· 4 മിനിറ്റ് വായന

ഓ.ആർ.എസ് എന്ന ജീവജലം

PediatricsPrimary Careആരോഗ്യ അവബോധം

ശുദ്ധ ജലം, ഇത്തിരി പഞ്ചസാര, ഒരിത്തിരി ഉപ്പ്; ഇത് മൂന്നും ചേർന്നുണ്ടാകുന്ന ലായനി വയറിളക്കരോഗചികിത്സയിലുണ്ടാക്കിയ മാജിക് അറിയണമെങ്കിൽ വയറിളക്കരോഗങ്ങളുടെ ചരിത്രത്തിലേക്ക് കൂടി പോകണം.

കോളറയും മറ്റു വയറിളക്ക രോഗങ്ങളും വഴി ഉണ്ടാകുന്ന നിർജ്ജലീകരണവും, ലവണ നഷ്ടവും നിരവധി പേരുടെ ജീവനെടുത്തിരുന്ന ഒരു കാലം. ആ സമയത്താണ് 1964 ൽ യു എസ് ആർമിയിലെ ക്യാപ്റ്റൻ ഫിലിപ്സ്, ഗ്ലുക്കോസും ഉപ്പുവെള്ളവും ചേർന്ന മിശ്രിതം കോളറ രോഗികളിൽ വിജയകരമായി പരീക്ഷിക്കുന്നത്. ഇതിനെത്തുടർന്ന് നടന്ന പരീക്ഷണങ്ങളാണ് ആധുനിക ഒ ആർ എസ് ലായനി(ഓറല്‍ റീ ഹൈേഡ്രഷന്‍ സൊല്യുഷന്‍)യുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നത്.

1971 ലെ ഇന്ത്യാ-പാക് യുദ്ധം. കൽക്കട്ടയിലെ പ്രശസ്ത ഫിസിഷ്യൻ ഡോ.ദിലീപ് മെഹനലബിസ് അതിർത്തി ഗ്രാമത്തിലെ അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തനനിരതനായിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ കോളറ ബാധിതരാണ്. കുഴിഞ്ഞ കണ്ണുകളും, വലിച്ചു വിട്ടാൽ വളരെ പതുക്കെ മാത്രം ചുളിഞ്ഞ് നിവരുന്ന തൊലിയുമുള്ള നിരവധി ആളുകൾ തങ്ങൾ കടുത്ത നിർജ്ജലീകരണത്തിന്റെ പിടിയിലാണെന്ന് ഓർമ്മപ്പെടുത്തുന്നു.

ചികിത്സിക്കാനുള്ള ഐ.വി. ഫ്ലൂയിഡ്സ് തീർന്നുകൊണ്ടിരിക്കുന്നു. മരണം കാത്തു കിടക്കുന്ന രോഗികളുടെ ദൈന്യവും തന്റെ നിസ്സഹായാവസ്ഥയും ഡോ.ദിലീപിനെ ചുട്ടുപൊള്ളിച്ചു. പെട്ടെന്നാണ് നേരത്തേ വായിച്ചറിഞ്ഞ ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പിയെ പറ്റി അദ്ദേഹം ഓർത്തത്. വേഗം തന്നെ വൃത്തിയാക്കിയ വലിയ വീപ്പകളിലും കന്നാസുകളിലുമെല്ലാം ഉപ്പും പഞ്ചസാരയും ചേർത്ത മിശ്രിതം തയ്യാറാക്കപ്പെട്ടു. അവശരായ കോളറ ബാധിതർക്ക് അത് ആവശ്യാനുസരണം കുടിക്കാൻ നൽകി.

ഫലം അത്ഭുതാവഹമായിരുന്നു.

ഐ.വി. ഫ്ലൂയിഡ്സ് നൽകി ചികിത്സിച്ച മറ്റ് അഭയാർത്ഥി ക്യാമ്പുകളിലെ കോളറ മരണനിരക്ക് 30 ശതമാനമായിരുന്നു.

എന്നാൽ മൂവായിരത്തിലേറെ കോളറ രോഗികൾക്ക് ഓ.ആർ.എസ് നൽകി ചികിത്സിച്ച ഡോ.ദിലീപിന്റെ ക്യാമ്പിൽ മരണനിരക്ക് കേവലം 3.6 ശതമാനം മാത്രം!!!

ബംഗ്ലാദേശിന്റെ പിറവിയ്ക്ക് കാരണമായ 1971ലെ ആ യുദ്ധം അങ്ങിനെ ഓ.ആർ.എസിന്റെ യുദ്ധവീര്യവും തെളിയിച്ച ക്ലിനിക്കൽ ട്രയലായി മാറി.

