അങ്ങനെ ഒരു എംബിബിഎസ് പഠനകാലത്ത്
ജീവിതത്തിലെ ഓർത്തിരിക്കുന്ന ആദ്യത്തെ തോൽവി അതായിരിക്കും. ഒന്നാം വർഷ എം ബി ബി എസിലെ ആദ്യ ഇന്റേണൽ പരീക്ഷ. എല്ലാ വിഷയങ്ങളും ഏതാണ്ട് എട്ടാം നിലയിൽ നിന്നു തന്നെ വീണു പൊട്ടി. അന്ന് 100 ആളുകളുടെ ബാച്ചിൽ എല്ലാ വിഷയങ്ങളിലും വിജയിച്ചത് ആകെ അഞ്ചു പേർ. ആ ഫേമസ് ഫൈവിൽ ഒരാളാണ് എന്റെ ആത്മസുഹൃത്ത്, ഈ കഥയിലെ നായകൻ.
ഞാൻ ക്യാപസിലെ സകല കലാകായിക, സാമൂഹിക, രാഷ്ട്രീയ, അക്രമ പരിപാടികളിലും മുഴുകി അക്കാദമിക പരിപാടികൾക്ക് സമയം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെട്ടപ്പോൾ നായകൻ ഈ കണ്ട പരിപാടികളെയൊക്കെ കുറേ ഒഴപ്പൻമാരുടെ ജൽപ്പനങ്ങളായി കാണുകയും, ലൈബ്രറിയിലെ പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്തു. ഇത് പരീക്ഷാപേപ്പറിൽ മാർക്കിന്റെ രൂപത്തിൽ പ്രതിഫലിക്കുകയും അദ്ധ്യാപകരുടെ ഇടയിൽ എന്നെ പോലെ ഉള്ള സാമൂഹ്യജീവികൾക്ക് അത് വലിയൊരു പാരയായി ഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലൊന്നും തോറ്റു പിൻമാറാതെ ഞങ്ങൾ പൂർവ്വാധികം ശക്തിയോടെ മേൽ പറഞ്ഞ കാര്യങ്ങളിൽ മുഴുകിക്കൊണ്ടിരുന്നു. സുഹൃത്താകട്ടെ പുസ്തകങ്ങളിലും. രണ്ടാം ഇന്റേണലും ഇതേപോലെ ഒക്കെ അങ്ങ് കഴിഞ്ഞു. ദേ വന്നു ദാ പോയി എന്ന മട്ടിൽ.
ഫൈനൽ ഇന്റേണൽ അഥവാ മോഡൽ പരീക്ഷ വാതിലിൽ കൊടും മുട്ടു മുട്ടി. ഇതിലും പരാജയപ്പെടുന്ന പക്ഷം മാതാപിതാക്കൻമാരെ കോളേജിലേക്കുള്ള വഴി പഠിപ്പിക്കുമെന്നൊക്കെ അനാട്ടമി പ്രൊഫസർ ഭീഷണിപ്പെടുത്തി. കൂടാതെ ഇന്റേണലിൽ മിനിമം മാർക്ക് കിട്ടാതിരുന്നാൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ പങ്കെടുക്കാനുള്ള യോഗ്യത നേടാനും കഴിയില്ലെന്നുള്ള ബോദ്ധ്യം മനസ്സിനെ പ്രയാസപ്പെടുത്താൻ തുടങ്ങി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഗതിയിലായി. ബഹുവർണ്ണങ്ങളിൽ അടിവരയിട്ടു നിറച്ച നായകന്റെ പുസ്തകം പുതുമണം മാറാത്ത എന്റെ പുസ്തകങ്ങളെ നോക്കി ഹസിച്ചു. പോരാട്ടം മെല്ലെ മെല്ലെയായി ആരംഭിച്ചപ്പോഴാണ് അത് സംഭവിക്കുന്നത്.
