അവയവമാറ്റത്തിലെ അബദ്ധധാരണകൾ
ജനങ്ങൾ ബഹുമാനിക്കുന്ന ശ്രീനിവാസനെ പോലെയുള്ള കലാകാരന്മാർ തന്നെ അവയവ ദാനത്തിനെതിരായി പ്രചാരണം നടത്തുന്ന സംഭവങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഖേദകരമെന്ന് പറയട്ടേ, അത്തരം അശാസ്ത്രീയമായ പ്രചാരണങ്ങൾ മൂലം ഏറ്റവും കുറവ് അവയവദാനം നടന്ന വർഷമായി മാറുകയാണ് 2017. അവയവ ദാനത്തെക്കുറിച്ച് പല രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നു, നമുക്കൊന്ന് വിശകലം ചെയ്തുനോക്കാം.
കോഴിയിറച്ചി തിന്നാൻ കൊതിയുള്ളവൻ ഇറച്ചിക്കടയിൽ ചെന്ന് ഒരു കോഴിയെ വാങ്ങി കൊന്ന് ഇറച്ചി കൊണ്ടുപോയി വേവിച്ചു തിന്നുന്നത് പോലത്തെ ഒരു സംഭവമാണ് അത്യാവശ്യക്കാരൻ കാശും കൊടുത്ത് ആരെയെങ്കിലും തട്ടിയ ശേഷം കരളും വൃക്കയും ഹൃദയവും ഒക്കെ അടിച്ചോണ്ട് പോകുന്നതെന്ന് പ്രചരിപ്പിക്കുന്ന സന്ദേശവും, അവയവദാനത്തിനായി ആശുപത്രികളിൽ അഡ്മിറ്റായ/വെന്റിലേറ്ററിൽ കിടക്കുന്ന മരിക്കാത്ത രോഗികൾക്ക് മസ്തിഷകമരണം സംഭവിച്ചു എന്ന നുണ പറഞ്ഞ് അവരുടെ ജീവനെടുക്കുന്നു എന്നുള്ള സന്ദേശവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സുലഭമാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്സാപ്പ് സന്ദേശങ്ങൾ പടർന്നുപിടിക്കുകയുമാണ്. ഇതേ വിഷയത്തിൽ സംശയം ഉന്നയിച്ച് ചില പരാതികൾ കോടതിയിലും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ മസ്തിഷകമരണത്തെ കുറിച്ചും അവയവ ദാനത്തെ കുറിച്ചും ചില ചിന്തകൾ പങ്കുവെക്കുവാനാഗ്രഹിക്കുന്നു.
2011-ന് ശേഷമാണ് കേരളത്തിൽ മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. 9 പേർ മാത്രമായിരുന്നു 2012-ൽ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തത്, ആകെ 22 അവയവ മാറ്റങ്ങളും. എന്നാൽ 2016-വരെയുള്ള കാലത്ത് അത് 683-ൽ എത്തിനിൽക്കുന്നു. ഈ കാലയളവിൽ മരണമടഞ്ഞ 251 പേർ അവയവങ്ങൾ ദാനം നൽകി. ഇതിൽ 426 വൃക്കകളും, 197 കരളുകളും, 44 ഹൃദയങ്ങളും, 2 ശ്വാസകോശങ്ങളും, 4 ആഗ്നേയ ഗ്രന്ഥികളും, 3 ചെറുകുടലും, 6 കൈകളും ഉൾപ്പെടുന്നു. http://knos.org.in/yearlystatistics.aspxഎന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഈ അവയവങ്ങൾ സ്വീകരിച്ച 683 പേരിൽ 73 പേർ മരണമടഞ്ഞു എന്നാണ് വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിച്ചത്, ബാക്കിയുള്ളവർ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഈ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയില്ലായിരുന്നെങ്കിൽ ഇവരിൽ ബഹുഭൂരിപക്ഷവും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. (2016- ൽ ലഭിച്ച വിവരാവകാശ മറുപടിയിലെ വിവരങ്ങളാണിത്, അതിനാൽ കണക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവാം). മാത്രമല്ല, 370 കണ്ണുകളും 60 ഹൃദയ വാൽവുകളും ഈ കാലയളവിൽ കേരളത്തിൽ നിന്നും മാറ്റിവെക്കാനായി. മൂന്നു വയസുണ്ടായിരുന്ന അഞ്ജനയാണ് കേരളത്തിൽ മരണാന്തരം അവയവങ്ങൾ ദാനം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇതായിരുന്നു 2016 വരെയുള്ള കണക്കെങ്കിൽ വെറും രണ്ട് പേര് മാത്രമാണ് 2017-ൽ അവയവ ദാനത്തിന് തയ്യാറായത്.
