· 4 മിനിറ്റ് വായന

പോസ്റ്റ്‌മോർട്ടം പരിശോധന

Forensic Medicineമറ്റുള്ളവ

ളരെ കൃത്യതയോടും ശ്രദ്ധയോടും കൂടിയ സമഗ്രമായ മൃതദേഹ പരിശോധന നടത്തി മരണകാരണവും മരണരീതിയും കണ്ടു പിടിക്കുന്ന ശാസ്ത്രീയ പരിശോധനയാണ് ഇത്. മരിച്ച ആളെ തിരിച്ചറിയുക, മരണ സമയം കണ്ടുപിടിക്കുക എന്നിവയും പോസ്റ്റ് മോർട്ടം പരിശോധനയിയുടെ ലക്ഷ്യമാണ്. പോലീസ് അന്വേഷണത്തെ സഹായിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കുക, മരണകാരണം കണ്ടുപിടിക്കാനാവശ്യമായ രാസ പരിശോധനക്കും ആന്തരാവയവ പരിശോധനക്കും വേണ്ട സാമ്പിളുകൾ ശേഖരിക്കുക എന്നതും പോസ്റ്റ്‌മോർട്ടം പരിശോധനയുടെ ഭാഗമാണ്. ജനന സമയത്ത് മരിച്ചതായി കാണപ്പെടുന്ന കുട്ടികളുടെ ശരീരം പരിശോധിച്ച് മരണം സംഭവിച്ചത് പ്രസവ സമയത്താണോ, അതിന് മുൻപാണോ, ജനിച്ചതിന് ശേഷമാണോ എന്നതും പോസ്റ്റ്‌മോർട്ടം പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ. ജനിതക വൈകല്യങ്ങൾ മൂലം മരിച്ച കുട്ടികളുടെ മരണകാരണം കണ്ടുപിടിച്ചാൽ ചിലപ്പോൾ അടുത്ത ഗർഭധാരണ സമയത്ത് പല കാര്യങ്ങളിലും കരുതൽ സ്വീകരിക്കാൻ സാധിക്കും.

എങ്ങിനെയാണ് പോസ്റ്റ് മോർട്ടം പരിശോധന നടത്തുന്നത് ?

ബാഹ്യമായി കാണുന്ന മുറിവുകൾ, മരണാനന്തരം ശരീരത്തിന്റെ ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ബാഹ്യ പരിശോധനയിലൂടെ രേഖപ്പെടുത്തുന്നു. അതിനു ശേഷം ശരീരത്തിന്റെ മധ്യഭാഗത്തായി ശസ്ത്രക്രിയക്ക് സമാനമായ രീതിയിൽ കീഴ്ത്താടി മുതൽ വയറിനടിഭാഗം വരെ നീളുന്ന ഒരു മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു. ഇതിനോടൊപ്പം തലയോട്ടി തുറന്ന് തലച്ചോറും പുറത്തെടുക്കുന്നു. ഹൃദയം, തലച്ചോർ, ശ്വാസകോശം, കരൾ, വൃക്കകൾ, ആഗ്നേയഗ്രന്ഥി, അഡ്രീനൽ ഗ്രന്ഥികൾ, ലൈംഗികാവയവങ്ങള് തുടങ്ങി എല്ലാ അന്തരാവയവങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കി രോഗലക്ഷണങ്ങളും പരിക്കുകളും രേഖപ്പെടുത്തുന്നു. ആമാശയവും കുടലുകളും പരിശോധിച്ച് വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് രേഖപ്പെടുത്തുന്നു.

സാധാരണ ഗതിയിൽ ഇത്രയും പരിശോധനയിൽ നിന്നും മരണകാരണം വ്യക്തമാകുന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ ഇത്രയും പരിശോധനകളിൽ നിന്നും മരണ കാരണം വ്യക്തമാകുകയില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ എല്ലാ അവയവങ്ങളുടെയും ചെറിയ ഭാഗങ്ങൾ മൈക്രോസ്കോപ്പിക്ക് പരിശോധനക്കായി ശേഖരിക്കുകയും പത്തോളജി (Pathology) വിഭാഗത്തിലേക്കയക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ആമാശയവും കുടലിന്റെ ഭാഗങ്ങളും രക്തം, മൂത്രം എന്നിവയും ശേഖരിക്കുകയും രാസപരിശോധനക്കായി അയക്കുകയും ചെയ്യും. ഇവയുടെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം കേസുകളിൽ മരണ കാരണം വ്യക്തമാക്കുകയുള്ളൂ.

