· 6 മിനിറ്റ് വായന

രോഗ നിർണയത്തിന്റെ നാൾ വഴികൾ

Current Affairsനൈതികതപൊതുജനാരോഗ്യം

ആ കൈകള്ക്ക് പറയാനുണ്ടായിരുന്നത് – ഡോക്ടർസ് ദിന പോസ്റ്റ്:

പതിവിലും കൂടുതല് തിരക്കുള്ള ഒരു ഒപി ദിവസം.. ഇടയ്ക്ക് ആശുപത്രിയിലെ സീനിയര് ഗൈനക്കോളജിസ്റ്റിന്റെഫോണ്..

“ജമാല്…ഞാന് ഒരു കുട്ടിയെ അങ്ങോട്ട്‌ അയക്കുന്നുണ്ട്.. 8 മാസം ഗര്ഭിണിയാണ്. ഇടയ്ക്കിടെ പനി വരുന്നുണ്ടെന്നു പറയുന്നു… ഒന്ന് നോക്കൂ”.

ഏതാനും മിനിട്ടുകള് കഴിഞ്ഞപ്പോഴേക്കും ആള് എത്തി. വീല് ചെയറില് ആണ് വരവ്. ഒറ്റനോട്ടത്തില് തന്നെ ക്ഷീണിച്ചു പരവശമായ ഒരു രൂപം… വിളറി വെളുത്തിരിക്കുന്നു.

“എന്താ പ്രശ്നം?” ഞാന് ചോദിച്ചു.

“ഇടയ്ക്കിടെ പനി വരുന്നുണ്ട്.”

“എത്ര കാലമായി അങ്ങനെ?”

“2 മാസത്തോളമായി… ഇടയ്ക്കിടെ വിറയലോടെ പനിക്കും… പനി അല്ലാതെ മറ്റു പ്രശ്നങ്ങള് ഒന്നും ഇല്ല.”

“ഇത്രയും കാലമായി പനിക്ക് വേണ്ടി ആരെയും കാണിച്ചില്ലേ?”

“കാണിച്ചു… കുറെ ഡോക്ടര്മാരെ മാറി മാറി കാണിച്ചു…എല്ലാവരും മരുന്ന് തന്നു.. കഴിക്കുമ്പോള് കുറവുണ്ട്… പക്ഷെ വീണ്ടും പനി വരുന്നു… ഒരാളെ കാണിച്ചു കുറയാത്തത് കൊണ്ട് അടുത്ത ആളുടെ അടുത്തേക്ക്… അങ്ങനെ പലരെയും കണ്ടു.”

ഭര്ത്താവുമൊന്നിച്ചു തമിഴ്നാട്ടില് ആണ് താമസം. പ്രസവം അടുക്കാറായ കാരണം നാട്ടിലേക്ക് വന്നിരിക്കുകയാണ്. പോഷകാഹാരക്കുറവുമൂലമുള്ള ആരോഗ്യക്കുറവും വിളര്ച്ചയും ആയിരിക്കും എന്നാണു ഒറ്റ നോട്ടത്തില് തോന്നിയത്. ഓപിയില് ഞാന് കണ്ട സമയത്ത് അവര്ക്ക് പനി ഇല്ല. പനി എന്ന ഒരു തോന്നല് മാത്രമാണോ എന്നും സംശയിച്ചു. പക്ഷെ വിളര്ച്ച എത്രത്തോളം ഉണ്ടെന്നും കാരണം എന്താണെന്നും കണ്ടു പിടിച്ചു ചികില്സിക്കെണ്ടതുണ്ട് .