പണ്ടില്ലായിരുന്ന അത്ര മസ്തിഷ്ക മരണങ്ങൾ ഇന്ന് സംഭവിക്കുന്നു എന്നതാണ് പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങളിലൊന്ന്. റോഡ് അപകടങ്ങളുടെ എണ്ണത്തിൽ വളരെ ചെറിയ വർദ്ധനവ് മാത്രമേ 2012 മുതൽ ഇന്നുവരെയുള്ള കാലയളവിൽ ഉണ്ടായിട്ടുള്ളൂ എങ്കിലും അന്നത്തേതിലും വളരെയധികം മികച്ച ചികിത്സ ഇന്ന് രോഗികൾക്ക് ലഭിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രികളും മെഡിക്കൽ കോളേജുകളും കൂടുതൽ ഉണ്ടായതിനാൽ, ഒരു വിധം മാരകമായ പരിക്കുകൾ ഏറ്റവരെ വരെ രക്ഷിക്കാനാവുന്നുണ്ട് എന്നത് ഒരു വശം. വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ വർദ്ധിച്ചതിനാൽ ചികിത്സയുടെ ചിലവുകൾ കൂടി എന്നത് മറ്റൊരു വശം. ഈ ചിലവുകൾ പലർക്കും താങ്ങാനാവുന്നില്ല എന്നതും സത്യമാണ്. റോഡ് അപകടങ്ങളിൽ ഉണ്ടാവുന്ന മരണങ്ങളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. കേരള പോലീസിന്റെ വെബ്സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഏതാണ്ട് ഇതേ വർദ്ധനവ് മറ്റപകടങ്ങളുടെ എണ്ണത്തിലും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തിലും മറ്റുമുണ്ടായ വ്യത്യാസമാകാം കാരണം. 2000-ങ്ങളിലൊക്കെ ആത്മഹത്യകളായിരുന്നു അസ്വാഭാവിക മരണങ്ങളിൽ കൂടുതലും, എന്നാൽ ഇന്ന് കൂടിവരുന്നത് റോഡ് അപകടങ്ങളാണ്. അപകടങ്ങൾ കാരണം മരിക്കുന്നവരുടെ ശരീരത്തിൽ നിന്നുമാണ് ഭൂരിഭാഗം അവയവങ്ങളും ശേഖരിക്കുന്നത്. തൂങ്ങിമരണം, മുങ്ങിമരണം, വിഷം ഉള്ളിൽ ചെന്നുള്ള മരണം തുടങ്ങിയ കാരണങ്ങളാൽ മരിക്കുന്നവരിൽ നിന്നും അവയവങ്ങൾ ശേഖരിക്കുക പ്രായോഗികമല്ല, കാരണം അവരുടെ അവയവങ്ങൾ പ്രവർത്തനക്ഷമമായിരിക്കില്ല.
ഒരാശുപത്രിയിലെ ഡോക്ടർ മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ബന്ധുക്കളോട് പറഞ്ഞ് അവയവങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നു, എന്നിട്ട് അത് കച്ചവടമാക്കുന്നു എന്ന രീതിയിലാണ് പല സന്ദേശങ്ങളും. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഒരു ഡോക്ടർക്ക് മാത്രം തീരുമാനം എടുക്കാവുന്ന കാര്യമല്ലിത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൂട്ടായ തീരുമാനമാണ് ഇത്. നാല് ഡോക്ടർമാരടങ്ങിയ ഒരു ടീമാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്.
