ഈ പുട്ടു തിന്നാൽ കൊഴപ്പണ്ടോ സാറേ
മോഡേൺ മെഡിസിൻ ഡോക്ടർമാർ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആണ് – ”സാർ എന്തൊക്കെ കഴിക്കാം?” എന്നത്. തിരക്ക് കാരണമായിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാൽ ഭക്ഷണക്രമം, പഥ്യം എന്നിവയിലൊന്നും മോഡേൺ മെഡിസിനിൽ ചിട്ടകൾ ഒന്നുമില്ല എന്നൊരു വിചാരം പ്രകടമായുണ്ട്.
‘വെണ്ടയ്ക്ക കഴിക്കരുത്’എന്ന് സ്ഥിരമായി പറയാറുള്ള ഒരു ഡോക്ടർ സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒരു മാതിരി എല്ലാ രോഗികളുടെ അടുത്തും അയാൾ കാച്ചും:
“ആ വെണ്ടയ്ക്ക അങ്ങട് ഒഴിവാക്കിക്കോ – എന്തേ ?”
“ഓ “
പിന്നെ കൂടെ ഓ പി യിൽ ഇരിക്കുന്ന എന്നെ നോക്കി പറയും:
“ഇങ്ങനെ ഒക്കെ പറഞ്ഞാലേ ആളുകൾക്ക് വിശ്വാസം വരൂ – ഈ പഥ്യം ഒക്കെ പറഞ്ഞില്ലെങ്കിൽ എന്ത് ഡോക്ടർ ?”. പഥ്യം പറയേണ്ടത് ഒരു തരം നിയമം പോലെയാക്കിയത് മറ്റ് ചികിത്സാരീതികളാവാം എല്ലാവർക്കും പ്രസക്‌തമല്ലെങ്കിലും ചിലർക്കെങ്കിലും ഭക്ഷ്യനിയന്ത്രണം അൽപം കാര്യമായി തന്നെ വേണ്ടി വന്നേക്കാം.
ഇന്നാണെങ്കിൽ ആളുകൾ ചോദിക്കുന്നത് – “ഈ പുട്ടു തിന്നാൽ കുഴപ്പണ്ടൊ ഡോക്ടർ ?” എന്നാണ്. “കുഴപ്പാവും …ന്നാ തോന്നുന്നത് ….” എന്ന് പറഞ്ഞാൽ പോരാ. ഇന്ന് ആളുകൾക്ക് വിവരമുണ്ട്. ഡോക്ടർമാർക്കും വെണ്ടയ്ക്കക്കും അപ്പുറത്തേക്ക് ചിന്തിക്കാവുന്ന വിവരമുണ്ടവർക്ക്. അതിനുള്ള അറിവുകൾ ഇന്നെളുപ്പത്തിൽ ലഭ്യമാണ് താനും.
കുറച്ചു ചരിത്രം പറയാതെ പൂർത്തിയാവില്ല. 1940 – കളിലാണ് ശരിക്കും ജീവിത ശൈലീ രോഗങ്ങൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരണമുണ്ട്. അതിനു മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ പോലും, ന്യൂമോണിയ, ക്ഷയം, വയറിളക്കം, മെനിഞ്ചൈറ്റിസ് തുടങ്ങി ഉള്ള പരശതം അണുക്കൾ കൊണ്ടുള്ള രോഗങ്ങൾ, പിന്നെ അപകടങ്ങൾ എന്നിവ പരക്കേ ഉണ്ടായിരുന്നു. വൃത്തി, വെടിപ്പ്, അറിവ്, മരുന്നുകൾ, സുരക്ഷ, മെച്ചപ്പെട്ട ചികിത്സ എന്നിവ മൂലം ഇവയെല്ലാം നിയന്ത്രണത്തിൽ വന്നു. മരണനിരക്ക് കുത്തനെ കുറഞ്ഞു. ആളുകൾ അൻപത്-അറുപത് വയസ്സിൽ മരിക്കുന്നത് പതുക്കെ എഴുപത്-എൺപത് എന്ന നിലയിലേക്ക് മാറി.
