്ലോ മനുഷ്യൻ ഉണ്ടായിട്ട്. പതിനായിരം കൊല്ലം ആയി കൃഷി തുടങ്ങിയിട്ട്. അതിനു മുന്നേ പെറുക്കിത്തീറ്റ ആയിരുന്നു. കുറച്ചു നായാട്ടും.

നായാട്ടു കാലത്ത്, എന്തൊക്കെ അണുക്കൾ നമ്മെ വേട്ടയാടി ?

ഒരു ഐഡിയയുമില്ല ! മിക്ക മനുഷ്യരും നാല്പതുകളിലും അൻപതുകളിലും മരിച്ചു പോയിരുന്നു എന്ന് നമുക്കറിയാം. ചുരുക്കം ചിലർ ദീർഘനാൾ ജീവിച്ചിരുന്നു. പേൻ, ചെള്ളുകൾ, വിരകൾ, മുതലായവ ഒക്കെ നമ്മെ ശല്യപ്പെടുത്തിയിരുന്നു എന്ന് അനുമാനിക്കാം. അത്രേയുള്ളു. കൊല, യുദ്ധം, അപകടങ്ങൾ ഒക്കെ കാരണവും ആളുകൾ മരിച്ചൊടുങ്ങിയിരുന്നു. വൈറസ്, ബാക്റ്റീരിയ ഒക്കെ അസുഖം ഉണ്ടാക്കിയാൽ ഒരു ഗോത്രം അങ്ങനെ തന്നെ ചിലപ്പോൾ നശിച്ചു പോയെന്നിരിക്കും. ചുരുക്കം പ്രതിരോധ ശേഷി ഉള്ളവർ ബാക്കി വന്നേക്കാം. അതോടെ പിന്നെ ആ അണു കുറെ നാൾ തല പോക്കില്ല. അടുത്ത ഗോത്രം കുറെ അകലെ ആണല്ലോ. അവരുമായി അടുപ്പം വരണം. ചില മനുഷ്യരിൽ രോഗം ഉണ്ടാക്കാതെ അണു ഉറങ്ങിക്കിടക്കും. അഥവാ പതുക്കെ പെറ്റു പെരുകാനും മതി. അവർ അടുത്ത ഗോത്രവുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടി വന്നാൽ ഈ അണു പിന്നെയും കൊടിയ നാശം വിതക്കുകയായി. ഇങ്ങനെ ആയിരുന്നു കാര്യങ്ങൾ.

അതൊക്കെ എന്തായാലും ചരിത്രം നോക്കിയാൽ റോമിൽ എ ഡി ആദ്യ നൂറ്റാണ്ടുകളിൽ പല വലിയ പകർച്ച വ്യാധികളും ഉണ്ടായിട്ടുണ്ട്. പലതും നാല്പതു മുതൽ അൻപത് ശതമാനം വരെ ആളുകളെ കൊന്നിട്ടുണ്ട് ! എന്നാൽ ഈ രോഗാണു ഏതാണ് എന്ന് പോലും അറിയില്ല ! വസൂരി ആണെന്ന് വിചാരിക്കപ്പെടുന്നു. മൂവായിരം, നാലായിരം കൊല്ലം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളിലും മറ്റും വസൂരി, ക്ഷയം, എന്നിവയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കൃഷി വലിയ രീതിയിൽ തുടങ്ങിയത് പകർച്ച വ്യാധികൾക്ക് വലിയ ഉത്തേജനം നൽകി. ആളുകൾ തിങ്ങി പാർക്കുന്നു. കൃഷി ജീവിത രീതിയിൽ നിന്ന് ഒരു വ്യവസായമായപ്പോൾ അണുക്കൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചു. ചരിത്രത്തിലൂടെ ഒരോട്ട പ്രദക്ഷിണം തീർത്തിട്ട് അതിലേക്ക് വരാം.

ആയിരത്തി ഇരുനൂറുകളിലും, ആയിരത്തി നാനൂറുകളിലും യൂറോപ്പിൽ യെർസിനിയ പെസ്റ്റിസ് എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന പ്ലേഗ് മൂലം മുപ്പതു മുതൽ അമ്പതു ശതമാനം ജനസംഖ്യ മരിച്ചൊടുങ്ങിയിട്ടുണ്ട്, പല പ്രാവശ്യം ആയി.

