· 5 മിനിറ്റ് വായന

സിസേറിയന്‌ ശേഷമുള്ള സുഖപ്രസവം

Obstetricsആരോഗ്യ അവബോധം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഗർഭപാത്രത്തിൽ കിടന്ന്‌ മുൻപരിചയമില്ലാത്ത ആർക്കും ഈ കുറിപ്പ്‌ ബാധകമായിരിക്കുന്നതല്ല. അവർക്ക്‌ ടാബ്‌ അടച്ച്‌ ചരിത്രപ്രസക്‌തമായ ‘അല്ലോപ്പതി’യെ ട്രോളൽ തുടരാവുന്നതാണ്‌.

പ്രകൃതിചികിത്‌സ എന്ന പ്രാകൃതചികിത്‌സ കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തി, ഒരു ചോരക്കുഞ്ഞ്‌ പ്രകൃതിയിലേക്ക് തന്നെ‌ മടങ്ങി. മടങ്ങിയ കുഞ്ഞിന്‌ കിടന്നിടത്തും സ്വൈര്യം കൊടുക്കാതെ ഇന്നലെ ഖബറിൽ നിന്നെടുത്ത്‌ പോസ്‌റ്റ്‌മോർട്ടം ചെയ്‌തിരിക്കുന്നു(22/10/16). മൂന്ന്‌ തവണ സിസേറിയൻ കഴിഞ്ഞ ശരീരത്തിൽ സ്വാഭാവികപ്രസവമെന്ന പരീക്ഷണത്തിന്‌ തല വെച്ച്‌ കൊടുത്ത രക്ഷിതാക്കളോട്‌ ദേഷ്യമാണോ സഹതാപമാണോ എന്നറിയില്ല .Vaginal Birth After Cesarean(VBAC) എല്ലാ തയ്യാറെടുപ്പുകളോടെയും ചെയ്യേണ്ടുന്ന ഒന്നാണ്‌. സുഖപ്രസവമെന്ന അത്ര സുഖമില്ലാത്ത പരിപാടിയെക്കുറിച്ച്‌ കേട്ടറിവും(അറിവെന്ന്‌ പറഞ്ഞൂടാ,വികലധാരണകൾ) അനുഭവവും മാത്രമേ മിക്കവർക്കും ഉള്ളൂ.സിസേറിയൻ പിന്നെ അനസ്‌തേഷ്യയും എസിയുടെ തണുപ്പും കൊണ്ട്‌ കോരിത്തരിച്ച്‌ കിടപ്പായത്‌ കൊണ്ട്‌ ഒന്നും അറിയുന്നുമില്ല.

പരമാവധി 280 ദിവസം/40 ആഴ്ച (പത്ത്‌ ചന്ദ്രമാസം) കഴിഞ്ഞ്‌ ഗർഭസ്‌ഥശിശു പുറത്ത്‌ വരുന്നതിനെയാണല്ലോ പ്രസവം എന്ന്‌ പറയുന്നത്‌. പ്രസവിക്കാനുള്ള ആരോഗ്യം സ്‌ത്രീക്കും ഗർഭപാത്രത്തിൽ നിന്നും പുറത്തെത്തുന്ന അത്യന്തം ദുഷ്‌കരമായ യാത്രക്കുള്ള കെൽപ്പ്‌ കുഞ്ഞിനും യാത്ര ചെയ്യാനുള്ള മാർഗത്തിന്റെ വിശാലതയും ഉറപ്പ്‌ വരുത്തിയാൽ സ്വാഭാവികപ്രസവം പ്രതീക്ഷിക്കാം. എന്നാൽ പോലും അമ്മയുടേയും കുഞ്ഞിന്‍റെയും ശരീരത്തിലെ രക്‌തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തനവ്യതിയാനങ്ങൾ തുടങ്ങിയ സങ്കീർണതകള്‍ കൊണ്ട്‌ അവസാനനിമിഷം പോലും

സ്വാഭാവികപ്രസവം സിസേറിയന്‌ വഴിമാറാം.

പണ്ടൊക്കെ വീടിന്‍റെ ഇരുട്ടറയിൽ പ്രസവിച്ചിരുന്നു എന്നത്‌ സത്യം തന്നെ. അന്നത്തെ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ മാതൃമരണനിരക്കും നവജാതശിശുമരണനിരക്കും ഇന്നത്തേതുമായി താരതമ്യം ചെയ്‌താൽ സാമാന്യബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും.

