കീറ്റോ ഡയറ്റും ചില ഭക്ഷണ വിഷയങ്ങളും
ശരീര ഭാരം കുറക്കുന്നത് ഇപ്പോൾ ഒരു ഫാഷൻ ആണ്. എന്നാൽ, അതിനേക്കാൾ ഉപരി ആയി അതിന് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ ?
ഒരു കാര്യം ഉറപ്പാണ്. പൊണ്ണത്തടി പ്രശ്നമാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയടക്കം പല രോഗങ്ങളും വരാൻ ഉള്ള സാധ്യത പൊണ്ണത്തടി ഉള്ളവരിൽ കൂടുതൽ ആണ്.
എന്താണ് പൊണ്ണത്തടി ?
ബി എം ഐ എന്ന് പറയുന്ന സാധനം മുപ്പതിന് മേലെ ആണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം. സ്വന്തം ശരീര ഭാരത്തെ (കിലോഗ്രാമിൽ), സ്വന്തം പൊക്കത്തിന്റെ പെരുക്കം (പൊക്കം ഗുണം പൊക്കം, മീറ്ററിൽ) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ആണ് ബോഡി മാസ് ഇൻഡക്സ് എന്ന ബി എം ഐ.
ഈ മാസ് സാധനം 18.5 മുതൽ 24.9 വരെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് കാണുന്നു. ഒത്തിരി കുറയുന്നതും ശരിയല്ല എന്നർത്ഥം. ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യക്കാരിൽ ഈ BMI നോർമൽ കണക്കു കുറവാണ്, 18.5 മുതൽ 22.9 വരയെ പാടുള്ളൂ.
ഭക്ഷണവും ഭക്ഷണ നിയന്ത്രണവും ആണ് ശരീര ഭാരം കുറക്കാനായുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് നിസംശയം പറയാം. വ്യായാമവും വളരെ പ്രധാനം തന്നെ.
ഇത് കൊണ്ട് തന്നെ പല തരത്തിലുള്ള ഭക്ഷണ ക്രമങ്ങൾ ആളുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
പണ്ട് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ആവർത്തിക്കാതെ തരമില്ല…
1940-കളിലാണ് ശരിക്കും ജീവിത ശൈലീ രോഗങ്ങൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന് കാരണമുണ്ട്. അതിനു മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ പോലും ന്യൂമോണിയ, ക്ഷയം, വയറിളക്കം, മെനിഞ്ചൈറ്റിസ് തുടങ്ങി പരശതം അണുക്കൾ കൊണ്ടുള്ള രോഗങ്ങൾ, പിന്നെ അപകടങ്ങൾ ഇവയൊക്കെ വൃത്തി, വെടിപ്പ്, അറിവ്, മരുന്നുകൾ, സുരക്ഷ, മെച്ചപ്പെട്ട ചികിത്സ എന്നിവ മൂലം നിയന്ത്രണ ത്തിൽ വന്നു. മരണ നിരക്ക് കുത്തനെ കുറഞ്ഞു. ആളുകൾ ഒരു അമ്പതു അറുപതു വയസ്സിൽ മിക്കവാറും മരിക്കുന്നത് പതുക്കെ എഴുപത്, എൺപത് എന്ന നിലയിലേക്ക് മാറി.
അപ്പോഴാണ് പതിയെ ഹൃദയ രോഗങ്ങൾ, മസ്തിഷ്കാഘാതം തുടങ്ങിയ രോഗങ്ങൾ മൂലവും ആളുകൾ മരണപ്പെടുന്നു എന്ന ഒരു ബോധം അധികാരികൾക്ക് വന്നത്. അതായത്, മാറിയ ജീവിത ശൈലികൾ മാത്രമല്ല, മറ്റു രോഗങ്ങൾ മൂലമുള്ള മരണ നിരക്ക് കുറഞ്ഞതും ആയുസ്സ് കൂടിയതും അതി പ്രധാന കാരണങ്ങൾ ആണ്.
ഈ വെളിപാടിന്റെ വെളിച്ചത്തിലാണ് ഫ്രെമിങ് ഹാം ഹാർട്ട് സ്റ്റഡി പോലുള്ള ബ്രഹത് പഠനങ്ങളുടെ തുടക്കം. അതിൽ നിന്നാണ് പുകവലി, പ്രമേഹം, പൊണ്ണത്തടി, അതി രക്ത സമ്മർദം, രക്തത്തിലെ കൊഴുപ്പുകളുടെ (കൊളസ്ട്രോൾ, ട്രൈ ഗ്ലൈസെറൈഡുകൾ, LDL, എന്നിവയും മറ്റു പലതും) അളവിലെ പ്രശ്നങ്ങൾ എന്നിവ ആണ് പ്രധാന അപകട ഘടകങ്ങളാണ് (റിസ്ക് ഫാക്ടേഴ്സ്) എന്ന് കണ്ടു പിടിക്കുന്നത്.