ഇതേത്തുടർന്നു 1978 ൽ ലോകാരോഗ്യ സംഘടന ഒ ആർ എസ് ഉൾപ്പെടുത്തിക്കൊണ്ടു വയറിളക്ക രോഗ നിർമാർജന പരിപാടിക്ക് തുടക്കമിട്ടു. വയറിളക്കം കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ 93 ശതമാനം കുറവ് വരുത്തിക്കൊണ്ട്, മനുഷ്യരാശിക്കും വൈദ്യശാസ്ത്രത്തിനും വലിയൊരു മുതൽക്കൂട്ടായി മാറുകയായിരുന്നു ഈ കുഞ്ഞു പൊടിപ്പാക്കറ്റ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോക്താക്കള്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ ഉത്സുകരാണ് എന്നൊരു വിമര്‍ശനം നമ്മുടെ നാട്ടില്‍ പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ സാധാരണ ഒട്ടുമിക്ക വയറിളക്ക രോഗങ്ങള്‍ക്കും ആന്‍റി ബയോട്ടിക്കുകളോ, നിര്‍ജ്ജലീകരണം കടുക്കുന്ന അവസരങ്ങളില്‍ അല്ലാതെ ഐ.വി ഫ്ല്ളൂയിഡ് ചികിത്സയോ വേണ്ട പകരം ക്ഷമയോടെ നിര്‍ദ്ദേശാനുസരണം പാനീയ ചികിത്സ ചെയ്‌താല്‍ മതിയാവും എന്ന് പറയുമ്പോ വിരോധാഭാസം എന്ന പോലെ പലരുടെയും മുഖം ചുളിയുന്നത്‌ കാണാം.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നാണ് ഈ അത്ഭുത “മരുന്ന്”. ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇത് മൂലം രക്ഷപ്പെട്ടിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ നിഷ്കർഷയ്ക്കനുസരിച്ച് നിർദ്ദിഷ്ട അളവിൽ ഉപ്പും പഞ്ചസാരയും മറ്റു ലവണങ്ങളും ചേർന്ന ഈ മിശ്രിതമുപയോഗിച്ചുള്ള പാനീയ ചികിത്സ ഇപ്പോഴും ജീവൻ രക്ഷിക്കുന്ന ഇടപെടലുകളുടെ പട്ടികയിൽ പ്രമുഖ സ്ഥാനം വഹിയ്ക്കുന്നു.

‘പോകും തോറും കുടിക്കുക’ എന്നതാണ് വയറിളക്ക ചികിത്സയുടെ പ്രധാന മുദ്രാവാക്യം. നിർജ്ജലീകരണം തടയുക എന്നുള്ളതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കിയ തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം എന്നിവ ഉപയോഗിച്ചു നിർജലീകരണം തടയാം. കൂട്ടത്തിൽ അത്യുത്തമം നമ്മുടെ ഓ ആർ എസ് ലായനി തന്നെ. വയറിളക്ക രോഗികളിൽ മാത്രമല്ല, പൊള്ളലേറ്റ് നിർജലീകരണം സംഭവിച്ച രോഗികൾക്കും ഒ ആർ എസ് ഉപയോഗിക്കാവുന്നതാണ്.

എന്താണ് ഒ ആർ എസ്?

സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസിയം ക്ലോറൈഡ് , ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ് നമുക്ക് പാക്കറ്റിൽ കിട്ടുന്നത്.

ഒരു ലിറ്റർ ലായനിയിൽ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസിയം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്. സോഡിയം സിട്രേറ്റ് നു പകരം സോഡിയം ബൈകാർബണെറ്റും ,ഗ്ലൂക്കോസിനു പകരം സുക്രോസും ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഒ ആർ എസ് ലായനി നിർമ്മിക്കാം?

6 ടീസ്പൂൻ (25.2 ഗ്രാം) പഞ്ചസാര, 0.5 ടീസ്പൂൻ (2.9 ഗ്രാം) ഉപ്പ് എന്നിവ ഒരു ലിറ്റർ ശുദ്ധജലവുമായി മിക്സ് ചെയ്ത് ഒ ആർ എസ് ലായനി നിർമിക്കാം.

തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൻ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്ത് വീട്ടിൽ തന്നെ ഓ ആർ എസ് ലായനിക്കു പകരം ഉണ്ടാക്കാവുന്നതാണ്.

വയറിളക്കരോഗ ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

കുട്ടികളിലെ വയറിളക്കം പ്രധാനമായും വൈറസ് മൂലമാണ്. റോട്ടാ വൈറസാണ് പ്രധാന വില്ലൻ. ഒ ആർ എസ് ലായനി ഉപയോഗിച്ചുള്ള പാനീയ ചികിത്സയാണ് ഏറ്റവും പ്രധാനം.

പൊതുവേ വറുത്തതും പൊരിച്ചതുമായ എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ ഈ സമയത്ത് ദഹിയ്ക്കാൻ പ്രയാസമായതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

നന്നായി വേവിച്ച മത്സ്യ മാംസാദികളും പച്ചക്കറിയും ധാന്യങ്ങളും വയറിളക്കമുള്ള കുട്ടികൾക്ക് കൊടുക്കാം.