1) മസ്‌തിഷ്‌ക മരണം സംശയിക്കുന്ന രോഗിയെ ചികിൽസിക്കുന്ന ഡോക്‌ടർ (Medical Officer treating the patient)
2) ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട്/RMO (Medical Administrator In charge of the hospital)
3) ന്യൂറോളജിസ്‌റ്റ്/ന്യൂറോസർജൻ (Authorized Neurologist/Neuro-Surgeon)
4) ചികിൽസിക്കുന്ന ആശുപത്രിയിലെ ഡോക്‌ടറോ അവയവം സ്വീകരിക്കുന്ന രോഗിയെ ചികിൽസിക്കുന്ന ഡോക്‌ടറോ അല്ലാത്ത ഒരു ഡോക്ടർ. (Authorized Specialist) ഇതിൽ ആദ്യത്തെ രണ്ട് ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവർ രോഗി കിടക്കുന്ന ആശുപത്രിയിൽ ജോലി ചെയ്യുന്നവരായിരിക്കരുത്. മാത്രമല്ല ആ ആശുപത്രിക്ക് പുറത്തുനിന്നുള്ള എല്ലാ ഡോക്ടർമാർക്കും ഇങ്ങനെ സ്ഥിരീകരിക്കാനാവില്ല. മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ അംഗീകാരമുള്ള ഡോക്ടർമാരുടെ ലിസ്റ്റ് മൂന്ന് സോണുകളായി തിരിച്ച് സർക്കാരിന്റെ KNOS വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ ഒരു ഡോക്ടർ സർക്കാർ ആശുപത്രിയിൽ നിന്നുള്ളതായിരിക്കണം എന്നും മസ്തിഷ്ക മരണം റെക്കോർഡ് ചെയ്യണം എന്നും ഉള്ള തീരുമാനങ്ങൾ പ്രാവർത്തികമായിത്തുടങ്ങി എന്നാണ് ധാരണ.
ഇവർ 6 മണിക്കൂർ ഇടവിട്ട് രണ്ടു തവണ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷമേ മസ്തിഷ്കമരണം സംഭവിച്ചു എന്ന് സർട്ടിഫിക്കറ്റ് നൽകാവൂ. മസ്‌തിഷ്‌കമരണം എന്നാൽ മരണം തന്നെയാണ്. ഏതെങ്കിലും കാരണം കൊണ്ട് തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം അൽപസമയത്തേക്ക് നിലച്ചാൽ പോലും മസ്‌തിഷ്‌ക കോശങ്ങൾ സ്‌ഥിരമായി നശിക്കും. ശ്വസനമുൾപ്പെടെ നിയന്ത്രിക്കുന്ന Brain-stem മരിക്കുന്നതിനെയാണ് മസ്‌തിഷ്‌കമരണം എന്ന് വിശേഷിപ്പിക്കുന്നത്. തലച്ചോറിന്റെ മറ്റ് ഭാഗങ്ങൾ മാത്രം മരിച്ച് Brain-stem നിലനിന്നാൽ ശ്വസനം നടക്കുമെന്നത് കൊണ്ടു തന്നെ കാലങ്ങളോളം അബോധാവസ്‌ഥ തുടരാം.
മസ്തിഷ്‌ക മരണം നടന്നു കഴിഞ്ഞാൽ തലച്ചോറ് നിയന്ത്രിക്കുന്ന യാതൊന്നും സാധ്യമാകില്ല. വേദന, തണുപ്പിനോടും ചൂടിനോടുമുള്ള പ്രതികരണം തുടങ്ങി റിഫ്ലക്‌സുകൾ വരെ എല്ലാം ഇല്ലാതാകും. Pupillary Reflex നഷ്‌ടപ്പെടും (‘കണ്ണ് തറക്കുക ‘ എന്ന് നാട്ടുഭാഷ). കൂടാതെ ECG, EEG തുടങ്ങിയ സാങ്കേതിക ടെസ്‌റ്റുകളും നിർബന്ധം. ശ്വസന അവസ്ഥ മനസിലാക്കാൻ Apnoea ടെസ്റ്റും നിർബന്ധമായും ചെയ്യേണ്ടതുണ്ട്.