അപ്പോഴാണ് പതിയെ ഹൃദയസംബന്ധമായ രോഗങ്ങൾ, മസ്തിഷ്കാഘാതം തുടങ്ങിയ രോഗാവസ്‌ഥകൾ മൂലമാണ് ആളുകൾ മരണപ്പെടുന്നത് എന്ന ഒരു ബോധം അധികാരികൾക്ക് വന്നത്. അതായത്, മാറിയ ജീവിത ശൈലികൾ മാത്രമല്ല, മറ്റു രോഗങ്ങൾ മൂലമുള്ള മരണനിരക്ക് കുറഞ്ഞതും ആയുസ്സ് കൂടിയതും അതിപ്രധാന കാരണങ്ങൾ ആണ്.
ഈ വെളിപാടിന്റെ വെളിച്ചത്തിലാണ് ഫ്രെമിങ് ഹാം ഹാർട് സ്റ്റഡി പോലുള്ള ബൃഹത് പഠനങ്ങളുടെ തുടക്കം. അതിൽ നിന്നാണ് പുകവലി, പ്രമേഹം, പൊണ്ണത്തടി, രക്‌താതിമർദ്ദം, രക്തത്തിലെ കൊഴുപ്പുകളുടെ (കൊളസ്ട്രോൾ, ട്രൈ ഗ്ലൈസെറൈഡ്‌സ്, LDL, എന്നിവയും മറ്റു പലതും) അളവിലെ പ്രശ്നങ്ങൾ എന്നിവ ആണ് പ്രധാന അപകടഘടകങ്ങൾ (റിസ്ക് ഫാക്ടേഴ്സ്) എന്ന് കണ്ടു പിടിക്കുന്നത്.
ഇന്നും ലോകത്തിലെ നമ്പർ വൺ കൊലയാളികളാണ് ഹൃദ്രോഗവും മസ്തിഷ്കാഘാതവും.
ഈ ശാസ്ത്രീയ കണ്ടെത്തലുകളിൽ ഇന്ന് വരെ കാതലായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
ഇതിനെതിരെ അന്നത്തെ ആരോഗ്യ പ്രവർത്തകർ കൊണ്ട് വന്നതാണ് കൊഴുപ്പ് തീരെ കുറഞ്ഞ ഭക്ഷണക്രമം എന്നുള്ളത്. അതായത് – പൂരിത കൊഴുപ്പുകൾ (വെണ്ണ, നെയ്യ്, ഇറച്ചിയിലെ എണ്ണ, മുട്ടയിലെ മഞ്ഞ കരു, വനസ്‌പതി തുടങ്ങിയവ) എന്നിവ തീരെ ഒഴിവാക്കി ഉള്ളൊരു ഭക്ഷണം ആണ് ശുപാർശ ചെയ്തത്. സോയ എണ്ണ, ഒലിവെണ്ണ, മുതലായ എണ്ണകൾ വലിയ കുഴപ്പമില്ല എന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നു.
ഈ ഭക്ഷണക്രമം കൊണ്ട് ഗുണം ഉണ്ടായി. 1950 മുതലുള്ള കണക്കെടുത്താൽ രണ്ടായിരം ആണ്ടോടു കൂടി ഹൃദ്രോഗം , മസ്തിഷ്കാഘാതം എന്നിവ കൊണ്ടുള്ള മരണ നിരക്ക് പകുതിയോളം കുറഞ്ഞു . ആയുസ്സും, ആളുകളുടെ വണ്ണവും, തീറ്റയുടെ അളവും കൂടിയിട്ടും ഇത് സംഭവിച്ചു എന്നോർക്കണം.
പക്ഷെ 1970 – 1980 കളോടെ ഒരു കാര്യം മനസ്സിലായി – രണ്ട് റിസ്ക് ഫാക്ടറുകളെ കൂടി ശ്രദ്ധിച്ചേ മതിയാകൂ.
പ്രമേഹം.
പൊണ്ണത്തടി.
അതായത്, പഞ്ചസാര, ധാന്യ സ്റ്റാർച്ചുകൾ (ചോറ്, ബ്രെഡ്, ചപ്പാത്തി ഒക്കെ – പുട്ട് , അപ്പം ഉൾപ്പെടെ), ഉരുള കിഴങ്ങ് എന്നിവ അത്ര നല്ലതല്ല, തടി കൂട്ടും, പ്രമേഹവും കൂട്ടും. ഇത് പണ്ടേ അറിയാമായിരുന്നെങ്കിലും, കൊഴുപ്പ് കുറക്കാനുള്ള ഉപദേശങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോയി. ഉപ്പിന്റെ ഉപയോഗവും കൂടി. സ്റ്റാർച്ചും പഞ്ചസാരയും കണ്ടമാനം കൂടി.
