· 4 മിനിറ്റ് വായന

നിപ: വേണ്ടത് ഭീതിയല്ല, ജാഗ്രത.

Infectious DiseasesMedicineആരോഗ്യ അവബോധംആരോഗ്യ പരിപാലനംപകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ


കഴിഞ്ഞവർഷം ഈ സമയത്ത് കേരളം മുൻപ് കണ്ടിട്ടില്ലാത്ത ഒരു പുതിയ രോഗം നമ്മെ ഞെട്ടിച്ചു. ഭീതിയുടെ അന്തരീക്ഷമാണ് അന്നു കോഴിക്കോട് നിലനിന്നത്. കടകൾ അടഞ്ഞു കിടക്കുകയും വാഹനങ്ങൾ രോഗബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്തു. പൊതുഗതാഗത സംവിധാനം താളം തെറ്റി.

ഇന്ന് വീണ്ടും നിപാവൈറസ് സംസ്ഥാനത്ത് രോഗബാധയ്ക്കു കാരണമായി എന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒരുതരത്തിൽ ഈ സാഹചര്യം നാം പ്രതീക്ഷിച്ചതാണ്. നിപ്പാരോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുണ്ട്. ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിലാണ് സാധാരണഗതിയിൽ നിപാ പകർച്ചവ്യാധികൾ ഉണ്ടാകാറ്. നിപാ വൈറസിന്റെ സ്രോതസായ വവ്വാലുകളുടെ പ്രജനന കാലഘട്ടം ഇതാണ് എന്നതും ഈ കാലയളവിൽ വവ്വാലുകളിൽ നിന്ന് വൈറസ് പുറത്തേക്ക് എത്തുന്നതിന്റെ തോത് വർദ്ധിക്കും എന്നതും ആണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഈ രോഗം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും നാം തയ്യാറാണ്. രോഗപ്പകർച്ച തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ നാം സജ്ജരാണെങ്കിലും ഉയർന്ന മരണനിരക്കുള്ള ഒരു പകർച്ചവ്യാധിയെക്കുറിച്ച് ജാഗ്രത പുലർത്തുന്നത് നല്ലതാണ്.

കഴിഞ്ഞവർഷം മെയ് അഞ്ചാം തീയതിയാണ് നിപാ വൈറസ് ആദ്യത്തെ ജീവനെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേരൊഴികെ ബാക്കി പതിനേഴുപേർ മരണപ്പെട്ടു. രോഗനിർണയത്തിന് ആദ്യ മരണത്തിനു ശേഷം പതിനഞ്ചു ദിവസം നമുക്ക് വേണ്ടിവന്നു. തുടക്കത്തിൽ അൽപ്പം താമസം നേരിട്ടെങ്കിലും ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാൻ ആരോഗ്യപ്രവർത്തകർക്കും ഭരണകർത്താക്കൾക്കുമായി. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങൾ തേടിയും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങൾ വായിച്ചും ഇവയിലുള്ള നിർദ്ദേശങ്ങൾ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട രീതിയിൽ മാറ്റം വരുത്തിയും രോഗത്തെ നേരിടാനുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കി‌. സംസ്ഥാനത്തിന് പുറത്ത് പല മേഖലകളിലും പ്രവർത്തിക്കുന്ന മലയാളികളുടെ സഹായം പണമായും ഉപകരണങ്ങളായും വിദഗ്ദോപദേശങ്ങളായും എത്തി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പേഴ്സനൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ, മാസ്കുകൾ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് രോഗചികിത്സയുടെ കേന്ദ്രബിന്ദു ആയതോടെ ഇവിടേക്കുള്ള ആളുകളുടെ സന്ദർശനവും മറ്റും നിയന്ത്രിക്കുകയും അതുവഴി രോഗത്തിന്റെ വ്യാപനം തടയുകയും ചെയ്തു. അങ്ങനെ ജനസാന്ദ്രത വളരെ കൂടിയ ഈ സംസ്ഥാനത്തും രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണമായും കെട്ടടങ്ങുന്ന രീതിയിൽ നിയന്ത്രണവിധേയമാക്കാൻ നമുക്ക് സാധിച്ചു.

