· 4 മിനിറ്റ് വായന

രോഗിക്കുമുണ്ട് അവകാശങ്ങൾ

EthicsGenericനൈതികത

രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്നു സാമൂഹ്യപാഠത്തിൽ പഠിച്ച തലമുറയിലെ കുറച്ചു പേരെങ്കിലും ഉണ്ടാകും ഇതു വായിക്കുന്നവരിൽ. ലോകാരോഗ്യ സംഘടനയുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു അത്. “സാർവത്രിക ആരോഗ്യ പരിരക്ഷ – എല്ലാവർക്കും എവിടെയും” എന്നാണ് ഇന്ന് രണ്ടായിരത്തി പതിനെട്ടിലെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം. തുല്യതയുടെയും സമഗ്രതയുടെയും ഈ സന്ദേശത്തിനൊപ്പം രോഗികളുടെ/ ആരോഗ്യ സേവനങ്ങൾ തേടിയെത്തുന്നവരുടെ അവകാശങ്ങളെക്കുറിച്ച് കൂടി ചില ചിന്തകൾ പങ്കു വയ്ക്കാം.

കൺസൾട്ടേഷൻ റൂമിൽ നിന്ന് പുറത്തിറങ്ങും മുൻപ് ഒരു നിമിഷം മടിച്ചു നിന്ന രോഗി “സാറേ, ഈ രോഗം മാറുമോ….”

“ആ ഫയൽ ഒക്കെ ഇങ്ങു തന്നേ…” പ്രതീക്ഷയോടെ ഡോക്ടർക്കു ഫയലുകൾ കൊടുക്കുന്നു. ഡോക്ടറുടെ മുഖത്തൊരു ഏങ്കോണിച്ച ചിരി.

”പുറത്തിറങ്ങിയാൽ അടുത്ത ബിൽഡിങിൽ ഒരു ജോൽസ്യനുണ്ട്. അയാളെ കണ്ടാൽ മതി. ഇതിന്റൊന്നും ആവശ്യമില്ല. ”

ഫയൽ ഡ്രോയിൽ ഇടാൻ ഒരുങ്ങുന്നു.

ഇതേ ജനുസ്സിലെ മറ്റൊരു സാമ്പിൾ

“സാറേ, കാലിൽ കമ്പിയിടാതെ വഴിയില്ല അല്ലെ .”

” നിങ്ങൾക്കെന്താ ജോലി .. “

” കൃഷിയാണ്…”

“നാളെ മുതൽ ചെടിക്ക് വെള്ളവും വളവും ഒന്നും വേണ്ട. മൂട്ടിൽ പെട്രോളും മണ്ണെണ്ണയും ഒഴിക്കാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ .. നിങ്ങൾക്കറിയാവുന്ന പണി നിങ്ങൾ ചെയ്യുക .എനിക്കറിയുന്ന പണി ഞാൻ ചെയ്യും – “

പറഞ്ഞു കേട്ട കഥയുണ്ട്

ഒരു കൗണ്ടറിൽ ഒരാൾ ക്യൂ നിൽക്കുന്നു. ഒടുവിൽ അവസരമെത്തുന്നു..,

താങ്കളുടെ പേര്. ..?

ദിവാകരൻ,

കൗണ്ടറിൽ ഇരിക്കുന്ന ആൾ എഴുത്തു തുടങ്ങുന്നു. അയാളുടെ തോളെല്ലിനു മുകളിൽ ആകെ അനങ്ങുന്നത് പുരികമാണ്. അബദ്ധത്തിൽ പോലും തല പൊക്കി നോക്കില്ല എന്ന് വാശി !

വയസ്സ് ?

അമ്പത്തേഴ്

പുരുഷനോ സ്ത്രീയോ? ..

ഇമ്മട്ടിലുള്ള യാന്ത്രികത ചിലരുടെ മുഖമുദ്രയാണ്.

