· 4 മിനിറ്റ് വായന

കരളേ, നിൻ കൈ പിടിച്ചാൽ… ഫാറ്റി ലിവറും കരൾ രോഗങ്ങളും

Medicine
” പുള്ളിയുടെ കരൾ അടിച്ചു പോയി. സിറോസിസ് ആയിരുന്നു… “
”ഇത്ര ചെറുപ്പത്തിലേ?! … വെള്ളം അല്ലാതെന്താ? എവൻമാരൊക്കെ ഒടുക്കത്തെ വെള്ളമാണ്…”
ഈയ്യിടെ ബസ്സിൽ ഇരിക്കുമ്പോൾ കേട്ട ഒരു സംഭാഷണ ശകലം ആണ്. സിറോസിസ് പോലുള്ള കരൾ രോഗങ്ങൾക്ക് മദ്യം മാത്രമേ കാരണമാകുന്നുള്ളൂ എന്ന ധാരണ വാസ്തവ വിരുദ്ധമാണ്. മദ്യേതരമായ ഘടകങ്ങൾ കരളിനു ക്ഷതമേൽപ്പിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം രോഗാവസ്ഥ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതും…
മദ്യം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറൽ അണുബാധകൾ എന്നിവയെയാണ് കരളിന് സാരമോ സ്ഥായിയോ ആയ ക്ഷതമേൽപ്പിക്കുന്ന(chronic liver disease) പ്രധാന വില്ലൻമാരായി കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് മദ്യേതര കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Diseaseഎന്നു വിളിക്കുന്നു..
* നാഷ് (Non Alcoholic Steatohepatitis) എങ്ങനെ നാശമുണ്ടാക്കുന്നു:
കരളിൽ കൊഴുപ്പ് കണങ്ങൾ ( Fat droplets) അടിഞ്ഞു കൂടുകയാണ് ഈ രോഗാവസ്ഥയുടെ ആദ്യ ഘട്ടം. ഇന്ന് സാർവത്രികമായി ,നല്ലൊരു ശതമാനം ,പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിലെ പുരുഷന്മാരുടെ കരളുകളിലും ഇത് കാണുന്നുണ്ട്.ആരോഗ്യമുള്ള കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം തീർത്തും കുറവായിരിക്കും. Fatty change (steatosis)എന്ന് പറയപ്പെടുന്ന ഈ അവസ്ഥ സാധാരണ പ്രത്യേകിച്ച് യാതൊരു രോഗലക്ഷണങ്ങളുമുണ്ടാക്കാറില്ല. സ്കാനിങ്ങ് പോലുള്ള പരിശോധനകളിലാണ് ഇത് പലപ്പോഴും തിരിച്ചറിയുന്നത്. താരതമ്യേന അപകടം കുറഞ്ഞതാണ് ഈ അവസ്ഥയെങ്കിലും കരളിന് ഇനിയും ക്ഷതം തുടർന്നാൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കും എന്ന സൂചന അത് നൽകുന്നുണ്ട്.( കൂട്ടത്തിൽ പറയട്ടെ , അസാമാന്യമായ പുനരുജ്ജീവന ശേഷിയുള്ള ഒരു അവയവമാണ് കരൾ .)