“എടാ എനിക്ക് ടെൻഷനായിട്ട് വയ്യെടാ” പറയുന്നത് ആരാ ? വേണമെങ്കിൽ കണ്ണിംഗ്ഹാമിനെ അനാട്ടമി പഠിപ്പിക്കാൻ വിവരമുള്ള നമ്മുടെ സ്വന്തം സുഹൃത്ത്. ഫിമറൽ ആർട്ടറിയുടെ സന്തതിപരമ്പരകളെ കുറിച്ചും വ്യക്തി ബന്ധങ്ങളെ കുറിച്ചും എല്ലാം പുറമെ ജാരസന്തതികളുടെ സാദ്ധ്യതയെക്കുറിച്ചും വരെ മറ്റൊരു പഠിപ്പിയോട് ഇന്നലെ ചർച്ച നടത്തുന്നത് ഞാൻ പുതപ്പിനടിയിൽ കിടന്ന് കേട്ടതാണ്. ‘അപ്പോൾ ഞാൻ ചത്ത് കിടക്കുവാണെന്ന് ഓർത്തോടാ തെണ്ടീ ‘! ഒന്നു പൊട്ടിക്കാൻ ആണ് ആദ്യം തോന്നിയത്. രണ്ട് ഇന്റേണൽ പാസ്സായി ഫൈനലിനുള്ള പുസ്തക ഭാഗം മുഴുവൻ വെള്ളമില്ലാതെ ആർത്തിയോടെ കയറ്റികഴിഞ്ഞപ്പോൾ ഒരു ഏനക്കേട് ! ദഹനക്കേടാകും ദഹനക്കേട് !
“മിണ്ടാതെ ഇരിക്കെടാ പട്ടീ”
സോറി, ഇതിലും നല്ല സംസ്കാരം ആ ഘട്ടത്തിൽ എനിക്ക് വരുമായിരുന്നില്ല.
അവൻ പുസ്തകം മേശപ്പുറത്ത് വെച്ച് എണീറ്റ് കട്ടിലിലേക്ക് കിടന്നു. എന്റെ കണ്ണുകൾ പുസ്തകത്തിലെ വരികളിലൂടെ ഓടുന്നതിനിടയിലായി ഇടക്ക് ഒളിച്ച് അവനെ നോക്കി. ഏതാണ്ട് ഒരു മണിക്കൂറായി കാണും. മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി ഒരേ കിടപ്പ്. ഇവൻ എന്ത് കുന്തമാണ് നോക്കുന്നത്. ആർക്കോ വേണ്ടി തുറന്നു വെച്ച പുസ്തകം. അല്ലെങ്കിൽ ഫിമറൽ ആർട്ടറിയെ ഭാവനയിൽ കണ്ട് വിജൃംഭിതനായി കിടപ്പാണോ? എന്തായാലും ഇത് പതിവില്ലാത്തതാണ്.
“നമുക്കൊരു ചായ കുടിച്ചാലോ ” ഞാൻ ആ മൗനത്തിന് ഒരു ഫുൾ സ്റ്റോപ്പിട്ടു. അവൻ എണീറ്റ് യാന്ത്രികമായി നടക്കാൻ തുടങ്ങി. ചായ കിട്ടാൻ വേണ്ടി നടന്ന അര കിലോമീറത്രയും അവൻ ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. വല്ലാത്ത ഭയം. ഒന്നും ഓർക്കാൻ കഴിയുന്നില്ല. ഒന്നിനേയും നേരിടാൻ കഴിയുന്നില്ല. കുറച്ച് ദിവസമായി, എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പറയാതിരുന്നതാണ്.
സംഭവം കുറച്ച് സീരിയസാണെന്ന് എനിക്കും തോന്നി തുടങ്ങി. എനിക്ക് ഓർത്തെടുക്കാൻ ഒന്നും തലച്ചോറിൽ സൂക്ഷിക്കാത്തതിന്റെ പ്രശ്നം, അവന് സൂക്ഷിച്ച് വെച്ചത് ഓർത്തെടുക്കാൻ കഴിയാത്തതിന്റെ പ്രശ്നം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ തുല്യരായി! ഞാൻ ഒരു ഉത്തമ സുഹൃത്തായി, കൗൺസിലറായി, മനോരോഗ വിദഗ്ദ്ധനായി! പരീക്ഷക്ക് ആകെ ബാക്കി ഉണ്ടായിരുന്ന കുറച്ച് ദിവസങ്ങൾ ഇങ്ങനെ തന്നെ തീർന്നു. എല്ലാ ദിവസവും നടത്തം, ചായ, ഉപദേശം. അവൻ ഉറങ്ങി കഴിഞ്ഞാൽ ഞാൻ ടേബിൾ ലാംപുവെച്ച് ശല്യപ്പെടുത്താതെ പഠിക്കാൻ ശ്രമിച്ചു. ലക്ഷ്യം ഒരോവറിൽ 20 റൺസിൽ കൂടുതലാണെങ്കിലും മാന്യമായ ഒരു സ്കോറിനുള്ള വാലറ്റക്കാരന്റെ ശ്രമം.
