· 5 മിനിറ്റ് വായന

‘അങ്ങനെ ഒരു ഡെങ്കിപ്പനി കാലത്ത് ‘

Infectious DiseasesPreventive Medicineപകര്‍ച്ചവ്യാധികള്‍

കുറച്ചുകാലങ്ങളായി കാലവർഷം ആരംഭിക്കുന്നത് തന്നെ സാംക്രമികരോഗങ്ങളുടെ പകർച്ചക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്. പ്രത്യേകിച്ചും കേരളത്തിൽ. ആശുപത്രികളിലെ ജനങ്ങളുടെ നീണ്ട ദുരിതവരികൾ, അതോടൊപ്പം രോഗപീഢയേൽപ്പിക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ, രാഷ്ട്രീയ കക്ഷികളുടെ പഴിചാരൽ, അടിയന്തിരപ്രമേയം, ഇറങ്ങിപോക്ക് എന്നിവ ആണ്ടോടാണ്ട് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കുറി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ‘ഡെങ്കി’ക്കാലം പതിവിലും നേരത്തെ എത്തിയിരിക്കുന്നു…

2001 മുതൽക്കാണ് എല്ലാ വർഷമെന്നോണം ഒരു സീസൺ കണക്കെ ഡെങ്കിപനിയുടെ പകർച്ചക്കാലം കേരളത്തിൽ തുടർച്ചയായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. കേരളത്തിലെ ആദ്യ ഡെങ്കിമരണം സംഭവിച്ചത് 1997ൽ കോട്ടയത്തു നിന്നായിരുന്നു. 2013 ലാണ് ഏറ്റവും കനത്ത ഡെങ്കിബാധ കേരളത്തിൽ പടർന്നുപിടിച്ചത്. എണ്ണായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട്‌ ചെയ്ത ആ വർഷം 29 മരണങ്ങൾ വരെ ഡെങ്കിപ്പനി മൂലമുണ്ടായി. നല്ലൊരു ശതമാനം ജനങ്ങൾ സ്വകാര്യമേഖലയെ ആശ്രയിക്കുന്ന കേരളത്തിൽ ഈ കണക്കുകൾ ഇതിലും വളരെ മോശമാകാനേ തരമുള്ളൂ.

ഈ വർഷം തിരുവനന്തപുരമാണ് തലസ്ഥാന ‘ഡെങ്കി നഗരി’യായി മാറിയിരിക്കുന്നത്. ജനറൽ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. അവിടുത്തെ ഡോക്ടർമാരടക്കം പല സ്റ്റാഫുകളും രോഗബാധിതരാണെന്ന ശുഭകരമല്ലാത്ത വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്.

  • വൈറൽ പനികൾ കൂടുന്നത് എന്തുകൊണ്ട് ?

കഴിഞ്ഞ അഞ്ചു ദശകങ്ങളിൽ ആഗോളതലത്തിൽ ഡെങ്കിപ്പനി മുപ്പതു മടങ്ങു വർധിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ കാണിക്കുന്നത്. ആസൂത്രണവും ദീർഘവീക്ഷണവും ഇല്ലാത്ത നഗരവൽക്കരണമാണ് ഇക്കാര്യത്തിൽ പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊതുകിനു പെറ്റുപെരുകാനുള്ള സാഹചര്യങ്ങൾ നമ്മൾ തന്നെ വഴിയൊരുക്കുന്നു .ശരിയായ അർത്ഥത്തിൽ അല്ലെങ്കിലും ഇത് ഒരു ജീവിതശൈലീ രോഗം തന്നെ. ഒരു സാമൂഹിക ജീവിത ശൈലീ രോഗം !

