· 4 മിനിറ്റ് വായന
ഞങ്ങളുടെ കുടുംബഡോക്ടർ!
പരിചയത്തിലുള്ള ആരെയെങ്കിലും കുറെക്കാലം കഴിഞ്ഞ് കാണുമ്പൊ ആദ്യത്തെ ചോദ്യം ” ഇപ്പൊ എന്താ ചെയ്യുന്നത് ? ” എന്നായിരിക്കും..
” ഡോക്ടറാണ്…” എന്ന് മറുപടി പറയുമ്പൊ അടുത്ത ചോദ്യം ഉറപ്പാണ്.. ” ആഹ..അപ്പൊ ഏതിലാ സ്പെഷ്യലൈസേഷൻ? ” എന്ന്. ” ഫാമിലി മെഡിസിൻ ” എന്ന് ഉത്തരം പറഞ്ഞാൽ അവിടം കൊണ്ട് ചോദ്യം തീർന്നൂന്ന് കരുതരുത്..അടുത്ത മില്യൺ ഡോളർ ക്വസ്റ്റ്യൻ അതാണ്.
” ഫാമിലി മെഡിസിനോ? അതെന്താ? “
അതെ, എന്താണ് ഫാമിലി മെഡിസിൻ? അത് പറയുന്നതിനു മുൻപ് വേറെ ചില കാര്യങ്ങളൂടി അറിഞ്ഞിരിക്കണം.
ഇപ്പൊ സ്പെഷ്യലൈസേഷൻ്റെ കാലമാണ്. ഓരോ അവയവത്തിനും ഓരോ ഡോക്ടർ എന്ന് പറയുമ്പൊ അതിൽ അതിശയോക്തിയുടെ അംശം കുറഞ്ഞുകുറഞ്ഞ് വരുന്നു. കണ്ണിന് ഒഫ്താല്മോളജിസ്റ്റും വൃക്കയ്ക്ക് നെഫ്രോളജിസ്റ്റും ഹൃദയത്തിന് കാർഡിയോളജിസ്റ്റുമായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കണ്ടില്ലെങ്കിൽ ഒരു തൃപ്തി തോന്നാത്തവരും അത്ര ചുരുക്കമല്ല.
ചെറിയൊരു തലവേദനയ്ക്ക് പോയി ന്യൂറോളജിസ്റ്റിനെ കണ്ടാൽ എന്താണ് കുഴപ്പമെന്നായിരിക്കും ചിന്തിക്കുന്നത്. ന്യൂറോളജി എന്ന് പറയുന്നത് എം.ബി.ബി.എസ്സും എം.ഡിയും കഴിഞ്ഞ് നേടുന്ന ഒരു സൂപ്പർ സ്പെഷ്യൽറ്റിയാണ്. ആ തലവേദനയുണ്ടല്ലോ, അത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. സാധാരണ ഒരു പനി മുതൽ തലയ്ക്കുള്ളിലെ ട്യൂമറും രക്തസ്രാവവും വരെ.
ന്യൂറോളജിസ്റ്റിൻ്റെ അടുത്ത് ചെന്നാൽ സമഗ്രമായ രോഗനിർണയം നടത്തേണ്ടതായുണ്ട്. അപ്പൊ സ്വഭാവികമായി കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം. എല്ലാത്തരം തലവേദനകൾക്കും അത് അത്യാവശ്യമായിരിക്കില്ല. അവിടെയാണ് ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റുകളുടെ പ്രസക്തി.
ഒഫ്താല്മോളജിസ്റ്റ് കണ്ണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ, നെഫ്രോളജിസ്റ്റ് വൃക്കയിലും അതുമായി ബന്ധപ്പെട്ട് കിടക്കുന്നിടങ്ങളിലും ശ്രദ്ധിക്കുന്നത് പോലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഒരു അവയവത്തെയോ രോഗത്തെയോ മാത്രമായല്ല ശ്രദ്ധിക്കുക.
എല്ലാ പ്രായത്തിലും ലിംഗത്തിലുമുള്ള വ്യക്തികൾക്കും സമഗ്രമായ രോഗനിർണയവും ആരോഗ്യപരിപാലനവും നൽകുന്നയാളാണ് ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ്.
നമുക്ക് കൊവിഡിൻ്റെ കാര്യമെടുത്ത് തന്നെ ഈ സംഗതി മനസിലാക്കാൻ ശ്രമിക്കാം.