മസ്‌തിഷ്‌കമരണം സംഭവിച്ച് അൽപസമയം കൂടി ഹൃദയം മിടിക്കാറുണ്ട്. കാരണം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന Autonomic Nervous System തലച്ചോറിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്ര്യമാണ്. ക്രമേണ ആ മിടിപ്പും ഇല്ലാതാകും. ബോധം മറഞ്ഞുകിടക്കുന്ന ഹൃദയമിടിപ്പും ശ്വസനശേഷിയുമുള്ള ശരീരത്തെ ‘മൃതശരീരം’ എന്ന് വിളിക്കുന്നത് ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും പലപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാറില്ല. ഈ അവസ്‌ഥയിലാണ് ശരീരം അവയവദാനത്തിന് ഉചിതമായിരിക്കുന്നത്. കാരണം, ആവശ്യമുള്ള അവയവം ശരീരത്തിൽ നിന്ന് എടുക്കുന്നത് വരെ അതിലേക്ക് രക്‌തപ്രവാഹം നിലനിൽക്കുന്നു എന്നതിനാൽ അവയവം പ്രവർത്തനസജ്ജമായിരിക്കും.
ഇങ്ങനെ മസ്തിഷ്ക്ക മരണം സർട്ടിഫൈ ചെയ്താലുടൻ ഡോക്ടർമാർക്കോ ആശുപത്രിക്കോ താത്പര്യമുള്ള ആർക്കെങ്കിലും അവയവങ്ങൾ നൽകാനാവുമോ എന്നതും കൂടി അറിയേണ്ടതല്ലേ ?
- കേരളത്തിൽ ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റം സാധ്യമല്ല, KNOS (Kerala Network of Organ Sharing) മുഖേന മാത്രമേ അവയവദാനം നടത്തനാവൂ. ട്രാൻപ്ലാന്റ് കോർഡിനേറ്റർ (നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ) ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
- അവയവങ്ങൾ ആർക്ക് ലഭിക്കണം എന്ന് തീരുമാനിക്കുന്നത് KNOS-ൽ ഉള്ള വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം ആണ്. വൃക്ക, ഹൃദയം തുടങ്ങിവക്ക് രജിസ്റ്റർ ചെയ്‌തതിനനുസരിച്ച് മുൻഗണന നൽകുന്നു. രോഗത്തിന്റെ തീവ്രതയും ആശുപത്രിയുടെ ഊഴവും അനുസരിച്ചാണ് അവസരം ലഭിക്കുന്നത്.
- അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയിൽ ആണ് മസ്തിഷ്കമരണം സംഭവിക്കുന്നത് എങ്കിൽ ആ ആശുപത്രിയിൽ തന്നെ ഉള്ള രോഗിക്ക് അവയവം ലഭിക്കും. പക്ഷെ, ഇതും KNOS വഴി ട്രാൻപ്ലാന്റ് കോർഡിനേറ്ററുടെ തീരുമാനപ്രകാരം മാത്രമേ സാധിക്കൂ. സർക്കാർ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും ഇതര സംസ്ഥാനങ്ങളിലുള്ള ആശുപത്രികളുടെയും മുൻഗണനാ ക്രമം G.O (MS)No.37/2012/H&FWD dated 04.02.2012 എന്ന സർക്കാർ ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.
- എല്ലാ ആശുപത്രികൾക്കും അവയവമാറ്റം നടത്താനുള്ള അംഗീകാരം ഇല്ല. പല തവണ നടത്തുന്ന പരിശോധനകളിലൂടെ സൗകര്യങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ട ആശുപത്രികളിൽ മാത്രമേ അവയവങ്ങൾ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യുവാനാകൂ.
- ഓരോ അവയവങ്ങളുംളുടെയും ശസ്ത്രക്രിയ നടത്താൻ അംഗീകാരമുള്ള ആശുപത്രികളുടെ വിവരങ്ങൾ KNOS വെബ്സൈറ്റിൽ ലഭ്യമാണ്.
- ഇങ്ങനെ ലഭിക്കുന്ന അവയവത്തിന് ആരും പണം കൊടുക്കുന്നില്ല, ആർക്കും അത് ലഭിക്കുകയുമില്ല.
- മസ്തിഷ്കമരണം ആയാൽ പോലും ആന്തരികാവയവങ്ങൾക്ക് ആഘാതം സംഭവിച്ച അവസരങ്ങളിൽ അവയവങ്ങൾ മാറ്റി വെക്കാനാകില്ല. ഉദാഹരണത്തിന് അപകടം കാരണമായി വയറ്റിൽ ആന്തരിക രക്‌തസ്രാവമുണ്ടായാൽ, ആ രോഗി ബ്രെയിൻഡെത്ത് ആയാൽ പോലും രോഗിയുടെ അവയവങ്ങൾ ഉപയോഗശൂന്യമാണ്. അണുബാധ ഉള്ള ശരീരത്തിലെ അവയവവും ഉപയോഗശൂന്യമാണ്.