അപ്പോഴും ഈ രോഗങ്ങളൊക്കെ പെട്ടെന്ന് എവിടെ നിന്ന് പൊങ്ങിവന്നു !! പണ്ടൊന്നും ഇതൊന്നും കേട്ടിട്ട് പോലും ഇല്ലല്ലോ !! തുടങ്ങിയ സ്വാഭാവിക സംശയങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് ചിക്കുൻഗുനിയയെപ്പറ്റി എഴുതുന്ന നാല്പതുകാരൻ മെഡിസിന് പഠിക്കുമ്പോൾ ‘ചിക്കുൻഗുനിയ’ വായിൽ കൊള്ളാത്ത പേരുള്ള ഒരാഫ്രിക്കൻ രോഗമാണ്. ഇന്ന് നമുക്കത് സുപരിചിതമാണ്. ആദ്യം പറഞ്ഞ ഘടകങ്ങളുടെ സ്വാധീനം കൂടാതെ മറ്റു സാമൂഹികമായ കാരണങ്ങൾ അതിനുണ്ട്.

ഭൂതലത്തിൽ ഒരു പ്രത്യേക ഭൂമേഖലയിൽ കേന്ദ്രീകരിച്ചിരുന്ന വൈറസുകൾക്ക് പരക്കാനുള്ള സാഹചര്യം വല്ലാതെ വർധിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തു പസിഫിക് മേഖലയിലെ യുദ്ധകാല കപ്പലോട്ടങ്ങൾക്കും കപ്പൽ ചരക്കുകൾക്കുമൊപ്പം കൊതുകുകൾ പരന്നതുമൊക്കെ പ്രസരണത്തിന്റെ രീതിയിലെ മാറ്റങ്ങൾക്ക് ആക്കം കൂട്ടി എന്ന് ചരിത്രകാരന്മാർ കരുതുന്നു .അതെന്തായാലും ഭൂപ്രവിശ്യകളുടെ അതിരുകൾ പഴങ്കഥയാക്കി മനുഷ്യൻ ഇന്ന് ധാരാളം യാത്ര ചെയ്യുന്നു. അതിനോടൊപ്പം വൈറൽരോഗങ്ങൾ ഒരിടത്ത് മാത്രം ഒതുങ്ങാനുള്ള സാധ്യത കുറയുന്നു.

അതുപോലെ പ്രധാന ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്ന ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. ഇത്തരം വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയിലുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ആഗോളതാപനം മൂലം ഇപ്പോൾ ഉണ്ടായിരിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മനുഷ്യൻ സൃഷ്ടിച്ച ഇത്രയും ഘടകങ്ങൾ കൂടാതെ വൈറസ്സുകൾ കൂടുതൽ ശക്തരാകാനുള്ള ജനിതക വ്യതിയാനങ്ങൾ സ്വയം സ്വീകരിക്കുന്നുണ്ട് എന്നും പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.

  • എന്ത് ചെയ്യാനാകും ?

മൂന്നു കാര്യങ്ങൾ വ്യക്തമാണ്.

1.വൈറസിന്റെ സാന്നിധ്യം, വൈറസ് പരത്താനുള്ള കൊതുകുകളും അവയ്ക്ക് പെരുകാനുള്ള സാഹചര്യവും, വൈറസ് പ്രതിരോധം ഇല്ലാത്ത മനുഷ്യർ എന്നീ ഘടകങ്ങൾ ഒത്തു വന്നാൽ ഡെങ്കി രോഗം വരാം.

2.ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ ഇത് മൂന്നുമുണ്ട്.

3.രോഗബാധിതനായ ഒരു വ്യക്തിയെ പകർച്ചശേഷിയുള്ള കൊതുകു കടിച്ചതിനുശേഷം രോഗമില്ലാത്ത ഒരാളെ കടിക്കുന്നതിലൂടെയാണ് ഈ രോഗം പടരുന്നത്.

