· 3 മിനിറ്റ് വായന
പരിഭ്രാന്തി പരിഹാരമാവില്ല
“പ്രതിദിനം 10,000 പുതിയ രോഗികൾ വന്നിരുന്ന പഴയ സാഹചര്യത്തിൽ നിന്ന് മാറി പ്രതിദിന കേസുകൾ 38,000 വരെ എത്തി നിൽക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25% വരെ എത്തിയിരിക്കുന്നു. അതായത് പരിശോധിക്കുന്ന നാല് പേരിൽ ഒരാൾ പോസിറ്റീവ് ആകുന്നു എന്നു ചുരുക്കം.
ഈ സാഹചര്യത്തിൽ ചില വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്.
1. ആരോഗ്യ വിദഗ്ദ്ധർ പ്രതീക്ഷിക്കാതിരുന്ന ഒന്നല്ല ഈ പ്രതിഭാസം.
ഇലക്ഷൻ സമയത്തെ ഇടപഴകലുകൾ, അതോടൊപ്പം സമൂഹത്തിന്റെ മറ്റിടങ്ങളിലേക്കും പടർന്ന ജാഗ്രതക്കുറവ്, കൂടുതൽ പകർച്ചാ സാധ്യതയുണ്ടെന്ന് കരുതുന്ന ജനിതക വ്യതിയാന പ്രഭാവം, ഇന്ത്യയൊട്ടാകെ ഉയർന്നു വന്ന രണ്ടാം തരംഗം etc. ഇവയെല്ലാം മൂലം ഈ ഉണ്ടാവുന്ന രോഗികളിലെ വർദ്ധനവ് പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
2. വരും ദിനങ്ങളിൽ ഇനിയും കേസ് ലോഡ് കൂടിയേക്കാം.
3. ഇതോടൊപ്പം ഇതു വരെ പ്രതിരോധിച്ചു നിന്ന നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ കരുത്ത് പരിശോധിക്കപ്പെടും.
4. വെല്ലുവിളികളേറെയാണ് എങ്കിലും പ്രത്യാശയോടെ ഇരിക്കാൻ നമ്മുക്ക് കഴിയണം.
ഒന്നാമത്തെ കാരണം ഒന്നര വർഷമായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കരളുറപ്പും വിയർപ്പും കൊണ്ട് പടുത്തുയർത്തിയ സംവിധാനം തന്നെ. ആശ വർക്കർമാർ മുതൽ മെഡിക്കൽ കോളേജ് പ്രൊഫസർമാർ വരെ സാഹചര്യത്തിനൊത്തുയർന്ന് അശ്രാന്ത പരിശ്രമം നടത്തുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഒന്നര വർഷമായി നാം കണുന്നത്. നമ്മുടെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരും മഹാമാരിയെ നേരിടാൻ മുന്നിൽ തന്നെയാണ് നിൽക്കുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട ടീം വർക്ക്, പ്രയത്നം ഒക്കെ ഇനിയും തുടരുക തന്നെ ചെയ്യും.
5. സമീപകാല പ്രതിസന്ധികളെ നാം നേരിട്ട രീതി ഓർക്കണം.
ഓഖിയും, പ്രളയവും, നിപ്പയും പോലുള്ള പ്രതിസന്ധികൾ മലയാളികളെ തളർത്തുകയോ തകർക്കുകയോ അല്ല ചെയ്തത്, മറിച്ച് നമ്മുടെ സാഹോദര്യ ഭാവത്തെ ഉണർത്തി അപര്യാപ്തതകളും പോരായ്മകളും മറി കടക്കാൻ പ്രാപ്തമാക്കി. അതുപോലെ ഇതും നാം തരണം ചെയ്യും.
അതിനായി നമ്മൾ ചെയ്യേണ്ടത്,
പരിഭ്രാന്തരാവാതിരിക്കുക.
പ്രശ്നങ്ങൾ ഉണ്ടാവുന്നത് നമ്മുടെ കൈകളിലല്ല. എന്നാൽ പതറാതെ തളരാതിരിക്കുക എന്നത് നമ്മുടെ കൈകളിലാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ പ്രധാന ഘടകം സമചിത്തതയോടെ അവയെ കൈകാര്യം ചെയ്യുക എന്നതാണ്.
രണ്ട് ഉദാഹരണങ്ങൾ പരിശോധിച്ചുനോക്കാം.