“കണ്ണ് സദാ താഴോട്ടാണ്. ടെസ്റ്റ് എഴുതും. മുമ്പ് എഴുതിയ ടെസ്‌റ്റിന്റെയൊക്കെ റിസൾട്ട് നോക്കും. മരുന്ന് എഴുതും. കുറച്ച് നേരം കമ്പ്യൂട്ടറിൽ നോക്കും. ഇനി എന്ന് വരണം ന്ന് പറയും. പിന്നെ കാശിന് വല്യ ആർത്തിയില്ലന്ന് തോന്നുന്നു. ഫീസ് കൊടുക്കുമ്പോഴും തല പൊക്കി നോക്കില്ല!”

” പുറത്ത് പുള്ളിക്ക് ഒരു മുപ്പത് പേരെങ്കിലും ക്യൂവുണ്ട്. അവരുടെ കഥ മുഴുവൻ കേൾക്കാൻ നിന്നാൽ എന്താവും അവസ്ഥ? പിന്നെ ഈ കമ്പ്യൂട്ടറിൽ നോക്കുന്നത് ഫെയ്സ് ബുക്ക് ഒന്നും അല്ല. നിങ്ങൾ ആദ്യം കാണിക്കാൻ വന്നപ്പോൾ മുതലുള്ള history ആകും”

” എന്നാലും ഒരു മനുഷ്യപറ്റു വേണ്ടേടാ. ഒരു രോഗം പറയാൻ ചെന്നാൽ നന്നായി ഒന്നു സംസാരിച്ചൂടെ “

പ്രായം ചെന്ന ബന്ധുക്കളാണ്.ഇളയ മോൻ ഗൾഫിൽ പോയ വിശേഷവും പിള്ളേരുടെ കല്യാണക്കാര്യവും അടക്കം ചോദിക്കുന്ന നാട്ടിലെ സ്ഥിരം ഡോക്ടറുടെ രീതികൾ തന്നെ അവർക്ക് പ്രിയം.

സമയക്കുറവ്, രോഗീബാഹുല്യം ഇത്യാദി മൂലമുള്ള അക്ഷമ, അനാവശ്യ ചർച്ച ഒഴിവാക്കൽ, സമയം പാഴാക്കാതിരിക്കൽ തുടങ്ങിയവ ആണ് ഈ മട്ടിലുള്ള വർത്തമാനങ്ങൾക്ക് ന്യായങ്ങളായി പറഞ്ഞു കേൾക്കാറുള്ളത്. ഡോക്ടർ ജോലി ചെയ്യുന്ന ക്ഷേത്രം (യാതൊരു ആത്മീയതയും ഉദ്ദേശിച്ചിട്ടില്ല!) രോഗിയുടെ ശരീരമായിരിക്കുന്നിടത്തോളം കാലം, ഡോക്ടർമാർക്ക് ഇത്തരം ചോദ്യങ്ങൾക്കുത്തരം പറയേണ്ടി വരും. ശസ്ത്രക്രിയ പോലെ, മരുന്നു കുറിക്കൽ പോലെ, ജോലിയുടെ ഒരു പ്രധാന ഭാഗമായിത്തന്നെ.

Half of us are blind, few of us feel, and we are all deaf.”

എന്ന് വില്യം ഓസ്ലർ പറഞ്ഞത് ഏതനുഭവത്തിന്റെ പുറത്താണെന്നറിയില്ല.

ചില ഡോക്ടർമാരെക്കുറിച്ചെങ്കിലും ശരിയാണെന്നു തോന്നും. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരാശുപത്രിയിലെ അനിയന്ത്രിതമായ തിരക്കിന്റെ കാഠിന്യത്തിൽ സ്വാഭാവികമായി സംഭവിച്ച് പോകുന്നതാണിതെല്ലാം എന്നാണ് പൊതുവെ പ്രതികരണം.

