· 4 മിനിറ്റ് വായന
നോറോ വൈറസ്
വയനാട്ടിൽ നോറോവൈറസ് സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾ ആശങ്ക സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നോറോവൈറസ് രോഗത്തെക്കുറിച്ച് കൂടുതൽ അറിയാം.
Caliciviridae കുടുംബത്തിൽ പെട്ട RNA വൈറസ് ആണ് നോറോവൈറസ്.1968 ൽ നോർവാക്കിലെ (ഒഹിയോ, US) ഒരു സ്കൂളിൽ നിന്ന് പുറപ്പെട്ട നോർവാക്ക് പകർച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോവൈറസ്സിന് ഈ പേര് ലഭിച്ചത്.10 ജിനോഗ്രൂപ്പുകളും (G1-GX) 48 ജീനോടൈപ്പുകളും ഈ വൈറസിനുണ്ട്.
ഒരുതരം നോറോവൈറസ് അണുബാധക്ക് എതിരെ ലഭിക്കുന്ന പ്രതിരോധം കൊണ്ട് മറ്റു തരങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കും എന്നു പറയാൻ സാധിക്കില്ല. ആയതിനാൽ ഡെങ്കി വൈറസിലേത് പോലെ ഒരേ വ്യക്തിക്ക് പലതവണ നോറോവൈറസ് ബാധ ഉണ്ടായേക്കാം. പകർച്ചാ നിരക്ക് കൂടുതലായതിനാൽ വളരെ കുറച്ച് വൈറസുകൾ ശരീരത്തിൽ എത്തിയാൽ പോലും രോഗം ഉണ്ടാക്കാൻ സാധിക്കും. പ്രായഭേദമന്യേ ഏവരെയും ഈ വൈറസ് ഒരുപോലെ ബാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
നോറോവൈറസ് അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. രോഗബാധയുണ്ടായി 12-48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
ലക്ഷണങ്ങൾ:
വയറുവേദന
മനംപുരട്ടൽ
വയറിളക്കം
ഛർദ്ദി
പനി
തലവേദന
ശരീരവേദന
സാധാരണ അസുഖം വന്ന് 1-3 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നതാണ്.
അപകട സാധ്യത
ഒരു ദിവസം പലതവണ ഛർദിയും വയറിളക്കവും ഉണ്ടാകുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിർജലീകരണം സംഭവിക്കാം. ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഇത് കൂടുതൽ ഗുരുതരമായി ബാധിക്കും. ആശുപത്രിവാസവും വേണ്ടി വന്നേക്കാം.
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
മൂത്രത്തിന്റെ അളവ് കുറയുക
ഉണങ്ങിയ ചുണ്ട്, തൊണ്ട, വായ
തലകറക്കം
ക്ഷീണം
ചെറിയകുട്ടികളിൽ അകാരണമായ കരച്ചിൽ, മയക്കക്കൂടുതൽ, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ.
ചികിത്സ
ഭൂരിഭാഗം വൈറസ്സ് രോഗങ്ങളെയും പോലെ നോറോവൈറസ്സിനെതിരെയും സ്പെസിഫിക് ആൻറിവൈറൽ മരുന്നോ വാക്സിനോ നിലവിലില്ല. നിർജലീകരണം തടയുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.
ORS ലായനി ഉപയോഗിക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക
6 മാസത്തിൽ താഴെയുള്ള കുട്ടികളെ നിർബന്ധമായും മുലയൂട്ടുക.
ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സഹായം തേടുക. ചിലപ്പോൾ ആശുപത്രി വാസം വേണ്ടി വന്നേക്കാം.
പ്രതിരോധമാർഗങ്ങൾ
കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പ്രതേകിച്ച്
a) ശൗചാലയം ഉപയോഗിച്ചതിന് ശേഷം
b) ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുൻപ്
c) മരുന്ന് കഴിക്കുന്നതിനോ എടുത്ത് കൊടുക്കുന്നതിനോ മുൻപ്
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.
മറ്റു വൈറസ്സുകളെ അപേക്ഷിച്ചു കൂടിയ താപനിലയിലും (145°F) നോറോവൈറസ്സിന് നിലനിൽക്കാൻ സാധിക്കും. അതിനാൽ ഭക്ഷണം (കക്കയിറച്ചി പോലുള്ളവ) നന്നായി പാകംചെയ്ത് മാത്രം കഴിക്കുക.
രോഗബാധിതരായിരിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക.
കുടിവെള്ള ശ്രോതസ്സുകൾ ക്ളോറിനേറ്റ് ചെയ്യുക.
ഛർദ്ദിയോ മലമോ വീണ തുണികളും പ്രതലവും ബ്ലീച് ലായനിയും ചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ തടയാൻ സാധിക്കുന്ന ഒരു അസുഖമാണ് ഇത്. ജാഗ്രതയോടെ നമ്മൾ ഇതിനെയും അതിജീവിക്കും.