അടുത്ത ഘട്ടത്തിൽ ,ഈ രോഗാവസ്ഥ ഏറെ നാൾ തുടർന്നാൽ കുറച്ചു പേരിലെങ്കിലും കരളിന് ക്ഷതം സംഭവിച്ചു തുടങ്ങുന്നു. വീക്കത്തോടൊപ്പം ചെറിയ രീതിയിൽ വടുക്കൾ കരളിൽ നാരുകളായി പ്രത്യക്ഷപ്പെടാനും അത് ക്രമേണ കരളിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുവാനാരംഭിക്കുകയും ചെയ്യുന്നു. ഇതിനെ steatohepatitis എന്നു വിളിക്കുന്നു
രോഗാവസ്ഥ കൂടുതൽ മൂർചിച്ചാൽ കരൾ, മുഴുവൻ വടുക്കൾ നിറഞ്ഞ പ്രവർത്തനശേഷി നഷ്ടപ്പെട്ട ശോഷിച്ച ഒരു അവയവമായി പരിണമിക്കുന്നു. പലപ്പോഴും ഇത് വർഷങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് മറ്റേത് കാരണം കൊണ്ടെന്നതു പോലെ കരളിന്റെ ഈ മൂർച്ഛിത രോഗാവസ്ഥയെ സിറോസിസ് (cirrhosis )എന്ന് വിളിക്കുന്നു
* ആർക്കൊക്കെ കരൾരോഗ സാധ്യത?
താരതമ്യേനെ അടുത്ത കാലത്ത് കൂടുതൽ പഠനവിധേയമാക്കപെട്ട ഈ രോഗാവസ്ഥ പ്രതീക്ഷിച്ചതിലും അധികം വ്യാപകമാണെന്നും വർദ്ധിച്ചു വരുകയാണെന്നും തിരിച്ചറിയപ്പെട്ടു .
ജീവിത ശൈലിയിലെ മാറ്റങ്ങൾ, നഗരവൽക്കരണവും അതിന്റെ ശീലങ്ങളും വ്യാപകമായത് ,വ്യായാമവിമുഖമായ ജീവിത രീതികൾ, ഭക്ഷണസ്വഭാവത്തിലുണ്ടായ വ്യതാസങ്ങൾ എന്നിവയെല്ലാമാണ് ഇതിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
പാരമ്പര്യ ഘടകങ്ങൾ ,ഭക്ഷണ രീതി, ജീവിത ശൈലി എന്നീ മൂന്നു ഘടകങ്ങളാണ് ഇവിടെ പ്രധാനം. ആദ്യത്തെ ഘടകത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ മറ്റു
രണ്ടു ഘടകങ്ങൾ ഇവിടെ ചർച്ച ചെയ്യാം.തൂക്ക കൂടുതൽ ,പ്രമേഹം, രക്തസമ്മർദം, അമിതമായ കൊളസ്ട്രോൾ (വിശേഷിച്ച് ദോഷകരമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ) എന്നിങ്ങനെ ജീവിതശൈലീ രോഗങ്ങൾ സന്ധിക്കുന്ന ഒരു രോഗസമുച്ചയം ..ഇതിനെ ഇപ്പോൾ മെറ്റബോളിക് സിൻഡ്രോം എന്നു വിളിക്കുന്നു. മദ്യേതര കരൾ രോഗങ്ങൾക്ക് ഇവയുമായി അടുത്ത ബന്ധമാണുള്ളത് എന്നതിനേക്കാൾ ശരി അതിന്റെ ഭാഗം തന്നെയാണ് എന്നുള്ളതാണ്
ശാരീരിക അധ്വാനം കുറവുള്ള ആയാസരഹിതമായ ജീവിത ശൈലി, വ്യായാമത്തോടുള്ള വൈമുഖ്യം, പൊണ്ണത്തടി ,സമ്മർദ ഭരിതമായ ജീവിതം എന്നിവ ഈ രോഗാവസ്ഥകൾക്ക് കടന്നാക്രമിക്കാൻ വഴി വെട്ടുന്നു.
പഞ്ചസാരയടക്കമുള്ള ഊർജ സ്രോതസ്സുകളുടെ യുക്തിപൂർണ്ണമായ വിനിയോഗത്തിന് അത്യന്താപേക്ഷിതമായ ഇൻസുലിന്റെ പ്രവർത്തനങ്ങളോട് കോശങ്ങൾ പ്രതികരിക്കാത്ത ഇൻസുലിൻ നിസ്സംഗത (insulin resistance ) ആണ് ഇതിന്റെ മൂലകാരണം ആയി പഠനങ്ങളിൽ തെളിഞ്ഞു കാണുന്നത്. ഇതിൽ നല്ലൊരു ശതമാനം ആളുകൾക്കും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും ഉയർന്ന സാധ്യതയുണ്ട്. കൂടാതെ പക്ഷാഘാതം (stroke)പോലുള്ള രോഗങ്ങളും ഇവരിൽ കൂടുതലായി കാണപ്പെടുന്നു
* എങ്ങനെ പ്രതിരോധിക്കാം
ഇയ്യിടെ ഞാൻ പഠിപ്പിച്ചിരുന്ന മെഡിസിൻ അവസാന വർഷം ചെയ്യുന്ന വിദ്യാർത്ഥിയെ ഒരു ഹെർണിയ സർജറിക്ക് വിധേയനാക്കുന്നതിന് മുമ്പ് സ്കാൻ ചെയ്യുകയും മറ്റു പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ കരളിൽ സാമാന്യം നല്ല രീതിയിൽ കൊഴുപ്പടിയുകയും ( Fatty change) , കരളിനു ക്ഷതം സംഭവിക്കുന്നു എന്ന് സൂചന തരുന്ന രക്ത പരിശോധനകളിൽ ലിവർ എൻസൈമുകൾ ചെറിയ തോതിൽ ഉയർന്നതായും കണ്ടു. “ചെറുപ്പത്തിലേ എന്താ ഇങ്ങനെ? ഇവന് മദ്യപാനവും കൂട്ടുകെട്ടുമൊന്നുമില്ല. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോലും പോവാറില്ല. ” എന്നൊക്കെയായി അമ്മ.. ഇത് ഇന്ന് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. മിക്ക കരൾ രോഗങ്ങളും ഈ രീതിയിൽ കൃത്യവും ശ്രദ്ധ ക്ഷണിക്കുന്നതുമായ ലക്ഷണങ്ങൾ ഇല്ലാതെയാണ് ആരംഭിക്കുന്നത് .സ്കാനിങ്ങ് പോലുള്ള പരിശോധനകളിലും ലിവർ എൻസൈമുകൾ പരിധി വിട്ടു ഉയരാൻതുടങ്ങുന്നതും ആണ് പലപ്പോഴും ആകെയുളള ആദ്യ സൂചനകൾ.
* വൈകിട്ടെന്താ പരിപാടി.?
മുകളിൽ പറഞ്ഞ ചെറുപ്പക്കാരന്റെ അമ്മ മകൻ കൂട്ടുകാരോടൊത്തു കളിക്കാൻ പോകുന്ന ദുശ്ശീലം പോലും മകനില്ല എന്ന് അഭിമാനത്തോടെ പറയുമ്പോൾ അതു തന്നെ ഒരു ദുശ്ശീലം ആണെന്നാദ്യം നമ്മൾ തിരിച്ചറിയണം. വ്യായാമം അടക്കമുള്ള ജീവിത ശൈലീ പരിഷ്ക്കരണങ്ങളും ഭക്ഷണ രീതിയിൽ ഉള്ള കരുതലും ആണ് ഇവിടെ ഏറ്റവും പ്രധാനം.
മിതമായതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം അകത്താക്കുക എന്ന നിഷ്കർഷയുള്ള ഭക്ഷണചര്യ ജീവിതത്തിന്റെ ഭാഗമാക്കുക. കൊഴുപ്പു കൂടിയ ഭക്ഷണം കുറയ്ക്കുക . വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളുടെ അമിതോപയോഗം വ്യാപകമാണ് എന്ന് പറയേണ്ടതില്ലല്ലോ. ധാന്യങ്ങൾ , പച്ചക്കറികൾ ,ഫലസസ്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുള്ള സമീകൃതാഹാരം പ്രധാനമാണ്.ചില പഠനങ്ങൾ മാംസഭക്ഷണത്തിന്റെ അതിപ്രസരവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിതോപഭോഗവും അപകടരമായ രോഗകാരികളായി എടുത്തു പറയുന്നുണ്ട്. ധാരാളം പറയുകയും കേൾക്കുകയും എളുപ്പമെന്ന് തോന്നുകയും ചെയ്യുന്ന കാര്യമാണിതെങ്കിലും മിക്കവർക്കും അവനവന്റെ കാര്യത്തിൽ പ്രാബല്യത്തിൽ വരുത്താൻ വളരെ ദുഷ്കരമായ ഒരു കാര്യമായാണ് ഇത് കണ്ട് വരുന്നത്
വ്യായാമമാണ് മറ്റൊരു പ്രധാന ജീവിതശൈലീ പരിഷ്ക്കരണം . പ്രത്യേകിച്ച് ആയാസമില്ലാതെ അധിക സമയവും ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഇന്ന് പലവർക്കും. കേരളത്തിലെ ജനസംഖ്യയിൽ 25 മുതൽ 30% വരെ അമിതശരീരഭാരവും പൊണ്ണതടിയും ഉള്ളവരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത് ,കുട്ടികളിൽ ഈ അനാരോഗ്യകരമായ പ്രവണത വർധിച്ചു വരുകയും ചെയ്യുന്നു.പൊണ്ണത്തടിയും ദുർമേദസും മറികടന്ന് തൂക്കം നിയന്ത്രിക്കുന്നതിനു വ്യായാമം പ്രധാനമാണ്. പൊക്കത്തിനു ആനുപാതികമാണോ തൂക്കം എന്ന് തട്ടിച്ചു നോക്കാൻ ഉപയോഗിക്കുന്ന Body Mass Index, അരവണ്ണം എന്നിവ ഉപയോഗിച്ച് ശരീരഭാരം ആരോഗ്യകരമായ പരിധിക്കുള്ളിലാണോ എന്നു സ്വയം പരിശോധിച്ച് ആവശ്യമെങ്കിൽ ഭാരം കുറയ്ക്കാവുനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കാവുന്നതാണ്. ഇതെല്ലാം അനായാസം കണക്കാക്കാനും മറ്റും സഹായിക്കുന്ന ആപ്പുകൾ ഇന്ന് ഫോണുകളിലും മറ്റും ലഭ്യമാണ് പ്രമേഹം, അമിതമായ ദുഷിച്ച കൊളസ്ട്രോൾ (LDL cholesterol) , ട്രൈഗ്ലിസറൈഡുകൾ എന്നിവ ജീവിത ശൈലി പരിഷ്കരിച്ചും വേണ്ടി വന്നാൽ വൈദ്യ സഹായത്തോടെ മരുന്നുകൾ ഉപയോഗിച്ചും വരുതിയിലാക്കുക എന്നതും പ്രധാനമാണ്.
വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ചാൽ മെയ്യനങ്ങിയുള്ള കളികളും വ്യായാമവും എന്നതാവട്ടെ മറുപടി.
** ചുരുക്കത്തിൽ മൂന്നു കാര്യങ്ങളാണ് ഇവിടെ എടുത്ത് പറയേണ്ടത്
1. മദ്യേതരകരൾരോഗം ഒരു ജീവിത ശൈലീ രോഗമാണ്
2. കരൾ രോഗങ്ങൾ കൂടാതെ ഹൃദയരോഗങ്ങൾ ,പക്ഷാഘാതം എന്നീ രോഗങ്ങൾക്കും ഇവർക്ക് സാധ്യതയുണ്ട്
3.ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണരീതിയിൽ ശ്രദ്ധ ചെലുത്തുക ,വ്യായാമം ,ശരീര ഭാരം നിയന്ത്രിക്കുക എന്നിവയാണ്
പ്രായോഗികമായ മാർഗങ്ങൾ
ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