പിന്നത്തെ വിനാശം വിതച്ച മഹാമാരികൾ നടമാടിയത് യൂറോപ്യൻമാർ അമേരിക്ക കീഴടക്കിയപ്പോൾ ആണ്. തോക്കുകളെക്കാളും വാളുകളെക്കാളും അപകടകാരികൾ ആയിരുന്നു അവർ കൊണ്ട് വന്ന വസൂരി, ഇൻഫ്ലുൻസ തുടങ്ങിയ അസുഖങ്ങൾ. എൺപതു തൊണ്ണൂറ് ശതമാനം അമേരിക്കൻ ഇന്ത്യക്കാർ ആണ് മരിച്ചത്. അധിനിവേശം അതോടെ പൂർണമായി .

ക്ഷയം, ടൈഫോയ്ഡ്, കുഷ്ഠം, കോളറ, വയറിളക്കം ഉണ്ടാക്കുന്ന അനേകം രോഗങ്ങൾ, മലേറിയ, വിരകൾ, ഇൻഫ്ലുൻസ, ഡിഫ്ത്തീരിയ, മീസിൽസ്, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് ഒക്കെ ഉണ്ടാക്കുന്ന അണുക്കൾ നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. വലിയ പോളിയോ ബാധ മൂലം അമേരിക്കയിലും മറ്റും വളരെ കുട്ടികൾ മരിക്കുകയും വികലാംഗർ ആവുകയും ചെയ്തത് ഇരുപതാം നൂറ്റാണ്ടിൽ തന്നെ ആണ്.

ഏകദേശം ആയിരത്തി തൊള്ളായിരത്തി ഇരുപത് മുപ്പതുകൾ വരെ അണുബാധകൾ ആയിരുന്നു നമ്മുടെ പ്രധാന അന്തകൻ. അതിനു ശേഷം അവക്ക് മേലെ നമുക്ക് ഭാഗിക വിജയം നേടാനായി. എങ്ങനെ ആണിത് സംഭവിച്ചത് ?

അറിവ് – രോഗാണുക്കളെ കണ്ടെത്തി. ഓരോ രോഗാണുവും എങ്ങനെ ആണ് പകരുന്നത് എന്ന് മനസ്സിലായി. വൃത്തി, വ്യക്തിശുചിത്വം, തടയൽ മാര്ഗങ്ങൾ, ശുദ്ധമായ വെള്ളം, ഭക്ഷണം – ഇവയൊക്കെ സാധാരണമായി. കൊതുകുകൾ പോലത്തെ രോഗാണു വാഹകരെ പറ്റി നമ്മൾ ബോധവാന്മാരായി.

രോഗ പ്രതിരോധ വാക്സിനുകൾ വന്നു, ആന്റി ബയോട്ടിക്കുകൾ വന്നു. ഇപ്പോൾ ആന്റി വൈറലുകളും ഉണ്ട്. വസൂരിയെ നിർമാർജനം ചെയ്തു. പോളിയോയെ മിക്കവാറും ഇല്ലാതാക്കി.

എങ്കിലും രോഗാണുക്കളിൽ നിന്ന് പൂർണ മുക്തി നമുക്ക് നേടാൻ ആയിട്ടില്ല. തികച്ചും പുതിയ അണുക്കൾ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നു. പഴയ, എല്ലാവരും മറന്നു കിടന്നവയിൽ ചിലത് പെട്ടന്ന് ഭാഗികമായി തിരിച്ചു വരുന്നു. പല കാരണങ്ങൾ ആണുള്ളത്. പ്രധാനപ്പെട്ടവ ഏതാണെന്നു നോക്കാം…

പരിതസ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു:

വനങ്ങൾ വെട്ടി തെളിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുന്നു. കൃഷിയിലൂടെ പരിസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ മുൻപ് പറഞ്ഞല്ലോ. വന്യമായ ഒരു പരജീവി വൈറസ് മനുഷ്യനെ ബാധിച്ചിട്ടുണ്ടെങ്കിൽ മനുഷ്യൻ അതിന്റെ സഞ്ചാര പാഥയിൽ പെടുവാനുള്ള സാഹചര്യം സ്വയം സൃഷ്ടിച്ചുവെന്നാണ് പൊതുവെ കാണപെടുന്നത്.

പല അണുക്കളും വവ്വാലിലും മറ്റു ചില ജീവികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങി കിടക്കുന്നവ ആണ്. ചിലപ്പോൾ പല കാരണങ്ങളും കൊണ്ട്, ഈ ജീവികളുടെ എണ്ണം കണ്ടമാനം പെരുകുന്നു, അഥവാ ഇവ പുറത്തിറങ്ങുന്നു. അങ്ങനെ രോഗങ്ങൾ ഉണ്ടാകുന്നു. ഇവ പലതും പണ്ടേ ഉള്ളതായിരിക്കാ, പുതിയവയും ഉണ്ടാവാം.