ഒരു വൈറസ് കാരണം ലോക്കിനുള്ളിലായിരിക്കുകയാണല്ലോ നമ്മൾ. ഇടയ്ക്ക് ആരോ എഴുതിവിട്ടതുപോലെ ഈ നേരത്ത് രോഗങ്ങളൊക്കെ അങ്ങ് ഇല്ലാതെയായിപ്പോയിട്ടില്ല. അവയൊക്കെ ഇപ്പൊഴും ഇവിടെത്തന്നെയുണ്ട്. കൊവിഡിനെ നേരിടാനായി നമ്മൾ സ്വീകരിച്ച വഴികളിലൊന്നായ ലോക്ക് ഡൗൺ പക്ഷേ രോഗങ്ങൾക്ക് ചികിൽസ നേടുന്ന വഴികളെയും മാറ്റിമറിച്ചുകളഞ്ഞു.
ഒരാൾക്ക് ഒരു സമയം ഒരു രോഗം മാത്രമേ വരാവൂ എന്ന് നിയമങ്ങളൊന്നുമില്ലല്ലോ. ജീവിതശൈലീ രോഗങ്ങൾ ഒന്നിലധികം ഒരേ വ്യക്തിക്ക് ഉണ്ടാവുന്നതൊക്കെ ഇപ്പോൾ സാധാരണമെന്നതാണ് അവസ്ഥ. ഹൈപ്പർടെൻഷനും ഡയബറ്റിസിനും അതിനൊപ്പമുള്ള വിഷമതകൾക്കുമെല്ലാം അതാത് സ്പെഷ്യലിസ്റ്റുകളെ കാണാൻ പോവാൻ പരിമിതമായ സാഹചര്യങ്ങൾ ചിലപ്പോൾ അനുവദിച്ചുവെന്ന് വരില്ല.
പക്ഷേ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിന് ആ പ്രശ്നമില്ല. ഒരു കുടുംബത്തിലെ ആർക്കും – മുട്ടിലിഴഞ്ഞ് നടക്കുന്ന കുഞ്ഞുവാവ തൊട്ട് പല്ലില്ലാത്ത മോണ കാണിച്ച് ചിരിക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും വരെ – വരുന്ന ഏത് രോഗത്തിനും ആദ്യം എത്തേണ്ടത് ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിൻ്റെ അടുത്താണ്. ആവശ്യമുള്ള ചികിൽസയും ആരോഗ്യ സംരക്ഷണത്തിനായുള്ള നിർദേശങ്ങളും നൽകാൻ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിനു കഴിയും.
ചിലർക്ക് ഇതങ്ങ് ദഹിക്കാൻ പ്രയാസമാണ്. എല്ലാ രോഗവും കൈകാര്യം ചെയ്യുന്ന ഒരു സ്പെഷ്യലിസ്റ്റ് എന്ന ചിന്ത..കേരളത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് ചെറു ക്ലിനിക്കുകളും എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം വർഷങ്ങളോളം സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്ത ഡോക്റ്റർമാരും നൽകിയ പങ്ക് ഓർത്തുകഴിഞ്ഞാൽ ആ പ്രശ്നം മാറേണ്ടതാണ്.
ഇനി ഒരു സ്പെഷ്യലിസ്റ്റിൻ്റെ സേവനം കൂടിയേ കഴിയൂ എന്ന സാഹചര്യമാണെന്നിരിക്കട്ടെ. ആ സാഹചര്യം തിരിച്ചറിയാനും ആ വിദഗ്ധ ചികിൽസ എങ്ങനെ തേടണമെന്നതടക്കമുള്ള വിവരങ്ങൾ നൽകാനും കൂടി ഒരു നല്ല ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിന് കഴിയും. അങ്ങനെ ചെയ്യുമ്പൊ ഒരു ഗുണം കൂടിയുണ്ട്. യഥാർഥത്തിൽ കാർഡിയോളജിസ്റ്റിൻ്റെയും ന്യൂറോളജിസ്റ്റിൻ്റെയുമൊക്കെ സേവനം ആവശ്യമായി വരുന്ന ആൾക്കാർക്കായി കൂടുതൽ സമയം ചിലവാക്കാൻ അവർക്ക് കഴിയും. മെച്ചപ്പെട്ട രോഗനിർണയവും ചികിൽസയും ഫലം.
