മസ്തിഷ്ക മരണത്തെ കുറിച്ചും അവയവ ദാനത്തെ കുറിച്ചും
മസ്തിഷ്ക മരണത്തെ കുറിച്ചും അവയവ ദാനത്തെ കുറിച്ചും പല തെറ്റിദ്ധാരണകളും പരക്കുന്ന സമയമാണ് . നമ്മൾ ബഹുമാനത്തോടെ കാണുന്ന ചില വ്യെക്തികൾ വരെ ഇത്തരം തെറ്റായ വിവരങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . ഈ അവസരത്തിൽ മസ്തിഷ്ക മരണത്തെ കുറിച്ചു Dr. Shimna Azyz നമ്മളോട് സംസാരിക്കുന്നു.
വല്ലാത്തൊരു അവസ്‌ഥയിലാണ് മുനീർ അന്ന് ഫെയിസ്‌ബുക്കിൽ മെസേജ് ചെയ്‌തത്..”മസ്‌തിഷ്‌കമരണം എന്താണെന്ന് പറഞ്ഞ് തരുമോ ഡോക്‌ടർ” എന്ന് യാതൊരു പരിചയവുമില്ലാത്ത ആൾ ചോദിക്കുന്നത് പഠിക്കാനുള്ള താൽപര്യം കൊണ്ടല്ലെന്ന് നൂറ് ശതമാനം ഉറപ്പ്.പൊതുവേ ആർക്കും നമ്പർ കൊടുക്കാത്ത ആളായിട്ട് കൂടി ഞാൻ നമ്പർ കൊടുത്തു,സംസാരിച്ചു. മസ്‌തിഷ്‌കമരണം സംഭവിച്ച മുനീറിന്റെ ബന്ധു അധികം വൈകാതെ മരണപ്പെടുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം മസ്‌തിഷ്‌കമരണത്തെക്കുറിച്ച് ‘ഡോക്‌ടർമാർ ആൾക്കാരെ ഓടിച്ചിട്ട് വണ്ടിയിടിച്ച് ആശുപത്രിയിലെത്തിച്ച് ഞെക്കിക്കൊന്ന് അവയവദാതാവിനെ ഉണ്ടാക്കുന്നു’ (രോഗിയെന്താ സുവോളജി ലാബിലെ പോക്കാച്ചിത്തവളയോ,ഇത്ര ഈസിയായിട്ട് ബ്രെയിൻഡെത്താക്കാൻ…മയത്തിൽ തള്ളൂ ചേട്ടാ..)എന്ന വാട്ട്‌സ്സപ്പ് മെസേജ് കൂടി കണ്ടപ്പോൾ ഉറപ്പിച്ചു-ആയുധമേന്താൻ നേരമായി..കീബോർഡും മൗസും റെഡി…
മസ്‌തിഷ്‌കമരണം എന്നാൽ മരണം തന്നെയാണ്. ഏതെങ്കിലും കാരണം കൊണ്ട് തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം അൽപസമയത്തേക്ക് നിലച്ചാൽ പോലും മസ്‌തിഷ്‌കകോശങ്ങൾ സ്‌ഥിരമായി നശിക്കും. മസ്‌തിഷ്‌കമരണം സംഭവിച്ച് അൽപസമയം കൂടി ഹൃദയം മിടിക്കാറുണ്ട്.കാരണം,ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന autonomic nervous system തലച്ചോറിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്ര്യമാണ്.ക്രമേണ ആ മിടിപ്പും ഇല്ലാതാകും.ബോധം മറഞ്ഞുകിടക്കുന്ന ഹൃദയമിടിപ്പും ശ്വസനശേഷിയുമുള്ള ശരീരത്തെ ‘മൃതശരീരം’ എന്ന് വിളിക്കുന്നത് ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും പലപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാറില്ല.
ശ്വസനമുൾപ്പെടെ നിയന്ത്രിക്കുന്ന brainstem മരിക്കുന്നതിനെയാണ് മസ്‌തിഷ്‌കമരണം എന്ന് വിശേഷിപ്പിക്കുന്നത്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങൾ മാത്രം മരിച്ച് brainstem നിലനിന്നാൽ ശ്വസനം നടക്കുമെന്നത് കൊണ്ടു തന്നെ വർഷങ്ങളോളം അബോധാവസ്‌ഥ തുടരാം.
ബ്രെയിൻഡെത്ത് നടന്നു കഴിഞ്ഞാൽ തലച്ചോറ് നിയന്ത്രിക്കുന്ന യാതൊന്നും സാധ്യമാകില്ല. വേദന, തണുപ്പിനോടും ചൂടിനോടുമുള്ള പ്രതികരണം തുടങ്ങി റിഫ്‌ളക്‌സുകൾ വരെ എല്ലാം ഇല്ലാതാകും.Pupil reflex നഷ്‌ടപ്പെടും(‘കണ്ണ് തറക്കുക ‘ എന്ന് നാട്ടുഭാഷ).EEGയും പുറമെയുള്ള സാങ്കേതികടെസ്‌റ്റുകളും നൽകുന്ന സ്‌ഥിരീകരണം വേറെ.
നമ്മുടെ അന്വേഷണത്വര മൂത്ത ബ്രെയിൻഡെത്ത് പോസ്‌റ്റിൽ പറഞ്ഞിരിക്കുന്ന പോലെ ഏത് അളിയനും അമ്മാവനും വന്ന് മസ്‌തിഷ്‌കമരണം ഉറപ്പിക്കാൻ പറ്റില്ല. അതിനൊരു വിദഗ്‌ധ പാനലുണ്ട്.
1)മസ്‌തിഷ്‌കമരണം സംശയിക്കുന്ന രോഗിയെ ചികിൽസിക്കുന്ന ഡോക്‌ടർ
2)ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട്/RMO
3)ന്യൂറോളജിസ്‌റ്റ്/ന്യൂറോസർജൻ
4)ചികിൽസിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറോ അവയവം സ്വീകരിക്കുന്ന രോഗിയെ ചികിൽസിക്കുന്ന ഡോക്‌ടറോ അല്ലാത്ത ഡോക്ടർ.
ഇവർ സ്‌ഥിരീകരിച്ചു കഴിഞ്ഞാൽ ബ്രെയിൻഡെത്ത് സംഭവിച്ചു കഴിഞ്ഞു.
ഈ അവസ്‌ഥയിലാണ് ശരീരം അവയവദാനത്തിന് ഉചിതമായിരിക്കുന്നത്. കാരണം, ആവശ്യമുള്ള അവയവം ശരീരത്തിൽ നിന്ന് എടുക്കുന്നത് വരെ അതിലേക്ക് രക്‌തപ്രവാഹം നിലനിൽക്കുന്നു എന്നതിനാൽ അവയവം പ്രവർത്തനസജ്‌ജമായിരിക്കുമെന്നത് തന്നെ.
കേരളത്തിൽ വാഹനാപകടങ്ങൾ ഇനി മുതൽ കൂടുതൽ ഉണ്ടാകുമെന്നും മസ്‌തിഷ്‌കമരണം എണ്ണം കൂടുമെന്നുമൊക്കെ ഉദ്വേഗജനകമായി പറയുന്ന ചേട്ടൻമാരോട് ഇത്രയേ പറയാനുള്ളൂ ..നിങ്ങൾ കരുതുന്നത് പോലെ മസ്‌തിഷ്‌കമരണം സംഭവിച്ച എല്ലാ രോഗികളുടെയും അവയങ്ങൾ ദാനം ചെയ്യാനാകില്ല. ‘മെഡിക്കൽ മാഫിയ’ സംഘാംഗമായ എന്നെ നിങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലുംസത്യാവസ്‌ഥ താഴെ പറയുന്നതാണ്.
*വാഹനാപകടം മാത്രമല്ല ബ്രെയിൻഡെത്ത് ഉണ്ടാക്കുന്നത്.ഹൃദയാഘാതം, മുങ്ങിമരണം, വൈദ്യുതാഘാതം,തൂങ്ങി മരണം തുടങ്ങി തലച്ചോറിലേക്ക് രക്‌തപ്രവാഹം നിലയ്‌ക്കുന്ന എന്തും ഇതുണ്ടാക്കാം.ഈ അവസ്‌ഥകളിൽ മിക്കതിന്റേയും ഇരകളുടെ അവയവങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചിരിക്കും.
*ബ്രെയിൻഡെത്ത് ആയാൽ പോലും ആന്തരികാവയവങ്ങൾക്ക് ആഘാതം സംഭവിച്ച അവസരങ്ങളിൽ അവയവങ്ങൾ മാറ്റി വെക്കാനാകില്ല. വാഹനാപകടം മിക്കപ്പോഴും polytrauma ആണ്.ഉദാഹരണത്തിന് അപകടം കാരണമായി വയറ്റിൽ ആന്തരികരക്‌തസ്രാവമുണ്ടായാൽ, ആ രോഗി ബ്രെയിൻഡെത്ത് ആയാൽ പോലും രോഗിയുടെ അവയവങ്ങൾ ഉപയോഗശൂന്യമാണ്.അണുബാധ ഉള്ള ശരീരത്തിലെ അവയവവും ഉപയോഗശൂന്യമാണ്.
*The Transplantation of Human Organs Act(1994)- amended in 2011, 2012 പ്രകാരം അവയവദാനത്തിന് സന്നദ്ധനാണെന്ന് മുൻകൂട്ടി ഒപ്പിട്ട് കൊടുത്ത 18 വയസ്സ് തികഞ്ഞ വ്യക്‌തിയുടെയോ, അല്ലെങ്കിൽ ‘മരണം അംഗീകരിക്കാനാകാത്ത’ അടുത്ത ബന്ധുക്കളുടെയോ സമ്മതം അത്യാവശ്യം.( ‘ട്രാഫിക്’ സിനിമയിലെ വിനീത് ശ്രീനിവാസന്റെ മാതാപിതാക്കളുടെ ധർമ്മസങ്കടം ഓർമ്മ കാണുമല്ലോ…)
*അവയവം നൽകുന്ന ആളുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ പാടില്ല. അവയവങ്ങൾ സ്വീകരിക്കുന്ന ആൾക്കും മറ്റ് അവയവങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകരുത്.