ഇന്നും ലോകത്തിലെ നമ്പർ വൺ മരണ കാരണം ആണ് ഹൃദ്രോഗവും മസ്തിഷ്കാഘാതവും.
ഈ ശാസ്ത്രീയ കണ്ടെത്തലുകളിൽ ഇന്ന് വരെ കാതലായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
ഈ രോഗങ്ങളെ പ്രതിരോധിക്കാൻ അന്നത്തെ ആരോഗ്യ പ്രവർത്തകർ കൊണ്ട് വന്നതാണ് കൊഴുപ്പു തീരെ കുറഞ്ഞ ഭക്ഷണ ക്രമം. അതായത് – പൂരിത കൊഴുപ്പുകൾ (വെണ്ണ, നെയ്യ്, ഇറച്ചിയിലെ എണ്ണ, മുട്ടയിലെ മഞ്ഞ കരു, ഡാൽഡ പ്രത്യേകിച്ചും) എന്നിവ തീരെ ഒഴിവാക്കി ഉള്ള ഒരു ഭക്ഷണം ആണ് ശിപാർശ ചെയ്തത്. സോയ എണ്ണ, ഒലിവെണ്ണ, മുതലായ എണ്ണകൾ വലിയ കുഴപ്പം ഇല്ല എന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നു.
ഈ ഭക്ഷണ ക്രമം കൊണ്ട് ഗുണം ഉണ്ടായി. 1950 മുതൽ ഉള്ള കണക്ക് എടുത്താൽ രണ്ടായിരം ആണ്ടോടു കൂടി ഹൃദ്രോഗം, മസ്തിഷ്കാഘാതം എന്നിവ കൊണ്ടുള്ള മരണ നിരക്ക് പകുതിയോളം കുറഞ്ഞു. ആയുസ്സും, ആളുകളുടെ വണ്ണവും, തീറ്റയുടെ അളവും കൂടിയിട്ടും ആണ് ഇതെന്ന് ഓർക്കണം.
പക്ഷെ 1970 – 1980 കളോടെ ഒരു കാര്യം മനസ്സിലായി – രണ്ട് റിസ്ക് ഫാക്ടേഴ്സ് ലോകമാകമാനം കൂടി കൊണ്ട് തന്നെയിരിക്കുന്നു;
- പ്രമേഹം
- പൊണ്ണത്തടി
അതായത് പഞ്ചസാര, ധാന്യ സ്റ്റാർച്ചുകൾ (ചോറ്, ബ്രെഡ്, ചപ്പാത്തി ഒക്കെ – പുട്ട് , അപ്പം ഉൾപ്പെടെ), ഉരുള കിഴങ്ങ് എന്നിവ അത്ര നല്ലതല്ല. തടി കൂട്ടും, പ്രമേഹവും കൂട്ടും. ഇത് കുറച്ചു പണ്ടേ അറിയാമായിരുന്നെങ്കിലും, കൊഴുപ്പ് കുറക്കാനുള്ള ഉപദേശങ്ങളുടെ പ്രളയത്തിൽ മുങ്ങി പോയി. ഉപ്പിന്റെ ഉപയോഗവും കൂടി. സ്റ്റാർച്ചും പഞ്ചസാരയും കണ്ടമാനം കൂടി.
തിന്നുന്ന ഭക്ഷണത്തിന്റെ അളവ് മുപ്പതു ശതമാനം വരെ കൂടി, തടി നന്നായി കൂടി. പ്രമേഹവും കൂടി വരുന്നു.
ഇതേ കാര്യങ്ങൾ നമ്മുടെ നാട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നു.
പൊതുവെ പറഞ്ഞാൽ ചുരുക്കത്തിൽ:
പൂരിത കൊഴുപ്പുകൾ – ഡാൽഡ, പാമോയിൽ, വെണ്ണ, നെയ്യ്, ആട്, മാട്, പോർക്ക് എന്നിവയുടെ കൊഴുപ്പ്, പാല്, ചീസ് – ഇവയുടെ അളവ് കുറക്കുന്നത് ആണ് നല്ലത്. ട്രാൻസ് ഫാറ്റ് എന്ന് വിളിക്കുന്ന ഡാൽഡ, ഹൈഡ്രിജെനറ്റഡ് പാമോയിൽ എന്നിവയാണ് ഏറ്റവും പ്രശ്നം.
അത് മാത്രം പോരാ – പഞ്ചസാര, സ്റ്റാർച്ച് ഉള്ള പുട്ട്, അപ്പം, നൂലപ്പം, ചോറ്, ചപ്പാത്തി, ഉരുളക്കിഴങ്ങ്, മറ്റ് കിഴങ്ങുകൾ ഇവയുടെ ഒക്കെ അളവ് കുറക്കണം ! (മുഴു ഗോതമ്പ് കൊണ്ടുള്ള ആട്ട, തവിടുള്ള ചോറ് എന്നിവ മൈദാ, വെളുത്ത ചോറ് എന്നിവയെക്കാൾ നല്ലതാണ് – ഗ്ലൈസീമിക് ഇൻഡക്സ് എന്ന ഒരു സാധനം ലേശം കുറവാണ് എന്നതാണ് കാരണം. പക്ഷെ അതിന്റെയും അളവ് കുറക്കുക തന്നെ വേണം).