ഫൈനൽ ഇന്റേണൽ കഴിഞ്ഞു, ഫലം വന്നു – പതിവുപോലെ അവൻ ജയിച്ചു, ഞാൻ തോറ്റു! മനസ്സിൽ അവന്റെ തന്തക്കു വിളിച്ചെങ്കിലും പുറത്ത് ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു, “ഇപ്പോൾ എന്തായി, ഞാൻ പറഞ്ഞില്ലേ നിനക്ക് കഴിയുമെന്ന്!”
ഒടുവിൽ യൂണിവേഴ്സിറ്റി പരീക്ഷയുടെ പ്രഖ്യാപനവും വന്നു. അദ്ധ്യാപകർ കനിഞ്ഞനുഗ്രഹിച്ച് ഞാനും യൂണിവേഴ്സിറ്റി പരീക്ഷക്ക് യോഗ്യത നേടി. ഒരു ഭാഗത്ത് സെലക്ഷന്റെ അകത്തെ സെലക്ഷൻ. മറുഭാഗത്ത് ടെക്സ്റ്റ് ബുക്കിൽ മൈക്രോസ്കോപ്പ് വെച്ചാൽ മാത്രം കാണുന്ന ഭാഗങ്ങളൊക്കെ തിന്നുതീർക്കൽ. നാഡീഞരമ്പുകൾ വലിഞ്ഞു മുറുകി. കട്ടൻ കാപ്പികൾ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി.
അപ്പോൾ അതാ വരുന്നു പഴയ ഡയലോഗ് ! “എനിക്ക് ടെൻഷൻ ആയിട്ട് വയ്യെടാ ”
ഇത്തവണ അതൊരു ഇടിത്തീ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ തവണത്തേക്കാൾ സ്ട്രോംഗാണ് ഇത്തവണ. വീണ്ടും ചായ കുടി, ഉപദേശം, നടത്തം. പഞ്ചാരമുക്കിൽ യുവമിഥുനങ്ങൾ കൊക്കുരുമ്മുന്ന ഇടങ്ങളിൽ രണ്ട് പുരുഷൻമാർ സല്ലപിക്കുന്നത് നാട്ടുകാർ ചുളിഞ്ഞ നെറ്റിയോടെ നോക്കി. അന്ന് അത് നിയമ വിധേയവും ആക്കിയിരുന്നില്ല!
ഇത്തവണ ഞാൻ കുറച്ച് കൂടി സീരിയസായി, അദ്ധ്യാപകരെ വിവരമറിയിച്ചു. കൃത്യം ആദ്യത്തെ പരീക്ഷയുടെ തലേന്ന് അവരുടെ വക കൗൺസലിംഗ് ഞങ്ങൾക്ക് ഒന്നിച്ചു കിട്ടി. ഒരു അദ്ധ്യാപകന്റെ ക്വാർട്ടേഴ്സിൽ വെച്ച്. മനസ്സ് തണുപ്പിച്ച് നിർത്തിയാൽ, തലച്ചോർ റിലാക്സ് ചെയ്താൽ നല്ലപോലെ ഉത്തരം എഴുതാൻ പറ്റും പോലും. എനിക്ക് ഉള്ളിൽ ചിരി പൊട്ടി. അങ്ങനെയാണെങ്കിൽ എനിക്ക് ഇന്ന് തന്നെ IAS തന്നു വിടേണ്ടി വരും, അത്രക്ക് തണുത്താണ് മനസ്സ് ഇരിക്കുന്നത്.