ഇതിൽ പ്രതിരോധം ഉണ്ടാക്കുന്ന വാക്സിൻ വികസിപ്പിക്കുന്നത് വരെ (അതിനു ശേഷവും) രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. രോഗ സീസണല്ലാത്തപ്പോൾ തന്നെ (ഡിസംബർ മുതൽ മെയ് വരെയുള്ള സമയത്ത്) ഇതിനു ഊന്നൽ നൽകണം എന്ന് വിദഗ്ധർ പറയുന്നു. പരിഷ്കാരിയായ നഗരവാസിയാണ് ഡെങ്കി പരത്തുന്ന ‘ഈഡസ് ഈജിപ്റ്റസ് ‘(Aedes Aegyptus) കൊതുകുകൾ. അലക്ഷ്യമായി വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ, ചിരട്ടകൾ, ടയറുകൾ, സംഭരണികൾ, മുട്ടതോടുകൾ മുതലായ വലിപ്പചെറുപ്പമില്ലാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം അവ പെരുകുന്നു. തിങ്ങിപാർക്കുന്ന നഗരങ്ങൾ, വെള്ളം നേരത്തെ ശേഖരിച്ച് വെക്കേണ്ടവസ്ഥ വരുന്ന ജലക്ഷാമമൊക്കെ ഇതിന് വഴി വെക്കുന്നു. മലയോര വനമേഖലയിൽ മറ്റൊരു ബന്ധുവായ ‘ഈഡസ് ആൽബോപിക്റ്റസ് (Aedes Albopictus) ആണ് ഇതേ ജോലി ചെയ്യുന്നത്. രോഗം പരത്താൻ ‘ഈജിപ്പ്റ്റി’യുടെ അത്രേം ശുഷ്കാന്തിയില്ലെങ്കില്ലും ധാരാളം അംഗബലമുള്ളത് കൊണ്ട് ഇവരും അപകടം തീർക്കുന്നു. ഇത്തരത്തിലുള്ള കൊതുകുകളുടെ മുട്ടകൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ യാതൊരുമാറ്റവും കൂടാതെ കാലങ്ങളോളം കിടക്കും. പെട്ടെന്നൊരു മഴ ചാറിത്തുടങ്ങുമ്പോൾ തന്നെയുള്ള കുഞ്ഞു ഈർപ്പം മതിയാകും ഈഡിസ് മുട്ടകൾക്ക് വിരിയാൻ. അതാണിപ്പോൾ തിരുവനന്തപുരത്ത് സംഭവിച്ചത്.

മരുന്നടിക്കുക, കൊതുക് പ്രജനന സങ്കേതങ്ങൾ കണ്ടെത്തുക, വീട് വീടാന്തരം സർവ്വേ നടത്തി രോഗികളെ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ വർഷംതോറും ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെങ്കിലും അവയൊന്നും ഒരു ദീർഘകാല നടപടികളല്ലാന്ന് പറഞ്ഞു ആരോഗ്യവകുപ്പിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കാരണം ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലും പിന്തുണയും ഇല്ലാത്തതാണ് പലപ്പോഴും ഇത്തരംനടപടികൾ പാളിപോകുന്നതിനു കാരണമാകുന്നത്. സ്വന്തം വീടുകളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിനിർത്താതെ ഒഴുക്കികളയാനോ, കൊതുകുകളുടെ പ്രജനനം തടയാനോ നമ്മൾ ഓരോരുത്തരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിൽ ചിലയിടങ്ങളിൽ പ്രയോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന കാര്യംമറക്കുന്നില്ല. ഉദാഹരണത്തിന് വിഴിഞ്ഞത്തു കടലോര മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുമ്പോൾ അവരോട് ഏറെക്കാലം ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളം കമഴ്ത്തി കളയണം എന്നും പറയുന്നത് പ്രായോഗികമല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ചെയ്യാനാവുന്നത് വെള്ളം നിറച്ച പാത്രം ആഴ്ചതോറും മാറ്റുക എന്നുള്ളതാണ്. അതോടൊപ്പം പാത്രങ്ങൾ കൊതുകുമുട്ടകൾ പറ്റി പിടിക്കാതിരിക്കുക എന്ന ഉദ്ദേശത്തോടെ ഉരച്ചു കഴുകുകയും, വെള്ളം നിറച്ചപാത്രങ്ങൾ മൂടിവയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്.