ഉപ്പും നന്നായി കുറക്കണം.
അപ്പൊ, ഒന്നും തിന്നാൻ പറ്റില്ലേ ?
മുഴു ധാന്യങ്ങളായ ആട്ട, തവിടു നന്നായുള്ള അരി എന്നിവ ഉപയോഗിച്ചുള്ള ആഹാരം കുറച്ചു കഴിക്കാം എന്ന് മുൻപ് പറഞ്ഞല്ലോ. പക്ഷെ ഇതിന്റെയും അളവ് കുറക്കണം എന്ന് ഊന്നി പറഞ്ഞേ മതിയാകൂ. നമ്മുടെ നാട്ടിൽ ആളുകൾ ചോറൊക്കെ കണ്ടമാനം കഴിക്കുന്നുണ്ട്.
തൊലിയും കൊഴുപ്പും ഇല്ലാത്ത ചിക്കൻ, മീനുകൾ കൊഴുപ്പോടു കൂടി തന്നെ – കഴിക്കാം. ഒരു മാതിരി കുഴപ്പമില്ലാത്ത അളവിൽ തന്നെ താങ്ങാം. (ഒരു ഫുൾ ചിക്കൻ അടിക്കാം എന്നല്ല – ഒരു രണ്ടു മൂന്ന് കഷ്ണം)
പച്ച കറികൾ, ഇല കറികൾ, ആപ്പിൾ , ഓറഞ്ച്, ചാമ്പക്ക, പേരക്ക, പഴുക്കാത്ത മധുരം ഇല്ലാത്ത മാങ്ങ, ചക്ക, പപ്പായ ഒക്കെ അടിക്കാം. കിഴങ്ങുകൾ, നല്ല പഴുത്ത തീവ്ര മധുരമുള്ള പഴങ്ങൾ, വാഴപ്പഴം ഇതൊന്നും അധികം വേണ്ട.
ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട തിന്നാം. (അതായത് തിന്നുന്ന കൊളസ്ട്രോൾ അല്ല രക്ത കൊഴുപ്പു നിർണയിക്കുന്നത് എന്ന് ഒരു പത്തു വർഷമായി ഉള്ള അറിവാണ്. അതാണ് കൊളസ്ട്രോൾ കുഴപ്പില്ല, പുതിയ കണ്ടുപിടിത്തം ആണ് എന്നൊക്കെ പറഞ്ഞു ഇറക്കുന്നത്. മറ്റേ ഗൈഡ് ലൈനുകളിൽ ഒരു മാറ്റവും വന്നിട്ടില്ല. രക്ത കൊളസ്ട്രോളും മറ്റും കുറഞ്ഞു തന്നെ ഇരിക്കണം)
കപ്പലണ്ടി, ബദാം, കശുവണ്ടി, ഇതൊക്കെ ഒരു ചെറിയ പിടി ദിനം തട്ടാം. (വലിയ വെടി, സോറി… വലിയ പിടി വേണ്ട)
പ്രകൃതി ചികിത്സ പലപ്പോഴും ഗുണകരമാവുന്നത് അങ്ങനെ ആണ്. ശരീര ഭാരം ഭക്ഷണം നിയന്ത്രിച്ചു ഒരു അഞ്ചു പത്തു കിലോ കുറഞ്ഞാൽ ലേശം തടിയുള്ള ഒരു വ്യക്തിയുടെ ആരംഭ ദശയിൽ ഉള്ള പ്രമേഹവും രക്താതി സമ്മർദവും പൂർണമായും നിയന്ത്രണത്തിൽ ആകാൻ നല്ല സാധ്യത ഉണ്ട്. ഇത് ശാസ്ത്രീയമായി പതിറ്റാണ്ടുകളായി അറിയാവുന്ന കാര്യമാണ്. ഇതിനെയാണ് പ്രമേഹം പൂർണമായും മാറി എന്നൊക്കെ പറഞ്ഞിറക്കുന്നത്.
അതായത്::
ഭക്ഷണത്തിന്റെ പൊതുവായ അളവ് നന്നായി കുറക്കണം. ഒരു അറുപതു കിലോ ഉള്ള പുരുഷൻ ഒരു 1800 കലോറി യെ ഒരു ദിവസം കഴിക്കാവൂ, സ്ത്രീ ആണെങ്കിൽ 1700 കലോറി. (പൊതുവെ പറയുന്നതാണ് – ഇപ്പോഴുള്ള ഭാരം, ബി എം ഐ ഒക്കെ വച്ചു കണക്ക് ഉണ്ട്)
ഇത് പോലെ ഭക്ഷണം നിയന്ത്രിച്ചാൽ പതിയെ പതിയെ ശരീര ഭാരം കുറഞ്ഞു വരും. മാത്രമല്ല, ദീർഘകാലം ഇങ്ങനെ തന്നെ തുടർന്നാൽ ഭാരം കുറഞ്ഞു തന്നെ ഇരിക്കും.