പരിശോധനയില് വിളര്ച്ച അല്ലാതെ കാര്യമായി ഒന്നും കണ്ടില്ല. കുഞ്ഞു വയറ്റില് ഉള്ളത് കാരണം സാധാരണ പോലെ വിശദമായി വയര് പരിശോധിക്കാന് കഴിഞ്ഞുമില്ല. കൈകള് പരിശോധിച്ച കൂട്ടത്തില് നേരിയ ചുവന്ന തിണര്പ്പ് പോലെയുല്ലേ ചില പുള്ളികള് കണ്ടു. ഇത് എത്ര നാള് ആയി എന്ന് ചോദിച്ചപ്പോള് കുറച്ചു കാലമായി ഉണ്ട്. അമര്ത്തുമ്പോള് വേദനയും ഉണ്ടെന്നു പറഞ്ഞു. വൈകീട്ട് കാണുമ്പോള് വിശദമായി നോക്കാം. സ്കിന് ഡോക്ടറോട് അഭിപ്രായം ചോദിക്കുകയും ചെയ്യാം എന്നൊക്കെ മനസ്സില് കരുതി തല്ക്കാലം അതില് നിന്ന് ശ്രദ്ധ മാറ്റി.

പനിയും ക്ഷീണവും രക്തക്കുറവും!!
ഒരു ഡോക്ടര്ക്ക് ചിന്തിച്ചു തല പുകയ്ക്കാന് ഇത് തന്നെ ധാരാളം മതി. രക്തക്കുറവ് എന്തുകൊണ്ടെന്ന് അറിയാന് വേണ്ടിയുള്ള കുറച്ചു ടെസ്റ്റുകള് കേസ് ഷീറ്റില് എഴുതിയിട്ടു. ഒപ്പം പനി വരുന്നുണ്ടോ എന്ന് കൃത്യമായി നോക്കി എഴുതി വെക്കാന് സിസ്റ്റര്മാരോട് ആവശ്യപ്പെട്ടു. പനി ഉണ്ടെന്നു ഉറപ്പായിട്ടു മതിയല്ലോ ആ വഴിക്ക് അന്വേഷിക്കാന്.

ഇതിനിടയില് മാസം തികയാത്ത കുഞ്ഞിനെ അവര് പ്രസവിച്ചു. കുഞ്ഞു തീരെ തൂക്കം കുറവ്. സ്വഭാവികമായും കുഞ്ഞിനെ New born ICU വില് അഡ്മിറ്റ്‌ ആക്കി.

രാത്രി റൌണ്ട്സ് സമയത്ത് അവരെ വീണ്ടും കണ്ടു. അപ്പോള് നന്നായി പനിക്കുന്നുണ്ട്. സംസാരിക്കുമ്പോള് ചെറുതായി കിതക്കുന്നുണ്ട്‌. നേരത്തെ അതുണ്ടായിരുന്നില്ല.

“ശ്വാസം മുട്ടുന്നുണ്ടോ? ഞാന് ചോദിച്ചു.”

“ഉണ്ട്.”

“കിടക്കുമ്പോള് കൂടുതലായി തോന്നുന്നുണ്ടോ?”

“ഉണ്ട്”

വീണ്ടും ഉച്ചക്ക് കേട്ട കാര്യങ്ങള് ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി. വിശദമായി വീണ്ടും പരിശോധിച്ചു.
ഉച്ചക്ക് ഇല്ലാതിരുന്ന ചില മുരള്ച്ച ഹൃദയമിടിപ്പിനിടയിലൂടെ ഇപ്പോള് കേള്ക്കാന് കഴിയുന്നുണ്ട്. ഹൃദയത്തിലെ ഒരു വാല്വിന് ഒരു ലീക്ക്. പെട്ടന്ന് ഒരു ലീക്ക് വരുമ്പോള് സ്വാഭാവികമായും ശ്വാസം മുട്ടല് അനുഭവപ്പെടും. ഉച്ചക്ക് ഞാന് കണ്ടു പ്രാധാന്യം കൊടുക്കാതെ വിട്ട കൈകളിലെ പുള്ളികള് പെട്ടന്ന് മനസിലേക്ക് ഇരച്ചെത്തി. ആ കൈകളിലേക്ക് വീണ്ടും നോക്കി. ആ പുള്ളികള് കൂടുതല് തിളക്കത്തോടെ അവിടെയുണ്ട്. തൊടുമ്പോള് വേദനയും.