വവ്വാലുകൾ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ ഒരു ആലയം ആണ് എന്ന് പറയാം. റാബീസ്, എബോള, നിപ്പാ, സാർസ് എന്ന വൈറസുമായി ബന്ധപ്പെട്ട വൈറസുകൾ തുടങ്ങി അറുപതോളം വൈറസുകൾ ഇങ്ങനെ ഉണ്ടത്രേ. ആയിരത്തി ഇരുനൂറോളം തരം വവ്വാലുകൾ ഉണ്ട്. നമ്മെ പോലെ സസ്തനികൾ ആണ്, പക്ഷേ പറക്കാൻ പറ്റും. താരതമ്യേന ആയുസ്സ് കൂടുതൽ ഉള്ള ജീവികളാണ് അവ. ശരീരോഷ്മാവ് കൂടുതൽ ആയതിനാൽ വൈറസ് ശരീരത്തിൽ ഉണ്ടെങ്കിലും രോഗം വരികയില്ല എന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

വവ്വാൽ മാത്രമല്ല, ഹാന്റാ വൈറസ് തുടങ്ങിയ പലതും എലികളിലും മറ്റും ആണുള്ളത്. പെട്ടന്ന് എലികളുടെ എണ്ണത്തിൽ കൂടുതൽ വന്നാൽ അത് ഹാന്റാ വൈറസ് ബാധകൾ ഉണ്ടാക്കും. അമേരിക്കയിൽ പതിവിലും ശക്തമായ ഒരു മഴക്കാലത്തിന് ശേഷം ഇങ്ങനത്തെ ഒരു രോഗാണു ബാധ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ എലിപ്പനി മറ്റൊരു ഉദാഹരണം ആണ്.

പലപ്പോഴായി പൊട്ടിപ്പുറപ്പെടുന്ന ഇൻഫ്ലുൻസ മഹാമാരികൾ ചൈനയിൽ നിന്നാണ് മിക്കവാറും തുടങ്ങാറ്. അവിടെ താറാവുകളിൽ ആണ് വൈറസ് ഉറങ്ങി കിടക്കുന്നത് (റിസെർവോയർ ഹോസ്റ്റ്).

ഒരു ഉദാഹരണത്തിന് വളരെ അപകടകരമായ ഇൻഫ്ളുവൻസ വൈറസ് ഉള്ള പല തരം പക്ഷികൾ കൃഷി ചെയ്യപ്പെടുന്ന താറാവുകളും ആയി കൂടിക്കലരുമ്പോൾ ഇത്തരം വൈറസുകൾ അവയിലും എത്തുന്നു. ഇത്തരം താറാവുകൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. പക്ഷിപ്പനി എന്ന് വിളിക്കാവുന്ന പനി പരത്തുവാൻ ഇവ കാരണമാവുന്നു.

താറാവിനെയും പന്നിയെയും ഒന്നിച്ചു കൃഷി ചെയ്യുന്നിടങ്ങളിൽ പന്നികളിലേക്ക് പകരുന്നു. (കാലാ കാലങ്ങളിലായി വൈറസിൽ ഉണ്ടായേക്കുന്ന ജനിതക മാറ്റങ്ങൾ ആണ് പെട്ടന്ന് പകരാൻ കാരണം). പന്നികൾ ഇന്റർമീഡിയറ്റ് ഹോസ്റ്റ് ആയി വർത്തിക്കുക മാത്രമല്ല പുതിയ ജൈവസങ്കലനങ്ങൾക്ക് വേദിയാവുകയും ചെയ്യുന്നു. ഇവിടെ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ഇൻഫ്ളുവൻസ പോലുള്ളവ ഇങ്ങനെ ജനിതകമായ മാറ്റങ്ങളിലൂടെ പ്രശ്നമുണ്ടാക്കുന്നതിന്റെ ഉസ്താദാണ്.

