ലേബർ റൂമിലെ പുരുഷന്മാരും, വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകളും
കഴിഞ്ഞ ദിവസം ഒരു പ്രസംഗം കേട്ടിരുന്നു. പ്രസവസമയത്ത് ഡോക്ടറെ കാണുന്നതിനെപ്പറ്റി. പുരുഷ ഡോക്ടറെ കാണരുതെന്നും സ്വന്തം മതത്തിലെ വനിതാ ഡോക്ടറെ കാണുക, അതിനു ശേഷം വെറും വനിതാ ഡോക്ടർ, പിന്നെ സ്വന്തം മതത്തിലെ പുരുഷ ഡോക്ടർ, അവസാനം ഗത്യന്തരമില്ലെങ്കിൽ പുരുഷ ഡോക്ടറെന്ന്…യുവതിയുടെ സ്വകാര്യഭാഗങ്ങൾ അന്യപുരുഷൻ കാണുന്നുവെന്നാണ് അയാളുടെ സങ്കടം.
ചുരുങ്ങിയത് ഒരു പ്രസവമെങ്കിലും കണ്ടവർക്ക് ഈ സംശയങ്ങളൊന്നും തോന്നില്ല. സ്ത്രീയെ ഒരേയൊരു കാര്യത്തിനു വേണ്ടിയുള്ള ഉപകരണമായി കാണുന്നവർക്ക് ചിലപ്പോള്‍ മറിച്ച് തോന്നിയേക്കാം. പത്ത് വർഷത്തെ മെഡിക്കൽ ജീവിതത്തിനിടയിൽ പത്തുനൂറു പ്രസവങ്ങൾക്ക് ലേഖകന്‍ സാക്ഷിയായിട്ടുണ്ട്. കുറച്ചെണ്ണം അറ്റൻഡ് ചെയ്തിട്ടുമുണ്ട്. കുറെയേറെ പ്രസവം കാണാനും, കൂടെ നില്‍ക്കാനും, പ്രസവമെന്ന പ്രതിഭാസം എളുപ്പമാക്കാന്‍ സഹായിക്കാനും ലേഖികക്കും സാധിച്ചിട്ടുണ്ട്. സ്വന്തം കുഞ്ഞിന്റെ ജനനമെന്ന പ്രക്രിയയിലൂടെ കടന്നു പോയിട്ടുള്ളവരുമാണ് രണ്ടു പേരും. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്നാകും, പറയാതിരിക്കാന്‍ വയ്യ. അത്രയ്ക്ക് ബാലിശമാണ് ചുറ്റും നടക്കുന്ന ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും.
ജന്മം നല്‍കുകയെന്നതൊരു തമാശയല്ല. ജന്മം നല്‍കുന്ന ശരീരഭാഗത്തിന് മറ്റേതൊരു ശരീരഭാഗത്തിനും ഉള്ള പ്രസക്തി മാത്രമേ കരുതാവൂ. ചുളിഞ്ഞ നെറ്റിത്തടങ്ങള്‍ കാണായ്കയല്ല , വിശദീകരിക്കാം. പ്രസവം കണ്ടിട്ടില്ലാത്ത ഒരു ന്യൂനപക്ഷം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീയുടെ കാലുകള്‍ക്കിടയിലേക്ക് പിറന്നു വീഴുന്ന കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടി എന്ന ശുഭചിന്തക്ക് പകരം അമ്മയുടെ അവയവമാകാം മനസ്സിലേക്ക് വരുന്നത്. ഒരിക്കലെങ്കിലും പ്രസവമെന്ന പ്രക്രിയക്ക് സാക്ഷിയാവുക. അമ്മയുടെ പ്രാണന്‍ പിടയുന്ന നിലവിളികള്‍ക്കിടയില്‍, അവരുടെ യോനിയിലൂടെ തിരിഞ്ഞും മറിഞ്ഞും പുളഞ്ഞും ഗര്‍ഭാശയത്തിലെ വെള്ളത്തിലും ചോരയിലും മുങ്ങി കുഞ്ഞു വരുന്നത് കാണുമ്പോള്‍ ഒരു ഡോക്ടര്‍ക്ക് അരുതാത്തത് തോന്നുമെന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുന്നുവെങ്കില്‍, അതൊരു തരം മനോരോഗമാണ്.