വളരെ അധികം പൊണ്ണത്തടി ഉള്ളവരിൽ കുറേക്കൂടി അളവ് ശ്രദ്ധാപൂർവം കുറക്കേണ്ടി വരും. ഇതിനു വിദഗ്ദ്ധ മേൽനോട്ടം തേടുന്നത് നല്ലതായിരിക്കും.
എന്നാൽ ഒരു ഫാഷൻ പോലെ പല പല ഡയറ്റ് പ്ലാനുകൾ ആളുകൾ മാറി മാറി പരീക്ഷിക്കാറുണ്ട്. ഇതിൽ മെഡിറ്ററേനിയൻ ഡയറ്റ് എന്ന ഭക്ഷണ ക്രമം നല്ലതാണ് എന്ന് പല പഠനങ്ങളും കാണിക്കുന്നുണ്ട്.
ഇത്രയും കാര്യങ്ങൾ ഏകദേശം സത്യം ആണെന്ന് ഇപ്പോൾ ഉള്ള പഠനങ്ങൾ വച്ച് ഏതാണ്ട് ഉറപ്പായും പറയാൻ സാധിക്കും. ഇത്ര ഉറപ്പോടെ മാത്രമേ ഭക്ഷണ ഉപദേശങ്ങൾ നൽകാൻ പറ്റൂ എന്നതാണ് നേര്.
എന്നാൽ ഈ പറഞ്ഞ പല കാര്യങ്ങൾക്കും ലേശം എതിര് നിൽക്കുന്ന ഒരു ഭക്ഷണ ക്രമം ആണ് കീറ്റോജനിക് ഡയറ്റ്.
എന്താണ് കീറ്റോജെനിക് ഡയറ്റ് ?
എന്താണ് കീറ്റൊ ഡയറ്റ് അഥവാ LCHF ഡയറ്റ്?
അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്. മാംസ്യത്തിന്റെ (പ്രോടീൻ) അളവിൽ മാറ്റങ്ങൾ ഇല്ല. സാധരണ നമ്മുടെ ഭക്ഷണ ക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജ്ജത്തിന്റെ 50-60 % അന്നജത്തിൽ നിന്നും, 15-25% മാംസ്യത്തിൽ നിന്നും, ബാക്കി കൊഴുപ്പിൽ നിന്നും ആണ് വരേണ്ടത് എന്നാണു ഒരു കണക്ക്. എന്നാൽ കീറ്റോ ഡയറ്റിൽ 10% ഊർജ്ജം മാത്രമേ അന്നജത്തിൽ നിന്നും കിട്ടൂ. ഭൂരിഭാഗം ഊർജ്ജവും കൊഴുപ്പിൽ നിന്നായിരിക്കും .
പണ്ട് മരുന്നുകൾകൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത ജെന്നിരോഗം ഉള്ളവരിൽ ഈ ഭക്ഷണക്രമം ഉപയോഗിച്ച് കുറച്ചു പ്രയോജനം ലഭിക്കുന്നതായി കണ്ടു. ഇവരിൽ തന്നെ അവരുടെ ശരീരഭാരം പെട്ടന്ന് കുറയുന്നതും കണ്ടു. റോബർട്ട് അകിൻ (Robert Atkin) എന്ന അമേരിക്കൻ കാർഡിയോളജിസ്റ്റ് ആണ് ഈ ഭക്ഷണക്രമത്തിനു വലിയ പ്രചാരണം നൽകിയത്. അമിത വണ്ണം കൊണ്ട് കഷ്ടപെട്ടിരുന്ന അദ്ദേഹം സ്വന്തം ഭാരം നിയന്ത്രിക്കാനുള്ള അന്വേഷണത്തിലാണ് അദ്ദേഹം ഈ രീതി കണ്ടെത്തിയത്.
സാധരണ ഏതൊക്കെ ഭക്ഷണമാണ് കീറ്റോ ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത് ?
അന്നജത്തിന്റെ അളവ് 10%ത്തിൽ നിറുത്തുക എന്നതാണ് പൊതു തത്വം. ചില ആളുകൾ മുപ്പതിന് താഴെ മാത്രം ശതമാനത്തിൽ അന്നജത്തെ നിർത്തി ഒരു ചിന്ന കീറ്റോ ഡയറ്റും പറയാറുണ്ട്. ഊർജ്ജത്തിന്റെ പ്രധാന സ്രോതസ് കൊഴുപ്പാണ്.
താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിക്കാമത്രേ:
കൊഴുപ്പുകളും എണ്ണയും: പൃകൃതി ദത്തമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പുകൾ ഉപയോഗിക്കാം. പൂരിത/അപൂരിത കൊഴുപ്പുകൾ കഴിക്കുന്നതിൽ തടസമില്ല. ട്രാൻസ് കൊഴുപ്പുകൾ ഒഴിവാക്കണം. ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ ഇവ കഴിക്കാം.
മാംസ്യം: പ്രോട്ടീൻ കൂടുതലും മൽസ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കൻ ഇവ വഴിയാണ് ലഭിക്കുക. കൊഴുപ്പു കൂടിയ മീനുകൾ കഴിക്കാം.
പച്ചക്കറികൾ: കിഴങ്ങു വർഗ്ഗങ്ങൾ ഒഴിവാക്കി ഇലവർഗ്ഗങ്ങൾ കൂടുതൽ കഴിക്കാം. പഴങ്ങളും മറ്റും വളരെ കുറക്കണം.
പാലും പാലുൽപ്പന്നങ്ങളും: അന്നജം കുറഞ്ഞ പാലുല്പന്നങ്ങൾ കൂടുതൽ കഴിക്കാം. മയോനൈസ്, ചീസുകൾ ഇവ കൂടുതലും പാലും തൈരും കുറച്ചും ഉപയോഗിക്കാം .
പാനീയങ്ങൾ: വെള്ളവും, അന്നജം കുറഞ്ഞ മറ്റു പാനീയങ്ങളും കൂടുതൽ കുടിക്കാം. ചായ, കാപ്പി, ജ്യൂസുകൾ ഒക്കെ കുറക്കണം.
എന്താണ് കീറ്റോ ഡയറ്റ് എന്ന പേരിനു പിന്നിൽ ?
സാധരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഗ്ളൂക്കോസ് ഉണ്ടായി അതാണ് കോശങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. തലച്ചോറിനൊക്കെ ഗ്ളൂക്കോസ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അത് കിട്ടിയില്ലേൽ പിന്നെ പണിയാകും. കീറ്റോ ഡയറ്റ് നോക്കുന്നവർ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ളൂക്കോസ് ഉണ്ടാക്കാൻ പറ്റില്ല. ഇത്തരക്കാരിൽ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം കീറ്റോൺ ബോഡി എന്ന ചെറിയ രാസവസ്തുക്കൾ ഉണ്ടാക്കും. കരളിലാണ് ഈ പ്രവർത്തനം നടക്കുക. ഈ കീറ്റോൺ ബോഡികൾ തലച്ചോറിനും മറ്റും ഉപയോഗിക്കാൻ സാധിക്കും. കീറ്റോ ഡയറ്റ് നോക്കുന്നവരിൽ രക്തത്തിൽ കീറ്റോൺ ബോഡികളുടെ അളവ് കൂടും. അതാണ് ഈ പേരിനു പിന്നിൽ.
എങ്ങനെയാണു ഈ ഭക്ഷണ രീതികൊണ്ട് ഭാരം കുറയുക ?
ഈ ചോദ്യത്തിനുള്ള കൃത്യമായ ഒരുത്തരം ഇല്ലാ എന്നതാണ് സത്യം. താഴെ കൊടുത്തിരിക്കുന്ന ചില കാരണങ്ങൾ കൊണ്ടാകാം എന്നാണ് അനുമാനിച്ചിരിക്കുന്നത്. ഈ അനുമാനങ്ങൾക്കു ശാസ്ത്രീയ തെളിവുകളുടെ പിന്തുണ കുറവാണ്.
മാംസ്യവും കൊഴുപ്പും വലിയ അളവിൽ കഴിക്കുന്നത് വിശപ്പ് കുറക്കുന്നു.
കീറ്റോൺ ബോഡിയുടെ അളവ് കൂടുന്നത് വിശപ്പ് കുറയാൻ കാരണം ആകുന്നു.
ഗ്ലുക്കോസിന്റെ അഭാവത്തിൽ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം ചെലവ് ചെയ്യേണ്ടി വരുന്നു.
ഇതൊന്നുമല്ല, അന്നജത്തിന്റെ അളവ് കുറക്കുന്നതുകൊണ്ടു മാത്രമുള്ള താൽകാലിക പ്രതിഭാസമാണ് ഭാരം കുറയുന്നത് എന്നും വാദിക്കുന്നവർ ഉണ്ട്.
ചുരുക്കത്തിൽ, അന്ന് മിക്കവരും നിർദേശിച്ചിരുന്ന കൊഴുപ്പ് കുറവുള്ള ഭക്ഷണത്തിന് നേരെ എതിരായി പറഞ്ഞു, ആളുകളെ ഞെട്ടിച്ച് ആണ് കീറ്റോ ഡയറ്റ് കളത്തിൽ ഇറങ്ങുന്നത്. മുട്ട, ഇറച്ചി, (ബീഫ്, മട്ടൻ , പോർക്ക് അടക്കം കൊഴുപ്പോട് കൂടി), വെണ്ണ, നെയ്യ് ഒക്കെ ഇഷ്ടം പോലെ കഴിച്ചോ എന്ന് പറഞ്ഞു ആക്കിൻ ചേട്ടൻ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. 1970കളിൽ ആണ് കേട്ടോ. ഇത് പുതിയ ഒരു സംഭവം അല്ല, പ്ലീസ് നോട്ട് ദ പോയിന്റ്.
