അങ്ങനെ ഒരു പനിക്കാലത്ത്
കേരളം പനി പിടിച്ചു വിറച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുന്ന നേരമാണ്. മഴ കൂടുംതോറും ആശുപത്രിയിലെ ക്യൂവിന് നീളം കൂടുക തന്നെയാണ്. ക്യൂവില്‍ നിന്ന് രോഗികളും തുടര്‍ച്ചയായി വന്നു കൊണ്ടേ ഇരിക്കുന്ന രോഗികള്‍ക്ക് വേണ്ടി ജോലി ചെയ്ത് ഡോക്ടര്‍മാരും ആശുപത്രി വ്യവസ്ഥിതിയും തളരുന്നു. എന്നിട്ടും അനുദിനം പത്രങ്ങള്‍ പനിയെക്കുറിച്ച് എഴുതുന്നത് വായിക്കുമ്പോള്‍ സ്ഥിതി കൈവിട്ടു പോകുകയാണ് എന്ന് തോന്നിപ്പോകും. പരിഭ്രാന്തി ഉണര്‍ത്തുന്ന ഈ സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താനാകും? എന്താണ് ഈ പനിക്കാലത്തേക്ക് നമ്മള്‍ കാത്തു വെക്കേണ്ടത്? ഇനി ഇത് പോലെ ഒരു പനിക്കാലം വരാതിരിക്കാന്‍ ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് എന്താണ്? വന്ന പനിയെ ഓടിക്കാനും വേണമല്ലോ മാര്‍ഗം. ചിന്താകുലരായ മലയാളിക്ക് വേണ്ടി ഇന്‍ഫോ ക്ലിനിക്കിനു പറയാനുള്ളത്…
* ഭയക്കേണ്ട. എല്ലാ പനിയും അപകടകാരിയല്ല. അതിഭീകരമായ ഒരു സ്ഥിതിയല്ല ഇവിടെയുള്ളത്. പനി സര്‍വ്വസാധാരണമായിരിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ, ജീവാപായം ഉണ്ടാക്കുന്നതും തുടര്‍ ആരോഗ്യത്തെ ബാധിക്കുന്നതുമായ പനി ബാധിക്കുന്നവര്‍ ചെറിയൊരു ശതമാനം മാത്രമാണ്. എങ്കിലും അവഗണിക്കാനാവുന്നതല്ല ആ ചെറിയ ശതമാനവും. ഒരു കാലത്ത് ലോകത്തിന്റെ തന്നെ നെറുകയിലായിരുന്ന ഒരു ആരോഗ്യ സംവിധാനമുണ്ടെന്ന് അഭിമാനിച്ചിരുന്ന സംസ്ഥാനത്താണ് ഈ അവസ്ഥ എന്നത് ചെറുതല്ലാത്ത അലോസരമുണ്ടാക്കുന്നുണ്ട്.
* ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയിഡ് , H1N1 തുടങ്ങി പേരുള്ളതും അല്ലാത്തതും ആയ സകല പനികള്‍ക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഉള്ളത്. ശരീരവേദന വന്നാല്‍ ഡെങ്കിയാണെന്ന് അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ഡയഗ്നോസ് ചെയ്തു തന്നേക്കും. കുടിച്ച വെള്ളത്തില്‍ ഈയൊരു കാര്യത്തില്‍ അങ്ങേരെ വിശ്വസിക്കരുത്. അദ്ദേഹത്തിനു ഡെങ്കിപ്പനി വന്നപ്പോള്‍ വേദനിച്ചത് കാല്‍മുട്ടായിരിക്കും. നിങ്ങള്‍ക്ക് വേദനിക്കുന്നത് മുട്ടിനു താഴെ പിറകിലായുള്ള പേശിയായിരിക്കും. ഒന്ന് ഡെങ്കിയുടെ ലക്ഷണം ആണെങ്കില്‍ മറ്റൊന്ന് എലിപ്പനിയുടെ ലക്ഷണമാണ്. രണ്ടിനും ചികിത്സ രണ്ടു വഴിക്കാണ്. വിദഗ്ധരോട് ചോദിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക.
