സാന്ത്വന പരിചരണം
“ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം…
വ്രണിതമാം കണ് ഠത്തില് ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള് കൂടി ഞാൻ നേരിയ നിലാവിന്റെ
പിന്നിലെ അനന്തതയിലലലിയും
ഇരുൾ നീലിമയിൽ
എന്നോ പഴകിയൊരോർമ്മകൾ
മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ, നീ തൊട്ടു നില്‍ക്കു”
അപരിഹാര്യമായ ദുർവിധി അർബുദത്തിന്റെ രൂപത്തിൽ കടന്നു വന്നപ്പോൾ എഴുതിയതാണ് സഫലമീ യാത്ര എന്ന കവിതയെന്നു കവിയുടെ മകൻ സ്മരിക്കുന്നുണ്ട് . കോഴിക്കോട് മെഡിക്കൽ കോളേജിൽ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ചികൽസയി ലായിരുന്ന ശ്രീ എൻ .എൻ കക്കാട് ജീവിതത്തിലേക്ക് മടങ്ങി വന്നു വീണ്ടും കവിതകൾ എഴുതി .
വ്രണിതമായ കണ്ഠത്തിലെ നോവ് കുറഞ്ഞപ്പോൾ വളരെ നാൾ കൂടി, നേരിയ നിലാവും ഇരുൾ നീലിമയും വിറയ്കുന്ന താരകളും പകരുന്ന കാഴ്ച സഹർഷം നുകരുന്ന ചിത്രം വേദനയിൽ നിന്നുള്ള മോചനം- വിശേഷിച്ചും ,ജീവിതാന്ത്യത്തെ അനിവാര്യമായ യാഥാർഥ്യമായി നേർക്കുനേർ കണ്ടുകൊണ്ടിരുന്ന വരുടെ ജീവിതസൗഖ്യത്തിനു എത്ര വലുതാണ് എന്ന സന്ദേശം തരുന്നു .രണ്ടു ദിവസം മുൻപ് , ജനുവരി 15 നു പാലിയേറ്റീവ് കെയർ ദിനം ആയി കേരളത്തിൽ ആചരിക്കപ്പെട്ടു.
എന്താണ് PALLIATIVE കെയർ?
ദീർഘകാലം നീണ്ടു നിൽക്കുന്ന ,ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഏതൊരു രോഗിക്കും നൽകുന്ന സമ്പൂർണവും ക്രിയാത്മകവും ആയ പരിചരണം ആണ് Palliative Care* . ഇത്തരക്കാർക്ക്, വേദന നിവാരണം ഉൾപ്പെടെ രോഗപീഡകളിൽ നിന്ന് മോചനം നൽകി ജീവിതം പരമാവധി ക്ലേശരഹിതമായി മുന്നോട്ട് കൊണ്ടുപോകുവാനും ദിനരാത്രങ്ങൾ സാധാരണ ജീവിതം കണക്കു യാതനരഹിതം ആക്കുവാനും യത്നിക്കുന്നു . പാലിയേറ്റീവ് ചികിത്സ നിർദേശിക്കപ്പെടുന്ന എല്ലാവരും മരണം വിധിക്കപ്പെട്ടവരാണ് എന്ന ഒരു തെറ്റിധാരണയും വ്യാപകം ആയിട്ടുണ്ട്. ശാസ്ത്രം എന്നതിനും മുകളിൽ സ്നേഹവും ആർദ്രതയും സഹാനുഭീതിയും നിറഞ്ഞ ഒരു പ്രസ്ഥാനം ആണ് palliative care
അൽപ്പം ചരിത്രം
മരണാസന്നരായ രോഗികൾക്ക് ശാരീരകവും മാനസികവും വൈകാരികവും ആയ സൗഖ്യം ലക്ഷ്യമിട്ടു തുടങ്ങിയ hospice കളാണ് ഇന്നത്തെ palliative care പ്രസ്ഥാനത്തിന്റെ മുന്നോടി. St Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ 1967ഇൽ സ്ഥാപിച്ചത് ഡെം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ ആയിരുന്നു. മരണത്തോടും മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം ആ സമൂഹത്തെ കുറിച്ച് ഒരു പാട് നമുക്ക് പറഞ്ഞു തരും എന്ന് അവർ ഓർമിപ്പിച്ചു .നല്ല മരണം എന്ന ആശയം വളരെ പഴയതെങ്കിലും ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പ്രചാരം നേടി തുടങ്ങി.