എല്ലാ ഉപദേശങ്ങളും ശിരസാവഹിച്ച് ഞങ്ങൾ ഹോസ്റ്റലിനെ ലക്ഷ്യം വെച്ച് നടക്കുമ്പോഴേക്കും രാത്രി 11 മണി ആയി കാണും. എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു കഴിഞ്ഞു. ഇനി നെപ്പോളിയനേയും ഭഗത് സിംഗിനേയും മനസ്സിൽ ധ്യാനിച്ച് പൊരുതാൻ മാത്രമേ കഴിയൂ. എന്നാലും സാരമില്ല, അവൻ എന്നേക്കാൾ ഒരു വിജയം അർഹിക്കുന്നുണ്ട്. അല്ലെങ്കിൽ അവനേ അർഹിക്കുന്നുള്ളൂ. അവൻ വല്ലാതെ അസ്വസ്ഥനാണ്. നമ്മുടെ ഉപദേശങ്ങളെല്ലാം ഒരു ചേമ്പിലയിൽ വീഴുന്ന വെള്ളത്തുള്ളി പോലെ തട്ടി തെറിച്ചു പോവുകയാണ്. അവനെ ഒന്നു നനയ്ക്കാനോ ഒന്നു തണുപ്പിക്കാനോ പോലും കഴിയുന്നില്ല. അവൻ നേരേ പോയി കിടന്ന് ഉറങ്ങുന്ന പോലെ കിടന്നു. ഞാൻ ബുക്ക് ക്രിക്കറ്റ് കളിക്കുന്ന പോലെ സെലക്ഷൻ ബുക്കിലെ ഏതൊക്കെയോ പേജുകൾ റാൻഡമായി തുറന്ന് അതിലെ ഉത്തരങ്ങൾ ഓടിച്ചു വായിച്ചു.
രാവിലെ തീർത്തും തളർന്നിരുന്ന അവനെയും കൂട്ടി ഞാൻ പരീക്ഷാഹാളിലെത്തി. “ചോദ്യപേപ്പർ കിട്ടിയാൽ നിന്റെ എല്ലാ ബേജാറും പമ്പ കടക്കും. കാരണം നീ പഠിക്കാത്ത ചോദ്യം അവർക്കിടാൻ കഴിയില്ലല്ലോ ” തമാശ പറയാൻ ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
നമ്പറുകളെഴുതി വെച്ച സ്ഥലങ്ങളിലായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. പേരിന്റ ആദ്യാക്ഷരങ്ങൾ തമ്മിലുള്ള അകലം കസേരകളെയും അകറ്റിയിരുന്നു. ചോദ്യപേപ്പർ കയ്യിൽ കിട്ടി. വലിയ കട്ടിയില്ലാത്ത ചോദ്യങ്ങളാണെന്നാണ് എനിക്ക് തോന്നിയത്. അവന് സന്തോഷമായിക്കാണും. എനിക്കറിയാവുന്നവ ചികഞ്ഞെടുത്ത് എഴുതിത്തുടങ്ങി.
പെട്ടെന്ന് അവൻ തന്റെ സീറ്റിൽ നിന്ന് ചാടി എണീറ്റു. സംശയം ചോദിക്കാനോ കൂടുതൽ പേപ്പറിനോ ആയിരിക്കുമെന്നേ ഞാൻ കരുതിയുള്ളൂ. അവൻ ഒരു മിന്നലു പോലെ പരീക്ഷാ ഹാൾ വിട്ട് പോയി. ആർക്കെങ്കിലും എന്തെങ്കിലും പറയാനോ തടയാനോ കഴിയും മുൻപ് അവൻ പോയി കഴിഞ്ഞിരുന്നു. അവൻ അങ്ങനെ കീഴടങ്ങിയിരിക്കുന്നു. ഒന്നര വർഷത്തെ അദ്ധ്വാനമെല്ലാം ഒരു നിമിഷം കൊണ്ട് വെറുതേയാക്കിക്കൊണ്ട്.
കഥയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുകയാണ്. അവൻ നേരേ വീട്ടിൽ പോകുന്നു, അവർ ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടുന്നു. പിന്നെ അങ്ങോട്ട് കഥയുടെ രണ്ടാം ഭാഗം, വായിക്കുന്നവർക്ക് അവിശ്വസനീയമായിരിക്കും. ആറാം തമ്പുരാനിലെ ലാലേട്ടനെ പോലെയുള്ള തിരിച്ചുവരവ്. പണം, പദവി… എല്ലാം. വേണമെങ്കിൽ ആ മെഡിക്കൽ കോളജ് വിലക്കെടുത്ത് ഒരു പരീക്ഷ സ്വന്തം നടത്തി പകരം വീട്ടാവുന്ന സ്ഥിതി.