ഒരു ഐഡിയൽ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് അതേ കമ്യൂണിറ്റിയുടെ തന്നെ ഭാഗമായിരിക്കണം എന്നാണ്. പണ്ട് നമ്മുടെയൊക്കെ നാട്ടിലും വീട്ടിലുമൊക്കെ എല്ലാവരുടെയും കാര്യങ്ങളറിയാവുന്ന ഒരു ഡോക്ടറുണ്ടായിരുന്നു.. ഏതാണ്ട് അതുപോലെ.
അവിടത്തെ ഓരോ ആളുകളെയും വ്യക്തിപരമായി അറിയുകയും തുടർ ചികിൽസ നൽകുകയും ചെയ്യുക സാദ്ധ്യമാവുക എന്നതാണ് ആശയം. മുൻ കൂട്ടി അറിയിക്കാതെയെത്തുന്ന അത്യാവശ്യങ്ങൾക്കും അത്യാഹിതങ്ങൾക്കുമൊക്കെ ഡോക്ടർക്ക് സേവനം ലഭ്യമാക്കാനും ആ സമൂഹത്തിൽത്തന്നെ തുടരുമ്പോൾ എളുപ്പമാവും.പ്രത്യേകിച്ച് ദൂരെയുള്ള ആശുപത്രികളിലേക്കുള്ള യാത്ര ദുഷ്കരമാവുന്ന ലോക്ക് ഡൗൺ കാലത്ത്.
ഇനി കൊവിഡ് ആണെങ്കിലും മറ്റ് ഏതൊരു അസുഖമാണെങ്കിലും അത് ബാധിക്കുന്നത് ഒരു അവയവത്തെയോ ഒരു വ്യക്തിയെയോ മാത്രമല്ല അല്ലേ? രോഗം വരുമ്പോൾ അതുകൊണ്ട് അയാളുടെ ചുറ്റിലും….കുടുംബത്തിലും സമൂഹത്തിലുമെല്ലാം വ്യതിയാനങ്ങൾ വരുന്നുണ്ട്. രോഗം ചിലപ്പോൾ താളം തെറ്റിക്കുന്നത് ഒരു കുടുംബത്തെ മുഴുവനായിരിക്കും.
ഉദാഹരണത്തിന് പ്രമേഹത്തിന് ഇൻസുലിൻ എടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ കാര്യം തന്നെ നോക്കാം. ഇൻസുലിൻ എടുക്കണമെന്ന് പറഞ്ഞ് കൊടുക്കാനും പഠിപ്പിക്കാനും ഡോക്ടർക്ക് എളുപ്പമായിരിക്കും. പക്ഷേ അത് കൃത്യമായി പിൻ തുടരാൻ പല കടമ്പകളും കടക്കേണ്ടിവരും.
ഇൻസുലിൻ ഈ അടുത്തിടെ എടുക്കാൻ തുടങ്ങിയ ഒരു ചേച്ചിയുണ്ടായിരുന്നെന്ന് കരുതുക. ഇൻസുലിൻ എടുത്ത് നൽകിക്കൊണ്ടിരുന്നത് ചേച്ചിയുടെ മകളായിരുന്നു എന്നും കരുതുക. ഒരു പത്ത് കിലോമീറ്റർ അപ്പുറത്ത് താമസിച്ചുകൊണ്ടിരുന്നവരാണ്. വീട്ടിൽ വന്ന് ചേച്ചിയുടെ കാര്യങ്ങൾ ചെയ്തുകൊടുത്ത് തിരികെപ്പോയിരുന്നതാണ്. ലോക്ക് ഡൗൺ മൊത്തം അവതാളത്തിലാക്കി.
മിക്ക രോഗികളും മരുന്ന് നിറുത്തുന്നത് (non compliance എന്ന് ഡോക്ടർമാർ പറയും) അവർക്ക് രോഗം മാറണമെന്ന് താല്പര്യമില്ലാഞ്ഞിട്ടല്ല. മറ്റ് കാരണങ്ങളുമുണ്ടാവും. ഒന്ന് സമാധാനമായി ആലോചിച്ചാൽ ചിലപ്പൊ പരിഹാരം കിട്ടും. പക്ഷേ ആ സമയത്ത് ചിലപ്പൊ അതിനു കഴിയണമെന്നില്ല. സംഭവിക്കുന്നത് ഇതായിരിക്കും..അവർ മരുന്ന് നിർത്തുവാനിടയുണ്ട്. കൃത്യമായി ഗ്ലൂക്കോസിൻ്റെ അളവ് നോക്കാതെയിരിക്കാനുമിടയുണ്ട്.