ഡോക്ടറുടെ കൈയിലേക്ക് കുഞ്ഞ് വന്നു ചേരും മുന്‍പ്, പ്രസവം എളുപ്പമാക്കാനുള്ള പ്രക്രിയകളില്‍ ആയിരിക്കും ഡോക്ടറുടെ ശ്രദ്ധ. കുഞ്ഞു വരുമ്പോള്‍, കുഞ്ഞിനെ അപകടരഹിതമായി കൈയില്‍ കിട്ടാനുള്ള ശ്രമം, കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ചു വേര്‍പെടുത്തി ശിശുരോഗവിഭാഗത്തിനു കൈമാറി കഴിയുമ്പോള്‍, അമ്മയുടെ മറുപിള്ള വരുന്നുണ്ടോ, അതിനു സങ്കീര്‍ണതകള്‍ ഉണ്ടോ എന്നാകും നോട്ടം. മറുപിള്ള പിരിഞ്ഞു പോന്നില്ലെങ്കില്‍ പ്രസവനാന്തര രക്തസ്രാവം നില്‍ക്കില്ല, അമ്മയെ നഷ്ടപ്പെടാം. ഇനി മറുപിള്ള വേര്‍പെട്ടു പോന്നു കഴിഞ്ഞാല്‍ പ്രസവം എളുപ്പമാക്കാന്‍ ഉണ്ടാക്കിയ മുറിവ് തുന്നണം, രക്തസ്രാവം ഇല്ലെന്ന് ഉറപ്പു വരുത്തണം. അമ്മയുടെ രക്തസമ്മര്‍ദം തുടര്‍ച്ചയായി പരിശോധിച്ച് പ്രശ്നങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തണം.
മേല്‍പറഞ്ഞത് സങ്കീര്‍ണതകള്‍ ഇല്ലാത്ത പ്രസവത്തിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ്. അതും ആശുപത്രിയില്‍ നിന്നും എല്ലാ ആരോഗ്യസംരക്ഷണ വിധികളും കൈയെത്തുന്നിടത്ത് ഉള്ളപ്പോള്‍ സംഭവിക്കുന്ന അവസ്ഥ. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നമുള്ള ഗര്‍ഭമോ സങ്കീര്‍ണമായ പ്രസവമോ ആണെങ്കില്‍, ഇതിലും കൂടുതല്‍ ശുഷ്കാന്തി ഉണ്ടായേ തീരൂ.ഈ പറഞ്ഞ സാഹചര്യത്തില്‍ ഡോക്ടര്‍ വികാരവിവശന്‍ ആകുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അമ്മയെന്ന വികാരത്തെ, സ്ത്രീയെന്ന വ്യക്തിയെ അവര്‍ കാണുന്നത് എങ്ങനെയെന്നു കൂടി വിശദമാക്കേണ്ടിയിരിക്കുന്നു.
ഇനിയും സംശയം ബാക്കി നില്‍ക്കുന്നവരോട് വേറെ ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കാം. ഞങ്ങള്‍ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികളായി ആദ്യവര്‍ഷം മെഡിക്കല്‍ കോളേജിലേക്ക് കയറുമ്പോള്‍ തൊട്ടു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്ള ചോദ്യമാണ്- ‘ശവം കീറി പഠിക്കില്ലേ’ എന്ന്. നിങ്ങള്‍ ശവമെന്നും ഞങ്ങള്‍ കഡാവര്‍ എന്നും പറയുന്ന ആ ശരീരങ്ങളില്‍ ഒന്നിന് പോലും വസ്ത്രമില്ല. നഗ്നശരീരങ്ങളില്‍ ആണ് ഞങ്ങള്‍ പഠനം തുടങ്ങുന്നത്. പല തവണ ചിന്തിച്ചിട്ടുണ്ട്, സര്‍ജറി ചെയ്യുന്നത് പോലെ, ആവശ്യമുള്ള ഭാഗം മാത്രം പുറത്ത് കാണിച്ചാല്‍ പോരെ എന്ന്. ആദ്യമൊക്കെ നാണം തോന്നിയിട്ടുണ്ട്. പിന്നീട് മനസ്സിലായി, ഒരു ശരീര ഭാഗത്തിനും പ്രത്യേകതകള്‍ അവകാശപ്പെടാന്‍ ഇല്ല എന്നതിന്റെ ആദ്യപാഠം ആയിരുന്നു അതെന്ന്. നഗ്നതയെന്ന ബോധം നശിച്ചു, മനുഷ്യനെ മാത്രം കണ്ടു തുടങ്ങി.