വൈറസുകൾ ദിവസങ്ങളുടെ സമയം കൊണ്ട് പെരുകി 10^12, 10^14, lO^ 16 റേഞ്ചിലുളള എണ്ണമെത്തുന്നു. ഇത്ര പെട്ടെന്ന് പെരുകുന്ന ജീവികൾക്ക് മ്യൂട്ടേഷൻ വളരെ വേഗമാണ്. വൈറസുകൾ പൊതുവേ അടിക്കടി ജനിതക വ്യതിയാനങ്ങൾ (മ്യൂട്ടേഷൻ) വരുത്തുന്നു. മിക്കപ്പോഴും ഇത്തരം മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന വൈറസുകൾ ലക്ഷ്യം മാറ്റി മനുഷ്യനിൽ എത്തുമ്പോഴാണ് തീർത്തും അപരിചിതമായ പുതിയൊരു വൈറസായി തീരുവാൻ മാത്രമുള്ള വ്യതിയാനങ്ങൾ സംഭവിക്കുക. ഇങ്ങനെ മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറൽ രൂപങ്ങൾക്ക് വലിയ പ്രയാസമില്ലാതെ മനുഷ്യന്റെ പ്രതിരോധ ശക്തിയെ കീഴ്പെടുത്തി അവനെ ഇൻഫെക്റ്റ് ചെയ്യാൻ സാധിക്കുന്നു.

നഗരവൽകരണം പരിതസ്ഥിതിയിൽ ഉണ്ടാകുന്ന ഒരു മാറ്റം ആയി കാണാവുന്നതാണ്. നമ്മുടെ നാട്ടിൽ പെട്ടന്ന് നഗരങ്ങൾ കണ്ടമാനം വളർന്നിട്ടുണ്ട്. ചെറിയ, വീടിനു ചുറ്റും ഉള്ള ജല സംഭരണികളിലും പാത്രങ്ങളിലും പെട്ടെന്ന് പെറ്റു പെരുകാൻ കൊതുകുകൾ പഠിച്ചു. (ഇത് ഒരു തരം പരിണാമ മാറ്റം ആണ്). ആളുകൾ തിങ്ങി പാർക്കുന്നു. ഡെങ്കി, ചിക്കൻ ഗുനിയ എന്നീ രോഗങ്ങൾക്ക് പടരാൻ ഉള്ള സാഹചര്യം ആയി.

അതു പോലെ പ്രധാന ഘടകമായി ചൂണ്ടി കാണിക്കപെടുന്ന ഒരു ഘടകമാണ് കാലാവസ്ഥ വ്യതിയാനം. വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയിൽ ഉള്ള കാലാവസ്ഥ വ്യതിയാനം പ്രത്യേകിച്ച് താപനം ഉണ്ടായിരിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു..

മനുഷ്യരുടെ ലോകം മൊത്തം ഉള്ള സഞ്ചാരം :

ഇന്ന് ലോകം മൊത്തം ഒരു നഗരം ആണ്. ആളുകൾ ലോകം മൊത്തം വലിയ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുൻപറഞ്ഞ കാരണങ്ങളാൽ , ഏതെങ്കിലും ഒരു രോഗ ബാധ ഉണ്ടായാൽ, ലോകം മൊത്തം പകരാൻ ഉള്ള സാഹചര്യം ഇപ്പോൾ ഉണ്ട്.

ഇങ്ങനെ ലോകത്തിന്റെ ഏതെങ്കിലും ഉള്ള ഒരു കോണിൽ ചുരുക്കം മനുഷ്യരിൽ മാത്രം ഉണ്ടായിരുന്നതൊ, ഏതെങ്കിലും ജീവിയിൽ ഉറങ്ങിക്കിടന്നതോ, ജനിതക മാറ്റം സംഭവിച്ചതോ എങ്ങനെയും ആയിക്കൊള്ളട്ടെ, ഒരു പുതിയ അണു, അതിനോട് ഇത് വരെ കോണ്ടാക്ട് ഇല്ലാത്ത ജന സമൂഹത്തിൽ വലിയ തോതിൽ രോഗാണു ബാധ ഉണ്ടാക്കും. കാരണം, ആ അണുവിനോട്, ആ ജനത്തിലെ മിക്കവർക്കും പ്രതിരോധശക്തി ഇല്ലല്ലോ.

ഇത്രയും മനുഷ്യൻ സൃഷ്ടിച്ച ഘടകങ്ങൾ കൂടാതെ വൈറസ്സുകൾ സ്വന്തം രീതിയിൽ എന്തെല്ലാം രീതിയിൽ കൂടുതൽ ശക്തരാകാനുള്ള വ്യതിയാനങ്ങൾ സ്വീകരിക്കുന്നുണ്ട് എന്നും പഠനങ്ങൾ നടക്കുന്നു.

ഇതൊന്നും റാഡിക്കലായുണ്ടായ മാറ്റമല്ല! ഇങ്ങനെ കാരണങ്ങൾ കുറെയുണ്ട് പുതിയ പേരിൽ റിലീസാവുന്ന പനികൾക്ക് …

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