സർക്കാരാശുപത്രികളുടെ കാര്യത്തിൽ ഇത് പലപ്പോഴും ശരിയാണ് താനും. ഒ.പി മുറി ലേലം വിളി ഹാൾ പോലെ ബഹള നിർഭരം.. തിക്കും തിരക്കും… തറയിലും വരാന്തയിലും എന്ന് വേണ്ട ആരൊ പറഞ്ഞ പോലെ പാരപെറ്റൊഴിച്ച് എല്ലായിടത്തും രോഗികളെ കിടത്തിയിരിക്കുന്നു എന്നതാണ് അവസ്ഥ.

ഡോക്ടർമാരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ വളർത്തുവാനും ശരിയായ രീതിയിൽ മെച്ചപ്പെടുത്തുവാനും മെഡിക്കൽ പാഠ്യപദ്ധതിയിലും പരീക്ഷയിലും പല രാജ്യങ്ങളും മാറ്റങ്ങൾ വരുത്തി കഴിഞ്ഞു.

രോഗിയുടെ അവകാശങ്ങൾക്ക് പരമമായ പ്രാധാന്യമാണ് ഇന്ന് കൽപിക്കപ്പെടുന്നത്. പരിചരണം, ആത്മാഭിമാനവും സ്വകാര്യതയും, അറിവ്, മുൻഗണന, പ്രശ്നപരിഹാരം എന്നിങ്ങനെ ലളിതമായി രോഗിയുടെ അവകാശങ്ങളെ കാണാം.