എന്താണ് ഈ ക്രമത്തിന്റെ ന്യൂനതകൾ ?
കൃത്യമായ പഠനങ്ങളുടെ പിൻബലം ഇല്ലാ എന്നതാണ് ഏറ്റവും വലിയ ന്യൂനത. അത്തരം ഒരു ഭക്ഷണരീതി പിന്തുടരാൻ അതുകൊണ്ടു തന്നെ ഉപദേശിക്കാൻ പറ്റില്ല.
ഭാരം കുറക്കാനുള്ള ഉത്തമമായ രീതി എന്നത് നമ്മൾ പിന്തുടരുന്ന ക്രമം കൊണ്ട് 10% എങ്കിലും ഭാരം കുറക്കാനും, അത് ഒരു വർഷമെങ്കിലും കൂടാതെ നോക്കുകയും വേണം. അത്തരത്തിൽ നോക്കുമ്പോൾ ഈ ഭക്ഷണരീതി ദീർഘകാലം നീണ്ടു നിൽക്കുന്ന മാറ്റം നൽകുന്നില്ല എന്നാണ് കാണുന്നത്.
ദീർഘകാലം ഈ രീതി തുടരുന്നതുകൊണ്ടു എന്തേലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്നും അറിയില്ല. വളരെ വലിയ അളവിൽ കൊഴുപ്പ് കഴിക്കുന്നതുമൂലം, മുൻപോട്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും എന്നുമറിയില്ല.
വൃക്കകളുടെ പ്രവർത്തനത്തെ കുറക്കും എന്ന് ചില പഠനങ്ങളിൽ കാണുന്നു.
അപ്പോൾ ചിലർക്കൊക്കെ പ്രമേഹവും ബി പ്പിയും കുറഞ്ഞതോ ?
ഒരു മാതിരി നന്നായി ശരീരഭാരം കുറക്കാൻ കഴിഞ്ഞാൽ പ്രമേഹം, ബി പി, കൊളസ്‌ട്രോൾ, ഇവയൊക്കെ പെട്ടന്ന് തന്നെ നല്ലതുപോലെ കുറയും എന്നത് പഠനങ്ങളിൽ തെളിഞ്ഞതാണ്. ഈ രീതി പിന്തുടരുന്നവർക്കു ലഭിച്ച മാറ്റവും അതുകൊണ്ടായിരിക്കണം.
അപ്പോൾ ഭാരം കുറക്കാൻ എന്ത് ചെയ്യണം ?
- അമിത വണ്ണം ഉണ്ടാകാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനായി ശരിയായ ഭക്ഷണരീതിയും, വ്യായാമങ്ങളും കുട്ടിക്കാലം തൊട്ടു ജീവിതത്തിന്റെ ഭാഗമാക്കാം.
- അമിത വണ്ണം ഉള്ളവർ വിദഗ്‌ധരുടെ സഹായത്തോടെ ഭാരം കുറക്കാനുള്ള ഒരു പ്ലാൻ തയ്യാറാക്കണം. എല്ലാവർക്കും ഒരേ പ്ലാൻ വിജയിക്കണം എന്നില്ല.
- വളരെ പെട്ടന്ന് ഭാരം കുറക്കുന്നതിലും നല്ലത് 3-4 മാസം കൊണ്ട് ഭാരം കുറയ്ക്കുന്നതാണ്. ഈ സമയം കൊണ്ട് ആഹാരക്രമവും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കണം.
ചുരുക്കത്തിൽ, വസ്തുതകൾ-( ഇത് വരെ ഉള്ള തെളിവുകൾ- പഠനങ്ങൾ അനുസരിച്ച്):
– എലികൾ പോലെ ഉള്ള മൃഗങ്ങളിൽ ആണ് കൂടുതൽ പഠനങ്ങൾ നടത്തിയിട്ടുള്ളത്. അതിൽ കീറ്റോജെനിക് ഡയറ്റ് സ്വല്പം ഭാരം കുറയുന്നതിന് കാരണം ആവുന്നുണ്ട്. ചില റിസ്ക് ഫാക്റ്ററുകളിൽ ഗുണകരം ആയുള്ള മാറ്റങ്ങൾ കാണുന്നുണ്ട്. പക്ഷെ, എലികളിൽ പ്രമേഹ ജന്യമായ ഇൻസുലിൻ റസിസ്റ്റൻസ് എന്നതും, കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയുള്ള കരൾ രോഗ സാധ്യതയും കൂടുന്നതായാണ് കാണുന്നത് ! മാത്രമല്ല, എലികളിൽ ഉള്ള പഠനങ്ങൾ വച്ച് മനുഷ്യർ എന്ത് തിന്നണം എന്ന ഉപദേശം സാധ്യമല്ല. ഇനിയുള്ള പഠനങ്ങളുടെ പ്രാരംഭം എന്നേ മൃഗങ്ങളിൽ നടത്തുന്ന പഠനങ്ങളെ കാണാൻ പറ്റൂ.