പെസ്റ്റിസൈഡുകളുടെ സഹായം കൂടാതെ കൊതുകളുടെ എണ്ണം കുറക്കുന്ന കവചജീവികൾ (crustaceans), ഗപ്പികൾ, കൊതുകളുടെ പ്രജനനം തടയുന്ന ബാക്റ്റീരിയകൾ മുതലായ ജീവശാസ്ത്രപരമായ (bio environmental) രീതികളും ഈ ദിശയിൽ പ്രതീക്ഷ തരുന്നു.

ഡെങ്കിപ്പനിയുള്ള ഒരാളെ ഈഡിസ്‌ കൊതുകുകൾ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട്‌ മറ്റൊരാളെ കടിക്കുമ്പോൾ കൊതുകിന്റെ ഉമിനീർവഴി രക്തത്തിൽ കലർന്ന്‌ രോഗമുണ്ടാക്കുകയും ചെയ്യുന്നു. 1 മുതൽ 3 ആഴ്‌ചവരെ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ ഈ വൈറസുകൾ നിലനിൽക്കും. കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽ നിന്നും ഡെങ്കിപ്പനി മറ്റൊരാൾക്ക്‌ പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം.

ഡെങ്കിപ്പനിക്ക്‌ കാരണമാകുന്ന വൈറസുകൾ നാലുതരത്തിലുള്ളതിനാൽ ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക്‌ വീണ്ടും പിടിപെടാൻ സാധ്യതയുണ്ട്‌.

സാധാരണ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക്‌ പനി, ഡെങ്കു ഷോക്ക്‌ സിൻഡ്രോം എന്നീ മൂന്നുതരത്തിൽ ഡങ്കിപ്പനി ബാധിക്കാറുണ്ട്‌.

പനിയും ശരീരവേദനയുമായി പ്രത്യക്ഷപ്പെടുന്നതാണ്‌ സാധാരണ ഡെങ്കു ഫീവർ (D.F.).

രക്തസ്രാവത്തിൽ കലാശിക്കുന്നതാണ്‌ ഡെങ്കു ഹെമറേജിക്‌ ഫീവർ (D.H.F.)

രക്തസമ്മർദവും നാഡിമിടിപ്പും തകരാറിലാക്കുന്ന പനിയാണ്‌ ഡെങ്കു ഷോക്ക്‌ സിൻഡ്രോം (D.S.S.)

  • ഡെങ്കിപ്പനിക്ക്‌ പൊതുവെ കാണപ്പെടുന്ന ലക്ഷണങ്ങൾ ഇവയാണ് :-

പെട്ടെന്നുള്ള കഠിനമായ പനി.

അസഹ്യമായ തലവേദന.

നേത്രഗോളങ്ങളുടെ പിന്നിലെ വേദന.

വിശപ്പില്ലായ്‌മയും രുചിയില്ലായ്‌മയും.

നെഞ്ചിലും കൈയിലും അഞ്ചാംപനിയിലെ പോലുള്ള പാടുകൾ ഉണ്ടാവുക, മനംപുരട്ടലും ഛർദ്ദിയും.

  • ഡെങ്കു ഹെമറാജിക്‌ പനിയുടെയും ഡെങ്കു ഷോക്ക്‌ സിൻഡ്രോമിന്റെയും ലക്ഷണങ്ങൾ ഇവയാണ് :-

ഡെങ്കിപ്പനിക്ക്‌ കാണപ്പെടാറുള്ള ലക്ഷണങ്ങൾക്കു പുറമെ കഠിനമായും തുടർച്ചയായും അനുഭവപ്പെടുന്ന വയറുവേദന.