തിരുവനന്തപുരത്തുള്ള ചീഫ് കെമിക്കൽ എക്‌സാമിനർ മേൽനോട്ടം വഹിക്കുന്ന ലാബിലേക്കും കാക്കാനാട് (എറണാകുളം) കോഴിക്കോട് എന്നിവിടങ്ങളിലുള്ള അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർമാർ മേൽനോട്ടം വഹിക്കുന്ന ലാബുകളിലേക്കുമാണ് രാസ പരിശോധനക്കായി അയക്കുന്നത്.

മാത്രമല്ല കുറ്റാന്വേഷണത്തിൽ പോലീസിനെ സഹായിക്കാനാവശ്യമായ ചില സാമ്പിളുകൾ ശേഖരിക്കുക എന്നതും പോസ്റ്റ് മോർട്ടം പരിശോധനയുടെ ലക്ഷ്യമാണ്. കുറ്റകൃത്യവുമായും കുറ്റവാളിയുമായും ബന്ധിപ്പിക്കാനാവശ്യമായ പലതും ശേഖരിക്കാറുണ്ട്. നഖങ്ങൾ, മുടി, രക്തം എന്നിങ്ങനെ പലതും. പരിശോധനകൾക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കയക്കുന്നു.

മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ (അപകട മരണം, കൊലപാതകം, ആത്മഹത്യ) എന്ന് ഇങ്ങനെ കണ്ടെത്തുന്നു. മരണ രീതി കണ്ടെത്താനായി അപൂർവ്വം ചില കേസുകളിൽ ക്രൈം സീൻ സന്ദർശനം അത്യാവശ്യമാണ്.

കാലപ്പഴക്കം ചെല്ലുമ്പോൾ മൃതദേഹം ജീർണ്ണിക്കുമെന്നറിയാമല്ലോ. ഇങ്ങനെ ജീർണ്ണിക്കുന്ന അവസ്ഥയിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുത്താണ് മരണം സംഭവിച്ചിട്ട് എത്ര സമയമായി എന്ന് കണ്ടുപിടിക്കുന്നത്. ബാഹ്യമായ വ്യത്യാസങ്ങളും അന്തരാവയവങ്ങളിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഈ സമയം കണ്ടെത്തുക.

സാധാരണ ഒരു മണികൂറാണ് പോസ്റ്റ്‌മോർട്ടം പരിശോധനക്ക് ആവശ്യമായി വരിക. എന്നിരുന്നാലും കൊലപാതകം, പ്രത്യേക ശ്രദ്ധ വേണ്ട കേസുകൾ എന്നിവയിൽ 3 മണിക്കൂർ വരെ സമയം എടുക്കാവുന്നതാണ്.

എപ്പോഴാണ് പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുക ?

കേരളത്തിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷകളേ പോസ്റ്റ്‌മോർട്ടം പരിശോധനക്കായി സ്വീകരിക്കൂ. പലപ്പോഴും പല സാഹചര്യങ്ങളിലും പകൽ വെളിച്ചം പരിശോധനക്ക് അനിവാര്യമാണ്. പകൽ വെളിച്ചത്തിലെ നിറ വ്യത്യാസം കണക്കിലാക്കിയാണ് മുറിവുകളുടെയും മറ്റും പ്രായം കണക്കാക്കുന്നത്. പരിക്കുകളുടെ പ്രായം മനസ്സിലാക്കുന്നത്‌ പല കൊലപാതക കേസുകളിലും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കേരളത്തിൽ 24 മണിക്കൂറും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണം എന്ന സർക്കാർ ഉത്തരവ് 2015 – ൽ ഇറങ്ങി എങ്കിലും ഹൈക്കോടതി ആ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പകൽ മാത്രമേ പരിശോധന അനുവദിച്ചിട്ടുള്ളൂ.