ഇപ്പോള് കാര്യങ്ങള് എല്ലാം പകല് പോലെ വ്യക്തം. അങ്ങേയറ്റം ഗൌരവമുള്ള ഒരു അസുഖത്തെയാണ്‌ രോഗിയും അവരിലൂടെ ഞാനും അഭിമുഖീകരിക്കുന്നത്. ഹൃദയത്തിനുള്ളില് അണുബാധ… Infective endocarditis എന്നാണ് വൈദ്യ ശാസ്ത്രം അതിനെ വിളിക്കുന്ന പേര്.

ഹൃദയ വാല്വുകളുടെ അടിയിലാണ് പ്രധാനമായും അണുബാധയുണ്ടാവുന്നത്. വാല്വ് നാശമായി ലീക്ക് വരികയും ഹൃദയത്തിന്റെ പ്രവര്ത്തനം തകരാറില് ആവുകയും ചെയ്യും. അത് മാത്രമല്ല അണുക്കളും മറ്റു ചില ഘടകങ്ങളും അടങ്ങുന്ന കൊച്ചു രക്ത കട്ടകള് വാല്വില് നിന്നും തെറിച്ചു രക്തക്കുഴലുകളിലൂടെ കയറി ഇറങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളില് പോയി അടിഞ്ഞു കൂടുകയും ചെയ്യും. ചെറുതോ വലുതോ ആയ രക്തക്കുഴലുകളെ ബ്ലോക്ക് ആക്കുകയും ചെയ്യാം ചിലപ്പോള്. അത്തരത്തില് വാല്വില് നിന്നും അടര്ന്നു പോന്ന കുഞ്ഞു കഷ്ണങ്ങളാണ് നേരത്തെ അവരുടെ കയ്യിലെ തിണര്ത്ത പാടുകളായി കണ്ടത്. തലച്ചോറിലെ രക്തക്കുഴലിലേക്ക് പോയാല് ഒരു വശം തളര്ന്നു പോവാം. മനസ് കാണാത്തത് കണ്ണുകളും കാണില്ല എന്നാണ് മെഡിക്കല് ഫീല്ഡിലെ ചൊല്ല്. നേരത്തെ അത് കണ്ടെങ്കിലും Infective endocarditis എന്ന സാധ്യത മനസ്സില് കാണാത്ത കാരണമാണ് കയ്യിലെ പാടുകള്ക്ക് വേണ്ട ശ്രദ്ധ കൊടുക്കാന് കഴിയാഞ്ഞത്.

പ്രാഥമിക രക്ത പരിശോധന റിപ്പോര്ട്ടുകള് അപ്പോഴേക്കും വന്നിട്ടുണ്ടായിരുന്നു. ഹീമോഗ്ലോബിന്, Platelet കൌണ്ട് എല്ലാം കുറവ്. ESR നൂറിനു മുകളില്, എല്ലാം എന്റെ സംശയത്തെ ശരിവെക്കുന്ന റിപ്പോര്ട്ടുകളാണ്.
എക്കോ ടെസ്റ്റ് ചെയ്യാനും തുടര്ന്നുള്ള ചികിത്സ പ്ലാന് ചെയ്യാനുമായി കാർഡിയോളജിസ്റ്റിന്റെ സഹായം തേടി. അണുബാധ നിയന്ത്രണവിധേയമാക്കാന് ആന്റിബയോട്ടിക്‌സും ഹൃദയത്തിന്റെ പ്രവര്ത്തനക്ഷമത കൂട്ടാനുള്ള മരുന്നുകളും അപ്പോള് തന്നെ തുടങ്ങുകയും ചെയ്തു.