Dr. Elisabeth Kubler-Ross മരണാസന്നരെ കുറിച്ച് നടത്തിയ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വിഷയത്തിലേക്കു കൂടുതൽ ശ്രദ്ധ പതിക്കാനിടയാക്കി .നിഷേധം ,ക്രോധം ,വില പേശൽ ,വിഷാദം ,രാജിയാകൽ എന്നീ അഞ്ചു ഘട്ടങ്ങളിലൂടെ മരണാസന്നരുടെ ദുഃഖാവസ്ഥ കടന്നു പോകുന്നു എന്ന് ആ മനശ്ശാസ്ത്രജ്ഞ വിലയിരുത്തി.
Palliative care ഇന്ന് മരണാസന്നർക്കു ശിഷ്ട ജീവിതം ക്ലേശ രഹിതമാക്കാൻ മാത്രമല്ല നൽകുന്നത് ,അനിയന്ത്രിതമായ രോഗപീഡകളിൽ ,രോഗത്തിന്റെ ഏതു ദശയിലും ഉപയോഗിക്കുന്നുണ്ട് .
സാന്ത്വനപരിചരണവും കേരളവും
എൺപതുകളുടെ തുടക്കത്തിൽ ആണ് palliative care ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത് ., 1986ഇൽ, ശാന്തി അവേഡ്നാ സദൻ എന്ന ഹോസ്പിസ് മുംബൈയിൽ സ്ഥാപിക്കപ്പെട്ടതും 1994ൽ ഇന്ത്യൻ അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ PALLIATIVE CARE വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം..
ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് . ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ അവസ്ഥയിൽ അല്ല ഭാരതം .2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80 രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ് .
ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും ,ഉയർന്ന ജനസാന്ദ്രത , ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ,നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ ,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട് .
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു. രാജ്യത്തിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993ഇൽ കോഴിക്കോട്, Dr .സുരേഷ് കുമാർ ,Dr.രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ pain and palliative care society (PPCS) ആരംഭിച്ചു. ഗവണ്മെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശം. ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ neighbourhood network for palliative care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ palliative കെയർ മുന്നേറിയത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി . ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ് . Pallium india പോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്..തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ (വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം )മുതൽ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത് .
താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി ,വയനാട് ,മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടൽ ,കർമബോധമുള്ള നേതൃത്വം ,നയപരമായ പിന്തുണ നൽകുന്ന ഭരണം എന്നിവയെല്ലാം ആണ് കേരളത്തിലെ വിജയത്തിന് ഈ പിന്നിൽ .ഇന്ന് ഒരു വൻ ജനകീയ പ്രസ്ഥാനം ആണ് കേരളത്തിലെ PALLIATIVE CAREശൃംഖല
എന്താണ് PALLIATIVE CAREൽ നടക്കുന്നത്
അതികഠിനമായ രോഗപീഢയാൽ ബുദ്ധിമുട്ടുന്ന രോഗിയോടും കുടുംബത്തോടും സംസാരിച്ചു യാതനകളുടെ തീവ്രത മനസ്സിലാക്കുകയാണ് ആദ്യ പടി . ഇതിൽ സോഷ്യൽ വർക്കർ ,സന്നദ്ധ പ്രവർത്തകർ എന്നിവരും വലിയ പങ്കു വഹിക്കുന്നു ..
പഴകിയതും പടർന്നതുമായ കാൻസർ , ഭേദമാകാത്ത പക്ഷാഘാതം ,ഗുരുതരമായ ഹൃദയ /വൃക്ക/ ശ്വാസകോശ രോഗങ്ങൾ ,സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായ രീതിയിൽ തലച്ചോറിനും സ്പൈനൽ കോർഡിനും ക്ഷതമേൽകുന്ന പരിക്കുകൾ ,എയിഡ്സ് രോഗികൾ ,തളർച്ചാ രോഗങ്ങൾ പിടി പെട്ടവർ തുടങ്ങിയവരാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നവർ.
രോഗിയുടെ വേദനയുടെ കാഠിന്യം അനുസരിച് മോർഫിൻ ഉൾപ്പെടെയുള്ള വേദനസംഹാരികൾ കൃത്യമായ അളവിൽ വിദഗ്ധ നിരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു . പാർശ്വഫലങ്ങൾ ഉളവാക്കാവുന്ന ഇത്തരം ഉപാധികൾ സൂക്ഷ്മനിരീക്ഷണത്തിലാണ് നൽകുന്നത് . വേദനാസംഹാരത്തിൽ മാത്രമൊതുങ്ങന്നതല്ല മിക്കപ്പോഴും ഇവരുടെ യാതനകൾ .