തിന്നുന്ന ഭക്ഷണത്തിന്റെ അളവ് മുപ്പതു ശതമാനം വരെ കൂടി. തടി നന്നായി കൂടി. പ്രമേഹവും കൂടി വരുന്നു.
ഇതേ കാര്യങ്ങൾ നമ്മുടെ നാട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഇതിങ്ങനെ പറഞ്ഞു പോയാൽ നമ്മൾ എവിടെയും എത്തില്ല. കുറെ ഏറെ പറയാതെ വിട്ടിട്ടുണ്ട്. മാത്രമല്ല മഹാ ബോറുമാണ്. പല ലേഖനങ്ങൾ ഇനിയും ഇടാം.
പൊതുവെ പറഞ്ഞാൽ ചുരുക്കത്തിൽ:
പൂരിത കൊഴുപ്പുകൾ – വനസ്‌പതി, പാമോയിൽ , വെണ്ണ , നെയ്യ് , ആട് , മാട് , പോർക്ക് എന്നിവയുടെ കൊഴുപ്പ് , പാല് , ചീസ് – ഇവയുടെ അളവ് കുറക്കുന്നതാണ് നല്ലത്. ട്രാൻസ് ഫാറ്റ് എന്ന് വിളിക്കുന്ന വനസ്‌പതി, ഹൈഡ്രിജെനേറ്റഡ് പാമോയിൽ എന്നിവയാണ് ഏറ്റവും പ്രശ്നം.
അത് മാത്രം പോരാ – പഞ്ചസാര , സ്റ്റാർച് ഉള്ള പുട്ട്, അപ്പം, നൂലപ്പം, ചോറ്, ചപ്പാത്തി, ഉരുളക്കിഴങ്ങ്, മറ്റു കിഴങ്ങുകൾ ഇവയുടെ ഒക്കെ അളവ് കുറക്കണം ! ( മുഴുഗോതമ്പ് കൊണ്ടുള്ള ആട്ട, തവിടുള്ള ചോറ് എന്നിവ മൈദ, വെളുത്ത ചോറ് എന്നിവയെക്കാൾ നല്ലതാണ് – ഗ്ലൈസീമിക് ഇൻഡക്സ് എന്ന ഒരു സാധനം ലേശം കുറവാണ് എന്നതാണ് കാരണം. പക്ഷെ അതിന്റെയും അളവ് കുറക്കുക തന്നെ വേണം.
ഉപ്പും നന്നായി കുറക്കണം .
പിന്നെന്തൂട്ടാ ശവീ തിന്നുക ….എന്നാണ് ചോദ്യം – ല്ലേ ?
മുഴു ധാന്യങ്ങളായ ആട്ട, തവിടു നന്നായുള്ള അരി എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണം കുറച്ചു കഴിക്കാം. അളവ് കുറക്കണം.
തൊലിയും കൊഴുപ്പും ഇല്ലാത്ത ചിക്കൻ, മീനുകൾ കൊഴുപ്പോടു കൂടി തന്നെ – കഴിക്കാം. ഒരു മാതിരി കുഴപ്പമില്ലാത്ത അളവിൽ തന്നെ താങ്ങാം. (ഒരു ഫുൾ ചിക്കൻ അടിക്കാം എന്നല്ല – രണ്ടു മൂന്ന് കഷ്ണം)
പച്ചക്കറികൾ, ഇലക്കറികൾ, ആപ്പിൾ, ഓറഞ്ച്, ചാമ്പക്ക, പേരക്ക, പഴുക്കാത്ത മധുരമില്ലാത്ത മാങ്ങ, ചക്ക, പപ്പായ ഒക്കെ കഴിക്കാം. കിഴങ്ങുകൾ, നല്ല പഴുത്ത തീവ്ര മധുരമുള്ള പഴങ്ങൾ, വാഴപ്പഴം ഇതൊന്നും അധികം വേണ്ടാ.
ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട തിന്നാം. (അതായത് തിന്നുന്ന കൊളസ്ട്രോൾ അല്ല രക്ത കൊഴുപ്പു നിർണയിക്കുന്നത് എന്ന് ഒരു പത്തു വർഷമായി ഉള്ള അറിവാണ്. അതാണ് കൊളസ്ട്രോൾ കുഴപ്പമില്ല, പുതിയ കണ്ടുപിടിത്തം ആണ് എന്നൊക്കെ പറഞ്ഞു ഇറക്കുന്നത്. മറ്റേ ഗൈഡ്ലൈനുകളിൽ ഒരു മാറ്റവും വന്നിട്ടില്ല . രക്ത കൊളസ്ട്രോളും മറ്റും കുറഞ്ഞു തന്നെ ഇരിക്കണം)
കപ്പലണ്ടി, ബദാം, കശുവണ്ടി, ഇതൊക്കെ ഒരു ചെറിയ പിടി ദിനം തട്ടാം. (വലിയ വെടി – സോറി – വലിയ പിടി വേണ്ട.)
