· 9 മിനിറ്റ് വായന

ഒബ്‌സെസ്സിവ് കമ്പൽസിവ് ഡിസോർഡർ-OCD

Psychiatryപൊതുജനാരോഗ്യം


Covid കാലം നമ്മളുടെ ഇടയിലെത്തിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. Covid പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗങ്ങളിലൊന്ന് കൈകളുടെ ശുചിത്വമാണെന്ന് അറിഞ്ഞ കാലം മുതൽ പലരും തമാശക്ക് വേണ്ടി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. OCD ഉള്ളവർക്ക് ഇപ്പൊ സന്തോഷമായി കാണും… എപ്പോഴും കൈ കഴുകി ഇരിക്കാം… ആരും അവരെ കുറ്റപ്പെടുത്തില്ല എന്ന്? ശെരിക്കും OCD ഉള്ളവർക്ക് ഈ കൈ കഴുകുന്നത് അത്ര ഇഷ്ടമാണോ? ഈ രണ്ടു അനുഭവങ്ങൾ ഒന്ന് ശ്രദ്ധിക്കുമല്ലോ.

?പിജീ രണ്ടാം വർഷം ചെയ്യുന്ന സമയത്താണ് ഓപിയിൽ അദ്ദേഹത്തെ കാണുന്നത്. വളരെ സാധാരണ കുടുംബത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ. അമ്മയും മകനും മാത്രം. ചെറുപ്പത്തിൽ തന്നെ പഠനം നിറുത്തി മീൻ കച്ചവടം തുടങ്ങി. അങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അങ്ങനെയിരിക്കെയാണ് ആളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ അമ്മ ശ്രദ്ധിക്കുന്നത്. പുറത്ത് ഇറങ്ങാനും ജോലിക്ക് പോകാനും മടി. എന്തെങ്കിലുമൊക്കെ പറഞ്ഞു വീട്ടിൽ ഇരിക്കും. കുളിക്കുന്ന സമയത്ത് വെള്ളം ദേഹത്ത് ഒഴിക്കുന്നതിന് മുമ്പ്, എന്തോ പിറുപിറുത്തു കൊണ്ട് കപ്പിൽ വെള്ളം എടുത്ത് മൂന്നു തവണ തറയിൽ ഒഴിക്കും. എന്തിനാണ് അങ്ങനെചെയ്യുന്നതെന്നു ചോദിക്കുമ്പോൾ ഓരോ മറുപടി പറയും. അതുപോലെ ആൾക്ക് എപ്പോഴും ടെൻഷൻ – ഉറക്കകുറവുമുണ്ട്. ഇങ്ങനെയൊക്കെ ആയി ജോലിക്ക് പോകാതെ ആയപ്പോളാണ് ആശുപത്രിയിൽ വന്നത്. ആളുതന്നെയാണ് നമുക്ക് ഒരു ഡോക്ടറെ പോയി കാണാം എന്ന് അമ്മയുടെ അടുത്ത് പറഞ്ഞത്.

