കേരളത്തിന് ഒരു പ്ലാറ്റിനം മെഡൽ സാധ്യത – ഒരു കോവിഡ് 19 ഉപോൽപന്നം.
2020 മാർച്ച് 25-ന് 598 ബാറുകൾ, 357 ബിയർ പാർലറുകൾ, 301 ബിവറേജസ് ഔട്‌ലെറ്റുകൾ, അനേകശതം കള്ളുഷാപ്പുകൾ എന്നിവ ഒറ്റയടിക്ക് പൂട്ടപ്പെട്ടു. മദ്യലഭ്യത പെട്ടെന്ന് ഇല്ലാതാകുമ്പോൾ വ്യാജമദ്യ ദുരന്തങ്ങൾ, ആത്മഹത്യകൾ, വിഭ്രാന്തികൾ, അക്രമങ്ങൾ തുടങ്ങിയ അനേകം ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടു. കോവിഡ് പ്രതിരോധത്തിൽ സ്വർണ്ണ മെഡലിലേക്ക് ഉള്ള കുതിപ്പിനെ ഈ വക പ്രശ്നങ്ങൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് എന്ന വിലയിരുത്തൽ വരെ ഉണ്ടായി.
എന്നാൽ വലിയ പരിക്ക് പറ്റാതെ പിന്മാറ്റ ലക്ഷണങ്ങളുടെ പരമാവധി കാലാവധിയായ രണ്ടാഴ്ചക്കാലം കടന്നുപോയി. ഏതാണ്ട് ആയിരത്തിൽ താഴെ രോഗികൾക്ക് ഡെലീരിയം ട്രെമൻസ് എന്ന തീവ്ര പിന്മാറ്റ ലക്ഷണങ്ങൾക്ക് ചികിത്സ തേടേണ്ടി വന്നു. പക്ഷേ ഡെലീരിയം മൂലം മരണങ്ങൾ ഒന്നുമുണ്ടായില്ല. DT എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന ഈ മസ്തിഷ്ക പ്രതികരണത്തിന്റെ ശരാശരി മരണ നിരക്ക് 10 മുതൽ 15 ശതമാനം വരെയാണ് എന്നുകൂടി അറിയുക. കോവിഡ് പ്രതിരോധത്തിന്റെ നിതാന്തജാഗ്രതക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മാനസിക ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു കയ്യടി കൊടുക്കേണ്ടതുണ്ട്.
കണക്കുകൾ കബളിപ്പിക്കുന്നോ ?
ബിവറേജസിനു മുന്നിലെ നീണ്ട ക്യൂ, ബാറുകളിലെ തിരക്ക്, മദ്യത്തിൽ നിന്നും സർക്കാരിന് കിട്ടുന്ന ശതകോടികളുടെ വരുമാനം – ഇവയുമായി ഒത്തുചേർന്നു പോകുന്നില്ലല്ലോ കേവലം ആയിരം പേർക്ക് മാത്രമേ ചികിത്സ വേണ്ടിവന്നുള്ളൂ എന്നുള്ള ഒരു സ്ഥിതിവിവരണം ?
സ്ലേറ്റ് മായിച്ച ശേഷം ആദ്യം മുതൽ കണക്കുകൂട്ടാം…
കേരളത്തിൽ നടന്ന പഠനങ്ങൾ കാണിക്കുന്നത് 18 നും 65 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിൽ മദ്യത്തോടുള്ള അഡിക്ഷൻ 2.4 % പേർക്കും മദ്യത്തിൻറെ ദുരുപയോഗം (Alcohol abuse) 1.2% പേർക്കും ആണ് ഉള്ളത് എന്നാണ്. അതായത് കൃത്യമായ എണ്ണത്തിലേക്ക് മാറ്റിയാൽ മൂന്ന് ലക്ഷത്തോളം പേർക്ക് അഡിക്ഷൻ, ഒന്നര ലക്ഷത്തോളം പേർക്ക് ദുരുപയോഗം എന്ന് അനുമാനിക്കാം. ബഹുഭൂരിപക്ഷം വരുന്ന ബാക്കിയുള്ളവർ സോഷ്യൽ ഡ്രിങ്കിങ് എന്ന സേഫ് സോണിൽ (സ്ഥിരമായി അങ്ങനെ ഒന്നുണ്ടോ എന്നുള്ളത് തർക്ക വിഷയം തന്നെയാണ്) നിൽക്കുന്നു എന്ന് കരുതാം. പക്ഷേ നാലരലക്ഷം കുടുംബങ്ങൾ അപകട മേഖലയിലാണ്.