- അതുപോലെ തന്നെ അവയവങ്ങൾ സ്വീകരിക്കുന്ന ആൾക്കും മറ്റ് അവയവങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകരുത്. ഇതൊക്കെ അടിസ്ഥാനപ്പെടുത്തിയേ KNOS-ൽ രജിസ്റ്റർ ചെയ്തവർക്ക് അവയവങ്ങൾ ലഭിക്കൂ.
- ആർക്കും ആരുടേയും അവയവം സ്വീകരിക്കാൻ പറ്റില്ല. അവയവം നൽകുന്ന ശരീരത്തിന്റയും സ്വീകരിക്കുന്ന രോഗിയുടെയും പല പരിശോധനകളും യോജിക്കേണ്ടതുമുണ്ട്.
സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാവുന്നില്ല എന്നൊരു പ്രചാരണവും ഉണ്ടാവുന്നുണ്ട്. അതിലെ വസ്തുതകളിലേക്കും സഞ്ചരിക്കേണ്ടതുണ്ട്. 2012 മുതൽ 2017 വരെ കേരളത്തിൽ ആകെ 251 മരണാനന്തര അവയവദാനങ്ങളേ നടന്നിട്ടുള്ളൂ എന്നറിയാമല്ലോ. അതിൽ 33-ൽ കൂടുതൽ മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിച്ചത് സർക്കാർ മെഡിക്കൽ കോളേജുകളിലാണ്, (കോഴിക്കോട് – 3, ആലപ്പുഴ – 1, കോട്ടയം – 5, തിരുവനന്തപുരം – 16, ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് – 7, പരിയാരം – 1). കേരളത്തിലെ 30 സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് അവയവദാനം നടത്തിയിട്ടുണ്ട്. എണ്ണം താരതമ്യം ചെയ്‌താൽ ശരാശരിക്ക് മുകളിൽ പങ്കാളിത്തമുണ്ട് സർക്കാർ മേഖലക്ക്. സർക്കാർ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിൽ തലക്ക് ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ നിലവിലില്ല. അതിൽ തന്നെ ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ മാത്രമേ അത്യാവശ്യം മികച്ച സൗകര്യങ്ങൾ ഉണ്ടെന്ന് പറയാനാകൂ. സർക്കാർ മേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഇനിയും വളരെയധികം മെച്ചപ്പെടേണ്ടതായുണ്ട്. ന്യൂറോ സർജറി വിഭാഗം തന്നെയെടുക്കാം, ആകെയുള്ള 47 ഡോക്ടർ തസ്തികകളിൽ 9 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. സൗകര്യങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണാവസ്ഥ.
ഒട്ടുമിക്ക സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും വളരെ മികച്ച തീവ്രപരിചരണ വിഭാഗങ്ങളും ന്യൂറോസർജറി വിഭാഗവും, മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ട്. അണുബാധയൊക്കെ നിയന്ത്രിക്കുന്നതിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ ആശുപത്രികളേക്കാൾ വളരെയധികം മെച്ചമാണ് എന്ന സത്യത്തിന് മുൻപിൽ കണ്ണടച്ചിട്ട് കാര്യമില്ല. സർക്കാർ ആശുപത്രികളിൽ അണുബാധയൊക്കെ ഇത്രയധികം വർദ്ധിക്കുന്നതിന് പൊതുസമൂഹവും കാരണക്കാരാണ്. ICU-വിൽ കയറരുത് എന്ന് എത്രയൊക്കെ പറഞ്ഞാലും അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞു പലരും അണുബാധ പടരാൻ സഹായിക്കുന്നു ! മന്ത്രിമാർ മുതൽ വാർഡ് മെമ്പർ വരെ ഈ ദുരുപയോഗം ആവർത്തിക്കുന്നുണ്ടീനാട്ടിൽ ! ഒരു ICU-വിൽ ഒരു രോഗിയോടൊപ്പം ഒരു നേഴ്‌സ് എന്നത് നിർബന്ധമായ സ്വകാര്യ ആശുപത്രികളുമായി സർക്കാർ ആശുപത്രികളെ താരതമ്യം ചെയ്യാൻ പോലുമാവില്ല. സ്വകാര്യ ആശുപത്രികളിലെ ഓപ്പറേഷൻ തിയ്യേറ്ററുകളിൽ ഉള്ള സജ്ജീകരണങ്ങൾ, അണുവിമുകതമാക്കാൻ അനുവർത്തിക്കുന്ന പ്രോട്ടോക്കോളുകൾ, ഒക്കെ സർക്കാർ മേഖലയിൽ ഇന്നും അന്യമാണ്. ഈ കുറവുകകൾക്കിടയിലും സർക്കാർ മേഖല നേടുന്ന നേട്ടങ്ങളും വിലമതിക്കാനാവാത്തതാണ്.