ചർമ്മം വിളറിയതും ഈർപ്പമേറിയതുമാവുക.

മൂക്ക്‌, വായ്‌, മോണ മുതലായവയിൽ കൂടി രക്തസ്രാവ്രമുണ്ടാവുക.

കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛർദ്ദി.

അസ്വസ്ഥതയും ഉറക്കമില്ലായ്‌മയും.

അമിതമായ ദാഹം.

നാഡിമിടിപ്പ്‌ കുറയൽ.

ശ്വാസോച്ഛാസത്തിന്‌ വൈഷമ്യം.

  • ഈ ഡെങ്കിപ്പനി സീസണിൽ ഒരു പനി വന്നാൽ എന്തു ചെയ്യണം?

നമുക്ക് സാധാരണ പിടിപെടുന്ന പലതരം വൈറൽ പനികളിൽ ഒന്നാണ് ഡെങ്കിപ്പനി. വൈറൽ പനി എന്നതു കൊണ്ടു തന്നെ സ്വമേധയാ സുഖപ്പെടാൻ സാദ്ധ്യതയുള്ള പനികളിൽ പെടുന്നതാണ് ഡെങ്കി. അതു കൊണ്ട് ഇതിനെ കുറിച്ച് ഒരുപാട് ആശങ്കപ്പെടേണ്ട കാര്യമില്ല.

പനി തുടങ്ങി ആദ്യ മുന്നോ നാലോ ദിവസങ്ങളിൽ നല്ല ശരീരവേദനയും ചുവന്ന തിണർത്ത പാടുകളോ ഉണ്ടാകാം. നല്ലതുപോലെ വിശ്രമം, തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക, പിന്നെ പനിക്ക് പാരസെറ്റമോൾ ഇവ മൂന്നും മതിയാകും ഭൂരിപക്ഷം പേർക്കും. വേദന എത്ര കൂടുതലാണെങ്കിലും സ്വയം വേദനാസംഹാരികൾ വാങ്ങി കഴിക്കരുത്.

  • ശ്രദ്ധിക്കേണ്ടവർ ആരെല്ലാം?

ശരീരത്തെത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നും രക്തസ്രാവം, വയറുവേദന, ഛർദ്ദി, ഇവയൊക്കെ കാരണം വെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ സൂക്ഷിക്കേണ്ടതാണ്. ഇവർ ആശുപത്രികളിൽ ചെന്ന് ചികിത്സ തേടണം.

അകാരണമായ ക്ഷീണം, തലകറക്കം , പെരുമാറ്റത്തിലോ ബോധത്തിലോ വ്യത്യാസം എന്നിവയും ഡെങ്കിയുടെ സങ്കീർണ്ണതകളാകാം.

മൂത്രത്തിന്റെ അളവ് സാധാരണ നിലയിൽ ഉണ്ടെന്ന് രോഗികൾ ഉറപ്പു വരുത്തണം.

ശരീരത്തിൽ പുതുതായി നീര് വരുന്ന ലക്ഷണം വളരെ ശ്രദ്ധയോടെ കൂടെ കാണണം.

കാലിലോ, മുഖത്തോ, കണ്ണിനു താഴെയോ നീരു പ്രത്യക്ഷപ്പെടാം.

അതുപോലെ തന്നെ വളരെ ഗുരുതരമായ പ്രശ്നമാണ് ഇതോടൊപ്പമുള്ള ശ്വാസംമുട്ട്.

  • ഡെങ്കിപ്പനി വന്ന് രക്തത്തിലെ കൗണ്ട് കുറഞ്ഞു, ഇനിയെന്ത് ചെയ്യണം?