* ലാബ് ടെസ്റ്റുകള്‍ ഒരിക്കലും രോഗനിര്‍ണയത്തിലെ അവസാന വാക്കല്ല. ശാരീരികപരിശോധന നടത്തിയ ഡോക്ടര്‍ക്ക് അതില്‍ ലഭിക്കുന്ന അനുമാനങ്ങള്‍ ഉറപ്പിക്കാന്‍ ഉള്ളൊരു സഹായി മാത്രമാണ് ലബോറട്ടറി ടെസ്റ്റ് റിസള്‍ട്ട്. അത് കൊണ്ട് തന്നെ സ്വന്തം ഇഷ്ടത്തിന് പോയി ടെസ്റ്റ് ചെയ്തു ഗൂഗിളില്‍ ‘complications’ മാത്രം ഭൂതക്കണ്ണാടി വെച്ച് നോക്കി “ഞാനിപ്പോ ചാകുമേ” എന്ന് ചിന്തിക്കാതിരിക്കുക. ലിവര്‍ എന്‍സൈമുകള്‍ (SGOT, SGPT മുതലായവ) ചില പനികളില്‍ അല്പം ഉയര്‍ന്നു നില്‍ക്കുക സ്വാഭാവികം മാത്രം. ”മഞ്ഞപ്പിത്തം കൂടി വന്നല്ലോ ഡോക്ടറെ, പ്രശ്നമാകുമോ” എന്നൊക്കെ ചോദിക്കുന്നുണ്ട് രോഗികള്‍. അത് ‘മഞ്ഞപ്പിത്തം’ നോക്കുന്നതല്ല. രോഗിയുടെ പൊതുവായ ശാരീരികാവസ്ഥ നോക്കുന്നതാണ്. ഭയക്കേണ്ടതില്ല. കഴിവതും സ്വന്തം ഇഷ്ടത്തിന് ലാബ് ടെസ്റ്റ് ചെയ്തു മാനസികസമ്മര്‍ദം കാശ് കൊടുത്തു വാങ്ങാതിരിക്കുക. ഡോക്ടര്‍ എഴുതി തരുന്ന പരിശോധനകള്‍ മതിയാകും.
* എല്ലാ പനിയും ഡെങ്കിപ്പനിയല്ല. നാട്ടിലുള്ള പനികളില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഡെങ്കിപ്പനി . അതിലും ചെറിയൊരു ഭാഗം മാത്രമാണ് സങ്കീര്‍ണ രൂപത്തിലേക്ക് (കാപില്ലറി ലീക്ക് അധികരിച്ച് ഉണ്ടാകുന്ന Dengue Shock Syndrome, രക്തസ്രാവം ഉണ്ടാകുന്ന Dengue Hemorrhagic Fever തുടങ്ങിയ അവസ്ഥകള്‍) നീങ്ങുന്നവ. ഈ പനിയുടെ പേര് പോലും വല്ലാത്തൊരു അവസ്ഥയിലേക്ക് രോഗികളെ കൊണ്ട് പോകുന്നതിനു സാക്ഷ്യം വഹിക്കുന്ന ദിനങ്ങളിലൂടെയാണ് ഓരോ ചികിത്സകനും ഇപ്പോള്‍ കടന്നു പോകുന്നത്. ഈ ഭീതി മുതലെടുത്ത് ധാരാളം മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചില ഫോർവാർഡ് മെസേജുകൾ പറയുന്നത് പോലെ പനി തുടങ്ങുമ്പോൾ തന്നെ പ്ലേറ്റ്‌ലറ്റ് കൗണ്ട് പരിശോധിച്ച് സ്വയം ഡെങ്കി രോഗനിർണയം നടത്താൻ ശ്രമിക്കരുത്. പ്ലേറ്റ്ലറ്റ് കൗണ്ട് അദ്ഭുതാവഹമായി കൂട്ടുമെന്ന് അവകാശപ്പെടുന്ന പ്രചാരണങ്ങള്‍ പല വിധത്തില്‍ സുലഭമാണ് ചുറ്റും. പ്ലേറ്റ്ലറ്റ് കൗണ്ട് കൂടുന്നതിലും അത്യാവശ്യം രോഗിയുടെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുക, അപകടകരമായ രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെങ്കില്‍ വേണ്ട ചികിത്സ ഉടനടി ലഭ്യമാക്കുക എന്നതൊക്കെയാണ്. ആദ്യമായി വരുന്ന ഡെങ്കിപ്പനി അപകടകാരിയുമല്ല. എന്നാല്‍ മുന്‍പ് ചിലപ്പോള്‍ ഒരു ജലദോഷപ്പനി കണക്കു വന്നു പോയ പനി ഡെങ്കിയായിരുന്നു എന്ന് തിരിച്ചറിയാതെ പോകുന്ന അവസ്ഥകള്‍ ഏറെ. അല്ലാതെയും രണ്ടാമത് രോഗമുണ്ടാകുന്നവര്‍ ഉണ്ട്. സങ്കീര്‍ണതാസാദ്ധ്യതകള്‍ മുന്‍കൂട്ടി കണ്ടേ മതിയാകൂ. ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടം നിര്‍ബന്ധമാണ്. സ്വയം തീരുമാനിക്കരുത്.
* പ്ലേറ്റ്‌ലറ്റ് എണ്ണം മാത്രം വെച്ച് അവസ്‌ഥ സാരം/നിസാരം എന്ന് പറയാൻ സാധിക്കില്ല.ഡെങ്കിയാണെന്ന് രക്‌തപരിശോധനയിൽ ഉറച്ചു കഴിഞ്ഞാൽ അതിനോടൊപ്പം പരിശോധിക്കേണ്ട മറ്റു ചില ടെസ്‌റ്റുകൾ ഉൾപ്പെടെ നോക്കി കൃത്യമായ ശാരീരിക പരിശോധന നടത്തിയ ശേഷം രോഗിയുടെ അവസ്ഥ തീരുമാനിക്കേണ്ടത് ഡോക്ടറാണ്. സാധാരണ ഗതിയിൽ പനി തുടങ്ങിയ ഉടൻ ഓടിച്ചെന്ന് പരിശോധനകൾ നടത്തേണ്ടതുമില്ല.
* സഹിക്കാവുന്ന പനി രണ്ട് ദിവസം വരെ പാരസെറ്റമോള്‍ കഴിച്ച് നന്നായി വെള്ളം കുടിച്ചും ഭക്ഷണം കഴിച്ചും വിശ്രമിച്ചും കുറക്കാൻ ശ്രമിക്കാം. ദിവസം മൂന്ന് നേരം വരെ പ്രായത്തിനനുസരിച്ചുള്ള ഡോസ് പാരസെറ്റമോൾ കഴിക്കാം. കുട്ടികൾക്ക് ഭാരത്തിന് അനുസരിച്ചാണ് മരുന്ന് നൽകുന്നത് . അസഹനീയമായ വിധം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
* കഴിക്കുന്ന പാരസെറ്റമോൾ ലിവറും കിഡ്‌നിയും ചീത്തയാക്കും എന്നൊക്കെ പ്രചരണമുണ്ട്. നിലവില്‍ മറ്റു രോഗങ്ങള്‍ ഇല്ലാത്ത മുതിർന്ന വ്യക്‌തിക്ക് പാരസെറ്റമോൾ കൊണ്ട് പനി ചികിത്സക്കിടെ കരൾ പരാജയം സംഭവിക്കണമെങ്കിൽ ദിവസം ചുരുങ്ങിയത് പത്ത് ഗ്രാമിൽ കൂടുതൽ പാരസെറ്റമോൾ അകത്തു ചെല്ലണം (650 mg ഉള്ള ഏകദേശം പതിനഞ്ച് പനി ഗുളിക ഒരു നേരം കഴിക്കണമെന്ന്). ഇത് എത്രത്തോളം സംഭവ്യമാണ് എന്നത് ചിന്തിച്ചു നോക്കാനുള്ള ബുദ്ധിയൊക്കെ ഏത് പനി പിടിച്ച തലച്ചോറിനും കാണും. അകാരണമായ ആശങ്കകള്‍ വെച്ച് പുലര്‍ത്താതിരിക്കുക. ചികിത്സയുടെ അവസാന വാക്കായി അനുഭവസാക്ഷ്യക്കാരെയും മേസേജുകളെയും ഒരു കാരണവശാലും കൂട്ട് പിടിക്കുകയേ അരുത്.