രോഗിയെ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനും അവയവദാനത്തിന്റെ നിയമനൂലാമാലകൾ മറികടക്കുന്നതും വരെയുള്ള സമയം അവയവങ്ങൾക്ക് കേടുകൾ കൂടാതെ സംരക്ഷിക്കുക എന്നുള്ളത് ന്യൂറോ സർജറിയിലെയും ക്രിട്ടിക്കൽ കെയറിലെയും ഡോക്റ്റർമാർക്ക് വലിയ വെല്ലുവിളിയാണ്. ശരീരം നിശ്‌ചലമാകും മുൻപുള്ള നൂൽപ്പാലമാണ് മസ്‌തിഷ്‌കമരണം. അതുണ്ടാകാനും മസ്‌തിഷ്‌കമരണം ഉറപ്പിക്കുന്ന മണിക്കൂറുകൾ ഉടനീളം അത് നിലനിർത്താനും കഴിയുന്ന ഡോക്‌ടറെ ‘മാന്ത്രികൻ’ എന്ന് വിളിക്കേണ്ടി വരും. അപ്പോഴാണു കൊലപാതകം എന്നൊക്കെയുള്ള ആരോപണങ്ങൾ !
സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യുന്ന രോഗികൾക്കുണ്ടാവുന്ന ചിലവുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്നതിലധികമാണത്. അവിടെ ഒരു കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ കരൾമാറ്റ സർജൻമാർ, ജനറൽ സർജൻമാർ, അനസ്തേഷ്യാ ഡോക്ടർമാർ, തീവ്രപരിചരണ വിഭാഗം ഡോക്ടർമാർ, റേഡിയോളജി ഡോക്ടർമാർ, ഇൻറർവെൻഷൻൾ റേഡിയോളജിസ്റ്റ്, തിയറ്റർ സ്റ്റാഫ്, നുട്രീഷ്യൻ വിദഗ്ദ്ധൻ, ഫിസിയോതെറാപ്പിസ്റ്റ്, നേഴ്‌സുമാർ, കോർഡിനേറ്റർമാർ, അറ്റൻഡർമാർ തുടങ്ങിയ നിരവധി വിദഗ്ധരുടെ സേവനം ആവശ്യമായിവരും. അണുവിമുക്തമായ ഒപ്പേറഷൻ തീയേറ്റർ, വെന്റിലേറ്റർ, വളരെ വിലകൂടിയ ഇമ്മ്യൂണോസപ്രസന്റ് മരുന്നുകൾ അടക്കമുള്ള സൗകര്യങ്ങൾ വേറെയും ആവശ്യമാണ്. അവയവ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രി ചിലവാക്കുന്ന മുതൽ മുടക്കും റിസ്കും ഒക്കെ കണക്കിലെടുത്ത് ചിന്തിക്കൂ, ലാഭത്തിന്റെ കണ്ണ് കൊണ്ട് മാത്രം ഈ അവയവ ദാന പ്രക്രിയയെ സമീപിക്കരുത്. മാത്രമല്ല, പലപ്പോഴും അവയവ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് മസ്തിഷ്ക മരണം സംഭവിച്ച ആശുപത്രിയിൽ ആയിരിക്കില്ല.