എക്കോ ചെയ്തപ്പോള് പ്രതീക്ഷിച്ച പോലെ തന്നെ വാല്വിനടിയില് അണു ബാധയുണ്ട്. വാല്വ് കീറിപ്പോയി രക്തം വഴിതെറ്റി ഒഴുകുന്നുമുണ്ട്. കൂടുതല് മോശമാവുന്നെങ്കില് ഉടനടി സര്ജറി ചെയ്തു വാല്വ് മാറ്റി വെക്കണം. ഒട്ടും എളുപ്പമല്ലാത്ത മേജര് സര്ജറിയാണ്. പൊതുവേ ആരോഗ്യം കുറഞ്ഞ സ്ത്രീയാണ്. മുന്കൂട്ടി തയ്യാറെടുപ്പ് നടത്തി രോഗിയെ പരമാവതി stabilize ചെയ്ത ശേഷം ചെയ്യുന്ന സര്ജറി പോലെയല്ല.
കൂടുതല് പ്രയാസകരമായിരിക്കും. സര്ജറിക്കിടെ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
റൌണ്ട്സ് കഴിഞ്ഞു വീണ്ടും അവരെ ഒന്ന് കൂടി പോയി കണ്ടു. കുറച്ചു സമയം കൊണ്ട് തന്നെ സ്ഥിതി വീണ്ടും മോശമായി. എന്നോട് സംസാരിക്കാന് പോലും കഴിയാത്ത വിധം ശ്വാസം മുട്ട്. കൂടാതെ ഇടത്തെ കയ്യിലെ പ്രധാന രക്തക്കുഴല് ക്രമേണ അടയാന് തുടങ്ങിയിട്ടുണ്ട്. കയ്യിന്റെ കടുത്ത വേദനയും ക്രമേണ പടര്ന്നു വരുന്ന നീല നിറവും എന്റെ ആശങ്കകള് പതിന്മടങ്ങ്‌ വര്ധിപ്പിച്ചു.

ഹൃദയ ശസ്ത്രക്രിയക്കു വേണ്ട എല്ലാ സൗകര്യങ്ങളും ആശുപത്രിയില് ഉണ്ട്. ഒരു മുഴുവന് സമയ സര്ജനും ഓണ്കാള് അടിസ്ഥാനത്തില് വരുന്ന വേറെ ഒരു സര്ജനും ഉണ്ട്. സര്ജനുമായി കാര്യങ്ങള് ചര്ച്ച ചെയ്തു.

“ജമാല്.. സര്ജറി ചെയ്യാന് തടസ്സങ്ങള് ഒന്നും ഇല്ല. പക്ഷെ നമ്മള് പരിഗണിക്കേണ്ട വേറെ ചില കാര്യങ്ങള് കൂടിയുണ്ട്. Unstable ആയ രോഗിയില് അടിയന്തിരമായി ചെയ്യുന്ന സര്ജറിയാണ്. രോഗി മരണപ്പെടാനുള്ള സാധ്യത തള്ളിക്കളയാന് കഴിയില്ല. ഒരു വന്കിട കോർപ്പറേറ്റ് ആശുപത്രി സെറ്റപ്പില് ആണെങ്കില് ആ മരണം ആളുകള് എളുപ്പം ഉൾക്കൊള്ളും. എന്നാല് നമ്മുടെ ആശുപത്രിയില് അത്തരം ഒരു മരണം, അതും പ്രസവം കഴിഞ്ഞ ഉടനെ ആളുകള് അംഗീകരിക്കില്ല. ആശുപത്രി തല്ലി പൊളിക്കല്, ഡോക്ടറെ കയ്യേറ്റം ചെയ്യല് തുടങ്ങി എല്ലാം ഉണ്ടാവാം. നമ്മള് ഇത് തൊടാതിരിക്കുന്നതല്ലേ ബുദ്ധി?” സര്ജന് അദ്ധേഹത്തിന്റെ ആശങ്കകള് പങ്കുവെച്ചു.

വളരെ ശരിയാണ്, ചെയ്യാന് ഉള്ള കേസ് സെലക്റ്റ് ചെയ്യുമ്പോള് ഇന്നത്തെ കാലത്ത് അതൊക്കെ ആലോചിക്കണം. സ്വന്തം കരിയര് വരെ അപകടത്തിലാവുന്ന തരത്തില് റിസ്ക്‌ ഉള്ള കേസ് ചെയ്യാന് ആരും മടിക്കും. സമൂഹം ഡോക്ടര്മാരെ അങ്ങനെ ആക്കി തീര്ത്തിട്ടുണ്ട്. ദിവസേന അതിനുള്ള ഉദാഹരണങ്ങള് നമ്മള് കണ്ടു കൊണ്ടിരിക്കുന്നതാണല്ലോ.