ആശുപത്രിയിലെ ബെഡുകൾ നിറഞ്ഞ് കവിയുന്നു. സാഹചര്യങ്ങൾ ഗുരുതരം എന്നൊരു സന്ദേശം നിങ്ങൾ കേൾക്കുന്നു. ഏത് രീതിയിലാവും നിങ്ങൾ പ്രതികരിക്കുക!
1. വ്യാജ സന്ദേശങ്ങളെ കരുതലോടെ സമീപിക്കുക.
Beware of fake news: പ്രതികരിക്കുന്നതിന് മുൻപേ ഓർക്കേണ്ടത് പ്രസ്തുത സന്ദേശം ആധികാരികമാവണമെന്നില്ല. ഇത്തരം ഘട്ടങ്ങളിൽ ആധികാരിക ഉറവിടങ്ങളെ മാത്രം ഫോളോ ചെയ്യുക.
2. ആധികാരികത 100% ഉറപ്പ് വരുത്താത്ത സന്ദേശങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കാതിരിക്കുക.
3. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
ഉദാ:പ്രസ്തുത സന്ദേശം കേട്ട് നിങ്ങൾ പരിഭ്രാന്തരായാൽ രണ്ട് തരം പ്രതികരണം ഉണ്ടായേക്കാം.
a. നിങ്ങൾ ഒരു ഗൃഹ ചികിത്സയിലിരിക്കുന്ന രോഗിയാണെങ്കിൽ ആശുപത്രിയിലിനി കിടക്ക തീർന്നു പോവുകയും വഴിയേ എൻ്റെ രോഗം കൂടിയാലോ എന്ന് കരുതി നിങ്ങൾ മുൻകൂറായി അനാവശ്യമായി ആശുപത്രിയിലേക്ക് പോയേക്കാം. നിങ്ങളെ പോലെ ചിന്തിച്ച് കൂടുതൽ ആൾക്കാർ എത്തിയാൽ എന്താവും സംഭവിക്കുക? ആശുപത്രിയിൽ വീണ്ടും തിരക്ക് കൂടും, യഥാർത്ഥത്തിൽ ആശുപത്രി ചികിത്സ വേണ്ടവർക്ക് അത് താമസിക്കുകയോ, ലഭ്യമാവാതിരിക്കുകയോ ആവും പരിണത ഫലം.
b. മറ്റൊരു സാധ്യത രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ചിലർ കരുതും ആശുപത്രിയിൽ പോയിട്ട് കാര്യമില്ല വീട്ടിൽ തന്നെ ഇരിക്കാം, ടെസ്റ്റ് ചെയ്യേണ്ട എന്നൊക്കെ. ഒടുവിൽ ഉചിത സമയത്ത് വേണ്ട ചികിത്സ തേടാതിരുന്നേക്കാം.
ആയതിനാൽ ആരൊക്കെ എപ്പോഴൊക്കെ ആശുപത്രിയെ സമീപിക്കണം എന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതിന് പകരം പ്രാദേശിക ആരോഗ്യ പ്രവർത്തകർ, DISHA etc ആയി ബന്ധപ്പെടുമ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക.
പ്രളയ രക്ഷാപ്രവർത്തകർ വരുമ്പോൾ എല്ലാരും കൂടി ഒരുമിച്ച് ബോട്ടിൽ കയറിയാൽ ബോട്ട് മറിയും എന്നത് പോലെ, ഇവിടെയും രക്ഷാപ്രവർത്തകർ നിർദ്ദേശിക്കുന്ന മുൻഗണനാക്രമം പാലിക്കുക.
സാമൂഹികമായ സുരക്ഷയിലൂടെ മാത്രമേ നാം ഓരോരുത്തർക്കും മഹാമാരിയെ അതിജീവിക്കാൻ കഴിയൂ. പരസ്പര സഹകരണവും സ്നേഹവും തുടരണം.
4. സ്വയം രോഗബാധയിൽ നിന്ന് രക്ഷിക്കുന്നത് നിങ്ങൾ ആരോഗ്യ പ്രവർത്തകരോടും ബാക്കി സമൂഹത്തോടും ചെയ്യുന്ന സദ് പ്രവർത്തിയാവും.
അതുകൊണ്ട് ഈ മഹാമാരിയെ അതിജീവിക്കാൻ ഉത്തരവാദിത്വമുള്ള ഒരു പൗരനാവൂ.