ആരാണ് പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യേണ്ടത് ?

പലപ്പോഴും വിവാദമാകുന്ന ഒരു വിഷയമാണിത്. ഈ അടുത്ത് പെരുമ്പാവൂർ കേസിൽ വിവാദമായിരുന്നു ഈ വിഷയം. എം.ഡി. ഫൊറൻസിക്ക് മെഡിസിൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരം പോസ്റ്റ്‌മോർട്ടം പരിശോധന നടത്താൻ അനുവാദമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പോസ്റ്റ്‌മോർട്ടം പരിശോധന നടത്താം. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മഞ്ചേരി, കോഴിക്കോട്, എറണാകുളം എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കൽ കോളേജിലും എല്ലാ ജനറൽ, ജില്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉള്ള താലൂക്ക് ആശുപത്രികളിലും പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യാവുന്നതാണ്. അമൃത മെഡിക്കൽ കോളേജ് മാത്രമാണ് പോസ്റ്റ് മോർട്ടം പരിശോധന നടത്താനാനുവാദമുള്ള ഒരേയൊരു സർക്കാരിതര സ്ഥാപനം.

നിയമപരമായി ഇങ്ങനെയൊക്കെ ആണെങ്കിലും സംശയകരമായ കേസുകൾ എം ഡി ഫൊറൻസിക്ക് മെഡിസിൻ ബിരുദധാരികൾ തന്നെ ചെയ്യുന്നതാണ് നല്ലത്. നാലര വർഷത്തെ എം.ബി.ബി.എസ് പഠന കാലയളവിൽ രണ്ടാം വർഷം 15 ദിവസങ്ങൾ മാത്രമാണ് മെഡിക്കൽ വിദ്യാര്ത്ഥികൾക്ക് പോസ്റ്റ് മോർട്ടം പരിശോധന കാണാനാവുന്നത്. അവരിൽ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രം ഹൗസ് സർജൻസി കാലത്ത് ചിലപ്പോൾ ഒന്നോ രണ്ടോ പരിശോധനകൾ ചെയ്യാനായേക്കും. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളാണ് പരിശോധനക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. അവിടെ പ്രൊഫസർ മുതൽ റസിഡന്റ് ഡോക്ടർ വരെ നീളുന്ന ഒരു ടീമിന്റെ സാന്നിദ്ധ്യം ഉണ്ട് എന്നത് വളരെ ഗുണകരമാണ്.

ചിലപ്പോഴൊക്കെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നിന്നും മൃതദേഹം മെഡിക്കൽ കോളേജുകളിലേക്ക് പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്താനായി കൊണ്ടുപോകണം എന്നാവശ്യപ്പെടാറുണ്ട്. വിരളമായി അത്തരം അവസരങ്ങളിലും വിവാദങ്ങൾ ഉണ്ടാവാറുണ്ട്. സംശയകരമായ സാഹചര്യങ്ങൾ എന്തെങ്കിലുമുണ്ടെകിൽ അങ്ങിനെ അയക്കുന്നതിനെ തെറ്റുപറയാനാകില്ല.

ആരാണ് പോസ്റ്റ്‌മോർട്ടം പരിശോധന നടത്താൻ ആവശ്യപ്പെടേണ്ടത് ?

