പോളിയോ വാക്സിനേഷൻ
പോളിയോ എന്ന രോഗം ലക്ഷക്കണക്കിന് കുട്ടികളെ എന്നെന്നേക്കുമായി വികലാംഗരാക്കുകയും, അത്രയേറെപ്പേരുടെ മരണത്തിനു പോലും കാരണമാവുകയും ചെയ്ത മഹാവ്യാധി – ഇന്ന് നിർമ്മാർജ്ജനത്തിന്റെ വക്കിലാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നീ മൂന്നു രാജ്യങ്ങളിലൊഴികെ വേറൊരു സ്ഥലത്തും ഇന്ന് പോളിയോ ഇല്ല. ഈ മൂന്ന് രാജ്യങ്ങളും ഇന്ന് പോളിയോ നിർമ്മാർജ്ജനത്തിന് വേണ്ടി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഭൂമുഖത്തു നിന്നും പോളിയോ രോഗത്തെ തൂത്തെറിയുംവരെ നാം ഇതു വരെ നേടിയ നേട്ടം നമുക്ക് നിലനിർത്തേണ്ടതുണ്ട്. മേൽപ്പറഞ്ഞ നമ്മുടെ അയൽ രാജ്യങ്ങളിൽനിന്നും രോഗം നമ്മുടെ ഇടയിലേക്കു തിരിച്ചുവരാനും സാധ്യത ഏറെയാണ്. അതിനാൽ പോളിയോയ്‌ക്കെതിരായ യുദ്ധം ഏതാനും വർഷങ്ങൾ കൂടി നമുക്ക് തുടരേണ്ടതുണ്ട്.
പോളിയോ നിർമ്മാർജ്ജനത്തിന് ഏറ്റവും പ്രധാന പങ്കുവഹിച്ചത് പൾസ് പോളിയോ പരിപാടിയാണ്. ഇത്രയേറെ ജന പങ്കാളിത്തമുള്ള മറ്റൊരു രോഗ പ്രതിരോധ നടപടി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നു പറയാം. ഈ വർഷം ജനുവരി 29, ഏപ്രിൽ 2 എന്നിവയാണ് പൾസ് പോളിയോ ദിനങ്ങൾ.
ഇന്ന് നമ്മുടെ കുട്ടികളിൽഅംഗവൈകല്യങ്ങളുടെ തോത് എത്രയോ കുറഞ്ഞിരിക്കുന്നു എന്നതിന് പോളിയോ തുള്ളിമരുന്നിനോട് നാം കടപ്പെട്ടിരിക്കുന്നു. അത് കൊണ്ടു തന്നെയാണ്, തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ ഏറെയുണ്ടായിട്ടും ജനം ശാസ്ത്രീയ ചിന്തയിലൂന്നി, പൾസ് പോളിയോയുമായി സഹകരിച്ചത്. ഈ വർഷവും 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി ഈ പരിപാടി വൻവിജയമാക്കി തീർക്കണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുകയാണ്.
This article is shared under CC-BY-SA 4.0 license.