സാധാരണ ഗതിയിൽ വയറിളക്കം മാറാൻ മൂന്നു നാല് ദിവസം എടുക്കും, ചില കേസുകളിൽ അതിലധികവും.നിര്‍ജ്ജലീകരണമോ മറ്റു ഗുരുതരാവസ്ഥയോ ഒന്നുമില്ലെങ്കില്‍ ആകാംക്ഷ പിടിക്കേണ്ട കാര്യമില്ല ഈ കാലയളവില്‍ എന്ന് ഓര്‍ക്കുക.

ഏറ്റവും പ്രധാനം നിർജലീകരണം തടയുക എന്നതാണ്. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും നമ്മൾ പാനീയ ചികിത്സയിലൂടെ തിരികെ നൽകുന്നു.

പാനീയ ചികിത്സ എങ്ങനെ ?

കുട്ടികൾക്ക് ഓ ആർ എസ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നല്‍കുന്ന രീതിയാണ്, നിര്‍ദ്ദേശിക്കപ്പെട്ട ഇടവേളകളിൽ ചെറിയ അളവായി നൽകുകയാണ് വേണ്ടത്. ഒറ്റയടിക്ക് കുഞ്ഞുങ്ങളെ കുടിപ്പിച്ചാൽ അധിക അളവില്‍ ചെല്ലുന്ന ദ്രാവകം ഛർദ്ദിച്ച് പോവാനുള്ള സാധ്യതയാണ് ഏറുക.

വയറിളക്കത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കുന്ന സമയം മുതൽ ഒ ആർ എസ് കൊടുത്തു തുടങ്ങാവുന്നതാണ്.

കലക്കി വച്ച ലായനി ഒരു ദിവസത്തിനുള്ളിൽ, അഥവാ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ചെറിയ കുഞ്ഞുങ്ങൾക്ക് ഡ്രോപ്പറോ, സിറിഞ്ചോ ഉപയോഗിച്ചു ഒ ആർ എസ് നൽകാവുന്നതാണ്.

വയറിളക്കമുള്ള മുതിർന്ന കുട്ടികള്‍ക്കും , മുതിർന്നവര്‍ക്കുംകലക്കി വച്ച ലായനി ഇടവിട്ട് കൊടുക്കാവുന്നതാണ്.

കുട്ടികൾക്ക് ഓ.ആർ.എസ് കൊടുക്കുന്നതിനു കണക്കുണ്ട്. ശരീരഭാരത്തിന്റെ ഓരോ കി.ഗ്രാമിനും 10 മില്ലി എന്ന കണക്കിന് ഓരോ തവണ വയറിളകി പോയിക്കഴിഞ്ഞും ഓ.ആർ.എസ് കൊടുക്കണം.

സിങ്ക് തെറാപ്പി

…………………..

സാധാരണ വയറിളക്കത്തിന് ഓ.ആർ.എസിന് ഒപ്പം സിങ്ക് കൂടി നൽകണമെന്ന് WHO നിർദ്ദേശിക്കുന്നു.

2 മുതൽ 6 മാസം വരെ പ്രായം ഉള്ള കുഞ്ഞുങ്ങളിൽ പ്രതിദിനം 10 mg എന്ന അളവിലും , 6 മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ പ്രതിദിനം 20 mg എന്ന അളവിലും സിങ്ക് ,14 ദിവസത്തേക്ക് നൽകണം.

വയറിളക്കത്തിന്റെ കാഠിന്യവും സങ്കീർണതകളും കുറയ്ക്കുന്നതിനും ,തുടർന്ന് വയറിളക്കം വരാനുള്ള സാധ്യതകൾ തടയുന്നതിനും സിങ്ക് ചികിത്സ സഹായിക്കും.

കൃത്യമല്ലാത്ത ഒ ആർ എസ് ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശനങ്ങൾ..

ഛർദ്ദി, രക്തസമ്മർദ്ദം ഉയരുക, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഉയരുക എന്നുള്ളവയാണ്.

ഇന്ന് ജൂലൈ 29 _ഒ ആർ എസ് ദിനം. ഒപ്പം ഓർക്കുക, ഒ ആർ എസ് നടത്തിയ മുന്നേറ്റങ്ങളും, ഒ ആർ എസ് ഉപയോഗം കൊണ്ടുള്ള അത്ഭുതങ്ങളും.

ലേഖകർ
Dr Sabna . S, graduated from sri venkateswara medical college, Pondicherry. Now working as medical officer in vayomithram project under kerala social security mission . Intersted in medical science and literature. Published 5 books (poems, stories and novel) in malayalam . Got awards (Abudabi sakthi award, ankanam award, bhaasha puraskaaram, velicham award, srishti puraskaaram etc) for poems and short stories. Writing health related columns, stories and poems in newspapers and magazines. Did programmes in akashavani, other radio and television channels .
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