രണ്ടാം വര്‍ഷം യഥാര്‍ത്ഥ രോഗികളെ കണ്ടു തുടങ്ങിയത് മുതല്‍ അവരുടെ ശരീരത്തിലെ ഒരു ഭാഗത്തിനോടും അറപ്പ് തോന്നിയിട്ടില്ല, അകല്‍ച്ച തോന്നിയിട്ടില്ല. രോഗവും വേദനയും എവിടെയായാലും ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് തുല്യമാണ്. പുരുഷന്മാരായ വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ആയാലും, ഡോക്ടര്‍മാര്‍ ആയാലും, സ്ത്രീകളെക്കാള്‍ ദയയോടെയാണ് പ്രസവസമയത്ത് മുന്നിലുള്ള ഗര്‍ഭിണിയോട് പെരുമാറുന്നത് എന്നാണ് അനുഭവവും. ഡോക്ടറും ഒരു അമ്മയില്‍ നിന്നാണ്, അമ്മയെ ഓര്‍ക്കാതെ ഒരാള്‍ക്കും പ്രസവം കാണാന്‍ കഴിയില്ല.പിന്നെ, നിയമവുമുണ്ട്. ഒരു വനിതാ ഡോക്ടര്‍ക്ക് പുരുഷരോഗിയെ കാണാന്‍ നിയന്ത്രണങ്ങള്‍ ഇല്ല. പുരുഷ ഡോക്ടര്‍ക്ക് വനിതയായ രോഗിയെ കാണാന്‍ കൂട്ടിരിപ്പുകാരോ, മറ്റൊരു സ്ത്രീയോ കൂടെ ഉണ്ടായിരിക്കണം എന്നാണ്. അത്ര പോലും വൈദ്യശാസ്ത്രം സ്ത്രീയെ ബഹുമാനിക്കുന്നുണ്ട്.ഇങ്ങനെയെല്ലാം ഉള്ളൊരു വ്യവസ്ഥിതിയില്‍, എവിടെ പാളിച്ചക്ക് സ്ഥാനം എന്നാണ് ബഹുമാനപ്പെട്ട മതപണ്ഡിതന്‍ അവകാശപ്പെടുന്നത്?
അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ജീവനോടെ രണ്ട് പേരാക്കുകയാണ് ആ മുറിയിലുള്ളവരുടെ സകലരുടെയും ലക്ഷ്യം.മറ്റ് വികാരങ്ങൾക്ക് അവിടെ സ്ഥാനമില്ല.അത് സ്വന്തം ഭാര്യ ആണെങ്കിലും, മറ്റൊരാളുടെ ഭാര്യയാണെങ്കിലും.അത് അനുഭവിച്ചില്ലെങ്കിൽ കണ്ടെങ്കിലും അറിയണം.പ്രസവവേദന എടുത്ത് പുളയുന്ന ഭാര്യയുടെ കയ്യിൽ കത്തി കൊടുത്തിട്ട് മുന്നിൽ നിന്ന് ഫിലോസഫി പറയാൻ പറയണമെന്ന് ആരോ പറഞ്ഞ് കണ്ടു.നൂറുശതമാനം ശരിയാണ്.അന്നത്തോടെ ഫിലോസഫി തീരും..
ആ പോട്ടെ, ചുരുങ്ങിയത് ഡോക്ടറെ കാണാനെങ്കിലും പറഞ്ഞല്ലോ എന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മറ്റൊരു പോസ്റ്റ് കാണുന്നത്. വീട്ടിൽ പ്രസവിച്ച ഒരു യുവതിയെ അനുമോദനം കൊണ്ട് മൂടി പൊലിപ്പിച്ച് എഴുതിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട്…വിദേശത്തും സ്വദേശത്തും തന്നെ വീട്ടിലുള്ള പ്രസവങ്ങള്‍ ശാസ്ത്രീയമായി നടക്കുന്നുണ്ടാകാം. പക്ഷെ, അവയെല്ലാം , പരിശീലനം ലഭിച്ചവര്‍ നടത്തുന്നതും ആവശ്യമെങ്കില്‍, വൈദ്യസഹായം ഉടനടി ലഭ്യമാക്കാവുന്ന രീതിയില്‍ ഉള്ളതുമായ രീതിയിലാണ് സംഭവിക്കുന്നത്.
ആശുപത്രിയിലേക്ക് കിലോമീറ്ററുകൾ എടുത്തുകൊണ്ട് പോകേണ്ടയിടങ്ങളിൽ നോർത്ത് ഇൻഡ്യയിൽ മാതൃ – ശിശുമരണങ്ങൾ ഒരു പരിധിവരെ തടഞ്ഞത് അങ്ങനെയായിരുന്നു.