* പാരസെറ്റമോൾ കഴിച്ചാൽ പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂടില്ല, അത് വഴി ഡെങ്കിപ്പനി വഷളായി രോഗിക്ക് അപകടം സംഭവിക്കും’ എന്ന് എഴുതിയൊരു മെസേജും കണ്ടു. അസംബന്ധമെന്നല്ലാതെ എന്ത് പറയാനാണ് ! മജ്‌ജയിൽ നിന്നും ഉണ്ടാകുന്ന പ്ലേറ്റ്‌ലറ്റുകളുടെ അളവിനെ സ്വാധീനിക്കാൻ ഒരു വിധത്തിലും ഈ മരുന്നിന് കഴിയില്ല. ആശുപത്രിയിൽ നിറഞ്ഞ് കവിയുന്ന രോഗികൾക്ക് ഡെങ്കിപ്പനിയുടെ എല്ല് പൊട്ടുന്ന വേദനയിൽ നിന്നുമുള്ള ഏക ആശ്വാസം കൂടിയാണ് പാരസെറ്റമോൾ. മറ്റൊരു വേദനസംഹാരിയും ആന്തരിക രക്‌തസ്രാവ ഭീതിയുള്ള ഡെങ്കിപ്പനി രോഗിക്ക് നൽകാൻ പാടില്ല. ഈ മരുന്ന് നിഷേധിക്കുന്നതിലൂടെ വേദനയിൽ നിന്നുമുള്ള ആശ്വാസമാണ് രോഗിക്ക് നിഷേധിക്കപ്പെടുന്നത്. ഭാവനയില്‍ വിരിയുന്ന എന്ത് കാര്യവും എഴുതി വിട്ടു ആളുകളെ വിശ്വസിപ്പിക്കുമ്പോള്‍ എഴുതുന്നവരെല്ലാം ഡോക്ടര്‍മാര്‍ ആകുന്നു. വാളുള്ളവനെല്ലാം വെളിച്ചപ്പാടാകുന്നത് കരണത്ത് അടിക്കുന്നത് കേരളത്തിന്റെ പൊതുജനാരോഗ്യത്തെയാണ്.
* ഒട്ടു മിക്ക വൈറൽ പനികൾക്കും ഏറ്റവും ആവശ്യമായ ചികിൽസ വിശ്രമമാണ്. വൈദ്യനിരീക്ഷണമോ തീവ്രമായ ചികിൽസയോ ആവശ്യമായ രോഗികളെ മാത്രമേ ആശുപത്രിയിൽ ചികിൽസിക്കേണ്ടതുള്ളൂ. ആന്റിബയോട്ടിക്കുകൾക്ക് വൈറൽ പനി ചികിൽസയിൽ സാധാരണ ഗതിയിൽ സ്ഥാനമില്ല.