ഈ നാലര ലക്ഷത്തിൽ 1000 പേർക്ക് മാത്രം മതിയായിരുന്നോ ചികിത്സ ? മദ്യാസക്തി രോഗമാണ് എന്ന് പറഞ്ഞ് ഇത്രയും കാലം ഈ വിദഗ്ധർ നമ്മെ കബളിപ്പിക്കുകയായിരുന്നോ ?
അല്ല!
ഈ ആയിരത്തിന്റെ ഏതാനും മടങ്ങ് ആളുകൾ ഔട്ട് പേഷ്യന്റ് ആയി ചികിത്സതേടി പിൻമാറ്റക്കാലം വലിയ കുഴപ്പമില്ലാതെ കഴിച്ചു കൂട്ടിയിട്ടുണ്ടാവാം. ഇവരും ഏതാനും ആയിരങ്ങൾ മാത്രമേ വരൂ എന്ന് ഡോക്ടർ കൂട്ടായ്മകളിലെ വിവരങ്ങൾ വച്ച് ഊഹിക്കാം. പക്ഷേ, കൃത്യമായി കണക്കുകൾ ലഭ്യമല്ല.
അപ്പോൾ ബാക്കിയുള്ളവർ എവിടെപ്പോയി ?
“അവർ എവിടെനിന്നെങ്കിലും വ്യാജനടക്കുന്നുണ്ടാവും, അരിഷ്ടം സേവിക്കുന്നുണ്ടാവും” എന്ന് ചില ദോഷൈകദൃക്കുകൾ പറയുന്നുണ്ടാവാം. ചെറിയ രീതിയിൽ ഉണ്ടാകും എന്നല്ലാതെ വളരെ വ്യാപകമായി വ്യാജന്റെ വിളയാട്ടം കേരളത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ല.
“ഇപ്പോൾ മനസിലായില്ലേ ഇതൊക്കെ ഇവൻറെ വെറും അഹങ്കാരമായിരുന്നു എന്ന്. ദാ കിട്ടാതെ വന്നപ്പോൾ കുടി നിന്നു. അത്രയേ ഉള്ളൂ ഇവന്റെയൊക്കെ അഡിക്ഷൻ.” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്. വളരെ ക്രൂരമാണ് കേട്ടോ ഇത്തരം അഭിപ്രായങ്ങൾ !
മദ്യാസക്തി ഉള്ളവരെ ശരിയായി മനസ്സിലാക്കുന്നത് ട്രോളർമാർ ആണെന്ന് പോലും തോന്നിപ്പോകും. അവരുടെ മനസ്സ് ഇപ്പോഴും ആശിക്കുകയാണ്: “ബാറൊന്ന് തുറന്നിരുന്നെങ്കിൽ… ഓൺലൈൻ ആയിട്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ…”
മദ്യലഭ്യത വീണ്ടും ഉണ്ടാകുന്ന മുറക്ക് എല്ലാം പഴയപടി ആകുമോ ? ആവാൻ നമ്മൾ അനുവദിക്കാമോ ???
അവിടെയാണ് പ്ലാറ്റിനം മെഡൽ !
കേരളത്തിലെ മൂന്ന് ലക്ഷത്തോളം ഭവനങ്ങളിൽ ഈ ലോക്ക്ഡൗൺ ആശ്വാസത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ കാലമാണ്. “ഈ നശിച്ച കുടി മാറിക്കിട്ടിയല്ലോ!” എന്നാശ്വസിക്കുന്ന കുടുംബിനികളും “ഞാനെത്ര ശ്രമിച്ചിട്ടും സാധിക്കാതിരുന്ന കുടി നിന്ന് കിട്ടിയല്ലോ!” എന്ന് ചിന്തിക്കുന്ന മദ്യാസക്തരും കേരളത്തിലുണ്ട് – അനേകായിരങ്ങൾ. അവരിൽ ഭൂരിപക്ഷവും ബാറിലേക്കും ബെവ്കോയിലേക്കും മടങ്ങാതിരുന്നാൽ നമ്മൾ നേടി – പ്ലാറ്റിനം മെഡൽ.
എല്ലാവരും Deaddict ആയില്ലേ ? ഇനി എന്തിനാണ് ചികിത്സ ?