എന്റെ ഭാര്യ വീട്ടിൽ പ്രസവിക്കുന്നതിനു തനിക്കെന്താ ഇത്ര സൂക്കേടെന്ന് ചോദിക്കുന്നവരോട് കൃത്യമായ മറുപടിയുണ്ട്.
” വീട്ടിൽ പ്രസവിച്ചോട്ടെ ചേട്ടാ. അത് പക്ഷേ ചേട്ടന്റെ വിശ്വാസമോ മറ്റെന്തെങ്കിലുമോ സംരക്ഷിക്കാൻ നിർബന്ധിച്ച് വീട്ടിൽ പ്രസവിപ്പിക്കുമ്പോഴല്ല. വീട്ടിൽ പ്രസവിച്ചാൽ സംഭവിക്കാവുന്ന ദോഷങ്ങളും ദുരന്തങ്ങളും മനസിലാക്കി സ്വമനസാലെ ഒരു ശാസ്ത്രീയ പരിശീലനം ലഭിച്ച ആളുടെ സാന്നിദ്ധ്യത്തിൽ എപ്പോൾ വേണമെങ്കിലും വിദഗ്ധ വൈദ്യ സഹായം കിട്ടുമെന്ന് ഉറപ്പാക്കിയ ശേഷമാകുമ്പോള്‍ മാത്രം.അതല്ലാത്തപ്പോള്‍ കൊലപാതകക്കുറ്റത്തിനു സമാനമാണ് ഈ ചെയ്തികളെല്ലാം തന്നെ.സ്വന്തം ചോരയില്‍ പിറന്നു എന്നത് ആ കുഞ്ഞിനോട് എന്ത് ദ്രോഹവും ചെയ്യാനുള്ള സമ്മതപത്രമോ മൗനാനുവാദമോ അല്ല.”
പണ്ട് അരി ഇടിച്ചുകൊണ്ടിരുന്നതിനിടയിൽവന്ന് പ്രസവിച്ചിട്ട് തിരിച്ച് വന്ന് അരിയിടിച്ച തള്ളുകളൊക്കെ കേട്ട് പ്രസവം അത്ര സുഖമുള്ള സംഗതിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അന്നത്തെ അമ്മച്ചിമാരൊക്കെ കഥ പറഞ്ഞ് തുടങ്ങുന്നതേ ഈ വാചകത്തിലായിരിക്കും…” എന്റെ മോനേ, അന്നൊന്നും ഈ ആസ്പത്രീം ഡോക്ടർമാരുമൊന്നുമില്ലല്ലോ…” പിന്നെയിങ്ങോട്ട് അമ്മച്ചി പറഞ്ഞുതരും പത്ത് പെറ്റതിൽ മൂന്നെണ്ണം ഒന്നാം പിറന്നാളാഘോഷിക്കാതെ പോയതും പ്രസവത്തിൽ മരിച്ചതുമെല്ലാം.
ഒരു നിസാരമായ യാത്രയല്ല ഗർഭപാത്രത്തില്‍ നിന്ന് പുറത്തേക്കുള്ളത്. മൂന്നു ശക്തികള്‍- Powers(ഗര്‍ഭാശപേശികളുടെ സങ്കോചം, വയറിലെ പേശികളുടെ സങ്കോചം) ), Passage( ഇടുപ്പിന്റെ വിസ്താരം,ആകൃതി, ശിശുവിന് പുറത്തേക്ക് വരാനുള്ള മാര്‍ഗത്തിലുടനീളം ഉള്ള പേശികള്‍) and Passenger(ഗര്‍ഭസ്ഥശിശു/ശിശുക്കള്‍) എന്നിവയില്‍ തുടങ്ങി ഒടുവിൽ അമ്മയുടെ പ്രയത്നമടക്കം ഒരു സിംഫണിയിലെന്നപോലെ ക്രമം തെറ്റാതെ മുറ തെറ്റാതെ നടന്നെങ്കിലേ പ്രസവം നടക്കൂ. എവിടെവച്ച് വേണമെങ്കിലും മുറിഞ്ഞുപോകാവുന്ന ഒന്ന്.