ഇന്നത്തെ കാലത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ച കാരണം കൊണ്ടുണ്ടായ നേട്ടമാണിത്. അപകടങ്ങളിൽ മാരകമായ പരിക്കുകൾ പറ്റിയവരുടെ മരണശേഷം ചില അവയവങ്ങൾക്ക് കേടുപാടുകൾ മാത്രം ഉള്ള ചില വ്യക്തികൾക്ക് ജീവിക്കാൻ അവസരം നൽകുന്ന മഹത്തായ പ്രക്രിയയാണിത്. അപകടങ്ങളിൽ പരിക്കുപറ്റിയതുമൂലമോ അസുഖങ്ങൾ മൂലമോ ശസ്ത്രക്രിയകൾ ആവശ്യമായവർക്ക് രക്തം നൽകാറില്ലേ നമ്മൾ ? അതുകൊണ്ട് നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ? അതുപോലെ മരണാന്തരം നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു പുണ്യപ്രവർത്തി മാത്രമാണിത്. മണ്ണിലോ അഗ്നിയിലോ ഇല്ലാതാവുന്ന ശരീര ഭാഗം കൊണ്ട് മറ്റൊരു ജീവൻ രക്ഷപെടുന്നെങ്കിൽ അത് ഇല്ലാതാക്കണോ ?
എന്നിരുന്നാലും ചില ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നാളെ അങ്ങനെ ഉണ്ടാവാത്ത രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുകയാണ് ചെയ്യേണ്ടത്. ചില നിർദ്ദേശങ്ങൾ ചേർക്കുന്നു.
- മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ടീമിൽ ഒരു സർക്കാർ ഡോക്ടർ എങ്കിലും ഉണ്ടായിരിക്കണം. ഇതിലൂടെ കൂടുതൽ വിശ്വാസ്യത ലഭിക്കും. ഈ തീരുമാനം കേരളത്തിൽ നടപ്പാക്കിത്തുടങ്ങി.
- മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന സമയത്തെ പരിശോധനകൾ വീഡിയോ ഉപയോഗിച്ചു റെക്കോർഡ് ചെയ്യുക. ഡോക്ടർമാർ നേരിട്ട് കാണാതെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു എന്ന ആരോപണം ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഈ തീരുമാനവും കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങി.
- അവയവദാനം നിർവഹിച്ച ശരീരത്തിൽ താമസം കൂടാതെ പോസ്റ്റ് മോർട്ടം പരിശോധന നടത്തുക, മുൻപ് പരിശോധനയിലൂടെ കണ്ടുപിടിക്കാത്ത അണുബാധയോ മറ്റോ ഉണ്ടെങ്കിൽ വിവരം ട്രാൻസ്‌പ്ലാന്റ് കോഓർഡിനേറ്ററെ അറിയിക്കുക. (അവയവങ്ങളെ സ്വീകരിച്ച ശരീരം തന്നെ ഉപേക്ഷിക്കാതിരിക്കാനായി സ്റ്റിറോയ്ഡ്, പ്രതിരോധശേഷി ഇല്ലാതാക്കുന്ന മരുന്നുകൾ തുടങ്ങിയവ കൊടുക്കുന്നതിനാൽ അണുബാധ പൂർണ്ണമായും ഒഴിവാക്കിയിരിക്കണം)
- ഓരോ വർഷവും അവയവ മാറ്റ ശസ്ത്രക്രിയകളുടെ ഓഡിറ്റ് നടത്തണം. മരണാനന്തര അവയവമാറ്റങ്ങളുടെ മാത്രമല്ല, ലൈവ് ഡോണർമാരിൽ നിന്നും മാറ്റി വെച്ചതിന്റെയും ഉൾപ്പെടുത്തണം. ഹൃദയം, കരൾ തുടങ്ങിയവയുടെ മാറ്റത്തിലൂടെ എത്ര വർഷം ജീവിതത്തിൽ കൂടുതൽ ലഭിക്കുന്നുണ്ട് എന്നതും മനസിലാക്കേണ്ടതുണ്ട്.
- സർക്കാർ മേഖലയിൽ കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ പ്രോത്സാഹിപ്പിക്കുക. സ്വകാര്യ ആശുപത്രികളിലെ ചിലവുകൾ താങ്ങാനാവാത്ത സാധാരണക്കാർക്ക് ഗുണപ്രദമാകുമത്. കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയമാറ്റ ശസ്ത്രക്രിയകളും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റ ശസ്ത്രക്രിയയും നടന്നുകഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിലായി നിരവധി വൃക്ക മാറ്റ ശസ്ത്രക്രിയകളും നടന്നുവരുന്നുണ്ട്.