ഇല്ല, രണ്ടുമൂന്ന് ആഴ്ച മദ്യത്തിൻറെ ഒരു തൻമാത്ര പോലും തലച്ചോറിലേക്ക് എത്താത്തതിനാൽ സംഭവിക്കുന്നത് detoxification ആണ്, deaddiction അല്ല. ഒട്ടും ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്യാതെതന്നെ detoxification നടന്നുകഴിഞ്ഞു. മദ്യം കിട്ടാതെ വന്നപ്പോൾ ബഹുഭൂരിപക്ഷം തലച്ചോറുകളും ചില പ്രതിഷേധ പ്രകടനം ഒക്കെ നടത്തി നോക്കി – വിറച്ചു, ഉറക്കം കിട്ടാതെ അസ്വസ്ഥനായി, ശരീരം വിയർത്തു, ഭയന്നു, ദുഃസ്വപ്നങ്ങൾ കണ്ടു… ചികിത്സ എടുത്തോ എടുക്കാതെയോ (ഭൂരിപക്ഷം പേരിലും ചികിത്സയില്ലാതെ സ്വാഭാവിക രീതിയിൽ കെട്ടടങ്ങി) ഈ പിന്മാറ്റ ലക്ഷണങ്ങൾ ശമിച്ചു. പക്ഷേ ഇതുകൊണ്ട് ഡിഅഡിക്ഷൻ ആയിട്ടില്ല.
മഴപെയ്തൊഴിഞ്ഞാലും മരം പെയ്തുകൊണ്ടിരിക്കും… പിന്മാറ്റ ലക്ഷണങ്ങളുടെ കൊടുങ്കാറ്റടങ്ങി… പക്ഷേ മദ്യത്തോടുള്ള ശക്തമായ അഭിവാഞ്ജയും ആകർഷണവും (Craving) തലച്ചോറിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. അത് തുടരാം… മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം. മദ്യം ലഭ്യമാകുന്ന സാഹചര്യം വരുമ്പോൾ മസ്തിഷ്കത്തിൽ ഇപ്പോൾ മുനിഞ്ഞുകത്തുന്ന ഈ തീ ആളിക്കത്താം. ഇവിടെയാണ് ചികിത്സ വേണ്ടത്. ഇല്ലത്തു നിന്നും പുറപ്പെട്ടു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ… അമ്മാത്ത് എത്തുക കൂടി വേണമല്ലോ !
അമ്മാത്തേയ്ക്ക് ഉള്ള വഴി:
താൽക്കാലികമായി ശമിച്ചിരിക്കുന്ന മദ്യ ശീലം സ്ഥിരമായ ഒരു വിടുതലിലേക്ക് എത്തിക്കുവാൻ നമുക്ക് കഴിയുമോ ?
മദ്യം വീണ്ടും ലഭ്യമാകുന്നതിന് മുൻപുള്ള ഈ സുവർണാവസരം ഉപയോഗിച്ചാൽ 40 മുതൽ 50 ശതമാനം വരെ മദ്യാസക്തർക്ക് മദ്യമുക്തിയിലേക്കുള്ള വഴി തുറന്നു കിട്ടും. ഒരു ശുഭാപ്തി വിശ്വാസക്കാരന്റെ കണക്കല്ല. പഠനങ്ങൾ സൂചിപ്പിക്കുന്നത് അതാണ്.
മനുഷ്യ സമ്പർക്കം കുറഞ്ഞ ഗംഗാനദി ശുദ്ധമായി ഒഴുകുന്നു എന്നതുപോലെ, മദ്യ സമ്പർക്കമില്ലാതെ ദാ, മനുഷ്യമസ്തിഷ്കം ഏറെക്കുറെ ക്ലീൻ ആയി കിടക്കുന്നു!
മോട്ടിവേഷൻ (മദ്യമുക്തനാകണം എന്ന് സ്വമേധയാ ഉള്ള ആഗ്രഹം) എന്ന വിത്തിറക്കാൻ പാകത്തിന് മനസ്സ് എന്ന കൃഷിയിടം ഒരുങ്ങിക്കിടക്കുന്നു.
മദ്യം ഇല്ലാതെയും ജീവിക്കാൻ കഴിയുമെന്ന് തിരിച്ചറിവ്, മദ്യ രഹിതനായി ഭാര്യയോടും മക്കളോടും ഒത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നു എന്ന അനുഭവം (ഈ അനുഭവങ്ങൾ നൽകാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണേ – കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും ഉള്ള സമയമല്ലിത്), മദ്യം കഴിച്ചില്ലെങ്കിൽ ഉണ്ടാകും എന്ന് വിചാരിച്ചിരുന്ന അസ്വസ്ഥതകളുടെ താനേയുള്ള ശമനം, മദ്യത്തിന് ചെലവാക്കിയിരുന്ന പണം കയ്യിൽ വരുന്ന സമ്പാദ്യമായി മാറുന്ന കണക്കുകൂട്ടലുകൾ (₹ 300 – 400 × 30, പതിനായിരം രൂപ, പ്രതിമാസം !) ഇവയെ മോട്ടിവേഷൻ ആക്കി മാറ്റേണ്ട കാലം ആണ് ലോക്ക് ഡൗൺ കാലഘട്ടം. ഈ ജോലി ചെയ്താൽ നമുക്ക് നേടിയെടുക്കാം ഈ പ്ലാറ്റിനം മോഡൽ.