ശ്വാസം മുട്ട് ,ഛർദി ,തുടര്ച്ചയായി കിടക്കുന്നവർക്കുണ്ടാകുന്ന വ്രണങ്ങൾ ,മലബന്ധം ,മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ …
യാതനകൾ ദുസ്സഹമാകുന്നത് പരിചരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് എന്നാണ് ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ സ്ഥാപിച്ച ഡെം സിസിലി സോണ്ടേഴ്സ് പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യഥകളെല്ലാം സുഖപ്പെടുത്താനുള്ള ശ്രമങ്ങളിൽ ജോലി അവസാനിക്കുന്നില്ല .ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും ആയ വ്യസനങ്ങളും വ്യഥകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതാണ് സാന്ത്വന പരിചരണം.
വഴിവിളക്കുകളും വൈതരണികളും
ലോകമെമ്പാടും ആവശ്യക്കാരിൽ 14 ശതമാനത്തിനു മാത്രമേ palliative care ലഭ്യമാകുന്നുള്ളൂ എന്ന് ലോകാരോഗ്യസംഘടന കണക്കുകൾ ചൂണ്ടികാണിക്കുന്നു .
വേദനയിൽ നിന്നും പീഡകളിൽ നിന്നും മോചനം നേടുക എന്ന രോഗിയുടെ ആവശ്യത്തിന് വൈദ്യലോകം അടങ്ങിയ സമൂഹം വേണ്ടത്ര മുൻഗണന നൽകിയിട്ടുണ്ടോ എന്നത് സംശയകരം ആണ് . വ്യക്തമായ ദേശിയ സാന്ത്വന പദ്ധതിയോ നയമോ പോലും മിക്ക രാജ്യങ്ങളിലും നിലവിൽ ഇല്ല
National Program for Palliative Care എന്ന ദേശീയ ആരോഗ്യ പദ്ധതി ഈ ദിശയിൽ വൈകിയ വേളയിലെങ്കിലും നമ്മുടെ രാജ്യം രൂപം നൽകിയിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ ചെയ്യാനിരിക്കുന്നു . മോർഫിൻ പോലുള്ള മരുന്നുകളുടെ ലഭ്യതയും പ്രാപ്യതയും നിയമ പ്രകാരം വളരെ ദുഷ്കരമാകുന്ന അവസ്ഥയാണ് മറ്റൊരു വെല്ലുവിളി . നിയമ ഭേദഗതിയിലൂടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച് സ്ഥിതി ഇപ്പോഴും ആശാവഹമല്ല .മെഡിക്കൽ വിദ്യാഭ്യാസത്തിൽ PALLIATIVE CARE പാഠങ്ങൾ ഉൾപെടുത്തുക എന്നതും ഒരു ചികിത്സാ രീതി എന്ന നിലയിൽ സാന്ത്വന പരിചരണം ശാസ്ത്രീയമായി വളർച്ച നേടാൻ ആവശ്യമാണ് .PALLIATIVE CARE ൽ MD യും CANCERPAIN മാനേജ്മന്റ് ൽ DM കോഴ്സുകളും ചില മുൻനിര സ്ഥാപനങ്ങളെങ്കിലും ആരംഭിച്ചിട്ടുണ്ട് എന്നത് ശുഭ പ്രതീക്ഷയേകുന്നു.
സഫലമീ യാത്ര
എഴുപതുകളിൽ കാൻസർ രോഗിയായ ആനന്ദ് ആയി വെള്ളിത്തിരയിൽ പകർന്നാടിയ രാജേഷ് ഖന്നയുടെ കഥാപാത്രം കാൻസർ ചികിത്സകനായ ബച്ചന്റെ ഡോക്ടർ ഭാസ്കർ എന്ന ബാബു മൊശായിയോട് പറയുന്ന പ്രശസ്തമായ ഡയലോഗ് ഉണ്ട് ,
‘ജീവിതം വലുതായിരിക്കുന്നതിലാണ് കാര്യം മൊശായി, നീണ്ടതായിരിക്കുന്നതിലല്ല “
ജീവിതത്തിന്റെ വലുപ്പത്തെ ഇടുക്കുന്ന എല്ലാ വ്യഥകളിൽ നിന്നും വ്യസനങ്ങളിൽ നിന്നും ഗുരുതരമായ രോഗങ്ങളുള്ളവരെ നമുക്ക് പരിചരിക്കാം .അവരുടെ യാത്ര സഫലം മാത്രം അല്ല സുഖകരവും ആയി തീരട്ടെ.
(*എന്നടയാളപ്പെടുത്തിയ വാചകത്തിനു കടപ്പാട് – Dr.പ്രശാന്ത് .സി .വി, Palliative care expert,RCC, Thiruvananthapuram)