അമ്മയുടെ അരക്കെട്ട് കുഞ്ഞിന്റെ തല കടന്നുപോകാൻ അനുയോജ്യമല്ലാതാകുന്ന CPD, കുഞ്ഞിന്റെ കിടപ്പിലെ (presentations) വ്യതിയാനങ്ങൾ, കൂടിയ രക്ത സമ്മര്‍ദം, ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാവുന്ന പ്രമേഹം, അമ്മയ്ക്കുണ്ടാകാവുന്ന മറ്റ് കോമ്പ്ലിക്കേഷനുകൾ തുടങ്ങിയവ കൃത്യമായ ചെക്കപ്പുകളോ വിദഗ്ധ പരിശോധനയോ ഇല്ല മുന്‍കൂട്ടി അറിയണമെന്ന് പോലുമില്ല. ഇതൊക്കെ പ്രസവസമയത്ത് കുഞ്ഞ് പാതിവഴിയിൽ തങ്ങുന്നത് വരെ അജ്ഞാതമായിരിക്കും. വ്യാജന്മാർ സിസേറിയനു ശേഷം നോർമൽ ഡെലിവറി നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് കുഞ്ഞ് മരിച്ചത് ഈ അടുത്ത കാലത്താണ്. വെള്ളത്തില്‍ പ്രസവിക്കാന്‍ ശ്രമിച്ചു ഒടുക്കം കുഞ്ഞിന്റെ മരണത്തിലും അമ്മയുടെ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകരുന്നിടത്താണ് അത് കലാശിച്ചത്. VBAC (Vaginal Birth After Cesarean) മുതിര്‍ന്ന പ്രസവവിദഗ്ധര്‍ പോലും രണ്ടാമതൊന്നു ആലോചിച്ചു മാത്രം എടുക്കുന്ന തീരുമാനമാണ്. അത്തരം കാര്യങ്ങളൊന്നും തന്നെ ഒരു നിമിഷത്തെ ചാപല്യത്തിന്റെ പുറത്ത് ചെയ്യരുത്. ഒരു ജീവന്‍ കൊണ്ടല്ല, രണ്ടു ജീവന്‍ കൊണ്ടാണ് പരീക്ഷണത്തിനു മുതിരുന്നത് എന്ന് മനസ്സിലാക്കാതെ പോകരുത് നമ്മള്‍.
ഒരു നവജാതന്റെ പിതാവെന്ന നിലയിലുള്ള അനുഭവം പങ്കു വെയ്ക്കട്ടെ, രണ്ട് കാര്യങ്ങൾ , രണ്ട് വിശ്വാസങ്ങൾ കേട്ടു. ഏഴാം മാസമായപ്പോള്‍ വീട്ടുകാരും നാട്ടുകാരുമൊക്കെ ചോദിച്ചു. പെണ്ണിനെ വീട്ടിൽ കൊണ്ടുചെന്ന് ആക്കുന്നില്ലേയെന്ന്? രണ്ടാമത്തെ കാര്യം കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ചായിരുന്നു.ജനിക്കാൻ പോകുന്ന കുഞ്ഞിനു ഡ്രസ് വാങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞ് ജനിക്കുന്നതിനു മുൻപ് ഒന്നും വാങ്ങാൻ പാടില്ലെന്നായിരുന്നു ഉപദേശം..ഡോക്ടറായ നമ്മൾ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുതല്ലോ എന്ന് കരുതി രണ്ടും ചിരിച്ചു തള്ളിയെങ്കിലും കുറച്ചൊന്ന് ആലോചിക്കാതിരുന്നില്ല.
ബോധോദയവും ഉടനടി ഉണ്ടായി. ശ്രദ്ധിച്ചിട്ടുണ്ടോ?
പെണ്ണിനെ രാജ്ഞിയെപ്പോലെ അണിയിച്ചൊരുക്കി കൊണ്ടുപോകുന്നത് ആദ്യ പ്രസവത്തിനാണ്. സുഹൃത്ത് പറഞ്ഞ വാക്കാണു കൃത്യം..ഇനി തിരിച്ച് വരില്ലെന്ന് തോന്നുന്നതുപോലെ..അതെ, അതാണു ശരി, തിരിച്ച് വരില്ലായിരുന്നു നല്ലൊരു പങ്കും. 1990ൽ മാതൃമരണനിരക്ക് 556 ആയിരുന്നു. ഇപ്പോൾ 170കളിലും ( കേരളത്തിൽ 66 ).
