· 4 മിനിറ്റ് വായന
?നോറോ വൈറസ്?
നോറോവൈറസ് പടർന്നു കൊണ്ടിരിക്കുന്നു എന്നൊരു വാർത്ത യുകെയിൽ നിന്ന് വന്നിരുന്നു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലമാണ്. ഈയൊരു സാഹചര്യത്തിൽ പകർച്ചവ്യാധി സംബന്ധമായ വരുന്ന വാർത്തകൾ എല്ലാം ജനങ്ങളിൽ വളരെയധികം ആശങ്ക സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നോറോവൈറസ് രോഗത്തെക്കുറിച്ച് വ്യക്തത ലഭിക്കുന്നത് ഏവർക്കും ഉപകാരപ്രദമായിരിക്കും.
Caliciviridae കുടുംബത്തിൽ പെട്ട RNA വൈറസ് ആണ് നോറോവൈറസ്.1968 ൽ നോർവാക്കിലെ (ഒഹിയോ, US) ഒരു സ്കൂളിൽ നിന്ന് പുറപ്പെട്ട നോർവാക്ക് പകർച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോവൈറസ്സിന് ഈ പേര് ലഭിച്ചത്.10 ജിനോഗ്രൂപ്പുകളും (G1-GX) 48 ജീനോടൈപ്പുകളും ഈ വൈറസിനുണ്ട്.
ഒരുതരം നോറോവൈറസ് അണുബാധക്ക് എതിരെ ലഭിക്കുന്ന പ്രതിരോധം കൊണ്ട് മറ്റു തരങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കും എന്നു പറയാൻ സാധിക്കില്ല. ആയതിനാൽ ഡെങ്കി വൈറസിലേത് പോലെ ഒരേ വ്യക്തിക്ക് പലതവണ നോറോവൈറസ് ബാധ ഉണ്ടായേക്കാം. പകർച്ചാ നിരക്ക് കൂടുതലായതിനാൽ വളരെ കുറച്ച് വൈറസുകൾ ശരീരത്തിൽ എത്തിയാൽ പോലും രോഗം ഉണ്ടാക്കാൻ സാധിക്കും. പ്രായഭേദമന്യേ ഏവരെയും ഈ വൈറസ് ഒരുപോലെ ബാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
നോറോവൈറസ് അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. രോഗബാധയുണ്ടായി 12-48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
ലക്ഷണങ്ങൾ:
വയറുവേദന
മനംപുരട്ടൽ
വയറിളക്കം
ചർദ്ദി
പനി
തലവേദന
ശരീരവേദന
സാധാരണ അസുഖം വന്ന് 1-3 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നതാണ്.
അപകട സാധ്യത
ഒരു ദിവസം പലതവണ ഛർദിയും വയറിളക്കവും ഉണ്ടാകുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിർജലീകരണം സംഭവിക്കാം. ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഇത് കൂടുതൽ ഗുരുതരമായി ബാധിക്കും. ആശുപത്രിവാസവും വേണ്ടി വന്നേക്കാം.
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
മൂത്രത്തിന്റെ അളവ് കുറയുക
ഉണങ്ങിയ ചുണ്ട്, തൊണ്ട, വായ
തലകറക്കം
ക്ഷീണം
ചെറിയകുട്ടികളിൽ അകാരണമായ കരച്ചിൽ, മയക്കക്കൂടുതൽ, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ.
ചികിത്സ
ഭൂരിഭാഗം വൈറസ്സ് രോഗങ്ങളെയും പോലെ നോറോവൈറസ്സിനെതിരെയും സ്പെസിഫിക് ആൻറിവൈറൽ മരുന്നോ വാക്സിനോ നിലവിലില്ല. നിർജലീകരണം തടയുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.
ORS ലായനി ഉപയോഗിക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക
6 മാസത്തിൽ താഴെയുള്ള കുട്ടികളെ നിർബന്ധമായും മുലയൂട്ടുക.
രണ്ടു-മൂന്ന് ദിവസത്തിന് ശേഷവും രോഗശമനം ഉണ്ടാകാത്തപക്ഷം അടിയന്തിരമായി ഡോക്ടറുടെ സഹായം തേടുക. ചിലപ്പോൾ ആശുപത്രി വാസം വേണ്ടി വന്നേക്കാം.
പ്രതിരോധമാർഗങ്ങൾ
കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പ്രതേകിച്ച്
a) ശൗചാലയം ഉപയോഗിച്ചതിന് ശേഷം
b) ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുൻപ്
c) മരുന്ന് കഴിക്കുന്നതിനോ എടുത്ത് കൊടുക്കുന്നതിനോ മുൻപ്
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.
മറ്റു വൈറസ്സുകളെ അപേക്ഷിച്ചു കൂടിയ താപനിലയിലും (145°F) നോറോവൈറസ്സിന് നിലനിൽക്കാൻ സാധിക്കും. അതിനാൽ ഭക്ഷണം (കക്കയിറച്ചി പോലുള്ളവ) നന്നായി പാകംചെയ്ത് മാത്രം കഴിക്കുക.
രോഗബാധിതരായിരിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക.
ശർദ്ദിലോ മലമോ വീണ തുണികളും പ്രതലവും ബ്ലീച് ലായനിയും ചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ തടയാൻ സാധിക്കുന്ന ഒരു അസുഖമാണ് ഇത്. നമ്മുടെ രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു അസുഖമല്ല ഇത്. എങ്കിലും കൃത്യമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം.