മരണത്തിന്റെ നൈലോൺ സോക്സുകൾ
“പുകവലിച്ചാൽ ക്യാൻസർ വരുമെന്നോ ?! അങ്ങനെയാണെങ്കിൽ നൈലോൺ സോക്സിട്ടാലും ക്യാൻസർ വരും”
ഇതുപറഞ്ഞത് ജേക്കബ് വടക്കുംചേരിയോ മോഹനൻ വൈദ്യരോ ഹെഗഡെയോ ഒന്നുമല്ല. ശ്വാസകോശ ക്യാൻസർ സർജറിയിൽ അതിവിദഗ്ദനായിരുന്ന ഡോ. ഇവാട്‌സ് ഗ്രഹാം. 1920ൽ നടത്തിയതാണ് ഈ പ്രസ്താവന. സമാനമായ നിരീക്ഷണമാണ് അമേരിക്കയിലെ സർജൻ ജനറലിന്റെ ഓഫീസും മുന്നോട്ടു വെച്ചത്. “പുക വലിച്ചാൽ ശ്വാസകോശ ക്യാന്സർ വരുമെങ്കിൽ പാല് കുടിച്ചാലും അതു വരും എന്ന് പറയേണ്ടി വരും” എന്നാണ് സർജൻ ജനറൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രഖ്യാപിച്ചത്. പിന്നെ എങ്ങനെയാണ് പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും എന്നു നാം മനസിലാക്കിയത് ?
പുകവലിയുടെ ദൂഷ്യഫലങ്ങൾ പഠിക്കാനുള്ള അമേരിക്കൻ എപ്പിഡമിയോളജിസ്റ്റുകളുടെ ശ്രമം വളരെ ദുഷ്കരമായിരുന്നു. നൈലോൺ സോക്സ് ധരിക്കുന്നതു പോലെയോ പാല് കുടിക്കുന്നത് പോലെയോ സാധാരണമായിരുന്നു പുകവലിയും എന്നതായിരുന്നു കാരണം. അപൂർവമായ രണ്ട് സംഗതികൾ തമ്മിലുള്ള ബന്ധം കണ്ടെത്താൻ വളരെ എളുപ്പമാണ്. എന്നാൽ പുകവലി പോലെ സാധാരണമായ ഒരു സ്വഭാവത്തിന് ഒരു രോഗവുമായുള്ള ബന്ധം കണ്ടെത്താൻ ആസൂത്രിതമായ പഠനങ്ങൾ വേണ്ടിയിരുന്നു.
ശക്തമായ പരസ്യതന്ത്രങ്ങൾ വഴി സിഗരറ്റുകമ്പനികൾ വലി അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ശീലമാക്കി . മാൾബറോ മാൻ ഉയർത്തിയ തരംഗം പുകവലി പൗരുഷത്തിന്റെ ലക്ഷണമായി സ്ഥാപിച്ചു . ഫിൽറ്ററുള്ള മെലിഞ്ഞ സിഗരറ്റുകൾ സ്ത്രീകളെയും പുകവലിയിലേക്ക് ആകർഷിച്ചു . ആരോഗ്യപരമായ ഗുണഫലങ്ങൾ പുകവലിക്ക് ഉണ്ടെന്ന പ്രചാരണവും ഇതിന് ആക്കം കൂട്ടി .
മിക്ക ഡോക്ടർമാരും പുകവലിക്കാരായിരുന്നതിനാലും പുകവലി സാർവജനീനമായിരുന്നതിനാലും അതുകൊണ്ട് എന്തെങ്കിലും അസുഖം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. കുതിച്ചുയരുന്ന ശ്വാസകോശാർബുദത്തിന് കാരണം അന്തരീക്ഷ മലിനീകരണമാകും എന്ന് എല്ലാവരും ആശ്വസിച്ചു.
എന്നാൽ പുകവലിയും ശ്വാസകോശ ക്യാൻസറും തമ്മിലുള്ള ബന്ധം ചിലരുടെയെങ്കിലും കണ്ണിൽ പെടാതെയിരുന്നില്ല. 1948-ൽ ഒരു സർജിക്കൽ കോൺഫറൻസ് കഴിഞ്ഞുവന്ന വാഷിങ്ടൺ സർവകലാശാലയിലെ ഏണസ്റ്റ് വിൻഡർ എന്ന മെഡിക്കൽ സ്റ്റുഡന്റിന്റെ മനസ്സിൽ ഈ ബന്ധം കയറിപ്പറ്റി. ഈ സംശയം പരിഹരിക്കാൻ ഒരു വലിയ പഠനം ആസൂത്രണം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനു വേണ്ട ധനസഹായത്തിനായി അമേരിക്കൻ സർജൻ ജനറലിന്റെ ഓഫീസിലേക്ക് അദ്ദേഹം ഒരു കത്തയച്ചു. അതിനു ലഭിച്ച മറുപടിയിലാണ് മേലെ കൊടുത്ത പാൽ പരാമർശം ഉണ്ടായിരുന്നത്.
എന്നാൽ വിൻഡർ നിരാശനായി പിന്മാറാൻ തയ്യാറായിരുന്നില്ല. ശ്വാസകോശ ക്യാൻസറിനു ലോകത്താദ്യമായി വിജയകരമായ ശ്വാസകോശം മുറിച്ചുമാറ്റൽ ശസ്‌ത്രക്രിയ ചെയ്ത പ്രഗത്ഭ സർജൻ ഡോ. ഇവാട്‌സ് ഗ്രഹാമിനെ സഹായത്തിനായി അദ്ദേഹം സമീപിച്ചു . അതേ ! നൈലോൺ സോക്സ് ഉപമയുടെ ഉപജ്ഞാതാവായ ഗ്രഹാം തന്നെ !
ആദ്യം ഗ്രഹാമിനു ദേഷ്യമാണ് വന്നത്. പുകവലിയും ക്യാന്സറും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് അത്രയേറെ ഉറപ്പായിരുന്നു അദ്ദേഹത്തിന്. എന്നാൽ വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഇതൊരു അവസരമാണല്ലോ എന്നദ്ദേഹം കരുതി. കൂടാതെ മിടുക്കനായ വിൻഡറിനു ഗവേഷണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാൻ മികച്ച ഒരവസരമാകും ഇതെന്നും ആ അധ്യാപകൻ തിരിച്ചറിഞ്ഞു.
പകർച്ചവ്യാധികൾ പഠിക്കാൻ ഉപയോഗിച്ചിരുന്ന പഠന രീതിയായ “കേസ് – കൺട്രോൾ സ്റ്റഡി ” എന്ന ഡിസൈൻ ആയിരുന്നു ഈ പഠനത്തിന് വിൻഡർ തിരഞ്ഞെടുത്തത്. ലളിതമായിരുന്നു ആ പരീക്ഷണം. ശ്വാസകോശ ക്യാൻസർ ബാധിച്ച ഒരു കൂട്ടം ആളുകളെയും (കേസ് ഗ്രൂപ് ) ശ്വാസകോശ ക്യാൻസർ ഇല്ലാത്ത ഒരു കൂട്ടം ആളുകളെയും (കൺട്രോൾ ഗ്രൂപ്പ്) ആദ്യം തിരഞ്ഞെടുത്തു. തുടർന്ന് ഇവർ പുകവലിക്കാരായിരുന്നോ, ആയിരുന്നെങ്കിൽ എത്ര സിഗരറ്റു വലിക്കുമായിരുന്നു, ശ്വാസകോശ ക്യാൻസറിന് കാരണം എന്ന് കരുതപ്പെട്ടിരുന്ന റോഡിലെ ടാർ, പന്നിയിറച്ചി എന്നിങ്ങനെ മറ്റു ഘടകങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. ക്യാൻസർ വരാത്തവരെ അപേക്ഷിച്ച് കൂടുതൽ പുകവലിക്കാർ ക്യാൻസർ വന്നവരിൽ ഉണ്ടെങ്കിൽ പുകവലിയും ക്യാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ പുറത്തു കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. അമേരിക്കക്കാരുടെ സിഗരറ്റ് ഉപയോഗം എക്കാലത്തെയും ഉയർന്ന കണക്കുകളിലേക്ക് എത്തിച്ചേർന്നിരുന്നു. ജനതയുടെ 45% പുകവലിക്കാരായിരുന്നു. വർഷം നാലായിരം സിഗരറ്റുകൾ, അഥവാ ദിവസം പതിനൊന്നു സിഗരറ്റുകൾ എന്ന പ്രതിശീർഷ ഉപയോഗത്തിലേക്ക് അതു കുതിച്ചുയർന്നു. അതായത് ഉണർന്നിരിക്കുന്ന ഓരോ മണിക്കൂറിനും ഒരു സിഗരറ്റു വീതം ഒരു ശരാശരി അമേരിക്കക്കാരൻ പുകച്ചു തീർത്തു. കമ്പനികളുടെ പരസ്യതന്ത്രങ്ങളും കൊടുമ്പിരി കൊള്ളുകയായിരുന്നു. ഓരോ ജനവിഭാഗത്തിനും പ്രത്യേകം സിഗരറ്റുകൾ പുറത്തിറക്കാനും അവയ്ക്ക് പ്രത്യേകം പരസ്യ തന്ത്രങ്ങൾ സ്വീകരിക്കാനും കമ്പനികൾ മത്സരിച്ചു.
“അധികം ഡോക്ടർമാരും പുകയ്ക്കുന്ന ബ്രാൻഡ് – ക്യാമൽ” – തങ്ങളുടെ ബ്രാൻഡിന്റെ സുരക്ഷയ്ക്ക് തെളിവായി ഒരു കമ്പനി പരസ്യപ്പെടുത്തി. മിക്ക മെഡിക്കൽ ജേണലുകളുടെയും പുറം ചട്ടകൾ സിഗരറ്റു പരസ്യങ്ങൾ കൊണ്ട് നിറഞ്ഞു. ഡോക്ടർമാരുടെ മീറ്റിംഗുകളിൽ സൗജന്യമായി സിഗരറ്റു വിതരണം ചെയ്യുന്ന ബൂത്തുകൾ തുറക്കാനും കമ്പനികൾ തയ്യാറായി. ഫിലിപ് മോറിസ് കമ്പനിയുടെ വിൽപന അയ്യായിരം ശതമാനം വർധിപ്പിച്ച ഐതിഹാസികമായ പരസ്യം – മാൾബറോ മാൻ പുറത്തു വന്നതും ഈ കാലയളവിലാണ്.
ഈ സാഹചര്യത്തിലും വിൻഡറും ഗ്രഹാമും പഠനവുമായി മുന്നോട്ടുപോയി. ഒടുവിൽ പുകവലിയാണ് വൻ തോതിൽ വർധിച്ച ശ്വാസകോശ ക്യാൻസറിന് ഏകഹേതു എന്നു കണക്കുകൾ സഹിതം സ്ഥാപിക്കാൻ അവർക്കു സാധിച്ചു. അറുന്നൂറിലധികം ശ്വാസകോശ ക്യാൻസർ രോഗികളെ പഠിച്ചതിൽ നിന്നാണ് ഈ ഫലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞത്. അതേസമയം തികച്ചും സമാനമായ ഫലം കണ്ടെത്തിക്കൊണ്ട് ഇംഗ്ലണ്ടിൽ നിന്ന് പ്രശസ്ത എപിഡമിയോളജിസ്റ്റ് ബ്രാഡ്‌ഫോഡ് ഹിൽ നടത്തിയ പഠനവും പുറത്തുവന്നു . തുടർന്നു നടത്തിയ കൂടുതൽ വിശദമായ കോഹോർട്ട് പഠനത്തിൽ ഈ ഫലങ്ങളെല്ലാം സ്ഥിരീകരിക്കാനും ഹില്ലിനു സാധിച്ചു.
തന്റെ പ്രതീക്ഷക്ക് വിരുദ്ധമായ ഫലമാണ് തന്റെ ശിഷ്യന് ലഭിച്ചത് എന്നു കണ്ട ഗ്രഹാം വല്ലാതെ അതിശയപ്പെട്ടു. തന്നെ കീഴടക്കിയിരുന്ന പുകവലിശീലം നിർത്താൻ തന്നെ അദ്ദേഹം തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനം വളരെ വൈകിപ്പോയിരുന്നു. 1956ലെ മഞ്ഞുകാലത്ത് ഫ്ലൂ എന്നു കരുതിയ ഒരസുഖവുമായി അദ്ദേഹം കിടപ്പിലായി. പത്തൊൻപതാം നൂറ്റാണ്ടിലെ ടീബീ വാർഡുകളിൽ നിന്ന് കണ്ടെടുത്ത സർജിക്കൽ തന്ത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ സർജറിക്ക് സ്വന്തം മേൽവിലാസം തുന്നിയെടുത്ത അനുഗ്രഹീത കരങ്ങൾക്ക് ഉടമ, ക്യാൻസറിന്റെ തന്മാത്രാപരമായ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണങ്ങളിലൂടെ പുതിയ പാത വെട്ടിത്തെളിച്ച ഗവേഷകൻ, തന്റെ വിദ്യാർത്ഥിയുമായി ചേർന്ന് പുകവലിയും ക്യാൻസറും തമ്മിലുള്ള ബന്ധം അസന്ദിഗ്ധമായി സ്ഥാപിച്ച ശാസ്ത്രജ്ഞൻ എന്നിങ്ങനെ തന്റെ കരിയറിന്റെ ഉത്തുംഗശൃംഗങ്ങളിൽ വിരാജിക്കുന്ന അവസ്ഥയിലാണ് അദ്ദേഹം ജീവിതകാലം മുഴുവൻ പടപൊരുത്തിയ ആ രോഗം – സർവ്വ രോഗങ്ങളുടെയും ചക്രവർത്തി – അദ്ദേഹത്തിന്റെ ശരീരത്തെയും ആക്രമിക്കുന്നത്. പ്രധാന ശ്വാസനാളിയിൽ നിന്നുയിർത്ത് നൂറുകണക്കിന് ചെറു പതിപ്പുകളുമായി (Metastasis) ഫണം വിടർത്തിയ ശ്വാസകോശ ക്യാൻസർ വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന എക്‌സ് റെയുമായി അദ്ദേഹം തന്റെ സഹപ്രവർത്തകനെ സമീപിച്ചു.
“ഈ എക്‌സ് റേ ഒന്നു നോക്കൂ”
“അവസാനത്തെ സ്റ്റേജാണല്ലോ. ഇനിയെന്തു ചെയ്യാനാ”
“ശരിയാണ്. എന്റെ എക്‌സ്‌റേ ആണ് ഇത്”
1957 ഫെബ്രുവരി പതിനാലിന്, തന്റെ മരണത്തിനു രണ്ടാഴ്ച മുമ്പ് ഡോ. ഗ്രഹാം തന്റെ സുഹൃത്തും സർജനുമായ ആൾട്ടൻ ഓഷ്നർക്ക് എഴുതി. “അടുത്തിടെ ഞാൻ ബാൻസ് ഹോസ്പിറ്റലിലെ ഒരു രോഗിയായിത്തീർന്ന വിവരം താങ്കൾ അറിഞ്ഞുകാണുമല്ലോ. ഇരു ശ്വാസകോശങ്ങളെയും ബാധിച്ച ബ്രോങ്കോജെനിക് കാഴ്സിനോമ രാത്രിയിൽ ഒരു കള്ളൻ എന്നപോലെ എന്നിൽ ഒളിച്ചു കടക്കുകയായിരുന്നു. അഞ്ചു വർഷത്തിലേറെയായി ഞാൻ പുകവലി നിർത്തിയിട്ട് എന്നറിയാമല്ലോ. എന്നാൽ അതിനു മുൻപുള്ള അൻപതു വർഷം ഞാൻ നല്ലൊരു പുകവലിക്കാരനായിരുന്നു”
തന്റെ അവസാന നാളുകളിൽ പുകവലിക്കെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിന് ഈ പ്രശ്‌നത്തിന്റെ പരിഹാരം രാഷ്ട്രീയപരമാകണം എന്നു മനസ്സിലായിരുന്നു. മരണത്തിനു മൂന്നുവർഷം മുൻപ് എഴുതിയ ഒരു ലേഖനത്തിൽ ഇവ്വിധം ഒരു പരാമർശം അദ്ദേഹം നടത്തി. “പുകവലിക്ക് എതിരെയുള്ള നീക്കങ്ങളെ അനുകൂലിക്കാത്ത രാഷ്ട്രീയക്കാരുടെ മർക്കടമുഷ്ടി കാണുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് അവരെ അന്ധരാക്കുന്നത് അവരുടെ ആസക്തി തന്നെയാണ് എന്നതത്രെ. സ്വന്തം പുകവലി നിർത്താൻ അവർ തയ്യാറല്ല. ഈ സാഹചര്യത്തിൽ നാം നേരിടുന്ന ഒരു സുപ്രധാന ചോദ്യമുണ്ട്. ടെലിവിഷനിലും മറ്റും വരുന്ന സിഗരറ്റു പരസ്യങ്ങൾ നിരോധിക്കേണ്ടതല്ലേ ? സർക്കാരിന്റെ ആരോഗ്യസംവിധാനങ്ങൾ ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് ഒരു മുന്നറിയിപ്പെങ്കിലും നല്കേണ്ടതല്ലേ ?”
തെളിവുകളുടെ വൻ തിരകളെ പ്രതിരോധിക്കാൻ പുകയിലക്കമ്പനികൾ ആവതു ശ്രമിച്ചെങ്കിലും വൈദ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രം സത്യത്തെ കണ്ടെത്തുന്നതിൽ വിജയിക്കുക തന്നെ ചെയ്തു. പുകയില ഒരു ക്യാൻസർ കാരകമായി അംഗീകരിക്കപ്പെട്ടു. പുകയില പരസ്യങ്ങൾ നിയന്ത്രിക്കപ്പെട്ടു. പുകയിലയുടെ ഉപയോഗം വൻ തോതിൽ കുറച്ചുകൊണ്ടുവരാനും സാധിച്ചു .
ഇത്തരം അനേകം ജീവത്യാഗങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നാം ഇന്ന് ജീവിക്കുന്ന ലോകം കൂടുതൽ സുരക്ഷിതമായത്. പുകവലി വിരുദ്ധ പ്രവർത്തനങ്ങളെയും സർക്കാരിന്റെ പുകയില വിരുദ്ധ പരസ്യങ്ങളെയും ട്രോളുന്നതിനു മുൻപ് ഓർക്കുക. പുകവലിക്ക് നിശ്ചയമായും വലിയ വില കൊടുക്കേണ്ടിവരും. വലിയ വില …