  1. പരിചരണത്തിനുളള അവകാശം –ഏത് രോഗാവസ്ഥയിലും സാമ്പത്തിക സാമൂഹിക മത സംസ്കാര രാഷ്ട്രീയ ഭാഷാദി ഭേദങ്ങളില്ലാതെ ചികിത്സ തേടാനുള്ള അവകാശമാണിത് . വൈരാഗ്യമേറിയ വൈദികനായാലും, കൊടും ഭീകരനായാലും, പോസ്റ്റ്മാനായാലും പ്രധാനമന്ത്രിയായാലും ചികിൽസ തേടുക എന്നത് അവകാശമാണ്. കേൾക്കപ്പെടുക എന്നത് പ്രധാനപ്പെട്ട മറ്റൊരു പരിചരണാവകാശമാണ്. താൻ പറയുന്നത് ചികിൽസകൻ ക്ഷമയോടെ തൃപ്തി തോന്നുന്ന രീതിയിൽ കേൾക്കുക എന്നതാണതിന്റെ സത്ത. മരുന്നിന്റെ ഡോസ്, അത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ മുതലായവ വിശദമാക്കിയ, വായിച്ചാൽ മനസിലാവുന്ന രീതിയിൽ എഴുതിയ പ്രിസ്ക്രിപ്ഷൻ രോഗിയുടെ അവകാശമാണ്. ( ഡോക്ടർമാരുടെ കൈപ്പടയെക്കുറിച്ചുള്ള തമാശകൾ ധാരാളമാണ്. തമാശയല്ലാത്ത പ്രശ്നങ്ങൾ അവ പലപ്പോഴും ഉണ്ടാക്കിയേക്കാം!)ഡോക്ടർ എഴുതിയ ബ്രാൻറ് മരുന്നിന്റെ ജെനറിക് ഓപ്ഷൻ ലഭ്യമെങ്കിൽ അതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കണം. ഒരടിയന്തിര ഘട്ടം വന്നാൽ ഏത് സമയത്തും പെട്ടെന്ന് വൈദ്യസഹായത്തിന് സമീപിക്കാവുന്നതാരെയാണ്, എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള അറിവും പരിചരണാവകാശത്തിൽ പെടുന്നു.
  1. ആത്മാഭിമാനവും സ്വകാര്യതയും –രോഗീപരിചരണത്തിലും പരിശോധനകളിലും സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. വിവേചനങ്ങളൊന്നുമില്ലാതെ ചികിത്സ ലഭിക്കുക എന്നതു പോലെ തന്നെ രോഗിക്ക് ആത്മീയമോ മതപരമോ ആയ മുൻഗണനകളുണ്ടെങ്കിൽ അവയ്ക്ക് അർഹമായ പ്രാധാന്യം ലഭിക്കുക എന്നതും ഇതേ അവകാശത്തിൽ വരുന്നു.രോഗിയുടെ സ്വകാര്യത എന്നത് ആശുപത്രി ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.രോഗിയുടെ മുഖം പോലും മറയ്ക്കാതെയും, മുഖം മറച്ചാലും തിരിച്ചറിയാവുന്ന മുദ്രകളുള്ള ചിത്രങ്ങളും പേര് മറക്കാത്ത പ്രിസ്ക്രിപ്ഷനും ഒക്കെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച നടത്തുന്ന പ്രവണത പോലും ഒരു ന്യൂനപക്ഷം ഡോക്ടർമാർക്കെങ്കിലുമുണ്ട്. രോഗിയുടെ സ്വകാര്യത ഭദ്രമാണ് എന്ന് ഉറപ്പു വരുത്തുക എന്നത് പരമപ്രധാനമായ ഒരവകാശം തന്നെയാണ്. അത് ആരോഗ്യ പ്രവർത്തകരും മാധ്യമങ്ങളും മാനിക്കേണ്ടതുണ്ട്
  1. അറിയാനുള്ള അവകാശം –രോഗാവസ്ഥയെക്കുറിച്ചും, രോഗ നിർണയ രീതിയെക്കുറിച്ചും ചികിൽസയെക്കുറിച്ചും പൂർണമായ അറിവിനുള്ള അവകാശം രോഗിക്ക് (ചില അവസരങ്ങളിൽ ഏറ്റവും അടുത്ത ബന്ധുക്കൾക്ക്, ഉണ്ട്.) രോഗിക്കും ബന്ധുക്കൾക്കും അറിയുന്ന ഭാഷയിൽ, ലളിതമായ രീതിയിൽ വായിച്ചു മനസിലാക്കാവുന്ന മട്ടിലായിരിക്കണം എഴുതി തയ്യാറാക്കിയ സമ്മതപത്രങ്ങൾ. മരുന്നുകളുടെയും ശസ്ത്രക്രിയയടക്കമുള്ള ചികിൽസാ നടപടികളുടെയും ഗുണദോഷങ്ങൾ, വരും വരായ്കകൾ, സങ്കീർണതകൾ എന്നിവ മനസിലാക്കി, അറിഞ്ഞെടുക്കുന്ന (informed) ചികിൽസാ തീരുമാനങ്ങളിൽ ഭാഗമാവാനുള്ള അവകാശം രോഗിയുടെ ഭാഗത്തിന് ഉണ്ട്. ചില സാഹചര്യങ്ങളിൽ അധികാരപ്പെട്ട വ്യക്തിക്ക് അപേക്ഷ നൽകിയാൽ ചികിത്സാരേഖകളോ പകർപ്പോ പരിശോധിക്കാനുള്ള അവകാശം കൂടി ഇതിലടങ്ങിയിരിക്കുന്നു.സ്ഥിരം തർക്ക വിഷയമായ ചികിൽസാ ചിലവും ഇതിൽ വരുന്നുണ്ട്. സാധാരണ ഗതിയിൽ പ്രതീക്ഷിക്കാവുന്ന ചിലവുകളും ചാർജുകളും തരം തിരിച്ച് മുൻകൂട്ടി അറിയാനുള്ള അവകാശം തീർച്ചയായും രോഗിയുടെ ഭാഗത്തിനുണ്ട്. അഡ്മിറ്റായ രോഗിയുടെ സ്കാൻ റിപ്പോർട്ടുകളും പരിശോധനാ ഫലങ്ങളും ആവശ്യപെട്ടാൽ പോലും കൈമാറാത്തതിനെകുറിച്ച് കേൾക്കാറുണ്ട്. ചില ആശുപത്രികൾ സ്വകാര്യ സ്വത്തു പോലെ ഈ റിപ്പോർട്ടുകൾ കൈവശം സൂക്ഷിക്കുന്നതായി പരാതി ഉയരാറുണ്ട്.
  1. മുൻഗണനാവകാശം – മറ്റൊരിടത്ത് നിന്ന് ചികിൽസയെക്കുറിച്ച് രണ്ടാമതൊരു അഭിപ്രായം തേടുവാനുള്ള പൂർണ്ണാവകാശം രോഗിക്കുണ്ട്. ചികിൽസയിൽ ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ച മാർഗ്ഗമല്ലാതെ മറ്റു മാർഗങ്ങൾ ആരായലും രോഗിയുടെ മുൻഗണനകൾ കൂടി കണക്കിലെടുത്ത് ആരായാനുള്ള അവകാശമാണ് പ്രധാനമായ ഒരു അറിവവകാശം. നേരത്തേ പറഞ്ഞ കഥയിലെ ഓപ്പറേഷനല്ലാതെ വഴിയില്ലേയെന്ന് ചോദിക്കുമ്പോൾ കൃഷി നിങ്ങടെ പണി, ഇതെന്റെ പണി, ചോദ്യമൊന്നും വേണ്ട എന്ന മേൽക്കോയ്മയൊന്നും നടപ്പില്ലെന്ന് സാരം.
  2. പ്രശ്നപരിഹാരാവകാശം – ചികിൽസയെ കുറിച്ച് പരാതിപെടുവാനുള്ള അവകാശം. ചികിൽസാ കേന്ദ്രത്തിൽ ഇതിനായ് മാത്രം സമർപ്പിതമായ വിഭാഗവും വ്യവസ്ഥയുമുണ്ടായിരിക്കണം. ഒട്ടു മിക്ക വലിയ ആശുപത്രികളിലും പരാതിയുണ്ടെങ്കിൽ ആരെ സമീപിക്കണമെന്നുള്ള അറിയിപ്പുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. പരാതി നൽകിയത് കൊണ്ടായില്ലല്ലോ. കാലതാമസമില്ലാതെ തന്റെ ഭാഗം നീതിപൂർവ്വം കേൾക്കപ്പെടാനുള്ള അവകാശവും രോഗിക്കുണ്ട്.