ഇതൊക്കെ എങ്ങനെ പറ്റും എന്നാണോ ? അത് ശരി. അപ്പോൾ പ്രകൃതി ചികിത്സകർ ഇതിനപ്പുറം ഉള്ള പഥ്യം പറയുമ്പോൾ ആർക്കും കുഴപ്പമില്ല. പ്രകൃതി ചികിത്സ പലപ്പോഴും ഗുണകരം ആവുന്നത് അങ്ങനെ ആണ്. ശരീര ഭാരം ഭക്ഷണം നിയന്ത്രിച്ചു ഒരു അഞ്ചു പത്തു കിലോ കുറഞ്ഞാൽ ലേശം തടിയുള്ള ഒരു വ്യക്തിയുടെ ആരംഭ ദശയിൽ ഉള്ള പ്രമേഹവും രക്താതിമർദ്ദവും പൂർണമായും നിയന്ത്രണത്തിൽ ആകാൻ നല്ല സാധ്യത ഉണ്ട്. ഇത് ശാസ്ത്രീയമായി പതിറ്റാണ്ടുകളായി അറിയാവുന്ന കാര്യമാണ്. ഇതിനെയാണ് പ്രമേഹം പൂർണമായും മാറി എന്നൊക്കെ പറഞ്ഞ് ഇറക്കുന്നത്.
അതായത് പൊന്നു സുഹൃത്തേ,
ഭക്ഷണത്തിന്റെ പൊതുവായ അളവ് നന്നായി കുറക്കണം. അറുപതു കിലോ ഉള്ള പുരുഷൻ 1800 കലോറിയെ ഒരു ദിവസം കഴിക്കാവൂ. സ്ത്രീ ആണെങ്കിൽ 1700 കലോറി. (പൊതുവെ പറയുന്നതാണ് – ഇപ്പോഴുള്ള ഭാരം വച്ചു കണക്ക് ഒക്കെ ഉണ്ട് – ബി എം ഐ ഒക്കെ പറയേണ്ടി വരും. അത് വേറെ ഒരു ലേഖനത്തിൽ).
അതായത് നമ്മൾ പുട്ട് ആണ് തിന്നുന്നത് എങ്കിൽ – രണ്ടു കുറ്റി പുട്ട്, പഞ്ചസാര കൂട്ടി ഒരിക്കലും അടിക്കരുത്. ഒരു അര കുറ്റി (കാൽ കുറ്റി ആയാലും കുഴപ്പമില്ല) പുട്ട് ഒരു പ്ലേറ്റ് പുഴുങ്ങിയ കടല കറിയുടെ കൂടെ തിന്നുക . കറി ഒലിവ് ഓയിലോ, സൺഫ്ലവർ ഓയിലോ, ചുരുങ്ങിയ പക്ഷം വെളിച്ചെണ്ണയോ ഉപയോഗിച്ചു പാകം ചെയ്യുക. കൂടെ ഒരു ഓറഞ്ചും തിന്നുക. അപ്പോൾ നമ്മൾ എന്തൊക്കെ നേടി ?
അളവ് കുറച്ചു, കൂടെ കടല കഴിച്ചപ്പോൾ ധാന്യ പ്രോടീനും പയർ വർഗ പ്രോടീനും ചേർന്ന് കുറച്ച് കൂടി നല്ല ക്വാളിറ്റി പ്രോടീൻ ആയി. ഓറഞ്ചു കഴിച്ചപ്പോൾ നാരും വിറ്റാമിനുകളും കുറച്ചു കിട്ടി. പ്രോട്ടീൻ, കുറച്ചു നല്ല കൊഴുപ്പുകൾ എന്നിവ കൂട്ടി പുട്ടു കഴിക്കുമ്പോൾ മൊത്തം ഭക്ഷണത്തിന്റെ ഗ്ലൈസീമിക് ഇൻഡക്സ് കുറയും. ബ്ലഡ് ഷുഗർ കൂടുന്നത് പതുക്കെയായിരിക്കും. അതിനാൽ വീണ്ടും പെട്ടെന്ന് വിശക്കില്ല. പെട്ടെന്ന് വിശക്കാത്തത് കൊണ്ട് കലോറി അളവും കുറക്കാം. പ്രമേഹ സാധ്യതയും കുറയും.