2012 വർഷത്തെ കണക്ക്‌ പ്രകാരം തൊണ്ണൂറ്‌ ശതമാനത്തിലേറെ പ്രസവം ആശുപത്രിയിൽ നടക്കുന്ന കേരളത്തിൽ മാതൃമരണനിരക്ക്‌ 66 ആണ്‌, (ഒരു ലക്ഷം ജീവനുള്ള ശിശുക്കള്‍ പിറക്കുമ്പോള്‍ എത്ര അമ്മമാര്‍ മരിക്കുന്നു എന്നതിന്‍റെ കണക്ക്). ആസ്സാമില്‍ ഇത് 328 ആണ്. നമ്മുടെ നവജാതശിശുമരണനിരക്ക്‌ ഏഴും [Park (23rd Edition)- Table 14,20].

അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഈ നിരക്ക് എത്രയോ ചെറുതാണ്. നമ്മള്‍ ആരോഗ്യകാര്യങ്ങളില്‍ അത്രയേറെ മുന്നേറിയിരുന്നു, ‘വെടക്കാക്കി തനിക്കാക്കാന്‍’ ഉള്ള ഉപായവുമായി ചിലര്‍ രംഗത്തെത്തുന്നത് വരെ. ഇതെല്ലാം ഞാന്‍ എഴുതുമ്പോഴും മോഡേണ്‍ മെഡിസിന്‍ പഠിച്ച ഒരു ഡോക്റ്ററുടെ കുറിപ്പ് എന്ന മുന്‍വിധി ഇത് വായിക്കുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സിലുണ്ടെന്ന് അറിയാം. പക്ഷെ, ഇനിയിത് പറയാതിരിക്കാനാകില്ല.

സ്വാഭാവികപ്രസവം എന്ന് പറയുന്ന സംഗതി പ്രകൃതിയില്‍ സാധാരണ സംഭവിക്കുന്നത്‌ തന്നെയാണ്. പൂച്ചയും മുയലും പ്രസവിക്കുന്നത് പോലെ എനിക്കും പ്രസവിച്ചു കൂടെ എന്നൊരു ഗര്‍ഭിണി ചോദിച്ചാല്‍ ‘പറ്റില്ല’ എന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷെ, പണ്ടുള്ളവര്‍ പറയുന്നത് പോലെ ‘രണ്ടും രണ്ട് ആകുന്നതു വരെ ഒരു സ്വസ്ഥതയുമില്ല’ എന്നത് തന്നെയാണ് സത്യം. ഏഴാം മാസം അണിയിച്ചൊരുക്കി പ്രാര്‍ത്ഥിച്ചു സ്വന്തം വീട്ടിലേക്കു പ്രസവത്തിനു കൂട്ടി കൊണ്ട് പോകുന്ന ചടങ്ങ് പോലും ‘വന്നാല്‍ വന്നു’ എന്ന ഈ സത്യത്തില്‍ നിന്നും ഉദ്‌ഭവിച്ചതാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല.

സങ്കീര്‍ണതകള്‍ ഇല്ലാത്ത ഗര്‍ഭാവസ്ഥ സാധാരണ ഗതിയില്‍ സുഖപ്രസവത്തില്‍ കലാശിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇനി ഈ സുഖമുണ്ടെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന പരിപാടി തന്നെ എത്ര സമയം എടുക്കുമെന്ന് അറിയാമോ?ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നത് മുതല്‍ പ്രസവം വരെ മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ട്. വേദന സഹിച്ചു ഗര്‍ഭിണി മടുക്കുമ്പോഴും ‘പ്രസവമാകുമോ എന്ന് നോക്കാം’ എന്ന് പറഞ്ഞു അവളെ കഷ്ടപ്പെടുത്തുന്ന ബന്ധുക്കളെ കണ്ടിട്ടുണ്ട്. ചില അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ഗര്‍ഭിണിയുടെ വൈമുഖ്യം തന്നെയാകാം, സമ്മതിക്കുന്നു. എന്നാല്‍ ഒരു തരത്തിലും പ്രസവത്തിനു വഴങ്ങാത്ത ശരീരപ്രകൃതിയുള്ള അമ്മയെ അതിനു നിര്‍ബന്ധിച്ചു കൊല്ലാക്കൊല ചെയ്യരുത്.