അവനോട് സംസാരിച്ചു. അവൻ പറഞ്ഞത് ഇങ്ങനെയാണ്. സാറേ 7-8 മാസമായി ഞാൻ മരിക്കും എന്ന ഒരു ചിന്ത മനസ്സിൽ വരും. നിയന്ത്രിക്കാൻ പറ്റില്ല, ഭയങ്കര ബുദ്ധിമുട്ടാണ് അപ്പോൾ. എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. വീണ്ടും വീണ്ടും ഈ ചിന്ത മനസിലേക്ക് വരുമ്പോൾ ഞാൻ ആകെ ടെൻഷൻ ആകും . ഞാൻ മരിച്ചാൽ അമ്മക്ക് ആരും ഇല്ലാതെയാകുമല്ലോ എന്നോർക്കും. ഈ ചിന്ത അങ്ങനെ വന്നുകൊണ്ടിരിക്കുമ്പോൾ ടെൻഷൻ കൂടി തല പൊട്ടുന്നപോലെ തോന്നും. കപ്പിൽ വെള്ളമെടുത്തു പ്രാർത്ഥിച്ചു മൂന്ന് തവണ നിലത്തു ഒഴിക്കുമ്പോൾ ഒരു ആശ്വാസമുണ്ട്. പക്ഷെ ചിന്ത വീണ്ടും വരും. അപ്പോൾ വീണ്ടും ഞാൻ കപ്പിൽ വെള്ളമെടുത്തു ഒഴിക്കും .എനിക്ക് അറിയാം അങ്ങനെ നടക്കാൻ സാധ്യത കുറവാണെന്ന്. എന്റെ കൂട്ടുകാരും അങ്ങനെയാണ് പറഞ്ഞത്. പക്ഷേ എനിക്കിത് നിയന്ത്രിക്കാൻ പറ്റുന്നില്ല. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പേടിയാണ് ഇപ്പോൾ. അതുപോലെ മീനുമായി സ്‌കൂട്ടറിൽ പോകുമ്പോൾ ചെറിയ ഒരു ഗട്ടർ കണ്ടാൽ അപ്പോൾ എന്റെ മനസിൽ തോന്നും സ്‌കൂട്ടർ ഗട്ടറിൽ വീണു മറിയുമെന്നു . അതും ഇതുപോലെ വീണ്ടും വീണ്ടും മനസ്സിൽ വരും. ഞാൻ വണ്ടി ഒതുക്കി ആ ഗട്ടറിനു മുകളിലൂടെ മൂന്നു തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. എന്നിട്ടേ വണ്ടി എടുത്തു പോകൂ. അങ്ങനെ ചെയ്തില്ല എങ്കിൽ എനിക്ക് വണ്ടി ഓടിക്കാൻ പിന്നെ പറ്റില്ല.

?40 വയസു കഴിഞ്ഞ ഒരു വ്യക്തി ഒരിക്കൽ ഓപിയിൽ തനിയെ വന്നു. രഹസ്യമായി കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞതുകൊണ്ട് അവസാനമാണ് ആളോട് സംസാരിച്ചത്. 12 വർഷത്തിൽ കൂടുതലായി ഉള്ള പ്രശ്നമാണ് . ആരെയെങ്കിലും കണ്ടാൽ അവരുടെ സ്വകാര്യ ഭാഗത്തേക്ക് നോക്കാൻ ഒരു ഇമ്പൾസ്(ത്വര) തോന്നും. അത് ബന്ധുക്കൾ എന്നോ പരിചയം ഉള്ളവരെന്നോ ഇല്ല. ആൾ അങ്ങനെ മനപൂർവം ചെയ്യുന്നതല്ല, അങ്ങനെ നോക്കുന്നത് മോശമാണ് എന്നും അറിയാം. പക്ഷേ നിയന്ത്രിക്കാൻ പറ്റുന്നില്ല. ഈ ത്വര മനസ്സിൽ വന്നാൽ പിന്നെ അസ്വസ്ഥതയാണ്. ഒന്നുകിൽ അവിടെ നിന്ന് മാറും, അല്ലെങ്കിൽ മനസ്സിൽ ചിലപ്പോൾ പിറകോട്ട് എണ്ണും. അപ്പോ അസ്വസ്ഥത കുറയും. വീണ്ടും ഇതുപോലെ തന്നെ ഉണ്ടാകും. അതുകൊണ്ട് ജോലിക്ക് പോകാനോ പൊതുവിടങ്ങളിലോ, ഒരു കല്യാണത്തിനോ പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്.