ഇല്ലെങ്കിൽ ഒരു കാൽ കുറ്റി പുട്ട് ചിക്കൻ കറിയോ ഒരു മുട്ട ബുൾസ് ഐയോ കൂട്ടി അടിക്കാം. രണ്ടു മൂന്നു കഷ്ണം ചിക്കൻ നല്ല എണ്ണയിൽ പാകം ചെയ്തത്. മീൻ കറി ആയാലോ- ഓ, ബെസ്റ്റല്ലേ.
വല്ലപ്പോഴും ബീഫും കൂട്ടി അടിക്കാം. അളവ് കൺട്രോളിൽ വേണം – കൺട്രോൾ – അതാണ് ഏറ്റവും വേണ്ടത്. ശരീര ഭാരം കൺട്രോളിൽ നിക്കണം.
ഇതൊക്കെ ചെയ്താലും – ബ്ലഡ് ഷുഗർ, രക്ത സമ്മർദം, രക്ത കൊഴുപ്പുകളുടെ അളവ് എന്നിവ ഇടക്ക് നോക്കി കൺട്രോളിൽ ആക്കാൻ ഡോക്ടറുടെ അടുത്തു പോകുകയും വേണം. എന്താല്ലേ – മരുന്ന് മാഫിയ. പക്ഷെ വേണമെങ്കിൽ മതി കേട്ടോ. ആരും നിർബന്ധിക്കുന്നില്ല. പക്ഷെ ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ചു അങ്ങനെ ചെയ്യുന്നത് ഒരാളുടെ ആരോഗ്യത്തിനു നല്ലതാണ് – ശരാശരി കണക്ക് നോക്കിയാൽ.
ഉച്ചക്ക് പൊറോട്ട അടിക്കാം. കുഴപ്പം ഒന്നും ഇല്ല. പൊറോട്ട ഉണ്ടാക്കുന്നത് മൈദാ കൊണ്ടാണ്. പക്ഷെ പൊറോട്ടയിൽ കുറെ കൊഴുപ്പ് ഉണ്ട്. അതിനാൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അത് കൊണ്ട് തന്നെ മൈദാ വിഭവങ്ങൾ ഒറ്റക്ക് തിന്നാലുള്ള ബ്ലഡ് ഷുഗർ പ്രശ്നം പൊറോട്ടക്ക് ഇല്ല !
പക്ഷെ പൊറോട്ടക്ക് കലോറി കൂടുതൽ ആണ്. വനസ്‌പതി കൊണ്ടാണ് മിക്കപ്പോഴും പൊറോട്ട ഉണ്ടാക്കുന്നത്.
പൊറോട്ട തിന്നാം. ഉച്ചക്ക് ഒരൊറ്റ വലിയ പൊറോട്ടയെ തിന്നാവൂ. അത് സൺഫ്ലവർ ഓയിൽ. ഒലിവ് ഓയിൽ, കുറഞ്ഞ പക്ഷം വെളിച്ചെണ്ണ – ഇതിൽ ഉണ്ടാക്കിയത് ആയിരിക്കണം. കൂടെ ചിക്കൻ തിന്നാം. മീൻ തിന്നാം. രണ്ടോ മൂന്നോ ചെറിയ പീസ്. സാലഡ് കൂടെ കഴിച്ച് ഒരു ആപ്പിളും കഴിച്ചാൽ ബാലൻസ്ഡ് ആയി. ഒരു പൊറോട്ട മതിയേ…
അപ്പൊ പറഞ്ഞു വന്നത് – പുട്ടു തിന്നാം. പുട്ടല്ല പ്രശ്നം. ദേ …പുട്ട് എങ്ങനെ തിന്നുന്നു എന്നതാണ്. ആക്രാന്തം മൂത്തു വാരി വാരി വിഴുങ്ങരുത്. അളവാണ് പ്രധാനം. കൂടെ എന്തൊക്കെ കഴിക്കുന്നു ? പൊതുവെ ആഹാര ക്രമം എങ്ങനെ ? ശരീര ഭാരം നിയന്ത്രണത്തിൽ ആണോ – ഇതൊക്കെ നോക്കണം.