അങ്ങനെയൊന്നാണ്‌ കഴിഞ്ഞ ദിവസം സംഭവിക്കുകയും കുഞ്ഞിന്‍റെ മരണത്തിലും അമ്മയുടെ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകരുന്നതിലും കലാശിച്ചത്. ആദ്യമേ മനസിലാക്കുക, ഒരു മേജര്‍ സര്‍ജറി ആണെങ്കില്‍ കൂടിയും സിസേറിയന്‍ ഒരു മോശം കാര്യമല്ല. സിസേറിയന്‍ നിരക്കുകള്‍ പോലുള്ള വിവാദപരമായ വിഷയങ്ങള്‍ മാറ്റി വെച്ച് ശാസ്ത്രീയമായി ചിന്തിക്കുകയാണെങ്കില്‍, താഴെ പറയുന്നവയാണ് സിസേറിയന്‍ ചെയ്യാനുള്ള പ്രധാനകാരണങ്ങള്‍:

*ആദ്യ പ്രസവം സിസേറിയന്‍ ആണെങ്കില്‍

*കുഞ്ഞിന്‍റെ കിടപ്പ് മൂലമോ അമ്മയുടെ ഇടുപ്പെല്ല് വിസ്താരം കുറഞ്ഞത്‌ കാരണമോ ഗര്‍ഭപാത്രം ആവശ്യത്തിനു വികസിക്കാത്തത് കാരണമോ ആയുള്ള സിസേറിയന്‍(dystocia)

*കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്‌ കുറയുക/അനക്കം കുറയുക

*തല താഴെയല്ലാതെ കിടക്കുന്ന കുഞ്ഞ്(breech position)

*പ്രസവസമയം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ലെങ്കില്‍

*ഗര്‍ഭസ്ഥശിശുവിന്‍റെ കടുത്ത വളര്‍ച്ചക്കുറവ്(Severe IUGR)

*ഒന്നിലേറെ കുട്ടികളുള്ള ഗര്‍ഭം.

*പ്രസവത്തിനു മുന്‍പ് രക്തസ്രാവത്തിന് കാരണമായേക്കാവുന്ന അവസ്ഥകള്‍ (placenta previa, abruptio placenta)

*പ്രായക്കൂടുതലുള്ള സ്ത്രീയുടെ ആദ്യഗര്‍ഭം

*വിവിധ അസുഖങ്ങള്‍ കാരണം ഗര്‍ഭാവസ്ഥ രോഗാവസ്ഥയായ ഗര്‍ഭിണികള്‍ (ഗര്‍ഭകാലത്തെ ഷുഗര്‍, പ്രഷര്‍, ഹൃദ്രോഗം തുടങ്ങിയവ)

*HIV ഉള്ള ഗര്‍ഭിണിയുടെ പ്രസവം

ഇതില്‍ ആദ്യനാല് കാരണങ്ങളാണ് 85% സിസേറിയനുകളുടെയും കാരണം. ഇവയില്‍ തന്നെ, ഒരു ഗര്‍ഭത്തിനു മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് (കുട്ടിയുടെ വളര്‍ച്ചക്കുറവ്, തല താഴെയല്ലാതെ കിടക്കുന്ന കുട്ടി, ഒന്നിലേറെ കുട്ടികള്‍ തുടങ്ങിയവ) എല്ലാ സുരക്ഷാസന്നാഹത്തോടെയും കൂടി അതിവിദഗ്ധനായ/വിദഗ്ധയായ ഡോക്റ്ററുടെയും, രോഗിയെ ആവശ്യം വന്നാല്‍ വളരെ പെട്ടെന്ന് ഓപറേഷന്‍ തീയേറ്ററിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളോടെയും മാത്രം സാധാരണ പ്രസവത്തിനു ശ്രമിക്കാം.

എന്നാല്‍, ഒരു കാരണവശാലും മാറാന്‍ സാധ്യതയില്ലാത്ത കാരണം കൊണ്ട് സിസേറിയന്‍ ചെയ്ത കേസില്‍ ഇങ്ങനെയൊരു മണ്ടത്തരത്തിനു ശ്രമിക്കരുത്. ഉദാഹരണത്തിന്, ഗര്‍ഭിണിയുടെ ഇടുപ്പെല്ലുകള്‍ തമ്മിലുള്ള വികാസം കുറവാണെങ്കില്‍( CPD-Cephalopelvic Disproportion) ഒരു തരത്തിലും അവള്‍ പ്രസവിക്കില്ല എന്നുറപ്പാണ്. ഈ കാരണം കൊണ്ടാണ് വാട്ടര്‍ ബര്‍ത്തിന് ശ്രമിച്ച യുവതി ഇത്രയേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്. അവരുടെ മൂന്നു പ്രസവവും ശസ്ത്രക്രിയ ആകാനുള്ള കാരണം ഇടുപ്പിന്‍റെ വികാസക്കുറവായിരുന്നു. സാധാരണ ഗതിയില്‍ ആരോഗ്യവതിയായ സ്ത്രീക്ക് മൂന്നു സിസേറിയന്‍ വരെ ആകാം എന്ന് പറയുമ്പോള്‍, ഇവിടെ നാലാമത് സിസേറിയന് പകരം വെള്ളത്തിലിരുന്നു പ്രസവിക്കാന്‍ ശ്രമിച്ചു.