പരീക്ഷയൊക്കെ കഴിഞ്ഞ് തിരിച്ചു
നോർമൽ ആയി വന്ന അവനോട് എനിക്ക് ആകാംക്ഷ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “നിന്റെ മനോരോഗ വിദഗ്ദ്ധൻ നിന്നോട് എന്താണ് പറഞ്ഞു തന്നത്?” ”
“ആത്മവിശ്വാസത്തോടെ നേരിട്ടാൽ മതിയെന്ന് ”
“എടാ കോപ്പേ, അതല്ലേ ഞാൻ ഇത്ര കാലമായി നിന്നോട് പറഞ്ഞോണ്ട് ഇരുന്നത് ”
“അത് പറയേണ്ട പോലെ പറയണം !!”
അന്ന് തുടങ്ങിയതാണ് എനിക്ക് മനോരോഗ വിദഗ്ദ്ധൻമാരോടുള്ള ബഹുമാനം!
ആത്മഹത്യ തടയുന്നതിനേ കുറിച്ച് കുറേ പോസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. വളരെ നന്നായി അവരൊക്കെ അത് പ്രസന്റ് ചെയ്തു. പക്ഷേ ഒരു കൂട്ടരെ കുറിച്ച് കൂടി ഓർമ്മിപ്പിക്കാനാണീ കഥ. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടും ഒരു ആത്മഹത്യ തടയാൻ കഴിയാതെ പോയ ഹതഭാഗ്യരെ കുറിച്ച്. സുഹൃത്തായും, ഇണയായും കൂടപ്പിറപ്പായും ഒരു നിഴലായി കൂടെ നടന്നിട്ടും നിഴലിനെ ഒറ്റക്കാക്കി കടന്നുകളഞ്ഞവർ നിരവധി. അതിന്റെ കുറ്റബോധം ഇപ്പോഴും അവരുടെ ഉറക്കം കെടുത്തുന്നുണ്ടാകും. ചെറിയ ശതമാനമെങ്കിലും വിഷാദ രോഗവും ആത്മഹത്യയും കൂട്ടുകൊണ്ടോ സ്നേഹം കൊണ്ടോ വാക്കുകൾ കൊണ്ടോ തടയാൻ കഴിയില്ല. അവർക്ക് വേണ്ടത് ചികിത്സ തന്നെയാണ്.
ഇവിടെ സുഹൃത്ത് ഓടിപ്പോയത് ഒരു പരീക്ഷയിൽ നിന്നും മാത്രമാണ്. എന്നാൽ ജീവിതത്തിൽ നിന്ന് തന്നെ ഓടി ഒളിച്ചവർ നിരവധി. സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുമ്പോൾ ചിലർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ഇത് ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം ആവണമെന്നില്ല. ഇവയെ പൊതുവേ അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ അല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥ എന്നാണ് വിളിക്കുന്നത്.
മറ്റൊരു വിഭാഗമാകട്ടെ ജനിതകമായി വിഷാദ രോഗത്തിന് സാദ്ധ്യതയുമായാണ് ജനിക്കുന്നത്. അവർ പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ നേരിടുമ്പോൾ അവരുടെ മനസ്സിൻറെ സംതുലിതാവസ്ഥ നഷ്ടപ്പെടുകയും അവരിൽ രോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയും ചെയ്യുന്നു. നല്ല സൗഹൃദത്തിനും, പരസ്പരം മനസ്സിലാക്കുന്ന ജീവിത പങ്കാളിക്കും, സന്തോഷമുള്ള കുടുംബത്തിനുമൊക്കെ ഇത്തരക്കാരെ ഒരു പരിധിവരെ വിഷാദ രോഗത്തിൽ നിന്നും രക്ഷിക്കാൻ കഴിയും.
എന്നാൽ മൂന്നാമതൊരു കൂട്ടർ ആവട്ടെ ജനിതകമായി ഡിപ്രഷൻ രോഗത്തിന് സാധ്യതയുമായി ജനിക്കുന്നു. ഒരു പ്രതികൂല സാഹചര്യവും ഇല്ലെങ്കിലും ഇവർ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഡിപ്രഷനിലേക്ക് വഴുതി വീഴുന്നു. നല്ല ഭൗതിക സൗകര്യങ്ങൾക്കോ ബന്ധങ്ങൾക്കോ ഇവരുടെ വിഷാദ രോഗം തടയാൻ കഴിയണമെന്നില്ല. ഇത്തരക്കാർ ഏറ്റവും നേരത്തെ മനോരോഗ വിദഗ്ധൻറെ സഹായം തേടുക മാത്രമാണ് പ്രതിവിധി.
ഇങ്ങനെ പലവിധ കാരണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായം തേടുകയാണ് അഭികാമ്യം.