കണ്മുന്നില് രോഗിയുടെ സ്ഥിതി മോശമാവുന്നു. വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് വിടുക എന്നതാണ് മുന്നിലുള്ള ഒരു വഴി. പക്ഷെ ഞാന് പറഞ്ഞു വിടുന്ന ആശുപത്രിയിലും കേസ് ചെയ്യാന് തയാറായില്ലെങ്കില് പിന്നെ രക്ഷയില്ല. റിസ്ക്‌ എടുത്തു രോഗിയെ ഷിഫ്റ്റ്‌ ചെയ്തതുകൊണ്ട് ഗുണം ഉണ്ടെന്നു ഉറപ്പു വരുത്തണമല്ലോ. രാത്രി വളരെ വൈകുകയും ചെയ്തു. രോഗിയെ മാത്രമല്ല, മാസം തികയാതെ പ്രസവിച്ചു ICU വില് കിടക്കുന്ന കുഞ്ഞിനെ കൂടി റെഫര് ചെയ്യണം. രണ്ടും എളുപ്പമല്ല, എന്ത് ചെയ്യണം എന്ന് ആകെ സംശയമായി.

ബുദ്ധിമുട്ടുള്ള കേസ് കൈകാര്യം ചെയ്യുമ്പോള് സ്ഥിരമായി ചെയ്യാറുള്ള പോലെ പല മേഖലകളിയും വിദഗ്ദ്ധ ഡോക്ടര്മാര് ഉള്ള ഒരു whats app ഗ്രൂപ്പില് ചര്ച്ച ചെയ്തു.

“അവിടെ വച്ച് നിങ്ങള്ക്ക് രോഗിയെ stabilize ചെയ്യാന് പറ്റുന്നില്ലെങ്കില് പെട്ടന്ന് പറഞ്ഞു വിട്ടുകൂടെ ജമാല്?” വിദേശത്ത് ജോലി ചെയ്യുന്ന cardiologist ന്റെ ചോദ്യം..

“എങ്ങോട്ടാണ് വിടുക ?” ഞാന് ചോദിച്ചു..

“നമ്മുടെ ഗ്രൂപ്പില് തന്നെ അതിനു പറ്റിയ ആള് ഉണ്ടല്ലോ..” കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ കാർഡിയാക് സര്ജന്റെ പേര് പറഞ്ഞു തന്നു,

ഗ്രൂപ്പില് നിന്ന് നമ്പര് തപ്പിയെടുത്തു പാതി രാത്രി ഞാന് ആളെ വിളിച്ചു.. രോഗിയുടെ വിശദ വിവരങ്ങള് പറഞ്ഞു. ഇപ്പോള് തന്നെ വിട്ടോ, നാളെ സര്ജറി ചെയ്യാം എന്ന് മറുപടി. ഏകദേശം വരുന്ന ചിലവും ചോദിച്ചു മനസിലാക്കി.

രോഗിയുടെ കൂടെ അമ്മ മാത്രമേയുള്ളൂ. കാര്യങ്ങള് അവരെ പറഞ്ഞു മനസിലാക്കി രോഗിയെ റെഫര് ചെയ്യുക എന്നതാണ് അടുത്ത ജോലി. വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചു പോയി അമ്മയുമായി സംസാരിച്ചു. സര്ജറിക്ക് വേണ്ടി വരുന്ന തുക കേട്ടപ്പോള് അമ്മ കട്ടായം പറഞ്ഞു. “കഴിയില്ല ഡോക്ടറെ.. നിങ്ങള് ഇവിടന്നു ചെയ്യാന് പറ്റുന്ന ചികിത്സ ചെയ്യുക.. ഞങ്ങള് പാവങ്ങളാണ്..”

“ഇവിടെ നിന്ന് ചെയ്യാന് കഴിയുന്ന ചികിത്സ കൊണ്ട് മകള് രക്ഷപ്പെടില്ല. നിങ്ങൾക്ക് മകളും കുഞ്ഞിനു അമ്മയെയും നഷ്ടപ്പെടും. പണം പിന്നീട് എങ്ങനെയെങ്കിലും ഉണ്ടാക്കാം. പക്ഷെ ജീവന് അങ്ങനെയല്ലല്ലോ..”