ഒന്നാമത്തെ കാര്യം, ഈ സ്ത്രീക്ക് പ്രസവം സാധ്യമല്ല. അവരുടെ ഇടുപ്പെല്ലുകള്‍ പ്രസവത്തിനു അനുയോജ്യമായ രീതിയില്‍ അല്ല ഉള്ളത്. രണ്ടാമത്, മൂന്നു ശസ്ത്രക്രിയയുടെ പാടുകള്‍ അവശേഷിക്കുന്ന ഗര്‍ഭപാത്രത്തില്‍ നാലാമത് സിസേറിയന്‌‍ പ്രസവവേദന വരുന്നത് വരെ കാത്തു നില്ക്കാന്‍ പോലും പാടില്ല. മുപ്പത്തെട്ടു ആഴ്ച്ചയെത്തിയാല്‍ ആ ഗര്‍ഭം തുടരാതെ കുഞ്ഞിനെ സര്‍ജറി ചെയ്തു പുറത്തെടുക്കണം. അതും ചെയ്യാതെ വേദന വരാന്‍ കാത്തു നില്‍ക്കാന്‍ പാടില്ലായിരുന്നു. സ്ത്രീരോഗവിദഗ്ധര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഈ ദുഷ്‌കരമായ അവസ്ഥ കൈകാര്യം ചെയ്യാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വ്യക്തിയുടെ കൈയിലേക്ക്‌ ജീവന്‍ വെച്ച് കൊടുത്തവരെ വിഡ്ഢികള്‍ എന്നല്ലാതെ എന്താണു വിളിക്കേണ്ടത് !

സാധാരണ പ്രസവം ആണെങ്കില്‍ പോലും വെള്ളത്തില്‍ പ്രസവിക്കാന്‍ ശ്രമിക്കുന്നതെല്ലാം ഏതൊരു അത്യാഹിതത്തെയും അഭിമുഖീകരിക്കാന്‍ ഉള്ള മനസ്സാന്നിധ്യത്തോടെ ആയിരിക്കണം. വിദേശത്തെ ഏതെങ്കിലും താലൂക്കിലോ പഞ്ചായത്തിലോ ഇതെല്ലാം നടക്കുന്നുണ്ടെന്ന് കരുതി അതിന്‍റെ നാല് ഫോട്ടോയും വെച്ച് കൊട്ടിഘോഷിച്ചു ഈ പണിക്ക് ഇറങ്ങുന്നവര്‍ അതിന്‍റെ ABCD പോലും പഠിച്ചിട്ടില്ലാത്തവർ ആണെന്ന് അറിയുമ്പോഴേക്ക് കുടുംബങ്ങളിലെ അംഗസംഖ്യ കുറയുന്നു എന്നതാണ് അതിന്‍റെ ദുരന്തം.

കൂടുതൽ വിശകലനങ്ങളിലേക്ക്‌ പോകും മുൻപ്‌ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടേ…

എന്തിനും ഏതിനും വിദേശകുത്തകകളെയും അമേരിക്കൻ വിരുദ്ധതയേയും പൊക്കി പിടിക്കുന്ന ‘പ്രകൃതിദുരന്തങ്ങൾ’ വാട്ടർ ബർത്തും നിന്നുള്ള പ്രസവവുമെല്ലാം ഏതാണ്ട്‌ ആനക്കാര്യമായി പ്രചരിപ്പിക്കുന്നതിന്റെ റഫറൻസ്‌ വിദേശീയരാണ്‌. അത്‌ കേട്ടയുടൻ പെട്ടീം വട്ടിയുമായി കുട്ടിയെ കിട്ടാൻ ഓടുന്നവരുടെ ശ്രദ്ധക്ക്‌:

പ്ലാൻ ചെയ്‌ത ഗർഭവും ആഘോഷമായ ഗർഭകാലവുമുള്ള മിടുക്കികളോടാണ്‌ ഗർഭം രോഗമാക്കിയ മലയാളികൾ താരതമ്യപ്പെടാൻ ശ്രമിക്കുന്നത്‌.