ചികിൽസ ആവശ്യമില്ലാത്ത ഇത്തരം രോഗങ്ങൾക്ക് മോഡേൺ മെഡിസിനിൽ ചികിൽസ ഇല്ല എന്ന് മോഡേൺ മെഡിസിൻകാർ അമിതമായി ചികിൽസിക്കുന്നു എന്ന് വാദിക്കുന്നവർ തന്നെ പ്രചരിപ്പിക്കുന്നു എന്നതാണ് വിരോധാഭാസം.
* കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, പനിക്ക് മുൻപേ മറ്റ് സാരമായ രോഗബാധകൾ ഉള്ളവർ തുടങ്ങിയവർക്ക് അൽപം ശ്രദ്ധ കൂടുതൽ നൽകണം. സ്‌ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ട്.
*പപ്പായ ഇലയുടെ നീര്, കിവി, പാഷന്‍ ഫ്രൂട്ട് എന്നിവയൊന്നും തന്നെ ഞൊടിയിടയില്‍ പ്ലേറ്റ്ലറ്റ് നില മെച്ചപ്പെടുത്തുന്നവയായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നമ്മുടെ സ്വാഭാവിക ഭക്ഷ്യരീതിയില്‍ പെടാത്ത പപ്പായ ഇലനീര് കുടിച്ചു വായ പൊള്ളിയും, തുടര്‍ച്ചയായ വയറെരിച്ചിലും, വയറിളക്കവും ഒക്കെയായി ധാരാളം രോഗികള്‍ ആശുപത്രിയില്‍ വരുന്നുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
* കൊതുക് കടി വഴിയല്ലാതെ ഡെങ്കിപ്പനി പകരില്ല. പകല്‍ കടിക്കുന്ന ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്ടസ് ഇനം കൊതുകുകള്‍ ആണ് ഈ രോഗകാരണമായ വൈറസിനെ കൊണ്ട് നടക്കുന്നത്. വീടിനകത്തും പുറത്തും ഒരു പോലെ വിശ്രമിക്കുന്ന ഈ കൊതുകിനെ തുരത്താനുള്ള പണി വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം. വീടിനകത്ത് കൊതുകിനെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. ശരീരം നന്നായി മറക്കുന്ന വസ്ത്രം ധരിക്കുക. കൊതുകുവല, റിപല്ലന്റ് ക്രീമുകള്‍ തുടങ്ങി സ്വീകാര്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
* വീടിനു പുറത്തു വളരുന്ന പുല്ലുകളില്‍ ഇരിക്കുന്ന രീതിയുണ്ട് ഈ കൊതുകുകള്‍ക്ക്. വീടിന് ചുറ്റുമുള്ള പുല്ലു വളര്‍ച്ച നിയന്ത്രിക്കുക.
* ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഈ കൊതുകുകളെ നിയന്ത്രിക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കുക. ഒരു സ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ടയിടുന്ന ഈ കൊതുകുകളെ നിയന്ത്രിക്കാന്‍ കണിശമായ രീതിയില്‍ തന്നെ ശ്രദ്ധിക്കണം. തുറന്ന ടെറസ്, ടയര്‍, പ്ലാസ്റ്റിക്, മുട്ടത്തോട് എന്ന് തുടങ്ങി വെള്ളം കെട്ടിക്കിടക്കുന്ന എന്തും കൊതുകിന് ലേബര്‍ റൂമാണ് എന്നറിയുക. വീടിനു പിറകിലെ മലര്‍ന്നു കിടക്കുന്ന ചിരട്ട കമിഴ്ത്താന്‍ വരെ ആരോഗ്യവകുപ്പ് ആളെ വിടണം എന്ന നയം ആദ്യം ഉപേക്ഷിക്കുക. അമ്പതു മീറ്റര്‍ ചുറ്റളവില്‍ മാത്രം പറക്കുന്ന ഈ കൊതുകിനെ നിയന്ത്രിക്കാന്‍ ആകെ വേണ്ടത് ചുറ്റുമുള്ള അമ്പതു മീറ്റര്‍ വൃത്തിയാക്കുകയാണ്. ഇത് നമ്മളെ കൊണ്ട് അസാധ്യമൊന്നുമല്ല.