കഴിഞ്ഞ വർഷത്തെ അനുഭവം നമുക്ക് നൽകിയ പാഠങ്ങളാണ് ഇത്തവണ നമ്മുടെ ശക്തി. കഴിഞ്ഞവർഷത്തെ രോഗബാധയുടെ സ്വഭാവം കൃത്യമായി പഠിച്ച് നാം തയ്യാറാക്കിയ റിപ്പോർട്ടുകൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷം നാം രൂപീകരിച്ച അന്താരാഷ്ട്രബന്ധങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുന്നു. ഇതെല്ലാം രോഗബാധ സംശയിക്കാനും രോഗനിർണയം വേഗത്തിലാക്കാനും ഇത്തവണ നമ്മെ സഹായിച്ചിട്ടുണ്ട്.

വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ്പ. പഴംതീനി വവ്വാലുകളാണ് രോഗത്തിന്റെ സ്രോതസ്സ്. പന്നി പോലെയുള്ള മറ്റു വളർത്തുമൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാം. രോഗിയുടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. പനി, തലവേദന, തൊണ്ടവേദന, ചുമ എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. മനംപുരട്ടൽ, ഛർദ്ദി, കാഴ്ച മങ്ങൽ, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകാം. പനി ആരംഭിച്ചു രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗം മൂർച്ഛിക്കാം. ഗുരുതരമാകുന്നതിനനുസരിച്ച് ശ്വാസം മുട്ടൽ, ബോധക്ഷയം, കോമ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. തലച്ചോറിനെയും ഹൃദയത്തെയും ശ്വാസകോശത്തേയും ബാധിക്കുമ്പോഴാണ് രോഗം മരണകാരണമാകുന്നത്.

