· 3 മിനിറ്റ് വായന

ഒമൈക്രോൺ

Uncategorized
കഴിഞ്ഞ കുറച്ചു കാലം കൊണ്ട് നമുക്ക് പരിചിതമായ ആ വാർത്ത വീണ്ടും കേൾക്കാൻ തുടങ്ങിയിരിക്കുന്നു -” കൊറോണ വൈറസിന്റെ പുതിയ വകഭേദം എത്തി, ആശങ്കകൾ വർദ്ധിക്കുന്നു ! “
?ഏറ്റവും പുതിയത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപകമായി രൂപമാറ്റവുമായി എത്തിയ പതിപ്പാണ് – ജനിതക വ്യതിയാനം (മ്യൂട്ടേഷനുകളുടെ) ഒരു നീണ്ട നിര തന്നെ ഇതിന് പുറകിൽ ഉണ്ട് .”അസാധാരണമായ മ്യൂട്ടേഷനുകൾ” ഉണ്ടെന്നും അത് പ്രചരിച്ച മറ്റ് വേരിയന്റുകളിൽ നിന്ന് “വളരെ വ്യത്യസ്തമാണ്” എന്നുമുള്ള പ്രാഥമിക നിഗമനങ്ങളിൽ ശാസ്ത്രസമൂഹം എത്തിചേർന്നിട്ടുണ്ട്..
?ആൽഫ, ഡെൽറ്റ എന്നിങ്ങനെയുള്ള ഗ്രീക്ക് കോഡ്-നാമങ്ങളുടെ പാറ്റേൺ പിന്തുടർന്ന് ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേരിട്ടു.
?സ്പൈക്ക് പ്രോട്ടീനിൽ ആണ് പ്രധാന മ്യൂട്ടേഷനുകൾ എല്ലാം എന്നതാണ് ഇതിന്റെ സവിശേഷത. നമ്മുടെ ശരീരത്തിന്റെ കോശങ്ങളിലേക്ക് വാതിൽ തുറക്കാൻ വൈറസ് ഉപയോഗിക്കുന്ന താക്കോലും മിക്ക വാക്സിനുകളുടെയും ലക്ഷ്യകേന്ദ്രവും ആണ് ഈ പ്രോട്ടീൻ.
?ദക്ഷിണ ആഫ്രിക്കയിലെ ഗോട്ടങ്ങിൽ പെട്ടെന്നുണ്ടായ കോവിഡ് രോഗികളുടെ വർധനവിൽ നിന്നാണ് ഇങ്ങനെ ഒരു പുതിയ ജനിതക വകഭേദത്തിന്റെ സാധ്യത അവിടുത്തെ ശാസ്ത്രജ്ഞന്മാർ ചിന്തിച്ചു തുടങ്ങിയത്. ഒമൈക്രോൺ (B1.1.529) എന്ന വകഭേദത്തെ ലോകാരോഗ്യ സംഘടനയിലേക്ക് ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നത് നവംബർ 24ആം തിയ്യതിയാണ്. ഗോട്ടങ് കൂടാതെ ബോട്ട്സ്വാന, ഹോങ്ക്കൊങ്‌ എന്നിവിടങ്ങളിലും ഈ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഹോങ്ക്കൊങ്ങിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്ര ചെയ്തു വന്ന ആളിൽ ആണ് ഈ വകഭേദത്തെ കണ്ടെത്തിയത്. ഈ അടുത്തായി ദക്ഷിണ ആഫ്രിക്കയിൽ ഉണ്ടായ കോവിഡ് തരംഗങ്ങളിൽ പലതും ഈ പുതിയ ജനിതക വ്യതിയാനം വന്ന സാർസ് കൊറോണ വൈറസ് 2 കാരണം ആയിരിക്കാം എന്നാണ് ഊഹം. നിലവിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്നും ഒത്തിരി കൂടുതൽ വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് ആണ് എന്നതിനാൽ ഉത്കണ്ഠപ്പെടേണ്ട വൈറസ് വിഭാഗം (Variant of Concern) ആയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ഇതിനെ കണക്കാക്കുന്നത്. നേരത്തെ രോഗം വന്നവരിൽ വീണ്ടും ആണുബാധ ഉണ്ടാക്കാൻ ഉള്ള കഴിവ് ഈ വ്യതിയാനത്തിന് കൂടുതൽ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഉള്ള പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെങ്കിലും പി സി ആർ ടെസ്റ്റ് ഉപയോഗിച്ച് കണ്ടെത്തുന്ന വൈറസിന്റെ ചില ജീനുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ഈ വ്യത്യാസം വകഭേദത്തെ കണ്ടെത്താൻ ഉള്ള ഒരു എളുപ്പമാർഗ്ഗം ആയി ഉരുത്തിരിഞ്ഞു വരാനും തരമുണ്ട്. വ്യാപന ശേഷി കൂടുതൽ ആയിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും
ഈ വിഭാഗത്തിനെതിരെ വാക്‌സിനുകൾ ഫലിക്കില്ലെന്നും , ഈ വൈറസ് ഇതു വരെ വന്ന വ്യതിയാനങ്ങളെക്കാൾ അക്രമകാരി ആയിരിക്കുമെന്നും ഉള്ള പ്രചരണങ്ങളിൽ കഴമ്പില്ല. ഈ കാര്യങ്ങളിൽ വേണ്ടത്ര തെളിവുകൾ ലഭ്യമായിട്ടില്ല. കൂടുതൽ പഠനങ്ങൾ ആവശ്യമാണ്‌.
?ഈ ഘട്ടത്തിൽ ശാസ്ത്രലോകവും ആരോഗ്യ സംവിധാനങ്ങളും വളരെ ജാഗരൂഗരായി ഇരിക്കേണ്ടത് ആവശ്യമാണ്‌. കോവിഡ് തരംഗങ്ങൾ കെട്ടടങ്ങുന്ന ഇടവേളകൾ വിശ്രമിക്കാനുള്ളതല്ല മറിച്ചു വൈറസിന് വേണ്ടിയുള്ള തിരച്ചിലും പഠനങ്ങളും ശക്തമാക്കാനുള്ള സമയമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കോവിഡ് ക്ലസ്റ്ററുകൾ പെട്ടെന്ന് ശ്രദ്ധയിൽ പെടുകയും ആ ഭാഗങ്ങളിൽ നിന്നുള്ള വൈറസുകളിൽ ജനിതക പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും വേണം. പൊതുജനത്തിന് ആവട്ടെ കോവിഡിനെതിരെ ശീലിച്ചു പോന്ന വ്യക്തി സുരക്ഷാ മാർഗങ്ങൾ കൈ വിടാറായില്ല എന്നൊരു മുന്നറിയിപ്പും കൂടി ആവും പുതിയ വകഭേദത്തിന്റെ കണ്ടെത്തൽ. രാജ്യങ്ങൾ തമ്മിലുള്ള അകലം എത്ര ചെറുതാണെന്ന് കോവിഡ് നമുക്ക് നേരത്തെ കാണിച്ചു തന്നതാണല്ലോ.
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