ആശ്വാസവും സൗഖ്യവുമാണ് രോഗിക്ക് വേണ്ടത്. ശാസ്ത്രവും ശസ്ത്രവും കൊണ്ട് മാത്രം സാധ്യമായ ഒന്നല്ല അത്.

സ്പർശവും സംസാരവും തരുന്ന ആശ്വാസാനുഭവം കൂടിയാണ് ഒരു കൺസൾട്ടേഷന്റെ ലക്ഷ്യം. ഒരു ഡോക്ടർക്ക് അത്തരം ഒരു അനുഭവം നൽകാൻ കഴിവില്ലെങ്കിൽ അയാൾ രോഗീ പരിചരണം ഉപേക്ഷിക്കുന്നതാണ ഉചിതമെന്ന് വർഷങ്ങൾക്ക് മുമ്പ് മഹാന്മാർ പറഞ്ഞിട്ടുണ്ട്. ‘ഡോക്ടർക്ക് തെറ്റു പറ്റില്ല’ എന്ന മട്ടിലെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ആധികാരികതയും

അപ്രമാദിത്വവുമെല്ലാം ഈ പുതിയ കാലത്ത്, രോഗിക്കു കൂടെ പങ്കാളിത്തമുള്ള ചികിൽസാ രീതികൾക്ക് വഴിമാറികൊണ്ടിരിക്കുന്നു.

രോഗിയാണ് രാജാവ്..

എല്ലാവർക്കും ലോകാരോഗ്യ ദിനത്തിന്റെ ആശംസകൾ

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