* ഇപ്പോള്‍ സംഭവിച്ച ഈ പനിക്കോള് വലിയൊരു അളവ് വരെ നമ്മുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിരോധത്തിന്റെ അഭാവം തന്നെയാണ് എന്ന് പറയാതെ വയ്യ. ഇടമഴ മാത്രം കിട്ടുന്ന നമ്മുടെ കാലാവസ്ഥയില്‍ ശ്രദ്ധക്കുറവ് കൂടി ചേര്‍ന്നപ്പോള്‍ കൊതുകിന് സ്വര്‍ഗീയസുഖങ്ങള്‍ ആണ് ലഭിച്ചിരിക്കുന്നത്. ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളില്‍ ഓരോരുത്തരും നമ്മളെ കൊണ്ട് സാധിക്കും വിധം ശ്രമിക്കണം. പ്രതിരോധം തന്നെയാണ് പ്രതിവിധിയെക്കാള്‍ നല്ലത്.
*പനിക്കൂട്ടത്തിലെ മറ്റൊരു പ്രധാനിയായ എലിപ്പനി പകരുന്നത് എലിയുടെ വിസര്‍ജ്യവുമായി ഉണ്ടാകുന്ന നേരിട്ടുള്ള സമ്പര്‍ക്കം കൊണ്ടാണ്. കാലില്‍ മുറിവുള്ളവര്‍ക്ക് ഇതിനു ഒരല്പം
സാധ്യത കൂടുതലാണ്. എലികള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പരിസരശുചിത്വം തന്നെയാണ് ഇവിടെയും പ്രധാനം.
* H1N1 പകരുന്നത് വായുവിലൂടെയാണ്. തുമ്മുമ്പോഴും ചുമക്കുന്ന സമയത്തും ഒരു തൂവാല കൊണ്ട് മുഖം പൊത്തിയിരിക്കണം.
* വൃത്തിയുള്ള ഭക്ഷണം ചൂടോടെ കഴിക്കുക. വിസർജനശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈ വൃത്തിയായി കഴുകിയെന്ന് ഉറപ്പ് വരുത്തുക.
* പനി ഏത് വിധമാണെങ്കിലും നന്നായി വെള്ളം കുടിക്കാനും പോഷകപ്രദമായ ഭക്ഷണം കഴിക്കാനും നന്നായി വിശ്രമിക്കാനും ശ്രദ്ധിക്കുക. പനിക്ക് ചികിത്സ പട്ടിണിയാണ് എന്നെല്ലാം പറയുന്നത് ശുദ്ധമണ്ടത്തരമാണ്. അണുബാധ ഏത് വിധമായാലും അതിനെ തുരത്താനുള്ള പ്രതിരോധശേഷി ശരീരത്തിന് തിരിച്ചു കിട്ടേണ്ടത് ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ്. സ്വന്തം ശരീരം പരീക്ഷണങ്ങള്‍ക്ക് വിട്ടു കൊടുക്കാതിരിക്കുക.
ഇനിയൊരു പനിക്കാലം ഉണ്ടാകും മുന്‍പെങ്കിലും പ്രതിരോധത്തിന്റെ പ്രാധാന്യം നാം മനസിലാക്കുക. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, കൃത്യമായ ചികിത്സ തേടുക, മിഥ്യാപ്രചരണങ്ങളിലും അദ്ഭുതചികിത്സകളിലും മയങ്ങാതിരിക്കുക. പനി മരണങ്ങളില്‍ ചിലതെങ്കിലും, പല തെറ്റിദ്ധാരണകള്‍ മൂലം സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കേണ്ട ഗതി വന്നത് കൊണ്ടാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ. ചികിത്സ കൃത്യമാവണം, ജീവിതം ഒരിക്കല്‍ മാത്രമുള്ള അവസരമാണ്.