വെളുത്ത നിറത്തിലുള്ള പുത്തനുടുപ്പു ധരിച്ച്, കല്യാണത്തിനു ധരിച്ച സ്വര്‍ണാഭരണം മുഴുവന്‍ ധരിപ്പിച്ചു ‘പേറ്റിന് കൂട്ടി കൊണ്ട് പോകുക’ എന്ന ചടങ്ങിനു കന്നി ഗര്‍ഭത്തിന്റെ ഏഴാം മാസം ഇരുന്നു കൊടുത്തവളാണ് ഈ വരികള്‍ എഴുതുന്നത്. പ്രാര്‍ത്ഥനയോടെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചതിനു ഇങ്ങനെ ഒരു അര്‍ഥം കൂടി ഉണ്ടായിരുന്നു എന്ന് സുഹൃത്ത് മേലെ എഴുതിയിട്ട വരികളില്‍ നിന്നും വായിച്ചെടുക്കുമ്പോള്‍ പാതി തമാശയും പാതി കാര്യവുമായി തോന്നുന്നു.
ദുഖകരം എന്ന് തന്നെ പറയട്ടെ, വടക്കന്‍ കേരളത്തിലെ എന്റെ നാട്ടില്‍ അങ്ങിങ്ങ് ഇന്നും നടക്കുന്നുണ്ട് വീട്ടിലെ ഇരുട്ടറയിലെ പ്രസവങ്ങള്‍. യാതൊരു പരിശീലനവും ലഭിച്ചിട്ടില്ലാത്ത നാട്ടിലെ പാരമ്പര്യമായി പ്രസവമെടുക്കുന്ന കുടുംബത്തിലെ സ്ത്രീയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം “നിങ്ങള്‍ കീറും, ഞങ്ങള്‍ കീറില്ല” എന്നായിരുന്നു. പ്രസവം സുഗമമാക്കാന്‍ വേണ്ടി ഞങ്ങള്‍ ഇടുന്ന ‘episiotomy’ എന്ന ചെരിഞ്ഞ മുറിവാണ് അവര്‍ക്ക് വലിയ അപരാധം. കൈയില്‍ എണ്ണയാക്കി യോനിക്ക് അകത്തേക്ക് വിരല്‍ കയറ്റി ചുറ്റും തുടര്‍ച്ചയായി വട്ടത്തില്‍ ചലിപ്പിച്ചാണ് അവര്‍ കുഞ്ഞിനെ പുറത്തേക്ക് എത്തിക്കുന്നത്. തികച്ചും അനാരോഗ്യകരമായ രീതി. യോനിക്കകത്തുള്ള പേശികള്‍ ഇത്തരത്തില്‍ അയയുന്നത് അധികം പ്രായമാകുന്നതിനു മുന്‍പ് തന്നെ ഗര്‍ഭാശയം പുറത്തേക്ക് ഇറങ്ങി വരുന്ന അവസ്ഥയുണ്ടാക്കുന്നു (uterine prolapse). ചെറിയ ഇടവേളകളിലെ തുടര്‍ച്ചയായ പ്രസവങ്ങളും ഈ അവസ്ഥക്ക് കാരണമാണ്.
കുഞ്ഞിനു പുത്തനുടുപ്പ് വാങ്ങാത്തതിനുമുണ്ട് ഇതുപോലൊരു ദുരന്തകഥ. 1891ലെ മദ്രാസ് സെൻസസ് പ്രകാരം ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് 1000ന് 280 ആണ്. നാലിലൊരു കുഞ്ഞ് 1 വയസ് തികയ്ക്കില്ല. അന്നത്തെ ദാരിദ്ര്യത്തിനു ജീവിക്കുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന് ഉടുപ്പ് വാങ്ങിക്കുന്നത് നഷ്ടമാണെന്ന് മാത്രമല്ല അതൊരു തീരാദുഖവുമാകും.(ശിശുമരണനിരക്ക് ഇപ്പോൾ 38 (കേരളം 12)) ആദ്യ ജനനം നടന്നാൽ പിന്നെ പാതി രക്ഷപ്പെട്ടെന്നൊരു വിശ്വാസമുണ്ടാകും..ആദ്യത്തേത് കുഴപ്പമില്ലായിരുന്നു, അപ്പോള്‍ ഇനി കുഴപ്പമില്ലെന്നൊരു അന്ധമായ ആത്മവിശ്വാസം.