- സ്വകാര്യ ആശുപത്രികളിലെ ബില്ലുകൾ ഓഡിറ്റിന് വിധേയമാക്കുക. അവിടെ നിന്നും ലഭ്യമാക്കുന്ന ഓരോ സേവനവും തരം തിരിച്ച് ഓരോന്നിനും വാങ്ങാവുന്ന പരമാവധി തുക നിശ്ചയിക്കുക. അങ്ങിനെ ഒരു അവയവമാറ്റ ശസ്ത്രക്രിയക്ക് ഈടാക്കാവുന്ന പരമാവധി തുക തരാം തിരിച്ചു കണ്ടെത്തുക.
- അവയവമാറ്റ ശസ്ത്രക്രിയയുടെ (പ്രത്യേകിച്ച് ഹൃദയം, കരൾ) ചിലവ് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്. തുടർന്ന് കഴിക്കേണ്ട മരുന്നുകളും ചെലവേറിയതാണ്. പലപ്പോഴും സമൂഹത്തിന്റെ പിന്തുണ കൊണ്ടുകൂടിയാണ് ഇത്തരം ശസ്ത്രക്രിയകൾ സാധ്യമാകുന്നത് തന്നെ. ഇവിടെ സർക്കാരിന് മാത്രമേ നല്ലൊരു പരിഹാരം കാണാനാവൂ. അവയവ മാറ്റ ശാസ്ത്രക്രിയകൾക്കാവശ്യമായ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കണം.
വിവരാവകാശ പ്രവർത്തകനായ ശ്രീ ധൻരാജ് സുഭാഷ് ചന്ദ്രനാണ് വിഷയസംബന്ധമായ ചില കണക്കുകൾ നൽകിയത്.
1540 രോഗികളാണ് നിലവിൽ വൃക്കകൾ മാറ്റിവെക്കാനായി അപേക്ഷിച്ചിരിക്കുന്നവർ. അവയവദാനം കുറഞ്ഞതോടെ അവരുടെ സാധ്യത മങ്ങുകയാണ്. ഇതുകൂടാതെ നിരവധിപേർ ഹൃദയം കരൾ എന്നിവയും കാത്തിരിക്കുന്നുണ്ട്. ജീവനുള്ളവരിൽ നിന്നും ശസ്ത്രക്രിയ നടത്തി അവയവം മാറ്റിവെക്കുന്നതിനേക്കാൾ സുരക്ഷിതമാണ് മൃത ശരീരങ്ങളിൽ നിന്നും അവയവം മാറ്റിവെക്കുന്നത്.
ഓർക്കുക; എന്തായാലും ഇല്ലാതായ ഒരു ജീവൻ, മണ്ണിൽ കുഴിച്ചിടുകയോ, കത്തിച്ചുകളയുകയോ ചെയ്യുന്ന ഒരു ശരീരം; അതിൽ നിന്നും കുറച്ചുപേർക്ക് ജീവിതം നൽകാനാവുമെങ്കിൽ അബദ്ധപ്രചാരണങ്ങളിലൂടെ അതില്ലായ്മ ചെയ്യരുത്; അപേക്ഷയാണ്. നിങ്ങൾക്കും മരണാന്തരം അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്. http://knos.org.in/DonorCard.aspx ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്കും അവയവദാനത്തിന് സമ്മതം നൽകാം. രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ ലഭിക്കുന്ന കാർഡ് സൂക്ഷിക്കുക, വിവരം ബന്ധുക്കളെ അറിയിക്കുക. ഏറ്റവും അടുപ്പമുള്ള വ്യക്തിയുടെ മേൽവിലാസവും ഫോൺ നമ്പറും ആണ് രജിസ്റ്റർ ചെയുമ്പോൾ നൽകേണ്ടത്. അന്ധവിശ്വാസങ്ങളിൽ നിന്നും അബദ്ധ പ്രചരണങ്ങളിൽ നിന്നും മാറി നിന്ന് ശാസ്ത്ര വളർച്ചയുടെ കൂടെ സഞ്ചരിക്കാം, നമുക്ക്.