?ഒബ്‌സെസ്സിവ് കമ്പൽസിവ് ഡിസോർഡർ അഥവാ OCD എന്ന മാനസിക രോഗാവസ്ഥയുടെ രണ്ടു വ്യത്യസ്ത ഉദാഹരണങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്ന അനുഭവങ്ങളിൽ ഉള്ളത്. ഏകദേശം ഒന്നുമുതൽ മൂന്നു ശതമാനം വരെ ആളുകളെ ബാധിക്കാവുന്ന ഒരു രോഗാവസ്ഥയാണ് OCD. ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ് എന്ന ഹോളിവുഡ് സിനിമയിൽ ജാക്ക് നിക്കോൾസൺ അവതരിപ്പിച്ച എഴുത്തുകാരനെ ഓർക്കുന്നുണ്ടോ ? OCD ഉള്ളൊരു വ്യക്തിയായിട്ടാണ് അദ്ദേഹം അതിൽ അഭിനയിച്ചത്. നോർത്ത് 24 കാതം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനും OCD യുടെ ചില ലക്ഷണങ്ങളുണ്ട്. തീവ്രത നിമിത്തം ആളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാവുന്ന ഈ അസുഖം, പലപ്പോഴും ആളുകളുടെ ജീവിതം ദുരിതപൂർണമാക്കും. രോഗദുരിതങ്ങൾ കൊണ്ടുള്ള ഡിസബിലിറ്റിയുടെ കാര്യത്തിൽ ആദ്യ പത്തു രോഗങ്ങളിൽ OCD ഉണ്ടെന്നറിയുമ്പോഴാണ് നമ്മുക്ക് ഈ അവസ്ഥയുടെ തീവ്രത മനസിലാകുക.

?OCD എന്ന രോഗാവസ്ഥയുടെ പ്രത്യേകത വീണ്ടും വീണ്ടും അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം വീണ്ടും വീണ്ടും ചെയ്യുന്ന പ്രവൃത്തികളുമാണ്. ഇവയെ യഥാക്രമം ഒബ്സെഷൻ എന്നും കമ്പൽഷൻ എന്നും പറയും.

❓എന്താണ് ഒബ്സെഷൻ?

?നമ്മൾക്ക് നമ്മുടെ ചിന്തകളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കാറുണ്ട്. സമയവും സാഹചര്യവും നോക്കി ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുന്നത് കൊണ്ടാണ് മനുഷ്യന് ഒരു സാമൂഹിക ജീവിയായി മുന്നോട്ടു പോകാൻ സാധിക്കുന്നത്. നമ്മുടെ ചിന്തകളുടെ നിയന്ത്രണം നമുക്ക് നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? ഒരേ ചിന്തകൾ തന്നെ വീണ്ടും വീണ്ടും നമ്മുടെ മനസിലേക്ക് ഇടിച്ചു തള്ളി കയറിവരുന്ന അവസ്ഥ ? നമ്മൾ നിയന്ത്രിക്കാൻ ശ്രമിച്ചാലും ചിന്തകൾ തള്ളി കയറിയങ്ങു വരും. ചിന്തകളെ പോലെ തന്നെ ഇങ്ങനെ മനസിലേക്ക് എത്തുന്നത് ചിലപ്പോൾ കാഴ്ചകളും ചിത്രങ്ങളും ആകാം. ചിലപ്പോൾ ഒരു ത്വര (impulse) ആവാം. ഇത് അനാവശ്യ ചിന്തകളാണ് എന്ന് ആൾക്ക് തന്നെ മനസ്സിലാകുന്നുണ്ട്, പക്ഷെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഈ ചിന്തകൾ മൂലം കടുത്ത ഉൽക്കണ്ഠയും ദുരിതവും ആൾ അനുഭവിക്കുന്നുണ്ടാകും. ഇങ്ങനെ വീണ്ടും വീണ്ടും നമ്മുടെ നിയന്ത്രണതിനു അപ്പുറത്തു മനസിലേക്ക് കടന്നു വരുന്ന ചിന്തകൾ, ചിത്രങ്ങൾ, ത്വരകൾ ഇവയെയാണ് ഒബ്‌സഷൻ എന്ന് പറയുന്നത്.

❓എന്താണ് കമ്പൽഷൻ?