– മനുഷ്യരിൽ ചെറിയ ഒരു കാലയളവിൽ നോക്കിയാൽ ശരീര ഭാരം കുറയുന്നതായി തന്നെ കാണുന്നു. ഒത്തിരി പഠനങ്ങൾ (ആർ സി ടി കൾ ഉൾപ്പെടെ) കാണിക്കുന്നത് ഈ ഭക്ഷണ രീതി തൂക്കം കുറക്കാൻ സഹായിക്കും എന്ന് തന്നെ ആണ്. തൂക്കം കുറയുമ്പോൾ പെട്ടന്ന് തന്നെ, പ്രമേഹം, രക്ത സമ്മർദം, രക്ത കൊളസ്‌ട്രോൾ പോലുള്ളവ, ഒക്കെ കുറെ ആരോഗ്യകര്മായ നിലയിലേക്ക് വരും.
എങ്ങനെ ഇത് സംഭവിക്കുന്നു എന്നത് പൂർണമായും വ്യക്തമല്ല. ഒരു കാരണം, പ്രോട്ടീനുകളും, കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണം പെട്ടന്ന് വിശപ്പിനെ കെടുത്തുന്നു എന്നതാണ്. പഞ്ചസാരയും, സ്റ്റാർച്ച് എന്ന അന്നജവും കൂടുതൽ ഉള്ള ഭക്ഷണം പെട്ടന്ന് ദഹിക്കുന്നു, നമുക്ക് വീണ്ടും വിശക്കുന്നു. താരതമ്യേന ചെറിയ അളവിൽ തന്നെ പ്രോട്ടീനുകളും കൊഴുപ്പുകളും തൃപ്തി തരുന്നു. അതിനാൽ ആകെ മൊത്തം ആഹരിക്കുന്ന കലോറി കുറയുന്നു.
വേറൊരു കാരണം, പ്രോട്ടീനുകളിൽ നിന്നും ഊർജം ഉണ്ടാക്കാൻ കൂടുതൽ പ്രയാസം ആണ്. ഇതിനു വേണ്ടി തന്നെ കുറച്ച് ഊർജം നഷ്ടപ്പെടുത്തേണ്ടി വരുന്നു.
– എന്നാൽ മിക്ക പഠനങ്ങളിലും ദീർഘകാലത്തേക്ക് ഭാരക്കുറവ് നില നിർത്താൻ കീറ്റോ ഡയറ്റ് മൂലം സാധിക്കുന്നുണ്ടോ എന്നത് സംശയമാണെന്നാണ് കാണുന്നത്. ഭാരം കുറക്കാൻ താരതമ്യേന എളുപ്പം ആണ്. എന്നാൽ അത് നില നിർത്താൻ ആണ് പ്രയാസം എന്നത് മറക്കരുത്.
– ചില രക്ത കൊഴുപ്പ് ഘടകങ്ങളിലും, പ്രമേഹ ജന്യ ഇൻഡെക്സുകളിലും ഗുണകരം ആയ മാറ്റങ്ങൾ കണ്ടിട്ടുണ്ട് എന്ന് പറയാം.
– എന്നാൽ ദീർഘകാലത്തേക്ക് ഈ ഭക്ഷണ രീതി പിന്തുടരുന്നവരിൽ, ഹൃദയാഘാതം, മസ്തിഷ്കാഘാതം, പ്രമേഹം, പൊതുവെ ഉള്ള ആരോഗ്യം, ആയുസ്സ് എന്നിവയിൽ എന്ത് തരം മാറ്റങ്ങൾ ആണ് വരുന്നത് എന്ന് നമുക്ക് തരിമ്പും അറിയില്ല ! ഗുണം ആണോ ദോഷം ആണോ എന്ന് പോലും അറിയില്ല എന്നതാണ് സത്യം.
– ഇപ്പോഴത്തെ പഠനങ്ങളിൽ നിന്നും വ്യക്തമായ ചില കാര്യങ്ങളിൽ നിന്ന് വിരുദ്ധമായ പല കാര്യങ്ങളും ഈ ഡയറ്റിൽ ഉണ്ട്. മുട്ട, പൂരിത കൊഴുപ്പുകൾ, ഇറച്ചി (എല്ലാ തരവും) ഒക്കെ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ദോഷം ഉണ്ടായിക്കൂടെന്നില്ല. നമുക്ക് അറിയില്ല എന്നതാണ് വാസ്തവം.