വീണ്ടും കുറെ നേരം ആലോചന.. ഇതിനിടെ ചെന്നയില് ജോലി ചെയ്യുന്ന ഭര്ത്താവുമായി ഫോണില് സംസാരിച്ചു. കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തി. രാത്രിക്ക് രാത്രി രോഗിയെ കൊച്ചിയിലേക്ക് കൊണ്ട് പോവാന് ഒരു വിധം സമ്മതിപ്പിച്ചു. എല്ലാ ഒരുക്കങ്ങളും ചെയ്ത ശേഷമാണ് തിരിച്ചു പോന്നത്.

പിറ്റേന്ന് രാവിലെ ഒപി നോക്കുന്നതിനിടെ കൊച്ചിയിലെ ഡോക്ടറുടെ മെസ്സേജ് . പുറത്തെടുത്ത കീറി പറിഞ്ഞ വാല്വിന്റെ പടം. ഞാന് ആദ്യമായി കാണുകയായിരുന്നു. സര്ജറി വിജയകരമായി പൂര്ത്തിയാക്കി എന്ന് കേട്ടപ്പോള് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന് വയ്യാത്തതായിരുന്നു. അപകട നില തരണം ചെയ്തു എന്ന് അറിയുന്നത് വരെ അവരുടെ വിവരങ്ങള് തിരക്കുകയും ചെയ്തിരുന്നു.

കുറെ കാലങ്ങള്ക്ക് ശേഷം ആ സ്ത്രീയെ മറ്റൊരു ആശുപത്രിയില് വച്ച് അവിചാരിതമായി കണ്ടു. സ്വന്തം കുഞ്ഞിനെ എടുത്തുകൊണ്ടു അവര് നടന്നു പോവുന്ന കാഴ്ച തന്ന സന്തോഷം ചെറുതല്ല.. അവര് എന്നെ കണ്ടില്ല.

കണ്ടിരുന്നെങ്കിലും തിരിച്ചറിയാന് സാധ്യത കുറവാണ്. അവരോടു സംസാരിക്കുകയും പരിശോധിക്കുകയും ചെയ്ത എന്റെ മുഖം ഓര്ക്കാനുള്ള മാനസികവും ശാരീരികവുമായ അവസ്ഥയില് ആയിരുന്നില്ല അവരന്ന്.
രോഗനിര്ണ്ണയം നടത്തുകയും കൃത്യ സമയത്ത് യോജിച്ച ആളുടെ കയ്യില് രോഗിയെ എത്തിക്കുകയും ചെയ്തു എന്നതില് കവിഞ്ഞു ഈ കഥയില് എനിക്ക് പങ്കില്ല.

എങ്കിലും ഒരു ഡോക്ടര്ക്ക് സന്തോഷിക്കാന് ഈ റോള് തന്നെ ധാരാളമാണ്.