ഗർഭം രോഗമായി കാണാതെ, പത്ത്‌ മാസവും കാര്യങ്ങൾ ശാസ്‌ത്രീയമായി പഠിച്ച്‌ നല്ല ഭക്ഷണം കഴിച്ച്‌ pelvic floor strengthening exercise ചെയ്‌ത്‌( കാല്‌ പൊക്കി വച്ചാൽ കുഞ്ഞ്‌ അത്‌ വഴിയങ്ങ്‌ ഇറങ്ങിപ്പോകുമെന്ന ടൈപ്പ്‌ ഉപദേശം ഫ്രീയായി തരുന്ന നാല്‌ പേരെ അങ്ങോട്ട്‌ കയറ്റിയയച്ചാലോ?) ഏത്‌ അത്യാഹിതവും വയറും വിരിച്ച്‌ നേരിടാൻ തയ്യാറാണ്‌ അവർ. ഇവിടെ ആദ്യത്തെ നേരിയ വേദന വരുമ്പോഴേക്ക്‌ അന്ത്യാഭിലാഷം വരെ അനൗൺസ്‌ ചെയ്യുന്ന ഗർഭിണികളും !

പരീക്ഷണങ്ങൾക്ക്‌ തയ്യാറാകുന്നവർ ആദ്യം സംഗതികൾ വസ്‌തുനിഷ്‌ഠമായി പഠിക്കണം. മിഡ്‌വൈഫും നേഴ്‌സും ഡോക്‌ടറും ഗർഭിണിയും ഗർഭണനും മുന്നേ ഉണ്ടായ പിള്ളേരും കൂടി ഞെക്കിപ്പിഴിഞ്ഞ്‌ കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ വീഴുന്ന വീഡിയോ കാണുമ്പോൾ നിങ്ങൾക്ക്‌ അളക്കാൻ കഴിയാതെ പോകുന്നൊരു സംഗതിയുണ്ട്‌-രക്‌തസ്രാവത്തിന്റെ അളവ്‌. പ്രസവത്തിൽ അമിതരക്‌തസ്രാവമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ എല്ലാവർക്കുമറിയാം. വിദഗ്‌ധർ പോലും അംഗീകരിക്കാത്ത ഈ പരീക്ഷണത്തിന്‌ തല വെക്കണം എന്ന്‌ നിർബന്ധമുണ്ടെങ്കിൽ ഡോക്‌ടറുമായി സംസാരിക്കുക. സ്വയം തീരുമാനമെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്‌ടങ്ങൾ ചിലപ്പോൾ നികത്താൻ പറ്റാത്തതാകാം.

യാതൊരു കാരണവശാലും പ്രസവത്തിന്‌ എളുപ്പപണികൾ തിരയാതിരിക്കുക.കൃത്യമായി ഡോക്‌ടറെ കണ്ട്‌ ആവശ്യമുള്ള പരിശോധനകൾ നടത്തുക.

*ആദ്യ ഏഴു മാസങ്ങളിൽ മാസത്തിൽ ഒരിക്കൽ

*7,8 – രണ്ടാഴ്‌ചയിൽ ഒരിക്കൽ

*9 മാസത്തിൽ-ആഴ്ചയിലൊരിക്കൽ

പരിശോധനകൾ:

3 സ്‌കാൻ-

1) 7-10 ആഴ്‌ചകൾ (പ്രസവദിവസം കണക്കാക്കാൻ, ഗർഭം ഗർഭപാത്രത്തിൽ തന്നെയെന്ന്‌ ഉറപ്പ്‌ വരുത്താൻ)

2) 20 ആഴ്‌ച -കുഞ്ഞിന്‌ അംഗവൈകല്യമില്ലെന്ന്‌ ഉറപ്പ്‌ വരുത്താൻ

3) 34 ആഴ്‌ചക്ക്‌ ശേഷം -പ്രസവപൂർവ്വ അവസ്‌ഥ വിലയിരുത്താൻ

രണ്ട്‌ ടിടി (ഒരു മാസം വ്യത്യാസത്തിൽ) എടുത്തിരിക്കണം.

ഡോക്‌ടർ പറയുന്ന രക്‌തപരിശോധനകൾ കൃത്യമായി ചെയ്യുന്നതും മിക്ക അപകടാവസ്‌ഥകളും മുൻകൂട്ടി അറിയുന്നതിന്‌ ഉപകരിക്കും. നിങ്ങൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന ഗർഭിണിയാണെങ്കിൽ അപായസൂചനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിങ്ങളുടെ ഡോക്‌ടർ പറഞ്ഞ്‌ തരും.