*ആർക്കും ആരുടേയും അവയവം തോന്നിയ പോലെ സ്വീകരിക്കാൻ പറ്റില്ല. Blood group, HLA antigen തുടങ്ങി കടിച്ചാൽ പൊട്ടാത്ത സകല മൈക്രോബയോളജി ടെസ്‌റ്റും പാസ്സായി വിജയശ്രീലാളിതനായാൽ കിട്ടുന്ന പ്രോത്‌സാഹനസമ്മാനമാണ് കിഡ്‌നിയും ലിവറുമൊക്കെ.
*അവയവം ശരീരം തിരസ്‌ക്കരിക്കാറുണ്ടെന്നത് ശരി തന്നെ.ഏറ്റവും കൂടുതൽ തിരസ്‌ക്കരിക്കപ്പെടാറുള്ളത് കരളും ഏറ്റവും നന്നായി സ്വീകരിക്കപ്പെടുന്നത് വൃക്കയുമാണ്(>95%). എന്നാൽ പോലും അവയവം സ്വീകരിച്ചതിൽ 70 ശതമാനത്തിലേറെ ആൾക്കാരും പയറ് പോലെ നമുക്കിടയിൽ ജീവിക്കുമ്പോഴാണ് പ്രകൃതി ബ്രോസ് ആൻഡ് ശ്രീനി അങ്കിൾ അലമ്പുണ്ടാക്കുന്നത്…അവനവന് പറഞ്ഞ പണി എടുത്താൽ പോരേ !
*അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലും മിക്ക സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്‌പത്രികളിലും അവയവദാന ശസ്‌ത്രക്രിയ നടക്കുന്നുണ്ട്.അഴിമതി ആരോപണവും ബഹളവും ഏകീകൃതമല്ലാത്ത ചിലവുമെല്ലാം ന്യൂനതകൾ തന്നെ.പക്ഷേ, സംരക്ഷിക്കപ്പെടുന്നത് ജീവിക്കാനുള്ള അവകാശമാണ്.
ഇനി, വാട്ട്‌സാപ്പിലെ അഭ്യുദേയകാമാക്ഷികളുടെ ഘടാഘടിയൻ മെസേജ് വായിച്ച് ‘ഹമ്പട ഡോക്ടർമ്മാരേ’ എന്ന് മൂക്കത്ത് വിരൽ വെച്ചിരിക്കുന്നവരുടെ ശ്രദ്ധക്ക്:
* ശരീരം നിശ്‌ചലമാകും മുൻപുള്ള നൂൽപ്പാലമാണ് മസ്‌തിഷ്‌കമരണം. അതുണ്ടാക്കാനും മസ്‌തിഷ്‌കമരണം ഉറപ്പിക്കുന്ന മണിക്കൂറുകൾ ഉടനീളം അത് നിലനിർത്താനും കഴിയുന്ന ഡോക്‌ടറെ ‘മാന്ത്രികൻ’ എന്ന് വിളിക്കേണ്ടി വരും.
*നാല് ഡോക്ടർമാർ പന്ത്രണ്ട് മണിക്കൂർ തിരിച്ചും മറിച്ചും നോക്കി നൽകിയ ബ്രെയിൻഡെത്ത് സർട്ടിഫിക്കറ്റ് പുനപരിശോധിക്കേണ്ട ആവശ്യകത എന്താണ്? മരണസർട്ടിഫിക്കറ്റിൽ പോലും ബ്രെയിൻഡെത്ത് ഉറപ്പിച്ച സമയമാണ് മരണസമയമായി രേഖപ്പെടുത്തുന്നത്.
ആ മെസേജ് അച്ചടിച്ചുണ്ടാക്കിയ പ്രിയസുഹൃത്തേ,സാധാരണക്കാരെ പറ്റിക്കാൻ എളുപ്പമാണ്. പ്രത്യേകിച്ച് അവർ അറിയാൻ ശ്രമിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന ശാസ്‌ത്രവിഷയങ്ങളിൽ.
ഒന്ന് മനസ്സിലാക്കുക, അഞ്ചരക്കൊല്ലവും അതിലപ്പുറവും കയില് കുത്തി ഞങ്ങൾ പുറത്തിറങ്ങുന്നത് നിങ്ങളെപ്പോലെ മാധ്യമശ്രദ്ധ നേടാനും സഹജീവിക്ക് അനാരോഗ്യം പകർന്ന് പുട്ടടിക്കാനുമല്ല…നാട്ടാരെ ഓടിച്ചിട്ട് കൊല്ലാൻ പോയിട്ട് വീട്ടുകാരെ നേരെ ചൊവ്വേ കാണാൻ നേരമില്ല…
അപ്പോഴാ…ചുമ്മാ ചിരിപ്പിക്കാതെ പോയേ…