– എടുത്തു പറയേണ്ട വസ്തുത പൂരിത കൊഴുപ്പുകൾ എന്ന സാച്ചുറേറ്റഡ് ഫാറ്റ് ഒരു കുഴപ്പവുമില്ല എന്ന രീതിയിൽ ആണ് കീറ്റോ ഡയറ്റുകാർ എഴുന്നള്ളിക്കുന്നത്. ഇത് ശരിയല്ല. ഏറ്റവും പുതിയ അമേരിക്കൻ കാർഡിയോളജി അസോസിയേഷൻ ഗൈഡ് ലൈനുകളും പൂരിത കൊഴുപ്പുകൾ (വെളിച്ചെണ്ണ ഉൾപ്പെടെ) അത്ര നല്ലതല്ല എന്ന് തന്നെയാണ് പറയുന്നത്. ഇതിനെ പറ്റി കുറെ ഏറെ വിവാദങ്ങൾ നടക്കുന്നുണ്ട്. പറയുന്നത്ര കുഴപ്പമില്ല എന്ന് ചിലർ പറയുമ്പോൾ, അമ്പതു കൊല്ലത്തോളം ആയുള്ള പഠനങ്ങളുടെ ആകെത്തുക പറയുന്നത് ഉപയോഗം കുറക്കണം എന്ന് തന്നെ ആണ്.
– ഇറച്ചി, പ്രത്യേകിച്ചും മട്ടൻ, ബീഫ്, പോർക്ക് എന്നീ റെഡ് മീറ്റുകൾ പല അർബുദങ്ങളുടെയും സാധ്യത കൂട്ടുന്നുണ്ട്. മാത്രമല്ല, ഇവയിൽ ഉള്ള കൊഴുപ്പ് മൊത്തം പൂരിത കൊഴുപ്പ് ആണ്.
– ആരോഗ്യത്തിനു നല്ലതാണ് എന്ന് തെളിഞ്ഞ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗത്തിന് കീറ്റോ ഡയേറ്റിന്റ് വക്താക്കൾ തീരെ പ്രാധാന്യം കൊടുക്കുന്നില്ല.
– ചിലരെങ്കിലും രക്ത കോളസ്റ്ററോൾ കുഴപ്പമില്ല, അതിനു മരുന്ന് കഴിക്കേണ്ട, എന്ന രീതിയിൽ ഉള്ള പ്രചാരണം നടത്തുന്നുണ്ട്. ഇത് പാടെ തെറ്റാണ്. മുൻപ് പരാമർശിച്ചു കഴിഞ്ഞു.
– പെട്ടന്ന് കുറച്ച് ശരീര ഭാരം കുറക്കുന്നതല്ല, നമ്മുടെ ലക്ഷ്യം. ആരോഗ്യ പരമായി ശരീരത്തിന് വേണ്ട മൂല്യങ്ങൾ ഉള്ള ഭക്ഷണം ശരിയായ അളവിൽ മാത്രം കഴിച്ച്, ഭാരം ഒരു നിശ്ചിത ലെവലിൽ എപ്പോഴും കഴിയുന്നതും നിർത്തുന്നതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ രോഗങ്ങളുടെ സാധ്യത കുറക്കുക എന്നതാണ്.
-1970 ൽ ആവിർഭവിച്ച്, വളരെ ആളുകൾ ഉപയോഗിച്ച് പരിചയമുള്ള, മുപ്പത് നാല്പത് കൊല്ലം ആയ ഒരു ഭക്ഷണ ക്രമത്തിന്റെ ഗുണ ദോഷങ്ങളെ പറ്റി ഇത് വരെ നമുക്ക് ശരിയായി അറിയില്ല എന്നത് തന്നെ പല കാരണങ്ങൾ കൊണ്ടും ഒരു നല്ല ലക്ഷണമല്ല. ഗുണകരം ആണെന്നുള്ള പഠനങ്ങൾ മാത്രമേ പുറത്ത് വരാൻ സാധ്യത ഉള്ളു എന്നതിനാൽ ആണിത് (പബ്ലികേഷൻ ബയസ് എന്ന് പറയും )
– എന്തായാലും പറയപ്പെടുന്നത് മാതിരി ഉള്ള സർവ്വരോഗ സംഹാരി ആണ് ഈ ഭക്ഷണ ക്രമം എന്ന് ഒരു തെളിവും ഇതുവരെ പറയാനില്ല.
ചുരുക്കത്തിൽ നമ്മുടെ ഭക്ഷണ കാര്യത്തിൽ, ഇത് വരെ ഏകദേശം ഉറപ്പുള്ള കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതാവും ഉചിതം. നമ്മുടെ നാടൻ ഭക്ഷണങ്ങളെ മുൻപറഞ്ഞ കാര്യങ്ങൾ വച്ച് കുറഞ്ഞ അളവിൽ കഴിച്ച്, പതിയെ ശരീര ഭാരം കുറക്കാൻ നോക്കുന്നതായിരിക്കും ഉചിതം.