?അനിയന്ത്രിതമായി ഉണ്ടാകുന്ന ഒബ്സെഷനുകൾക്ക് അനുസരിച്ചു അതുമൂലമുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ നമ്മൾ വീണ്ടും വീണ്ടും ചെയ്യുന്ന പ്രവർത്തികൾ (കൈ കഴുകൽ ) അല്ലെങ്കിൽ മനക്രിയകൾ (മനസിൽ എണ്ണുക/പ്രാർത്ഥിക്കുക) ആണ് കമ്പൽഷൻ. ചിന്തകൾ മൂലമുള്ള ഉത്കണ്ഠ കുറച്ചു കുറയാൻ ഇത് സഹായിക്കും. അതോടെ നമ്മൾ ഇത് വീണ്ടും വീണ്ടും ചെയ്യാൻ തുടങ്ങുകയും, അങ്ങനെ ചെയ്തില്ലെങ്കിൽ അസ്വസ്ഥത ഉണ്ടാവുകയും ചെയ്യും. പതിയെ ഈ പ്രവർത്തികൾ കൂടി കൂടി വരികയും, ഒത്തിരി സമയം അതിനായി ചിലവഴിക്കാൻ തുടങ്ങുകയും ചെയ്യും. ഈ പ്രവർത്തികൾ പലപ്പോഴും നമ്മുടെ ജീവിതത്തെ പോലെ മറ്റുള്ളവരുടെ ജീവിതത്തെയും ബാധിക്കാം.

?ഇത്തരത്തിലുള്ള ഒബ്സെഷനുകളും അതിനെ പ്രതിരോധിക്കാനായി ചെയ്യുന്ന പ്രവർത്തികളും തുടർച്ചയായി ഉണ്ടാവുകയും സാധാരണയിൽ കൂടുതലാവുകയും നമുക്ക് സമയ നഷ്ടം (ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ) ഉണ്ടാക്കുകയും അതുപോലെ വ്യക്തിക്ക് കടുത്ത ഉത്കണ്ഠക്കും ദുരിതത്തിനും കാരണമാവുകയും ചെയ്യുമ്പോഴാണ് ഇത് രോഗാവസ്ഥയായി പരിഗണിക്കുന്നത്. അതുപോലെ ഈ അവസ്ഥമൂലം ആളുടെ വ്യക്തി- സാമൂഹിക ജീവിതത്തിലും ജോലിക്കും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും വേണം.

?എന്തൊക്കെയാണ് OCD അവസ്ഥയുള്ളവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ ?

?മുൻപ് പറഞ്ഞതുപോലെ ഒബ്‌സഷൻസും അതിനെ പ്രതിരോധിക്കാൻ ചെയ്യുന്ന പ്രവർത്തികളുമാണ് ലക്ഷണങ്ങൾ. ഇവ പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളായാണ് നമ്മൾക്ക് കാണാൻ സാധിക്കുക.

? ഒബ്സഷനുകളും കമ്പൽഷനും പലപ്പോഴും ഒരുമിച്ചു തന്നെ ആളിൽ കാണും. ചിലരിൽ ഇതിൽ ഏതെങ്കിലും മാത്രമായി കാണാറുണ്ട്. വളരെ സാധാരണമായി കണ്ടുവരുന്ന ഒബ്സഷനുകളും കമ്പൽഷനും ഏതൊക്കെയാണ് എന്ന് നോക്കാം.

?അഴുക്കു പറ്റുമോ എന്ന ചിന്ത: ഏറ്റവും സാധരണമായി കണ്ടുവരുന്ന ഒബ്സെഷനാണിത്. കൈകളും ശരീരവും വീണ്ടും വീണ്ടും കഴുകുക, കയ്യിൽ കിട്ടുന്ന എന്തും വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തികളാണ് ഇത്തരക്കാരിൽ കമ്പൽഷനായി കാണുന്നത്. ഈ പ്രവർത്തികൾ മൂലം വളരെയധികം സമയനഷ്ടവും വ്യക്തിക്കും ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുകളും ഉണ്ടാകും.

?വീണ്ടും വീണ്ടും ഉള്ള സംശയം – കതക് അടച്ചോ, ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ തുടങ്ങി പലവിധ സംശയങ്ങളാണ് ഇവരിൽ കാണുക – പ്രതിരോധിക്കാനായി വീണ്ടും വീണ്ടും പോയി കതക് അടച്ചോ എന്ന് നോക്കുക, സിലിണ്ടർ ഓഫ് ചെയ്തോ എന്ന് നോക്കുക ഒക്കെ ചെയ്യാം . എവിടെയെങ്കിലും യാത്ര പോകാൻ ഇറങ്ങിയിട്ട് ഈ സംശയം കാരണം തിരിച്ചു ചെന്ന് നോക്കും.