കൗണ്ട് കുറയുക എന്നത് വളരെ സർവസാധാരണമാണ്. ഇത് വെളുത്ത രക്താണു വോ (WBC), പ്ലേറ്റ്ലെറ്റോ ആവാം. ബഹുഭൂരിപക്ഷം ആളുകളിലും പനി മാറുമ്പോൾ ഇത് സ്വമേധയാ വർദ്ധിച്ചു വരും. സാധാരണയായി പ്ലേറ്റ്ലെറ്റ് കൗണ്ട് (Platelets) 50,000 ൽ താഴെയാകുന്നതു വരെ രക്തസ്രാവം കാണപ്പെടാറില്ല. അതിനാൽ ഈ അളവുവരെ പ്ലേറ്റ്ലറ്റ് താഴുന്ന രോഗികൾ ചികിത്സയോടൊപ്പം രണ്ടു ദിവസം ഇടവിട്ട് കൗണ്ട് ടെസ്റ്റ് ചെയ്യുകയും ചെയ്യണം.

50,000 ൽ താഴെ പ്ലേറ്റ്ലറ്റ് കുറഞ്ഞാൽ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുന്നതാണ് നല്ലത്. ഇവരെ നിരന്തരം നിരീക്ഷിക്കുകയും എന്തെങ്കിലും രക്തസ്രാവമുണ്ടായാൻ അടിയന്തരമായി ചികിത്സ നൽകേണ്ടതുമുണ്ട്. പനി മാറി ഊഷ്മാവ് സാധാരണ അളവിലെത്തി രണ്ടോ മുന്നോ ദിവസത്തിനു ശേഷമാണ് പ്ലേറ്റ്ലെറ്റ് കൂടിയതായി കാണാറുള്ളത്.

  • കൊതുകുകളുടെ പ്രജനന സ്ഥലം.

ഈഡിസ്‌ കൊതുകുകൾ ശുദ്ധജലത്തിലാണ്‌ മുട്ടയിടുന്നതും വളർച്ച പൂർത്തിയാക്കുന്നതും. മേൽപ്രസ്താപിച്ച സ്ഥലങ്ങൾ കൂടാതെ വെള്ളം നിറച്ചിരിക്കുന്ന വാട്ടർ കൂളർ, ഫ്‌ളവർ വെയ്‌സ്‌, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിട്ടുള്ള സോസർ, ഒഴിഞ്ഞ പാത്രങ്ങൾ, ജാർ, ഫ്രിഡ്‌ജ്‌, വാഴയുടെ പോളകൾ, മരത്തിന്റെ വിടവുകൾ തുടങ്ങിയ സ്ഥലത്തും ഈ കൊതുകുകൾ മുട്ടയിടുന്നു.

  • നിയന്ത്രണങ്ങൾ

ഈഡിസ്‌ കൊതുകുകളെ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുക.

കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശരിയായവിധം ഇല്ലായ്‌മ ചെയ്യുക.

വാട്ടർ കൂളറിലുള്ള വെള്ളം ആഴ്‌ചതോറും മാറ്റുക.

കൊതുകു നശീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തും മറ്റ്‌ സംഘടനകളും ഒത്തൊരുമയോടെ ഏറ്റെടുക്കുക.

*മുൻകരുതൽ

വീടിന്റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളിൽ യാതൊരുകാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌.

ഒഴിഞ്ഞപാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.

വീടിനുള്ളിൽ കൊതുക്‌ കടക്കാത്തവിധം വലയടിച്ചു സജ്ജീകരിക്കുക (Mosquito proof).

കൊതുകു നിർമാർജ്ജന പ്രവർത്തനത്തിൽ സഹായിക്കുക.

രോഗിയെ കൊതുകുവലയ്‌ക്കുള്ളിൽ കിടത്തുക; അല്ലെങ്കിൽ കൊതുക്‌ കടക്കാത്ത മുറി സജ്ജീകരിക്കുക.

പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്ക്‌ കൊടുക്കുക.

പനിയും രക്തസ്രാവവും ഉണ്ടെങ്കിൽ ഡോക്‌ടറുടെ സേവനം ഉടൻ ലഭ്യമാക്കുക.

ലേഖകർ
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