ഒന്നുകിൽ പ്രമേഹം നിയന്ത്രണാതീതമാവും. ഡോസ് വ്യത്യാസപ്പെടുത്തി ചിലപ്പൊ ഗ്ലൂക്കോസ് ലെവൽ പരിധിയിലും താഴ്ന്നുപോവാനും സാദ്ധ്യതയുണ്ട്. രണ്ടായാലും രോഗിക്ക് പ്രശ്നമാണ്. പരിഹാരം ഒന്ന് ആലോചിച്ച് പറഞ്ഞുകൊടുക്കാൻ ഡോക്ടർക്ക് കഴിയണം. അവരെത്തന്നെ അതിനു പ്രാപ്തയാക്കുകയോ തൊട്ടടുത്ത് സഹായിക്കാൻ കഴിയുന്നവരുണ്ടെങ്കിൽ മുൻ കരുതലുകൾ പാലിച്ച് അവരെക്കൂടി രോഗീപരിചരണത്തിൽ ഉൾപ്പെടുത്തുകയോ ഒക്കെ..
കൊവിഡിനെക്കുറിച്ച് പറഞ്ഞാൽത്തന്നെ കൊറോണ വൈറസ് ഉണ്ടാക്കുന്ന ലക്ഷണങ്ങളൊക്കെയും മറ്റ് പല രോഗങ്ങൾക്കും സ്വഭാവികമായി ഉണ്ടാകാവുന്നവയാണ്. പനിയുണ്ടെന്ന് കരുതി എല്ലാ പനിയും കൊവിഡ് ആവണമെന്നില്ല. ഡെങ്കിയും എലിപ്പനിയുമടക്കം മറ്റ് പനികളുമുണ്ടാവും. പനി വരുമ്പൊഴേ കൊവിഡ് ആണെന്ന് കരുതി പേടിക്കുന്ന ഒന്നിലധികം സംഭവങ്ങളും നാം കേട്ടുകഴിഞ്ഞു..രോഗി മാത്രമല്ല, കുടുംബമടക്കം..
രോഗത്തെയും രോഗിയെയും മാത്രമല്ല, ചുറ്റുപാടും കുടുംബവും ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ശ്രദ്ധിക്കണം. പരിശോധനകളും ചികിൽസകളും രോഗിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് ക്രമപ്പെടുത്താൻ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റുകൾക്ക് കഴിയും. രോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും..
മാറിയ സാഹചര്യത്തിൽ അടിയന്തിരാവശ്യമെന്ന നിലയിൽ ടെലി കൺസൾട്ടേഷൻ പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിക്കുമ്പൊഴും ആദ്യമായി കാണുന്ന ഡോക്ടറെക്കാൾ അടുത്തറിയുന്ന ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റാണെങ്കിൽ മുൻ തൂക്കമുണ്ടെന്നത് വ്യക്തമാണ്.
അവസാനമായി, പക്ഷേ ഒട്ടും പ്രാധാന്യം കുറവല്ലാത്ത ഒന്ന് കൂടി..ആരോഗ്യ ബോധവൽക്കരണവും ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിൻ്റെ ഉത്തരവാദിത്വങ്ങളിൽ ഒന്നായി വരും. പ്രത്യേകിച്ച് കൊവിഡ് പോലെയുള്ള നമുക്ക് ഒരു പരിധി വരെ അപരിചിതമായ ഒരു രോഗത്തെ അശ്രദ്ധയും ഭീതിയുമില്ലാതെ കൈകാര്യം ചെയ്യാനും അതിജീവിക്കാനും ജനങ്ങളെ പ്രാപ്തരാക്കണമെങ്കിൽ ശരിയായ അറിവ് നിർബന്ധമാണ്.
ഒന്നിച്ചുനിന്ന് അതിജീവിക്കുക…
ആരെയും ഒറ്റയ്ക്കാക്കിക്കളയാതിരിക്കുക..
അതാണല്ലോ നമ്മുടെ ലക്ഷ്യവും..