പഴംതീനി വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കാണ് കേരളത്തിലെ രോഗപ്പകർച്ച എന്നാണ് നമ്മുടെ അനുമാനം. കേരളത്തിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു. പൊതുവേ രാത്രിഞ്ചരന്മാരാണ് ഇവ. ലോകത്തിൽ ഏറ്റവും വലിയ വവ്വാലുകളുടെ ഗണത്തിൽ പെടുന്ന ഇവ ഏതു തരത്തിൽ പെട്ട പഴങ്ങളും കഴിക്കും. പതിനായിരക്കണക്കിന് വവ്വാലുകൾ ഉൾപ്പെടുന്ന കൂട്ടമായി ജീവിക്കുന്ന ഇവ ഭക്ഷണത്തിനുവേണ്ടി ദിവസം 50 കിലോമീറ്ററോളം സഞ്ചരിക്കും. ഇവയുടെ മാംസം ഔഷധഗുണമുള്ളതാണ് എന്ന തെറ്റിദ്ധാരണ ഇവയെ പിടികൂടി ഭക്ഷണമാക്കുന്നതിന് കാരണമാകാറുണ്ട്. പഴംതീനി വവ്വാലുകൾ നിപാ, ഹെൻഡ്രാ, ലാസാ, റാബീസ് രോഗാണുക്കളെയൊക്കെ വഹിക്കാൻ കഴിവുള്ളവയാണ്. നിപാ രോഗാണുവിന്റെ റിസർവോയർ ആണ് ഇവ എന്നതിനാൽ ഭാവിയിലും വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു തടയാൻ വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കുന്നതും വവ്വാലിന്റെ വിസർജ്യം കലരാൻ ഇടയുള്ള ഭക്ഷണപാനീയങ്ങൾ -ഉദാഹരണത്തിന് കള്ള്- എന്നിവ ഒഴിവാക്കുന്നതും പ്രധാനമാണ്‌.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെയും രോഗബാധ സംശയിക്കുന്നവരെയും ഒറ്റപ്പെടുത്തി നിരീക്ഷിക്കേണ്ടതായിവരും. ഇതിനോടു സഹകരിക്കുന്നത് രോഗബാധ തടയുന്നതിന് വളരെ പ്രധാനമാണ്. രോഗിയുമായി സമ്പർക്കത്തിൽ വന്നവർ ഉപേക്ഷ കൂടാതെ ആരോഗ്യ പ്രവർത്തകരോട് ഇക്കാര്യം തുറന്നു പറയേണ്ടതാണ്. ഈ രോഗം ചികിത്സിക്കുന്നതിനുവേണ്ടി സർക്കാർ നിശ്ചയിച്ച ആശുപത്രികളിൽ നിന്ന് മറ്റു തരത്തിൽ പെട്ട രോഗികൾ അകലം പാലിക്കുന്നതാണ് ഉചിതം. ആശുപത്രിയിലെ രോഗീ സന്ദർശനം പൂർണ്ണമായും ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനം, തീയറ്റർ, പാർക്കുകൾ, വായനാശാലകൾ, സ്കൂൾ, ആഫീസുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് സ്വയം അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്ന തൂവാല ഉപയോഗിക്കണം. കൈകളുടെ വൃത്തി മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. പുറത്തുപോയി വന്നശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ഈ രോഗബാധ സംശയിച്ച് ആരെങ്കിലും മരണപ്പെട്ടാൽ മൃതദേഹത്തിലെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുന്നതും പ്രധാനമാണ്. അങ്ങനെയുണ്ടാകുന്ന സാഹചര്യത്തിൽ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയാക്കണം. രോഗബാധ സംശയിച്ചവരുടെ മൃതദേഹം കുളിപ്പിക്കുന്നത് ആശാസ്യമല്ല. ശാസ്ത്രീയമായ മുൻകരുതലോടെ വേണം മൃതദേഹം സംസ്കരിക്കാൻ.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും മറ്റുമുള്ള സ്രവം, തലച്ചോറിലെ നീര്, രക്തം, മൂത്രം എന്നിവയിൽ നിന്നൊക്കെ പരിശോധനകൾ വഴി വൈറസിന്റെ സാന്നിധ്യം കണ്ടെത്താം. വൈറസ് ബാധ കണ്ടെത്തി കഴിഞ്ഞാൽ 100% ഫലപ്രദമായ മരുന്നോ വാക്സിനോ നിലവിലില്ല എങ്കിലും ശരീരത്തിന് പിന്തുണ നൽകുക വഴി രോഗം മാറുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ കഴിയും. രോഗബാധ ഉണ്ടായവരിൽ 60 ശതമാനം പേരിൽ വരെ ഫലപ്രദമായ ചികിത്സ വഴി രോഗം മാറ്റാൻ ആകുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ സാഹചര്യത്തിൽ വൈറസ് ബാധ ഉണ്ടായവരിലുള്ള മരണനിരക്ക് വളരെ അധികമാണ് എന്നതിനാൽ പ്രതിരോധത്തിൽ ഊന്നൽ നൽകണം.

കഴിഞ്ഞ തവണ രോഗബാധ തടയാൻ നമുക്ക് സാധിച്ചു എന്നത് ഇത്തവണ ഭീതിയുടെ അന്തരീക്ഷം ഒഴിവാക്കാൻ നമ്മെ സഹായിക്കേണ്ടതാണ്. ശരിയായ മുൻകരുതലുകൾ എടുത്താൽ തടഞ്ഞുനിർത്താവുന്ന രോഗമാണ് നിപ. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആരോഗ്യവകുപ്പിനെയോ മറ്റ് വിശ്വസനീയമായ കേന്ദ്രങ്ങളെയോ മാത്രം ആശ്രയിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ പരമാവധി പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണം. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജാഗ്രതയോടെ പാലിക്കുക എന്നതാണ് രോഗനിയന്ത്രണത്തിന് ഏറ്റവും ഗുണം ചെയ്യുക.

 

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