ഈ സംഭവത്തില് ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. Infective endocarditis അത്ര സാധാരണമായി കാണപ്പെടുന്ന അസുഖമല്ല. അതുകൊണ്ട് തന്നെ അത്ര പെട്ടന്ന് ഡോക്ടര്മാരുടെ ശ്രദ്ധയില് വരില്ല. അതിനാല് രോഗനിര്ണ്ണയം നീണ്ടുപോവാന് സാധ്യതയുണ്ട്. എന്നാല് ഈ രോഗിയുടെ കാര്യത്തില് ഇത്ര ഭീകരമായ അവസ്ഥയിലേക്ക് രോഗത്തെ എത്തിച്ചതിന്റെ പ്രധാന കാരണം അവര് ഒരേ അസുഖത്തിന് പല പല ഡോക്ടര്മാരെ മാറി മാറി കണ്ടു എന്നതാണ്. വിട്ടു മാറാത്ത പനിയുമായി ഓരോ തവണയും ഓരോ ആളുകളുടെ അടുത്ത് പോവുന്നതിനു പകരം ഒരേ ആളുടെ അടുത്ത് തന്നെ വീണ്ടും പോയിരുന്നെങ്കില് അസുഖത്തെ കൂടുതല് ഗൗരവത്തിലെടുക്കുകയും കൂടുതല് വിശദമായി പരിശോധനകള് നടത്തുകയും ചെയ്യുമായിരുന്നു. ചുരുങ്ങിയ പക്ഷം അസുഖം കൃത്യമായി മനസിലാക്കാവുന്ന ഒരു സെറ്റപ്പിലേക്ക് രോഗിയെ എത്തിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഇവിടെ അങ്ങനെ ഒരു സ്ഥലത്ത് രോഗി എത്തിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. ഇവരുടെ കേസില് രോഗി രക്ഷപ്പെട്ടെങ്കിലും ജീവിത കാലം മുഴുവന് കൃത്രിമ വാല്വില് രക്തം കട്ട പിടിക്കാതിരിക്കാന് വാര്ഫാറിന് ഗുളിക കഴിക്കണം. വാര്ഫാരിന് ഒരു ഇരു തല മൂര്ച്ചയുള്ള വാളിനെ പോലെയാണ്. മരുന്നിന്റെ പ്രഭാവം കുറഞ്ഞാലും കൂടിയാലും പണി കിട്ടുന്ന ഒന്നാന്തരം വാള്.

കൊച്ചിയിലെ ആശുപത്രിയിലെക്കാള് കുറഞ്ഞ ചിലവില് ഒരു പക്ഷെ ഇതേ സര്ജറി ഞങ്ങളുടെ ആശുപത്രിയില് തന്നെ ചെയ്യാന് കഴിയുമായിരുന്നു. എന്നാല് അതിനു മുതിരാതെ കൂടുതല് പേരും പ്രശസ്തിയും ഉള്ള ആശുപത്രിയിലേക്ക് രോഗിയെ വിടാന് കാരണം ഇന്ന് സമൂഹത്തില് ഡോക്ടര്മാര് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ്. രോഗി മരിച്ചാല് ചികിത്സ പിഴവ് എന്ന് ആരോപിച്ചു അക്രമാസക്തരാവുന്ന ജനക്കൂട്ടം സൃഷ്ടിച്ച അരക്ഷിതാവസ്ഥ.

ഈ രോഗിയുടെ കാര്യത്തില് ഡോക്ടര്മാര് അനുഭവിച്ച മാനസിക പിരിമുറുക്കവും ചെയ്ത പ്രയത്നവും പുറത്തു ആരും അറിയില്ല. ഒരു പക്ഷെ രോഗിയും അടുത്ത ബന്ധുക്കള് പോലും.. ഒരു അസുഖവുമായി ആശുപത്രിയില് പോയി തിരിച്ചു വന്നു എന്നതല്ലാതെ. എന്നാല് രോഗി മരിച്ചിരുന്നെങ്കില് കാര്യങ്ങള് ഇങ്ങനെയൊന്നുമല്ല ആയിത്തീരുക. ഒരു രോഗിയെ ചികിത്സിക്കുമ്പോള് ഡോക്ടര്മാര് എന്ത് ചിന്തിക്കുന്നു എന്നും അവര് അനുഭവിക്കുന്ന പ്രശ്നങ്ങള് എന്തെല്ലാമെന്നും ജനങ്ങള് മനസിലാക്കേണ്ടതുണ്ട്. മരണം എന്നാല് ചികിത്സാ പിഴവ് എന്ന് ലളിതയുക്തി എല്ലായിടത്തും ചേർത്തു വെക്കാവുന്ന ലളിത ഉത്തരമല്ല എന്ന് മനസിലാക്കിയാല് പിരിമുറുക്കം കുറയും. ജനങ്ങളുടെയും ഡോക്ടര്മാരുടെയും…

ലേഖകർ
Dr Jamal TM, completed his mbbs from thrissur govt medical college and MD in internal medicine from calicut medical college. Worked as physician at valluvanad hospital ottapalam for 6 yrs and then migrated to oman. Currently working as specialist physician at Aster -oman al khair hospital , IBRI ,Oman. Special interest in Photography and travel. Blogs at "My clicks and thoughts " www.jamal-photos.blogspot.in
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