അപ്പോഴും, മോഡേൺ മെഡിസിന്റെ സജ്ജീകരണമുള്ള ആശുപത്രികളിലും അമ്മയും കുഞ്ഞും മരിക്കുന്നില്ലേ എന്ന് ചോദ്യം ഉയരുന്നത് കാണുന്നുണ്ട്. മുൻ കൂട്ടി കാണാൻ കഴിയാത്ത അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം പോലെയുള്ള പ്രശ്നങ്ങളെ തടയാൻ മോഡേൺ മെഡിസിനും ചിലപ്പോൾ കഴിയാറില്ല. പക്ഷേ ഒഴിവാക്കാവുന്ന അപകടങ്ങളുടെ കാര്യം അങ്ങനെയല്ല. റോഡിനു നടുവിലൂടെ കണ്ണടച്ച് നടക്കുമ്പോള്‍ വാഹനം ഇടിക്കുന്നതും സഞ്ചരിക്കുന്ന വാഹനത്തിനു പൊടുന്നനെ തകരാറുണ്ടാവുന്നതും രണ്ടും രണ്ടാണ്.
അടുപ്പിച്ചടുപ്പിച്ച് പ്രസവിക്കുന്നതിനെയും ന്യായീകരിക്കുന്നത് കണ്ടു.ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീയെ പ്രസവയന്ത്രമാക്കുന്നതിനോട് യോജിപ്പില്ല. ഇവിടെയും ഉദാഹരണക്കാരുടെ വിരൽ പത്തു പെറ്റിട്ടും പയറുപോലെ നടക്കുന്ന പാറുവമ്മമാരാണ്.ഒരു ഗർഭകാലവും പ്രസവവും മുലയൂട്ടലും സ്ത്രീയിൽ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളും ആഘാതങ്ങളും എത്രയെന്ന് കണ്ടുതന്നെ അറിയണം. ഒരു പാറുവമ്മയെ മാത്രമേ നിങ്ങൾ കണ്ടുള്ളൂ. ജീവിതം അപഹരിക്കപ്പെട്ട മറ്റുള്ളവരെ കണ്ടിട്ടില്ല.
വിളർച്ച തുടങ്ങി അങ്ങോട്ട് നീളും പ്രസവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള കോമ്പ്ലിക്കേഷനുകൾ…പ്രസവങ്ങളുടെ ഇടയിൽ സ്പേസിങ്ങ് , ആ സമയത്തെ ഭക്ഷണവും ശ്രദ്ധയും ഒക്കെ സവിശേഷ ശ്രദ്ധ അർഹിക്കുന്നവയാണെന്ന് മനസിലാക്കിയേ തീരൂ. ഗര്‍ഭിണിയാകുമ്പോള്‍ തൊട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍- ശാരീരികമായ മാറ്റങ്ങള്‍- പേശികള്‍ അയയുന്നത് കൊണ്ടുണ്ടാകുന്ന വേദനകള്‍, മുടി കൊഴിച്ചില്‍ വളരെ കുറയുന്ന പത്ത് മാസങ്ങള്‍, സ്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, മുലപ്പാല്‍ നിറഞ്ഞു ഒഴുകുന്ന അദ്ഭുദം, ഒരു പെണ്‍കുട്ടി മുതിര്‍ന്നവളായി മാറി അമ്മയായി മാറുന്നതിനു അവളുടെ ശരീരം സഹിക്കുന്ന കാര്യങ്ങള്‍. മനസ്സില്‍ അവള്‍ ആ കുഞ്ഞിനു വേണ്ടി ഏറ്റെടുക്കുന്ന നോവുകള്‍, കുഞ്ഞിനെ കുറിച്ചുള്ള ആധികള്‍, സ്വന്തം ശരീരം നിയന്ത്രണമില്ലാതെ മാറുന്നത് കാണുന്ന നിസ്സഹായത, സന്തോഷങ്ങള്‍, ആശങ്കകള്‍- അമ്മയാവുന്നത് എങ്ങനെയാണ് എളുപ്പമാവുക?എങ്ങനെയാണു അതൊരു സാധാരണ പ്രക്രിയയാകുക?
ഒരു കുഞ്ഞു വന്ന്, അവനു/ അവള്‍ക്കുള്ളതെല്ലാം നെഞ്ചിനകത്ത് നിന്നും പുറത്തു നിന്നും പെയ്തു തീര്‍ത്തു കഴിഞ്ഞു ആ കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്താന്‍ പ്രായമാകാതെ രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത് പോലും അമ്മയോടും ആ രണ്ടു കുഞ്ഞുങ്ങളോടും ചെയ്യുന്ന ദ്രോഹമാണ്. അമ്മക്ക് ആരോഗ്യ പ്രശ്നങ്ങള്‍, രണ്ടു ചെറിയ കുട്ടികളെ നോക്കുന്ന കഷ്ടപ്പാട് എന്നിവ വീതിച്ചു നല്‍കിയാല്‍ പോലും, ആദ്യത്തെ കുഞ്ഞിനു ആവശ്യത്തിനു മുലപ്പാല്‍ കിട്ടാത്തതും, രണ്ടാമത്തെ കുഞ്ഞിനു പൂര്‍ണ ആരോഗ്യവതി ആയിട്ടില്ലാത്ത, ശരീരം പൂര്‍വ്വസ്ഥിതിയില്‍ എത്തിയിട്ടില്ലാത്ത അമ്മയില്‍ വളര്‍ന്നു പിറക്കേണ്ട ദുര്‍ഗതിയും ആണുണ്ടാകുന്നത്.