?അടുക്കും ചിട്ടയും – എല്ലാം കൃത്യമായി അടുക്കും ചിട്ടയോടും ഇരുന്നില്ലെങ്കിൽ ഇവർക്ക് അസ്വസ്ഥതയാണ്. വീണ്ടും വീണ്ടും സാധനങ്ങൾ അടുക്കി പെറുക്കി വെക്കുക, എല്ലാം ഓർഡറിൽ ആക്കുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. ഒരിക്കൽ അടുക്കി തൃപ്തി വരാതെ വീണ്ടും ചെയ്യും. മറ്റുള്ള ആരെങ്കിലും എന്തേലും എടുത്താൽ ഇവർക്ക് അസ്വസ്‌ഥത ആയിരിക്കും.

?ലൈംഗിക ചിന്തകൾ/ആഗ്രഹങ്ങൾ – ലൈംഗിക ചിന്തകളോ ആഗ്രഹങ്ങളോ വീണ്ടും വീണ്ടും മനസിലേക്ക് വരും. പലപ്പോഴും അടുത്തറിയാവുന്ന ആളുകളെ കുറിച്ചായിരിക്കും. നിയന്ത്രിക്കാൻ കഴിയില്ല. മനസിൽ പ്രാർത്ഥിക്കുക, എണ്ണുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. വളരെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണിത്.

?എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ചിന്ത – തനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും സംഭവിക്കും എന്ന പേടിയിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക, അല്ലെങ്കിൽ പ്രാർത്ഥിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യും.

?ഇത് കൂടാതെ, മറ്റുള്ളവരെ താൻ ഉപദ്രവിക്കുമോ എന്ന ചിന്ത, ദൈവങ്ങളെ കുറിച്ചും മറ്റും മോശമായ ചിന്ത തുടങ്ങിയവയും കാണാറുണ്ട്

ചിലരിൽ പല തരത്തിലുള്ള ഇത്തരം ലക്ഷണങ്ങൾ ഒരുമിച്ചു കാണാം

❓എന്താണ് OCD ക്കു കാരണം ?

ജനിതകപരമായ പ്രത്യേകതകൾ കൊണ്ട് തലച്ചോറിന്റെ ചിന്തകളെയും പ്രവർത്തികളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന കോർട്ടിക്കോ സ്ട്രയേറ്റോ തലാമോ കോർട്ടിക്കൽ(CSTC) സർക്യൂട്ടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് OCD ക്കു കാരണം എന്നാണ് ഏറ്റവും ആധുനികമായ തെളിവുകൾ പറയുന്നത്. തലച്ചോറിന്റെ മുൻഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ്, പ്രവർത്തികളുടെ നിയന്ത്രണത്തിനു സഹായിക്കുന്ന ബേസൽ ഗാംഗ്ലിയ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ മാറ്റങ്ങൾ കാണുന്നത്. ഇതിനൊപ്പം ഈ തലച്ചോറിന്റെ ഭാഗങ്ങളിൽ സെറോടോണിൻ, ഡോപ്പാമിൻ, ഗ്ലുട്ടാമേറ്റ് തുടങ്ങിയ നാഡീരസങ്ങളുടെ അളവിലും വ്യതിയാനം ഉണ്ട്. കുടുംബത്തിൽ അടുത്ത ബന്ധത്തിലുള്ളവർക്ക് ഈ രോഗാവസ്ഥ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് വരാനുള്ള സാധ്യത കൂടുന്നതും ഈ ജൈവപരമായ കാരണങ്ങൾ കൊണ്ടാണ്. ഇതോടൊപ്പം ചില വ്യക്തിത്വ പ്രത്യേകതകളും തെറ്റായ ചിന്താ രീതികളും അതുപോലെ സാമൂഹിക സാഹചര്യങ്ങളും രോഗം വരാനുള്ള സാധ്യത കൂട്ടാം.

❓OCD എങ്ങനെ കണ്ടെത്താം ?

?രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അജ്ഞതയും അതുപോലെ സമൂഹം മാനസിക രോഗികളോട്‌ കാണിക്കുന്ന വേർതിരിവും കാരണം പലപ്പോഴും വർഷങ്ങൾ കഴിഞ്ഞാണ് പലരും സഹായം തേടുക. ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ തന്നെ കാണുന്നതാണ് ഉചിതം. കാരണം മറ്റു ചില രോഗങ്ങളും OCD പോലെയുള്ള ലക്ഷണങ്ങൾ മാത്രമായി പ്രത്യക്ഷപ്പെടാം. അതുകൊണ്ടു തന്നെ കൃത്യമായ ശാരീരിക പരിശോധനയും മാനസികനില പരിശോധനയും ആവശ്യമാണ്. മാനസികനില പരിശോധനവഴി നമുക്ക് രോഗ നിർണ്ണയം നടത്താൻ സാധിക്കും. അതുപോലെ രോഗ തീവ്രത അറിയാൻ സഹായിക്കുന്ന ചില സ്കെയിലുകളും ലഭ്യമാണ്.

?ഫംഗ്ഷണൽ MRI പോലെയുള്ള പരിശോധനകളിൽ തലച്ചോറിലെ മാറ്റം അറിയാൻ സാധിക്കുമെങ്കിലും രോഗ നിർണ്ണയത്തിനായി ഇത്തരം പരിശോധനകൾ ഉപയോഗിക്കാറില്ല.

❓OCD യുടെ ചികിത്സ എങ്ങനെ?

ചികിത്സകളെ പൊതുവിൽ നാലായി തിരിക്കാം.

?മനഃശാസ്ത്ര ചികിത്സകൾ.

OCD ക്കു ആദ്യം ഉപയോഗിക്കുന്ന ചികിത്സ മനഃശാസ്ത്ര ചികിത്സകളാണ്. എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രീവെൻഷൻ- കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (ERP-CBT )എന്ന ചികിത്സയാണു ഇതിൽ ഏറ്റവും കൂടുതലായി പ്രയോജനം ചെയ്യുന്നത്. ഗുരുതരമല്ലാത്ത ഒസിഡിക്കു CBT മാത്രം മതിയാകും. ഒരു മാനസികാരോഗ്യ വിദഗ്ധൻ വ്യക്തിയെ ഉത്കണ്ഠ ഉണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്ന ചികിത്സയാണു ERP. ബുദ്ധിമുട്ടു ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ പതിയെ പതിയെ വ്യക്തിയെ എക്സ്പോസ് ചെയ്തു കമ്പൽസീവ് പെരുമാറ്റം ഉണ്ടാകാതെ നോക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഇതോടൊപ്പം CBT ഉപയോഗിച്ച് തെറ്റായ ചിന്താ രീതികളിൽ മാറ്റം ഉണ്ടക്കുകയും ചെയ്യും.

?മരുന്ന് ചികിത്സകൾ.

മനഃശാസ്ത്ര ചികിത്സകൾകൊണ്ട് മാത്രം കാര്യമായ മാറ്റം ഉണ്ടാകാതെയിരിക്കുകയോ വളരെ തീവ്ര രോഗം ഉള്ളപ്പോഴോ ആണ് മരുന്നുകൾ തുടങ്ങുക. പല തരത്തിലുള്ള മരുന്നുകൾ ഉണ്ടെങ്കിലും തലച്ചോറിലെ സെറോട്ടോണിന്റെ അളവ് കൂട്ടുന്ന SSRI മരുന്നുകളാണ് കൂടുതലായി ഉപയോഗിക്കുക. വിഷാദത്തിനും ഉത്കണ്ഠ രോഗങ്ങൾക്കും നൽകുന്നതിനെക്കാൾ ഉയർന്ന ഡോസ്, കൂടുതൽ കാലം നിൽക്കേണ്ടി വരും. ഇതല്ലാതെ ഗ്ലുട്ടാമേറ്റ്ന്റെ അളവ് നിയന്ത്രിക്കുന്ന പുതിയതരം മരുന്നുകളും നിലവിൽ ഉപയോഗിക്കുന്നുണ്ട്. വളരെ തീവ്രമായ, ഒരു മരുന്നിനോടും പ്രതികരിക്കാത്ത വ്യക്തികൾക്ക് ചിലപ്പോൾ ചില മരുന്നുകൾ ഒരുമിച്ചു നൽകേണ്ടി വരും.

?ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സകൾ.

മരുന്നുകൾ കൊണ്ടും മനഃശാസ്ത്ര ചികിത്സ കൊണ്ടും കാര്യമായ പ്രയോജനം ലഭിക്കാത്ത ആളുകൾക്കും വളരെ പ്രതീക്ഷ നൽകുന്നതാണ് ഈ നൂതന ചികിത്സകൾ. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഒരു ഇലെക്ട്രോഡ് ഉപയോഗിച്ച് ഉദ്ധീപിപ്പിക്കാൻ സാധിക്കുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) എന്ന ചികിത്സ വളരെ പ്രതീക്ഷ നൽകുന്നുണ്ട്. അതുപോലെ മാഗ്നെറ്റിക് തരംഗങ്ങൾ കൊണ്ട് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന ട്രാൻസ് ക്രേനിയൽ മാഗ്നെറ്റിക് സ്റ്റിമുലേഷൻ (rTMS)എന്ന ചികിത്സയും പ്രതീക്ഷ നൽകുന്നുണ്ട്.

?ശസ്ത്രക്രിയകൾ.

സാധരണ ചികിത്സകൾകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്ത ആളുകൾക്ക് വേണ്ടി മാത്രമാണ് ഇത്തരം ചികിത്സ നൽകുന്നത്. അതിനു ആരോഗ്യ വിദഗ്‌ധരുടെ ഒരു സംഘം ആദ്യമേ പരിശോധന നടത്തുകയും ശസ്ത്രക്രിയ അല്ലാത്ത ഒരു മാർഗ്ഗവും ഇല്ല എന്ന് റെക്കമെന്റ് ചെയ്യുകയും വേണം. മുൻപ് പറഞ്ഞ CSTC സിറക്യൂട്ടിലാണ് സർജറി നടത്തുക .

?വളരെയധികം പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് OCD ചികിത്സയുടേത്. പുതിയ പലതരം തെറാപ്പികൾ, മരുന്നുകൾ ഒക്കെ പരീക്ഷണത്തിലുണ്ട്. വരും കാലങ്ങളിൽ കൂടുതൽ മികച്ച ചികിത്സ ഇവർക്ക് ലഭിക്കും എന്നുറപ്പാണ്.

❤️❤️OCD ഉള്ള വ്യക്തികൾ കടന്നുപോകുന്നത് നമ്മൾക്ക് ആലോചിക്കാൻ കുടി കഴിയാത്ത ദുരിതങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയുമാണ്. എന്നാൽ പലപ്പോഴും ഇവരുടെ പെരുമാറ്റത്തിലെ പ്രത്യേകതകൾ കാരണം ചുറ്റുമുള്ളവർ ഇവരെ കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ട്. നമ്മളിൽ ചിലരെങ്കിലും തമാശക്ക് ചിലരെ ഈ രോഗാവസ്ഥയുടെ പേര് പറഞ്ഞു കളിയാക്കിയിട്ടുണ്ടാകും. ഇതൊക്കെ അവരുടെ ബുദ്ധിമുട്ടുകൾ കൂട്ടുന്നതിന് ഒപ്പം സഹായം തേടുന്നതിൽനിന്നു അവരെ പിന്തിരിപ്പിക്കുകകൂടി ചെയ്യും. ചികിത്സക്ക് ഒപ്പം സാമൂഹികമായ പിന്തുണയും ഇവർക്ക് ആവശ്യമാണ്. അത് നൽകാൻ നമ്മൾ തയ്യറാകണം. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവരെ ചികിത്സയെടുക്കാൻ പ്രേരിപ്പിക്കണം. അങ്ങനെ അവരുടെ ജീവിതയാത്ര കൂടുതൽ എളുപ്പമാക്കാൻ നമുക്ക് സഹായിക്കാം.

ലേഖകർ
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