ആരു ചെയ്യും ഈ ജോലി ? എങ്ങനെ ചെയ്യും ഈ ജോലി ?
1. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഈ ഘട്ടത്തിൽ കാര്യങ്ങൾ ഏറെക്കുറെ നിയന്ത്രണാധീനമാണ്. അടുത്ത ഒരു തരംഗം ഉണ്ടാകുന്നതിനു മുൻപുള്ള ഒരു ആശ്വാസ കാലഘട്ടമാവാം നമ്മുടെ സംസ്ഥാനത്ത്. ആ സ്ഥിതിക്ക് ഇതിനുള്ള ആലോചനകൾ സർക്കാരിൻറെ യുദ്ധം മുറിയിൽ (War room) തന്നെ തുടങ്ങണം.
2. ബഹു. മുഖ്യമന്ത്രിയും ബഹു. ആരോഗ്യ മന്ത്രിയും തന്നെ ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളോടും ജനങ്ങളോടും പറയണം.
3. ആരോഗ്യമേഖലയും എക്സൈസ്-പോലീസ് വകുപ്പുകളും സന്നദ്ധസേവകരും മാധ്യമങ്ങളും വ്യാപകമായ രീതിയിൽ ബോധവൽക്കരണം നടത്തണം. ഈ രംഗത്തെ വിദഗ്ധരായ മാനസിക ആരോഗ്യ വിഭാഗം പ്രവർത്തകർ മുൻകൈയെടുക്കണം.
4. ഡെഡിക്കേറ്റഡ് ടെലഫോൺ ഹെൽപ് ലൈനുകൾ ഈ വിഷയം കൈകാര്യം ചെയ്യണം.
5. മദ്യാസക്തി ശക്തമായി തുടരുന്നവർക്ക് വിമുക്ത ചികിത്സയ്ക്കായുള്ള സംവിധാനങ്ങൾ സജ്ജവും കാര്യക്ഷമവുമാക്കണം. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഗ്യാസ്ട്രോ എൻട്രോളജി ഡോക്ടർമാരുടെ സംഘടന തുടങ്ങിയ വിദഗ്ധർ ചേർന്ന് പ്രോട്ടോക്കോളുകൾ തയ്യാറാക്കണം.
6. മദ്യലഭ്യത വീണ്ടും ആരംഭിക്കുമ്പോൾ അതിനെ വിമുക്ത ചികിത്സയുമായി എങ്ങനെ ബന്ധിപ്പിക്കാം എന്ന് വിദഗ്ധരുമായി ആലോചിക്കാം.
7. തങ്ങൾ അനുഭവിക്കുന്ന വിഷാദത്തിന്റെയും ഉൽക്കണ്ഠയുടെയും ശാരീരിക അസ്വസ്ഥതകളുടെയും ഉറക്കക്കുറവിന്റെയും ഒക്കെ ശമനത്തിനായി സ്വയം കണ്ടു പിടിച്ച ഔഷധമായി മദ്യം കഴിക്കുന്ന അനേകരുണ്ട്. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇതൊരു തിരിച്ചറിവിന്റെ കാലം ആകണം. ഇത്തരം പ്രശ്നങ്ങൾക്ക് ഉത്തരം തേടേണ്ടത് ശാസ്ത്രീയ ചികിത്സയിലാണ്, മദ്യപാനത്തിൽ അല്ല എന്ന ബോധവൽക്കരണം ശക്തമായി ഉണ്ടാകണം.
8. ഹൃദ്രോഗം, പ്രമേഹം, രക്താതിമർദ്ദം, കരൾരോഗങ്ങൾ മറ്റ് സമ്മർദ്ദജന്യ തകരാറുകൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർക്കും മദ്യാസക്തിയിൽ നിന്ന് പൂർണമായി വിമുക്തരാകുവാൻ ഉള്ള സുവർണ്ണ അവസരം ആണിത്.
പാഴാക്കരുത് ഈ സുവർണാവസരം…
സ്വർണ്ണമെഡൽ കൊണ്ട് തൃപ്തരാകരുത് … പ്ലാറ്റിനം മെഡൽ നമുക്ക് കയ്യെത്തുന്ന ദൂരത്തിൽ ഉള്ളപ്പോൾ…
എഴുതിയത്: ഡോ. വർഗീസ് പി. പുന്നൂസ് (അതിഥി ലേഖകൻ)
മാനസിക ആരോഗ്യ വിഭാഗം മേധാവി
ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്