ഫോളിക്‌ ആസിഡ്‌,അയൺ, കാൽസ്യം ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരിക്കണം.ഇവയൊന്നും തന്നെ ‘ഇംഗ്ലീഷ്‌ ഗുളിക’ അല്ല. നിങ്ങളുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന്‌ അത്യാവശ്യമുള്ള സപ്ലിമെന്റുകൾ ആണ്‌ അവ.

എന്റെ വല്ല്യമ്മൂമ്മ ഇതൊന്നും കഴിക്കാതെ പത്ത്‌ പെറ്റു, നെല്ലു കുത്തുന്നിടത്ത്‌ നിന്ന്‌ ഓടിപ്പോയി പ്രസവിച്ച്‌ വല്ല്യപ്പൂപ്പന്‌ മിസ്സ്‌ കോൾ അടിച്ചു എന്നൊക്കെ പറയാൻ കൊള്ളാം.അവർ ഈ സപ്ലിമെന്റ്‌ കഴിച്ചിട്ടുമില്ല. നേര്‌ തന്നെ…മക്കൾ ഇന്നെത്ര പറ നെല്ല്‌ കുത്തി ? മലർന്ന്‌ കിടന്ന പ്ലാവില കമിഴ്‌ത്തി വെച്ചില്ലെങ്കിലും എജ്‌ജാതി ഡയലോഗ് !

സാധാരണ ഗതിയിൽ ഗർഭം ഒരു രോഗമല്ല. ഗർഭിണിയാണ്‌ എന്നത്‌ പഠനത്തിനോ ജോലിക്കോ തടസ്സവുമല്ല. സ്വാഭാവികപ്രസവമോ സിസേറിയനോ ആയിക്കോട്ടെ, നിങ്ങളും കുഞ്ഞും, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവളും കുഞ്ഞും സുരക്ഷിതയെന്ന്‌ ഉറപ്പ്‌ വരുത്തുക.

സിസേറിയൻ, നിങ്ങൾ ചോദിച്ച്‌ വാങ്ങിയതല്ലാത്തിടത്തോളം, ന്യായമായ കാരണമുള്ളതായിരിക്കും. പ്രസവത്തെ പരീക്ഷണമാക്കാൻ ശ്രമിക്കുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ പഠിച്ച്‌ മനസ്സിലാക്കി പിൻമാറുക. ജീവൻ സംരക്ഷിക്കാൻ അർഹതയും കഴിവുമുള്ളവരാകട്ടെ ജീവന്റെ സംരക്ഷകർ.

ആവശ്യമില്ലാതെ രോഗിയുടെ ദേഹത്ത്‌ ഒരു സൂചിത്തുമ്പ്‌ കൊണ്ടുപോലും തൊടരുതെന്ന്‌ പഠിച്ചവർ പ്രകൃതിരീതികളെ പുകഴ്‌ത്തി പ്രഭാഷണപരമ്പര ഇറക്കുന്നുണ്ടാകില്ല..

പക്ഷേ, ഞാനിത്‌ എഴുതുമ്പോഴും നിങ്ങളിത്‌ വായിക്കുമ്പോഴും എവിടെയോ ഒരു ഡോക്ടർ ലേബർ റൂമിലെ അലമുറകൾക്കിടയിൽ കുഞ്ഞ്‌ വരുന്ന ആംഗിൾ അൽപ്പമൊന്ന്‌ ചെരിഞ്ഞതിന്‌ പ്രാർത്‌ഥനയോടെ കുഞ്ഞിനേയും അമ്മയേയും രക്ഷിക്കാൻ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നു…

കേട്ടിട്ടില്ലേ..’God’s right hand’…അതെ, ഇറങ്ങി വന്ന്‌ വെളിച്ചം കണ്ട്‌ അവനൊരു വൻകരച്ചിലുണ്ട്‌…ആ നിമിഷം അമ്മയുടെ കണ്ണീരിന്‌ അർദ്ധവിരാമമിടുന്ന ഒരു പുഞ്ചിരി കാണാം…

ഒരു പക്ഷേ, അമ്മക്ക്‌ മാത്രം സാധിക്കുന്ന അഴകോടെ..മിഴിവോടെ…അത്‌ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്താണ്‌ വിളിക്കേണ്ടത്‌ !

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