പലപ്പോഴും വിവാദമാകാറുള്ള ഒരു വിഷയമാണിതും. മെഡിക്കോ ലീഗൽ പോസ്റ്റ്‌മോർട്ടം പരിശോധനയാണ് നമ്മുടെ നാട്ടിൽ നിലവിലുള്ളത്. ജയിലിൽ വച്ചുണ്ടാകുന്ന മരണങ്ങൾ, പോലീസ് കസ്റ്റഡിയിൽ വച്ചുണ്ടാകുന്ന മരണങ്ങൾ, പോലീസ് വെടിവെപ്പിൽ സംഭവിക്കുന്ന മരണങ്ങൾ, മാനസ്സികരോഗമുള്ള വ്യക്തിക്ക് മാനസികാരോഗ്യ ആശുപത്രികളിൽ വച്ച് സംഭവിക്കുന്ന മരണങ്ങൾ, കുഴിച്ചിട്ടശവം പോസ്റ്റ്‌മോർട്ടം ചെയ്യുക, വിവാഹം കഴിഞ്ഞ് 7 വർഷത്തിനകം മരിക്കുന്ന സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങൾ എന്നിവ മജിസ്ട്രേട്ട് ഇൻക്വസ്റ്റ് തയ്യാറാക്കിയും മറ്റുള്ള മരണങ്ങൾക്ക് പോലീസ് അന്വേഷണ ഉദ്യോഗസ്ഥൻ ഇൻക്വസ്റ്റ് തയ്യാറാക്കിയും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണം എന്നാവശ്യപ്പെടണം. ഇൻക്വസ്റ്റ് തയ്യാറാക്കി KPF 102 ഫോറത്തിൽ ആണ് അപേക്ഷ നൽകേണ്ടത്. പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടറിൽ നിക്ഷിപ്തമല്ല. ആ അധികാരം പോലീസിനോ മജിസ്ട്രേട്ടിനോ മാത്രമാണുള്ളത്. നിയമപരമായി ഇങ്ങനെയാണെങ്കിലും മുകളിൽ പറഞ്ഞ ആറ് തരം കേസുകൾ അല്ലാതയുള്ള കേസുകളിലും മജിസ്‌ട്രേട്ടിന് ഇൻക്വസ്റ്റ് നടത്താവുന്നതാണ്. ജില്ല കളക്റ്റർ, സബ് കളക്റ്റർ, RDO, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിങ്ങനെ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടാണ് ഇൻക്വസ്റ്റ് തയ്യാറാക്കുക.

മരണപ്പെട്ടതിനു ശേഷം അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന ശരീരത്തിനെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നിന്നും ഒഴിവാക്കിക്കൊടുക്കണം എന്ന അഭ്യർത്ഥന അത്യാഹിത വിഭാഗം ഡോക്ടർമാർ സ്ഥിരം കേൾക്കാറുള്ളതാണ്. മരണ കാരണം സാക്ഷ്യപ്പെടുത്താനാവാത്ത (Certify) അവസരങ്ങളിലെല്ലാംപോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്നതാണ് നല്ലത്. ആ സാഹചര്യങ്ങളിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടറിൽ നിക്ഷിപ്തമല്ല. അങ്ങിനെ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ പോലീസിനെ വിവരം അറിയിക്കേണ്ട കടമ ഡോക്റുടെതാണ്. പോസ്റ്റ്‌മോർട്ടം പരിശോധനയെ കുറിച്ച് തീരുമാനിക്കേണ്ടത് അധികാരം പോലീസിൽ നിക്ഷിപ്തമാണ്.

പലപ്പോഴും നിയമപരമായ പല ആവശ്യങ്ങൾക്കായും മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ആവശ്യമായി വരും. ഇൻഷുറൻസ് തുക കൈമാറാൻ, സ്ഥലം പേരുമാറ്റാൻ അങ്ങിനെ നിരവധി ആവശ്യങ്ങൾക്കായി; അതിനാൽ മരണ സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത എല്ലാ സാഹചര്യങ്ങളിലും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്നതാണ് അഭികാമ്യം.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് നാല് കോപ്പി ആണുണ്ടാവുക. കോടതിക്കും അന്വേഷണ ഏജൻസിക്കും ബന്ധുക്കൾക്കുമാണ് ഈ കോപ്പികൾ, ഒരെണ്ണം ഓഫീസ് കോപ്പിയായി സൂക്ഷിക്കും. ബന്ധുക്കൾക്കുള്ള കോപ്പി ലഭിക്കുവാനായി പോസ്റ്റ്‌മോർട്ടം നടത്തിയ ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന ഫോറത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് എതിർപ്പില്ല എന്ന NOC വാങ്ങണം. അതിനു ശേഷം ദാരിദ്രരേഖക്ക് താഴെയുള്ളവർ 10 രൂപയും മുകളിലുള്ളവർ 25 രൂപയും ആശുപത്രിയിൽ അടക്കണം.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