പഴയ കാലത്ത് ഇതെല്ലാം നടന്നിരുന്നു. അവരൊക്കെ ആരോഗ്യത്തിന്റെ നിറകുടം ആയിരുന്നു എന്നൊക്കെ വീമ്പിളക്കുന്നവര്‍ മറ്റു കാര്യങ്ങളില്‍ പഴമയിലേക്കു മടങ്ങുന്നില്ലല്ലോ. കാറില്‍ നിന്നും കാളവണ്ടിയിലേക്ക് പോകാമല്ലോ, എന്തേ അത് പരിഗണിക്കുന്നില്ല? കാലം മുന്നോട്ടു ഒഴുകുമ്പോള്‍ ഒഴുക്കിനെതിരെ നീന്തുന്നതും തനിക്കും സമൂഹത്തിനും തന്നെ ദ്രോഹമായിരിക്കും. പണ്ടുള്ളവര്‍ ഇരുമ്പ് ഗുളികയും കാത്സ്യം ഗുളികയും കഴിച്ചില്ല, ഫോളിക് ആസിഡ് കണ്ടിട്ടേ ഇല്ല, സ്കാനിംഗ് എന്താണെന്നു അറിയുക പോലുമില്ല എന്നൊക്കെ പറയുമ്പോഴും, എല്ലാ സൗകര്യങ്ങളും കൈയെത്തുന്നിടത്ത് ഉണ്ടായിട്ടും സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാന്‍ അതൊന്നും തന്നെ ചെയ്യാത്തത് അമ്മയോടും കുഞ്ഞിനോടും ചെയ്യുന്ന ദ്രോഹം തന്നെയാണ്.
ഇനി അവസാനമായി ഒരിക്കൽ കൂടി…എന്റെ ഭാര്യ വീട്ടിൽ പ്രസവിക്കുന്നതിനു തനിക്കെന്താ ദണ്ണമെന്നുള്ളതിനുള്ള മറ്റൊരു ഉത്തരം..അഞ്ഞൂറിനു മുകളിലെ മാതൃമരണനിരക്ക് നൂറിൽ താഴെയും ശിശുമരണനിരക്ക് പത്തോടടുത്തുമൊക്കെ കൊണ്ടുവന്നത് ഒരുപാട് പേരുടെ പ്രയത്നവും സമയവും പണവും ഒക്കെ ചിലവാക്കി ഒരുപാട് നാളുകൊണ്ടാണ്. ഒരു സ്ത്രീ വീട്ടിൽ പ്രസവിച്ചാൽ ചിലപ്പോൾ ഒന്നും സംഭവിക്കില്ലായിരിക്കാം.പക്ഷേ അതുകണ്ട് വീണ്ടുവിചാരമില്ലാതെ നൂറുപേർ, ആയിരം പേർ തുനിഞ്ഞാൽ ഡീഫ്തീരിയ തിരിച്ച് വന്നതുപോലെ മാതൃ-ശിശു മരണനിരക്കും പഴയപടിയാവും..
അത് ആരോഗ്യപ്രവർത്തകരുടെ പടുതോല്‍വിയാണ്…ലേശം ദണ്ണമുണ്ട്..
വാൽ : പ്രസവവും ആൾട്ടർനേറ്റീവ് മെഡിസിനും അന്ധവിശ്വാസങ്ങളും മതവുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെടുത്തിയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവർക്കും അബദ്ധം പറ്റിയ സംഭവങ്ങളുണ്ട്. പരീക്ഷണം നടത്തുന്നവരില്‍ വിവരമുള്ളവരും യഥേഷ്ടം. ഒടുക്കം രക്ഷയില്ലാതാകുമ്പോള്‍, എല്ലാം ഏറ്റു വാങ്ങാന്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ ജീവിതം പിന്നെയും ബാക്കി…